
റോബേര്‍ട്ട് സെമെക്കിസ് സംവിധാനം ചെയ്ത് ടോം ഹാങ്ക്‌സ് അഭിനയിച്ച കാസ്റ്റ് എവേ എന്ന ചിത്രം ദ്വീപുകളിലെ ഏകാന്തതയെക്കുറിച്ചാണ് പറയുന്നത്. സിനിമ കാണുന്ന നമ്മളും ഏകാകിയായി ദ്വീപില്‍ കുടുങ്ങിപോകുന്ന തരത്തില്‍ വളരെ മികച്ച രീതിയിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ക്ലാസ്സിക്കുകളിലൊന്നായി കണക്കാക്കാവുന്ന ആ ചിത്രം വളരെ ജനകീയമാകുകയും ചെയ്തു. വില്ല്യം ഗോള്‍ഡിങ്ങിന്റെ ലോര്‍ഡ് ഓഫ് ദി ഫ്ളൈസ് ദ്വീപുകളില്‍ കുടുങ്ങിപ്പോകുന്ന ഒരുകൂട്ടം കുട്ടികളുടെ കഥയാണ്. ഇതിലൊക്കെ പൊതുവായിട്ടുള്ളത് ദ്വീപുകളില്‍ നിന്നും വേറെ സ്ഥലത്തേക്ക് പോകാന്‍ ഒരു സംവിധാനം ഇല്ല എന്നുള്ളതാണ്. ഒരു ദ്വീപസമൂഹത്തെയും അവിടത്തെ ജനങ്ങളെയും മനസ്സിലാക്കണമെങ്കില്‍ നമ്മള്‍ ആദ്യം അറിയേണ്ടത് ഈയൊരവസ്ഥയെക്കുറിച്ചാണ്. കോഴിക്കോടും ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയും തമ്മില്‍ എന്താണ് വ്യത്യാസമെന്നു ചോദിച്ചാല്‍ പല മറുപടിയും ലഭിക്കുമെങ്കിലും അടിസ്ഥാന പരമായി ഒരൊറ്റ വ്യത്യാസമേ ഉള്ളൂ. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കോഴിക്കോട്ടേക്ക് പോകാം വരാം. എന്നാല്‍ കവരത്തിയുടെ കാര്യത്തില്‍ അത് സാധ്യമല്ല. ഇത് തന്നെയാണ് വന്‍കരയും ദ്വീപും തമ്മിലുള്ള വ്യത്യാസം. അതായത് നിങ്ങള്‍ നിങ്ങളുടെ വീട് വിട്ടു പോകണമെങ്കില്‍ അതേതാവശ്യത്തിനായാലും ഒരു സര്‍ക്കാര്‍ സംവിധാനം ആവശ്യം വരിക എന്നത് വല്ലാത്തൊരവസ്ഥയാണ്. ഈയൊരു പശ്ചാത്തലത്തിലാണ് ലക്ഷദ്വീപിലെ ഗതാഗത പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത്.
ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത്
ലക്ഷദ്വീപിലെ യാത്രാ പ്രശ്‌നങ്ങള്‍ എല്ലാ സമയത്തും ഉള്ളതാണ്. മലയാളം ടെലിവിഷന്‍ വാര്‍ത്തകളില്‍ വരുന്ന അഞ്ച് മിനുട്ടില്‍ കുറഞ്ഞ ദൈര്‍ഘ്യമുള്ള ബൈറ്റുകള്‍ക്കപ്പുറം വളരെ പ്രാധാന്യമുള്ളതും വലിയ രീതിയിലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതുമായ ഒരു മേഖലയാണ് ലക്ഷദ്വീപിലെ ഗതാഗത മേഖല. ഇന്ന് 400 പേര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റുന്ന എംവി കോറല്‍സ് എന്ന കപ്പലും 700 പേര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റുന്ന എംവി കവരത്തി കപ്പലുമാണ് ലക്ഷദ്വീപിലേക്ക് സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്നത്. അതായത് പത്തു ദ്വീപുകളിലായി ഒരു ലക്ഷത്തോളം വരുന്ന ജനങ്ങള്‍ താമസിക്കുന്ന ലക്ഷദ്വീപിലേക്ക് പോയി വരുന്നത് വെറും രണ്ടു കപ്പല്‍. ജനുവരിയിലും ഫെബ്രുവരിയിലും അത് ഒരു കപ്പലായിരുന്നു. അതായത് വന്‍കരയിലേക്ക് വരാന്‍ ആവശ്യത്തിന് ടിക്കറ്റ് ലഭിക്കുന്നില്ല. ഇനി വന്നാല്‍ തിരിച്ചു പോകാന്‍ കപ്പലുകള്‍ വളരെ കുറവാണ്. ഉള്ള കപ്പലിന് ടിക്കറ്റ് കിട്ടണമെങ്കില്‍ ഭഗീരഥപ്രയത്‌നം തന്നെ വേണ്ടി വരും. അങ്ങനെ ഒരു പാട് പേര്‍ ഇപ്പോള്‍ കേരളത്തില്‍ വന്നതിന് ശേഷം തിരിച്ചു പോകാനാകാതെ കുടുങ്ങിക്കിടക്കുന്നുണ്ട്.
ലക്ഷദ്വീപിലേക്ക് ഫ്‌ളൈറ്റ് സര്‍വീസ് ഉണ്ട്. എന്നാല്‍ അത് എല്ലാ ദ്വീപുകാര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കില്ല. കാരണം ദ്വീപുകള്‍ തമ്മിലുള്ള അകലം വളരെ കൂടുതലാണ്. മാത്രമല്ല ദ്വീപുകള്‍ തമ്മിലുള്ള ഹൈ സ്പീഡ് വെസ്സല്‍ സര്‍വീസുകളും പരിമിതമാണ്. അഗത്തി ദ്വീപില്‍ നിന്നും കവരത്തിയിലേക്കും തിരിച്ചും മാത്രമേ ദിവസേന സര്‍വീസ് ഉള്ളു. ബാക്കി ദ്വീപുകളിലേക്കുള്ള സര്‍വീസുകള്‍ നമുക്ക് നേരത്തെ കൂട്ടി അറിയാന്‍ സാധിക്കില്ല. അത് കൊണ്ട് തന്നെ ഫ്‌ളൈറ്റ് വഴി നമുക്ക് പോകാന്‍ സാധിക്കുക എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്ന അഗത്തിയിലേക്കും കവരത്തിയിലേക്കും മാത്രമാണ്. കൂടാതെ ഫ്‌ളൈറ്റ് ടിക്കറ്റ് ചാര്‍ജ് വളരെ കൂടുതലാണ്. ആം ആദ്മി പാര്‍ട്ടി എം പി രാഘവ് ചന്ദ പാര്‍ലമെന്റില്‍ ലക്ഷദ്വീപിലേക്കുള്ള ഫ്‌ളൈറ്റ് ചാര്‍ജിന്റെ വര്‍ദ്ധനവ് ഉയര്‍ത്തിക്കാട്ടി പ്രസംഗിച്ചത് രാജ്യം മൊത്തം വൈറലായതാണ്. വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വേണ്ടി വന്‍കരയിലേക്ക് ഫ്‌ളൈറ്റില്‍ പോയി വരാന്‍ സാധാരണക്കാരായ ആളുകള്‍ക്ക് സാമ്പത്തികമായി കഴിവില്ല എന്ന് മാത്രമല്ല കവരത്തി അഗത്തി എന്നീ രണ്ടു ദ്വീപുകാര്‍ക്ക് മാത്രമേ സാങ്കേതികമായി ഈ ഒരു സൗകര്യം ഉപയോഗിക്കാന്‍ സാധിക്കുകയുമുള്ളൂ.
ലക്ഷദ്വീപില്‍ ദ്വീപുകള്‍ക്കിടയില്‍ ഗതാഗതം നടത്തുന്നതിന് എട്ട് ഹൈ സ്പീഡ് വെസ്സലുകള്‍ (ഹൈ സ്പീഡ് ക്രാഫ്റ്റ്) ഉണ്ട്. ഏറ്റവും വലിയ ഹൈ സ്പീഡ് വെസ്സലിന് 150 യാത്രക്കാരെയും കൊണ്ട് യാത്ര ചെയ്യാം. ഈ ഹൈ സ്പീഡ് വെസ്സലുകളാണ് ഒരു പരിധി വരെ ദ്വീപുകള്‍ തമ്മിലുള്ള ദൂരം കുറക്കുന്നത്. ഈ വെസ്സലുകള്‍ക്ക് പക്ഷേ മണ്‍സൂണ്‍ കാലത്ത് സര്‍വീസുകള്‍ നടത്താന്‍ സാധിക്കില്ല.
കേരളത്തിലെ ഏകദേശം അതേ കാലാവസ്ഥയാണ് ലക്ഷദ്വീപിലും. മെയ് 15 മുതല്‍ സെപ്തംബര്‍ 15 വരെയാണ് ഔദ്യോഗികമായി ലക്ഷദ്വീപിലെ മണ്‍സൂണ്‍ കാലം. പണ്ട് മംഗലാപുരത്തേക്കും തിരിച്ചും യാത്ര ചെയ്യുന്ന ഓടങ്ങള്‍ മാത്രമുണ്ടായിരുന്ന കാലത്ത് മണ്‍സൂണില്‍ ദ്വീപുകള്‍ പൂര്‍ണമായും ഒറ്റപ്പെടുമായിരുന്നു. അപ്പോള്‍ നല്ല കാലാവസ്ഥയില്‍ കൊണ്ട് വന്നു സ്റ്റോക്ക് ചെയ്ത ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിച്ചാണ് ജീവിതം മുന്നോട്ട് പോയിരുന്നത്. ലക്ഷദ്വീപില്‍ ദ്വീപുകള്‍ക്കിടയില്‍ ഗതാഗതം നടത്തുന്നതിന് എട്ട് ഹൈ സ്പീഡ് വെസ്സലുകള്‍ (ഹൈ സ്പീഡ് ക്രാഫ്റ്റ്) ഉണ്ട്. ഏറ്റവും വലിയ ഹൈ സ്പീഡ് വെസ്സലിന് 150 യാത്രക്കാരെയും കൊണ്ട് യാത്ര ചെയ്യാം. ഈ ഹൈ സ്പീഡ് വെസ്സലുകളാണ് ഒരു പരിധി വരെ ദ്വീപുകള്‍ തമ്മിലുള്ള ദൂരം കുറക്കുന്നത്. ഈ വെസ്സലുകള്‍ക്ക് പക്ഷേ മണ്‍സൂണ്‍ കാലത്ത് സര്‍വീസുകള്‍ നടത്താന്‍ സാധിക്കില്ല. അത് കൊണ്ട് തന്നെ അവയെല്ലാം മെയ് പതിനഞ്ചോടെ തിരിച്ച് കൊച്ചിയില്‍ പോകും. അത് കൊണ്ട് തന്നെയാണ് മണ്‍സൂണ്‍ സീസണില്‍ ദ്വീപുകള്‍ ഭയങ്കരമായ ഒറ്റപ്പെടലുകള്‍ നേരിടുന്നത്.
അവശ്യ സാധനങ്ങള്‍ ലഭിക്കാതെ ക്ഷാമത്തിലേക്ക് പോയിരുന്ന പഴയ കാല മണ്‍സൂണുകളില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ഈ കാലഘട്ടവും. ഞാനിതെഴുതുമ്പോള്‍ ഇവിടെ ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയില്‍ ചെറുനാരങ്ങയും മുട്ടയും ലഭിക്കാതെയായിട്ട് നാല് ദിവസമായി. വന്‍കരയില്‍ നിന്നും സമയത്ത് തീറ്റ ലഭിക്കില്ല എന്നുറപ്പായതോടെ പൂര്‍ണ വളര്‍ച്ചയെത്താത്ത കോഴികളെ റോഡരികില്‍ വില്‍പനക്ക് വെച് കാത്തിരിക്കുകയാണ് കോഴിക്കര്‍ഷകര്‍. ഇടക്കിടക്കുണ്ടാകുന്ന കാലാവസ്ഥാ മുന്നറിയിപ്പില്‍ മത്സ്യബന്ധനവും തടസ്സപ്പെടുന്നതോടെ ആകെ കിട്ടുന്ന മീനും കിട്ടാതെയാവും. കിട്ടിയായാല്‍ത്തന്നെ വലിയ വിലയും. അക്ഷരാര്‍ത്ഥത്തില്‍ ക്ഷാമത്തിലായിപ്പോകുന്ന ദ്വീപുകളില്‍ പക്ഷെ ഒരു ഭരണകൂട ഇടപെടലുകളും ഉണ്ടാകുന്നില്ല. അവര്‍ അതിന് ശ്രമിക്കുകയുമില്ല. മേലുദ്യോഗസ്ഥന്മാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സുകളിലും അഡ്മിനിസ്‌ട്രേറ്റര്‍ ബംഗ്ലാവിലും ക്ഷാമമൊന്നുമുണ്ടാവില്ല. ഹെലികോപ്റ്റര്‍ പറന്നു പോയിട്ടാണെങ്കിലും അവിടെ എല്ലാം ഉണ്ടാകും. അവരാല്‍ ക്ഷേമമന്വേഷിക്കപ്പെടേണ്ട നാട്ടുകാര്‍ പക്ഷേ ക്ഷാമം നേരിടുകയും ചെയ്യും.
മധ്യപൂര്‍വ്വേഷ്യയില്‍ യുദ്ധം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അവിടെ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ ചെങ്കടലിന്റെ വടക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന ജിബൂട്ടി തുറമുഖം ലക്ഷ്യമാക്കി ഉടനടി പുറപ്പെട്ട എംവി കവരത്തി എന്ന, ലക്ഷദ്വീപുകാര്‍ക്കു വേണ്ടി നിര്‍മിക്കപ്പെട്ട കപ്പല്‍ പക്ഷെ വന്‍കരയില്‍ കുടുങ്ങിക്കിടക്കുന്ന ലക്ഷദ്വീപുകാരെ നാട്ടിലെത്തിക്കാന്‍ ഒരു സര്‍വീസു പോലും അധികം നടത്തുന്നില്ല.
ഇങ്ങനെ പ്രശ്‌നം നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ ലക്ഷദ്വീപ് ഭരണകൂടം എന്തെങ്കിലും പരിഹാര നടപടികള്‍ കൈക്കൊള്ളുമെന്ന് നമുക്ക് തോന്നിയേക്കാം. എന്നാല്‍ ഈ സാഹചര്യത്തില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ കപ്പല്‍ ടിക്കറ്റുകളുടെ വില കൂട്ടിയ ഉത്തരവ് പുറത്തിറക്കുകയാണുണ്ടായത്. അതനുസരിച്ചു ഫസ്റ്റ് ക്ലാസ് ടിക്കറ്റുകള്‍ക്ക് ഏകദേശം ഫ്‌ളൈറ്റ് ടിക്കറ്റിന്റെ റേറ്റ് തന്നെയായി മാറിയിട്ടുണ്ട്. ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതിന്റെ സാങ്കേതികത്വത്തിലേക്കൊക്കെ പോകുന്നതിന് മുന്‍പ് നമ്മള്‍ പരിശോധിക്കേണ്ടത് ഒരു ജനാധിപത്യ രാജ്യത്തെ ഭരണകൂടം ലക്ഷദ്വീപിലെ ജനങ്ങള്‍ വന്‍കരയില്‍ കുടുങ്ങിക്കിടക്കുമ്പോള്‍, കയ്യിലുള്ള പൈസ തീര്‍ന്നു പോയി ഞങ്ങളെ നാട്ടിലെത്തിക്കണമെന്ന്‌ന് അവര്‍ ചാനലുകളില്‍ മുറവിളി കൂട്ടുമ്പോള്‍, എപ്പോഴെങ്കിലും ടിക്കറ്റ് കിട്ടുകയാണെങ്കില്‍ അവര്‍ യാത്ര ചെയ്യേണ്ട കപ്പലുകളുടെ ടിക്കറ്റുകളുടെ വില വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. മധ്യപൂര്‍വ്വേഷ്യയില്‍ യുദ്ധം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അവിടെ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ ചെങ്കടലിന്റെ വടക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന ജിബൂട്ടി തുറമുഖം ലക്ഷ്യമാക്കി ഉടനടി പുറപ്പെട്ട എംവി കവരത്തി എന്ന, ലക്ഷദ്വീപുകാര്‍ക്കു വേണ്ടി നിര്‍മിക്കപ്പെട്ട കപ്പല്‍ പക്ഷെ വന്‍കരയില്‍ കുടുങ്ങിക്കിടക്കുന്ന ലക്ഷദ്വീപുകാരെ നാട്ടിലെത്തിക്കാന്‍ ഒരു സര്‍വീസു പോലും അധികം നടത്തുന്നില്ല. വന്‍കരയില്‍ ടിക്കറ്റിന് ക്യൂ നിന്ന് മലയാള മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്തു പ്രശ്‌നം വഷളായായപ്പോള്‍ അവര്‍ പ്രശ്‌നപരിഹാരത്തിനായി മുഴുവന്‍ ടിക്കറ്റും ഓണ്‍ലൈന്‍ ആക്കി. അതോടെ കപ്പല്‍ ടിക്കറ്റിനു വേണ്ടി ക്യൂ നില്‍ക്കുന്നവരെ കാണാതായി. വന്‍കരയിലെ ഒരു ടിക്കറ്റ് കൗണ്ടര്‍ അടച്ചു പൂട്ടുകയും ചെയ്തു. ഇത്തരം തീരുമാനങ്ങള്‍ അടിച്ചേല്‍പിക്കപ്പെടുമ്പോള്‍ ദ്വീപുകാര്‍ ഇത് ജനാധിപത്യ രാജ്യമാണെന്നുള്ള കാര്യം ഓര്‍ത്തെടുക്കേണ്ടതുണ്ട്.
കപ്പലോട്ടത്തിന്റെ ചരിത്രം
ചരിത്രം പരിശോധിക്കുമ്പോള്‍ കപ്പലുകളുടെ കാര്യത്തില്‍ വലിയൊരു വളര്‍ച്ച സംഭവിച്ചിട്ടുള്ള ഒരു മേഖലയാണ് ലക്ഷദ്വീപിലെ ഗതാഗത മേഖല. എന്നാല്‍ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ തന്നെ ഏകാധിപത്യ ഭരണം നടക്കുന്ന, അതായത് അഡ്മിനിസ്‌ട്രേറ്റര്‍ എന്ന തസ്തികയിലേക്ക് പ്രസിഡന്റ് നിയമിക്കുന്ന ഒരു വ്യക്തി ഭരണം കയ്യാളുന്ന ഒരു സംവിധാനത്തിന്റെ കീഴില്‍ ഈ മേഖല ഒരിക്കല്‍ പോലും കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
1961ല്‍ സര്‍വീസ് ആരംഭിച്ച എംവി അശോക ആണ് ലക്ഷദ്വീപിലെ ആദ്യത്തെ യന്ത്രം ഘടിപ്പിച്ച കപ്പല്‍. 12 യാത്രക്കാര്‍ക്ക് കയറാനുള്ളതായിരുന്നു ആ കപ്പല്‍. അതിന് ശേഷം സീഫോക്‌സ് അടക്കമുള്ള പല ചെറിയ കപ്പലുകളും വന്നു പോയെങ്കിലും 1970 മുതല്‍ 1991 വരെ സര്‍വീസ് നടത്തിയ എംവി അമിനിദിവി എന്ന 242 യാത്രക്കാരെയും 800 മെട്രിക് ടണ്‍ ചരക്കും കയറ്റാന്‍ സാധിക്കുന്ന കപ്പലാണ് പുതിയ ഒരു ദിശ നല്‍കിയ വികസനം എന്ന് വേണമെങ്കില്‍ പറയാം. അറബികളുടെ നാവിക ശാസ്ത്ര തത്വങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി സ്വയം വികസിപ്പിച്ചെടുത്ത നാവിക ശാസ്ത്രത്തിന്റെയും ഉപകരണങ്ങളുടെയും സഹായത്തോടെ വന്‍കരയിലേക്കും മറ്റു ഭൂഖണ്ഡങ്ങളിലേക്കും യാത്ര ചെയ്തിരുന്ന ഒരു ജനത സാങ്കേതിക മികവുള്ള കാറ്റിനെ ഭേദിച്ച് മുന്നേറാന്‍ കരുത്തുള്ള കപ്പല്‍ ആദ്യം അനുഭവിക്കുന്നത് ഈ കാലഘട്ടത്തിലാണ്.
പിന്നീട് 1980കളില്‍ കേന്ദ്രസര്‍ക്കാര്‍ ടിപ്പു സുല്‍ത്താന്‍, ഭാരത് സീമ, ദ്വീപ് സേതു എന്നീ മൂന്ന് കപ്പലുകള്‍ ലക്ഷദ്വീപില്‍ സര്‍വീസ് നടത്തുന്നതിന് വേണ്ടി നല്‍കുകയുണ്ടായി. ദ്വീപുകളില്‍ ഈ കപ്പലോടിയത് ഒരു കാലഘട്ടമായി കണക്കാക്കപ്പെടുന്നു. രണ്ടായിരാമാണ്ട് വരെ ഈ കപ്പലുകള്‍ സര്‍വീസ് നടത്തിയിരുന്നു. ഏകദേശം ഇരുപത് കൊല്ലം. ഗതാഗത മേഖലയിലെ ടിപ്പുസുല്‍ത്താന്‍ കാലഘട്ടമെന്നാണ് തമാശയായിട്ടാണെങ്കിലും ദ്വീപുകളില്‍ ഈ കാലഘട്ടം അറിയപ്പെടുന്നത്. ഈ കാലഘട്ടത്തില്‍ കപ്പലുകള്‍ കുറവായിരുന്നെങ്കിലും കപ്പല്‍ ഗതാഗത മേഖലയില്‍ പ്രാവീണ്യമുള്ള അലി മണിക്ഫാന്‍ എന്ന മിനിക്കോയ് സ്വദേശിയാണ് തുറമുഖ വകുപ്പ് മേധാവിയായി ജോലി ചെയ്തത്. ഇത്രയധികം സൗകര്യങ്ങളും അത്യാധുനിക കപ്പലുകളും ഉണ്ടായിട്ടും ഐഎഎസ് അല്ലെങ്കില്‍ ഡാനിപ്‌സ് ഓഫീസര്‍മാര്‍ തുറമുഖ വകുപ്പ് മേധാവിയായിട്ടും രണ്ടു മാസത്തേക്ക് മാത്രം മുന്‍കൂര്‍ കപ്പല്‍ ഷെഡ്യൂളുകള്‍ തയ്യാറാക്കാനേ ഇപ്പോള്‍ സാധിക്കുന്നുള്ളൂ. എന്നാല്‍ അലി മണിക്ഫാന്‍ തുറമുഖ വകുപ്പ് മേധാവിയായിരുന്ന കാലത്ത് ഒരു വര്‍ഷത്തെ ഷെഡ്യൂള്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ച് അത് പ്രകാരം കപ്പലുകള്‍ സര്‍വീസ് നടത്തിയിരുന്നു. കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തേണ്ട സമയം നേരത്തെ നിശ്ചയിക്കാമെന്നും അതനുസരിച്ച് ഷെഡ്യൂളുകള്‍ തയ്യാറാക്കിയാല്‍ വളരെ കാര്യക്ഷമമായി കപ്പലുകളോടിക്കാന്‍ സാധിക്കുമെന്നും അറിയുന്ന ഒരാളായിരുന്നു അദ്ദേഹം. ഇന്ന് ദ്വീപുകളെക്കുറിച്ചും കപ്പലുകളെക്കുറിച്ചും ഒരു ധാരണയുമില്ലാത്ത ഉദ്യോഗസ്ഥരാണ് തുറമുഖ വകുപ്പിനെ നിയന്ത്രിക്കുന്നത്.
2007ല്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ യാത്രാക്കപ്പലുകളില്‍ ഒന്നായ, 700 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാനും 160 മെട്രിക് ടണ്‍ ചരക്ക് കയറ്റാനും സാധിക്കുന്ന എംവി കവരത്തി എന്ന കപ്പലിന്റെ വരവോടെ ഗതാഗത മേഖല എന്നെന്നേക്കുമായി പ്രശ്‌നരഹിതമായി മാറുമെന്ന് ലക്ഷദ്വീപില്‍ വലിയൊരു പ്രതീക്ഷയുണ്ടായി. അന്ന് ജനതാദള്‍ യുണൈറ്റഡിന്റെ ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച ലക്ഷദ്വീപിലെ കോണ്‍ഗ്രസ് വിരുദ്ധ ചേരിയുടെ നേതാവുമായിരുന്ന പാര്‍ലമെന്റംഗം പി. പൂക്കുഞ്ഞിക്കോയ ഇതിനെ വിശേഷിപ്പിച്ചത് വികസന വിസ്‌ഫോടനമെന്നായിരുന്നു. അതിന് ശേഷം 400 യാത്രക്കാരെ താങ്ങാന്‍ ശേഷിയുള്ള രണ്ടു കപ്പലുകളും 250 യാത്രക്കാരെ താങ്ങാന്‍ ശേഷിയുള്ള രണ്ടു കപ്പലുകളും ലക്ഷദ്വീപിലെ ഗതാഗത മേഖലയിലേക്ക് കടന്നു വന്നു. 2015 എത്തുമ്പോഴേക്കും ഏഴു കപ്പലുകളും ദ്വീപുകള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്ന എട്ട് ഹൈ സ്പീഡ് വെസ്സലുകളും ഉണ്ടായിരുന്നു. എന്നാല്‍ വിരോധാഭാസം എന്തെന്നാല്‍ അന്നും ലക്ഷദ്വീപിലെ ഗതാഗത മേഖലയില്‍ ഇത്ര രൂക്ഷമല്ലാത്തതാണെങ്കിലും പ്രതിസന്ധികള്‍ നിലനിന്നിരുന്നു. വളരെ അശാസ്ത്രീയമായ ഷെഡ്യൂളുകള്‍ ആയിരുന്നു കാരണം. വിവാദ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ചാര്‍ജെടുത്തതിന് ശേഷം കൂനിന്മേല്‍ കുരു എന്ന പോലെ അത്ര ചെറുതല്ലാത്ത പ്രതിസന്ധികള്‍ നേരിട്ട് കൊണ്ടിരുന്ന ഗതാഗത മേഖല അതിരൂക്ഷമായ പ്രതിസന്ധികള്‍ക്ക് സാക്ഷിയായിക്കൊണ്ടിരിക്കുകയാണ്.
കപ്പലിന്റെ അറ്റകുറ്റപ്പണികളും കെടുകാര്യസ്ഥതയും
എല്ലാ കാലാവസ്ഥയിലും സര്‍വീസ് നടത്താനുതകുന്ന അഞ്ച് കപ്പലുകളുണ്ടായിട്ടും എന്തുകൊണ്ടാണ് സര്‍വീസ് നടത്തുന്ന കപ്പലുകളുടെ എണ്ണം രണ്ടും ഒന്നുമായി ചുരുങ്ങുന്നത് എന്നത് പരിശോധിച്ചാല്‍ ലക്ഷദ്വീപില്‍ തുറമുഖ വകുപ്പും അവര്‍ കപ്പലുകളുടെ സര്‍വീസും അറ്റകുറ്റപ്പണികളും നോക്കി നടത്താന്‍ ഏല്‍പിച്ചു നല്‍കുന്ന ലക്ഷദ്വീപ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ എന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ഉടമസ്ഥതയിലുള്ള കമ്പനിയും ചേര്‍ന്ന് നടത്തുന്ന കെടുകാര്യസ്ഥതയുടെയും അഴിമതികളുടെയുമൊക്കെ യഥാര്‍ത്ഥ ചിത്രം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.
കരയിലോടുന്ന വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കപ്പലുകളുടെ അറ്റകുറ്റപ്പണി പദ്ധതി മുന്‍കൂട്ടി തയ്യാറാക്കാവുന്നതാണ്. കപ്പലിന്റെ നിയന്ത്രണവും അറ്റകുറ്റപ്പണികളും നടത്തുന്നതില്‍ ആഗോള തലത്തില്‍ തന്നെ വളരെ ഏകോപനമുള്ള സംവിധാനങ്ങളുണ്ട്. 1912ലെ ടൈറ്റാനിക് കപ്പല്‍ അപകടത്തിന് ശേഷം 1914ല്‍ കപ്പല്‍ ഗതാഗതത്തിലേര്‍പ്പെട്ടിരുന്ന ചില രാജ്യങ്ങള്‍ ഒരു സന്ധിയിലേര്‍പ്പെടുന്നു. അതാണ് SOLAS (Safety Of Life At Sea ) കണ്‍വെന്‍ഷന്‍. ഈ കണ്‍വെന്‍ഷന്റെ അടിസ്ഥാനത്തില്‍ കപ്പല്‍ ഗതാഗത മേഖലയില്‍ പാലിച്ചിരിക്കേണ്ട അടിസ്ഥാന സുരക്ഷാ സംവിധാനങ്ങള്‍ അടക്കമുള്ള ചില കാര്യങ്ങളില്‍ ധാരണയിലെത്തുന്നു. ഇതാണ് പിന്നീട് സമുദ്ര ഗതാഗത മേഖലയിലുള്ള സുരക്ഷയെ സംബന്ധിച്ചും മറ്റുമുള്ള എല്ലാ നിയമങ്ങളുടെയും കണ്‍വെന്‍ഷനുകളുടേയുമൊക്കെ അടിസ്ഥാനം. 1948ല്‍ ഐക്യരാഷ്ട്രസഭയുടെ കീഴില്‍ ഒരു പ്രത്യേക ഏജന്‍സിയായി IMO (ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ ) രൂപപ്പെടുകയും SOLAS കണ്‍വെന്‍ഷന്‍ ഈ സംഘടന അംഗീകരിക്കുകയും ചെയ്തു. പിന്നീട് ഒരുപാട് മാറ്റങ്ങള്‍ക്ക് വിധെയമായ SOLAS ഇന്ന് IMOയുടെ കീഴില്‍ ഏറ്റവും പുതുക്കിയ രൂപത്തില്‍ ലോകമൊട്ടാകെയുള്ള സമുദ്ര ഗതാഗതത്തെ നിയന്ത്രിക്കുന്നു. ഇന്ത്യയില്‍ IMO യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത് MMD (Mercantile Marine Department) യാണ്. അവര്‍ IRS (Indian Registry of Shipping) എന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ സഹായത്തോടെ എല്ലാ കപ്പലുകളുടെയും പരിശോധനകള്‍ സമയാ സമയങ്ങളില്‍ സുരക്ഷയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ കാര്യങ്ങളില്‍ നടത്തുകയും യാത്രക്കനുയോജ്യമാണെങ്കില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്യുന്നു. എംഎംഡിയുടെ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ ഇന്ത്യയിലെ ഒരു കപ്പലിന് യാത്ര ചെയ്യാന്‍ സാധിക്കൂ.
മാസങ്ങളൊന്നും ആവശ്യമില്ലെങ്കിലും എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ യാത്രാക്കപ്പലുകള്‍ക്ക് ഷിപ്പ് യാര്‍ഡുകളില്‍ കാത്തുകിടക്കേണ്ടി വരുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ലക്ഷദ്വീപ്, ആന്‍ഡമാന്‍ പ്രദേശങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്ന കപ്പലുകളുടെ പരിശോധനയുമായി ബന്ധപ്പെട്ട് എംഎംഡി ഒരു പ്രത്യേക സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.
പ്രധാനമായും രണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ക്കാണ് ലക്ഷദ്വീപിന്റെ പശ്ചാത്തലത്തില്‍ പ്രാധാന്യമുള്ളത്. ഒന്ന് 'ബി' സര്‍ട്ടിഫിക്കറ്റ് ആണ്. അത് ഓരോ യാത്ര പുറപ്പെടുന്നതിന് മുന്‍പും എംഎംഡി പരിശോധിച്ച് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്. പിന്നെയുള്ളത് 'എ' സര്‍ട്ടിഫിക്കറ്റ് ആണ്. അതായത് എല്ലാ വര്‍ഷവും ഈ സര്‍ട്ടിഫിക്കറ്റ് പുതിക്കിക്കൊണ്ടിരിക്കണം. 'എ' സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നതിന് മുന്‍പ് എംഎംഡി കപ്പലിനെ വിശദമായി പരിശോധിക്കും. അതിനുള്ള എല്ലാ തയ്യാറെടുപ്പും നടത്തുന്നതിന് വേണ്ടിയാണ് കപ്പല്‍ മാസങ്ങളോളം ഷിപ്പ്‌യാര്‍ഡുകളില്‍ കൊണ്ടിടുന്നത് എന്നാണ് ഭരണകൂടത്തിന്റെ വാദം. എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. മാസങ്ങളൊന്നും ആവശ്യമില്ലെങ്കിലും എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ യാത്രാക്കപ്പലുകള്‍ക്ക് ഷിപ്പ് യാര്‍ഡുകളില്‍ കാത്തുകിടക്കേണ്ടി വരുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ലക്ഷദ്വീപ്, ആന്‍ഡമാന്‍ പ്രദേശങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്ന കപ്പലുകളുടെ പരിശോധനയുമായി ബന്ധപ്പെട്ട് എംഎംഡി ഒരു പ്രത്യേക സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. കപ്പലോടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ഘട്ടംഘട്ടങ്ങളായി പരിശോധന നടത്താന്‍ ഈ സര്‍ക്കുലറിലൂടെ എംഎംഡി നിര്‍ദേശിക്കുന്നു. ഒന്നോ രണ്ടോ ദിവസം മാത്രം ഷിപ്പ് യാര്‍ഡുകളില്‍ ചെലവഴിച്ചുകൊണ്ട് കപ്പലുകള്‍ക്ക് ഇതിലൂടെ സര്‍ട്ടിഫിക്കറ്റ് നേടാനാകും. ഒരേ സമയം എല്ലാ കപ്പലുകളും സര്‍വീസ് നടത്താന്‍ സാധിക്കുകയും ചെയ്യും. എന്നാല്‍ എംഎംഡിയുടെ ഇത്തരമൊരു നിര്‍ദേശം നിലവിലുണ്ടായിട്ടും അതൊന്നും പാലിക്കാതെ അറ്റകുറ്റപ്പണികള്‍ക്കെന്ന പേരില്‍ മാസങ്ങളോളം ബോംബെയിലെയും കൊച്ചിയിലെയും ഷിപ്പ്‌യാര്‍ഡുകളില്‍ കപ്പലുകള്‍ കെട്ടിക്കിടക്കുമ്പോള്‍ ആര് ആര്‍ക്കാണ് കമ്മീഷന്‍ കൊടുക്കുന്നത് എന്ന കാര്യം അന്വേഷിക്കപ്പെടേണ്ടതാണ്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനും തമ്മില്‍ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടിയുള്ള ധാരണാപത്രം നിലനില്‍ക്കുമ്പോള്‍ കപ്പലുകള്‍ ബോംബെ ഷിപ്പ്‌യാര്‍ഡില്‍ കൊണ്ട് പോകുന്നതിലും ദുരൂഹതയുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. ഏകദേശം 300 കോടിയോളം രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപിലെ ഗതാഗത മേഖലയിലേക്ക് ഒരു വര്‍ഷം കൊടുക്കുന്നത് അതില്‍ കൂടുതലും അറ്റകുറ്റപ്പണികള്‍ക്കും കുറച്ച് കപ്പല്‍ സര്‍വീസിനും ഉപയോഗിക്കുന്ന തരത്തിലുള്ള ധൂര്‍ത്താണ് ഈ മേഖലയില്‍ ഇന്ന് നടന്നു കൊണ്ടിരിക്കുന്നത്. ഇത്തരമൊരു വീക്ഷണ കോണിലൂടെ നോക്കുമ്പോള്‍ ലക്ഷദ്വീപുകാര്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ ഭരണകൂടം അവരുടെ കെടുകാര്യസ്ഥത കൊണ്ട് നിര്‍മിച്ചെടുക്കുന്നതെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുക.
മാറാരോഗത്തിന്റെ ലക്ഷണങ്ങള്‍
ലക്ഷദ്വീപിലെ ഗതാഗത മേഖലയിലെ പ്രശ്‌നം യഥാര്‍ത്ഥത്തില്‍ ഗതാഗത മേഖലയിലെ മാത്രം പ്രശ്‌നമല്ല. ലക്ഷദ്വീപില്‍ വന്‍കരയിലേക്ക് നിരന്തരമായി യാത്ര ചെയ്യുന്നവരില്‍ കൂടുതലും ചികിത്സക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും വേണ്ടി യാത്ര ചെയ്യുന്നവരാണ്. ലക്ഷദ്വീപില്‍ തുറമുഖ വകുപ്പ് പോലെ തന്നെ ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പുമുണ്ട്. ആരോഗ്യ വകുപ്പ് വളരെ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുകയും നല്ല സൗകര്യങ്ങളുള്ള ഹോസ്പിറ്റലുകള്‍ നിര്‍മിക്കുകയും ചെയ്തിരുന്നെങ്കില്‍ ഇത്രയധികം ആളുകള്‍ക്ക് ചികിത്സക്ക് വേണ്ടി വന്‍കരയിലേക്ക് പോകേണ്ടി വരില്ലായിരുന്നു. അതുകൊണ്ട് തന്നെ ചികിത്സക്ക് പോകുന്നവരുടെ തിരക്ക് കുറക്കാമായിരുന്നു. വിദ്യാഭ്യാസ വകുപ്പ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുകയും കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നെങ്കില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും കുറഞ്ഞേനെ. അവശ്യ സാധനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് പച്ചക്കറികളും ഭക്ഷ്യവസ്തുക്കളുമാണ്. ലക്ഷദ്വീപില്‍ നിലവിലുള്ള കൃഷിവകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഭക്ഷ്യ വസ്തുക്കള്‍ക്ക് വേണ്ടി ഇത്രമേല്‍ കപ്പലുകളെ ആശ്രയിക്കേണ്ടി വരില്ലായിരുന്നു. കപ്പലുകളെത്തിയില്ലെങ്കിലും അവശ്യസാധനങ്ങള്‍ ലഭിക്കുമായിരുന്നു. ലക്ഷദ്വീപിലെ ഗതാഗത മേഖലയിലെ പ്രതിസന്ധിയിലൂടെ വെളിപ്പെടുന്നത് കഴിഞ്ഞ എഴുപത് വര്‍ഷത്തോളമായി തുടരുന്ന ഏകാധിപത്യ ഭരണസംവിധാനത്തിലൂടെ ഉദ്യോഗസ്ഥ മേധാവികള്‍ ഭരിച്ചു നശിപ്പിച്ച ഒരു പ്രദേശം എല്ലാ മേഖലകളിലുമായി നേരിടുന്ന വലിയ പ്രശ്‌നങ്ങളുടെ ചെറിയൊരംശം മാത്രമാണ്. ബാക്കിയുള്ള മേഖലകളിലെ കാര്യക്ഷമതയില്ലായ്മ ഗതാഗത മേഖലയ്ക്ക് നല്‍കുന്ന സമ്മര്‍ദ്ദമാണ് നമ്മളീ കാണുന്ന പ്രശ്‌നത്തിന്റെ കാതല്‍.