തമിഴ് നാട്ടിലെ സൂപ്പർ സ്റ്റാർ രാഷ്ട്രീയം: സത്യവും മിഥ്യയും ; നൗഫൽ ഇബ്നു മൂസ

തമിഴ് നാട്ടിലെ സൂപ്പർ സ്റ്റാർ രാഷ്ട്രീയം: സത്യവും മിഥ്യയും ;
നൗഫൽ ഇബ്നു മൂസ

തമിഴ്നാട്ടിലെ സിനിമയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം പൊതുവെ അംഗീകരിക്കപ്പെടുന്ന സത്യമാണ്. എന്നാൽ എം.ജി.ആറും ജയലളിതയും ഉണ്ടാക്കിയ സ്വാധീനത്തിനപ്പുറം ഇതുവരെ ഒരു സൂപ്പർ സ്റ്റാറുകൾക്കും സംസ്ഥാന രാഷ്ട്രീയത്തിൽ സ്വാധീനം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല എന്നത് അംഗീകരിക്കാൻ മടിക്കുന്ന യാഥാർത്ഥ്യമാണ്. തമിഴ് സിനിമകളുടെയും രാഷ്ട്രീയത്തിന്റെയും അഭേദ്യമായ ബന്ധത്തെ കുറിച്ചുള്ള ദാമു പൊങ്കിയണ്ണന്റെ Film and Politics in India: Cinematic Charisma As a Gateway to Political Power (2015) എന്ന പഠനത്തിൽ തമിഴ് സൂപ്പർതാരങ്ങളുടെ ചലച്ചിത്രരീതി, അവർ അവതരിപ്പിക്കുന്ന വേഷം, സിനിമ കൈകാര്യം ചെയ്യുന്ന സാമൂഹിക പ്രശ്നങ്ങൾ എന്നിവ എന്നും അഭിനേതാവിന്റെ രാഷ്ട്രീയ അഭിലാഷങ്ങളുമായി കെട്ടുപിടഞ്ഞു കിടക്കുന്നതായി സമർത്ഥിക്കുന്നു. മധുരയിലെ സമാന്യ ജനങളുടെ ഇടയിൽ നടത്തിയ പഠനത്തിലൂടെ തമിഴ് സിനിമയുടെ ചരിത്രം വിവരിക്കുന്ന സാറാ ഡിക്കിയുടെ Cinema and the Urban Poor in South India (1993) എന്ന പഠനത്തിൽ തമിഴ് സൂപ്പർ താരങ്ങൾ കേവലം കലാകാരന്മാർ എന്നതിലുപരി അടിച്ചമർത്തപ്പെട്ടവരുടെയും ദരിദ്രരുടെയും സംരക്ഷകരായും, അധഃസ്ഥിതരുടെ മിശിഹയായും ജനങ്ങൾ കാണുന്നു എന്ന് അഭിപ്രായപ്പെടുന്നു. സിനിമയിലൂടെ രാഷ്ട്രീയത്തിലെത്തി സംസ്ഥാന മുഖ്യമന്ത്രിമാരായ എം.ജി. രാമചന്ദ്രന്റെയും (എം.ജി.ആർ) അയാളെ പിന്തുടർന്നു വന്ന ജയലളിതയുടെയും കാര്യത്തിൽ ഇത്തരം അതിമാനുഷികമായ പ്രവണതകൾ ഉണ്ടായിരുന്നു. എന്നാൽ മറ്റുള്ള ചലച്ചിത്ര താരങ്ങളുടെ രാഷ്ട്രീയ പരീക്ഷണങ്ങളിൽ സിനിമയിലെ ജനപ്രീതി രാഷ്ട്രീയ പിന്തുണയായി പരിവർത്തിപ്പിക്കാൻ സാധിച്ചിട്ടില്ല. എം.ജി.ആറിന്റെതായിരുന്നു ഒരു ഇന്ത്യൻ ചലച്ചിത്ര നടൻ ഇതുവരെ നേടിയിട്ടുള്ളതിൽ വച്ച് ഏറ്റവും മഹത്തായ രാഷ്ട്രീയ ജീവിതം. ശ്രീലങ്കയിൽ ജനിച്ച കേരളത്തിൽ വേരുകളുള്ള മലയാളിയായ ഒരു തമിഴ് ചലച്ചിത്ര താരത്തിൽ നിന്ന് തമിഴ്നാട് മുഖ്യമന്ത്രി പദത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര ഏറെ നാടകീയത നിറഞ്ഞതായിരുന്നു.

നരേന്ദ്ര സുബ്രഹ്മണ്യന്റെ Ethnicity and Mobility: Political Parties, Citizens and Democracy in South India (1999) എന്ന പഠനത്തിൽ എം.ജി.ആറിന്റെ ചലച്ചിത്ര-രാഷ്ട്രീയ ജീവിതത്തെ ഇങ്ങനെ വിവരിക്കുന്നു:

“ എം.ജി.ആറിന്റെ ഔദ്യോഗിക ജീവിതത്തിന്റെ ഏതാണ്ട് ആരംഭകാലം മുതൽ തന്നെ അദ്ദേഹത്തിന്റെ സിനിമാ ജീവിതവും രാഷ്ട്രീയ ജീവിതവും ഒപ്പത്തിനൊപ്പമായിരുന്നു. മാത്രമല്ല സംസ്ഥാനത്തെ ഏറ്റവും ജനപ്രിയമായ സാമൂഹിക പ്രസ്ഥാനത്തിന്റെയും രാഷ്ട്രീയ പാർട്ടിയുടെയും പ്രാഥമിക പിന്തുണ അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തിരുന്നു”.

എം.ജി.ആറിലെ രാഷ്ട്രീയ നേതാവിനെയും ചലച്ചിത്ര താരത്തെയും വേർതിരിക്കാനും സിൽവർ സ്ക്രീനിലും പുറത്തും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ തമ്മിൽ വേർതിരിച്ചറിയാനും പ്രയാസമായിരുന്നു എന്ന് വിലയിരുത്തപ്പെടുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ശക്തി കേവലം സൂപ്പർ താരം എന്ന ആകർഷണം മാത്രമായിരുന്നില്ല, സമാന്തരമായി സഞ്ചരിച്ച അയാളുടെ രാഷ്ട്രീയ പ്രവർത്തനങ്ങളും പ്രാരംഭകാലങ്ങളിൽ ദ്രവീഡിയൻ പ്രസ്ഥാനം അദ്ദേഹത്തിന് നൽകിയ പിന്തുണയുമായിരുന്നു എം.ജി.ആറിന്റെ ശക്തി.

എന്നാൽ ചരിത്രം തുടർച്ചയായി ഇത്തരം തിരക്കഥകളെ പിന്തുടരുന്നില്ല. സ്വന്തം രാഷ്ട്രീയ പാർട്ടിയുടെ രൂപീകരണം വരെയെത്തി ദൗത്യം ഉപേക്ഷിച്ച രജനികാന്തും, മക്കൾ നീതി മയ്യം എന്ന പാർട്ടിയുണ്ടാക്കി ഒരു സീറ്റിൽ പോലും ജയിക്കാൻ കഴിയാത്ത ഉലകനായകൻ കമലഹാസനും കേവലം സൂപ്പർ സ്റ്റാർ പദവി കൊണ്ട് തമിഴ് രാഷ്ട്രീയത്തിൽ വിജയിക്കാം എന്ന മിത്തിനെ നിരർത്ഥകമാക്കിയ ഏറ്റവും അവസാനത്തെ ചില ഉദാഹരണങ്ങൾ മാത്രമായിരുന്നു. രാഷ്ട്രീയ പരീക്ഷണം നടത്തിയ ചില ചലച്ചിത്ര താരങ്ങൾ പ്രധാന മുന്നണികളുടെ ഭാഗമായും, ജാതിസംഘടനകളുടെ പിന്തുണ കൊണ്ടും വിജയിച്ചിരുന്നു. എന്നാൽ സിനിമയിലൂടെ അവർ നേടിയ ജനപ്രീതിയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റാൻ ആർക്കും സാധിച്ചിട്ടില്ല.

അഭിനയകുലപതി ശിവാജി ഗണേശൻ (തമിഴാങ്ക മുന്നേറ്റ മുന്നണി) മുതൽ വിജയകാന്ത് (ദേശിയ മൂർപോക്കു ദ്രാവിഡ കഴകം), ശരത് കുമാർ (ആൾ ഇന്ത്യ സമത്വ മക്കൾ കച്ചി), കർണാസ് (മൂക്കളത്തൂർ പുലി പടൈ- തേവർ ജാതിയുടെ രാഷ്ട്രീയ സംഘടന), കെ.ഭാഗ്യരാജ് (എം.ജി.ആർ മക്കൾ മുന്നേറ്റ കഴകം, എ.ഡി.എം.കെ), കാർത്തിക്ക് (ഫോവോർഡ് ബ്ലോക്ക്, അഖില ഇന്ത്യ നഡാലു മക്കൾ കച്ചി, മാനിത ഉറുമൈ കാക്കും കച്ചി), ഖുശ്‌ബു സുന്ദർ (ഡി.എം.കെ, കോൺഗ്രസ്, ബി.ജെ.പി), രാധ രവി (എ.ഡി.എം.കെ, ബി.ജെ.പി) വരെയുള്ള സിനിമ താരങ്ങൾ ചെറുതും വലുതുമായ പ്രസ്ഥാങ്ങളിലൂടെ രാഷ്ട്രീയത്തിൽ ഇടം നേടാൻ നോക്കിയെങ്കിലും ഇവർക്കാർക്കും കാര്യമായ സ്വാധീനം ഉണ്ടാക്കാൻ സാധിച്ചില്ല. സമീപകാലത്ത് അന്തരിച്ച വിജയകാന്ത് മാത്രമായിരുന്നു എം.ജി.ആറിനു ശേഷം രാഷ്ട്രീയത്തിൽ ഭാഗികമായെങ്കിലും വിജയിച്ച ഏക തമിഴ് സൂപ്പർ താരം. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ദേശിയ മൂർപോക്കു ദ്രാവിഡ കഴകം മത്സരിച്ച 41 സീറ്റുകളിൽ 29 എണ്ണത്തിലും വിജയം നേടി വിജയകാന്ത് നിയമസഭയിൽ പ്രതിപക്ഷ നേതാവായി മാറിയിരുന്നു.

എം.ജി.ആറിനും ജയലളിതക്കും ശേഷം ഒരു ചലച്ചിത്ര താരത്തിനും കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ സാധിക്കാത്ത സംസ്ഥാന രാഷ്ട്രീയത്തിലേക്കാണ് കരിയറിന്റെ ഏറ്റവും ഉന്നതിയിൽ നിൽക്കുമ്പോൾ തന്റെ 49 മത്തെ വയസിൽ ജോസഫ് വിജയ് ചന്ദ്രശേഖർ എന്ന 'തലപതി വിജയ്’ തമിഴക വെട്രി കഴകം എന്ന പാർട്ടിയുണ്ടാക്കി കടന്നുവരുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമാക്കാതെ രാഷ്ട്രീയത്തിൽ പ്രവേശിച്ച വിജയ് 2026 ലെ സംസ്ഥാന നിയസഭാ തിരഞ്ഞെടുപ്പിലും അതിന് ശേഷവും ഉദയനിധി സ്റ്റാലിൻ, സീമാൻ, കെ. അണ്ണാമലൈ തുടങ്ങിയ പുതുതലമുറ എതിരാളികളെ ആയിരിക്കും നേരിടുക. മാത്രമല്ല ജയലളിതയുടെ മരണവും എ.ഡി.എം.കെ എടപ്പാടി പളനിസ്വാമിയുടെയും ഓ. പനീർ സെൽവത്തിന്റെയും നേതൃത്വത്തിൽ രണ്ടായി പിരിഞ്ഞതും സംസ്ഥാന രാഷ്ട്രീയത്തിൽ മുഖ്യ പ്രതിപക്ഷമില്ലാത്ത അവസ്ഥയുണ്ടാക്കുന്നു. ഈ അവസരം കൈമുതലാക്കി ഒരു രാഷ്ട്രീയ ബദൽ ആവാൻ ബി.ജെ.പി ശ്രമിക്കുന്ന അവസരത്തിലാണ് വിജയുടെ കടന്നു വരവ്. സംസ്ഥാനത്തെ പരമ്പരാഗത പാർട്ടികളായ ഡി.എം.കെ, എ.ഡി.എം.കെ കക്ഷികളെ കൂടാതെ ജനപിന്തുണ നേടിക്കൊണ്ടിരിക്കുന്ന നേതാക്കന്മാരായ നാം തമിഴർ കച്ചി (NTK) യുടെ സീമൻ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ തുടങ്ങിയ സമകാലികരും ശക്തരുമായ പ്രതിയോഗികളെയും വിജയിക്ക് നേരിടേണ്ടി വരും.

നാം തമിഴർ കച്ചിയും സീമന്റെ തീവ്ര ഭാഷാവാദ രാഷ്ട്രീയവും

വിജയ് രാഷ്ട്രീയത്തിൽ വരുന്നതിനെ അനവധി തവണ സ്വാഗതം ചെയ്ത നേതാവാണ് നാം തമിഴർ കച്ചിയുടെ ചീഫ്-കോർഡിനേറ്ററായ സീമൻ. സൂപ്പർ താരങ്ങളായ എം.ജി.ആർ, രജനികാന്ത്, അജിത് കുമാർ തുടങ്ങിയവരുടെ തമിഴ് സ്വത്വത്തെ നിരന്തരം വിമർശിക്കാറുള്ള നേതാവാണ് സീമൻ. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ലക്ഷണമൊത്ത പ്രഥമ തമിഴ് സൂപ്പർ താരമാണ് വിജയ്. പക്ഷെ രാഷ്ട്രീയ പ്രവേശനം നടത്തിയ വിജയിയെ സീമനും പാർട്ടിയും എങ്ങനെ പരിഗണിക്കും എന്ന കാര്യത്തിൽ കൃത്യതയില്ല.

ദ്രാവിഡ, ഹിന്ദി-വിരുദ്ധ രാഷ്ട്രീയം ഉഴുതുമറിച്ച മണ്ണാണ് തമിഴ്നാട്. ഹിന്ദി/ ബ്രാഹ്മണ മേധാവിത്വത്തിന് എതിരെ സാമൂഹിക നീതിക്ക് വേണ്ടി വളർന്നുവന്ന പുരോഗമന ദ്രാവിഡ ചരിത്രത്തെ നിരാകരിച്ചു കൊണ്ട് സങ്കുചിതവും തീവ്രവുമായ ഭാഷാവാദത്തിലൂടെ ഉയർന്നു വന്ന നേതാവാണ് സീമൻ. തന്റെ വാഗ്ധോരണിയിലൂടെ തീവ്ര തമിഴ് ഭാഷാവാദ നിലപാടുകൾ ജനങ്ങളെ സ്വാധീനിക്കുന്ന തരത്തിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സിനിമയിലൂടെ തന്നെ ആയിരുന്നു സീമനും തന്റെ കരിയർ ആരംഭിക്കുന്നത്. പാഞ്ചാലങ്കുറിച്ചി (1996), വീരനടൈ (2000) തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം 1990-കളുടെ മധ്യത്തോടെ സംവിധായകനായി. തമ്പി (2006) വാഴ്ത്തുകൾ (2008) തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്‌തെങ്കിലും വിജയിക്കാൻ സാധിച്ചില്ല. അതോടെ അദ്ദേഹം സിനിമയിൽ നിന്ന് വിട്ടുനിന്നു മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു. ശ്രീലങ്കൻ സർക്കാരും എൽ.ടി.ടി.ഇയും തമ്മിലുള്ള യുദ്ധം ആസന്നമായപ്പോൾ വേലുപ്പിള്ള പ്രഭാകരനുമായി കൂടിക്കാഴ്ച നടത്തി ആഭ്യന്തരയുദ്ധത്തിൽ കൊല്ലപ്പെട്ട തമിഴർക്ക് വേണ്ടി സംസാരിക്കാൻ തുടങ്ങിയതോടെ അദ്ദേഹം രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.

സീമന്റെ രാഷ്ട്രീയം എന്നും വിവാദങ്ങൾ നിറഞ്ഞതായിരുന്നു. തമിഴ്‌നാട്ടിൽ 'വന്ധേരി'കളുടെ (പുറമെ നിന്നും വന്നവർ) ഭരണമാണ് എന്ന് അദ്ദേഹം നിരന്തരം പ്രസംഗിച്ചു കൊണ്ടിരിന്നു.

തമിഴ്‌നാട്ടിൽ ചായക്കട നടത്തുന്ന മലയാളികൾ മുതൽ കൂലിപ്പണിക്ക് വരുന്ന ബംഗാളികളും ബിഹാറികളും ഉത്തർ പ്രദേശുകാരും അയാളുടെ തുടർച്ചയായ അപര വിദ്വേഷം വളർത്തുന്ന പ്രസംഗങ്ങളുടെ ഇരയായി. ഹിന്ദി സംസാരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ കയ്യേറ്റം ചെയ്യാനും അവർക്ക് നേരെ അക്രമം അഴിച്ചുവിടാനും പരസ്യമായി ആഹ്വാനം ചെയ്യുന്ന സീമന്റെ പ്രസംഗങ്ങൾക്ക് സമൂഹത്തിലെ നല്ലൊരു വിഭാഗം ആളുകളുടെ പിന്തുണ ലഭിക്കുന്നുണ്ട്.

2023 ഫെബ്രുവരി 14ന് ഈറോഡിലെ പൊതുസമ്മേളനത്തിൽ ഉത്തരേന്ത്യൻ കുടിയേറ്റ തൊഴിലാളികൾക്കെതിരെ നടത്തിയ പ്രസംഗത്തിൽ സീമൻ:

“ഉത്തരേന്ത്യൻ തൊഴിലാളികളെ പെണ്ണുകേസ്, കഞ്ചാവ് കേസ് എന്നിങ്ങനെ കള്ളകേസുകളിൽ കുടുക്കി അറസ്റ്റു ചെയ്തു പട്ടിണിക്കിടണം. അങ്ങനെ ഹിന്ദിക്കാരെ എല്ലാവരെയും തമിഴ്നാട്ടിൽ നിന്ന് ഓടിക്കണം.’”

എന്ന് ആഹ്വാനം ചെയ്യുന്നു.

https://x.com/PrashantKishor/status/1634066949771759617?s=20

തമിഴ് ഭാഷയുടെയും സംസ്കാരത്തിന്റെയും സംരക്ഷണത്തിന് വേണ്ടിയാണ് തന്റെ രാഷ്ട്രീയം എന്ന് അദ്ദേഹം പറയുമ്പോൾ തന്നെ അപര വിദ്വേഷം പരത്തുന്ന പ്രകടമായ ഭാഷ ഷോവനിസമാണ് സീമന്റെ നിലപടുകളിലൂടെ പ്രകടമാക്കുന്നത്. വന്ധേരികളുടെ (പുറമെ നിന്നും വന്നവർ/ വരത്തന്മാർ) ഭരണവും, അന്യസംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റവും തമിഴ് ജനതയുടെ അധഃപതനത്തിന് കാരണമായെന്ന് അദ്ദേഹം നിരന്തരം വാദിക്കുന്നു. ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും കുറിച്ചുള്ള സീമന്റെ സമീപകാല പരാമർശങ്ങളും അങ്ങനെയുള്ളതാണ്. "ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും ന്യൂനപക്ഷമെന്ന് വിളിക്കുന്ന ആരെയും ഞാൻ ചെരിപ്പു കൊണ്ടടിക്കും" എന്ന് സീമൻ പറഞ്ഞതും മണിപ്പൂരിലെ അക്രമത്തെ അപലപിച്ചുകൊണ്ടുള്ള ഒരു പ്രതിഷേധത്തിൽ ഡി.എം.കെയ്ക്കും കോൺഗ്രസിനും വോട്ട് ചെയ്യുന്ന ക്രിസ്ത്യൻ, മുസ്ലീം വോട്ടർമാരെ "സാത്താന്റെ മക്കൾ" എന്ന് സീമൻ വിളിച്ചതും അതിന്റെ ഉദാഹരങ്ങളാണ്.

2016 മുതലുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും മത്സരിക്കുന്ന നാം തമിഴർ കച്ചി നിരന്തര പ്രവർത്തനത്തിലൂടെ സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും പാർട്ടിയുടെ സാന്നിധ്യം അറിയിച്ചു വോട്ടിങ് ശതമാനം ഉയർത്തികൊണ്ടിരിക്കുന്നു. സീമന്റെ സങ്കുചിത നിലപാടുകൾക്ക് പി. ഭാരതിരാജയെ പോലുള്ള മഹത്തായ ചലച്ചിത്ര സംവിധായകരുടെ പിന്തുണ ലഭിക്കുന്ന തരത്തിലുള്ള പ്രവണതകൾ സങ്കുചിതമായ ഭാഷാവാദത്തിലേക്കുള്ള വ്യതിചലനമായി വിലയിരുത്തുന്നു. തമിഴ് സ്വത്വമുള്ള ഏക സൂപ്പർ താരം എന്ന നിലയിൽ വിജയുടെ രാഷ്ട്രീയ പ്രവേശനം ‘’തമിഴ്‌നാട്ടിൽ ഒരു ബദൽ രാഷ്ട്രീയ പാർട്ടിക്ക് ഇടം നൽകും” എന്ന് സീമൻ പ്രതികരിച്ചെങ്കിലും തിരഞ്ഞെടുപ്പു ഗോദയിൽ അവർ പരസ്പ്പരം എങ്ങനെ ഇടപെടും എന്ന് കൗതുകത്തോടെ വീക്ഷിക്കുകയാണ് രാഷ്ട്രീയ ലോകം.

അണ്ണാമലൈയുടെ രാഷ്ട്രീയ ശൈലിയും ലക്ഷ്യങ്ങളും

ജയലളിതയുടെ മരണ ശേഷമുള്ള അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ശക്തിക്ഷയം ഉണ്ടാക്കിയ രാഷ്ട്രീയ സാഹചര്യത്തിലാണ് കെ. അണ്ണാമലൈ എന്ന മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനെ ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനായി പാർട്ടിയുടെ ദേശിയ നേതൃത്വം തീരുമാനിക്കുന്നത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നായി 100 സീറ്റുകൾ നേടുക എന്ന ബി.ജെ.പി യുടെ ലക്ഷ്യത്തിന്റെ ഭാഗമായിരുന്നു പരമ്പരാഗത ബി.ജെ.പി നേതാക്കന്മാരുടെ മുകളിലൂടെ കർണാടകയിൽ പ്രവർത്തന പരിചയമുള്ള കെ. അണ്ണാമലൈയെ സംസ്ഥാന അധ്യക്ഷനാക്കിയുള്ള ഈ നീക്കം. വ്യവസ്ഥിതിയെ ഇളക്കിമറിക്കാൻ ശ്രമിക്കുന്ന ഒരു വിമതനായി സ്വയം വിശേഷിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ രംഗപ്രവേശനം. സർവീസിൽ ഇരുന്ന കാലത്ത് അനുവാചക സംഘങ്ങൾ സിങ്കം എന്ന് വിളിച്ചിരുന്ന അണ്ണാമലൈ തികഞ്ഞ മോഡി ആരാധന കൊണ്ടാണ് താൻ രാഷ്ട്രീയത്തിൽ വന്നതെന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്.

ഈ കാലയളവിൽ സംസ്ഥാന ബി.ജെ.പിയിൽ പരിചയസമ്പന്നരായ നേതാക്കളെ അപേക്ഷിച്ച് അണ്ണാമലൈക്ക് നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നു. ഡി.എം.കെ, എ.ഐ.ഡി.എം.കെ തുടങ്ങിയ ശക്തമായ പ്രാദേശിക പാർട്ടികളെ പോലെ സംസ്ഥാന രാഷ്ട്രീയത്തിൽ തീരെ പ്രാധാന്യം കുറഞ്ഞ ബി.ജെ.പിയെ ലൈംലൈറ്റിൽ കൊണ്ടുവരാൻ അദേഹത്തിന് സാധിച്ചു. യുവതലമുറയെ ആകർഷിക്കാനും പുതുതലമുറ വോട്ടർമാരുടെ പിന്തുണ ഉറപ്പാക്കാനും ശ്രമിക്കുന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഫലം കാണുന്നുണ്ട്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി തമിഴ്‌നാട്ടിൽ ബി.ജെ.പി പ്രാദേശിക പാർട്ടികളുമായുള്ള സഖ്യത്തിന്റെ ഭാഗമായിട്ടായിരുന്നു തിരഞ്ഞെടുപ്പുകളെ നേരിട്ടത്. ജയലളിതയുടെ മരണത്തിന് ശേഷം എ.ഐ.ഡി.എം.കെ ദുർബലമായതോടെ ആ സ്ഥാനത്തേക്ക് ബി.ജെ.പിയെ പ്രതിഷ്ഠിക്കാനും അതിലൂടെ ക്രമേണ സംസ്ഥാനത്തെ സ്വാധീനം വർധിപ്പിക്കാനും ബി.ജെ.പി ശ്രമിക്കുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് ഒരു പ്രായോഗിക ബദൽ ഉയർത്താൻ വേണ്ടി ബി.ജെ.പി ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. വർഷങ്ങൾക്ക് ശേഷം പാർട്ടിക്ക് വിശ്വസ്തനും സ്വീകാര്യനുമായ ഒരു നേതാവ് ഉയർന്നുവരുന്നത് ദ്രാവിഡ ശക്തികേന്ദ്രത്തിൽ ബി.ജെ.പിക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നുണ്ട്. സവർണ്ണ വോട്ടുകൾക്ക് പുറമെ ഉന്നത വിദ്യാഭ്യാസം നേടിയ നഗരവാസികളായ വോട്ടർമാരെ ആകർഷിക്കാൻ കൂടി വേണ്ടിയാണ് അണ്ണാമലൈയെ നേതാവായി ഉയർത്തികാട്ടിയുള്ള ഈ പരിശ്രമം. 2023 ജൂലൈ 28-ന് ക്ഷേത്രനഗരമായ രാമേശ്വരത്ത് നിന്ന് അണ്ണാമലൈയുടെ "എൻ മൺ, എൻ മക്കൾ" (എന്റെ ഭൂമി, എന്റെ ജനങ്ങൾ) എന്ന പേരിൽ ആരംഭിച്ച റോഡ് ഷോ അതിന്റെ തുടർച്ചയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫ്‌ളാഗ് ഓഫ് ചെയ്ത യാത്ര ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്തെ 39 പാർലമെന്റ് മണ്ഡലങ്ങളും, ഉൾക്കൊള്ളുന്ന 234 നിയമസഭാ മണ്ഡലങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി ഫെബ്രുവരി 27 തിരുപ്പൂരിൽ സമാപിച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. തമിഴ്നാട്ടിൽ ബി.ജെ.പിക്ക് ഇതുവരെ ലഭിക്കാത്ത ജനപിന്തുണയായിരുന്ന എൻ മൺ, എൻ മക്കൾ യാത്രക്ക് ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെ.പി. നദ്ദ എന്നിവരുടെ പൂർണ പിന്തുണ ആയിരുന്നു ഈ യാത്രയിൽ അണ്ണാമലൈയുടെ ശക്തി. കോയമ്പത്തൂർ ലോകസഭയിലേക്ക് മത്സരിച്ച അണ്ണാമലൈയുടെ മണ്ഡലത്തിലൂടെ മോഡി നേരിട്ടെത്തി റോഡ് ഷോ നടത്തിയതും അതിന്റെ തുടർച്ചയായിരുന്നു. മുമ്പ് വൈകോ, കരുണാനിധി, സ്റ്റാലിൻ, എൽ.മുരുകൻ തുടങ്ങി നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കൾ തമിഴ്‌നാട്ടിൽ ഇത്തരം റോഡ് ഷോകൾ നടത്തിയിട്ടുണ്ട്. എന്നാൽ അവരെ അധികാരത്തിലേക്ക് എത്തിക്കാൻ ഈ യാത്രകൾക്ക് സാധിച്ചിരുന്നില്ല. ശക്തമായ സംവിധാനം ഇല്ലാത്ത ബി.ജെ.പിക്ക് സംസ്ഥാനത്തുടനീളമുള്ള റോഡ് ഷോ വിജയകരമാക്കാൻ സാധിച്ചത് പാർട്ടിയുടെ സംഘടന സംവിധാനത്തിന്റെ വളർച്ചയായി വിലയിരുത്തപ്പെടുന്നു.

ജോസഫ് വിജയ് ചന്ദ്രശേഖർ: സംസ്ഥാന രാഷ്ട്രീയത്തിലെ പുതിയ അധ്യായം

സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ സൂപ്പർതാര പദവി രാഷ്ട്രീയ ശക്തിയാക്കി മാറ്റാൻ എം.ജി.ആറിനല്ലാതെ ഇതുവരെ മറ്റൊരു ചലച്ചിത്ര താരത്തിനും സാധിച്ചിട്ടില്ല. ജയലളിതക്ക് ആദ്യകാലങ്ങളിൽ ലഭിച്ച പിന്തുണ എം.ജി.ആറിന്റെ ജനകീയതയുടെ പ്രതിഫലനം മാത്രമായിരുന്നു. സിനിമ വിട്ടതിന് ശേഷം സമാന്തരമായ പ്രവർത്തനങ്ങളിലൂടെ നിർമ്മിച്ചെടുത്ത ജനകീയതയായിരുന്നു ജയലളിതയുടെ രാഷ്ട്രീയ അടിത്തറ.

സൂപ്പർ താരങ്ങളെ രാഷ്ട്രീയത്തിൽ വളരെ അനായാസമായി വിജയിപ്പിക്കുന്ന സംസ്ഥാനമാണ് തമിഴ്നാട് എന്നത് കേവലം ഒരു മിഥ്യധാരണയാണ്. അഭിനയകുലപതി ശിവാജി ഗണേശൻ 1998 ൽ ആരംഭിച്ച തമിഴാങ്ക മുന്നേറ്റ മുന്നണി പോലും വലിയ പരാജയമായിരുന്നു. 1989 ൽ നടന്ന തിരഞ്ഞെടുപ്പിൽ ജനപ്രീതിയുടെ ഉന്നതിയിൽ നിൽക്കുന്ന ശിവാജി ഗണേശൻ അടക്കം പാർട്ടി ടിക്കറ്റിൽ മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഇന്ത്യൻ ചരിത്രത്തിൽ തന്നെ ഏറ്റവും ആഘോഷിക്കപെട്ട സൂപ്പർ താരം രജനികാന്തും ഉലക നായകൻ കമൽഹാസനും രാഷ്ട്രീയത്തിൽ പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് കരിയറിന്റെ ഏറ്റവും ഉന്നതിയിൽ നിൽക്കുമ്പോൾ വിജയ് തമിഴക വെട്രി കഴകം എന്ന പാർട്ടിയുമായി രാഷ്ട്രീയ ഗോദയിലേക്ക് കടന്നു വരുന്നത്. വളരെ കാലമായി തന്റെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കത്തെ ഒരു രാഷ്ട്രീയ പാർട്ടിയായി രൂപാന്തരപ്പെടുത്താനുള്ള ശ്രമങ്ങൾ അദ്ദേഹം നടത്തിയിരുന്നു.

പാർട്ടി രുപീകരണം നടത്തി പുറത്തുവിട്ട പത്രക്കുറിപ്പിൽ തന്റെ രാഷ്ട്രീയ മുന്നേറ്റത്തിന്റെ സ്വഭാവത്തെ കുറിച്ചുള്ള സൂചനകൾ വിജയ് നൽകുന്നുണ്ട്

പത്രക്കുറിപ്പിൽ പ്രസക്ത ഭാഗങ്ങൾ:

"രാഷ്ട്രീയം ഒരിക്കലും എനിക്ക് മറ്റൊരു തൊഴിലല്ല. അത് ജനങ്ങൾക്കുവേണ്ടിയുള്ള പുണ്യ പ്രവൃത്തിയാണ്. കാലങ്ങളായി ഞാൻ അതിലേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു. രാഷ്ട്രീയം എനിക്ക് ഒരു ഹോബിയല്ല. അതെന്റെ അഗാധമായ ആഗ്രഹമാണ്. പൂർണ്ണമായും എനിക്ക് അതിലേക്ക് ഇഴുകിച്ചേരണം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് നിങ്ങൾക്കെല്ലാം അറിവുള്ളതാണ്. ഭരണപരമായ കെടു കാര്യസ്ഥതയും ദുഷിച്ച രാഷ്ട്രീയ സംസ്കാരവും ഒരു വശത്തും ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്ന രാഷ്ട്രീയ സംസ്കാരം മറുവശത്തും. നിസ്വാർത്ഥവും സുതാര്യവും ജാതി രഹിതവും ദീർഘവീക്ഷണമുള്ളതും അഴിമതി രഹിതവും കാര്യക്ഷമവുമായ ഭരണത്തിലേക്ക് നയിക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയ മാറ്റത്തിനായി തമിഴ്നാട്ടിലെ ജനങ്ങൾ ആഗ്രഹിക്കുന്നു. ഇതുവരെ കരാർ ഒപ്പിട്ട സിനിമകൾ രാഷ്ട്രീയ പ്രവർത്തനത്തെ തെല്ലും ബാധിക്കാതെ പൂർത്തിയാക്കും. അതിനുശേഷം ജനസേവന രാഷ്ട്രീയത്തിൽ പൂർണ്ണമായും മുഴുകും. തമിഴ്നാട്ടിലെ ജനങ്ങൾക്കുള്ള നന്ദി സൂചകമായി ഞാൻ അതിനെ കാണുന്നു."

വിജയിയുടെ രാഷ്ട്രീയ പ്രവേശനം രജനികാന്തിനെയും കമൽഹാസനെയും അപേക്ഷിച്ചു കൂടുതൽ ജനകീയമായിരുന്നു. സിനിമക്ക് പുറത്ത് അക്രമണോൽസുകമായ ഹിന്ദുത്വ ആശയങ്ങളെ വാരിപുണരുന്ന രജനികാന്തിന്റെ രാഷ്ട്രീയ സമീപനങ്ങൾ എന്നും ദ്രാവിഡരായ സാമാന്യ ജനത്തിന്റെ ഇടയിൽ സംശയം ഉണ്ടാക്കിയിരുന്നു. പെരിയാർ ഇ.വി രാമസ്വാമി നായിക്കറും അദ്ദേഹത്തെ പിന്തുടർന്നു വന്ന ദ്രാവിഡ പ്രസ്ഥാനങ്ങളും നിർമ്മിച്ചെടുത്ത പുരോഗമന ആദർശങ്ങളെ ആത്മീയതയിൽ പൊതിഞ്ഞ സനാതന ആശയങ്ങളിലൂടെ മാറ്റിയെടുക്കാം എന്ന വിശ്വസിച്ചതായിരുന്നു രജനികാന്തിന്റെ രാഷ്ട്രീയ പരാജയം എന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ പ്രകടമായി തന്നെ ജാതിവാദത്തെയും മത വർഗീയ ശക്തികളെയും നിരാകരിച്ചു കൊണ്ടായിരുന്നു വിജയുടെ രംഗപ്രവേശനം.

സംസ്ഥാന മുഖ്യമന്ത്രി പദവി എന്ന ലക്ഷ്യത്തോടെ രാഷ്ട്രീയത്തിൽ ഇറങ്ങിയ വിജയ്ക്ക് നിരവധി വെല്ലുവിളെ തരണം ചെയ്യേണ്ടതുണ്ട്. തന്റെ സൂപ്പർതാര പദവിയെ കൃത്യമായ രീതിയിൽ രാഷ്ട്രീയ പിന്തുണയായി പരിവർത്തിപ്പിക്കാൻ സാധിക്കണം. ഫാൻസ്‌ അസോസിയേഷനായി പ്രവർത്തിച്ചിരുന്ന ആരാധക സംഘത്തെ ഒരു രാഷ്ട്രീയ പാർട്ടിയുടെ സംവിധാനത്തിൽ അച്ചടക്കത്തോടെ പരിവർത്തിപ്പിക്കാൻ മികച്ച സംഘാടനം തന്നെ ആവശ്യമാണ്. കൂടാതെ സംസ്ഥാനത്തെ പ്രധാന ശക്തികളായ ഡി.എം.കെ, എ.ഡി.എം.കെ തുടങ്ങിയ പാർട്ടികളോടും ബി.ജെ.പി, കോൺഗ്രസ് പോലുള്ള ദേശിയ പാർട്ടികളോടും സീമന്റെ നാം തമിഴർ കച്ചി (NTK), വിജയകാന്തിന്റെ ദേശിയ മൂർപോക്കു ദ്രാവിഡ കഴകം, പാട്ടാളി മക്കൾ കച്ചി എന്നിങ്ങനെയുള്ള സംസ്ഥാന പാർട്ടികളോടും അദ്ദേഹം സ്വീകരിക്കുന്ന സമീപനങ്ങളും നിർണായകമാണ്. എന്നാൽ വിജയുടെ ജനപ്രീതിയും യുവതലമുറയിലെ സ്വാധീനവും രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് ഒരു മുതൽക്കൂട്ടായി മാറും എന്നതിൽ സംശയമില്ല.

ദ്രാവിഡ പാർട്ടികൾക്ക് ശക്തമായ സംഘടന സംവിധാനമള്ള മണ്ണിൽ വിജയ് രാഷ്ട്രീയത്തിൽ വിജയിക്കുമോ എന്ന് പ്രവചിക്കാൻ പ്രയാസമാണ്. എടപ്പാടി പളനിസ്വാമിയും ഓ.പനീർ സെൽവവും തമ്മിൽ ഉണ്ടായ ആഭ്യന്തര കലഹത്തിൽ ശിഥിലമായ എ.ഡി.എം.കെ യുടെ സ്ഥാനം ഏറ്റെടുക്കാൻ വേണ്ടിയാണ് വിജയും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ഓ പനീർ സെൽവം പാർട്ടിയിൽ നിന്ന് പുറത്തുപോയെങ്കിലും എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിൽ പരമ്പരാഗത കോട്ടകൾ തകരാതെ തന്നെ എ.ഡി.എം.കെ നിലകൊള്ളുന്നു.

ജയലളിതയുടെ മരണത്തോടെ ശൂന്യമായ എ.ഡി.എം.കെയുടെ സ്ഥാനത്തേക്ക് പ്രതിലോമ ശക്തികളായ ബി.ജെ.പിയും, സീമൻ്റെ തീവ്ര ഭാഷാവാദികളായ നാം തമിഴർ കച്ചിയും പോലുള്ള സംഘടനകളുടെ കടന്നു വരവിനെ തടയാൻ വിജയുടെ രാഷ്ട്രീയ പ്രവേശനം സഹായിക്കും എന്ന് വിലയിരുത്തപ്പെടുന്നു. വിജയിയുടെ പാർട്ടി 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതോടെ തമിഴ് രാഷ്ട്രീയം ദ്രാവിഡ മുന്നേറ്റ കഴകം, തമിഴക വെട്രി കഴകം എന്നീ കക്ഷികൾ തമ്മിലുള്ള മത്സരമായി പരിവർത്തിക്കപ്പെടും. എ.ഡി.എം.കെ യുടെ പരാജയം തീർത്ത വലിയ ശൂന്യതയിൽ ഒരു ബദൽ രാഷ്ട്രീയ ചിത്രം കൊണ്ടുവരാൻ സഹായിക്കും എന്നതാണ് വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തെ ക്രിയാത്മകമായി വിലയിരുത്തുന്ന നിരീക്ഷകരുടെ അഭിപ്രായം. 10, 12 ക്ലാസുകളിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് അവാർഡ് നൽകിയ ചടങ്ങിൽ വിദ്യാർത്ഥികളോട് അംബേദ്കർ, പെരിയാർ, കാമരാജ് തുടങ്ങിയ നേതാക്കളെ വായിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടത് അദ്ദേഹം രാഷ്ട്രീയത്തിൽ പിന്തുടരാൻ ഉദ്ദേശിക്കുന്ന പ്രത്യയശാസ്ത്രത്തെ സൂചിപ്പിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in