ക്രമക്കേടുകള്‍ അടുത്ത തവണ പരിഹരിക്കാമെന്ന് ലാഘവത്തോടെ സര്‍ക്കാര്‍ പറയുമ്പോള്‍ ഞാനെന്ത് ചെയ്യണം; യു.കെയില്‍ നിന്ന് ഹഫീഷ ചോദിക്കുന്നു

ക്രമക്കേടുകള്‍ അടുത്ത തവണ പരിഹരിക്കാമെന്ന് ലാഘവത്തോടെ 
സര്‍ക്കാര്‍ പറയുമ്പോള്‍ ഞാനെന്ത് ചെയ്യണം; യു.കെയില്‍ നിന്ന് ഹഫീഷ ചോദിക്കുന്നു

ഒ.ബി.സി ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിലെ ഗുരുതര വീഴ്ചകള്‍ ചൂണ്ടിക്കാട്ടി യു.കെയിലെ സസെക്‌സ് സര്‍വ്വകലാശാലയിലെ എം.എ സോഷ്യല്‍ ആന്ത്രോപോളജി വിഭാഗം വിദ്യാര്‍ത്ഥി തൃശൂര്‍ സ്വദേശിനി ഹഫീഷ ടി.ബി. കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ലൈവ് വന്നിരുന്നു. അര്‍ഹതയുണ്ടായിട്ടും തീര്‍ത്തും അടിസ്ഥാനരഹിതമായ കാരണങ്ങള്‍ പറഞ്ഞാണ് തന്നെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയതെന്ന ഗുരുതരമായ ആരോപണമാണ് ഹഫീഷ ഉന്നയിച്ചത്. ഇതിനായി ബന്ധപ്പെട്ട അധികാരികളെയും വകുപ്പ് മന്ത്രിമാരെയും

വിളിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായില്ലന്നും ചിലരില്‍ നിന്നും മോശമായ പ്രതികരണമാണ് താന്‍ നേരിട്ടതെന്നും ഹഫീഷ പറഞ്ഞു. മറ്റുചിലര്‍ ഈ തവണത്തെ ക്രമക്കേടുകള്‍ തങ്ങള്‍ക്ക് മനസിലായി അടുത്ത തവണ ഇത് പരിഹരിക്കാമെന്ന് തീര്‍ത്തും ലാഘവത്തോടെ പറയുമ്പോള്‍ യു.കെയില്‍ നിന്നുകൊണ്ട് താനെന്ത് ചെയ്യണമെന്നാണ് ഹഫീഷ ചോദിക്കുന്നത്.

''സെപ്റ്റംബര്‍ 26ന് ഞാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ പ്രൊഫ. ആര്‍. ബിന്ദുവിനെ വിളിച്ചിരുന്നു. എന്റെ കേസ് ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഐ.എ.എസിനോട് സംസാരിച്ചിട്ടുണ്ടെന്നും അടിയന്തര നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്ന് അവര്‍ പറഞ്ഞു.

സെപ്റ്റംബര്‍ 29ന് ഞാന്‍ വീണ്ടും പ്രൊഫ. ആര്‍. ബിന്ദുവിനെ വിളിച്ചപ്പോള്‍ നിലവില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡിഷണല്‍ സെക്രെട്ടറി ആയിട്ട് സംസാരിച്ചുവെന്നും അവര്‍ ബന്ധപ്പെട്ട വകുപ്പില്‍ അന്വേഷിച്ചപ്പോള്‍ വകുപ്പ് മന്ത്രിയായ കെ. രാധാകൃഷ്ണനോട് സംസാരിക്കാന്‍ അറിയിച്ചുവെന്നും പറഞ്ഞു.

അതുപ്രകാരം മന്ത്രി കെ. രാധാകൃഷ്ണനെ മന്ത്രി പ്രൊഫ. ആര്‍. ബിന്ദു വിളിച്ചുവെന്നും വിഷയം പരിശോധിക്കാം എന്ന് അദ്ദേഹം അറിയിച്ചുവെന്നാണ് പറഞ്ഞത്.' ഹഫീഷ ദ ക്യുവിനോട് പറഞ്ഞു.

എന്നാല്‍ അര്‍ഹതയുണ്ടായിട്ടും സ്‌കോളര്‍ഷിപ്പ് നിഷേധിച്ച നടപടി തന്റെ പഠനത്തെ പോലും ബാധിച്ചിരിക്കുകയാണെന്നും ജീവിക്കാന്‍ വേണ്ടി സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയാണിപ്പോഴെന്നും ഹഫീഷ പറഞ്ഞു.

'സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കാര്യമായ ഇടപെടലുകളൊന്നും ഈ വിഷയത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. എന്നെക്കൊണ്ടാവുന്ന രീതിയില്‍ ഞാന്‍ മുഖ്യമന്ത്രിയെയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരെയും ഒക്കെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. പക്ഷെ കാര്യമായ ഒരു പ്രതികരണങ്ങളും ലഭിച്ചില്ല. ആകെ ഇപ്പോള്‍ പ്രൊഫ. ആര്‍. ബിന്ദു മാത്രമാണ് എന്റെ വിഷയത്തില്‍ എന്തെങ്കിലുമൊരു ഇടപെടല്‍ നടത്തിയത്.

നിലവില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും തിരുത്തലുകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അതുമാത്രം വിചാരിച്ചിരിക്കുന്നില്ല. നിയമപരമായും മുന്നോട്ട് പോകാനാണ് ഇപ്പോഴത്തെ എന്റെ തീരുമാനം.' ഹഫീഷ കൂട്ടിച്ചേര്‍ത്തു.

ആകെയുണ്ടായിരുന്ന 5 സെന്റ് സ്ഥലവും വീടും പണയം വെച്ച് ലോണെടുത്തിട്ടാണ് ഹഫീഷ യുകെയിലേക്ക് പോയത്. സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള യോഗ്യതകളെല്ലാം ഉണ്ടായതിനാല്‍ ബി.പി.എല്‍ കുടുംബത്തില്‍ ഉള്‍പ്പെട്ട തനിക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കുമെന്ന് ഉറച്ച് പ്രതീക്ഷയുണ്ടായിരുന്നെന്നും ഹഫീഷ ദ ക്യുവിനോട് പറഞ്ഞു. എന്നാല്‍ അപേക്ഷിക്കുന്ന സമയത്ത് പറഞ്ഞ മാനദണ്ഡങ്ങളല്ല റിസള്‍ട്ട് പുറത്തു വന്നതിനുശേഷം അധികൃതര്‍ പറയുന്നതെന്നാണ് ഹഫീഷ പറയുന്നത്.

'ഒരു ഇന്റര്‍നാഷ്ണല്‍ പബ്ലിക്കേഷന്‍, ഒരു ഇന്റര്‍നാഷണല്‍ പ്രസന്റേഷന്‍, 3 - 4 നാഷ്ണല്‍ പ്രസന്റേഷന്‍സ്, പത്തിലധികം ബൈലൈനുകള്‍, ഒരു വര്‍ഷത്തെ ടീച്ചിംഗ് പരിചയം, 80% മുകളില്‍ ഡിഗ്രി മാര്‍ക്ക്, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പി.ജി, യുനെസ്‌കോയുടെ സ്‌പെഷ്യല്‍ റെകഗ്‌നിഷന്‍ അവാര്‍ഡ്, നിരവധി ഇന്റേണ്‍ഷിപ്പുകള്‍' ഇവയെല്ലാമുള്ള തന്നെ ലിസ്റ്റില്‍ നിന്ന് പുറത്താക്കിയവര്‍ പിന്നെ എന്ത് മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ് നല്‍കുന്നതെന്നാണ് ഹഫീഷയുടെ ചോദ്യം.

'നിങ്ങള്‍ എനിക്കു വരുത്തിയ നഷ്ട്ടങ്ങളെ പറ്റി നിങ്ങള്‍ക്ക് എന്തെങ്കിലും ധാരണയുണ്ടോ?

നിവരധി മികച്ച വൊളണ്ടിയര്‍ഷിപ്പ് സാധ്യതകളാണ് നിങ്ങള്‍ എനിക്ക് നഷ്ട്ടപ്പെടുത്തിയത്. പ്രിവിലേജ്ഡായിട്ടുള്ള കുട്ടികളിവിടെ ഇന്റേണ്‍ഷിപ്പുകള്‍ ചെയ്യുന്നു. ഒരുപാട് പേര്‍ മികച്ച അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നു. അക്കാദമിക് ആര്‍ട്ടിക്കിള്‍സ് എഴുതുന്നു. പബ്ലിഷ് ചെയ്യുന്നു. നാട്ടില്‍ രണ്ട് കൊല്ലം കൊണ്ട് ചെയ്യുന്ന പി.ജി. ഒരു വര്‍ഷം കൊണ്ട് ചെയ്തു തീര്‍ത്ത സ്‌ട്രെസ്സ് തീര്‍ക്കാന്‍ യാത്രകള്‍ ചെയ്യുന്നു. എന്നാല്‍ കടബാധിതയുള്ളതിനാല്‍ മര്യാദയ്ക്ക് ഒന്നു വായിക്കാന്‍ പോലും പറ്റാതെ ഞാനിപ്പോഴും സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നു. ഇത് അനീതിയെല്ലാതെ മറ്റെന്താണ്? എന്ന് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ഹഫീഷ ചോദിക്കുന്നു.

കൃത്യമായ തെളിവുകള്‍ നിരത്തിയിട്ടും അധികാരികള്‍ തിരുത്താത്തതും ക്രമക്കേടുക്കള്‍ കൊണ്ട് കെട്ടിപ്പടുക്കുന്ന ഓരോ നയങ്ങളും തന്നെപ്പോലുള്ളവരുടെ ഭാവിയെയാണ് ഇല്ലാതാക്കുന്നതെന്നും ഹഫീഷ കൂട്ടിച്ചേര്‍ത്തു. 'ഒരു ബി.പി.എല്‍ ഫാമിലിയില്‍ ജനിച്ചിട്ടും ലോകത്തെ മികച്ച നൂറ്റിനാപ്പത്തിയാറാം യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന ഒരു മുസ്ലീം പെണ്‍കുട്ടിയായ ഞാന്‍ നിങ്ങളെ ഇനി നേരിടുന്നത് കോടതിയിലാണ്. 'നീതി' എന്നുള്ള ഒന്ന് ഉണ്ടോ എന്ന് എനിക്കുമൊന്ന് അറിയണം. അല്ലെങ്കില്‍ ഞാനുള്‍പ്പെടുന്നവര്‍ ഒരു ഹിംസാത്മക ഭരണകൂടത്തിന്റെ കീഴിലാണെന്ന് നിങ്ങള്‍ക്ക് സമ്മതിക്കേണ്ടിവരും എനിക്ക് വേണ്ടത് ഔദാര്യമല്ല, അവകാശമാണ്, ഹഫീഷ പറഞ്ഞു.

Related Stories

No stories found.
The Cue
www.thecue.in