പൊലീസ് കാവലിലെ 'വികസന' ത്തിന്റെ അപഹാസ്യത സര്‍ക്കാരും പാര്‍ട്ടിയും മനസിലാക്കണം

പൊലീസ് കാവലിലെ 'വികസന' ത്തിന്റെ അപഹാസ്യത സര്‍ക്കാരും പാര്‍ട്ടിയും മനസിലാക്കണം

സില്‍വര്‍ലൈന്‍ പോലെയൊരു ബൃഹത്ത് പദ്ധതിയെപ്പറ്റി ആളുകള്‍ക്ക് 360 ഡിഗ്രിയിലും അഭിപ്രായങ്ങളുണ്ടാകും. വേണം/വേണ്ട എന്ന് നിലപാടുള്ളവരെപ്പോലെത്തന്നെ 'വേണ്ടണം' എന്ന നിലപാടും ആളുകള്‍ക്ക് കാണും. പറയുന്നതില്‍ യുക്തിയുണ്ടോ എന്നതല്ലാതെ പറയുന്നു എന്നതിന്റെ പേരില്‍ ആളുകളെ ലേബല്‍ ചെയ്യുന്നത് അഭംഗിയാണ് എന്നാണ് എന്റെ നിലപാട്.

കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് സ്പീഡ് ബോട്ട് ഓടിച്ചാല്‍ പോരെ എന്ന യുക്തിരാഹിത്യം കൊണ്ടാണ് കാരശ്ശേരി മാഷ് എതിര്‍ക്കപ്പെടുന്നത്, അല്ലാതെ പറയുന്നത് മാഷ് ആണ് എന്നതുകൊണ്ടല്ല.

പദ്ധതിയെപ്പറ്റി നടന്ന ചര്‍ച്ചകള്‍ പലതും ഏകപക്ഷീയമാണെന്നും, സബ്സ്റ്റാന്റീവ് ആയി നടക്കേണ്ട ചര്‍ച്ചയെ മാഷെപ്പോലുള്ളവര്‍ വഴിതെറ്റിക്കുകയാണെന്നും പദ്ധതിയുടെ ശരിയായ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോവുകയോ ഇത്തരം പുകമറയ്ക്കുള്ളില്‍ മറയാന്‍ സഹായിക്കുകയാണെന്നും എനിക്കഭിപ്രായമുണ്ട്. അതുകൊണ്ടാണ് പ്രതിപക്ഷം പോലും ഇതിന്റെ ദീര്‍ഘകാല-ഹ്രസ്വകാല സാമ്പത്തിക ആഘാതത്തെപ്പറ്റി നാട്ടുകാരോട് പറയാത്തതിനെ പലപ്പോഴും വിമര്‍ശിച്ചിട്ടുള്ളത്. അത് പറയാനുള്ള ഉത്തരവാദിത്തം അവര്‍ക്കുണ്ടെന്ന് ഓര്‍മ്മിപ്പിക്കാറുള്ളത്.

പദ്ധതിയുടെ ഇക്കണോമിക് വയബിലിറ്റിയെപ്പറ്റി പണ്ടൊരു ചര്‍ച്ചയുടെ അടിയില്‍ ഞാന്‍ ഇട്ട പകുതി സര്‍ക്കാസ്റ്റിക്കായ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് പറക്കുന്നത് പലരും എനിക്ക് പിടിച്ചയച്ചുതന്നിട്ടുണ്ട്.

അഭിപ്രായങ്ങള്‍ ഇന്‍ഫര്‍മേഷന്റെ അടിസ്ഥാനത്തിലാണെന്നും, ഇന്‍ഫര്‍മേഷന്‍ മാറുന്നതനുസരിച്ച് അഭിപ്രായം മാറുമെന്നും പണ്ട് ബയോയില്‍ എഴുതിവച്ചിട്ടുണ്ടായിരുന്നു. ദൈവം സഹായിച്ചു പദ്ധതിയെപ്പറ്റിയുള്ള അഭിപ്രായം മാറാനുള്ള ഇന്‍ഫര്‍മേഷന്‍ ഒന്നും ഇതുവരെ കിട്ടിയിട്ടില്ല. അതുകൊണ്ടു അത് മാറിയിട്ടില്ല.

പിണറായി വിജയനാണ് പദ്ധതിയുടെ അമരത്തുള്ളത് എന്നതുകൊണ്ട് അഭിപ്രായം മാറുകയോ മാറാതിരിക്കുകയോ ഇല്ല. അയാളിടുന്ന ഉടുപ്പോ തേടുന്ന ചികിത്സയോ സഞ്ചരിക്കുന്ന വാഹനമോ താമസിക്കുന്ന വീടോ കാണുമ്പോള്‍ എനിക്ക് കുരുപൊട്ടാറില്ല. അതൊന്നും എന്റെ വിഷയമല്ല.

എഴുതുന്നത് എന്താണെന്നു മനസിലാക്കാതെ ഏതെങ്കിലും അറ്റമോ മുറിയോ വച്ച് മണല്‍-കയര്‍പിരിയുമായി ഇറങ്ങുന്നവര്‍ക്കു അതാകാം; കൂടെ ചേര്‍ന്ന് പിരിക്കാന്‍ സമയക്കുറവുണ്ടെന്നു അറിയിക്കുന്നു.

ഇനിയാണ് പ്രധാന കാര്യം.

പദ്ധതിയെ എതിര്‍ക്കുന്നവര്‍ പലരും നന്ദിഗ്രാം അനുഭവം സി.പി.എം ഓര്‍ക്കുന്നത് നന്നായിരിക്കും എന്ന് പറയുന്നതും, അത് ഓര്‍മ്മിപ്പിക്കണ്ട എന്ന് പദ്ധതി അനുകൂലികള്‍ പറയുന്നതും കാണുന്നുണ്ട്.

ക്ഷമിക്കണം, എനിക്ക് നന്ദിഗ്രാം ഓര്‍മ്മ വരുന്നുണ്ട്.

നന്ദിഗ്രാമിലേക്കു നയിച്ച കാര്യങ്ങളില്‍ സി.പി.എമ്മിന്റെ തിയറി ശരിയായിരുന്നു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. കാര്‍ഷികമേഖലയില്‍ മാത്രം ശ്രദ്ധയൂന്നിയാല്‍ ആളുകളുടെ ജീവിതം മെച്ചപ്പെടുകയില്ലെന്നും തൊഴില്‍ ഉത്പാദിപ്പിക്കാന്‍ വ്യാവസായിക മുന്നേറ്റം ആവശ്യമാണെന്നും പാര്‍ട്ടി കണക്കാക്കി. ലോകത്തെങ്ങുമുള്ള അനുഭവം വച്ച് അത് ശരിയുമാണ്.

പക്ഷെ അതിനായെടുത്ത നടപടികളില്‍ ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. അത് അവരെ പറഞ്ഞു മനസിലാക്കാന്‍ പാര്‍ട്ടി തയ്യാറായില്ല. മാത്രമല്ല പാര്‍ട്ടിയുടെ ഇടത്തട്ട് ഏകദേശം പൂര്‍ണ്ണമായിത്തന്നെ ലക്ഷ്മണ്‍ സേത്തുമാരെപ്പോലെയുള്ള പാര്‍ട്ടി ബ്യുറോക്രാറ്റുകളുടെ കൈകളിലായിരുന്നു. ജനങ്ങളാണ് അധികാരം നല്‍കിയത് എന്ന വിനയത്തിനു പകരം അധികാരം നല്‍കിയ ഹുങ്ക് വച്ച് അതെ ജനങ്ങളോട് സംസാരിച്ചപ്പോള്‍ ആ ചിത്രം പൂര്‍ണ്ണമായി. അതിനിടയില്‍ മുതലെടുക്കാന്‍ പ്രതിപക്ഷം കൂടി ആയപ്പോള്‍ മൊത്തം കാര്യങ്ങള്‍ കൈവിട്ടുപോയി. ഏതു വ്യാവസായിക മുന്നേറ്റം സി.പി.എം ഉന്നം വച്ചുവോ അത് നടപ്പാക്കാന്‍ പാര്‍ട്ടി ഉണ്ടായില്ലെന്ന് മാത്രമല്ല, അന്നുവരെ ചെയ്ത ചെറിയ പാപങ്ങള്‍ക്കുപോലും പ്രായശ്ചിത്തം ചെയ്യേണ്ടിവന്നു.

പശ്ചിമ ബംഗാളില്‍ നിന്നു സി.പി.എം അപ്രത്യക്ഷമായപ്പോള്‍ അവിടുള്ള പാര്‍ട്ടിക്കാര്‍ക്ക് മാത്രമല്ല നഷ്ടം എന്നാണ് എന്റെ വിശ്വാസം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷ ചിന്തയുടെ ശബ്ദം നേര്‍ത്തുപോകാന്‍ അത് കാരണമായി. ഇന്ന് സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടിയതുപോലെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകള്‍ ദുര്‍ബലപ്പെടുത്തിയതിനുശേഷം മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് ഇപ്പോള്‍ സംഘ് പരിവാര്‍. അതിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും ഉയര്‍ന്നുകേള്‍ക്കേണ്ട ശബ്ദമാണ് ഇല്ലാതായത്. അതാണ് ബംഗാളിലെ തോല്‍വിയുടെ ഏറ്റവും വലിയ ആഘാതം, നഷ്ടം.

ഇപ്പോള്‍ പോലീസിന്റെ കാവലില്‍ പ്രതിഷേധക്കാരെ ബലം പ്രയോഗിച്ചു മാറ്റിയും ആളുകളുടെമേല്‍ ബലപ്രയോഗം നടത്തിയും സാമൂഹ്യാഘാത പഠനത്തിനുള്ള കുറ്റികള്‍ നടുന്നത് കാണുന്നു.

സില്‍വര്‍ ലൈനിനുവേണ്ടി സ്ഥലമെടുക്കുമ്പോള്‍ നഷ്ടപരിഹാരമായി കൊടുക്കാം എന്ന് സര്‍ക്കാര്‍ പറഞ്ഞത് വളരെ നല്ല പാക്കേജാണ് എന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ളവര്‍ പറയുന്നത്.

ഒരു വേള നാഷണല്‍ ഹൈവേയ്ക്കുവേണ്ടി സ്ഥലം ഏറ്റെടുത്തപ്പോള്‍ കൊടുത്തത്തതിനോട് കിടപിടിക്കുന്ന പാക്കേജ്.നാഷണല്‍ ഹൈവേയുടെ കാര്യത്തില്‍ പ്രതിഷേധത്തിന് ഒരു കാരണം അധികമുണ്ടായിരുന്നു. നേരത്തെ മുപ്പതുമീറ്റര്‍ വീതിയില്‍ സ്ഥലം വിട്ടുകൊടുത്ത പലര്‍ക്കും വീതി 45 മീറ്ററാക്കിയപ്പോള്‍ ഒരിക്കല്‍ക്കൂടി അതെ പ്രോസസ്സില്‍കൂടി കടന്നുപോകേണ്ടി വന്നു. എന്നിട്ടും സ്ഥലമെടുപ്പ് പൂര്‍ത്തിയായി റോഡ് നിര്‍മ്മാണത്തിന് കരാര്‍ കൊടുത്തപ്പഴേ നാട്ടുകാര്‍ അതറിഞ്ഞുള്ളൂ.

അത്ര ഭംഗിയായി സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കിയ സര്‍ക്കാരിന് പോലീസിനെ കൂട്ടിമാത്രമേ ഒരു സര്‍വേ നടത്താന്‍ സാധിക്കൂ എന്നത് കേമപ്പെട്ട കാര്യമല്ല. സ്ഥലം വിട്ടുകൊടുത്തവര്‍ ഒരുവേള നഷ്ടപരിഹാരത്തില്‍ തൃപ്തരായാല്‍ പോലും ഇപ്പോള്‍ പോലീസ് ബലപ്രയോഗത്തിന്റെ ദൃശ്യങ്ങളും വാര്‍ത്തകളും കാണുന്നവരുടെ ഉള്ളില്‍ അവയൊക്കെ എന്നെന്നേക്കും പതിഞ്ഞുകിടക്കും. അതിന്റെ പ്രത്യാഘാതം അത്ര ലഘുവാകണമെന്നില്ല.

അധികാരത്തിന്റെ അഹങ്കാരത്തില്‍ പെരുമാറരുതെന്നു പാര്‍ട്ടിക്കാരെ സ്ഥിരം ഉപദേശിക്കുന്ന സി പി എം സംസ്ഥാന സെക്രട്ടറിയുടെ വാക്കുകളില്‍പ്പോലും ഈ വിഷയത്തില്‍ സാധാരണ കാണുന്ന മൃദുത്വം കണ്ടില്ല. പ്രതിഷേധമൊക്കെ നടക്കും; പദ്ധതി ഞങ്ങള്‍ നടപ്പാക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. സി.പി.എം സംസ്ഥാന നേതൃത്വവുമായി ബന്ധമുണ്ടെന്ന് എനിക്കറിയാവുന്ന ഒരാള്‍ ഇക്കാര്യം--ആളുകളുടെ ബോധ്യപ്പെടുത്തുന്ന ഒരു ക്യാംപെയിനിന്റെ കാര്യം--ഒരു മുതിര്‍ന്ന നേതാവിനോട് പറഞ്ഞു എന്നും അദ്ദേഹവും അതിന്റെ ആവശ്യമൊന്നുമില്ലെന്നും പദ്ധതി നടപ്പാക്കുമെന്നും പറഞ്ഞു എന്നും പറഞ്ഞു.

ഇതൊക്കെ കേള്‍ക്കുമ്പോള്‍ എനിക്കും നന്ദിഗ്രാം ഓര്‍മ്മവരും.

അതുകൊണ്ടു സര്‍ക്കാരിനും പാര്‍ട്ടിയ്ക്കും സില്‍വര്‍ ലൈന്‍ പദ്ധതിയെപ്പറ്റി അത്ര ബോധ്യമുണ്ടെങ്കില്‍ അത് ആളുകളെ പറഞ്ഞു മനസിലാക്കണം. പോലീസിന്റെ കാവലില്‍ നടത്തുന്ന 'വികസനപ്രവര്‍ത്തന'ത്തിന്റെ അപഹാസ്യത സര്‍ക്കാരും പാര്‍ട്ടിയും മനസിലാക്കണം. സ്ഥലവും വീടും പോകുന്നവര്‍ക്ക് ന്യായമായ, അവര്‍ക്കുകൂടി ബോധ്യപ്പെടുന്ന നഷ്ട്ടപരിഹാരവും സഹായങ്ങളും ലഭിക്കുമെന്ന് അവരെ പറഞ്ഞു ബോധ്യപ്പെടുത്തണം. ചെയ്യാന്‍ പ്ലാനിടുന്ന കാര്യങ്ങള്‍ പറഞ്ഞുബോധ്യപ്പെടുത്തുക അസാധ്യമായ കാര്യമല്ലല്ലോ.

പദ്ധതിയുടെ സാമ്പത്തിക-പാരിസ്ഥിതിക-സാമൂഹ്യ വെല്ലുവിളികള്‍ ചര്‍ച്ചയില്‍നിന്നു മാറ്റിനിര്‍ത്തിയാണ് ഞാനിതു പറയുന്നത്. അക്കാര്യങ്ങളെപ്പറ്റി എനിക്ക് വേറെ ആശങ്കളുണ്ട്. അപ്പോഴും പദ്ധതി ഇപ്പോള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ വെല്ലുവിളി സി.പി.എമ്മും സര്‍ക്കാരും കാണാതെ പോകുന്നു എന്നൊരു അഭിപ്രായം എനിക്കുണ്ട്. പദ്ധതിയെപ്പറ്റി പാര്‍ട്ടിയ്ക്കും സര്‍ക്കാരിനുമുള്ള ബോധ്യം അതിനെ എതിര്‍ക്കുന്നവരുടെകൂടെ ബോധ്യമാക്കിയെടുക്കുക എന്നതാണ് ആ വെല്ലുവിളി.

ഇതൊക്കെ ചിലപ്പോള്‍ ചെലവും സമയവും കൂടുതലെടുക്കുന്ന കാര്യങ്ങളായിരിക്കും. ജനാധിപത്യം ചെലവുള്ള ഒരു പരിപാടിയാണ്; സാവധാനത്തിലാണ് അത് ചലിക്കുന്നതും.

അതിന്റെയൊന്നും ആവശ്യമില്ല എന്ന് ബംഗാളിലെ പാര്‍ട്ടിയ്ക്ക് തോന്നിയതുകൊണ്ടുകൂടിയാണ് ഇന്നിപ്പോള്‍ ഹിന്ദുത്വ അജണ്ടയ്ക്കെതിരെ ഉയര്‍ന്നുനില്‍ക്കേണ്ട ഏകസ്വരം, ഇടതുപക്ഷസ്വരം, ഇത്രയും ദുര്‍ബലമായിരിക്കുന്നത്.

അതിന്റെ തനിയാവര്‍ത്തനത്തിന്റെ ഫലം താങ്ങാന്‍ മാത്രം ശക്തമല്ല ഇപ്പോള്‍ നമ്മുടെ രാജ്യത്തിന്റെ മതേതരത്വ-ജനാധിപത്യ അടിത്തറ.അക്കാര്യം കൂടെ ഓര്‍ക്കുന്നത് നന്നായിരിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in