ആ കൊലവിളി ഇന്നും കാതില്‍, വോട്ട് ഇടതിനെന്ന് ഹിന്ദുത്വ ആക്രമണത്തിന് ഇരയായ ഐഐടി വിദ്യാര്‍ത്ഥി 
Design Courtesy The Quint

ആ കൊലവിളി ഇന്നും കാതില്‍, വോട്ട് ഇടതിനെന്ന് ഹിന്ദുത്വ ആക്രമണത്തിന് ഇരയായ ഐഐടി വിദ്യാര്‍ത്ഥി 

ബീഫ് ഫെസ്റ്റില്‍ പങ്കെടുത്തതിന്എബിവിപി  ആക്രമണത്തിന് ഇരയായഐഐടി മദ്രാസ് വിദ്യാര്‍ത്ഥി സൂരജ് എഴുതുന്നു. 

ഗോരക്ഷയുടെ പേരില്‍ മുസ്ലിങ്ങള്‍ക്കെതിരെ നടന്ന തുടര്‍ച്ചയായ ആള്‍ക്കൂട്ട ആക്രമണത്തിനും പശുക്കൊലയ്ക്കും പിന്നാലെ കന്നുകാലികളെ ഇറച്ചിക്കായ് വില്‍ക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതിനെതിരെ മദ്രാസ് ഐഐടി വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റില്‍ പങ്കെടുത്തതിന് സൂരജിനെ എബിവിപി ആക്രമിച്ചത്. വലതുകണ്ണിന് ഉള്‍പ്പെ സൂരജിന് സാരമായി പരുക്കറ്റു. ഈ തെരഞ്ഞെടുപ്പില്‍ എന്ത് കൊണ്ട് വോട്ട് ചെയ്യണമെന്നും ആര്‍ക്ക് വോട്ട് ചെയ്യുമെന്നും വിശദീകരിക്കുന്നു സൂരജ്.

ഇന്ത്യയുടെ തെക്കേയറ്റത്ത് താരതമ്യേന സുരക്ഷിതമായ കേരളത്തിൽ ജീവിക്കുകയും രാജ്യത്തെയൊരു ഉന്നതവിദ്യാഭ്യാസസ്ഥാപനമായ ഐഐടി മദ്രാസിൽ ഗവേഷണം നടത്തുകയും ചെയ്യുന്ന വ്യക്തി എന്ന നിലയിൽ, ഗോരക്ഷകരും സകലമാനസേനകളും അനുബന്ധപരിവാരങ്ങളുമെല്ലാം സാമൂഹ്യ-സാംസ്കാരിക- ഭൂമിശാസ്ത്രപരമായി ഉത്തരേന്ത്യൻ പ്രതിഭാസങ്ങളായാണ് (ആഭാസങ്ങളായാണ്) ഞാൻ കരുതിപ്പോന്നത്. ബീഫ് നിരോധനത്തെ തുടർന്നുണ്ടായ സംഭവവികാസങ്ങളെയും, ആൾക്കൂട്ടവിചാരണകളേയും കൊലപാതകങ്ങളെയുമൊക്കെ കണ്ടപ്പോഴും, നിശ്ശിതമായി വിമർശിച്ചപ്പോഴുമെല്ലാം ഈ വക ഭ്രാന്തും ആക്രമണങ്ങളും എന്നെ നേരിട്ട് ബാധിക്കുമെന്ന് എന്റെ വന്യമായ സങ്കൽപ്പങ്ങളിൽ പോലും ഉണ്ടായിരുന്നില്ല. വിദ്യാസമ്പന്നരായ ആളുകൾക്കിടയിൽ പോലും ആർഎസ്എസിന്റെ (രാഷ്ട്രീയ സ്വയംസേവക സംഘം) കടന്നുകയറ്റം ഐഐടി പഠനകാലത്ത് തന്നെ എന്നെ ആശ്ചര്യപ്പെടുത്തുകയും ആകുലപ്പെടുത്തുകയും ചെയ്തു. എങ്കിലും യുക്തിസഹവും പുരോഗമനപരവുമായ ദ്രാവിഡസമൂഹം ഇത്തരം പ്രാകൃതവും സാമൂഹ്യവിരുദ്ധവുമായ പേക്കൂത്തുകളിൽ അഭിരമിക്കാതെ എനിക്ക് സംരക്ഷണം തീർക്കും എന്ന് ഞാൻ വിശ്വസിച്ചു പോന്നു.

രണ്ട് വർഷങ്ങൾക്ക് മുൻപ് ഐഐടി മദ്രാസിന്റെ മെസ്സ് ഹാളിൽ വെച്ച് ഒരു പറ്റം തീവ്രഹിന്ദുത്വവാദികളായ വിദ്യാർത്ഥികളാൽ ഞാൻ അക്രമിക്കപ്പെട്ടു. എന്റെ മുടിയിൽ കുത്തിപ്പിടിച്ച് ഇരുവശത്തുനിന്നും മർദ്ദിക്കുമ്പോൾ അവരിൽ ഒരാൾ "നീ ബീഫ് തിന്നുമോ? കൊന്നുകളയും നിന്നെ" എന്ന് ആക്രോശിച്ചത് ഇന്നുമെന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്. ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട എന്നെ അടിയന്തിര നേത്രശസ്ത്രക്രിയക്ക് വിധേയനാക്കി. ബോധം വീണ്ടെടുത്തപ്പോഴേക്കും ദേശീയതലത്തിൽ തന്നെ ഞാൻ വാർത്തയായി മാറിയിരുന്നു. ഇരയോട് സഹതപിക്കുന്നവരുടെ പതിന്മടങ്ങ് വേട്ടക്കാരന് വേണ്ടി ശബ്ദിക്കുകയും നിഗൂഢമായി ആനന്ദിക്കുകയും ചെയ്യുന്നത് ഫാസിസം ബാക്കി വെച്ച കണ്ണിലൂടെ ഞാൻ കാണേണ്ടിവന്നു.

സൂരജ് എബിവിപി ആക്രമണത്തിന് ഇരയായപ്പോള്‍ 
സൂരജ് എബിവിപി ആക്രമണത്തിന് ഇരയായപ്പോള്‍ 

ആശുപത്രിവാസവും ശസ്ത്രക്രിയകളും സമ്മാനിച്ച വേദനകൾക്കും നഷ്ടങ്ങൾക്കുമപ്പുറം, ഫാസിസത്തിനെതിരെ പൊരുതുമ്പോൾ നമ്മൾ എത്രമാത്രം നിരാലംബരും നിസ്സഹായരുമാണെന്ന തിരിച്ചറിവാണ് എന്നെ അലട്ടിക്കൊണ്ടിരുന്നത്. ഐഐടി മദ്രാസിന്റെ അന്വേഷണം എന്ന പ്രഹസനത്തിന് മുന്നിൽ എന്റെ ആഹാരസ്വത്വം കൂടി തെളിയിക്കേണ്ടതായി വന്നു. എത്രമേൽ മതനിരപേക്ഷമെന്നും ബൗദ്ധികമായി ഉന്നതമെന്നും നമ്മൾ കരുതുന്ന ഐഐടിയിൽ പോലും ഈ സമൂഹം എന്നോ പൊട്ടിച്ചെറിഞ്ഞ പൂണൂൽ ഇന്നും രഹസ്യമായി താലോലിക്കപ്പെടുന്നത് എനിക്ക് അനുഭവവേദ്യമായി. പകൽ വെളിച്ചത്തിൽ വിദ്യാർത്ഥി സമൂഹത്തിന് മുന്നിൽ നടന്ന സംഘടിതമായ ഒരക്രമം എന്ന നിലയ്ക്ക്, സ്വാഭാവികമായും സുഗമമായും എനിക്ക് നീതി കിട്ടും എന്നായിരുന്നു എന്റെ ധാരണ. എന്നാൽ രണ്ട് വർഷങ്ങൾക്കിപ്പുറം കേസ് ഇനിയും വാദം കേൾക്കാത്തതും പ്രതികൾ ഭരണകർത്താക്കളുടെ മൗനത്തിൽ പൊതിഞ്ഞ അനുഗ്രഹാശ്ശിസുകളോടെ പ്രതിബന്ധങ്ങളേതുമില്ലാതെ പഠനം പൂർത്തിയാക്കി മടങ്ങിയതും, നിയമ വ്യവസ്ഥയിലുള്ള എന്റെ പ്രതീക്ഷകൾക്ക് സാരമായ കോട്ടം തട്ടിച്ചിട്ടുണ്ട്.

വർഗീയവിഷവിത്തുകൾ പ്രചരിപ്പിച്ച് ആക്രമണങ്ങൾക്ക് കോപ്പ് കൂട്ടുന്ന തീവ്രവലത്-ഹിന്ദുത്വത്തെ ജാതി-മത-വർഗ-വർണവ്യത്യാസങ്ങൾക്കതീതമായി മാനവികതയുടെ പക്ഷത്ത് അണിചേർന്ന് ചെറുത്ത് തോൽപ്പിക്കേണ്ടത് ഇന്നിന്റെ അനിവാര്യതയായി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് ഈ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് പ്രസക്തമാവുന്നതും.

എതിർശബ്ദങ്ങളെ തച്ചുതകർത്തും ന്യൂനപക്ഷങ്ങളെ വേട്ടയാടിയും, ഭരണഘടന ഉറപ്പുനൽകുന്ന ജനാധിപത്യത്തിനും മതേതരത്വത്തിനും കഴിഞ്ഞ അഞ്ച് വർഷത്തെ ബിജെപി ഭരണം ഏൽപ്പിച്ച ആഘാതം നിസ്സാരമല്ല. ബിജെപിയെ രാഷ്ട്രീയമായി, ബാലറ്റിലൂടെ തന്നെ നേരിടണമെന്ന് ചിന്തിക്കുന്നവരുടെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന പേര് ഏറ്റവും വലിയ പ്രതിപക്ഷ പാർയായ കോൺഗ്രസിന്റെ തന്നെയാണ്. എന്നാൽ ബിജെപി ഉയർത്തുന്ന ജാതി രാഷ്ട്രീയത്തോട് മതേതര പക്ഷത്തുനിന്നും ഒരു ബദലാവാൻ കോൺഗ്രസ്‌ എത്രമാത്രം പ്രാപ്തമാണ് എന്ന് ചോദ്യം ബാക്കിയാണ്. ബിജെപിയുടെ രാഷ്ട്രീയപാപ്പരത്വവും ഫാസിസ്റ്റ് മുഖവും ഇത്രമേൽ തുറന്നുകാട്ടപ്പെട്ടിട്ടും കോൺഗ്രസ്‌ അതിനോട് പുലർത്തുന്ന നിസ്സംഗത ഒട്ടും ആശാസ്യമല്ല.

കഴിഞ്ഞ രാജസ്ഥാൻ, ഗുജറാത്ത്‌, മധ്യപ്രദേശ്, ഹരിയാന നിയമസഭാതെരഞ്ഞെടുപ്പുകളിൽ പോലും കോൺഗ്രസിന്, ബിജെപി വിതച്ച് നൂറുമേനി കൊയ്ത അതേ വർഗീയകാർഡ് ഇറക്കേണ്ടിവന്നത് നാം വിസ്മരിച്ചുകൂടാ. അടിസ്ഥാനവർഗത്തിന്റെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കാതെ രാഹുൽ ഗാന്ധിയുടെ പൂണൂൽ കാട്ടി വോട്ട് പിടിക്കൽ ഇന്ത്യയിൽ ഇന്ന് ലളിതവും വിജയകരവുമായ പ്രക്രിയയാണ്. കേരളത്തിൽ പോലും ശബരിമലയിലെ സ്ത്രീപ്രവേശനവിഷയത്തിൽ ആചാരസംരക്ഷകരുടെ വേഷമണിഞ്ഞ് ബിജെപിയുടെ ഗൂഢലക്ഷ്യങ്ങൾക്ക് അറിഞ്ഞോ അറിയാതെയോ കുട പിടിക്കുകയായിരുന്നു കോൺഗ്രസ്‌. എനിക്ക് നേരെയുണ്ടായ അക്രമത്തെ തുടർന്നുള്ള ആശുപത്രിവാസക്കാലത്താണ് കോൺഗ്രസിന്റെ ഈ ഇരട്ടത്താപ്പിനെക്കുറിച്ച് ഗൗരവമായി മനസിലാക്കുന്നത്. ചെന്നൈയിൽ തന്നെ ഉണ്ടായിരുന്നിട്ടും പ്രവർത്തകർ നിർബന്ധിച്ചിട്ടും എന്നെ വന്ന് കാണാൻ വിസമ്മതിച്ച രാഹുൽ ഗാന്ധി, ഒരു പ്രസ്താവന പോലും നടത്താഞ്ഞത് എന്നിൽ മാത്രമല്ല ഒരു ബദൽ സർക്കാരിനായി ചിന്തിക്കുന്നവരിലാകെ ഞെട്ടലുളവാക്കി. എന്നാൽ പുരോഗമനപരമായ ചിന്തിക്കുന്ന ദക്ഷിണേന്ത്യൻ പാർട്ടികളും ഇടത് പാർട്ടികളും തന്ന പിന്തുണ ആശാവഹമായിരുന്നു. വ്യക്തിപരമായ കരുതലുകൾക്കപ്പുറം തങ്ങളുടെ ആഹാരസ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റത്തോടുള്ള ശക്തമായ വിയോജിപ്പുകളായിരുന്നു ആ സന്ദർശനങ്ങൾ.

Courtesy : Scroll

ബിജെപി ദുർബലമായ കേരളത്തിൽ നിന്ന് മത്സരിക്കുന്നതിലൂടെ വീണ്ടും ഒരു മുഖാമുഖം ഒഴിവാക്കുകയാണ് രാഹുൽ ഗാന്ധി ചെയ്തത്. ജനകീയപ്രശ്നങ്ങൾ ഏറ്റെടുത്ത് ബിജെപിക്ക്‌ ശക്തമായ തിരിച്ചടി നൽകി അധികാരത്തിലേറണമെന്ന് നമ്മൾ കരുതുന്ന കോൺഗ്രസ്‌ ദിശമാറി മറ്റൊരരികുപറ്റി തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഒരർത്ഥത്തിൽ ബിജെപിയെ സഹായിക്കലാണ്. ബിജെപിയുടെ പ്രധാന എതിരാളി എന്ന് ഒരു വശത്ത് നിന്ന് പ്രഖ്യാപിക്കുമ്പോള്‍ തന്നെ ബിജെപിയുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ തങ്ങളുടെയും കൂടെ ലക്ഷ്യങ്ങളാണെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. ഒരേ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി പോരാടുന്നവര്‍ എങ്ങനെയാണ് എതിരാളികളാകുന്നത്?

അധികാരത്തില്‍ വന്നാല്‍ അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് പറഞ്ഞതും ഗോവധനിരോധനം ഇന്ത്യയില്‍ ആദ്യമായി നടപ്പിലാക്കിയത് തങ്ങളാണെന്നും മേനി പറഞ്ഞത് കോണ്‍ഗ്രസിന്റെ സമുന്നതരായ നേതാക്കളാണ്. മതനിരപേക്ഷകക്ഷികള്‍ താരതമ്യേന ശക്തരായ കേരളത്തിലും സ്ഥിതി മറിച്ചല്ല. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ സംഘപരിവാര്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തുകൊണ്ട് കോണ്‍ഗ്രസ് സമൂഹത്തിന് നല്‍കിയ സന്ദേശം തങ്ങള്‍ അധികാരത്തിന് വേണ്ടി മതനിരപേക്ഷതയെയും പണയം വെക്കും എന്നാണ്. തിരുവന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളിലാരും തന്നെ മതനിരപേക്ഷമൂല്യങ്ങള്‍ പറഞ്ഞല്ല വോട്ട് പിടിക്കുന്നത്. ബിജെപിയെപ്പോലെ വിശ്വാസസംരക്ഷണം തന്നെയാണ് കേരളത്തില്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന പ്രധാന തെരെഞ്ഞെടുപ്പ് വിഷയം എന്നത് ഏറെ നിരാശാജനകമാണ്.

വര്‍ഗീയഫാസിസമെന്തെന്ന് നേരിട്ടനുഭവിച്ച വ്യക്തിയെന്ന നിലയിൽ അന്നും ഇന്നും കൂടെ നിന്നത് ഇടതുപക്ഷമാണ്. കേരളത്തിൽ കഴിഞ്ഞ മൂന്ന് വർഷമായി അധികാരത്തിലിരിക്കുന്ന ഇടതുപക്ഷം എന്നും ന്യൂനപക്ഷങ്ങളെയും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെയും ചേർത്തുപിടിക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അവധാനതാപൂര്‍ണമായ നിലപാടാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി ഇതുവരെയും കൈക്കൊണ്ടിട്ടുള്ളത്. ദേശീയതലത്തില്‍ തന്നെ വര്‍ഗീയഫാസിസ്റ്റുകളുടെ നരനായാട്ടിനിരയായവരെയും അതിനെ അതിജീവിച്ചവരേയും അനുഭാവപൂര്‍വം പിന്തുണച്ചത് ഇടതുപക്ഷമാണ്. ദാദ്രിയില്‍ കൊല്ലപ്പെട്ട അഖ്ലാഖിന്റെ കുടുംബത്തിനെ സമാശ്വസിപ്പിക്കുവാന്‍ ഓടിയെത്തിയതും, മുസഫര്‍നഗറില്‍ ഭവനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് അത് നിര്‍മിച്ചു കൊടുത്തതും സിപിഐ(എം) എന്ന പ്രബലമായ ഇടതുപക്ഷകക്ഷിയാണ്.

Courtesy : @cpimspeak/Twitter

വര്‍ഷങ്ങളായി കോണ്‍ഗ്രസ്-ബിജെപി സര്‍ക്കാരുകള്‍ പിന്തുടര്‍ന്ന്പോരുന്ന തെറ്റായ സാമ്പത്തികനയങ്ങള്‍ ആത്മഹത്യാമുമ്പിലേക്ക് തള്ളിയ ഇന്ത്യന്‍ കര്‍ഷകരെ കൈപിടിച്ച് തിരികെ ജീവിതത്തിലേക്കാനയിച്ചതും അവരുടെ അവകാശങ്ങള്‍ക്കായി പോരാടിയതും ഇന്ത്യയിലെ ഇടതുപക്ഷമാണ്. മഹാരാഷ്ട്രയിലേയും രാജസ്ഥാനിലേയും കര്‍ഷക മഹാറാലികള്‍ സിപിഐ(എം)ന്റെ കര്‍ഷക സംഘടനയായ കര്‍ഷകസംഘമാണ് സംഘടിപ്പിച്ചത്. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തിലും അനുകരണനീയമായ മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന കാര്യം നാം മറന്നുകൂടാ. നെല്ല് സംഭരണത്തിലും മറ്റും സര്‍വകാല റെക്കോഡാണ് ഈ സര്‍ക്കാരിനുള്ളത്. ഇന്ത്യയിലെ മറ്റേത് സംസ്ഥാനം നല്‍കുന്നതിനേക്കാള്‍ സംഭരണവില നെല്ലിന് നല്‍കുന്നത് നമ്മുടെ സംസ്ഥാനമാണ്. ഈ പ്രോത്സാഹനങ്ങളൊക്കെ കൊണ്ടുതന്നെ പ്രളയശേഷവും കേരളത്തില്‍ നെല്ലുല്പാദനം വര്‍ദ്ധിക്കുന്ന ഒരു സ്ഥിതിയുണ്ടായത്. അങ്ങനെ അടിച്ചമര്‍ത്തപ്പെട്ടവരുടെ ഒപ്പം എന്നുമുണ്ടായത് ഇടതുപക്ഷമാണ്.

ആ ഇടതുപക്ഷത്തിന്റെ വിജയം എന്നെപ്പോലെയുള്ളവരുടെ കൂടി വിജയമാണ്. ഇടതുപക്ഷത്തിന്റെ പ്രതിനിധികള്‍ എന്നെപ്പോലെയുള്ളവരുടെ ശബ്ദമാണ് പാര്‍ലമെന്റില്‍ ഉയര്‍ത്തുവാന്‍ പോകുന്നത്. അതിധനികരായവരുടെ ഓരിയിടലുകള്‍ക്കിടയില്‍ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ ശബ്ദം കൂടി പാര്‍ലമെന്റില്‍ മുഴങ്ങിക്കേള്‍ക്കേണ്ടതുണ്ട്. ഇത് തന്നെയാണ് ഇടതുപക്ഷത്തിന്റെ പ്രസക്തിയും. അതുകൊണ്ട് എന്റെ അനുഭവങ്ങളുടെ, പ്രതീക്ഷകളുടെ, അനിവാര്യതയുടെ വോട്ട് ഇടതുപക്ഷത്തിനാണ്.

Related Stories

No stories found.
logo
The Cue
www.thecue.in