പഞ്ചനക്ഷത്ര കമ്യൂണിസ്‌റ്റ്‌ ജീവിതത്തിന്‌ കൈയാമം

പഞ്ചനക്ഷത്ര കമ്യൂണിസ്‌റ്റ്‌ ജീവിതത്തിന്‌ കൈയാമം
Published on

ഏവരും കത്തിയ കാടിനെ കാണും, ആരും കത്തിയ ഹൃദയം കാണുന്നില്ല. സ്വേച്ഛാധിപതിയെമാത്രം ശ്രദ്ധിച്ചാൽ നിങ്ങൾ അയാളെ സ്തുതിക്കും. ശവം ഇല്ലാതെ കഴുകൻ വിഹരിക്കില്ല. അവസരമില്ലാത്തിടത്ത് അവസരവാദി ഉണ്ടാകില്ല. അലറുന്ന കടുവ ഒരിക്കലും ഭക്ഷണം കഴിക്കില്ല. ദരിദ്രർക്ക് പണമില്ല, സമ്പന്നർക്ക് ഹൃദയമില്ല. പാമ്പിന് മാത്രമേ അതിന്റെ കാലുകൾ കാണാൻ കഴിയൂ. വിളക്കിനടിയിൽ ഇരുട്ടാണ്. നിങ്ങൾക്ക് സംതൃപ്തി മറയ്ക്കാനാവും, എന്നാൽ കഷ്ടപ്പാട് മറക്കാൻ കഴിയില്ല. കൂമ്പാരം ഉയർന്നുവരുന്തോറും കലഹവും വലുതായിരിക്കും. ദൈവത്തിനുപോലും വിഡ്ഢിയെ ഭയമാണ്‌. പോവാത്ത സ്ഥലങ്ങളിലേക്കുള്ള വഴി ഒരിക്കലും ചോദിക്കരുത്‐ എഴുത്തുകാരനും കവിയുമായ അദേഷ്‌ ആചാര്യ ‘എല്ലാവരും വസ്ത്രത്തിനടിയിൽ നഗ്നരാണ്’ എന്ന ശീർഷകത്തിൽ സമാഹരിച്ച നേപ്പാളീസ്‌ പ്രയോഗങ്ങളിൽ ചിലതാണവ.

ഒരു വിരൽ തരൂ, ഒരു കൈ പിടിക്കൂ. അവസരം നദിയിലൂടെ ഒഴുകുന്നു തിരികെ വരുന്നില്ല. സമ്പത്ത് ശത്രുവും മിത്രവുമാണ്‌; ആനയുടെ വായിൽ ജീരകം പോലെ. വിളക്കുമായി അഗ്നിതിരയുന്നു. വായിൽ ദൈവത്തിന്റെ പേര്‌ കീശയിൽ കത്തി എന്നിങ്ങനെ നേപ്പാളി പഴഞ്ചൊല്ലുകൾ മിക്കപ്പോഴും ജീവിത സാഹചര്യങ്ങളുമായും പൊതുവായ അഭിപ്രായങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇടപഴകലിന് വർണം ചാർത്തുന്ന അവ സംഭാഷണങ്ങളിലും മാധ്യമങ്ങളിലും സമരവേദികളിലും പ്രചാരണ രംഗത്തും മുഴങ്ങാറുണ്ട്‌. 2025 സെപ്‌തംബറിലെ ജനറൽ ഇസെഡ്‌ പ്രക്ഷോഭം അത്‌ നന്നായി തെളിയിച്ചു; കൈമോശംവന്നെന്ന്‌ കരുതിയ പലതിന്റെയും തിരിച്ചുവരവായിരുന്നു ആ നാളുകൾ.

അഞ്ച് വനിതാ മന്ത്രിമാർ, പ്രാതിനിധ്യം 33 ശതമാനം

രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (ആർ‌എസ്‌പി) നേതാവ്‌ ബാലേൻ എന്നറിയപ്പെടുന്ന മുൻ റാപ്പറും സ്ട്രക്ചറൽ എൻജിനീയറും കാഠ്മണ്ഡു മുൻ മേയറുമായ മുപ്പത്തിയഞ്ചുകാരൻ ബാലേന്ദ്രഷാ രാഷ്ട്രപതി രാം ചന്ദ്ര പൗഡലിനു മുന്നിൽ 2026 മാർച്ച്‌ 27ന്‌ നേപ്പാളിന്റെ 47‐ാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. രാജ്യ ചരിത്രത്തിലും ലോകത്തിലും ആ പദവിയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞയാൾ, മാധേസി സമുദായത്തിൽ നിന്ന് ഉന്നത സ്ഥാനത്തെത്തിയ ആദ്യ വ്യക്തി തുടങ്ങി ഒട്ടേറെ സവിശേഷതകൾ.

Balen Shah
Balen Shah

15 അംഗ മന്ത്രിസഭയിൽ 20‐30- പ്രായപരിധിയിലെ നേതാക്കളാണ് ഏറെ. ഏറ്റവും മുതിർന്ന അംഗം ധനമന്ത്രി സ്വർണിം വാഗ്ലെ (51). ആഭ്യന്തരം( സുഡാൻ ഗുരുങ്) വിദ്യാഭ്യാസ‐ ശാസ്ത്ര‐സാങ്കേതികം ( സസ്മിത് പൊഖാരേൽ) കൃഷി‐ കന്നുകാലി വികസനം(ഗീത ചൗധരി) തുടങ്ങിയ പ്രധാന വകുപ്പുകൾ മുപ്പതിന്‌ താഴെയുള്ളവർ കൈകാര്യം ചെയ്യും. ജനറൽ ഇസഡ് പ്രതിഷേധങ്ങൾ ആവശ്യപ്പെട്ട തലമുറ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നതാണ്‌ തീരുമാനം.

അഞ്ച് വനിതാ മന്ത്രിമാരാണ്‌ (33 ശതമാനം) സ്ത്രീ പ്രാതിനിധ്യം. നിഷ മേത്ത (ആരോഗ്യം) പ്രതിഭ റാവൽ (ഫെഡറൽ അഫയേഴ്‌സ് ജനറൽ അഡ്മിനിസ്ട്രേഷൻ ആൻഡ് കോപ്പറേറ്റീവ്‌സ് വകുപ്പ്‌) സോബിത ഗൗതം(നിയമ-ം‐നീതി) സീത ബാദി (വനിതാ-ശിശു ക്ഷേമം) എന്നിങ്ങനെ. നേപ്പാളി രാഷ്ട്രീയത്തിലെ ഏറ്റവും ഉയർന്ന പരിഗണനയാണിത്‌. പാർലമെന്റിലും മന്ത്രിസഭയിലും ഉൾപ്പെടെ എല്ലാ സംസ്ഥാന സ്ഥാപനങ്ങളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഭരണഘടനയിൽ വ്യവസ്ഥയുണ്ട്. പക്ഷേ ഒരിക്കലും നടപ്പിലാക്കിയില്ല. പാർശ്വവൽക്കരിക്കപ്പെട്ട ഗ്രൂപ്പുകളെയും ഉൾപ്പെടുത്തിയത്‌ ശ്രദ്ധേയമാണെങ്കിലും പലർക്കും ഭരണപരിചയമില്ലെന്നത്‌ പോരായ്‌മയാണെന്ന വിലയിരുത്തലും വന്നുകഴിഞ്ഞു.

‘ബാലേൻ ഷായുടെ കീഴിൽ പുതിയ നേപ്പാളിന്റെ ഉദയം: രാഷ്ട്രീയത്തിന്‌ ഇത് എന്ത് അർഥമാക്കും’ എന്ന ജയന്ത റോയ് ചൗധരിയുടെ പഠനം ശ്രദ്ധേയമാണ്‌. അധികാരമേറ്റ ആദ്യ ദിവസം ജനറൽ ഇസഡ് നയിച്ച കലാപത്തിനിടെ വിദ്യാർഥികളുടെ മരണവുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രി കെ പി ശർമ ഒലിയും മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖക്കും അറസ്റ്റിലായി. പഴയ രാഷ്ട്രീയ സ്ഥാപനത്തോടുള്ള വികാരത്തിന്റെ പ്രതീകമായി മാറിയ സംഭവമായിരുന്നു അത്. പൊതുതെരഞ്ഞെടുപ്പ് രാജവാഴ്ചയ്ക്ക് ശേഷമുള്ള ചരിത്രത്തിലെ വഴിത്തിരിവായി പുനർനിർമിക്കപ്പെടുകയാണ്.

ബലേന്ദ്ര ഷാ പ്രധാനമന്ത്രിയായതോടെ ആ പരിവർത്തനം വാഗ്ദാനത്തിൽ നിന്ന് അധികാരത്തിലേക്ക് മാറി. അദ്ദേഹത്തിന്റെ സർക്കാർ അധികാരത്തിൽ വരുംമുമ്പുതന്നെ സംഭവങ്ങൾ വഴിത്തിരിവിലേക്ക് നീങ്ങി. പുതിയ ഭരണം പഴയതിനെ മാറ്റിസ്ഥാപിക്കുക മാത്രമല്ല അതിന്റെ ഉത്തരവാദിത്തരാഹിത്യത്തെ സജീവമായി പിന്തുടരുകയും ചെയ്യുന്നതിന്റെ സൂചനയാണ് അറസ്റ്റുകളെന്ന നേപ്പാൾ ഖബർ കൺസൾട്ടിങ്‌ എഡിറ്റർ ചാലിസ് കുവേരയുടെ വാക്കുകളും ജയന്ത റോയ് ചൗധരി ഉദ്ധരിക്കുകയുണ്ടായി.

ജസ്‌റ്റിസ്‌ ഗൗരി ബഹാദൂർ കർക്കിയുടെ നേതൃത്വത്തിൽ ഉന്നതതല പാനൽ

അഭൂതപൂർവമായ യുവജന മുന്നേറ്റത്തിൽ പിടിച്ചുനിൽക്കാനാവാതെ സർക്കാർ നാടകീയമായി തകർന്നതിനെ തുടർന്ന്‌ 2025 സെപ്‌തംബർ ഒമ്പതിന്‌ ഒലി രാജിവെച്ചു. ഏകദേശം ആറ് മാസത്തിന് ശേഷം പ്രതിനിധി സഭയിലെ 275 അംഗങ്ങളെ തെരഞ്ഞെടുത്ത 2026 മാർച്ച് അഞ്ചിന്റെ വോട്ടെടുപ്പിൽ ഹിമാലയൻ രാജ്യത്തിന്റെ ഉന്നത പദവിയിലേക്ക് ഷാ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടു. സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റതിന്റെ പിറ്റേന്ന് അതിശക്തനായ കമ്യൂണിസ്റ്റ് നേതാവും മുൻ പ്രധാനമന്ത്രിയുമായ ഒലിയും മുൻ ആഭ്യന്തരമന്ത്രി രമേശ് ലേഖക്കും അറസ്റ്റിലായത്‌ കുറേ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്‌. സെപ്‌തംബർ ഒമ്പതിന് വീട് തീയിട്ട്‌ നശിപ്പിച്ചതിനാൽ ലേഖക്ക്‌ സൂര്യബിനായക് മുനിസിപ്പാലിറ്റി -5 ലെ കടുഞ്ചെയിൽ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. ഇരുവരെയും കസ്റ്റഡിയിലെടുത്തതായി സ്ഥിരീകരിച്ച കാഠ്മണ്ഡു വാലി പൊലീസ് വക്താവ് ഓം അധികാരി, നിയമപ്രകാരം നടപടികൾ മുന്നോട്ട് പോകുമെന്നാണ്‌ എഎഫ്‌പിയോട് പ്രതികരിച്ചത്‌.

കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ടനുസരിച്ച് ജനറൽ ഇസഡ് പ്രതിഷേധങ്ങളോടുള്ള അടിച്ചമർത്തൽ നടപടികളിലെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് ഭക്തപൂരിലെ ഗുണ്ടുവിലുള്ള വസതിയിൽ നിന്ന്‌ നേപ്പാൾ പൊലീസ് ഒലിയെ കസ്റ്റഡിയിലെടുത്തത്‌. അഴിമതി വിരുദ്ധ പ്രതിഷേധത്തിനിടെയുണ്ടായ ഭരണകൂട നടപടികൾ അന്വേഷിക്കാൻ കെയർടേക്കർ ഭരണകാലത്ത് 1969 ലെ അന്വേഷണ കമ്മീഷൻ ആക്ട് പ്രകാരം മുൻ ജസ്റ്റിസ് ഗൗരി ബഹാദൂർ കർക്കിയുടെ നേതൃത്വത്തിൽ ഉന്നതതല പാനൽ രൂപീകരിച്ചു. കലാപകാരികളുടെ വേഷം ധരിച്ച നിരവധി ട്രക്ക് പൊലീസ് ഉദ്യോഗസ്ഥർ വീടുകളിൽ ഇരച്ചുകയറി അറസ്റ്റ് നടത്തി പലരെയും കാഠ്മണ്ഡു ജില്ലാ പൊലീസ് ഓഫീസിലേക്ക് കൊണ്ടുപോയി. 63 പോസ്റ്റ്‌മോർട്ടങ്ങളിൽ 48 എണ്ണത്തിലും ഇരകൾ വെടിയേറ്റ മുറിവുകളാൽ മരിച്ചതായും ഭൂരിഭാഗം ഗുരുതര പരിക്കുകളും നെഞ്ചിലോ തലയിലോ ആണെന്നും കമ്മീഷൻ റിപ്പോർട്ടിലുണ്ട്‌.

ഒലി ഉൾപ്പെടെ ഇരുന്നൂറിലേറെ പേരെ ചോദ്യം ചെയ്തു. 8000 പേജ്‌ അനുബന്ധമായുള്ള തെളിവുകൾക്ക്‌ പുറമെ 900 പേജ്‌ റിപ്പോർട്ടും സമർപ്പിച്ചു. ഒലിയെയും ലേഖക്കിനെയും മറ്റ് ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ട് ചെയ്യാനായിരുന്നു കടുത്ത ശുപാർശ. അന്നത്തെ പോലീസ് ഇൻസ്പെക്ടർ ജനറൽ ചന്ദ്ര കുബേർ ഖപുങ് ഉൾപ്പെടെ നിരവധി ഉന്നതോദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും അന്വേഷണ കമ്മീഷൻ നിർദേശിക്കുകയുണ്ടായി. ഒലി, ലേഖക്, പൊലീസ് മേധാവി എന്നിവരിൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ്‌ ചുമത്തിയത്‌.

പ്രായപൂർത്തിയാകാത്തവർക്ക് പോലും ജീവൻ നഷ്ടപ്പെട്ടുവെന്ന്‌ തെളിഞ്ഞു

മാർച്ച്‌ 27ന്‌ വൈകുന്നേരം ചേർന്ന ഷായുടെ അധ്യക്ഷതയിൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗം അന്വേഷണ കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കാൻ തീരുമാനിച്ചു. പ്രക്ഷോഭകര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ കൃത്യമായ ഉത്തരവുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അത്‌ തടയാനോ നിയന്ത്രിക്കാനോ ഒരു ശ്രമവും നടത്തിയില്ലെന്നും അശ്രദ്ധമായ പെരുമാറ്റം കാരണം പ്രായപൂർത്തിയാകാത്തവർക്ക് പോലും ജീവൻ നഷ്ടപ്പെട്ടുവെന്നും തെളിഞ്ഞുവെന്ന്‌ പ്രതിഷേധങ്ങളിൽ നിർണായക പങ്കുവഹിച്ച, പുതുതായി നിയമിതനായ ആഭ്യന്തര മന്ത്രി സുഡാൻ ഗുരുങ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. മുൻ പ്രധാനമന്ത്രി കെ പി ശർമ ഒലിയെയും സ്ഥാനമൊഴിയുന്ന ആഭ്യന്തര മന്ത്രി രമേശ് ലേഖക്കിനെയും നിയന്ത്രണത്തിലാക്കി.

ഇത് ആരോടുമുള്ള പ്രതികാരമല്ല; നീതിയുടെ തുടക്കം മാത്രം. വാഗ്ദാനം ഒരു വാഗ്ദാനമാണ്, ആരും നിയമത്തിന് അതീതരല്ല. ഇപ്പോൾ രാജ്യം പുതിയ ദിശയിലേക്ക് നീങ്ങുമെന്ന് വിശ്വസിക്കുന്നുവെന്നും കൊല്ലപ്പെട്ടവർക്കും പരിക്കേറ്റവർക്കും നീതി ഉറപ്പാക്കുമെന്നും ഗുരുങ്‌ വാഗ്ദാനം ചെയ്തിട്ടുണ്ട്.

എന്നാൽ തന്റെ അറസ്റ്റ് പ്രതികാര നടപടിയാണെന്നാണ്‌ ഒലിയുടെ പ്രതികരണം. ഞാൻ നിയമപോരാട്ടം നടത്തും. നിങ്ങൾ തയ്യാറെടുക്കൂ‐ അദ്ദേഹം തന്റെ അഭിഭാഷകരോട് പറഞ്ഞതായി ചില മാധ്യമ സൈറ്റുകൾ റിപ്പോർട്ട് ചെയ്തു. പ്രതിഷേധക്കാർക്കെതിരെ വെടിയുതിർക്കാൻ സുരക്ഷാ സേനയോട് ഉത്തരവിട്ടെന്ന ആരോപണം ഒലി നേരത്തെ നിഷേധിച്ചിരുന്നു. അക്രമത്തിന്‌ പിന്നിൽ നുഴഞ്ഞുകയറ്റക്കാരെന്നാണ്‌ തെരഞ്ഞെടുപ്പ്‌ വേളയിൽ എഎഫ്‌പിയോട് കുറ്റപ്പെടുത്തിയതും.

സോഷ്യൽ മീഡിയ നിരോധനവും രാജ്യത്തെ ഇളക്കിയ പ്രക്ഷോഭവും

2025 സെപ്‌തംബർ എട്ട്‌, ഒമ്പത്‌ തീയതികളിൽ പടർന്ന അഴിമതി വിരുദ്ധ യുവജന പ്രക്ഷോഭത്തിന്‌ നേരെയുണ്ടായ പൊലീസ്‌‐ പട്ടാള നടപടികളിൽ 78 പേർ മരിച്ചു, അതിൽ 20 യുവാക്കൾ. 2500 ലധികം പേർക്ക് പരിക്കേൽക്കുകയുംചെയ്ത. സോഷ്യൽ മീഡിയ നിരോധനത്തെ തുടർന്നാണ് പ്രതിഷേധം ആരംഭിച്ചത്‌. എന്നാൽ സാധാരണക്കാർ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളോടുള്ള ദീർഘകാല അമർഷം അവ ആളിക്കത്തിച്ചു. ആദ്യ ദിനം രാവിലെ തിളച്ചുമറിഞ്ഞ അസ്വസ്ഥതകൾ അടുത്ത ദിവസത്തോടെ രാജ്യത്തെയാകെ അടിമുടി കുലുക്കി. പാർലമെന്റും സുപ്രിംകോടതിയും പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും ഓഫീസുകളും പൊലീസ് സ്റ്റേഷനുകളും കൈയേറി. കാഠ്മണ്ഡു വിമാനത്താവളം അടച്ചിട്ടതിനാൽ സൈനിക ഹെലികോപ്റ്ററുകൾ ചില മന്ത്രിമാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി. അങ്ങനെ പലായനം ചെയ്യാൻ നിർബന്ധിതരായ ഉന്നത ഭരണനേതൃത്വങ്ങളുടെ സ്വകാര്യ വസതികളും കോപാകുലരായ ജനക്കൂട്ടംതകർത്തു. കമ്യൂണിസ്‌റ്റ്‌ പാർട്ടികളുടെയും നേപ്പാളി കോൺഗ്രസിന്റെയും ആസ്ഥാനങ്ങളും നേതാക്കളുടെ വീടുകളും കത്തിച്ചു.ഒലിയുടെ ധനമന്ത്രി ബിഷ്ണു പ്രസാദ് പൗഡലിനെ തലസ്ഥാനത്തെ റോഡിലൂടെ ജനറൽ ഇസഡ് പ്രതിഷേധകർ പിന്തുടരുകയും ചവിട്ടുകയും ആക്രമിക്കുകയും തുരത്തിയോടിക്കുകയും ചെയ്‌തു. ആൾക്കൂട്ടത്തിനിടയിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തെ ക്രൂരമായി മർദ്ദിക്കുന്നതായി വീഡിയോകളിൽ കാണാം. ഒരാൾ മതിലിൽ ഇടിച്ചു നിർത്തിയ ആ അറുപത്തിയഞ്ചുകാരൻ പെട്ടെന്ന് കാലുകൾ വീണ്ടെടുത്ത് തെരുവിലൂടെ ഓടിപ്പോയി.

2025 സെപ്‌തംബർ ഒമ്പതിന് കാഠ്മണ്ഡുവിലെ ദള്ളു പ്രദേശത്തുള്ള വീട്‌ അഗ്നിക്കിരയാക്കിയതിൽ മാരകമായി പൊള്ളലേറ്റ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ജലനാഥ് ഖനാലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രകറെ കീർത്തിപൂർ ബേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശം ഉൾപ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു. അവർ ചികിത്സയ്ക്കിടെ മരിച്ചുവെന്നും ഇടക്ക്‌ വാർത്ത പരക്കുകയുണ്ടായി. സ്ഥിതി ആശങ്കാജനകമായപ്പോൾ തുടർ ചികിത്സയ്ക്കായി ഇന്ത്യയിൽ എത്തിക്കുകയായിരുന്നു. സ്വജനപക്ഷപാതിയെന്ന്‌ കഠിന വിമർശനമേറ്റ, അഞ്ച്‌ തവണ പ്രധാനമന്ത്രിയായിരുന്ന ഷേർ ബഹാദൂർ ദ്യൂബയുടെ വീട്ടിൽ പ്രതിഷേധകർ അതിക്രമിച്ചു കയറിയതിനെ തുടർന്ന് സൈന്യം അദ്ദേഹത്തെയും ഭാര്യ അർസു റാണ ദ്യൂബയെയും രക്ഷപ്പെടുത്തിയെങ്കിലും മുഖത്തുനിന്ന് ചോര വാർന്ന നിലയിൽ ആ മുതിർന്ന നേപ്പാളി കോൺഗ്രസ്‌ നേതാവിന്‌ ഏറെ നേരം കിടക്കേണ്ടിവന്നു.

നേതാക്കളുടെയും കുടുംബങ്ങളുടെയും ആഡംബര ജീവിതശൈലിക്കെതിരെ

ആറ് ദശാബ്ദത്തിലേറെ നീണ്ട രാഷ്ട്രീയ ജീവിതം നയിച്ച, നാല് പ്രാവശ്യം പ്രധാനമന്ത്രിയായ ഒലിയെ ഝാപ-5 മണ്ഡലത്തിൽ ബാലേന്ദ്ര ഷാ അരലക്ഷത്തിന്റെ വൻ ഭൂരിപക്ഷത്തിനാണ്‌ വീഴ്‌ത്തിയത്‌. വോട്ടിങ്‌ നില 68348‐8734. ജനറൽ ഇസഡ് പ്രതിഷേധങ്ങളിലെ പ്രധാന വിമർശനം ഭരണാധികാരികളുടെയും നേതാക്കളുടെയും കുടുംബങ്ങളുടെയും ജീവിതശൈലിയായിരുന്നു. ആഡംബര കാറുകൾ, വിലകൂടിയ ഹാൻഡ്‌ബാഗുകൾ, പാശ്‌ചാത്യ സർവകലാശാലാ പഠനം, വിദേശത്ത് അവധിക്കാലം എന്നിവയ്‌ക്ക്‌ കുപ്രസിദ്ധരായ 'നെപ്പോ കിഡ്‌സ്‌’ എന്ന മക്കൾ മേധാവിത്തത്തെ ലക്ഷ്യംവെച്ച്‌ ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം, റെഡ്ഡിറ്റ്, എക്സ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപക പ്രചാരണം നടന്നു. ദാരിദ്ര്യം(നാലിലൊരാൾ ദാരിദ്ര്യരേഖയ്ക്ക് താഴെ) തൊഴിലില്ലായ്മ( ലോകബാങ്കിന്റെ കണക്കനുസരിച്ച് മൂന്നു കോടി ജനങ്ങളിൽ 25 ശതമാനം ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. വരുമാനം (ദിവസം 125 രൂപയിൽ താഴെ), പണപ്പെരുപ്പം, ഭക്ഷ്യക്ഷാമം, വൈദ്യുതി മുടക്കം, വെള്ളപ്പൊക്കമടക്കമുള്ള പ്രകൃതി ദുരന്തങ്ങൾ എന്നിവയ്ക്കിടയിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ മല്ലിടുന്ന യുവാക്കളുടെ നിരവധി ചിത്രങ്ങൾ അവയിൽ ചേർക്കുകയുമുണ്ടായി.

ജിഡിപിയുടെ മൂന്നിലൊന്നിൽ കൂടുതൽ (33.1 ശതമാനം ) വിദേശത്ത് ജോലി ചെയ്യുന്നവർ അയയ്ക്കുന്ന പണമാണ്. മൂന്ന്‌ വീടുകളിൽ ഒന്നിൽനിന്ന്‌ ഒരംഗമെങ്കിലും ഭക്ഷണം, വിദ്യാഭ്യാസം, പാർപ്പിടം തുടങ്ങിയ അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റുന്നതിന്‌ വിദേശത്തേക്ക് കുടിയേറിയിട്ടുണ്ട്. വിദ്യാസമ്പന്നരായ ചെറുപ്പക്കാർ തൊഴിലിനായി അലയുമ്പോൾ രാഷ്ട്രീയക്കാരുടെ സ്വന്തം കുഞ്ഞുങ്ങൾ സർഗസമാന ജീവിതം നയിക്കുന്നുവെന്നും സോഷ്യൽ മീഡിയയിൽ രോഷം നുരഞ്ഞുപൊങ്ങിയതായിരുന്നു അശാന്തിയുടെ കാതൽ. നികുതിദായകരുടെ പണം ഉപയോഗിച്ചാണ് അവർ രാജകീയ ജീവിതശൈലികൾക്കും വിദേശ യാത്രകൾക്കും പണം കണ്ടെത്തുന്നതെന്ന് ആളുകൾ വിളിച്ചുപറഞ്ഞു. നേപ്പാളിലെ ജനറൽ ഇസഡ് പ്രസ്ഥാനത്തിന്റെ പ്രധാന ആഖ്യാനമായി ഇത് മാറി. തൊഴിലില്ലായ്മയും ഉയർന്ന പണപ്പെരുപ്പവും നേരിടുന്ന സാധാരണക്കാരുടെ സാമ്പത്തിക ക്ലേശങ്ങളുമായി താരതമ്യപ്പെടുത്തി സമ്പത്തിന്റെ പ്രദർശനാത്മകത ഏറെ വിമർശിക്കപ്പെടുകയും ചെയ്‌തു. ഏഷ്യയിലെ ഏറ്റവും അഴിമതി നിറഞ്ഞ രാജ്യങ്ങളിലൊന്നായി നേപ്പാളിനെ ട്രാൻസ്പരൻസി ഇന്റർനാഷണൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. നാല് വർഷത്തിനിടെ നാല് കൂറ്റൻ കുംഭകോണങ്ങൾ വെളിച്ചത്തുവന്നു.

ആസ്‌തി 300 കോടി രൂപയ്‌ക്ക്‌ മുകളിൽ

പഞ്ചനക്ഷത്ര ജീവിതശൈലികൾക്ക്‌ അഴിമതിയിലൂടെയാണ് ധനസമാഹരണം നടത്തുന്നതെന്നതെന്ന്‌ തുറന്നടിച്ച പ്രതിഷേധകർ സുതാര്യതയും ഉത്തരവാദിത്തവും ആവശ്യപ്പെട്ടു. 300 കോടി രൂപയ്‌ക്ക്‌ മുകളിൽ ആസ്‌തിയുള്ള ഒലി സ്വേച്ഛാധിപത്യ പ്രവണതകൾക്കൊപ്പം സ്വജനപക്ഷപാതം, അഴിമതി എന്നിവ വളർത്തിയതായി കടുത്ത ശകാരങ്ങൾ നേരിട്ടു. യോഗ്യതകളെക്കാൾ വ്യക്തിപരമായ വിശ്വസ്തതയ്ക്ക് മുൻഗണന നൽകി അടുത്ത വൃത്തത്തിലെ ആളുകളെയും ബന്ധുക്കളെയും പൊതു സ്ഥാപനങ്ങളിലും പാർടിയിലും സർക്കാർ സംവിധാനങ്ങളിലും തിരുകിക്കയറ്റി. കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, 2019 ൽ ആസ്‌ത്രേലിയ (പ്രചണ്ഡയുടെ ബന്ധു മഹേഷ് ദഹലി) ഖത്തർ (ഒലിയുടെ അടുപ്പക്കാരൻ നാരദ് ഭരദ്വാജ്‌) സ്‌പെയിൻ (ദവാ പൂതി ഷെർപ്പ) ബംഗ്ലാദേശ്(ബൻസിധർ മിശ്ര) എന്നിവിടങ്ങളിലേക്കുള്ള നിരവധി അംബാസഡർ നിയമനങ്ങൾ രാഷ്ട്രീയ ബന്ധങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു.

മിഡ്-വെസ്റ്റേൺ യൂണിവേഴ്സിറ്റി (എംഡബ്ല്യുയു) വൈസ് ചാൻസലർ സ്ഥാനത്തുനിന്ന് വിരമിച്ച് അഞ്ച് മാസത്തിനുള്ളിൽ ഉപേന്ദ്ര കുമാർ കൊയ്‌രാളയെ രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ രാഷ്ട്രീയ ബനിജ്യ ബാങ്കിന്റെ (ആർബിബി) അംഗമാക്കി. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് (സിപിഎൻ-യുഎംഎൽ) അധികാരത്തിൽ വന്നപ്പോഴെല്ലാം ഉന്നത നിയമനങ്ങൾ തരപ്പെടുത്തിവന്നു. 1994-ൽ മൻമോഹൻ അധികാരി ആദ്യ കമ്യൂണിസ്റ്റ് പ്രധാനമന്ത്രിയായതോടെയാണ് കൊയ്‌രാളയുടെ കന്നി സർക്കാർ നിയമനം. അന്ന് നേപ്പാൾ ഫുഡ് കോർപ്പറേഷൻ ചെയർമാനായി പ്രതിഷ്‌ഠിച്ചു. നേപ്പാളി കോൺഗ്രസ് ആ ഭരണം അട്ടിമറിച്ചശേഷം കൊയ്‌രാള കുറച്ചുകാലത്തേക്ക് അധികാരത്തിന് പുറത്തായി. എന്നാൽ പെട്ടെന്ന്‌ ബിരാത്‌നഗറിലെ മഹേന്ദ്ര മൊറാങ് കാമ്പസ്‌ മേധാവിയായി തിരിച്ചെത്തി.

എവറസ്റ്റ് പര്യവേഷണത്തിന്‌ അനുവദിച്ചത്‌ ദശലക്ഷങ്ങൾ

രാഷ്ട്രീയ നിയമനങ്ങൾക്കു പുറമേ അധികാരത്തിലിരുന്ന നേതാക്കൾ പലപ്പോഴും സാമ്പത്തിക സഹായത്തിന്റെ പേരിൽ ദശലക്ഷക്കണക്കിന് രൂപ കൂട്ടാളികൾക്ക് വിതരണം ചെയ്തിട്ടുമുണ്ട്. എവറസ്റ്റ് പര്യവേഷണത്തിനായി മനാങ് എയറിലെ പ്രകാശ് ബാബു ദഹലിന് സോഷ്യലിസ്റ്റ് പാർട്ടിയായ നയാ ശക്തിയുടെ പ്രധാനിയും മുൻ പ്രധാനമന്ത്രി ഡോ. ബാബുറാം ഭട്ടറായി (2011–2013) അനുവദിച്ചത്‌ ഊഹിക്കാനാവാത്ത തുക. വ്യാജ ഹെലികോപ്റ്റർ രക്ഷാ അഴിമതി എന്നറിയപ്പെട്ട വ്യാപകമായ തട്ടിപ്പ് നടത്തിയതിന് കുറ്റം ചുമത്തിയ 32 പേരിൽ ഒരാളാണ് അയാൾ. 2026 മാർച്ചിൽ പുറത്തുവന്ന അന്വേഷണ വിശദാംശങ്ങളിൽ ഹെലികോപ്റ്റർ കമ്പനികൾ, ട്രെക്കിങ്‌ സ്ഥാപനങ്ങൾ, അന്താരാഷ്ട്ര ഇൻഷുറൻസ് സംരംഭങ്ങളെ കബളിപ്പിക്കുന്നതിന്‌ ബില്ലുകൾ പെരുപ്പിച്ച ആശുപത്രികൾ എന്നിവ ഉൾപ്പെടുന്നതാണ്‌ ശൃംഖല.

നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഷേർ ബഹാദൂർ ദ്യൂബ പ്രധാനമന്ത്രിയായിരുന്നപ്പോൾ സ്വന്തം പാർട്ടി നേതാവ്‌ രാം ചന്ദ്ര പൗഡൽ ഭാര്യാസഹോദരൻ യുബരാജ് ഭൂസലിനെ നാഷണൽ റീകൺസ്ട്രക്ഷൻ അതോറിറ്റി സിഇഒ ആയി നിയമിക്കാൻ വഴിവിട്ട്‌ സഹായിച്ചിരുന്നു. സമാന നടപടികളെല്ലാം ഒലിയുടെയടക്കം ജനപ്രീതിയെ ബാധിക്കുകയും അഴിമതി വിരുദ്ധ വേദികളിൽ പ്രചാരണം നടത്തുന്ന പുതിയ രാഷ്ട്രീയ ശക്തികളുടെ ഉദയത്തിലേക്ക് നയിക്കുകയും ചെയ്തു. ഭക്തപൂരിലെ ബാൽക്കോട്ടിലും ഝാപയിലെ ഡമാക്കിലും മറ്റും സ്വകാര്യ വസതികൾ അദ്ദേഹത്തിന്‌ സ്വന്തമായി ഉണ്ടായിരുന്നു. 2025 സെപ്റ്റംബറിലെ പ്രതിഷേധത്തിനിടെ ബാൽക്കോട്ടിലെ വീട് പ്രകടനക്കാർ കത്തിച്ചു. അതിനാൽ ഭക്തപൂരിലെ ഗുണ്ടുവിലുള്ള "ഒലി കുട്ടി’ എന്ന പുതിയ വസതിയിലേക്ക് താമസം മാറ്റി. മീറ്റിങ്‌ റൂമുകൾ, ലൈബ്രറി, ഹരിതഗൃഹം തുടങ്ങിയവയടക്കം ലോകോത്തര ചിലവാരമുള്ള അതിന്റെ നിർമാണം ഏകോപിപ്പിച്ചതാവട്ടെ പ്രമുഖ സിപിഎൻ (യുഎംഎൽ) പാർട്ടി നേതാവും മുൻ വ്യവസായ മന്ത്രിയും (2014–15) യൂത്ത് അസോസിയേഷനിലെ പ്രമുഖനുമായിരുന്ന മഹേഷ് ബസ്നെറ്റും. കോഷി പ്രവിശ്യയിലെ ഡമാക്കിലെ ഒലിയുടെ പൂർവിക വീടും പ്രതിഷേധകരുടെ ലക്ഷ്യമായിരുന്നു. അക്രമാസക്തങ്ങളായ അസ്വസ്ഥതകളെ തുടർന്ന് സൈന്യത്തിന്റെ ഹെലികോപ്റ്ററിലാണ്‌ ഔദ്യോഗിക വസതിയിൽനിന്ന് ഒഴിപ്പിച്ചത്‌.

അഴിമതി പരന്പരകൾ

ഝാപ ജില്ലയിലെ ബിർത്തമോഡിലുള്ള ഗിരി ബന്ധു ടീ എസ്റ്റേറ്റിന് അനുവദിച്ച ഭൂമി കൈമാറ്റം ചെയ്യാനും വിൽക്കാനുമുള്ള നിയമവിരുദ്ധ ശ്രമങ്ങളുമായി ബന്ധപ്പെട്ട അഴിമതിക്കറയും ഒലിയുടെ കൈകളിലുണ്ട്‌. 1960 കളിൽ സ്ഥാപിതമായ ഭൂപരിഷ്കരണ നിയമങ്ങളാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന വിലയേറിയ സ്ഥലം വാണിജ്യ റിയൽ എസ്റ്റേറ്റാക്കി മാറ്റികക്കൊടുക്കാൻ കൂട്ടുനിന്നു. കോവിഡ്- വേളയിൽ സർക്കാർ ഉയർന്ന വിലയ്ക്ക് മെഡിക്കൽ സാധനങ്ങൾ വാങ്ങാൻ അംഗീകാരം നൽകി. ഓമ്‌നി ബിസിനസ് കോർപ്പറേറ്റ് ഇന്റർനാഷണലിന് (ഒബിസിഐ) നൽകിയ കരാർ ഉപപ്രധാനമന്ത്രി ഈശ്വർ പൊഖ്രെലിന്റെ നേതൃത്വത്തിലുള്ള ഉന്നതതല ടാസ്‌ക് ഫോഴ്‌സിന്റെ ശുപാർശയെ അടിസ്ഥാനമാക്കിയുള്ളതാണെന്നായിരുന്നു ന്യായം. അധികാര ദുർവിനിയോഗവും പൊതു സംഭരണ നിയമങ്ങൾ ലംഘിച്ചതും പാർലമെന്ററി കമ്മിറ്റി കണ്ടെത്തി. നേപ്പാൾ എയർലൈൻസ് കോർപ്പറേഷൻ വൈഡ്-ബോഡി വിമാനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് കൂറ്റൻ അഴിമതി നടന്നു. കൂടാതെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയതിന് അമേരിക്കൻ കമ്പനിക്ക് പിഴ ചുമത്തുകയും ചെയ്തു.

ഗോകർണ റിസോർട്ടിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി തുറന്ന മത്സരമില്ലാതെ യെതി ഗ്രൂപ്പിന് 25 വർഷത്തേക്ക് പാട്ടത്തിന് നൽകാൻ ഒലി മന്ത്രിസഭ തീരുമാനിക്കുകയുണ്ടായി. ഭൂട്ടാൻ അഭയാർത്ഥികളുടെ മറവിൽ നേപ്പാളി പൗരന്മാരെ അമേരിക്കയിലേക്ക് നിയമവിരുദ്ധമായി കടത്തിയതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര അഴിമതി അദ്ദേഹത്തിന്റെ കാലത്താണ് ആരംഭിച്ചത്.

മുൻ മന്ത്രിമാരും ഗവൺമെന്റ് സെക്രട്ടറിമാരും ഉൾപ്പെടെ നിരവധി ഉന്നതർ കേസിൽ കസ്റ്റഡിയിലായി. 1952-ൽ പരിമിതമായ സാമ്പത്തിക ശേഷിമാത്രമുണ്ടായ കുടുംബത്തിൽ ജനിച്ച അദ്ദേഹം മുഖ്യധാരാ രാഷ്ട്രീയത്തിൽ പ്രവേശിക്കുംമുമ്പ് 14 വർഷം ജയിലിൽ കിടന്നു.

എതിർ നേതാക്കൾ മറു ഭാഗത്തെ സ്വജനപക്ഷപാതത്തിന്റെ പേരിൽ വിമർശിച്ചേക്കാം, എന്നാൽ സമീപകാല ചരിത്രം കാണിക്കുന്നത് എല്ലാ പാർട്ടികളും അതിൽ പങ്കാളികളാണെന്നാണ്. മുൻ പ്രധാനമന്ത്രിയും ജനതാ സമാജ്‌ബാദി പാർടി നേതാവുമായ ബാബുറാം ഭട്ടറായി പോലും പാർടിയിലും സർക്കാരിലും സ്വജനപക്ഷപാതത്തിന്റെ കടുത്ത വിമർശകനായിരുന്നെങ്കിലും, അദ്ദേഹവും ബന്ധുക്കളെ യോഗ്യതയില്ലാത്ത സ്ഥാനങ്ങളിൽ അവരോധിക്കുകയുണ്ടായി.

Related Stories

No stories found.
logo
The Cue
www.thecue.in