ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്; ലഹരി കണ്ടെത്താൻ സ്പെഷ്യൽ ഡ്രൈവ്, പരിശോധന ഇനി പുതിയ രൂപത്തിൽ

ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്; ലഹരി കണ്ടെത്താൻ സ്പെഷ്യൽ ഡ്രൈവ്, പരിശോധന ഇനി പുതിയ രൂപത്തിൽ
Published on

ലഹരി മരുന്നു വ്യാപനം തടയാൻ എക്സൈസിന്റെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ ക്ലീൻ സ്ലേറ്റി'ന്റെ ഭാഗമായി സ്പെഷ്യൽ ഡ്രൈവ്. സ്കൂൾ, കോളേജ് പരിസരങ്ങൾ കേന്ദ്രീകരിച്ച് പരിശോധനക്ക് പ്രത്യേക ടീം. കൊച്ചി നഗരത്തിൽ എക്‌സൈസിന്റെ രാത്രികാല പരിശോധന ഇനി രണ്ട് വിഭാഗമായി തിരിഞ്ഞ്. സിനിമ സെറ്റുകളും നിശാപാർട്ടികളും കേന്ദ്രീകരിച്ചുള്ള പരിശോധന കർശനമാക്കും. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷ്ണർ മജു ടിഎം ദ ക്യുവിനോട് സംസാരിക്കുന്നു.

ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്

സമീപ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അക്രമ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ എക്സൈസിന്റെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ ക്ലീൻ സ്‌ളേറ്റ് എന്ന പേരിൽ സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചിട്ടുണ്ട്. രണ്ടാഴ്ച്ചക്കകം ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്തുക, വ്യാപനം തടയുക എന്നിവയാണ് പ്രധാന ഉദ്ദേശം. സംസ്ഥാന വ്യാപകമായി പ്രത്യേക ടീമുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. സാധാരണ ഒരു ദിവസം നാലോ അഞ്ചോ കേസ് എന്നാണെങ്കിൽ ഇപ്പോൾ പതിനാല് കേസുകൾ വരെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

പ്രധാന കേന്ദ്രം കൊച്ചി തന്നെ

ലഹരി സംബന്ധമായ എല്ലാ കേസുകളായും ഗൗരമുള്ളതാണ്, എന്നാൽ ഏറ്റവും ഗൗരവമുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് കൊച്ചിയിലാണ്. കഞ്ചാവ്. എംഡിഎംഎ, ഹാഷിഷ് ഓയിൽ, മെത്തഫിറ്റമിൻ തുടങ്ങി എല്ലാ ലഹരി പദാർത്ഥങ്ങളും കൊച്ചിയിൽ നിന്ന് പിടികൂടുന്നുണ്ട്. എറണാംകുളം ടൗൺ, പെരുമ്പാവൂർ, പറവൂർ, ആലുവ എന്നീ മേഖലകളിൽ നിന്നാണ് കൂടുതൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പ്രദേശവാസികളേക്കാൾ പുറത്ത് നിന്ന് പഠനം, തൊഴിൽ എന്നീ ആവശ്യങ്ങളുമായി എത്തിയ ആളുകളാണ് ഇതിൽ ഭൂരിഭാഗം. അന്യസംസ്ഥാന തൊഴിലാളികൾ ഇതിന്റെ വിതരണക്കാർ ആകുന്നുണ്ട്. അവരുടെ കൃത്യമായ വിവരങ്ങൾ ഇല്ലാത്തത് പ്രശ്നമാകാറുണ്ട്.

കഞ്ചാവ് ട്രെയിൻ വഴി , ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎ

പ്രധാനമായും റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വിൽപ്പന നടക്കുന്നത്. ട്രെയിൻ ഇറങ്ങുന്ന സമയത്തെ തിരക്ക് മറയാക്കിയാണ് ഈ സംഘങ്ങൾ പുറത്തുകടക്കുന്നത്. പ്രധാന ട്രെയിനുകളിൽ ഒട്ടേറെ പേർ ഇറങ്ങാനും കയറാനും ഉണ്ടാകുന്ന ഘട്ടത്തിൽ അനുഭവപ്പെടുന്ന തിരക്ക് കൂടെ ഇവർക്ക് സഹായകമാകുന്നുണ്ട്. ഇതിന് പരിഹാരമായി ട്രെയിനുകളുടെ സമയം കണക്കാക്കി പ്രത്യേക സംഘങ്ങളായാണ് ഇപ്പോൾ പരിശോധന നടത്തുന്നത്. എംഡിഎംഎ കൂടുതലായി എത്തുന്നത് ബാംഗ്ലൂരിൽ നിന്നാണ്. സ്ലീപ്പർ ബസുകൾ, സ്വകാര്യ വാഹനങ്ങൾ, ട്രെയിൻ എന്നിവ കേന്ദ്രീകരിച്ചാണ് എംഡിഎംഎ കൊച്ചിയിലേക്ക് എത്തിക്കുന്നത്. ഇവിടെ നിന്ന് വിതരണക്കാർക്ക് കൈമാറുന്നതാണ് രീതി. ഇത് തടയാനായി പ്രത്യേക സംഘങ്ങളായി തിരിച്ചുള്ള പരിശോധനയാണ് നിലവിൽ പുരോഗമിക്കുന്നത്.

സിനിമ സെറ്റുകൾ കേന്ദ്രീകരിച്ചുള്ള പരിശോധന ശക്തമാക്കും

സിനിമ സെറ്റുകൾ കേന്ദ്രീകരിച്ചുള്ള പരിശോധന എങ്ങനെയാകണം എന്ന കാര്യത്തിൽ പലതരം ചർച്ചകൾ നടന്നുവരികയാണ്. എന്നാൽ പരിശോധന ശക്തമാക്കാൻ തന്നെയാണ് തീരുമാനം. ഓരോ സെറ്റുകളിലുമെത്തുന്നവരുടെ വ്യക്തിഗത വിവരങ്ങൾ ശേഖകരിക്കും. സിനിമ സംബന്ധമായതും അല്ലാത്തതുമായ ഒട്ടേറെ രാത്രികാല ഇവന്റുകൾ കൊച്ചിയിൽ നടക്കുന്നുണ്ട്. അത്തരം പരിപാടികൾ കേന്ദ്രീകരിച്ചും പരിശോധന ശക്തമാക്കും. ഇത്തരം പരിപാടികൾക്ക് നേതൃത്വം നൽകുന്ന റാപ്പർമാർ, ഗായക സംഘങ്ങൾ എന്നിവർ എക്‌സൈസിന്റെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന രീതിയിൽ വന്ന വാർത്തകൾ ശരിയല്ല. അത്തരം ഒരു പ്രതികരണമോ റിപ്പോർട്ടോ എക്‌സൈസിന്റെ ഭാഗത്ത് നിന്ന് നൽകിയിട്ടില്ല.

ഇനി പരിശോധന പുതിയ രീതിയിൽ

സ്കൂൾ, കോളേജ് എന്നിവ കേന്ദ്രീകരിച്ച് പരിശോധന നടത്താനായി ഒരു പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. സംശയാസ്പദമായി കാണുന്ന ഓരോരുത്തരെയും പ്രത്യേകം നിരീക്ഷിക്കും. മറ്റുപല ആവശ്യങ്ങൾ പറഞ്ഞ് കോളേജുകളിലും സ്കൂളുകളിലും എത്തി ലഹരിമരുന്ന് കൈമാറുന്ന പ്രവണത സമീപകാലത്ത് കൂടിയിട്ടുണ്ട്. കൊച്ചി നഗരത്തിലെ രാത്രികാല പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി എക്സൈസ് കമ്മീഷ്ണർ, ഡെപ്യൂട്ടി കമ്മീഷണർ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഓരോ രാത്രിയിലും നഗരത്തിന്റെ എല്ലാ മേഖലകളും കവർ ചെയ്യുക എന്നതാണ് രീതി. പകൽ സമയങ്ങളിൽ വാഹന പരിശോധന ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in