അനവസരത്തിലുള്ള രാഷ്ട്രീയ കുബുദ്ധിയല്ല; ഒത്തൊരുമിച്ചുള്ള പ്രതിരോധമാണ് ആവശ്യം

അനവസരത്തിലുള്ള രാഷ്ട്രീയ കുബുദ്ധിയല്ല; ഒത്തൊരുമിച്ചുള്ള പ്രതിരോധമാണ്  ആവശ്യം

കേട്ടുകേൾവിയില്ലാത്തതോ സാമാന്യ യുക്തിക്ക് നിരക്കാത്തതോ ആയ വിധിയാണ് ഒരു പ്രസംഗത്തിലെ പരാമർശത്തിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ഗുജറാത്തിലെ സൂറത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്നുണ്ടായത്. എന്നാൽ ഇതിനേക്കാൾ ഞെട്ടിപ്പിക്കുന്നതാണ് വിധി വന്ന് 24 മണിക്കൂറിനുള്ളിൽ രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കികൊണ്ടുള്ള ലോക്സഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനം. നേരത്തെ വിധി പ്രഖ്യാപിച്ച കോടതി തന്നെ അപ്പീൽ നൽകാനായി വിധി 30 ദിവസത്തേക്ക് നടപ്പിലാക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു.

അപ്പീലുമായി രാഹുൽ ഗാന്ധി മേൽക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിന്മേൽ അപ്പീൽ കോടതി തീരുമാനമെടുക്കുന്നത് വരെ കാത്തുനിൽക്കാനുള്ള സാമാന്യ മര്യാദ പോലും പുലർത്താതെയാണ് മോദി ഭരണകൂടവും ലോക്സഭാ സ്പീക്കറും രാഹുൽ ഗാന്ധിയെ പുറത്താക്കാൻ ധൃതിപിടിച്ച് തീരുമാനമെടുത്തത്. ഒരവസരത്തിനായി കാത്തുനിന്നതു പോലുള്ള ഈ ധൃതി തന്നെയാണ് ഇക്കാര്യത്തിൽ മോദിക്കും സംഘ് പരിവാറിനുമുള്ള ദുഷ്ടലാക്ക് പുറത്തു കൊണ്ടുവരുന്നത്.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് വേളയിലെ ഒരു പ്രസംഗമധ്യേ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ ഇത്ര കടുത്ത ഒരു ശിക്ഷ വിധിക്കാൻ മാത്രം അധിക്ഷേപ സ്വഭാവമുള്ളതാണെന്ന് പരാതിക്കാരനായ ബിജെപി നേതാവിനും സൂറത്ത് കോടതിക്കുമല്ലാതെ മറ്റാർക്കെങ്കിലും തോന്നാൻ ഒരു സാധ്യതയുമില്ല. നീരവ് മോദി, ലളിത് മോദി എന്നീ സാമ്പത്തികത്തട്ടിപ്പുകാർക്ക് നരേന്ദ്ര മോദി എന്ന ഇന്ത്യൻ പ്രധാനമന്ത്രിയിൽ നിന്നും ഭരണകൂടത്തിൽ നിന്നും ലഭിച്ച പിന്തുണയും ബാങ്കുകളടക്കമുള്ള പൊതുസ്ഥാപനങ്ങളെ കബളിപ്പിച്ച് കോടിക്കണക്കിന് രൂപയുമായി രാജ്യം വിടാൻ അവർക്ക് ലഭിച്ച ഒത്താശയും ഒരു തെരഞ്ഞെടുപ്പ് കാലത്ത് ചർച്ചയാവേണ്ട പ്രധാന രാഷ്ട്രീയ വിഷയം തന്നെയാണ്.

ഇത്തരം വൻകിടക്കാരുമായുള്ള മോദി സർക്കാരിന്റെ ചങ്ങാത്ത നയങ്ങളേക്കുറിച്ച് തുടക്കം മുതൽ ശക്തമായ വിമർശനമുന്നയിച്ച് പോരുന്ന പ്രതിപക്ഷത്തെ പ്രധാന നേതാവെന്ന നിലയിലായിരുന്നു തെരഞ്ഞെടുപ്പ് പ്രസംഗത്തിലും രാഹുൽ ഗാന്ധി ഈ പേരുകൾ വച്ചുള്ള താരതമ്യം നടത്തിയത്. അതിനപ്പുറം ഏതെങ്കിലും സമുദായത്തേയോ സാമൂഹ്യ വിഭാഗങ്ങളേയോ അവഹേളിക്കുക എന്നത് അദ്ദേഹത്തിന്റെ സ്വപ്നങ്ങളിൽപ്പോലും ഇല്ലായിരുന്നു എന്ന് ഏത് കൊച്ചുകുട്ടിക്കും അറിയാവുന്നതേയുള്ളൂ.

എന്നിട്ടും ഇത്തരമൊരു അസംബന്ധ വിധി കോടതികളിൽ നിന്നുണ്ടാവുന്നു എന്നത് മോദിക്കാലത്ത് നമ്മുടെ ജുഡീഷ്യറിയടക്കമുള്ള ജനാധിപത്യ സ്ഥാപനങ്ങൾ എത്തിച്ചേർന്നിരിക്കുന്ന അധപതനത്തിന്റെ ആഴത്തെയാണ് സൂചിപ്പിക്കുന്നത്. ഇത്തരം മാനനഷ്ടക്കേസുകളിൽ പരമാവധി വിധിക്കാവുന്ന തടവുശിക്ഷയാണ് രണ്ടു വർഷത്തേത്. അതാണിപ്പോൾ രാഹുൽ ഗാന്ധിക്ക് മേൽ അടിച്ചേൽപ്പിച്ചിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമമനുസരിച്ച് ഒരു ജനപ്രതിനിധിയെ അയോഗ്യനാക്കാനും രണ്ട് വർഷത്തെ തടവിന് ശിക്ഷിക്കേണ്ടതുണ്ട് എന്നത് ഇത്തരുണത്തിൽ തീർത്തും യാദൃശ്ചികമാണെന്ന് നമുക്ക് കരുതാനാകുമോ? ഏതായാലും മേൽസൂചിപ്പിച്ച പോലെ വിധിക്ക് ശേഷം തിരക്കുപിടിച്ചുള്ള പുറത്താക്കൽ ചില കൃത്യമായ സൂചനകൾ തന്നെയാണ് നൽകുന്നത്.

കഴിഞ്ഞ കുറച്ച് കാലങ്ങൾക്കുള്ളിൽത്തന്നെ വിവിധ സമൂഹങ്ങളെ അധിക്ഷേപിക്കുന്ന തരത്തിൽ മാത്രമല്ല, അവർക്കെതിരെ കലാപത്തിന് പ്രോത്സാഹനം നൽകുന്ന തരത്തിൽപ്പോലും എത്രയെത്ര വിദ്വേഷ പ്രസംഗങ്ങളാണ് ഇവിടെ സംഘ് പരിവാർ നേതാക്കളിൽ നിന്നുണ്ടായത്? പ്രഗ്യാ സിംഗ് ഠാക്കൂറടക്കമുള്ളവർ ഇപ്പോഴും പാർലമെന്റ് അംഗങ്ങളാണ്. പൗരത്വ നിയമങ്ങൾക്കെതിരായ ജനകീയ പ്രക്ഷോഭ സമയത്ത് സമരം ചെയ്യുന്നവരെ വെടിവെച്ച് കൊല്ലണമെന്ന് പരസ്യമായി ആഹ്വാനം ചെയ്ത അനുരാഗ് ഠാക്കൂർ ഇന്നും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് ക്യാബിനറ്റ് മന്ത്രിയാണ്.

സമരം ചെയ്യുന്നവരുടെ വസ്ത്രം നോക്കി അവരെ തിരിച്ചറിയാമെന്ന് പറയുന്ന സാക്ഷാൽ നരേന്ദ്ര മോഡിയും ഏത് ജനവിഭാഗത്തെയാണ് ലക്ഷ്യം വക്കുന്നതെന്ന് നമുക്കെല്ലാമറിയാം. ഇത്തരം ആഹ്വാനങ്ങളിലൂടെ കേവലം മാനനഷ്ടമല്ല ഈ സമുദായങ്ങൾക്കുണ്ടാവുന്നത്, അതിലപ്പുറം അവർക്ക് നേരെ വംശഹത്യക്കുള്ള 'ഡോഗ് വിസിലാ'ണ് മോദിയും കൂട്ടരും മുഴക്കിയത്. എന്നിട്ടും എന്തെങ്കിലുമൊരനക്കം ഈ കോടതികളിൽ നിന്നുണ്ടായോ?

അതുകൊണ്ടുതന്നെ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലൂടെ 'മോദി' സർനെയിമുള്ളവർക്ക് മാനനഷ്ടമുണ്ടായി എന്നതൊക്കെ ആടിനെ പട്ടിയാക്കാനുള്ള കുടിലതന്ത്രം മാത്രമാണ്. അതിനപ്പുറം സംഘ് പരിവാറിനെ പരിഭ്രാന്തരാക്കുന്നത് ഇന്ത്യൻ പാർലമെൻറിലും രാജ്യത്തിന്റെ തെരുവുകളിലും രാഹുൽ ഗാന്ധി ഉയർത്തുന്ന ചില ചോദ്യങ്ങളാണ്. ഇന്ത്യൻ പ്രധാനമന്ത്രിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധമെന്താണ് എന്ന് ഫോട്ടോകളടക്കമുള്ള തെളിവുകൾ ഉയർത്തിക്കാട്ടി പാർലമെൻറിൽ മുഖത്ത് നോക്കി ചോദിക്കുന്ന രാഹുൽ ഗാന്ധിയെ നരേന്ദ്ര മോദിക്ക് ഒട്ടും ദഹിക്കുന്നില്ല.

അദാനി ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പു നടത്തുകയും കള്ളപ്പണ ഇടപാടുകൾ നടത്തുകയും ചെയ്യുന്ന വേളയിൽ ഇഡിയും സിബിഐയും സെബിയുമടക്കമുള്ള ഇന്ത്യയിലെ ഏജൻസികൾ എന്തു ചെയ്യുകയായിരുന്നു എന്ന രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് ഉത്തരം പറയാൻ പ്രധാനമന്ത്രിക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. അത്തരം ചോദ്യങ്ങൾ ഭാവിയിലെങ്കിലും ഉയർന്നു വരാതിരിക്കാനുള്ള നീക്കമാണ് രാഹുൽ ഗാന്ധിക്കെതിരായ ഈ പടയൊരുക്കം എങ്കിൽ അത് ഒട്ടും വിലപ്പോവില്ല എന്നത് മോദി ഭരണകൂടം കാണാനിരിക്കുന്നതേയുള്ളൂ.

നരേന്ദ്ര മോദി പ്രതിനിധാനം ചെയ്യുന്ന ജനാധിപത്യ വിരുദ്ധമായ ഫാഷിസ്റ്റ് ഏകാധിപത്യ ഭരണകൂടത്തിനെതിരായ ഇന്ത്യൻ ജനതയുടെ ചെറുത്തു നിൽപ്പിന്റെ പ്രതീകമായി രാഹുൽ ഗാന്ധി അനുദിനം വളരുകയാണ്. കന്യാകുമാരി മുതൽ കശ്മീർ വരെ 4000ഓളം കിലോമീറ്റർ കാൽനടയായി താണ്ടി ജനലക്ഷങ്ങളുമായി സംവദിച്ച് രാഹുൽ ഗാന്ധി നടത്തിയ 'ഭാരത് ജോഡോ യാത്ര'യുടെ വിജയത്തിന് ശേഷം ഇന്ത്യയിലെ പ്രതിപക്ഷത്തിന് കൈവന്ന നവോന്മേഷം ഇനി പുതിയ പോരാട്ടങ്ങൾക്കുള്ള ഊർജമാവുന്നതിന് ഇന്ത്യൻ രാഷ്ട്രീയം സാക്ഷ്യം വഹിക്കാനിരിക്കുകയാണ്.

ഇതിനിടയിൽ കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളെ മുന്നിൽക്കണ്ട് സൈബർ പ്രതികരണങ്ങളുമായി കളം നിറയാനുള്ള ഇവിടത്തെ സിപിഎമ്മുകാരുടെ കുടില തന്ത്രങ്ങൾ അപഹാസ്യമായി മാറുകയാണ്. മോദിക്കും സംഘ് പരിവാർ ഭരണകൂടത്തിനുമെതിരെയുള്ള നേരിട്ടുള്ള പോരാട്ടത്തിന്റെ നായകത്വത്തിലേക്ക് രാഹുൽ ഗാന്ധിയും കോൺഗ്രസും വീണ്ടും ഉയർന്നുവരുന്നു എന്ന തിരിച്ചറിവിലാണ് അവർ ഇത്തരം തന്ത്രങ്ങളുമായി കടന്നുവരുന്നത്. ഇതേ രാഹുൽ ഗാന്ധിയേയും അദ്ദേഹത്തിന്റെ 'ഭാരത് ജോഡോ യാത്ര'യേയും അധിക്ഷേപിക്കാനും പരിഹസിക്കാനും സംഘ് പരിവാറിനൊപ്പം നിന്ന് അരങ്ങുതകർത്തവർ തന്നെയാണ് പെട്ടെന്ന് രാഹുലിന് പിന്തുണയായി എത്തുന്നതെങ്കിലും ഞങ്ങളതിനെ സ്വാഗതം ചെയ്യുകയാണ്. എന്നാൽ ഈ വിഷയത്തിൽ കോൺഗ്രസ് വേണ്ടത്ര ശക്തിയായി പ്രതികരിക്കുന്നില്ല എന്ന തെറ്റായ ഒരു നറേറ്റീവ് കൂടി സൃഷ്ടിച്ചെടുത്ത് അതിന്മേൽ നേട്ടം കൊയ്യാനാണ് സിപിഎം നീക്കമെങ്കിൽ അതിനെയും തുറന്നുകാട്ടേണ്ടതായി വരും.

വ്യാജരേഖ സമർപ്പിച്ച് പട്ടികജാതിക്കാരുടെ അവകാശം തട്ടിയെടുത്ത സിപിഎമ്മുകാരനായ ദേവികുളം എംഎൽഎയുടെ തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കിയതിനോടാണ് അവർ രാഹുൽ ഗാന്ധിക്കെതിരായ ഈ ബിജെപി സർക്കാരിന്റെ വേട്ടയാടലിനെ താരതമ്യപ്പെടുത്താൻ നോക്കുന്നത്. രാജയെ അയോഗ്യനാക്കിയപ്പോൾ കോൺഗ്രസുകാർ സന്തോഷിച്ചു, രാഹുൽ ഗാന്ധിയുടെ വിഷയം വന്നപ്പോൾ സിപിഎം ഇതാ പിന്തുണക്കുന്നു എന്നൊക്കെയാണ് മേനി നടിക്കൽ. രാജക്കെതിരെ കോൺഗ്രസുകാരനായ എതിർ സ്ഥാനാർത്ഥി നൽകിയ തെരഞ്ഞെടുപ്പ് കേസിലാണ് അദ്ദേഹത്തെ തെറ്റുകാരനെന്ന് കോടതി വിധിച്ച് അംഗത്വം റദ്ദാക്കിയത്.

എന്നാൽ രാഹുൽ ഗാന്ധിക്കെതിരെ വളഞ്ഞ വഴിയിലൂടെയുള്ള ജനാധിപത്യ വിരുദ്ധമായ വേട്ടയാടലാണ് മോദി ഭരണകൂടത്തിന്റേത് എന്ന വ്യത്യാസം സിപിഎമ്മിന് അറിയാത്തതല്ല. ഏതായാലും, സംഘ് പരിവാറിനോട് ഏറ്റവും മൃദു സമീപനം പുലർത്തുന്ന ഇന്ത്യയിലെ ഏക ബിജെപി ഇതര സർക്കാർ കേരളത്തിലെ പിണറായി വിജയന്റേതാണെന്ന യാഥാർത്ഥ്യം നമുക്ക് മുന്നിലുണ്ട്. അതുകൊണ്ടുതന്നെ അനവസരത്തിലുള്ള രാഷ്ട്രീയ കുബുദ്ധിയല്ല, ഒത്തൊരുമിച്ചുള്ള പ്രതിരോധമാണ് ഇന്ന് ആവശ്യം. കാരണം, ഇത് നാടിന്റെ ജനാധിപത്യത്തിന്റെ ആവശ്യമാണ്. രാജ്യത്തിന്റെ നിലനിൽപ്പിന്റെ പ്രശ്നമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in