നരബലിയിലെത്തിനിൽക്കുന്ന പിന്നോട്ടുനടത്തങ്ങൾ

നരബലിയിലെത്തിനിൽക്കുന്ന പിന്നോട്ടുനടത്തങ്ങൾ

കേരളത്തിൽ സംഭവിക്കാൻ പാടില്ലാത്തത്, സംഭവിച്ചേക്കുമെന്ന് ഒരിക്കലും കരുതാത്തത് സംഭവിച്ചിരിക്കുന്നു. നമ്മുടെ അഭിമാനത്തിന് വലിയ ക്ഷതമേറ്റിരിക്കുന്നു. സാംസ്ക്കാരിക പ്രബുദ്ധതയുടെ കാര്യത്തിൽ വടക്കേയിന്ത്യയിൽ നിന്നു വ്യത്യസ്തരാണെന്ന തോന്നലിന് ഇനിയെന്ത് പ്രസക്തി? നമ്മുടെ നാളിതു വരെയുള്ള മേനിപറച്ചിലുകൾക്ക് ഇനിയെന്തടിസ്ഥാനമാണുള്ളത് ?

സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുമെന്ന അന്ധവിശ്വാസത്തിൽ രണ്ടു സ്ത്രീകളെ പത്തനംതിട്ടയിൽ അരുംകൊലയ്ക്ക് വിധേയമാക്കിയിരിക്കുന്നു. നരബലിയെന്ന ആഭിചാരക്രിയയുടെ ഭാഗമായി അവരെ കൊന്നു കഷണങ്ങളാക്കി കുഴിച്ചിട്ടതായാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ ഭഗവൽസിങ്ങ്, ഭാര്യ ലൈല, ബലിക്കായി സ്ത്രീകളെ കടത്തിക്കൊണ്ടു വന്ന മുഹമ്മദ് ഷാഫി എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

പത്രങ്ങളിലും ടെലിവിഷനിലും ഇതുമായ ബന്ധപ്പെട്ട വാർത്തകൾ നിർബാധം തുടരുകയാണ്. കേരളം നടുങ്ങിയതായും ഞെട്ടിയതായും അവർ പ്രഖ്യാപിക്കുന്നു. നമുക്കെല്ലാം പരിചയമുള്ള 'വിശുദ്ധരായ' മതപണ്ഡിതന്മാരും വിശ്വാസപ്രതിനിധികളും ഇന്നലെ ടെലിവിഷനിലിരുന്ന് ഞെട്ടുന്നത് നമ്മൾ കണ്ടു. അത്രയും നല്ലത്. എന്നാൽ ഞെട്ടിക്കൊണ്ടിരിക്കുന്ന ഇവരൊന്നും ഇതിൻ്റെ പിന്നിലെ യഥാർത്ഥ കാരണങ്ങളിലേക്ക് കടക്കുന്നതേയില്ല. ചോദിക്കേണ്ട ചോദ്യങ്ങൾ ആരും ചോദിക്കുന്നുമില്ല. ഒറ്റപ്പെട്ടതും വിചിത്രവുമായ കുറ്റകൃത്യം എന്ന നിലയിൽ പോലീസ് ഇതിനെ കൈകാര്യം ചെയ്യുമായിരിക്കും. ഉദ്വേഗജനകമായ മറ്റൊരു വാർത്ത ലഭിക്കുംവരെ മാധ്യമങ്ങളിൽ ഇത് നിറഞ്ഞു നിൽക്കും. ഇതങ്ങനെ അവസാനിച്ചാൽ മതിയോ? എന്തുകൊണ്ടാണ് മതപുരോഹിതന്മാരും വിശുദ്ധരായ വിശ്വാസപ്രമാണികളും ഞെട്ടുക മാത്രം ചെയ്തത്? ഇതെന്തു കൊണ്ട് സംഭവിച്ചു എന്നാർക്കും അറിയേണ്ടതില്ലേ ?

കാരണം വ്യക്തമാണ്. ഇവിടെ പ്രചരിപ്പിക്കപ്പെടുന്ന വിശ്വാസത്തിൻ്റെ ഉപോല്പന്നമായ (ബൈ-പ്രൊഡക്ട് ) അന്ധവിശ്വാസങ്ങളാണ് ഈ പ്രശ്നത്തിൻ്റെ മൂലകാരണം.

അതെല്ലാവർക്കുമറിയാം. അതിനാലാണ് ഇവരെല്ലാം സൗകര്യപൂർവ്വം യഥാർത്ഥ പ്രശ്നത്തെ അന്വേഷിക്കുവാൻ മെനക്കെടാത്തത്. അന്ധവിശ്വാസവും അനാചാരവും ആഭിചാരവും വിശ്വാസത്തിൻ്റെ മൂശയിൽ നിന്നു മാത്രമേ ഉടലെടുക്കുകയുള്ളൂ. അതിൻ്റെയെല്ലാം ഫാക്ടറികൾ മതങ്ങളാണ്. നരബലിക്ക് ഇപ്പോൾ വിധേയരായ രണ്ടു സ്ത്രീകളും ഈ അവസ്ഥയുടെ ഇരകളുമാണ്. അന്ധവിശ്വാസങ്ങളാൽ വികലമായ മാനസികാവസ്ഥയാണ് പ്രതികളെ ഈ അരുംകൊലയ്ക്ക് പ്രേരിപ്പിച്ചിരിക്കുന്നത് എന്നതിൽ സംശയമില്ല. അപ്പോൾ കേരളീയസമൂഹം അന്ധവിശ്വാസ ജടിലമാണ് എന്ന യാഥാർത്ഥ്യത്തെ നമ്മൾ മുഖാമുഖം കാണുകയാണ്. അതിനെ കേവലം ഞെട്ടലിലൂടെ പ്രതിരോധിച്ചാൽ പോര.

ഇത് നമ്മുടെ സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയ ചില മാറ്റങ്ങളെപ്പറ്റിയുള്ള കൃത്യമായ സൂചനയും കൂടിയാണ് എന്ന് തിരിച്ചറിയണം. മുമ്പെന്നത്തേക്കാളും വേഗത്തിൽ മലയാളികൾ അന്ധവിശ്വാസത്തിൻ്റെ സ്വാധീനത്തിലകപ്പെട്ടു കൊണ്ടിരിക്കുകയാണ്. സംശയമുണ്ടെങ്കിൽ മലയാളികളുടെ നിലവിലെ മനോഭാവത്തെ സൂക്ഷ്മമായി ഒന്നു വിലയിരുത്തിയാൽ മതി. അവരുടെ കുടുംബ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ഒന്ന് കണ്ണോടിച്ചാൽ മാത്രം മതി. അവിടം മുഴുവൻ അസംബന്ധ ജടിലമായ, യുക്തിക്ക് നിരക്കാത്ത, മതവിദ്വേഷം പരത്തുന്ന, ദുരാചാരങ്ങളെ ന്യായീകരിക്കുന്ന, വെറുപ്പ് സൃഷ്ടിക്കുന്ന സന്ദേശങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആധുനിക സാങ്കേതികവിദ്യയിലൂടെ പ്രാകൃതമായ അന്ധവിശ്വാസങ്ങളെ പ്രചരിപ്പിക്കുന്നതിൽ നമ്മൾ കാണിക്കുന്ന മിടുക്കിന് ആരൊക്കെയാണ് നേതൃത്വം കൊടുക്കുന്നത്? വിശ്വാസത്തിൻ്റെ പിൻബലത്തിൽ ഇവിടെ അടിമകളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് ആരാണ്? എന്തിനു വേണ്ടി ?

ഉത്തരേന്ത്യനവസ്ഥയിലേക്ക് ഇന്നിപ്പോൾ കേരളീയസമൂഹത്തെ നയിച്ചുകൊണ്ടിരിക്കുന്നത് പ്രധാനമായും ഹിന്ദുത്വരാഷ്ട്രീയ ശക്തികളാണ്. സാധാരണ ഹിന്ദുക്കളെ അവരിലേക്കാകർഷിക്കാൻ വേണ്ടിയുള്ള തീവ്രശ്രമത്തിൻ്റെ ഭാഗമാണിതൊക്കെ എന്നു വേണം തിരിച്ചറിയാൻ. ചിന്തിക്കാൻ പ്രാപ്തിയുള്ള മലയാളിമനസ്സിനെ അവർ വർഗീയമായി വിഷലിപ്തമാക്കിയത് കൃത്യമായ ദുരുദ്ദേശത്തോടെ തന്നെയാണ്. വർഗീയചിന്ത വളർത്താൻ ആദ്യം യുക്തിബോധത്തെ നശിപ്പിക്കണം. അതിനുള്ള എളുപ്പമാർഗ്ഗം അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും പരമാവധി വേഗത്തിൽ പ്രചാരത്തിലെത്തിക്കുക എന്നതു മാത്രമാണ്. അത് ഭംഗിയായി ഇവിടെയിപ്പോൾ നടക്കുന്നുണ്ട്. അതിൻ്റെ സ്വീകാര്യത രാഷ്ട്രീയവ്യത്യാസമില്ലാതെ ഹിന്ദുക്കളിൽ നടക്കുന്നുണ്ട്. അതിൻ്റെ തെളിവാണ് കുറ്റവാളികളായി നമ്മുടെ മുന്നിൽ നിൽക്കുന്ന ഭഗവൽ സിങ്ങും ലൈലയും. ഈ മാറ്റം ചെറിയ കാലയളവിൽ സംഭവിച്ചതാണ്. നമ്മുടെ സിവിൽ സൊസൈറ്റി നിസ്സഹായമായി നോക്കി നിൽക്കുകയായിരുന്നു. ഇത് മുമ്പേ അങ്ങനെയാണ് എന്നചിന്തയിലേക്കു പോലും ചിലർ കടക്കുന്നുണ്ട്. തീർച്ചയായും ഇത് പുതിയ മാറ്റമാണ്.

നമ്മുടെ രാഷ്ട്രീയകക്ഷികളുടെ അധികാരക്കൊതി ഇതിന് വളം വെച്ചു കൊടുക്കുന്നുണ്ട്. നമ്മുടെ ജനാധിപത്യത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ജീർണ്ണത ഇതിൻ്റെ പുറകിലുണ്ട്. പുതിയകാല രാഷ്ട്രീയം പൊതുമണ്ഡലത്തിൽ ചില ശൂന്യസ്ഥലികൾ സൃഷ്ടിക്കുന്നുണ്ട്. അവിടേക്കാണ് വിശ്വാസികളുടെ വക്താക്കൾ കടന്നു വന്ന് പൊതുമണ്ഡലത്തെ മലീമസമാക്കുന്നത്. ഇതിനെ എങ്ങനെ നേരിടാൻ കഴിയും? കേരളം ഒത്തൊരുമയോടെ ചിന്തിക്കേണ്ടതുണ്ട്. പ്രവർത്തിക്കേണ്ടതുണ്ട്.

സാംസ്കാരിക ലോകത്തിൻ്റെ സജീവമായ ഇടപെടൽ മാത്രമാണ് മുന്നിൽ തുറന്നു കിടക്കുന്ന ഒരു വഴി. നമ്മുടെ സാംസ്കാരികവേദികൾ അവസരോചിതമായി ഉണർന്നു പ്രവർത്തിക്കണം. കേരളീയ സാംസ്കാരികമണ്ഡലത്തിന് ഇപ്പോൾ അതിനുള്ള കരുത്തുണ്ടോ? അവിടെയും വിഭാഗീയതയും വർഗീയമായ ചേരിതിരിവും സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. പഴയതു പോലെയുള്ള ഒരു തുറന്ന സാംസ്കാരിക പ്രവർത്തനം കേരളത്തിൽ ഇന്നിപ്പോൾ സാധ്യമാണോ? എനിക്ക് സംശയമാണ്.
നരബലിയിലെത്തിനിൽക്കുന്ന പിന്നോട്ടുനടത്തങ്ങൾ
ഫേസ്ബുക്കില്‍ ഹൈക്കു, നാട്ടുകാര്‍ക്ക് മറ തിരുമ്മല്‍ ചികില്‍സ; ഇലന്തൂര്‍ ദുര്‍മന്ത്രവാദക്കൊലയില്‍ നടുങ്ങി കേരളം

നമ്മളിപ്പോൾ അന്ധവിശ്വാസ നിരോധനനിയമത്തെപ്പറ്റി സംസാരിച്ചു തുടങ്ങിയിട്ടുണ്ട്. എന്തുകൊണ്ടാണ് അതിതുവരെ നമ്മുടെ സംസാരത്തിൽ പോലും സജീവമാവാതെ പോയത്? അതൊരു നിയമമായി മാറുമോ? ആ നിയമത്തെ നടപ്പിൽ വരുത്താനുള്ള ഇച്ഛാശക്തി കേരളീയ സമൂഹത്തിനുണ്ടോ? അതിനുള്ള ആർജ്ജവം കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയത്തിനുണ്ടോ? ശബരിമല വിഷയത്തിൽ അന്ധവിശ്വാസം മേൽക്കൈ നേടിയത് നമ്മൾ കണ്ടതാണ്. അവിടെ നിയമത്തിന് മാറി നിൽക്കേണ്ടി വന്നില്ലേ? അതുപോലെ ന്യൂനപക്ഷ മതസ്ഥർ കാട്ടിക്കൂട്ടുന്ന അനാചാരങ്ങളെയും പേക്കൂത്തുകളെയും നിയമപരമായി നിയന്ത്രിക്കാൻ നമുക്ക് സാധിക്കുമോ?

നമ്മുടെ ജനാധിപത്യത്തിൻ്റെ വിധേയപ്പെടൽ നമ്മളോട് പറയാതെ പലതും പറയുന്നുണ്ട്. ഇവിടെ ഒന്നും എളുപ്പമല്ല. നമ്മൾ നവോത്ഥാന മൂല്യങ്ങളിൽ നിന്ന് ഏറെ അകലെയെത്തിയിരിക്കുന്നു. പ്രതീകങ്ങളെക്കൊണ്ട് തൃപ്തിപ്പെടുന്നവരാണ് നമ്മളിപ്പോൾ. ഇരുപത്തിരണ്ടാം നൂറ്റാണ്ടിൻ്റെ മൂല്യബോധത്തിലേക്കെത്താൻ ശ്രമിക്കുന്നതിനു പകരം നമ്മൾ പുറകോട്ടു നടക്കുകയാണ്. ഒരുപാട് പുറകോട്ടു നടന്നു കഴിഞ്ഞു. വിശ്വാസം നമ്മുടെയൊക്കെ മനോനിലയിൽ വലിയ സ്വാധീനം ചെലുത്തുക്കൊണ്ടിരിക്കുന്നു. ഭരണകൂടവും അതിനൊക്കെ വളം വെച്ചു കൊടുക്കുകയാണ്. കാണാൻ പാടില്ലാത്തതാണ് ചുറ്റിനും നിറയുന്നത്.

ഇത് വെറും ഞെട്ടലുകളിൽ തീരുന്ന ഒന്നല്ല. കടുത്ത നിലപാടുകളിലേക്ക് പോകേണ്ടിയിരിക്കുന്നു. നടുക്കങ്ങൾക്കപ്പുറം നടപടികളിലേക്ക് കടക്കുമ്പോൾ നേരത്തെ സൂചിപ്പിച്ച 'വിശുദ്ധർ' കൂട്ടത്തോടെ തടസ്സവാദങ്ങളുമായി വീണ്ടും ചാനലുകളിൽ നിറയും. മന്ത്രങ്ങളുമായി അവർ തെരുവുകളെ ഉണർത്തും. വാട്സാപ്പുകളെ ഉപയോഗിച്ച് അവർ 'ആത്മീയ'പ്രതിരോധം സൃഷ്ടിക്കും. കേരളം വീണ്ടും നിസ്സഹായവസ്ഥയിലാകും.

വർഗീയവാദികളുടെ ഗൂഢലക്ഷ്യങ്ങൾക്ക് കീഴടങ്ങിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. അവിടെ ആഭിചാരങ്ങൾ കടന്നു വരും. നരബലികൾ നടക്കും. അന്യമതവിരോധം വർദ്ധിക്കും. വെറുപ്പിൻ്റെ രാഷ്ട്രീയം അരങ്ങു തകർക്കും. പിന്നോട്ടുള്ള ഈ നടത്തത്തിൽ നഷ്ടപ്പെടുന്നതെന്താണെന്നു പോലും നമ്മൾ അറിയാതെ പോകുന്നു. നടുക്കങ്ങളും ഞെട്ടലുകളും തുടർക്കഥയാവുകയും ചെയ്യും. കേരളം കേരളത്തെ തിരിച്ചു പിടിക്കണം. അതോർമ്മിപ്പിക്കാനെങ്കിലും ഇപ്പോൾ നടന്ന അരുംകൊലകൾ സാധ്യതയൊരുക്കട്ടെ എന്നാഗ്രഹിക്കാം.

Related Stories

No stories found.
logo
The Cue
www.thecue.in