
കഴിഞ്ഞ കുറച്ചു കാലങ്ങളായി വളരെ അസാധാരണമായ രീതികളിലുള്ള കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ അരങ്ങേറുകയും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യുന്നു. പലപ്പോഴും അതൊരു രണ്ടു മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന മീഡിയാ ആഘോഷമാണ്. യാതൊരു സീമയോ ഉത്തരവാദിത്ത്വമോ മറയോ കാണിക്കാതെ റിപ്പോര്‍ട്ട് ചെയ്യുന്നത് ഒരു സാമൂഹിക ദുരന്തത്തിലേക്കാണ് നയിക്കുന്നത് എന്ന് മാധ്യമങ്ങളോ അത് നിരന്തരം ഏറ്റു വാങ്ങുന്ന പ്രേക്ഷകരോ മനസ്സിലാക്കുന്നില്ല എന്ന് തോന്നുന്നു.
നിരന്തരവും അതിവിപുലവും അനാവശ്യ വിവരണങ്ങളോടെയും കൂടി നടത്തുന്ന കുറ്റകൃത്യങ്ങളുടെ റിപ്പോര്‍ട്ടിങ് Vicarious Trauma അഥവാ Secondary Traumatic Stress എന്ന് മാനസികാരോഗ്യ വിദഗ്ദ്ധര്‍ അടയാളപ്പെത്തുന്ന സ്ഥിതിവിശേഷത്തിനു കാരണമാകാം. അതായത് നേരിട്ട് ബാധിതര്‍ അല്ലാത്തവര്‍, യഥാര്‍ത്ഥ ബാധിതരുടെ അതേ മാനസിക സമ്മര്‍ദ്ദത്തിലൂടെയും ഭയത്തിലൂടെയും കടന്നു പോകുന്ന അവസ്ഥ. മാധ്യമങ്ങള്‍ ഇന്ന് നടത്തുന്ന റിപ്പോര്‍ട്ടിങ് രീതി കാരണം മാനസികമായ മടുപ്പ്, ക്ഷീണം, അകാരണമായ ഭയം, സഹാനുഭൂതി കുറയല്‍ Empathy Numbing), ശരീരത്തില്‍ കോര്‍ട്ടിസോള്‍ എന്ന സ്‌ട്രെസ് ഹോര്‍മോണ്‍ കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടാനും കാരണമാകും എന്നും പഠനങ്ങളുണ്ട്. ഇതൊക്കെയും സമൂഹത്തില്‍ മാധ്യമങ്ങള്‍ സെന്‍സേഷണല്‍ റിപ്പോര്‍ട്ടിങ്ങിലൂടെ, അത് കാണുന്ന പ്രേക്ഷകനില്‍ ഉണ്ടാക്കിയെടുക്കുന്ന ഒരു സ്ഥിതിവിശേഷമാണ്.
അകാരണമായി, കുറ്റകൃത്യവുമായി യാതൊരു ബന്ധവും ഇല്ലാത്ത, മറ്റൊരു രാജ്യത്തോ സ്ഥലത്തോ ഇരിക്കുന്ന ഒരു വ്യക്തിയില്‍ മാനസിക പിരിമുറുക്കവും മടുപ്പും ഉണ്ടാക്കി വിടുകയാണ് പലപ്പോഴും ഇത് ചെയ്യുന്നത്.
മാനസികാരോഗ്യ മേഖലയില്‍ ജോലി ചെയ്യുകയും മാനസികാസ്വാസ്ഥ്യം ഉള്ള വ്യക്തികളുമായി ഇടപഴകുകയും ചെയ്ത ഒരാളെന്ന നിലയില്‍ പറയട്ടെ- ഇങ്ങനെ നിരന്തരമായി കുറ്റകൃത്യങ്ങളുടെ സൂക്ഷ്മ വിവരങ്ങളും വിവരണങ്ങളും സാമൂഹിക മാനസികാരോഗ്യത്തെ തീര്‍ത്തും അപകടകരമായ ഒരു നിലയിലേക്കാണ് കൊണ്ട് പോകുന്നത്. ദിവസങ്ങളോളം കൊലയുടെ രീതിയും, ഉപയോഗിച്ച ആയുധങ്ങളും, വാങ്ങിയ സ്ഥലവും, അതെങ്ങനെ പോലീസ് കണ്ടെത്തി എന്നും, അവരുടെ മാനസിക സ്ഥിതിയെ കുറിച്ചുള്ള ന്യായീകരണങ്ങളും മയക്കുമരുന്നും മദ്യവും കുറ്റകൃത്യത്തെ മറയാക്കാനുള്ള ആവശ്യവിവരങ്ങളും സമൂഹത്തിലേക്ക് നിരന്തരം നല്‍കിക്കൊണ്ടിരിക്കുന്നത് മഹത്തായ ധാര്‍മിക പ്രവര്‍ത്തിയൊന്നുമല്ല. ഇന്ത്യന്‍ പ്രസ് കൗണ്‍സിലിന്റെ തന്നെ Norms of Journalistic Conduct-Â ലൈംഗിക അതിക്രമങ്ങളും അതിക്രൂരതയും ഉള്‍ക്കൊള്ളുന്ന സംഭവങ്ങളില്‍ കൃത്യത, സംവേദനക്ഷമത, മിതത്വം എന്നിവ പാലിക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറയുന്നുണ്ട്. കൂടാതെ പല പ്രമാദമായ കേസുകളിലും കോടതികള്‍ തന്നെ മാധ്യമങ്ങള്‍ ആവേശജനകമായ റിപ്പോര്‍ട്ടിംഗില്‍ നിന്ന് ഒഴിവാകാനും, സംവേദനാത്മകവും ഉള്‍ക്കൊള്ളുന്നതുമായ ഭാഷ ഉപയോഗിക്കാനും ആവശ്യപ്പെട്ട നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്.
മാനസികാസ്വാസ്ഥ്യമുള്ള ഒരു വ്യക്തി (അതു പ്രകടമായോ ഇത് വരെ Identify ചെയ്യപ്പെടാത്തതോ Underlying tendency ഉള്ള ഒരാളോ ആവാം) നിരന്തരമായി ഈയൊരു വാര്‍ത്ത കാണുന്നത് ഒന്ന് ഓര്‍ത്തുനോക്കൂ. അവര്‍ക്ക് ഒരു ആക്ഷന്‍ പ്ലാന്‍ കൊടുക്കുന്നതിനു തുല്യമായ പ്രവൃത്തിയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. അവനതെങ്ങനെ പ്ലാന്‍ ചെയ്തു, ആവശ്യമായ സാധനങ്ങള്‍ എവിടെ നിന്നു വാങ്ങി, അതെങ്ങനെ ഒളിപ്പിച്ചു, ഏതു രീതിയില്‍ കൃത്യം നിര്‍വഹിച്ചു, അതെങ്ങനെ അവന്റെ 'ശത്രുക്കളെ' 'ദ്രോഹിച്ചവരെ' 'വേദനിപ്പിച്ചവരെ' ബാധിച്ചു എന്നൊക്കെ മാധ്യമങ്ങള്‍ ക്ലാസ് എടുക്കുകയാണ്. വീണ്ടുവിചാരമില്ലാത്ത പരാമര്‍ശങ്ങളും വിവരങ്ങളും നാടകീയമായ രംഗങ്ങളും പുനരാവിഷ്‌കരണങ്ങളും ആരെ ഉദ്ദേശിച്ചാണ്? എന്ത് തരം ഗുണമാണ് അത് സമൂഹത്തിനു ചെയ്യുന്നത്? ആര്‍ക്കാണ് ഇത്തരം വിശദാംശങ്ങളുടെ ആവശ്യം? പോലീസിനും വക്കീലിനും കേസുമായി ഇടപെട്ടവര്‍ക്കുമല്ലാതെ?
ഉത്തര എന്ന പെണ്‍കുട്ടിയെ പാമ്പ് കടിപ്പിച്ചു കൊന്ന കേസ് ഒരു മാധ്യമ സ്ഥാപനം റിപ്പോര്‍ട്ട് ചെയ്തത് ഓര്‍ക്കുന്നു. എവിടെ നിന്നും പാമ്പിനെ വാങ്ങി, എത്ര രൂപക്ക് വാങ്ങി, അതിനെ എങ്ങനെ, എന്ത് തരം കുപ്പിയില്‍ സൂക്ഷിച്ചു, എങ്ങനെ ഇറക്കി വിട്ടു എന്ന് വിശദമായ ഒരു ക്ലാസ്. എന്താണ് ഇത്രയും സൂക്ഷ്മ വിവരങ്ങള്‍ പ്രായഭേദമെന്യേ സമൂഹം അറിയേണ്ട ആവശ്യം? ഒരു ക്രൈം നടന്നു, പോലീസും ആവശ്യപ്പെട്ടവരും അതന്വേഷിക്കുന്നു, പ്രതി അറസ്റ്റിലാണ് എന്നതിലുപരി, എങ്ങനെയുള്ള മുറിവാണ്, ആരാണ് ആയുധം വിറ്റത്, എന്തിനാണ് ആ ആയുധം തിരഞ്ഞെടുത്തത്, മാധ്യമങ്ങള്‍ക്ക് ലഭ്യമായ സിസിടിവി ദൃശ്യങ്ങള്‍, കുടുംബത്തിന് അയച്ച വോയ്‌സ് നോട്ട്, കുടുംബം അനുഭവിക്കുന്ന വേദന, അവനെയും അവന്റെ ഇരയായവരെയും ചികിത്സിക്കുന്ന ഡോക്ടറുടെ അഭിപ്രായങ്ങളും ചികിത്സവിവരങ്ങളുടെ അപ്‌ഡേറ്റ് എന്നിവ സമൂഹത്തിനു അറിയേണ്ട എന്ത് ആവശ്യമാണ് ഉള്ളത്?
കുഞ്ഞുങ്ങളും വളര്‍ന്നു വരുന്ന കൗമാരക്കാരും, പക്വത എത്താത്തവരും മാനസികാസ്വാസ്ഥ്യം ഉള്ളവരും കാണുന്ന, കണ്ടു പോകുന്ന, സോഷ്യല്‍ മീഡിയകളില്‍ ഫോളോ ചെയ്യുന്ന ചാനലുകളാണ് വാര്‍ത്താ ചാനലുകള്‍. ഉത്തരവാദിത്തം കാണിക്കണം. ഇല്ലെങ്കില്‍ സര്‍ക്കാരും സംവിധാനങ്ങളും ഉത്തരവാദിത്തം നടപ്പിലാക്കണം.
ഒരിക്കല്‍കൂടി പറയുന്നു- സാമൂഹിക മാനസികാരോഗ്യം ഇത്തരം വാര്‍ത്താ റിപ്പോര്‍ട്ടിങ് കാരണം അപകടകരമായ നിലയിലേക്ക് പോകുകയാണ്. അനാവശ്യമായ വിവരണങ്ങളും വിവരങ്ങളും റിപ്പോര്‍ട്ട് ചെയ്യാതിരിക്കുക. കുറ്റകൃത്യത്തില്‍ ഊന്നാതെ, ഇത്തരം കുറ്റകൃത്യങ്ങള്‍ കാരണം സാമൂഹികവും സാംസ്‌കാരികവും മാനസികവുമായ ഉണ്ടാവുന്ന പ്രശ്‌നങ്ങളും കാര്യകാരണങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും ചര്‍ച്ച ചെയ്യുക. ലഭ്യമായ സംവിധാനങ്ങളും അവയുടെ സേവനങ്ങളും എടുക്കേണ്ട മുന്‍കരുതലുകളെയും കുറിച്ച് ബോധവല്‍ക്കരണം നടത്തുക.