ലോകറെക്കോര്‍ഡിട്ട 'മലയാളി' നാടന്‍ പട്ടി, ഫോര്‍ട്ട് കൊച്ചിയിലെ റോഡരികില്‍ നിന്ന് ലോകസഞ്ചാരത്തിലേക്ക്

ലോകറെക്കോര്‍ഡിട്ട 'മലയാളി' നാടന്‍ പട്ടി, ഫോര്‍ട്ട് കൊച്ചിയിലെ റോഡരികില്‍ നിന്ന് ലോകസഞ്ചാരത്തിലേക്ക്

'ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ച രാത്രിയായിരുന്നു അത്. കുറച്ചു മണിക്കൂറുകള്‍ക്ക് മുന്‍പു വരെ എനിക്ക് പേരില്ലായിരുന്നു. എന്നാണ് എന്റെ കുടുംബത്തെ നഷ്ടമായതെന്ന് എനിക്കോര്‍മ്മയില്ല. പക്ഷേ അന്ന് കൊച്ചിയുടെ തെരുവില്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നു, മരണവും കാത്ത്.

എനിക്ക് വിശക്കുന്നുണ്ടായിരുന്നു. ചൂടു സഹിക്കാന്‍ പറ്റുന്നില്ലായിരുന്നു. സഹായത്തിന് വേണ്ടി ഞാന്‍ കരയുകയായിരുന്നു. രണ്ട് ടൂറിസ്റ്റുകള്‍ എന്റെ കരച്ചില്‍ കേട്ടു. അവരെന്നെ കൂടെകൂട്ടി, ഭക്ഷണവും വെള്ളവും തന്നു. എന്തിനാണെന്ന് അറിയില്ല, അവരെന്നെ തണുത്ത വെള്ളത്തില്‍ കുളിപ്പിക്കുകയും ചെയ്തു. അത് എനിക്കത്ര ഇഷ്ടപ്പെട്ടിട്ടില്ല. പക്ഷേ അതിന് ശേഷം കുറച്ചാശ്വാസം എനിക്ക് കിട്ടി തുടങ്ങി.'

2017 ഫെബ്രുവരി 17ന് ട്രാവലിംഗ് ചപ്പാത്തി എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡില്‍ പങ്കുവച്ച ഈ കുറിപ്പിനൊപ്പം തുണിക്കീറിനും പത്രക്കടലാസിലും മുകളില്‍ വിറച്ചുറങ്ങുന്നൊരു നാടന്‍ നായക്കുട്ടിയുടെ ഫോട്ടോയുണ്ടായിരുന്നു. ഫോര്‍ട്ട് കൊച്ചിയിലെ തെരുവില്‍ മൃതപ്രായനായി വിശന്നൊട്ടി, ഉപേക്ഷിക്കപ്പെട്ട 'തെരുവ് നായ' നാല് വര്‍ഷങ്ങള്‍ക്കിപ്പുറം രാജ്യാന്തര പുരസ്‌കാരപ്പെരുമയുള്ള 'സെലിബ്രിറ്റി ഡോഗ്' ആണ്.

ഉക്രയിനില്‍ നിന്ന് കൊച്ചിയിലെത്തിയ ദമ്പതികള്‍ സ്വന്തം കുഞ്ഞിനെ പോലെ പരിപാലിക്കുന്ന ചപ്പാത്തി കഴിഞ്ഞ ദിവസം പങ്കുവച്ചത് മറ്റൊരു രാജ്യാന്തര നേട്ടത്തെക്കുറിച്ചായിരുന്നു. ഉക്രയിന്‍ നാഷണല്‍ രജിസ്റ്റര്‍ ഓഫ് റെക്കോഡ്‌സും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സും തന്നെ ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സഞ്ചരിച്ച നായയായി തെരഞ്ഞെടുത്തുവെന്ന കാര്യം.

ഫോര്‍ട്ട് കൊച്ചിയിലെ റോഡരികില്‍ നിന്ന് 55,000 കിലോമീറ്റര്‍ ദൂരം

2017ലാണ് ഉക്രയനില്‍ നിന്ന് കേരളത്തിലെത്തിയ രണ്ട് വിനോദ സഞ്ചാരികള്‍ കൊച്ചിയിലെ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നായക്കുഞ്ഞിനെ കാണുന്നത്. ഭക്ഷണം കിട്ടാത്തത് മൂലവും നിര്‍ജലീകരണത്താലും മൃതപ്രായനായ പട്ടിക്കുഞ്ഞിനെ അവര്‍ കൂടെക്കൂട്ടി.

കൊച്ചിയോടും ഇന്ത്യയോടുമുള്ള ഇഷ്ടം ചേര്‍ത്ത് അവരവന് ചപ്പാത്തിയെന്ന് പേരിട്ടു. ഉക്രയിന്‍ സ്വദേശികളായ ക്രിസ്റ്റീന മസലോവയുടെയും യൂജിന്‍ പെദ്രോസിന്റെയും ജീവിതയാത്രയിലും ലോകസഞ്ചാരത്തിലും അന്ന് മുതല്‍ ചപ്പാത്തിയുമുണ്ട്. പിന്നീടുള്ള അവന്റെ ജീവിതം സമൂഹ മാധ്യമങ്ങളിലൂടെ എല്ലാവര്‍ക്കും അറിയാം. ട്രാവലിംഗ് വ്ലോഗേഴ്സ് കൂടിയായ ക്രിസ്റ്റീന മസലോവയും യൂജിന്‍ പെദ്രോസും ട്രാവലിംഗ് ചപ്പാത്തിയെന്ന ഇന്‍സ്റ്റ പ്രൊഫൈലിലൂടെ ചപ്പാത്തിയുടെ പുതിയ ജീവിതം മുതലുള്ള ഓരോ കാര്യങ്ങളും പങ്കുവച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ ചപ്പാത്തിയെ തേടിയെത്തിയ വലിയൊരു അംഗീകാരത്തെക്കുറിച്ചും

ലോകത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചരിച്ച പട്ടിയാണ് ചപ്പാത്തി ഇപ്പോള്‍. ഇന്ത്യയുടെയും ഉക്രയിന്റെയും റെക്കോഡാണ് ചപ്പാത്തി സ്വന്തമാക്കിയിരിക്കുന്നത്.

ഈ ദിവസത്തിന് വേണ്ടി ഏകദേശം രണ്ട് വര്‍ഷത്തോളമായി കാത്തിരിക്കുകയാണെന്നും. ഇന്ന് ഉക്രയിന്‍ നാഷണല്‍ രജിസ്റ്റര്‍ ഓഫ് റെക്കോഡ്‌സും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സും തന്നെ ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സഞ്ചരിച്ച പട്ടിയായി തെരഞ്ഞെടുത്തുവെന്ന് ചപ്പാത്തി എഴുതുന്നു. ഇതുവരെ 30 ഓളം രാജ്യങ്ങളിലാണ് ചപ്പാത്തി യാത്ര ചെയ്തത്.

ഏഷ്യ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലായി ചപ്പാത്തി 55,000 കിലോമീറ്ററുകള്‍ സഞ്ചരിച്ചു. ബി.ബി.സി ഉള്‍പ്പെടെ മാധ്യമങ്ങള്‍ ഫോര്‍ട്ട് കൊച്ചിയില്‍ തുടങ്ങിയ ചപ്പാത്തിയുടെ ലോകം ചുറ്റല്‍ ഫീച്ചര്‍ ചെയ്തു.

പതിനാല് ദ്വീപുകളും പതിനൊന്ന് കടലുകളും അവന്‍ ചുറ്റി സഞ്ചരിച്ചു. പതിനാറ് തരത്തിലുള്ള ഗതാഗത മാര്‍ഗങ്ങളിലൂടെയാണ് ചപ്പാത്തി ഇതുവരെ സഞ്ചരിച്ചത്. നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോഴും ഇന്ത്യയിലെ തന്റെ കൂട്ടുകാരോടുള്ള സ്‌നേഹവും ചപ്പാത്തി വെളിപ്പെടുത്തുന്നുണ്ട്. ഈ റെക്കോഡ് ഇന്ത്യയിലെ നാടന്‍ പട്ടികളെ കൂടുതല്‍ പ്രശസ്തിയിലേക്ക് എത്തിക്കാന്‍ സഹായിക്കുമെന്നാണ് ചപ്പാത്തിയുടെ പ്രതീക്ഷ.

No stories found.
The Cue
www.thecue.in