‘ഒരു കുടുംബം നെടുകെ പിളര്‍ന്നു, പകുതിപ്പേര്‍ ഇന്ത്യക്കാരല്ലാതായി’

‘ഒരു കുടുംബം നെടുകെ പിളര്‍ന്നു, പകുതിപ്പേര്‍ ഇന്ത്യക്കാരല്ലാതായി’

ജനുവരിയില്‍ മാധ്യമകൂട്ടായ്മയുടെ ഭാഗമായി ആസമിലെത്തിയപ്പോള്‍ പരിചയപ്പെട്ട ഒരു കുടുംബം ദേശീയ പൗരത്വ പട്ടിക പുറത്തുവന്നതിന് ശേഷം അവര്‍ക്ക് സംഭവിച്ചത് എന്താണെന്ന്വിവരിച്ചതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തക കെ കെ ഷാഹിന 

ഈ വർഷം ജനുവരിയിലാണ് അസമിലേക്ക് ഒരു യാത്ര പോയത്. ഹബീബുർ റഹ്മാനെയും കുടുംബത്തെയും പരിചയപ്പെടാൻ ഇടയായത് ആ യാത്രയിലാണ് . അദ്ദേഹവും ഭാര്യയും മൂന്ന് ആൺമക്കളും അവരുടെ ഭാര്യമാരും കുട്ടികളുമടങ്ങുന്ന വലിയ കുടുംബം .അങ്ങോട്ടുള്ള യാത്രക്കിടെ ഡ്രൈവർ 'ബംഗ്ലാദേശി മുസ്ലിങ്ങളെ ' കുറിച്ച് നിരന്തരം സംസാരിച്ചു കൊണ്ടിരുന്നു . മൂന്ന് തലമുറ മുൻപ് ഇന്ത്യയിലേക്ക് കുടിയേറിയവരെ 'ബംഗ്ലാദേശി മുസ്ലീങ്ങൾ ' എന്ന് വിശേഷിപ്പിക്കുന്നതിന്റെ യുക്തി തന്നെ എന്റെ മനസ്സിലാക്കലുകൾക്കപ്പുറമായിരുന്നു . ഞങ്ങൾ എട്ട് വനിതാ മാധ്യമപ്രവർത്തകർ ചേർന്ന് നടത്തിയ ഒരു യാത്രയായിരുന്നു അത് .ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എട്ട് പേർ .
. ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും മുതിർന്ന ജേർണലിസ്റ്റ് രൂപ ചിനോയ് ആണ് ആ യാത്രക്ക് മുൻകൈ എടുത്തത്. നീണ്ട മുപ്പത് വർഷങ്ങൾ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്ത ജേർണലിസ്റ്റാണ്‌ രൂപ. രൂപയുടെ അറിവുകളും അനുഭവങ്ങളും ചേർത്ത് Understanding India's North East എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട് അവർ.

ഹബീബുർ റഹ്മാന്റെ കുടുംബവുമായി രൂപക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നു . ഏതാണ്ട് അവസാനത്തെ ദിവസമാണ് ഞങ്ങൾ അവരെ കണ്ടത് . ഏഴു ദിവസത്തെ നിരന്തര യാത്രയും മണിക്കൂറുകളോളമുള്ള നടത്തവും അതിനിടെ ബന്ദിൽ പെട്ട് വലഞ്ഞ് ബോഡോ ആക്ടിവിസ്റ്റുകളുടെ സംരക്ഷണയിൽ യാത്ര ചെയ്യേണ്ടി വന്നതിന്റെ മാനസിക സമ്മർദ്ദവും കീഴടങ്ങിയ മിലിറ്റൻസിന്റെ ക്യാമ്പ് സന്ദർശിച്ചതിന്റെ പേരിലുള്ള പോലീസ് അന്വേഷണവും എല്ലാമായി ഞങ്ങൾ എല്ലാവരും തളർന്നിരുന്നു. ആ കുടുംബത്തിന്റെ ആതിഥ്യം സ്വീകരിക്കാനുള്ള മൂഡൊന്നും ആർക്കും ഉണ്ടായിരുന്നില്ല. രൂപയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഞങ്ങൾ അവിടെ പോയത്. (രൂപയെ പോലുള്ള മുതിർന്ന ജേർണലിസ്റ്റുകൾ ഒരു പക്ഷേ ഇപ്പോഴും പാലിക്കുന്ന ചില നിർബന്ധങ്ങൾ ഉണ്ട്. എവിടെ പോയാലും അവിടെ നേരത്തെ പരിചയമുള്ള മനുഷ്യരെ കാണുകയും എപ്പോഴും സ്വയം പുതുക്കി കൊണ്ടിരിക്കുകയും ചെയ്യുക എന്നുള്ളത്. ഞാനൊക്കെ പലപ്പോഴും പാലിക്കാത്തതുമായ ചില രീതികൾ).

NRC യുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ അസം പുകയുന്ന സമയത്താണ് ഞങ്ങൾ അവരെ കണ്ടത് .അവർക്ക് പക്ഷേ അതേക്കുറിച്ച് ആശങ്കകൾ ഒന്നുമുണ്ടായിരുന്നില്ല .അവരുടെ എല്ലാ രേഖകളും കൃത്യമായിരുന്നു . ഇക്കഴിഞ്ഞ ദിവസം അവരുടെ കുടുംബത്തിലെ മൂത്ത മകൻ ഹാദി ആലവുമായി സംസാരിച്ചിരുന്നു.ഹബീബുർ റഹ്‌മാൻ അടക്കം ആ കുടുംബത്തിലെ അഞ്ചു പേർ NRC ലിസ്റ്റിൽ നിന്ന് പുറത്തായി. ഹാദി ആലം, സഹോദരന്മാരായ വസീർ ആലം, തൻവീർ ആലം എന്നിവരും ഹാദിയുടെ ഭാര്യയും വസീറിന്റെ അഞ്ചു വയസ്സുള്ള മകളും ലിസ്റ്റിൽ ഇല്ല. അവരുടെ ഉമ്മ ഹലീമയും, തൻവീറിന്റെയും വസീറിന്റെയും ഭാര്യമാരും തൻവീറിന്റെയും ഹാദിയുടെയും മക്കളും മാത്രമേ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളൂ. അദ്ദേഹം അയച്ച നീണ്ട മെസേജിന്റെ പ്രസക്തഭാഗങ്ങൾ നിങ്ങളുടെ വായനക്കായി ഇങ്ങനെ പരിഭാഷപ്പെടുത്തുന്നു.

ഹാദി ആലം കെ കെ  ഷാഹിനക്ക് അയച്ച മെസ്സേജ്‌ 
ഹാദി ആലം കെ കെ ഷാഹിനക്ക് അയച്ച മെസ്സേജ്‌ 

"ലിസ്റ്റ് വന്നു, ഉമ്മയും എന്റെ രണ്ട് മക്കളും സഹോദരൻമാരുടെ ഭാര്യമാരും മാത്രമേ ലിസ്റ്റിൽ ഉള്ളൂ. ഇതെങ്ങനെ സംഭവിച്ചു എന്ന് ഞങ്ങൾക്ക് ഒരു പിടിയുമില്ല. എല്ലാ രേഖകളും സമർപ്പിച്ചതാണ്. ബന്ധപ്പെട്ട എല്ലാ ട്രിബുണലുകളുടെയും മുന്നിൽ ഹാജരായതാണ്. വീട്ടിലെ എല്ലാവരെയും NSK യിൽ (NRC സേവ കേന്ദ്ര )വിളിപ്പിച്ചു രേഖകൾ പ്രത്യേകം പരിശോധിച്ചതാണ്. ഞങ്ങളുടെ രേഖകൾ പക്കായാണെന്ന് അവർ പറഞ്ഞതാണ്. 1936 മുതലുള്ള രേഖകൾ -എന്റെ ഉപ്പുപ്പാടെ കാലം മുതലുള്ളവ -ഞങ്ങൾ സമർപ്പിച്ചിരുന്നു. ഉപ്പുപ്പായുടെയും ഉപ്പയുടെയും പേരിൽ ഉണ്ടായിരുന്ന ഭൂമിയുടെ രേഖകൾ അടക്കം എല്ലാം. എന്നിട്ടും ആദ്യത്തെ ലിസ്റ്റ് വന്നപ്പോൾ ഞങ്ങളുടെ പേരുണ്ടായില്ല. അതിന്റെ പിറകെ ഓടിയതിന് കണക്കില്ല. വീണ്ടും NSK യിൽ പോയി. അവർ ഉറപ്പ് തന്നു, അതെന്തോ സാങ്കേതിക തകരാർ ആയിരിക്കുമെന്ന്. അവസാനലിസ്റ്റിൽ എന്തായാലും പേരുണ്ടാവുമെന്ന്. എന്നിട്ടും സമാധാനം കിട്ടാതെ ജില്ലാ മജിസ്‌ട്രേറ്റ് മുൻപാകെ പരാതി കൊടുത്തു. അദ്ദേഹവും രേഖകൾ പരിശോധിച്ച് എല്ലാം കൃത്യമാണെന്ന് തന്നെയാണ് പറഞ്ഞത്.അവസാന ലിസ്റ്റിൽ ഉൾപെടാതിരിക്കാനുള്ള സാധ്യത കാണുന്നില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നിട്ടിപ്പോ കുടുംബത്തിലെ ഞങ്ങൾ അഞ്ച് പേർ ഒറ്റയടിക്ക് ഇന്ത്യക്കാരല്ലാതായി. ഇനി എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ല. ഫോറിൻ ട്രിബുണലിൽ പോയി പരാതി കൊടുക്കാനാണ് പറയുന്നത്. 120 ദിവസത്തെ സമയമാണ് തന്നിട്ടുള്ളത്. ഫോറിൻ ട്രിബുണലിൽ പോയി പുതുതായി എന്താണ് ഞങ്ങൾ സമർപ്പിക്കേണ്ടത്? 1936മുതൽ എന്റെ ഉപ്പുപ്പായും ഉപ്പയും ജീവിച്ച മണ്ണാണിതെന്ന് ഇനി എങ്ങനെയാണ് ഞങ്ങൾ തെളിയിക്കേണ്ടത്? ലിസ്റ്റ് ഞാൻ നിങ്ങൾക്ക് അയക്കുന്നു, അസ്സമീസ് ഭാഷയിലാണ്.

തൻവീറിന്റെയും വസീറിന്റെയും ഭാര്യമാരുടെയും മക്കളുടെയും പേരുകൾ ലിസ്റ്റിൽ ഉണ്ട്, അത്‌ നിങ്ങൾക്ക് കണ്ടാൽ മനസ്സിലാകും. ഞങ്ങൾ ഇനി എന്ത് ചെയ്യും? എങ്ങോട്ട് പോകും? ഗ്രാമത്തിലെ പൊതുവായ സ്ഥിതി ഇത് തന്നെയാണ്. മിക്കവാറും എല്ലാ മുസ്ലിം കുടുംബങ്ങളിലും ഒന്നോ രണ്ടോ പേരെങ്കിലും ലിസ്റ്റിൽ നിന്ന് പുറത്തായി. അതും കൃത്യമായ രേഖകൾ സമർപ്പിച്ചവർ തന്നെ. എല്ലാവരും പരിഭ്രമിച്ചു ഓട്ടത്തിലാണ്. ലിസ്റ്റിൽ പല കൃത്രിമങ്ങളും നടന്നതായി പറഞ്ഞു കേൾക്കുന്നു. ഇന്ത്യയിൽ മുസ്ലീമായി ജീവിക്കുന്നതിന് കൊടുക്കേണ്ടി വന്ന വിലയാണ്. വാപ്പാക്ക് ഈയിടെ ഹൃദയസംബന്ധമായ ഒരു സർജറി കഴിഞ്ഞതേയുള്ളൂ. കഴിഞ്ഞ ദിവസം വാപ്പ മാധ്യമങ്ങളുടെ മുന്നിൽ പൊട്ടിക്കരഞ്ഞു. സത്യം ലോകത്തെ അറിയിക്കണം. അതിനാണ് നിങ്ങൾക്ക് ഈ മെസ്സേജുകൾ അയക്കുന്നത് "

ഒരു കുടുംബം നെടുകെ പിളർന്നു. പകുതിപ്പേർ ഇന്ത്യക്കാരല്ലാതായി. വസിറിന്റെ മകൾ വരിഷാ റഹ്‌മാൻ, വെറും അഞ്ചു വർഷം മുൻപ് ഇന്ത്യയിൽ ജനിച്ചവൾ -അവൾ എങ്ങനെയാണ് പൌരത്വം തെളിയിക്കേണ്ടത്? 74 വയസ്സുള്ള ഹബിബുർ റഹ്‌മാൻ എന്ന ഹൃദ്‌രോഗിയായ വൃദ്ധൻ ഇനി എങ്ങോട്ടാണ് പോകേണ്ടത്? ഹാദി ആലമീനോട്‌ ഞാൻ എന്താണ് പറയേണ്ടത്? നിങ്ങളുടെ കൂടെ ഉണ്ടെന്നോ? ഐക്യപ്പെടുന്നു എന്നോ? അശ്ലീലമായി പോകും എന്ത് പറഞ്ഞാലും. പരിചയപ്പെടേണ്ടായിരുന്നു എന്നതിനപ്പുറം ഒന്നും എനിക്കിപ്പോൾ തോന്നുന്നില്ല. ആരെയും ബന്ധപ്പെടാതിരിക്കാനും ഒന്നും വായിക്കാതിരിക്കാനും എഴുതാതിരിക്കാനും ശ്രമിച്ചു. ഒരു പരിധിക്കപ്പുറം അതൊന്നും സാധ്യമല്ല. അടുത്ത 120 ദിവസത്തിനപ്പുറം ആ കുടുംബത്തിന് എന്താണ് പറയാനുണ്ടാവുക? അറിയില്ല. ഒരു പക്ഷേ ഹാദിയോടൊ വസീറിനോടോ സംസാരിക്കാതിരിക്കുക എന്നതാവും ഞാൻ ചെയ്യുക എന്നെനിക്ക് തോന്നുന്നു. മറ്റെന്താണ് ചെയ്യാനുള്ളത്? അറിയില്ല.

Related Stories

No stories found.
logo
The Cue
www.thecue.in