വിജയ് എംജിആറിൻ്റെ പിൻഗാമി, നാടിന്റെ നന്മയ്ക്ക് വിജയിയുടെ രാഷ്ട്രീയ പ്രവേശനം അനിവാര്യമെന്ന് ആരാധകർ
POPULAR READ

വിജയ് എംജിആറിൻ്റെ പിൻഗാമി, നാടിന്റെ നന്മയ്ക്ക് വിജയിയുടെ രാഷ്ട്രീയ പ്രവേശനം അനിവാര്യമെന്ന് ആരാധകർ

By THE CUE

Published on :

തമിഴ്നാട്ടിൽ വിജയ് യുടെ രാഷ്ട്രീയപ്രവേശനം ലക്ഷ്യമിട്ട് പ്രചരണം. എംജിആറിൻ്റെ പിൻഗാമിയാണ് വിജയ് എന്നും ഉടൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട്ടിലുടനീളം പോസ്റ്റർ പതിപ്പിച്ചിരിക്കുകയാണ് വിജയ് ആരാധകർ. നാടിൻ നന്മയ്ക്കായി വിജയ് അധികാരത്തിൽ എത്തണമെന്നാണ് പോസ്റ്ററുകളിൽ പറയുന്നത്. തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നടന്റെ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആരാധക ചർച്ചകൾ മുറുകുന്നത്. ബിജെപിക്കും അണ്ണാഡിഎംകെയ്ക്കും എതിരെ താരം നടത്തിയ പ്രസ്താവനകളും ആദായനികുതി റെയ്ഡുമെല്ലാം ഉയർത്തിക്കാട്ടിയാണ് പ്രചരണം

എംജിആറിൻ്റെ പിൻഗാമിയെന്ന തലക്കെട്ടിൽ എംജിആർ കഥാപാത്രങ്ങൾക്ക് വിജയിയുടെ മുഖം നൽകിയാണ് പോസ്റ്ററുകൾ ചെയ്തിരിക്കുന്നത്. കാഞ്ചീപുരം, മധുര, സേലം, രാമനാഥപുരം എന്നിവിടങ്ങളിലായാണ് പ്രചരണം. വിജയ് എംജിആറായും ഭാര്യ സംഗീതയെ ജയലളിതയായും ചിത്രീകരിച്ച് മുമ്പും ഇത്തരത്തിൽ പോസ്റ്ററുകൾ പതിച്ചിരുന്നു. വിജയ് യുടെ രാഷ്ട്രീയ പ്രവേശനം ഉടൻ എന്ന ഹാഷ് ടാഗോടെ സോഷ്യൽ മീഡിയയിലും ചർച്ചകൾ സജീവമാണ്.

ഇതിനിടെ രജനികാന്തിനേയും കമൽഹാസനേയും സഖ്യത്തിലേക്ക് ക്ഷണിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. കമൽഹാസനൊപ്പമുള്ള സഖ്യനീക്കങ്ങൾക്കിടെ ദുരൈമുരുകൻ ഉൾപ്പടെ ഡിഎംകെയുടെ പുതിയ ഭാരവാഹികൾക്ക് ആംശസ അറിയിച്ച് രജനീകാന്ത് രംഗത്തെത്തിയത് വലിയ അഭ്യൂഹങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. രജനികാന്തിൻ്റെ രാഷ്ട്രീയ ഉപദേശകരുമായി ഡിഎംകെ നേതൃത്വം ചർച്ച നടത്തിയെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. വരുന്ന തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കിയ വിജയകാന്തിൻ്റെ ഡിഎംഡികെയുമായി ഡിഎംകെ നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു. ഭിന്നത പരിഹരിക്കാൻ അണ്ണാഡിഎംകെ ശ്രമിക്കുന്നതിനിടയിലാണ് പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി ഡിഎംകെ രം​ഗത്തെത്തുന്നത്.

The Cue
www.thecue.in