ഫേസ്ബുക്കില്‍ ഹൈക്കു, നാട്ടുകാര്‍ക്ക് മറ തിരുമ്മല്‍ ചികില്‍സ; ഇലന്തൂര്‍ ദുര്‍മന്ത്രവാദക്കൊലയില്‍ നടുങ്ങി കേരളം

Elanthoor double murder
Elanthoor double murderElanthoor double murder

എറണാകുളം കടവന്ത്ര സ്വദേശിയ പത്മം എന്ന ലോട്ടറി വില്‍പ്പനക്കാരിയെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് കേരളത്തെ നടുക്കിയ ദുര്‍മന്ത്രവാദക്കൊല പുറത്തുവരുന്നത്. എറണാകുളത്ത് കാലടിയിലും കടവന്ത്രയിലും ലോട്ടറി വില്‍പ്പന നടത്തിയിരുന്ന രണ്ട് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ക്രൂരമായ കൊലപാതകത്തിന് ഇരയാക്കിയെന്നാണ് പൊലീസ് നിഗമനം. പത്തനംതിട്ട ഇലന്തൂരില്‍ തിരുമ്മല്‍ ചികില്‍സാ കേന്ദ്രം നടത്തുന്ന ഭഗവല്‍ സിംഗും ഭാര്യ ലൈലയും ചേര്‍ന്നാണ് സാമ്പത്തിക അഭിവൃദ്ധിക്കുള്ള നരബലി എന്ന രീതിയില്‍ രണ്ട് സ്ത്രീകളെ കഴുത്തറുത്ത് കൊന്ന് ശരീരഭാഗങ്ങള്‍ കഷ്ണങ്ങളായാണ് വീട്ടുപറമ്പില്‍ കുഴിച്ചിട്ടത്.

കാലടി സ്വദേശിയായ റോസ്ലിന്‍, കടവന്ത്ര പൊന്നുരുന്നി സ്വദേശി പത്മം എന്നിവരാണ് കൊല്ലപ്പെട്ടത്. തിരുവല്ല എലന്തൂര്‍ സ്വദേശി ഭഗവല്‍ സിംഗിനും ഭാര്യ ലൈലയ്ക്കും ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി കൊലചെയ്യാന്‍ സ്ത്രീകളെ എറണാകുളത്ത് നിന്ന് തിരുവല്ലയില്‍ എത്തിച്ച് നല്‍കിയത് പെരുമ്പാവൂര്‍ സ്വദേശിയായ ഷിഹാബ് എന്ന റഷീദ് ആണ്. ഷിഹാബ് എന്ന റഷീദിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഇരട്ടക്കൊലയുടെ ചുരുളഴിഞ്ഞത്. കടവന്ത്ര സ്വദേശി പത്മയുടെ മകനാണ് അമ്മയെ കാണാനില്ലെന്ന പരാതിയുമായി സെപ്തംബര്‍ 27ന് പൊലീസിനെ സമീപിച്ചത്.

സെപ്റ്റംബര്‍ 27 ന് തുടങ്ങിയ അന്വേഷണത്തെ തുടര്‍ന്നാണ് വിവരങ്ങള്‍ പുറത്ത് വന്നത്. സ്ത്രീകളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം. തുടര്‍ന്ന് തിരുവല്ലക്കാരായ ദമ്പതികളും പെരുമ്പാവൂരുകാരനായ ഏജന്റും അറസ്റ്റിലാവുകയായിരുന്നു.

ആയുര്‍വേദ തിരുമ്മല്‍ കേന്ദ്രത്തിന്റെ മറവില്‍ ആഭിചാരക്രിയ

ഭഗവല്‍ സിംഗ് പത്തനംതിട്ട ഇലന്തൂരില്‍ അറിയപ്പെടുന്ന തിരുമ്മല്‍കാരനാണ്. ഹൈക്കു കവിതകള്‍ എഴുതാറുമുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന ആളാണ്. ഭഗവല്‍ സിംഗിന്റെ അച്ഛനും തിരുമ്മല്‍കാരനായിരുന്നു. ആ വിശ്വാസ്യത കൂടി ഉപയോഗിച്ച് കൊണ്ടാണ് ഭഗവല്‍ സിംഗ് സ്ഥാപനം നടത്തുന്നത്. സാമൂഹികമായ ഇടപെടലുകളിലൂടെ ഇയാള്‍ ഉണ്ടാക്കിയെടുത്ത വിശ്വാസ്യത കാരണം, ആഭിചാരക്രിയയുടെ ഭാഗമായി രണ്ടുപേരെ കൊന്നു എന്ന് വിശ്വസിക്കാന്‍ നാട്ടുകാര്‍ക്ക് കഴിയുന്നുണ്ടായിരുന്നില്ല. കുടുംബത്തിന് ഐശ്വര്യവും സമ്പത്തും ഉണ്ടാകുന്നതിനു വേണ്ടിയാണ് കൊലപാതകം നടത്തിയത്. കാലടി സ്വദേശി റോസ്ലിനെ ജൂണിലും കടവന്ത്ര സ്വദേശി പത്മയെ സെപ്റ്റംബറിലുമാണ് തിരുവല്ലയില്‍ എത്തിച്ചത്.

റോസ്ലിനും പത്മയും

തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശിയായ റോസ്ലിന്‍ കാലടിയിലെ മറ്റൂരിലായിരുന്നു താമസം. പങ്കാളിക്കൊപ്പം മറ്റൂരില്‍ കഴിയുകയായിരുന്ന റോസ്ലിനെ കാണാനില്ല എന്ന് പരാതിയുമായി ആഗസ്റ്റ് 17 നാണ് മകള്‍ പരാതി നല്‍കിയത്. പല സ്ഥലത്തും മാറിമാറി താമസിക്കുന്ന സ്വഭാവമായതിനാല്‍ റോസ്ലിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പത്മയെ കണ്ടെത്തനുള്ള അന്വേഷണത്തിനിടയിലാണ് ഒടുവില്‍ റോസ്ലിനും സമാനമായ രീതിയില്‍ കൊലപ്പെട്ടതാണെന്ന് മനസ്സിലാക്കുന്നത്.

കാലടിയില്‍ ലോട്ടറി വില്‍പനക്കാരിയായിരുന്നു പത്മം. ഒറ്റയ്ക്കായിരുന്നു താമസം. പത്മത്തിന്റെ ബന്ധുക്കളെല്ലാം തമിഴ്‌നാട്ടിലാണ്. എല്ലാദിവസവും മകന്‍ പത്മത്തെ ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നു. എന്നാല്‍ സെപ്തംബര് 26 മുതല്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെ അടുത്തുള്ള വീട്ടുകാരെ വിളിച്ചന്വേഷിക്കുകയായിരുന്നു. അങ്ങനെയാണ് പത്മം വീട്ടിലില്ല എന്നറിയുന്നത്. തുടര്‍ന്ന് സെപ്റ്റംബര്‍ 27 ന് മകന്‍ കേരളത്തിലെത്തി കടവന്ത്ര പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

അതിക്രൂരമായ കൊലപാതകം

കഴുത്തറുത്താണ് രണ്ടുപേരെയും കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ മൊഴി നല്‍കി. മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി കുഴിച്ചിട്ടിരിക്കുകയാണ്. ഏജന്റ് ഷിഹാബാണ് ഇതിന്റെയെല്ലാം മുഖ്യ ആസൂത്രകന്‍. ഷിഹാബിനു നേരിട്ടറിയാവുന്ന സ്ത്രീകളാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. വ്യാജ ഫേസ്ബുക് അക്കൗണ്ട് വഴിയാണ് ഷിഹാബ്, തിരുവല്ല സ്വദേശിയായ ഭഗവല്‍ സിംഗിനെ പരിചയപ്പെടുന്നത്. സമ്പത്തിനും ഐശ്വര്യത്തിനും വേണ്ടി ആഭിചാരക്രിയ ചെയ്യണമെന്ന് ഭഗവല്‍ സിംഗിനെ ബോധ്യപ്പെടുത്തിയതും ഷിഹാബ് തന്നെയാണെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

മരത്തിനിടയില്‍ ശരീരാവശിഷ്ടങ്ങള്‍

എറണാകുളം,പത്തനംതിട്ട ജില്ലാ പൊലീസ് മേധാവികളുടെ സംയുക്ത സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. ഒക്ടോബര്‍ 11ന് ഉച്ചയോടെ കൊച്ചിയില്‍ നിന്നുള്ള പൊലീസ് ടീം ഇലന്തൂരില്‍ ഭഗവല്‍സിംഗിന്റെ വീട്ടിലെത്തി. ഇലന്തൂരിലെ വീട്ടുവളപ്പില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. മരത്തിനിടയില്‍ കുഴിച്ചിട്ട നിലയിലായിരുന്നു ശരീരാവശിഷ്ടങ്ങള്‍. ആദ്യ കൊല നടന്നത് 2022 ജൂണിലാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഓഗസ്റ്റിലാണ് റോസലിനെ കാണാതാകുന്നത്.

ശ്രീദേവി എന്ന ഫേക്ക് ഐഡിയുണ്ടാക്കി ഷാഫി ഭഗവല്‍സിംഗുമായി ബന്ധമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിനിമയില്‍ അഭിനയിക്കാമെന്ന വാഗ്ദാനം നല്‍കിയാണ് റോസ്ലിനെ കൊണ്ടുപോയതെന്നും കണ്ടെത്തിയിട്ടുണ്ട്. തലയറുത്ത ശേഷം രക്തം പാത്രത്തില്‍ ശേഖരിച്ച് വീട് ശുദ്ധീകരിക്കാന്‍ പല ഭാഗങ്ങളില്‍ തളിക്കാനാവശ്യപ്പെട്ടെന്നും രണ്ടരലക്ഷം രൂപ ഷാഫി പ്രതിഫലമായി സ്വീകരിച്ചെന്നും പൊലീസ്.

ഇലന്തൂരിലെ നരബലി പുറത്തെത്തിച്ചതില്‍ നിര്‍ണായകമായത് കൊച്ചി കടവന്ത്രയിലെ ലോട്ടറിവില്‍പ്പനക്കാരായ സ്ത്രീകള്‍ നല്‍കിയ നിര്‍ണായക മൊഴികള്‍ കൂടിയാണ്. ദുര്‍മന്ത്രവാദ കൊലയുടെ ആസൂത്രകനും ഏജന്റുമായ ഷാഫി മറ്റ് സ്ത്രീകളെയും സമീപിച്ചിരുന്നു. ഷാഫിയെ ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതകം പുറത്തുവന്നത്.

പരമ്പരാഗതമായി തിരുമ്മല്‍ ചികില്‍സ നടത്തിയിരുന്നവരാണ് ഭഗവല്‍ സിംഗിന്റെ കുടുംബം. ഒടിവിനും ചതവിനും ഇതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ചികില്‍സ തേടി രോഗികള്‍ എത്തുന്നതാണെന്ന ചിന്തയില്‍ നാട്ടുകാര്‍ ഭഗവല്‍ സിംഗിന്റെ വീട്ടിലേക്ക് വാഹനങ്ങളും അപരിചിതരും എത്തുന്നതില്‍ സംശയിച്ചിരുന്നില്ല. ആഞ്ഞിലിമൂട്ടില്‍ വൈദ്യന്‍മാര്‍ എന്നാണ് ഭഗവല്‍ സിംഗും ലൈലയും അറിയപ്പെട്ടിരുന്നത്.

HUMAN SACRIFICE IN KERALA
HUMAN SACRIFICE IN KERALA

കുറ്റവാളികള്‍ക്കെതിരെ അതിശക്തമായ നിയമ നടപടി: മുഖ്യമന്ത്രി

മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരില്‍ ഉണ്ടായ ഇരട്ടക്കൊലപാതകം. രണ്ടു സ്ത്രീകളെ കഴുത്തറുത്ത് കൊന്നു കുഴിച്ചു മൂടി എന്ന വിവരമാണ് പുറത്തു വന്നിട്ടുള്ളത്.

രോഗാതുരമായ മനസാക്ഷിയുള്ളവര്‍ക്കേ ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുകയുള്ളൂ. പരിഷ്‌കൃത സമൂഹത്തോടുള്ള വെല്ലുവിളിയായി മാത്രമേ ഇത്തരം ദുരാചാരങ്ങളേയും ആഭിചാരക്രിയകളേയും കാണാന്‍ കഴിയൂ.

കടവന്ത്ര പോലീസില്‍ സെപ്തംബര്‍ 26 നു രജിസ്റ്റര്‍ ചെയ്ത മിസ്സിംഗ് കേസിന്റെ അന്വേഷണത്തിലാണ് പോലീസ് ഈ കൊടുംക്രൂരതയുടെ ചുരുളുകള്‍ അഴിച്ചത്. അന്ധവിശ്വാസത്തിന്റെ ഭാഗമായി നടന്നതാണ് കൊലപാതകങ്ങള്‍ എന്ന് പ്രതികള്‍ മൊഴിനല്‍കിയതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പോലീസിന്റെ ജാഗ്രതയോടെയുള്ള അന്വേഷണത്തിലാണ്, ഒരു മിസ്സിംഗ് കേസില്‍ നിന്ന് ഇരട്ടക്കൊലപാതകം നടന്നതായുള്ള കണ്ടെത്തലില്‍ എത്തിയത്.

സമ്പത്തിനു വേണ്ടിയും അന്ധവിശ്വാസങ്ങളെ തൃപ്തിപ്പെടുത്താനും മനുഷ്യരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുക എന്നത് കേരളത്തിന് ചിന്തിക്കാന്‍ പോലുമാകാത്ത കുറ്റകൃത്യമാണ്. ഇത്തരം പ്രവണതകള്‍ക്കെതിരെ നിയമ നടപടികള്‍ക്കൊപ്പം സാമൂഹിക ജാഗ്രതയും ഉണ്ടാകേണ്ടതുണ്ട്. ഇങ്ങനെയുള്ള ദുഷ്പ്രവണതകള്‍ തിരിച്ചറിയാനും പൊതു ശ്രദ്ധയില്‍ കൊണ്ടുവന്ന് അവയ്ക്ക് തടയിടാനും ഓരോരുത്തരും മുന്നോട്ടു വരണം.

ഈ കുറ്റകൃത്യത്തില്‍ പങ്കാളികളായ എല്ലാവരെയും എത്രയും വേഗം നിയമത്തിനു മുന്നിലെത്തിക്കാനുള്ള പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. കുറ്റവാളികള്‍ക്കെതിരെ അതിശക്തമായ നിയമ നടപടി സ്വീകരിക്കും.

കൊലയാളികളില്‍ ഒരാള്‍ പുരോഗമന രാഷ്ട്രീയ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു: വി.ഡി.സതീശന്‍

ആഭിചാരക്രിയയുടെ പേരില്‍ രണ്ട് സ്ത്രീകളെ പൈശാചികമായി കൊലപ്പെടുത്തിയെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. ദുര്‍മന്ത്രവാദവും അതുമായി ബന്ധപ്പെട്ട നരബലിയും നടന്നെന്ന വാര്‍ത്ത ഉത്തരേന്ത്യയില്‍ നിന്നല്ല, നവോത്ഥാനത്തിന്റെ നെറുകയില്‍ നില്‍ക്കുന്നെന്ന് നാം ഓരോരുത്തരും ഊറ്റം കൊള്ളുന്ന നമ്മുടെ കേരളത്തില്‍ നിന്നു തന്നെയാണ്. കേട്ടുകേള്‍വി മാത്രമായ കുറ്റകൃത്യങ്ങള്‍ നമ്മുടെ കണ്‍മുന്നിലും സംഭവിക്കുകയാണ്. പരിഷ്‌കൃത സമൂഹമെന്ന് അഭിമാനിക്കുന്ന നമ്മള്‍ ഓരോരുത്തരും അപമാനഭാരത്താല്‍ തലകുനിയ്‌ക്കേണ്ട സംഭവങ്ങളാണ് പുറത്തു വരുന്നത്.

ആദ്യം കൊല്ലപ്പെട്ട സ്ത്രീയെ ജൂണ്‍ ആറ് മുതല്‍ കാണാനില്ലെന്നാണ് പുറത്ത് വരുന്ന വിവരം. ഓഗസ്റ്റ് 17- ന് കാലടി പൊലീസില്‍ പരാതിയെത്തി. സെപ്തംബര്‍ 26-ന് കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ സ്ത്രീയുടെ മിസ്സിംഗ് കേസിനെ തുടര്‍ന്നാണ് കാര്യമായ അന്വേഷണമുണ്ടായത്. ആദ്യ പരാതിയില്‍ തന്നെ ഗൗരവകരമായ അന്വേഷണം നടന്നിരുന്നുവെങ്കില്‍ മറ്റൊരു ജീവന്‍ രക്ഷിക്കാമായിരുന്നു. ആഭിചാരത്തിന്റെ പേരില്‍ കൂടുതല്‍ കൊലപാതകങ്ങള്‍ സംസ്ഥാനത്ത് നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ വിശദമായ പൊലീസ് അന്വേഷണം നടത്തേണ്ടതുണ്ട്.

കൊലയാളികളില്‍ ഒരാള്‍ പുരോഗമന നിലപാട് അവകാശപ്പെടുന്നൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു എന്നതും ഗൗരവതരമാണ്. അതുകൊണ്ട് തന്നെ ബാഹ്യഇടപെടലുകളുണ്ടാകാതെ സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കണം.

Related Stories

No stories found.
logo
The Cue
www.thecue.in