തെക്ക് വടക്ക് ജാഥയായി മാറി; സാദിഖലി തങ്ങളുടെ കേരളയാത്ര പൂര്‍ണ പരാജയം

തെക്ക് വടക്ക് ജാഥയായി മാറി; സാദിഖലി തങ്ങളുടെ കേരളയാത്ര പൂര്‍ണ പരാജയം

സാദിഖ് അലി ശിഹാബ് തങ്ങളുടെ കേരളയാത്ര പൂര്‍ണ പരാജയം. ഇന്ന് കേരള സമൂഹത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന വര്‍ഗീയ ചേരിതിരവിന് ആക്കം കൂട്ടിയതും സാദിഖലി ശിഹാബ് തങ്ങളുടെ നിലപടാണ്. സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റെടുത്തതിന് ശേഷം പൊതു സമൂഹത്തില്‍ സ്വീകാര്യത ഉണ്ടാക്കാന്‍ നടത്തിയ ജാഥ ലീഗിന്റെ ചരിത്രത്തിന് അപമാനകരമായ വിധത്തില്‍ - പരിഹാസ്യമായ അവസ്ഥയിലാണ്.

സാംസ്‌കാരിക നായകന്‍മാരുമായും ജില്ലയിലെ മതമേലധ്യക്ഷന്‍മാരുമായും സൗഹാര്‍ദ സന്ദേശം പ്രചരിപ്പിക്കാന്‍ ചര്‍ച്ച നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്തെങ്കിലും തികഞ്ഞ പരാജയമായിരുന്നു.

കേരളത്തില്‍ ജാഥ ഇതുവരെ കടന്നുപോയ ഒരു ജില്ലയിലും ക്രൈസ്തവ സമൂഹത്തിലെ ആര്‍.സി, എല്‍.സി, മലങ്കര, യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ ബിഷപ്പുമാരോ മതമേലദ്ധ്യക്ഷന്‍മാരോ - ആരും തന്നെ പങ്കെടുത്തിട്ടില്ല. യു.ഡി.എഫ്. രാഷ്ട്രീയത്തെ അന്ധമായി പിന്തുണക്കുന്ന ഏതാനും വിരലിലെണ്ണാവുന്ന പുരോഹിതന്‍മാരാണ് ചിലയിടങ്ങളില്‍ പങ്കെടുത്തത്.

സോഫിയ ലോറന്‍ പള്ളി(ഹാഗിയ സോഫിയ) വിവാദത്തിലും, ലൗ ജിഹാദ് വിഷയത്തിലും മുന്‍കാല അധ്യക്ഷന്‍മാരില്‍ നിന്ന് വിത്യസ്തമായി മുസ്ലീം പക്ഷത്ത് പരസ്യമായി നിലകൊണ്ടതിന്റെ ഭാഗമായാണ് ക്രിസ്തീയ പുരോഹിതന്‍മാര്‍ ലീഗ് അധ്യക്ഷനെ അവഗണിച്ചത്. സാംസ്‌കാരിക രംഗത്തും കേരളത്തിലെ പ്രമുഖരാരും ജാഥയുടെ ഭാഗമായിട്ടില്ല. ഏഴുത്തുകാരും, ഗായകരും സിനിമ രംഗത്തുള്ളവരും അടക്കം കഴിഞ്ഞകാലത്ത് ലീഗിനോട് ചേര്‍ന്നു നിന്ന പ്രമുഖര്‍ പോലും മാറിനിന്നു. അവിടെയും പങ്കെടുത്തത് യു.ഡി.എഫ് രാഷ്ട്രീയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ചിലര്‍.

ഹരിത വിഷയത്തില്‍ സ്ത്രീ സമൂഹത്തിനെതിരെ കടുത്ത നിലപാടും കുറ്റാരോപിതരെ അകമഴിഞ്ഞ് പിന്തുണക്കുകയും ചെയ്തതിന്റെ ഭാഗമായാണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ലീഗ് പ്രസിഡന്റിന്റെ കൂടിക്കാഴ്ചയില്‍ നിന്ന് വിട്ട് നിന്നത്. സിനിമ രംഗത്തെ പ്രമുഖര്‍ക്കെതിരെ സ്ത്രീവിരുദ്ധ നിലപാടും, ലീഗിന്റെ പ്രഖ്യാപിത സിനിമ വിരുദ്ധനിലപാടും മുന്‍നിര്‍ത്തി അവരും ലീഗ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമായി.

ജാഥയുടെ പര്യടന റൂട്ട് നിശ്ചയിച്ചതില്‍ കൃത്യമായ ധാരണപോലും ഇല്ലായിരുന്നു. പരിപാടി തലങ്ങും വിലങ്ങും നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്വയം ട്രോളലായി, മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു തെക്ക് വടക്ക് ജാഥയായി മാറി. മുന്‍പ് പിണറായി വിജയന്റെ ഇത്തരത്തിലൊരു ജാഥയെ തെക്കുവടക്ക് ജാഥ എന്ന് പറഞ്ഞ് ലീഗ്, യൂത്ത്‌ലീഗ് നേതാക്കള്‍ ആക്ഷേപിച്ചിട്ടുണ്ട്.

സംഭവം രാഷ്ട്രീയ കേരളത്തിന് മുമ്പില്‍ പാര്‍ട്ടി സ്വയം അപഹാസ്യമാകുന്ന നിലയിലായി.

മറ്റു സമുദായങ്ങളെ എടുത്തു പരിശോധിച്ചാലും അവരും ജാഥയ്ക്ക് വേണ്ടവിധത്തില്‍ പരിഗണന നല്‍കിയിട്ടില്ല. എന്‍.എസ്.എസും, എസ്.എന്‍.ഡി.പിയുമടക്കമുള്ള ഹൈന്ദവ സംഘടനകളുടെയും സംസ്ഥാന നേതൃത്വം ഒരിടത്തും ജാഥയുടെ ഭാഗമവാതെ മാറി നിന്നു.

ഇതെല്ലാം മുസ്ലീംലീഗിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ആദ്യത്തെ അനുഭവമാണ് .എല്ലാ വിഭാഗങ്ങളുടെയും സ്വീകാര്യത ലീഗ് നിലപാടിന് എല്ലാ കാലത്തും ലഭിച്ചിട്ടുണ്ട്. സാദിഖലി തങ്ങളുടെ വരവോടുകൂടി ഇതര വിഭാഗങ്ങളുടെ സ്വീകാര്യത നഷ്ടപ്പെടുന്നതാണ് കാണുന്നത്. ഹൈദരലി ശിഹാബ് തങ്ങള്‍ അസുഖ ബാധിതനായി കിടന്ന കഴിഞ്ഞ നിയമസഭ തെരഞ്ഞൈടുപ്പില്‍ തന്നെ ഇതര വിഭാഗത്തിന് ഇദ്ദേഹത്തോടുള്ള എതിര്‍പ്പ് ലീഗ് സ്ഥാനാര്‍ത്ഥികള്‍ ഏറ്റുവാങ്ങേണ്ടി വന്നതാണ്.

വലിയ തിരിച്ചടി നേരിടുകയും ജയിച്ചവര്‍ക്ക് തന്നെ ചെറിയ ഭൂരിപക്ഷം കൊണ്ട് തൃപ്തിപ്പെടുകയും ചെയ്യേണ്ടിവന്നു. കോണ്‍ഗ്രസും ഇതുമൂലം തെരഞ്ഞെടുപ്പില്‍ വലിയ വില നല്‍കേണ്ടിവന്നു. മുസ്ലീം ലീഗിന്റെ മുന്‍കാല അദ്ധ്യക്ഷന്‍മാരില്‍ നിന്നും പാണക്കാട് തറവാടിന്റെ പാരമ്പര്യത്തില്‍ നിന്നും വിത്യസ്തമായ പ്രവര്‍ത്തന ശൈലിയാണ് ഇദ്ദേഹം പിന്തുടരുന്നത്. ഹാഗിയ സോഫിയ ലോറന്‍സ് പള്ളി വിഷയത്തിലും ലൗ ജിഹാദ് വിഷയത്തിലും ലീഗിന്റെ നിലവിലുള്ള മതസൗഹാര്‍ദ നിലപാടിന് പകരം മുസ്ലീം കാഴ്ചപ്പാട് മാത്രമല്ല തീവ്ര മുസ്ലീം സംഘനടകളുടെ നിലപാടിനൊപ്പമാണ് നിലകൊണ്ടത്.

നാളിത് വരെയുള്ള ലീഗിന്റെ ചരിത്രത്തില്‍ റംസാന്‍ മാസത്തില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കാറുള്ളത്. വര്‍ഷം സക്കാത്ത് നല്‍കുന്ന പണം ലീഗിന്റെ പ്രവര്‍ത്തന ഫണ്ട് സാമാഹരണമായാണ് നടത്തിയത്.

റംസാന്‍ മാസത്തില്‍ ലീഗിന്റെ പ്രവര്‍ത്തന ഫണ്ട് പിരിവ് എന്നത് ലീഗ് രാഷ്ട്രീയത്തില്‍ കേട്ട് കേള്‍വിയില്ലാത്തതാണ്. പൊതു സമൂഹം ലീഗ് അദ്ധ്യക്ഷന്റെ പ്രവര്‍ത്തനങ്ങളെ പരിഹാസ്യമായ രീതിയിലാണ് നോക്കി കാണുന്നതും വിലയിരുത്തുന്നതും. വൈതാളിക കോക്കസിന്റെ വലയിലകപ്പെട്ട പ്രസിഡന്റ് ലീഗിന്റെ പ്രഖ്യാപിത നയങ്ങള്‍ നടപ്പിലാക്കാനും പാണക്കാട് കുടുംബത്തിന്റെ മഹിമയും മതസൗഹാര്‍ദ നിലപാടുകളും ഉയര്‍ത്തി പിടിക്കാന്‍ ഇനിയെങ്കിലും തയ്യാറാവണം.

Related Stories

No stories found.
logo
The Cue
www.thecue.in