
പ്രവര്‍ത്തനം തുടങ്ങാനിരുന്ന കര്‍മ്മ ന്യൂസിന്റെ സാറ്റലൈറ്റ് ചാനലായ പ്രജ്ഞാ ന്യൂസില്‍ കൂട്ടപ്പിരിച്ചുവിടല്‍. പതിനൊന്ന് മാധ്യമപ്രവര്‍ത്തകര്‍ അടക്കം 16 പേരെയാണ് വെറും പത്ത് ദിവസത്തെ നോട്ടീസില്‍ പിരിച്ചുവിട്ടിരിക്കുന്നത്. ഒന്‍പത് മാധ്യമപ്രവര്‍ത്തകരെയും രണ്ട് വീഡിയോ എഡിറ്റര്‍മാരെയും രണ്ട് ഗ്രാഫിക് ഡിസൈനര്‍മാരെയും രണ്ട് മാര്‍ക്കറ്റിംഗ് ജീവനക്കാരെയും ഒരു ക്യാമറമാനെയുമാണ് പിരിച്ചു വിട്ടത്. സാമ്പത്തിക പരാധീനത ചൂണ്ടിക്കാട്ടി മറ്റൊരു ജോലി അന്വേഷിക്കാനുള്ള സമയം പോലും നല്‍കാതെ പിരിച്ചു വിടുകയായിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ ദ ക്യുവിനോട് പറഞ്ഞു. വിഷയത്തെക്കുറിച്ച് വിശദമായി അറിയില്ലെന്നായിരുന്നു എച്ച്ആര്‍ മാനേജര്‍ അഭിലന്ദിന്റെ പ്രതികരണം. ചാനലിന്റെ നടപടിക്കെതിരെ ജീവനക്കാര്‍ സമരത്തിന് ഒരുങ്ങുകയാണ്. ഒരു ലക്ഷത്തിലധികം ശമ്പളം വാങ്ങുന്ന ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍മാരെയടക്കം ചിലരെ നിലനിര്‍ത്തിക്കൊണ്ട് ന്യൂസ് എഡിറ്റര്‍ അടക്കമുള്ള പോസ്റ്റുകളില്‍ ജോലി ചെയ്തവരെ പുറത്താക്കിയിരിക്കുകയാണ് പ്രജ്ഞ ന്യൂസ്. സാമ്പത്തിക പരാധീനത പറയുന്നുണ്ടെങ്കിലും വലിയ തുക ശമ്പളമായി വാങ്ങുന്നവരെ നിലനിര്‍ത്തിയിട്ടുണ്ട്. ഇത് പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനായാണെന്ന് പിരിച്ചുവിടപ്പെട്ടവര്‍ ആരോപിക്കുന്നു. ചാനലിന്റെ സൗത്ത് ഇന്ത്യ എക്‌സിക്യൂട്ടീവ് ബിസിനസ് അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കപ്പെട്ട സ്വപ്‌ന സുരേഷിനെയും പിരിച്ചുവിട്ടിട്ടുണ്ട്.
പിരിച്ചുവിടല്‍ നോട്ടീസ് കിട്ടിയതിന് ശേഷം ചാനല്‍ സിഇഒ സോംദേവ്, എച്ച്ആര്‍ തലവന്‍ ടിംസണ്‍ തുടങ്ങിയവരെ ജീവനക്കാര്‍ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. മെയ് 21നാണ് ഇവര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് കിട്ടിയത്. അഞ്ച് വര്‍ഷത്തേക്ക് കമ്പനിക്കെതിരെ പ്രവര്‍ത്തിക്കില്ലെന്ന് ഒപ്പിട്ട് നല്‍കണമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് 28-ാം തിയതി മറ്റൊരു മെയില്‍ കൂടി നല്‍കിയതായും ജീവനക്കാര്‍ പറയുന്നു. ജില്ലാ ലേബര്‍ ഓഫീസര്‍ക്കും കെയുഡബ്ല്യുജെയ്ക്കും പിരിച്ചുവിടപ്പെട്ടവര്‍ പരാതി നല്‍കിയിട്ടുണ്ട്. മതിയായ നഷ്ടപരിഹാരം നല്‍കാതെയും പുതിയ ജോലി അന്വേഷിക്കാന്‍ സമയം പോലും നല്‍കാതെയും മാധ്യമപ്രവര്‍ത്തകരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള തീരുമാനം തൊഴിലാളി വിരുദ്ധമാണെന്നും പ്രതിഷേധകരമാണെന്നും കാട്ടി കെയുഡബ്ല്യുജെ ചാനലിനോട് വിശദീകരണം ചോദിച്ചിരുന്നു. തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ കഴിയില്ലെന്ന മറുപടിയാണ് പ്രജ്ഞ ന്യൂസ് നല്‍കിയത്. പിരിച്ചുവിടേണ്ടി വന്നത് സാമ്പത്തിക പരാധീനത മൂലമാണെന്ന് ഈ മറുപടിയിലും ചാനല്‍ ആവര്‍ത്തിക്കുന്നു.
മാധ്യമപ്രവര്‍ത്തകരുടെ കരിയര്‍ തകര്‍ക്കുന്ന നടപടി; കെയുഡബ്ല്യുജെ
പ്രജ്ഞാ ന്യൂസിന്റേത് മാധ്യമപ്രവര്‍ത്തകരുടെ കരിയര്‍ തകര്‍ക്കുന്ന നടപടിയാണെന്ന് കെയുഡബ്ല്യുജെ ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ ദ ക്യൂവിനോട് പ്രതികരിച്ചു. തൊഴിലാളികള്‍ക്കുണ്ടായ പ്രതിസന്ധിയില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കും. ചാനല്‍ എച്ച്ആറുമായി സംസാരിച്ചപ്പോള്‍ കൃത്യമായ മറുപടിയല്ല ലഭിച്ചത്. വഞ്ചനാപരമായ നിലപാടാണ് ചാനല്‍ സ്വീകരിച്ചത്. മനഃപൂര്‍വ്വം ജേണലിസ്റ്റുകളുടെ കരിയര്‍ നശിപ്പിക്കുന്ന സമീപനമാണ് ഉണ്ടായിരിക്കുന്നത്. ഒരു തൊഴില്‍ പ്രശ്‌നം മാത്രമല്ല. മറ്റു മേഖലകള്‍ പോലെയല്ല, ഒരു ജേണലിസ്റ്റിന് മറ്റൊരു പ്ലാറ്റ്‌ഫോം തുറക്കണമെങ്കില്‍ മുന്‍പരിചയവും മുന്‍പ് പ്രവര്‍ത്തിച്ച സ്ഥാപനത്തിന്റെ പ്രൊഫൈല്‍ നോക്കുമ്പോളും ഇങ്ങനെയുള്ള സ്ഥിതിയുണ്ടായാല്‍ വേറൊരു സ്ഥലത്ത് ജോലിയെന്നത് ബുദ്ധിമുട്ടാണ്. ടെര്‍മിനേഷന്‍ എന്നത് മറ്റൊരിടത്ത് സമീപിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കുകയാണ്. നിയമ നടപടികള്‍ക്ക് പുറമേ പ്രത്യക്ഷത്തിലുള്ള സമര പരിപാടികള്‍ ആലോചിക്കുമെന്നും സുരേഷ് എടപ്പാള്‍ പറഞ്ഞു.
ഈ വര്‍ഷം തുടക്കത്തില്‍ ചാനല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നായിരുന്നു കര്‍മ്മ ന്യൂസ് അറിയിച്ചിരുന്നത്. അതിനായി കൊച്ചി, വെണ്ണലയില്‍ സ്റ്റുഡിയോ അടക്കം സജ്ജമാക്കിയിരുന്നു. ഇതിനിടെ കഴിഞ്ഞ ഏപ്രിലില്‍ ചാനല്‍ സിഇഒ പി ആര്‍ സോംദേവിനെ പുറത്താക്കിയതായി കര്‍മ്മ ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു. ചാനല്‍ സ്റ്റുഡിയോയുടെ നിര്‍മാണം ഏകദേശം പൂര്‍ത്തിയാകുകയും ജീവനക്കാരുടെ റിക്രൂട്ട്‌മെന്റ് നടപടികള്‍ പുരോഗമിക്കുകയും ചെയ്യുന്നതിനിടെയായിരുന്നു നടപടി. പിന്നീട് പ്രജ്ഞ ന്യൂസ് എന്ന് ചാനലിന്റെ പേര് മാറ്റിയിരുന്നു. ജനുവരിയില്‍ നിയമനം ലഭിച്ച മാധ്യമപ്രവര്‍ത്തകർക്കായി ഒബെറോണ്‍ മാളിലെ മുറികളിലായിരുന്നു ആദ്യം സൗകര്യം ഒരുക്കിയത്. പിന്നീട് വെണ്ണലയിലെ സ്റ്റുഡിയോയിലേക്ക് മാറ്റി. മൂന്ന് നിലയില്‍ ഒരുക്കിയ സ്റ്റുഡിയോയുടെ പണികള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ ജീവനക്കാരെ ഇങ്ങോട്ടേക്ക് മാറ്റുകയായിരുന്നു. കര്‍മ്മ ന്യൂസിന്റെ ഓണ്‍ലൈന്‍ വാര്‍ത്തകളും മറ്റുമായിരുന്നു ഇവര്‍ ഇക്കാലയളവില്‍ ചെയ്തിരുന്നത്.
മാനേജ്‌മെന്റില്‍ ഉണ്ടായ തര്‍ക്കങ്ങള്‍ക്ക് പിന്നാലെ കമ്പനിയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. രണ്ട് മാധ്യമപ്രവര്‍ത്തകര്‍ ഇതിനിടെ രാജി വെച്ചു. മറ്റുള്ളവര്‍ ജോലിയൊന്നുമില്ലാതെ ഇരിക്കേണ്ടി വരുന്ന സാഹചര്യവും ഇതിനിടെയുണ്ടായി. ജീവനക്കാരില്‍ നിന്ന് ആധാര്‍, പാന്‍കാര്‍ഡ് വിവരങ്ങളും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് വിവരങ്ങളും ശേഖരിക്കുകയും ഐഡന്റിറ്റി കാര്‍ഡ് തയ്യാറാക്കുകയും ചെയ്തതിന് ശേഷം പെട്ടെന്നാണ് പിരിച്ചുവിട്ടതായി കാട്ടി ഇവര്‍ക്ക് എച്ച്ആര്‍ വിഭാഗത്തില്‍ നിന്ന് മെയില്‍ ലഭിച്ചത്. മെയ് 31ന് ജീവനക്കാരുടെ സേവനം മതിയാക്കുന്നുവെന്നായിരുന്നു സന്ദേശത്തില്‍ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിഇഒയുമായി ജീവനക്കാര്‍ ചര്‍ച്ച നടത്തിയത്. ആറ് മാസത്തെ നഷ്ടപരിഹാരം അവര്‍ ആവശ്യപ്പെട്ടു. പിന്നീട് ഇത് മൂന്ന് മാസമാക്കി കുറക്കാന്‍ ജീവനക്കാര്‍ തയ്യാറായെങ്കിലും നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്നതായിരുന്നു കമ്പനിയുടെ നിലപാട്. സ്വപ്‌ന സുരേഷ് കമ്പനിക്കെതിരെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടിരുന്നെങ്കിലും പിന്നീട് അത് നീക്കം ചെയ്തു. ജീവനക്കാരെ പിരിച്ചു വിട്ടതുമായി ബന്ധപ്പെട്ട് വിശദീകരണത്തിനായി പ്രജ്ഞാ ന്യൂസ് സിഇഒയെയും എച്ച്ആര്‍ മേധാവി ടിംസണെയും ബന്ധപ്പെടാന്‍ ദ ക്യൂ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.