മുസ്ലീം വിരുദ്ധ അജണ്ടയുള്ള ആര്‍.എസ്.എസിനോട് എന്ത് ചര്‍ച്ചയാണ് ജമായത്ത് ഇസ്ലാമിക്ക് നടത്താനുള്ളത്?- സത്താര്‍ പന്തല്ലൂര്‍

മുസ്ലീം വിരുദ്ധ അജണ്ടയുള്ള ആര്‍.എസ്.എസിനോട് എന്ത് ചര്‍ച്ചയാണ് ജമായത്ത് ഇസ്ലാമിക്ക് നടത്താനുള്ളത്?- സത്താര്‍ പന്തല്ലൂര്‍
Summary

'ചര്‍ച്ചയില്‍ പങ്കെടുത്തത് ഇന്ദ്രേഷ് കുമാര്‍ പോലുള്ള ആര്‍ എസ് എസ് ബുദ്ധികേന്ദ്രങ്ങളാണ്. ഇവരുടെ പശ്ചാത്തലമറിയാത്തവരാണോ ചര്‍ച്ചക്ക് പോയത്? ചര്‍ച്ചക്ക് ശേഷവും രണ്ട് മുസ്ലീങ്ങളെ പശുവിന്റെ പേരില്‍ ചുട്ടുകൊന്നു, എന്നിട്ടും ഇനിയും ചര്‍ച്ച തുടരുമെന്നാണവര്‍ പറയുന്നത്'. ജമായത്ത് ഇസ്ലാമി ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തിയതില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ്പ്രസിഡന്റ് സത്താര്‍ പന്തലൂര്‍ നിലപാട് വ്യക്തമാക്കുന്നു.

Q

ആര്‍.എസ്.എസുമായി ജമാഅത്തെ ഇസ്ലാമി ചര്‍ച്ച നടത്തിയ സംഭവത്തില്‍ സമസ്തയുടെ നിലപാട് എന്താണ്?

A

ഇന്ത്യന്‍ മുസ്ലീങ്ങള്‍ സ്വാതന്ത്ര്യാനന്തരം ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്ന സന്ദര്‍ഭമാണ്. അത് ആര്‍.എസ്.എസില്‍ നിന്നുമാണ്. മുസ്ലീങ്ങളെ ശത്രുപക്ഷത്ത് ശക്തമായ വിദ്വേഷപ്രചാരണങ്ങള്‍ക്കാണ് അവര്‍ നേതൃത്വം നല്‍കുന്നത്. അതോടൊപ്പം ഭരണകൂടത്തിന്റെ എല്ലാ സംവിധാനങ്ങളും ഇതിന് വേണ്ടി ഉപയോഗപ്പെടുത്തുന്നു. വളരെ ആസൂത്രിതമായി അവരുടെ മുസ്ലീം വിരുദ്ധ അജണ്ടകള്‍ ഒന്നൊന്നായി നടപ്പാക്കിക്കൊണ്ടിരിക്കുമ്പോള്‍ അവരോട് എന്ത് ചര്‍ച്ചയാണ് നടത്താനുള്ളത്. ഇന്ത്യയില്‍ ചെറിയ തോതിലെങ്കിലും നടന്ന് വരുന്ന ബി ജെ പി വിരുദ്ധ മുന്നേറ്റങ്ങളെ ദുര്‍ബലപ്പെടുത്താനേ ഇത്തരം ചര്‍ച്ചകള്‍ സഹായിക്കൂ. വിഷയങ്ങള്‍ ഭരണകര്‍ത്താകളുമായാണ് ചര്‍ച്ച ചെയ്യേണ്ടത്. ആര്‍.എസ്.എസുമായി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാം എന്ന ധാരണ സമസ്തക്കില്ല. ഇന്ത്യയിലെ മതേതര സമൂഹവുമായും സഹോദര്യത്തില്‍ വിശ്വസിക്കുന്ന സമുദായ സംഘടനകളുമായാണ് ചര്‍ച്ച വേണ്ടത്.

Q

ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരം വിദ്വേഷ പ്രചരണം നടത്തുന്ന ചര്‍ച്ച നടത്തിയാല്‍ പരിഹരിക്കാവുന്നതാണോ ആര്‍.എസ്.എസിന്റെ മുസ്ലിം വിരുദ്ധത?

A

ഒരിക്കലുമില്ല. തെറ്റുദ്ധരിക്കപ്പെട്ടവരാണെങ്കില്‍ സംഭാഷണം കൊണ്ട് ഫലമുണ്ടാവും. ആര്‍. എസ്. എസ് അങ്ങനെയല്ലല്ലൊ. ചര്‍ച്ചയില്‍ പങ്കെടുത്തത് ഇന്ദ്രേഷ് കുമാര്‍ പോലുള്ള ആര്‍ എസ് എസ് ബുദ്ധികേന്ദ്രങ്ങളാണ്. ഇവരുടെ പശ്ചാത്തലമറിയാത്തവരാണോ ചര്‍ച്ചക്ക് പോയത്? ചര്‍ച്ചക്ക് ശേഷവും രണ്ട് മുസ്ലീങ്ങളെ പശുവിന്റെ പേരില്‍ ചുട്ടുകൊന്നു, എന്നിട്ടും ഇനിയും ചര്‍ച്ച തുടരുമെന്നാണവര്‍ പറയുന്നത്. രാജ്യത്ത് വ്യക്തമായ ആരാധനാലയ നിയമം നിലനില്‍ക്കെ കാശി, മഥുര പള്ളി വിഷയത്തില്‍ ചര്‍ച്ച നടത്തുന്നത് ആര്‍ക്കാണ് ഗുണം ചെയ്യുക.

Q

മുസ്ലിംങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആര്‍.എസ്.എസുമായി ചര്‍ച്ച നടത്താന്‍ ജമായത്ത് ഇസ്ലാമിക്ക് എന്താണ് അധികാരമെന്നാണല്ലോ ഒരു വിഭാഗം ഉയര്‍ത്തുന്ന ചോദ്യം. മുസ്ലിം ജനത അവരുടെ രാഷ്ട്രീയ കര്‍തൃത്വം സ്വയം ഏറ്റെടുക്കാന്‍ പാടില്ലെന്നും സംരക്ഷിക്കാന്‍ ഞങ്ങളില്ലേയെന്നാണ് സി.പി.എമ്മിന്റെ നിലപാടെന്നുമാണ് ഇതിനെ പ്രതിരോധിക്കാനുള്ളവരുടെ വാദം. ചര്‍ച്ച ഈ രീതിയിലേക്ക് മാറുന്നത് എന്ത് കൊണ്ടാണ്?

A

മുസ്ലീം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒറ്റക്കും കൂട്ടായും സാധ്യമായ ശ്രമങ്ങളൊക്കെ ആര്‍ക്കും നടത്താം. പക്ഷെ, ഇന്നത്തെ സാഹചര്യത്തില്‍ ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തി അത് പരിഹരിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നത് അബദ്ധമാണ്. വിവാദത്തില്‍ കുരുങ്ങിയപ്പോള്‍ രക്ഷപ്പെടാനും കേരളത്തിലെ പ്രതിപക്ഷത്തെ കൂടെ കൂട്ടുവാനുമാണ് ജമാഅത്ത് നേതൃത്വം വിഷയം വഴിതിരിച്ച് വിടാന്‍ ശ്രമിക്കുന്നത്. ജമാഅത്ത് - സി.പി.എം തര്‍ക്കത്തില്‍ ഞാന്‍ പക്ഷം ചേരുന്നില്ല.

Q

ചര്‍ച്ച കഴിഞ്ഞ ദിവസങ്ങളോളം ഇക്കാര്യം മറച്ചുവെച്ചു. പിന്നീട് ഇംഗ്ലീഷ് പത്രത്തിലൂടെ പുറത്ത് വിട്ടു. പിറ്റേദിവസം മാധ്യമത്തിലും വാര്‍ത്ത വന്നു. എന്തിനായിരിക്കാം ഒളിച്ചുവെച്ചത്?

A

ഫാസിസ്റ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിലെ മുസ്ലീം സംഘടനകള്‍ക്ക് ആവേശം കുറവാണെന്നും അതിന് അവര്‍ ആവിഷ്‌കരിക്കുന്ന ഫോര്‍മുലയിലേക്ക് മറ്റുള്ളവരെ കൊണ്ടുവരാന്‍ എപ്പോഴും പരിശ്രമിക്കുന്നവരാണ് ജമാഅത്ത് നേതൃത്വം. അവര്‍ മറുഭാഗത്ത് ഇത്തരം ഒരു നീക്കം നടത്തുമ്പോള്‍ അത് മറച്ചുവെക്കുക സ്വാഭാവികം.

Q

ഭയം കൊണ്ട് കീഴടങ്ങിയതാണോ. മാധ്യമസ്ഥാപനം ഉള്‍പ്പെടെ ഉള്ളവരുടെ നിലനില്‍പ്പ് പ്രശ്‌നം കൊണ്ടായിരിക്കുമോ?

A

ആര്‍.എസ്. എസിന് എല്ലാ മുസ്ലീങ്ങളും ശത്രുപക്ഷത്താണ്. എന്നാല്‍ ജമാഅത്തെ ഇസ്‌ലാമി, അവരുടെ ആശയപരമായ ചില പ്രശ്നങ്ങള്‍ കൊണ്ടും ഇടപെടല്‍ കൊണ്ടും ആശങ്കപ്പെടുന്നുണ്ടാവാം. അത്തരം കാര്യങ്ങളില്‍ ഒരാശ്വാസം ലഭിക്കാന്‍ നിവൃത്തികേടുകൊണ്ട് ചര്‍ച്ചയില്‍ പങ്കെടുത്തതുമാവാം.

Q

ന്യൂനപക്ഷ വോട്ടുകള്‍ മോദിക്കെതിരെ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏകീകരിക്കപ്പെട്ടുവെന്നായിരുന്നല്ലോ രാഷ്ട്രീയ വിലയിരുത്തലുകള്‍. ഇത്തവണ ന്യൂനപക്ഷത്തെ കൂടെ നിര്‍ത്താന്‍ ബി.ജെ.പി നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ആ നീക്കത്തിന്റെ ഭാഗമായിരിക്കുമോ ഈ ചര്‍ച്ച?

A

വോട്ടുകള്‍ ഏകീകരിക്കുന്നതിനപ്പുറം ഇന്ത്യയില്‍ സംഘ് പരിവാറിന്റെ വിദ്വേഷ പ്രചാരണവും ന്യുനപക്ഷങ്ങള്‍ക്കെതിരായ നിരന്തര അക്രമങ്ങളും ആഗോളതലത്തില്‍ തന്നെ ഇന്ത്യയുടെ പ്രതിഛായ കളങ്കപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ മുസ്ലിം സംഘടനകളുമായി നല്ല ബന്ധത്തിലാണെന്ന ഒരു സന്ദേശം പ്രചരിക്കല്‍ ആര്‍ എസ് എസ് ആഗ്രഹിക്കുന്നുണ്ടാവും.

Q

ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താനുള്ള ശ്രമം വരുന്ന തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ?

A

സംഘ് പരിവര്‍ ഭരണകൂടത്തെ താഴെയിറക്കാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ മുന്നൊരുക്കങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ട്. അത് ന്യൂനപക്ഷങ്ങള്‍ സ്വാഭാവികമായും ഏറ്റെടുക്കുകയും ചെയ്യും. എങ്കിലും ചിലരെ തെറ്റുദ്ധരിപ്പിച്ച് കൂടെ നിര്‍ത്താന്‍ ബി.ജെ.പിക്ക് സാധിച്ചേക്കാം. പക്ഷെ ഇത്തരം ചര്‍ച്ചാ നാടകങ്ങളൊന്നും തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യില്ല.

Related Stories

No stories found.
logo
The Cue
www.thecue.in