ബ്രസീലിയൻ ആനന്ദലഹരി

ബ്രസീലിയൻ ആനന്ദലഹരി

ബ്രസീലിയൻ പന്തുകളി എല്ലായ്പ്പോഴും ഒരു നാടോടികലാരൂപം പോലെ ജൈവീകമാണെന്ന് അതനുഭവിച്ചവർ പറയും. ബ്രസീലുകാർ പന്തു തട്ടുമ്പോൾ ആമസോൺ മഴക്കാടുകളുടെ വന്യത ആവരുടെ കാലുകളിലേക്കാണ് കുടിയേറുക. ചിലപ്പോഴൊക്കെ സാംബനൃത്തത്തിലേർപ്പെടുന്ന ഗോത്രമനുഷ്യരായി.. അല്ലെങ്കിൽ പരാനാ നദിയുടെ ഏകാന്തമായ പരപ്പുകളിൽ വെയിൽ കാഞ്ഞു കൊണ്ട് പതിയെ നീങ്ങുന്ന മത്സ്യങ്ങളായി.. മൈതാനത്തിലൂടെ അവർ പന്തുമായി ചലിക്കും. എതിരാളികൾ അപ്പോൾ ബ്രസീലിയൻ തെരുവുകളിലെ ഇടുങ്ങിയ ഇട്ടാവട്ടങ്ങൾ മാത്രമാണെന്നേ അവർക്ക് തോന്നുകയുള്ളു. കാൽപാദങ്ങളിൽ പന്തിനെ അരുമയോടെ ജഗ്ഗിൾ ചെയ്ത്, വായുവിൽ ഉയർന്നു പൊങ്ങുന്ന പന്തിൻ്റെ ആക്കമളന്ന് കാലിൽ പറ്റിച്ചു വാങ്ങാൻ അവർ പഠിച്ചത് എങ്ങനെയായിരിക്കും?

ബോക്സൈറ്റ് ഖനികളുടെയും, കാപ്പിത്തോട്ടങ്ങളുടെയും, ഇടുങ്ങിയ തെരുവുകളുടെയും പേശിബലമുള്ള കാലുകളിൽ നിന്നാണ് അവർ ആദ്യമായി പന്തുകളിയുടെ രാസവിദ്യയെ വാറ്റിയെടുത്തത്. യൂറോപ്യൻമാർ അത് കണ്ട് അന്തംവിടുകയും പുൽത്തകിടികളിൽ ആഭിചാരം നടത്തുന്ന മന്ത്രവാദികളെന്ന് കരുതി അവരെ ഭയപ്പെടുകയും ചെയ്തു. വലതുകാലിന് അൽപ്പം നീളക്കുറവുള്ള ഗാരിഞ്ചയെ അവരെപ്പോഴും ഒരു ദുസ്വപ്നം പോലെ ഓർത്തിരുന്നു. പന്തിനെ കാലിൽ കൊരുത്തോടുമ്പോൾ ഇതുവരെ പുറത്തെടുക്കാത്ത ഒരു ജാലവിദ്യ അയാളെപ്പോഴും എതിരാളികൾക്കായി സൂക്ഷിക്കും. രണ്ടോ മൂന്നോ ഡിഫൻ്റർമാർക്കിടയിൽ പന്തിനെ അലക്ഷ്യമായി ഉപേക്ഷിച്ച് അയാൾ പൊടുന്നനെ ഇടത്തോട്ടോ വലത്തോട്ടോ തെന്നിനീങ്ങി. മൃഗതൃഷ്ണകൾ കണ്ട മനുഷ്യരെ പോലെ പരിഭ്രമിച്ച എതിരാളികൾ ആ ദിശയിലേക്ക് നീങ്ങുമ്പോൾ അയാൾ അവരെ ശൂന്യതയിലേക്ക് എന്നന്നേക്കുമായി തള്ളിവിട്ട് മുമ്പത്തേക്കാൾ വേഗതയിൽ പന്തിലേക്ക് തിരിച്ചു വരും. പന്തുകൊണ്ടുള്ള ഈ കൺകെട്ടിൽ സാധ്യമാകുന്ന വിടവുകളിലൂടെ അയാൾ കുതിക്കുന്നത് കാണുമ്പോൾ മഴക്കാടുകളുടെ മർമ്മരം പോലെ ഗ്യാലറി ശബ്ദമുഖരിതമാവും. ബ്രസീലിയൻ ജനതയുടെ എക്കാലത്തേയും ആനന്ദമായിരുന്ന ഗാരിഞ്ച!

പെലെ
പെലെ

ബ്രസീലുകാർ മൈതാനങ്ങളിൽ പന്തുകളിക്കാറില്ല, പകരമവർ തങ്ങളുടെ ഓർമകളിലൂടെ പ്രസരിക്കുന്ന പൂർവ്വീകഭാവനകളെ കളിക്കളത്തിൽ ആവർത്തിക്കുകയാണ് ചെയ്യാറ്. വായുവിലെയും പുൽപ്പരപ്പിലെയും നീക്കങ്ങളുടെ പെർമ്യൂട്ടേഷൻ ഏൻ്റ് കോമ്പിനേഷനുകളിലൂടെ പുതിയൊരു ജാലവിദ്യ അവർ വെളിപ്പെടുത്തുന്നു. അതാകുന്നു ബ്രസീലിയൻ സോക്കറിൻ്റെ അലിഖിതമായ ചരിത്രം.

വാവയും ഗാരിഞ്ചയും പെലെയും കളിക്കുമ്പോൾ ബ്രസീലുകാർ ജയപരാജയങ്ങളെ കുറിച്ച് ചിന്തിക്കാറില്ല. കോപ്പയിലേക്ക് പകരുന്ന വീഞ്ഞുപോലെ അവരുടെ കളിയിലെ ലഹരിയെ ആവാഹിക്കാൻ മാത്രം ആളുകൾ ഗ്യാലറിയിലേക്ക് ഇരമ്പിയെത്തി. കടൽച്ചൊരുക്കിനെ വകവെക്കാതെ കപ്പൽയാത്രകൾ നടത്തി. ഫാക്റ്ററികളിലും ബിയർഷോപ്പുകളിലും റേഡിയോ ട്യൂൺ ചെയ്ത് കാത്തിരുന്നു. പാദങ്ങളിൽ നിന്ന് വായുവിലും കളിക്കാരൻ്റെ നെറുകയിലും തുടയിലെ ഞാണുപോലെ വലിഞ്ഞ പേശികളിലും മാറി മാറി ചുംബിക്കുന്ന കാമുകിയെ പോലെ ആ തുകലുറ ചലിക്കുന്നതിൻ്റെ ആനന്ദലഹരിയിൽ ബ്രസീലുകാർ ജീവിക്കുന്നു. അപ്പോൾ പ്രണയവും പന്തുകളിയും രണ്ടല്ലെന്ന് നിശ്ചയമായും അവർ വിശ്വസിച്ചു പോകുന്നു.

70ലെ ലോകകപ്പിൽ ഇംഗ്ലണ്ടുമായുള്ള മൽസരത്തിനിടെ ഗ്രൗണ്ടിൻ്റെ ഇടതുമൂലയിൽ നിന്ന് ഓടിക്കയറുന്ന കൂട്ടുകാരനെ കണക്കാക്കി ജൈർസിഞ്ഞോ പന്തു വളച്ചു കൊടുക്കുന്നു. ഒറ്റക്കാഴ്ച്ചയിൽ വളഞ്ഞിറങ്ങുന്ന പന്തിന് ഒരു വെട്ടുകല്ലിൻ്റെ ഭാരമുണ്ടെന്ന് തോന്നും. പെലെ വായുവിലേക്ക് ഉയർന്നു പൊങ്ങുകയാണ്. ഞൊടിയിടയിൽ വില്ലു പോലെ ശരീരം വളച്ച് ആക്കമെടുക്കുമ്പോൾ പന്ത് അയാളുടെ നെറ്റിക്ക് മുന്നിൽ നേർരേഖയിലുണ്ട്. സ്ഥാനം തെറ്റിനിൽക്കുന്ന ഗോളിയെ അളന്ന് അയാൾ പോസ്റ്റിൻ്റെ വലതുമൂലയിലേക്ക് തലകൊണ്ട് തൊടുക്കുന്നു. പക്ഷെ!!! മനുഷ്യസാധ്യമല്ലാത്ത ഒരു മുഴുനീളൻ ഡൈവിലൂടെ ഇംഗ്ലണ്ടിൻ്റെ ഗോൾക്കീപ്പർ ഗോർഡോൻ ബാങ്ക്സ് ആ പന്തിനെ രക്ഷിച്ചെടുക്കുന്നു. പെലെ അവിശ്വാസത്തോടെ തെല്ലിട നിൽക്കുന്നു. പിന്നെ സ്വതസിദ്ധമായ, ഏറ്റവും നിഷ്കളങ്കമായ തൻ്റെ ആ ചിരിയോടെ ബാങ്ക്സിനടുത്തേക്ക് നടന്നു ചെന്ന്, അയാളുടെ തലമുടിയിൽ തടവി അഭിനന്ദിക്കുന്നു. ലോകഫുട്ബോളിലെ എക്കാലത്തെയും സുന്ദരമായൊരു ഗോളാകുമായിരുന്ന ഹെഡറിനെ ഇല്ലാതാക്കിയ മനുഷ്യനായി, അമാനുഷികനായി ഗോർഡോൻ ബാങ്ക്സ് എന്ന ബ്രിട്ടീഷ് ഗോൾക്കീപ്പർ പിൽക്കാലം അറിയപ്പെട്ടു.

പന്തിനെ ബെർണോളീസ് തിയറത്തിൻ്റെ ഫോർമുലകളിൽ കുടുക്കി ഫ്രീക്കിക്ക് മതിലുകൾക്ക് കുറുകെ വളച്ചെടുക്കുന്ന റോബർട്ടോ കാർലോസ് ! അയാളുടെ തുടക്കൊപ്പം പോലും നെഞ്ചളവില്ലാത്ത റോണാൾഡിന്യോയുടെ കാൽപാദം പക്ഷെ ഒരു ചൂണ്ടക്കൊളുത്താണ്. എതിരാളികളെ പന്തുകൊണ്ടിരകോർത്ത് അയാൾ കരയിലേക്ക് പിടിച്ചിടുന്നു. മാഴ്സെലോ ഹൈബോളുകളെ അനായാസം തൻ്റെ കാൽവെള്ളകൾ നക്കുന്ന നായ്ക്കുഞ്ഞുങ്ങളാക്കുന്നു. ബ്രസീലിയൻ പന്തുകളിക്കാർക്ക് തുകൽപന്ത് തങ്ങളുടെ അജ്ഞാനുവർത്തികളായ പ്രത്യക്ഷ മൂർത്തികളാണ്.

ബാഴ്സോലണക്കാർക്ക് മൈതാനം നിറയുന്ന ടിക്കിട്ടാക്ക ശൈലിയാണ് പഥ്യമെങ്കിൽ ബ്രസീലുകാർക്ക് അത് പെനാൽട്ടി ബോക്സിനുള്ളിൽ മാത്രം സാധ്യമാകുന്ന ഒരുതരം അബോധകലയാണ്. ബ്രസീലിലെ വിസ്താരം കുറഞ്ഞ ഖല്ലികളിൽ പന്തുതട്ടിയ ചെറുപ്പകാലമാണ് അവരപ്പോൾ ഓർക്കുക. അവിടെ കളി ഒട്ടും മുൻകൂട്ടി കാണുന്നില്ല. അബോധത്തിൽ ചടുലവേഗത്തിലാണ് പന്തിൻ്റെ കാൽമാറ്റം. ചിലപ്പോഴൊക്കെ പിന്നാലെ വരുന്ന, അല്ലെങ്കിൽ വശങ്ങളിലൂടെ ചാട്ടുളി പോലെ പാഞ്ഞുവരുന്ന കൂട്ടുകാരനുവേണ്ടി പന്തിനെ ത്യാഗം ചെയ്യുന്ന ബ്രസീലിയൻ ഫോർവേഡുകൾ. പ്രതീക്ഷിക്കാത്ത പിൻവലിയലുകളും തലോടലുകളും ട്രിക്കുകളും ട്യൂൺ ചെയ്തെടുക്കാൻ അവർ അവിടെ പ്രകാശവേഗമാർജ്ജിക്കുന്നു. സ്ഥലം എത്ര ചുരുങ്ങുന്നോ അത്രത്തോളം തീവ്രമായി എതിരാളികൾക്ക് പന്ത് അപ്രാപ്യമാവും. ഡിഫൻ്റർമാരെ അസ്തപ്രജ്ഞരാക്കുന്ന മായികമായ ആ പെനാൽട്ടി ബോക്സ് ടിക്കിടാക്കയുടെ ഉപജ്ഞാതാക്കളും പ്രയോക്താക്കളുമത്രെ ബ്രസീലിയൻ പന്തുകളിക്കാർ.

സ്വയം മറന്നു കളിക്കുമ്പോൾ ട്രോഫികൾ കൊണ്ട് ഷോക്കേസുകൾ നിറയുകയും തോൽവികളുടെ കണ്ണീരുപ്പുകൊണ്ട് നെഞ്ചു കനക്കുകയും ചെയ്യുന്ന മനുഷ്യരാണവർ. മാരക്കാന കണ്ണീരുമാത്രം നിറയാൻ വിധിക്കപ്പെട്ട അവരുടെ വിശുദ്ധമായ പാനപാത്രമത്രേ. യൂൾറിമേയുടെ ആജീവനാന്ത സൂക്ഷിപ്പുക്കാരായ ബ്രസീലുകാർ ബൂട്ടു കെട്ടുമ്പോൾ താളനിബന്ധമായ ഒരു രസക്കാഴ്ച്ചക്ക് തൊട്ടുമുമ്പുള്ള, അടക്കാനാവാത്ത അഭിനിവേശം പോലെ മനസ്സ് നിറയും. നെഞ്ച് ആരോ ഡ്രിബിൾ ചെയ്തു നീങ്ങുന്നതു പോലെ അതിദ്രുതം മിടിക്കും.ചക്രവാളത്തിൽ ഒരു തുകൽപന്ത് ഉദിച്ചു വരുന്നുണ്ടെന്ന് തോന്നും. പെലെയുടെ റൊണാൾഡിന്യോയുടെ, സോക്ക്രട്ടീസിൻ്റെ, സീക്കോയുടെ റൊണാൾഡോയുടെ, റോബർട്ടോ കാർലോസിൻ്റെ കാകയുടെ, നെയ്മറുടെ ബ്രസീൽ.. കേൾക്കുമ്പോൾ രോമകൂപങ്ങളിൽ പച്ചപ്പുൽനാമ്പുകൾ എഴുന്നു നിൽക്കുന്ന പോലെ…! ഇതാ ഈ മൈതാനത്തിലേക്ക് ഒന്നു നോക്കു.. പുൽത്തകിടികളെ തീപിടിപ്പിക്കുന്ന മോഹമഞ്ഞ !!!

Related Stories

No stories found.
logo
The Cue
www.thecue.in