രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധി

‘ഇനിയാണ് യഥാര്‍ത്ഥ അപകടം, ഇന്ത്യയെ നാം തന്നെ വീണ്ടെടുക്കണം’; രാഹുല്‍ ഗാന്ധിയുടെ കത്ത് പൂര്‍ണ്ണരൂപം  

നമ്മുടെ രാജ്യത്തിന്റെ മൂല്യങ്ങളുടേയും ആദര്‍ശങ്ങളുടേയും ജീവരക്തമായി വര്‍ത്തിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയെ സേവിക്കുക എന്നത് എനിക്ക് ബഹുമതിയാണ്. അളവില്ലാത്ത വിധം നന്ദികൊണ്ടും സ്‌നേഹം കൊണ്ടും ഞാന്‍ എന്റെ രാജ്യത്തോടും എന്റെ സംഘടനയോടും കടപ്പെട്ടിരിക്കുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ 2019 തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ ഞാന്‍ ഉത്തരവാദിയാണ്. ഉത്തരവാദിത്വം നമ്മുടെ പാര്‍ട്ടിയുടെ ഭാവി വളര്‍ച്ചയില്‍ നിര്‍ണ്ണായകമാണ്. ഈ കാരണത്താലാണ് ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അദ്ധ്യക്ഷസ്ഥാനം രാജിവെച്ചത്.

പാര്‍ട്ടിയെ പുനസൃഷ്ടിക്കലിന് കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ അനേകം പേര്‍കൂടി ഉത്തരവാദിത്വം ഏല്‍ക്കേണ്ടതുമുണ്ട്. പ്രസിഡന്റ് എന്ന നിലയില്‍ മറ്റുള്ളവരുടെ മേല്‍ ഉത്തരവാദിത്വം വെച്ച് എന്റെ സ്വന്തം ഉത്തരവാദിത്തം അവഗണിക്കുന്നത് നീതികേടാകും.

അടുത്ത കോണ്‍ഗ്രസ് അദ്ധ്യക്ഷനെ ഞാന്‍ നാമനിര്‍ദ്ദേശം ചെയ്യണമെന്ന് എന്റെ സഹപ്രവര്‍ത്തകരില്‍ പലരും നിര്‍ദ്ദേശിച്ചു. പുതുതായി ആരെങ്കിലും പാര്‍ട്ടിയെ നയിക്കണം എന്നത് പ്രധാനമായിരിക്കേ ആ വ്യക്തിയെ ഞാന്‍ തന്നെ തെരഞ്ഞെടുക്കുന്നത് ശരിയല്ല. ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്ന, സമരത്തിന്റേയും മാന്യതയുടേയും മഹത്തായ ചരിത്രവും പാരമ്പര്യവുമുള്ള പാര്‍ട്ടിയാണ് നമ്മുടേത്. അത് ഇന്ത്യയുടെ ഈടും പാവുമാണ്. ധൈര്യത്തോടേയും സ്‌നേഹത്തോടേയും വിശ്വസ്തതയോടേയും നമ്മെ നയിക്കാന്‍ പ്രാപ്തിയുള്ളത് ആര്‍ക്ക് എന്നതില്‍ പാര്‍ട്ടി ഏറ്റവും മികച്ച തീരുമാനമെടുക്കുമെന്ന് വിശ്വസിക്കുന്നു.

രാജിവെച്ച് ഉടന്‍ തന്നെ, പുതിയ അദ്ധ്യക്ഷനെ കണ്ടെത്താനുള്ള കര്‍ത്തവ്യം ഒരു കൂട്ടം ആളുകളെ ഏല്‍പിക്കുന്നതായിരിക്കണം അടുത്ത നടപടിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സഹപ്രവര്‍ത്തകരോട് ഞാന്‍ പറയുകയുണ്ടായി. ഈ പരിവര്‍ത്തനം സുഗമമായി നടത്താനുള്ള എല്ലാ പിന്തുണയും ഞാന്‍ അവര്‍ക്ക് നല്‍കിയിട്ടുണ്ട്.

കേവലം രാഷ്ട്രീയ അധികാരത്തിന് വേണ്ടിയുള്ള ഒരു പോരാട്ടമായിരുന്നില്ല എന്റേത്. ബിജെപിയോട് എനിക്ക് വെറുപ്പോ ദേഷ്യമോ ഇല്ല. പക്ഷെ, എന്റെ ശരീരത്തില്‍ ജീവനുള്ള ഓരോ സെല്ലുകളും സഹജാവബോധത്തോടെ ഇന്ത്യയേക്കുറിച്ചുള്ള അവരുടെ ആശയത്തെ എതിര്‍ക്കും. ആ പ്രതിരോധം ഉയര്‍ന്നുവരുന്നത് എന്റെ അസ്തിത്വത്തില്‍ വ്യാപിച്ച ഇന്ത്യയേക്കുറിച്ചുള്ള ആശയത്തില്‍ നിന്നാണ്. അത് ഇപ്പോഴും എല്ലായ്‌പ്പോഴും അവരുടെ ആശയത്തോട് നേരിട്ട് ഏറ്റുമുട്ടുന്നതാണ്. ഇത് ഒരു പുതിയ യുദ്ധമല്ല. നമ്മുടെ മണ്ണില്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി ഈ യുദ്ധം നടക്കുന്നുണ്ടായിരുന്നു. അവര്‍ വ്യത്യസ്ത കാണുന്നിടത്ത് ഞാന്‍ സാമ്യത കാണുന്നു. അവര്‍ വിദ്വേഷം കാണുന്നിടത്ത് ഞാന്‍ സ്‌നേഹം കാണുന്നു. അവര്‍ ഭയക്കുന്നതിനെ ഞാന്‍ പുണരുന്നു.

ഈ സഹാനുഭാവ ആശയം ദശലക്ഷക്കണക്കായ എന്റെ പ്രിയപ്പെട്ട സഹപൗരന്‍മാരുടെ ഹൃദയങ്ങളില്‍ അന്തര്‍ലീനമാണ്. ഈ ആശയത്തിന് വേണ്ടിയാണ് നാമിപ്പോള്‍ തീവ്രമായ ചെറുത്തുനില്‍പ്പ് നടത്തുന്നത്.

നമ്മുടെ രാജ്യത്തിനും വിലപ്പെട്ട ഭരണഘടനയ്ക്കും മേല്‍ നടന്നുകൊണ്ടിരിക്കുന്ന ആക്രമണം ഇന്ത്യയുടെ അടിത്തറ തകര്‍ക്കാന്‍ വരച്ചുണ്ടാക്കിയതാണ്. ഈ പോരാട്ടത്തില്‍ നിന്നും ഒരു കാരണവശാലും ഒരു തരത്തിലും ഞാന്‍ പിന്മാറുന്നില്ല. ഞാന്‍ കോണ്‍ഗ്രസിന്റെ വിധേയ ഭടനും ഇന്ത്യയ്ക്ക് സമര്‍പ്പിക്കപ്പെട്ട മകനുമാണ്. എന്റെ അവസാന ശ്വാസം വരെ അവരെ സേവിക്കുന്നതും സംരക്ഷിക്കുന്നതും ഞാന്‍ തുടരും.

കരുത്തോടെയും മാന്യതയോടേയും നാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. സാഹോദര്യവും സഹിഷ്ണുതയും, ഇന്ത്യയിലെ എല്ലാ ജനങ്ങളോടും മതങ്ങളോടും സമുദായങ്ങളോടും ബഹുമാനമുള്ളതും ആയിരുന്നു നമ്മുടെ ക്യാംപെയ്ന്‍. എന്റെ എല്ലാ അസ്തിത്വവും ഉപയോഗിച്ച്

പ്രധാനമന്ത്രിയേയും ആര്‍എസ്എസിനേയും അവര്‍ പിടിച്ചെടുത്ത സ്ഥാപനങ്ങളേയും, എന്റെ എല്ലാ അസ്തിത്വവുമുപയോഗിച്ച് ഞാന്‍ വ്യക്തിപരമായി നേരിട്ടു. ഞാന്‍ പോരാടി, കാരണം ഞാന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നു. ഇന്ത്യ നിര്‍മ്മിക്കപ്പെട്ട ആദര്‍ശങ്ങളെ പ്രതിരോധിക്കാന്‍ വേണ്ടി ഞാന്‍ പോരാടി. ചില സമയങ്ങളില്‍ ഞാന്‍ പൂര്‍ണമായും ഒറ്റയ്ക്ക് നിന്നു. അതില്‍ എനിക്ക് അങ്ങേയറ്റത്തെ അഭിമാനമുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരുടെ സമര്‍പ്പണമനോഭാവത്തില്‍ നിന്നും വിശ്വാസതീവ്രതയില്‍ നിന്നും ഒരുപാട് പഠിക്കാന്‍ എനിക്കായി, എന്നെ സ്‌നേഹത്തേക്കുറിച്ചും മാന്യതയേക്കുറിച്ചും പഠിപ്പിച്ചത് ഈ സ്ത്രീകളും പുരുഷന്‍മാരുമാണ്.

രാഹുല്‍ ഗാന്ധി
‘ഞാന്‍ ഒറ്റയ്ക്കാണ് നിന്നത്’; തുറന്നതെഴുതിയ രാജിക്കത്തില്‍ രാഹുല്‍ ഗാന്ധി  

ഒരു രാജ്യത്ത് സ്വതന്ത്രവും ന്യായപൂര്‍ണ്ണവുമായ തെരഞ്ഞെടുപ്പിന് നിഷ്പക്ഷമായ സ്ഥാപനങ്ങള്‍ ആവശ്യമാണ്. മധ്യസ്ഥര്‍ ഇല്ലാതെ- സ്വതന്ത്ര മാധ്യമങ്ങളില്ലാതെ, സ്വതന്ത്ര നീതിന്യായ വ്യവസ്ഥയില്ലാതെ, സുതാര്യവും നിഷ്പക്ഷവും വസ്തുനിഷ്ഠവുമായ തെരഞ്ഞെടുപ്പ് കമ്മീഷനില്ലാതെ ഒരു തെരഞ്ഞെടുപ്പ് നീതിപൂര്‍ണ്ണമാകില്ല. സാമ്പത്തിക സ്രോതസ്സുകളില്‍ ഒരു പാര്‍ട്ടിക്ക് മാത്രം സമ്പൂര്‍ണ്ണ കുത്തകയുണ്ടാകുമ്പോഴും തെരഞ്ഞെടുപ്പിന് സ്വതന്ത്രമാകാന്‍ കഴിയില്ല.

2019 തെരഞ്ഞെടുപ്പില്‍ നമ്മള്‍ പോരാടിയത് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടല്ല. മറിച്ച്, മുഴുവന്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റേയും യന്ത്രസംവിധാനത്തോടാണ്, പ്രതിപക്ഷത്തിനെതിരെ അണിനിരത്തപ്പെട്ട എല്ലാ സ്ഥാപനങ്ങളോടുമാണ്. നാം ഒരിക്കല്‍ വിലപ്പെട്ടതായി കണ്ട ഭരണഘടനയുടെ സമഭാവം ഇന്ത്യയില്‍ നിലനില്‍ക്കുന്നില്ലെന്ന് സ്ഫടികം പോലെ വ്യക്തമായി കഴിഞ്ഞു.

ആര്‍എസിഎസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍, രാജ്യത്തിന്റെ സ്ഥാപനഘടനകളെ പിടിച്ചെടുക്കല്‍ ഇപ്പോള്‍ പൂര്‍ത്തിയായി കഴിഞ്ഞിരിക്കുന്നു. നമ്മുടെ ജനാധിപത്യം അടിസ്ഥാനപരമായി തന്നെ ദുര്‍ബലപ്പെട്ടിരിക്കുന്നു. ഇനി മുതലാണ് യഥാര്‍ത്ഥ അപകടം, തെരഞ്ഞെടുപ്പുകള്‍ ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന ഒന്ന് എന്നതിന് പകരം വെറും ചടങ്ങുകളായി മാറും.

ഈ അധികാരം പിടിച്ചെടുക്കല്‍ സങ്കല്‍പിക്കാനാകാത്ത തലത്തിലുള്ള അക്രമവും വേദനയും ഇന്ത്യയ്ക്ക് നല്‍കും. കര്‍ഷകര്‍, തൊഴില്‍ രഹിതരായ ചെറുപ്പക്കാര്‍, സ്ത്രീകള്‍, ആദിവാസികള്‍, ദളിതര്‍, ന്യൂനപക്ഷക്കാര്‍ ഇവരെല്ലാമാണ് ഏറ്റവും ദുരിതമനുഭവിക്കേണ്ടി വരാന്‍ പോകുന്നത്. അത് നമ്മുടെ സമ്പദ് വ്യവസ്ഥയിലും രാജ്യത്തിന്റെ കീര്‍ത്തിയിലും ഉണ്ടാകുന്ന പ്രഹരശേഷി തരിപ്പണമാക്കുന്ന തരത്തിലുള്ളതാകും. പ്രധാനമന്ത്രിയുടെ വിജയം അദ്ദേഹത്തിന് എതിരെയുള്ള അഴിമതി ആരോപണങ്ങളുടെ വ്യാപ്തിയെ ഇല്ലാതാക്കുന്നില്ല. എത്ര മാത്രം പണമോ പ്രൊപ്പഗാണ്ടയോ ഉണ്ടായാലും സത്യത്തിന്റെ വെളിച്ചത്തെ മൂടിവെക്കാനാകില്ല.

ഇന്ത്യാ രാജ്യം ഒത്തു ചേര്‍ന്ന് നമ്മുടെ സ്ഥാപനങ്ങളെ വീണ്ടെടുക്കുകയും പുനസ്ഥാപിക്കുകയും വേണം. ഈ പുനരുജ്ജീവനത്തിന്റെ ഉപകരണം കോണ്‍ഗ്രസ് പാര്‍ട്ടിയായിരിക്കും. ഈ ദൗത്യം നിറവേറ്റാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി അതിനെ തന്നെ സമൂലമായി പരിവര്‍ത്തനം ചെയ്യണം. ബിജെപി ഇന്ന് ഇന്ത്യന്‍ ജനതയുടെ ശബ്ദം വ്യവസ്ഥാപിതമായി അടിച്ചമര്‍ത്തുന്നു. ഈ ശബ്ദങ്ങള്‍ക്ക് വേണ്ടി ചെറുത്തുനില്‍ക്കേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കര്‍ത്തവ്യമാണ്. ഇന്ത്യ ഒരിക്കലും ഒറ്റ ശബ്ദമായിരുന്നില്ല, ഒരിക്കലും ആകാനും പോകുന്നില്ല. അത് പല ശബ്ദങ്ങളുടെ ഒരു സിംഫണിയായിരുന്നു. ഇനിയും അങ്ങനെത്തന്നെയാകും. ഇതാണ് ഭാരത മാതാവിന്റെ യഥാര്‍ത്ഥ സത്ത.

എനിക്ക് പിന്തുണയറിയിച്ച് കത്തുകളും സന്ദേശങ്ങളും അയച്ച, രാജ്യത്തിന് അകത്തും പുറത്തുമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് നന്ദി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആദര്‍ശങ്ങള്‍ക്ക് വേണ്ടി എന്റെ എല്ലാ കരുത്തും ഉപയോഗിച്ച് ഞാന്‍ തീര്‍ച്ചയായും പോരാടും. പാര്‍ട്ടിക്ക് എന്റെ സേവനങ്ങളോ നിര്‍ദേശങ്ങളോ ആവശ്യമുള്ള സമയത്തെല്ലാം ഞാനുണ്ടാകും.

കോണ്‍ഗ്രസിന്റെ ആദര്‍ശത്തെ പിന്തുണയ്ക്കുന്നവരോട്, പ്രത്യേകിച്ച് നമ്മുടെ പ്രിയപ്പെട്ട കാര്യകര്‍ത്താവിനോട്, എനിക്ക് നമ്മുടെ ഭാവിയില്‍ പൂര്‍ണ്ണവിശ്വാസവും നിങ്ങളോട് അങ്ങേയറ്റത്തെ സ്‌നേഹവുമുണ്ട്. അധികാരമുള്ളവര്‍ അധികാരത്തോട് പറ്റിപ്പിടിച്ചിരിക്കുന്നത് ഇന്ത്യയിലെ പൊതുസ്വഭാവമാണ്, ആരും അധികാരം ത്യജിക്കില്ല. പക്ഷെ, അധികാരമോഹം ത്യജിച്ച് ആഴമേറിയ ഒരു ആശയ പോരാട്ടം നടത്താതെ നമുക്ക് നമ്മുടെ എതിരാളികളെ പരാജയപ്പെടുത്താനാകില്ല. കോണ്‍ഗ്രസുകാരനായാണ് ഞാന്‍ ജനിച്ചത്. ഈ പാര്‍ട്ടി എല്ലായ്‌പ്പോഴും എന്നോടൊപ്പമുണ്ടായിരുന്നു. ഇത് എന്റെ ജീവരക്തമാണ് എന്നെന്നേയ്ക്കും അങ്ങനെത്തന്നെ ആയിരിക്കും.

ജയ് ഹിന്ദ്

ഒപ്പ്

രാഹുല്‍ ഗാന്ധി

(പരിഭാഷ: റെയ്ക്കാഡ് അപ്പു ജോര്‍ജ്)

Related Stories

No stories found.
logo
The Cue
www.thecue.in