'ഹരിത' യെ വായിക്കുമ്പോൾ: കേരള മുസ്ലിം രാഷ്ട്രീയത്തിലെ സ്ത്രീ-തിരിവ്

'ഹരിത' യെ വായിക്കുമ്പോൾ: 
കേരള മുസ്ലിം രാഷ്ട്രീയത്തിലെ സ്ത്രീ-തിരിവ്

ഗള്‍ഫ് കുടിയേറ്റത്തിന്റേയും സാമുദായിക-സാമൂഹിക വികസനത്തിന്റേയും പശ്ചാത്തലത്തില്‍ ആഗോളവല്‍കൃത മധ്യവര്‍ഗത്തില്‍ ആനുപാതികമായി പ്രാതിനിധ്യമുള്ള ഇന്ത്യയിലെ ഏക മുസ്ലിം സമുദായം കേരളത്തിലേതാണ്. കല, സിനിമ, സാഹിത്യം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ എന്നിങ്ങനെ സകല മേഖലകളിലും സജീവപങ്കാളിത്തമുള്ള കേരളത്തിലെ മുസ്ലിം സമുദായത്തെ സംബന്ധിച്ച രാഷ്ട്രീയ ചര്‍ച്ചകള്‍ പക്ഷേ, മിക്കപ്പോഴും ഈ മാറ്റങ്ങള്‍ക്കൊക്കെ മുമ്പെയുള്ള പുരാതനചട്ടക്കൂടില്‍ തന്നെ ആണ് ഇപ്പോഴും നടന്നു കാണാറ്.

ഒരു ഭാഗത്തു മുസ്ലിം വിരുദ്ധത മാത്രം ഉപയോഗിച്ച് ഭൂരിപക്ഷഭീതിയും അരക്ഷിതാവസ്ഥയും നിര്‍മിച്ചു അധികാരം പിടിച്ചടക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വത്തിന്റെ ദേശീയ ചിത്രം. മറുഭാഗത്തു ഹിന്ദുത്വത്തെ ചൂണ്ടിക്കാണിച്ചു മുസ്ലിംകളില്‍ ഇരബോധം വളര്‍ത്തുകയും അങ്ങിനെ സമുദായത്തിന്റെ ക്രിയാത്മകതയും ധാര്‍മികബോധവും നശിപ്പിച്ചു സമുദായത്തെ കൂടുതല്‍ ഘെറ്റോവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന, ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷമാണെങ്കിലും ചിന്താരംഗത്തു സ്വാധീനമുള്ള ഇസ്ലാമിസ്റ്റുകളുടെ ആഖ്യാനം.

മറുഭാഗത്തിന്റെ നിലനില്‍പ് മാത്രം ഉപയോഗിച്ച് നില നില്‍ക്കുന്ന ഈ രണ്ടു കൂട്ടരും പുരുഷാധിപത്യ ഈഗോയുടെയും അതിന്റെ സന്തതസഹചാരിയായ ഇരബോധത്തിന്റെയും മൊത്തവ്യാപാരികള്‍ ആയത് കൊണ്ട് തന്നെ ലഭ്യമായ രണ്ടു വിഭാഗങ്ങളും ഉണ്ടാക്കുന്ന ചര്‍ച്ചകള്‍ തീര്‍ത്തും മുസ്ലിം സമുദായത്തിലെ സ്ത്രീസ്വത്വത്തെ തന്നെ നിരാകരിക്കുന്നതായിരുന്നു.

'ഹരിത' യെ വായിക്കുമ്പോൾ: 
കേരള മുസ്ലിം രാഷ്ട്രീയത്തിലെ സ്ത്രീ-തിരിവ്
ഇന്ത്യയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് വേണം, ദളിത് രാഷ്ട്രീയത്തില്‍ വിട്ടുവീഴ്ചയില്ല| അഭിമുഖം| ജിഗ്നേഷ് മേവാനി

സമുദായത്തിനകത്തു സാമൂഹിക വികസനം നടത്തുക, സമുദായം എന്ന രീതിയില്‍ അവരെ രാഷ്ട്രീയമായി ഏകീകരിക്കുമ്പോഴും അപരസമുദായ വിദ്വേഷമോ സ്വമതരാഷ്ട്രവാദമോ ഒട്ടും അംഗീകരിക്കാതെ ജനാധിപത്യപരവും ഭരണഘടനാധിഷ്ഠിതവും ആയ രീതിയില്‍ പ്രവര്‍ത്തിക്കുക എന്ന കേരളത്തിലെ ജാതി സമുദായങ്ങള്‍ പിന്തുടര്‍ന്നിരുന്ന ഒരു രീതി അവലംബിച്ചിരുന്ന മുസ്ലിം ലീഗിന് അതിന്റെ ചരിത്രമോ ആശയധാരയോ ജനകീയാടിത്തറയോ ഉപയോഗിച്ച് ധാര്‍മികബോധ്യത്തോടെയും ആത്മവിശ്വാസത്തോടെയും ഈ പ്രശ്‌നത്തെ നേരിടാമായിരുന്നില്ലേ എന്ന ചോദ്യം തീര്‍ച്ചയായും പ്രസക്തമാണ്.

ഇങ്ങനെ ആണ് ഗള്‍ഫിനും ആഗോളവല്‍ക്കരണത്തിനും ഇവ കൊണ്ടുവന്ന സമ്പത്തിന്റെയും മുമ്പുള്ള ദരിദ്രവും പിന്നാക്കവുമായ ഒരു സമുദായം മുന്നോട്ടു വന്നത് എന്നതിനാല്‍ പ്രത്യേകിച്ചും. മധ്യവര്‍ഗസാമ്പത്തികാവസ്ഥ പലപ്പോഴും രാഷ്ട്രീയ അരക്ഷിതാവസ്ഥകളുടെ കൂടാരങ്ങളെ ആണ് നിര്‍മിക്കുക എന്നതും സ്വാര്‍ത്ഥികളും അഴിമതിക്കാരുമായ ഒരു കൂട്ടം നേതാക്കന്മാരുടെ കയ്യില്‍ ഈ ആശയധാര തന്നെ ദ്രവീകരണം നേരിടുന്നതാണ് കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷമായി കണ്ടു വരുന്നത് എന്നത് കൊണ്ടും ഇത്തരം രാഷ്ട്രീയ ഊര്‍ജവും ഇച്ഛാശക്തിയും ലീഗിന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുക തന്നെ ആയിരുന്നു.

മതരാഷ്ട്രവാദത്തിനും വര്‍ഗീയ-ഭീകരവാദങ്ങള്‍ക്കും എതിരെ സൈദ്ധാന്തിക തലത്തിലും പ്രാസ്ഥാനിക തലത്തിലും തികച്ചും ഫലവത്തായ എതിര്‍പ്പ് മുന്നോട്ടുവെച്ചിട്ടുള്ള മുഖ്യധാരാ മുസ്ലിം സംഘടനകളും സമൂഹത്തിലെ സ്ത്രീകളുടെ പങ്കാളിത്തത്തിനു ക്രിയാത്മകമായ വേദികള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ തീര്‍ത്തും കുറ്റകരമായ അലംഭാവമോ എതിര്‍പ്പോ കാണിച്ചവരാണ്.

2016 ല്‍ തുടങ്ങി ഇന്ത്യയെ ഇളക്കിമറിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ ജൈവികമായ യാതൊരു പ്രതിഫലനവും അധീശത്വ സമുദായങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ബിസിനസുകാരുമുള്‍പ്പെടുന്ന കളങ്കിതചങ്ങാത്തം കൈയ്യടക്കി വെച്ച കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിന്നുയര്‍ന്നുവന്നില്ല. അങ്ങിനെയുള്ള ഒരു സാഹചര്യത്തില്‍ നിന്നാണ് നാം ഹരിതയെ മനസ്സിലാക്കാന്‍ തുടങ്ങേണ്ടത്.

ഇന്ന് കേരളത്തിന്റെ പൊതു മണ്ഡലത്തിലും സമുദായ രാഷ്ട്രീയ മേഖലയിലും വിവാദമായ ഈ വിഷയം പാര്‍ട്ടിക്കുള്ളിലെ തര്‍ക്കമായാണ് തുടക്കത്തില്‍ രൂപപ്പെട്ടത്.

'ഹരിത' യെ വായിക്കുമ്പോൾ: 
കേരള മുസ്ലിം രാഷ്ട്രീയത്തിലെ സ്ത്രീ-തിരിവ്
രവിചന്ദ്രന്‍, യുക്തിബോധമുള്ള മനുഷ്യര്‍ക്കിടയില്‍ നിങ്ങളൊരു റിവേഴ്‌സ് ഗിയറാണ്

കേരളത്തിലെ കാമ്പസുകളില്‍ വിദ്യാര്‍ത്ഥിനികളുടെ കൂട്ടായ്മയായി 2012 ലാണ് ഹരിത രൂപീകരിക്കപ്പെട്ടത് (മമ്പാട് എം ഇ എസ് കോളേജില്‍ 2010 ല്‍ ഇത്ര ഔപചാരികമായല്ലാത്ത ഒരു തുടക്കം ഹരിതക്കു ഉണ്ടായിരുന്നു എന്നതും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്). പക്ഷേ തെരഞ്ഞെടുപ്പില്‍ എം.എസ്.എഫി ന്റെ ഭാഗമായാണ് ഹരിത പ്രവര്‍ത്തിച്ചു വന്നിരുന്നത്.

ഹരിതയുടെ സംസ്ഥാന കമ്മിറ്റിയുമായി ബന്ധപ്പെടാതെ എം.എസ്.എഫ് ഭാരവാഹികള്‍ ഹരിതയുടെ ഒരു ജില്ലാ കമ്മിറ്റി രൂപീകരിക്കുകയുണ്ടായി. 2021 ജൂലൈ 05 ന് നടന്ന എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയില്‍ ഹരിതയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗവുമായ നജ്മ തബ്ഷീറ ഹരിതയുടെ ഭാഗം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റായ പി.കെ നവാസ് 'ഏത് വേശ്യക്കും അവരുടെ ഭാഗം പറയാനുണ്ടാവും, അവര്‍ പറയട്ടെ ' എന്ന് അഭിപ്രായപ്പെട്ടതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്.

ഇതിനു പുറമേ എം.എസ്.എഫ് മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബിന്റെ വ്യക്തിഹത്യാ പരാമര്‍ശങ്ങളും കൂടിയായതോടെയാണ് ഹരിത നേതൃത്വം എം. എസ്. എഫിനെതിരെ പരാതിയുമായി ലീഗ് നേതൃത്വത്തെ സമീപിച്ചത്. സഹപ്രവര്‍ത്തകരോട് മോശമായി പെരുമാറിയവര്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിന് പകരം ഹരിതയുടെ സംസ്ഥാന കമ്മിറ്റിയെ മരവിപ്പിക്കാനാണ് ലീഗ് നേതൃത്വം തീരുമാനിച്ചത്.

ലീഗ് നേതൃത്വത്തില്‍ നിന്നും നീതി നിഷേധിക്കപ്പെട്ടതോടെയാണ് ഹരിത ഭാരവാഹികള്‍ വനിതാ കമ്മീഷനെ സമീപിച്ചത്. ഇതിനെത്തുടര്‍ന്ന് ലീഗ് നേതൃത്വം ഹരിത സംസ്ഥാന കമ്മിറ്റിയെ പിരിച്ചു വിടുകയും, സംസ്ഥാന കമ്മിറ്റിയെ അനുകൂലിച്ച് നിലപാടെടുത്ത എം.എസ്.എഫ്‌ ദേശീയ വൈസ് പ്രസിഡന്റും ഹരിതയുടെ സ്ഥാപക പ്രസിഡന്റും മുസ്ലീം ലീഗിന്റെ സാമൂഹിക മാധ്യമങ്ങളിലെ ശക്തമായ സാന്നിധ്യവുമായിരുന്ന ഫാത്തിമ തഹ്ലിയയെ തല്‍സ്ഥാനത്തു നിന്നും ഒഴിവാക്കുകയും ചെയ്തു. പുറത്താക്കപ്പെട്ട പത്തുപേരുള്‍പ്പെടുന്ന കമ്മിറ്റി വാര്‍ത്താ സമ്മേളനം നടത്തുകയും അഭിമുഖം നല്‍കുകയും ചെയ്തത് കേരളത്തിലെ 'ആണ്‍ധാര' രാഷ്ട്രീയവും സ്ത്രീകളുടെ ഇടവുമായി ബന്ധപ്പെട്ട സജീവ ചര്‍ച്ചകള്‍ക്ക് കാരണമായി.

'ഹരിത' യെ ചരിത്രവല്‍ക്കരിക്കുമ്പോള്‍

തൊണ്ണൂറുകള്‍ക്ക് ശേഷം ജനിച്ച, ഏകദേശം 25 - 26 വയസ് പ്രായമുള്ളവരാണ് ഹരിതയിലെ സംസ്ഥാന സമിതിയില്‍ കലാപമുണ്ടാക്കിയ അംഗങ്ങളെല്ലാം: മുഫീദ തെസ്നി, നജ്മ തബ്ഷീറ, ഷംന വി.കെ, ജുവൈരിയ, മിന ഫര്‍സാന, ഫര്‍ഹ, ബരീര താഹ, അനഘ (സംസ്ഥാന കമ്മിറ്റിയിലെ ഏക ഹിന്ദു അംഗം) ഫസീല വി പി, അഷിദ എന്നിവരാണ് അവര്‍.

ഹരിതയുടെ മുന്‍ പ്രസിഡന്റായിരുന്ന മുഫീദ തെസ്നി വുമണ്‍ സ്റ്റഡീസില്‍ ഗവേഷകയും, നജ്മ തബ്ഷീറ അഭിഭാഷകയുമാണ്. മറ്റംഗങ്ങളും കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ ഗവേഷകരായും അഭിഭാഷകരായും പ്രവര്‍ത്തിക്കുന്നവരാണ്. മറ്റൊരംഗമായ മിന ഫര്‍സാന കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്നേ ഫറൂഖ് കോളേജിലെ ആദ്യ വനിത ചെയര്‍ പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വാര്‍ത്തകളിലിടം നേടിയിരുന്നു. ഈ വിദ്യാര്‍ത്ഥിനികള്‍ ആഗോളീകരണാനന്തരം പുതിയ തലമുറയുടെ മൂല്യസംഹിതകളും പഠനവിഷയങ്ങളുടെ രീതിശാസ്ത്രങ്ങളും സംവേദനക്ഷമതയും കാമ്പസ് രാഷ്ട്രീയത്തിലേക്ക് ഉള്‍ച്ചേര്‍ക്കുന്നു.

തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കാവുന്ന അധികാരം ഇല്ലാത്ത, വിദ്യാര്‍ത്ഥിനി വിഭാഗം മാത്രമാണ് ഹരിത എന്നതുകൊണ്ടു തന്നെ എം.എസ്.എഫ് നേതൃത്വം ഹരിതയില്‍ എന്താണ് നടക്കുന്നതെന്നതിന് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല എന്നാണു ഊഹിക്കേണ്ടത്. കേരളത്തിലെ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളിലെ വര്‍ദ്ധിച്ചു വരുന്ന പെണ്‍കുട്ടികള്‍ക്കിടയില്‍, വിശിഷ്യാ മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ക്കിടയില്‍, കൂടുതല്‍ വേരോട്ടം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹരിത രൂപീകരിക്കപ്പെടുന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ലഘുരൂപമായി കണക്കാക്കുന്ന കേരളത്തില്‍ യഥാര്‍ത്ഥത്തില്‍ അധികാര രാഷ്ട്രീയത്തിന്റെ വേദിയായ തെരഞ്ഞെടുപ്പില്‍ നേരിട്ട് പങ്കെടുക്കാത്ത ഒരു കൂട്ടായ്മ എന്ന അവസ്ഥയില്‍ നിന്നുണ്ടായ സൗകര്യം ഹരിതയിലെ സ്ത്രീ സാഹോദര്യം വളര്‍ത്തുന്നതിനുള്ള സൗകര്യമായി ഉപയോഗിച്ചിട്ടുണ്ട് എന്ന് വേണം വിചാരിക്കുവാന്‍.

'ഹരിത' യെ വായിക്കുമ്പോൾ: 
കേരള മുസ്ലിം രാഷ്ട്രീയത്തിലെ സ്ത്രീ-തിരിവ്
ക്രമക്കേടുകള്‍ അടുത്ത തവണ പരിഹരിക്കാമെന്ന് ലാഘവത്തോടെ സര്‍ക്കാര്‍ പറയുമ്പോള്‍ ഞാനെന്ത് ചെയ്യണം; യു.കെയില്‍ നിന്ന് ഹഫീഷ ചോദിക്കുന്നു

പൗരത്വ ദേദഗതി നിയമത്തിനെതിരെ ഷഹീന്‍ ബാഗിലും കാമ്പസുകളിലും നടന്ന മുന്നേറ്റങ്ങള്‍ ഹരിതയെ സ്വാധീനിച്ചിട്ടുണ്ട്. ക്രിയാത്മകമായി സ്ത്രീകള്‍ക്ക് പൊതുവിടങ്ങളില്‍ എങ്ങനെ ഇടപെടാമെന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഇന്ത്യയുടെ മതേതര പാരമ്പര്യവും ഭരണഘടനാദേശീയതയും ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ഷഹീന്‍ ബാഗില്‍ നടന്ന സ്ത്രീകളുടെ സമരം. ഉറക്കെയുള്ള മുദ്രാവാക്യ ഘോഷണവും ലാത്തിച്ചാര്‍ജ് പോലുള്ള പോലീസ് അതിക്രമങ്ങളും നിറഞ്ഞ, പ്രാഥമികമായി, ആണുങ്ങള്‍ പെരുമാറിയിരുന്ന, സ്ത്രീകളുടെ പങ്കാളിത്തം കുറഞ്ഞ കേരളത്തിലെ കാമ്പസ് പ്രാക്ഷോഭങ്ങളെ സി.എ.എ പ്രതിഷേധ സമരങ്ങള്‍ മാറ്റി എഴുതിയതായി കാണാം. പാട്ടുകളും കവിതകളുമായി ചെറുപ്പക്കാരും സ്ത്രീകളും സമരമുഖത്തെത്തിയത് രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ മുന്നോട്ടു പോകുവാന്‍ സ്ത്രീകള്‍ക്ക് ആത്മവിശ്വാസം നല്‍കി.

2020 ഫെബ്രുവരിയില്‍ തന്റെ വിവാഹത്തിന് മഹറായി ഇന്ത്യന്‍ ഭരണഘടനയും ഖുറാനുമാണ് ആവശ്യപ്പെട്ടതെന്ന് 'ദി ക്യു 'വിന് നല്‍കിയ അഭിമുഖത്തില്‍ നജ്മ പറയുന്നുണ്ട്. സി.എ.എ പ്രക്ഷോഭത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള നജ്മയുടെ ഈ തീരുമാനം ഇന്ത്യയേയും ഇസ്ലാമിനേയും വ്യാജ വൈരുദ്ധ്യത്തില്‍ അവതരിപ്പിക്കുന്ന മതദേശീയതയെ ഉയര്‍ത്തിപ്പിടിക്കുന്ന ഹിന്ദുത്വത്തിന്റേയും ഇസ്ലാം സമഗ്രജീവിതപദ്ധതിയാണെന്നും അതിനു രാഷ്ട്രീയവും നിയമപരവുമായി മറ്റൊരു വ്യവസ്ഥയോടും ചേര്‍ന്ന് പോകാന്‍ കഴിയില്ലെന്നും വാദിക്കുന്ന മുസ്ലിം വലതുപക്ഷത്തിന്റെയും വാദങ്ങളെ ഒരേസമയം റദ്ദു ചെയ്യുന്നതാണ് .

സ്ത്രീ വിമോചനത്തിനെതിരെയോ സാമുദായിക ഐക്യത്തിനെതിരെയോ നിലകൊള്ളുന്ന പ്രത്യയശാസ്ത്രപരമായ ഭാരങ്ങള്‍ ഇല്ലാത്തതിനാല്‍ മുസ്ലിം ലീഗ് പോലൊരു പാര്‍ട്ടിക്കുള്ളില്‍ ഭരണഘടനാ ദേശീയത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു പ്രവര്‍ത്തിക്കാന്‍ താത്വികമായ ഇടം ഉണ്ട് എന്ന് മനസ്സിലാക്കി അതിനെ ഉപയോഗപ്പെടുത്തുകയാണ് ഈ സ്ത്രീ കൂട്ടായ്മ.

പുരുഷാധിപത്യ പ്രത്യയശാസ്ത്രമുള്ള ഇസ്ലാമിസ്റ്റ് സംഘടനകളില്‍ ഇങ്ങനെ ജൈവികവും സ്ത്രീവാദപരവും ആയ ഒരു മാറ്റം സാധ്യമാവാതെ പോവുന്നതു സൈദ്ധാന്തിക പരാധീനതകള്‍ കാരണമാണ്.

തുടക്ക കാലങ്ങളിലെ ഹരിതയുടെ മുദ്രാവാക്യങ്ങളില്‍ ഒന്ന് 'എല്ലാ ഇടങ്ങളും ഞങ്ങളുടേത് കൂടിയാണ് ' എന്ന കൃത്യമായ സ്ത്രീവാദ ആശയമായിരുന്നു. പൊതുവിടങ്ങളിലെ സ്ത്രീ ഇടപെടല്‍ സാധ്യമാക്കുന്നതിലൂടെ ഹരിത മുസ്ലിം ലീഗിന്റെ 'അഭിമാനത്തോടെയുള്ള നിലനില്‍പ്പ് 'എന്ന മുദ്രാവാക്യത്തിലേക്ക് ലിംഗപരമായ കാഴ്ചപ്പാട് കൂട്ടിച്ചേര്‍ത്തു അതിന്റെ സാമൂഹികഉള്ളടക്കത്തെ നവീകരിച്ചു- ഇത്തരം ഒരു നീക്കം കേരളത്തിലെ ഏതെങ്കിലും പാര്‍ട്ടിയില്‍ തന്നെ ആദ്യമായിരിക്കും.

2009 ല്‍ വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാര്‍ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ സ്ത്രീകള്‍ക്ക് 50% സീറ്റുകളില്‍ സംവരണമേര്‍പ്പെടുത്തിയത് രാഷ്ട്രീയത്തിലെ സ്ത്രീപ്രാതിനിധ്യത്തിനു സുപ്രധാന വഴിത്തിരിവായിരുന്നു എന്ന് ഇന്ന് തിരിച്ചറിയാം. തുടക്കത്തില്‍ പുരുഷന്മാര്‍ തങ്ങളുടെ ഭാര്യമാരേയോ നിയന്ത്രണത്തിലുള്ള മറ്റു സ്ത്രീകളേയോ മത്സരിപ്പിക്കുകയും സ്ഥാനാര്‍ത്ഥികളായ സ്ത്രീകള്‍ക്ക്, വിശിഷ്യാ മുസ്ലിം സ്ത്രീകള്‍ക്ക് പകരം ഭര്‍ത്താവിന്റെ ഫോട്ടോ വെച്ച് പ്രചാരണം നടത്തുകയും ചെയ്യുന്ന പരിഹാസ്യമായ കാഴ്ചകള്‍ ഉണ്ടായിരുന്നു എങ്കിലും 2020 പഞ്ചായത്ത് തിരഞ്ഞെടുപ്പോടെ കാമ്പസിന് പുറത്തുള്ള ഇടങ്ങളിലേക്ക് തങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും സ്ത്രീകള്‍ക്ക് ഈ മാറ്റം അവസരം നല്‍കി. ലീഗ് എന്ന പാര്‍ട്ടിക്കും ഈ പുതിയ ഭാവുകത്വമുള്ള യുവതികള്‍ വലിയ ഗുണം ചെയ്തു.

അവകാശപ്പെടലുകളും വീണ്ടെടുപ്പുകളും

തുടക്കക്കാലങ്ങളിലെ ഹരിതയുടെ മുദ്രാവാക്യങ്ങളില്‍ ഒന്ന് 'എല്ലാ ഇടങ്ങളും ഞങ്ങളുടേത് കൂടിയാണ് ' എന്ന കൃത്യമായ സ്ത്രീവാദആശയമായിരുന്നു. പൊതുവിടങ്ങളിലെ സ്ത്രീ ഇടപെടല്‍ സാധ്യമാക്കുന്നതിലൂടെ ഹരിത മുസ്ലിം ലീഗിന്റെ 'അഭിമാനത്തോടെയുള്ള നിലനില്‍പ്പ് 'എന്ന മുദ്രാവാക്യത്തിലേക്ക് ലിംഗപരമായ കാഴ്ചപ്പാട് കൂട്ടിച്ചേര്‍ത്തു അതിന്റെ സാമൂഹികഉള്ളടക്കത്തെ നവീകരിച്ചു- ഇത്തരം ഒരു നീക്കം കേരളത്തിലെ ഏതെങ്കിലും പാര്‍ട്ടിയില്‍ തന്നെ ആദ്യമായിരിക്കും.

പുരുഷ കേന്ദ്രിതമായ താല്‍പര്യങ്ങള്‍ നിലനില്‍ക്കുന്ന സംഘടനക്കകത്ത് തര്‍ക്കങ്ങള്‍ അവതരിപ്പിച്ചു പരിഹാരം കിട്ടാതിരുന്നപ്പോള്‍ അവര്‍ വിഷയം ഭരണഘടന അനുശാസിക്കുന്ന നീതി ലഭ്യമാക്കുന്നതിനായി വനിതാ കമ്മീഷനില്‍ എത്തിച്ചു- വീട്ടിലായാലും സ്ഥാപനത്തിലായാലും എല്ലാം അവിടെ തന്നെ ഒതുക്കിത്തീര്‍ക്കുക എന്ന ആണ്‍ രീതിയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ തുറസ്സുള്ള ഒരു സമീപനം ആയിരുന്നു ഇത്. സ്ത്രീകള്‍ക്ക് എത്ര കഷ്ണം അപ്പം കിട്ടിയെന്നതല്ല മറിച്ച്, വിതരണ പ്രക്രിയയില്‍ സ്ത്രീകളുടെ പങ്കെന്താണെന്നത് നിര്‍വചിക്കപ്പെടലാണ് പ്രധാനം എന്ന് ട്രൂ കോപ്പി തിങ്കിനു നല്‍കിയ അഭിമുഖത്തില്‍ ഫാത്തിമ തെഹ്‌ലിയ പറയുന്നു.

ന്യൂനപക്ഷ രാഷ്ട്രീയമെന്നത് മതന്യൂനപക്ഷത്തിലേക്ക് മാത്രമൊതുക്കാവുന്നതല്ല മറിച്ച് സ്ത്രീകളേയും ദളിതുകളേയും ഭാഷാ- ലൈംഗിക-വംശീയ ന്യൂനപക്ഷങ്ങളെയും ഉള്‍ക്കൊള്ളലാണെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് വ്യക്തതയുണ്ടെന്ന് ഹരിത ഭാരവാഹികള്‍ അടിവരയിട്ട് പറയുന്നു. ഇതിലൂടെ കേരളരാഷ്ട്രീയത്തിനു മുന്‍പ് പരിചയമില്ലാത്ത അവകാശപ്പെടലുകള്‍ ആണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ഗൗരിയമ്മയെ ഉദ്ധരിച്ചു കൊണ്ട് , എന്തുകൊണ്ടാണ് കേരളത്തില്‍ സ്ത്രീ രാഷ്ട്രീയക്കാര്‍ക്ക് തുടര്‍ച്ചയില്ലാതായി പോവുന്നതെന്ന് അവര്‍ ചോദിക്കുന്നു. 1938 ല്‍, ചരിത്രത്തില്‍ ആദ്യമായി ഒരു മാഗസിന്റെ എഡിറ്ററായ മുസ്ലിം വനിതയെന്ന ഖ്യാതി നേടിയ , ആയിരം അംഗങ്ങളെ ഉള്‍പ്പെടുത്തി ട്രാവന്‍കൂര്‍ മുസ്ലിം സമാജം സ്ഥാപിച്ച , മുസ്ലിം ലീഗിന്റെ തിരുവല്ല താലൂക്ക് സെക്രട്ടറിയായിരുന്ന ഹലീമ ബീവിയെ അവര്‍ ഓര്‍ത്തെടുക്കുന്നു.

തങ്ങളുടെ പാര്‍ട്ടിയിലേയും മറ്റു പാര്‍ട്ടികളിലേയും സ്ത്രീ പ്രവര്‍ത്തകരുടെ തുടര്‍ച്ചയായാണ് ഹരിതയുടെ പുറത്താക്കപ്പെട്ട നേതാക്കള്‍ സ്വന്തം രാഷ്ട്രീയത്തെ കാണുന്നത്. 'പാര്‍ട്ടിയില്‍ ഒരു പ്രത്യേക തരം ഫെമിനിസം നടപ്പാക്കാന്‍ ശ്രമിക്കുന്നവര്‍' എന്ന് മുസ്ലിം ലീഗിന്റെ ആണധികാരകേന്ദ്രങ്ങളില്‍ കളിയാക്കപ്പെടുമ്പോഴും അവര്‍ ലിംഗനീതിയുടെ പോരാളികളായി യാതൊരു ക്ഷമാപണവും കൂടാതെ തുടരുന്നു.

വിദ്യാഭ്യാസത്തിലൂടെയുള്ള സമുദായത്തിന്റെ വളര്‍ച്ചയെന്ന സി.എച്ച് മുഹമ്മദ് കോയയുടെ കാഴ്ചപ്പാട് മുസ്ലിം ലീഗ് ഏറെക്കുറേ കൈവിട്ട മട്ടാണ്. മുസ്ലിം സ്ത്രീകള്‍ക്ക് സ്‌കോളര്‍ഷിപ്പ് പതിറ്റാണ്ടുകള്‍ക്ക് മുമ്പേ ഏര്‍പ്പെടുത്തിയ സി.എച്ച് ,വിദ്യാഭ്യാസം നേടുന്നതിലൂടെ സ്ത്രീകള്‍ സമുദായ നേതൃത്വസ്ഥാനത്തേക്കെത്തുക എന്ന ദര്‍ശനം ഉള്ള ആളായിരുന്നു. ഫാത്തിമ തെഹ്ലിയയും പുറത്താക്കപ്പെട്ട മറ്റു ഭാരവാഹികളും അവര്‍ ' സി.എച്ചിന്റെ പെണ്‍മക്കളാണെന്ന ' മുദ്രാവാക്യവുമായി സധൈര്യം മുന്നോട്ടു പോവുകയാണ്. അങ്ങിനെ പാര്‍ട്ടിയുടെ ഇന്നത്തെ നേതൃത്വം മറക്കാന്‍ ശ്രമിക്കുന്ന ഒരു പാരമ്പര്യത്തെ അവര്‍ വീണ്ടെടുക്കുന്നു.

കേരളത്തിലെ സ്ത്രീകള്‍ ശ്രദ്ധേയമായ ചുവടുവെപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. പുരോഹിതനെതിരെയുള്ള കന്യാസ്ത്രീകളുടെ ചെറുത്തു നില്‍പ്, വിമന്‍ ഇന്‍ സിനിമ കളക്റ്റീവ് , സെയില്‍സ് വുമണ്‍ പ്രതിഷേധം തുടങ്ങിയവയെല്ലാം അവയില്‍ ചിലതാണ്. പക്ഷേ ഒരു പാര്‍ട്ടിയിലെ യുവതികളുടെ വിഭാഗം അതേ പാര്‍ട്ടിയുടെ ഔദ്യോഗിക വിഭാഗത്തിന്റെ ആണ്‍കോയ്മക്കെതിരെ പ്രതിഷേധിച്ച് ഫെമിനിസ്റ്റ് വാദങ്ങളുയര്‍ത്തിപ്പിടിച്ചു മുന്നോട്ടു വരുന്നത് ഇതാദ്യമായിരിക്കും. പെട്ടെന്നുള്ള സാഹചര്യങ്ങളില്‍ ഈ മുന്നേറ്റം വലിയ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധ്യത കുറവാണെങ്കിലും രാഷ്ട്രീയഭാവുകത്വത്തിലും സാമൂഹ്യകാഴ്ചപ്പാടിലും ഉള്ള മാറ്റം കൊണ്ട് ഈ തിരിവ് കേരളരാഷ്ട്രീയത്തിലും മുസ്ലിം സമുദായത്തെസംബന്ധിച്ച ചര്‍ച്ചകളിലും ദൂരവ്യാപകമായ മാറ്റങ്ങള്‍ കൊണ്ട് വരും എന്ന അര്‍ത്ഥത്തില്‍ തന്നെ ഈ ഘട്ടത്തെ നാം അടയാളപ്പെടുത്തേണ്ടിയിരിക്കുന്നു.

(ഡല്‍ഹി സെന്റ്. സ്റ്റീഫന്‍സ് കോളേജില്‍ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായ എന്‍.പി. ആഷ്ലി ഇംഗ്ലീഷില്‍ എഴുതിയ ലേഖനത്തിന്റെ നവീകരിച്ച പരിഭാഷ)

Related Stories

No stories found.
logo
The Cue
www.thecue.in