നെടുമുടി ഇനി ലോകമലയാളിയുടെ ഓർമ്മത്തിരശ്ശീലയിൽ

നെടുമുടി ഇനി ലോകമലയാളിയുടെ ഓർമ്മത്തിരശ്ശീലയിൽ
Summary

ചാമരത്തിലെ കൃസ്തീയ പുരോഹിതന്റെ വേഷവും എന്തൊരു തന്മയത്വത്തോടെയാണദ്ദേഹം അവതരിപ്പിച്ചത്. കള്ളൻ പവിത്രനിലെയും ആരവത്തിലെയും ഒരിടത്തൊരു ഫയൽ വാനിലെയും തകരയിലെയും വേണുവിന്റെ വേഷങ്ങളൊക്കെയും ആ സിനിമകളെ തന്നെ അതിശയിച്ചു കൊണ്ട് നമ്മെ പിന്തുടരുന്നു

ചലച്ചിത്രനിരൂപകന്‍ ജി.പി.രാമചന്ദ്രന്‍ എഴുതുന്നു

നെടുമുടി മലയാള സിനിമയിലൂടെയും മലയാള സിനിമ നെടുമുടിയിലൂടെയും കാലാതീതമായി നിലനിൽക്കും. അത്രമാത്രം വിഭിന്നവും വ്യത്യസ്തവും വിരുദ്ധവുമായ വേഷങ്ങളിൽ പകർന്നാട്ടങ്ങൾ നടത്തി, അതെല്ലാം തിരശ്ശീലയിലും പിന്നെ ലോകമലയാളിയുടെ മനസ്സെന്ന ഓർമ്മത്തിരശ്ശീലയിലും രേഖപ്പെടുത്തി വെച്ചാണ് വേണുച്ചേട്ടൻ വിടവാങ്ങിയത്. വാർദ്ധക്യത്തിലെത്തിയിട്ടും, യുവവേഷകാപട്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന സൂപ്പർ താരങ്ങൾക്കിടയിലും അവർക്കൊപ്പവും തന്നെയാണ് നെടുമുടി, യൗവനകാലത്തു തന്നെ വൃദ്ധവേഷങ്ങൾ അനവധി ചെയ്തത്. ആ വൃദ്ധ വേഷങ്ങളെല്ലാം ആടിക്കഴിഞ്ഞതിനാലാകാം, യഥാർത്ഥ വൃദ്ധ ജീവിത ത്തിനു മിനക്കെടാതെ അദ്ദേഹം അരങ്ങൊഴിഞ്ഞത്.

മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിൽ ശാരദയോടൊപ്പം വാർദ്ധക്യത്തിന്റെയും അനപത്യതാദു:ഖത്തിന്റെയും ഒറ്റപ്പെടലും കൂട്ടിപ്പിടുത്തവും അനുഭവിക്കുന്ന രാവുണ്ണി നായരെന്ന കഥാപാത്രത്തിന്റെ പേരൊന്നും ആരും ഓർക്കുന്നുണ്ടാവില്ല. അഭിനയക്കൊടുമുടിയിലദ്ദേഹത്തെ എത്തിച്ച നിരവധി വേഷങ്ങളിൽ പ്രധാനപ്പെട്ട ഈ കഥാപാത്രം പക്ഷേ നെടുമുടിയുടെ പേരിൽ മുഴുവൻ കാലത്തും നിലനിൽക്കും.

ഇതു കൂടാതെ നിരവധി കാരണവർ വേഷങ്ങളെയും നെടുമുടി അനശ്വരമാക്കിയിട്ടുണ്ട്. എൺപതുകളിൽ തുടങ്ങി രണ്ടു മൂന്നു പതിറ്റാണ്ടുകൾ നില നിന്ന, സവർണ-തമ്പുരാൻ-തറവാട്-കുടുംബ സിനിമകളിൽ അദ്ദേഹത്തിന്റെ ഏട്ടൻ കഥാപാത്രം ഒഴിച്ചു കൂടാത്തതായിരുന്നു. ഹിസ് ഹൈനസ് അബ്ദുല്ലയും ഭരതവും ചില ഉദാഹരണങ്ങൾ മാത്രം.

നെടുമുടി ഇനി ലോകമലയാളിയുടെ ഓർമ്മത്തിരശ്ശീലയിൽ
'കാലന്‍ കണിയാനെ' കണ്ട പത്മരാജന്‍, കമല്‍ഹാസന് പകരം വേണുവിന് നായകനായിക്കൂടേ എന്ന് ഭരതന്‍; നെടുമുടി നടനതാളത്തിന്റെ കൊടുമുടി

എന്നാൽ നെടുമുടിയുടെ സമകാലികരായിരുന്ന‌ ഭരത് ഗോപി, തിലകൻ എന്നീ അതുല്യ നടന്മാരെയും അദ്ദേഹം അതിശയിക്കുന്നത് വൈവിദ്ധ്യത്തിന്റെ നിറവ് കൊണ്ടാണ്. ആർട് സിനിമകളിലൂടെയാണ് ഗോപിയും വേണുവും ചലച്ചിത്ര രംഗത്തെത്തുന്നത്. കച്ചവട സിനിമകളോടുള്ള ഒരു വൈമുഖ്യം കുറെക്കാലം ഗോപി നിലനിർത്തിയതു പോലെ തോന്നിച്ചിരുന്നു. അതോ വ്യവസായത്തിന്റെ അൽഗോരിതം അദ്ദേഹത്തെ ഉൾപ്പെടുത്താത്തതാണോ അതുമറിയില്ല. നെടുമുടി പക്ഷെ അത്തരം അറച്ചു നിൽക്കലുകളൊന്നും കൂടാതെ എല്ലാത്തരം സിനിമകളിലും സജീവമായി.

പ്രേംനസീർ ആയിരുന്നു നായകവേഷത്തിലെങ്കിലും വിട പറയും മുമ്പെ എന്ന സിനിമ വൻ ഹിറ്റായത് നെടുമുടിയുടെ പ്രകടനത്തെ ജനങ്ങൾ ഹൃദയത്തോട് ചേർത്തു വെച്ചതു കൊണ്ടായിരുന്നു. കോഴിക്കോട് ചിന്താവളപ്പിലുള്ള ഡേവിസൺ തിയേറ്ററിൽ നൂറിലധികം ദിവസം ഹൗസ്ഫുള്ളായി ഓടിയ സിനിമയാണ് വിട പറയും മുമ്പെ. ഉള്ളിൽ മാരകരോഗവും മരണാസന്നതയും ഉണ്ടായിരിക്കെ തന്നെ പ്രസന്നതയും നർമ്മവും കൊണ്ട് പ്രസരിക്കുന്ന കഥാപാത്രമാണ് സേവ്യറിന്റേത്. ഹിന്ദി സിനിമയായ ആനന്ദിന്റെ റീമേക്കായിരുന്നെങ്കിലും മലയാളി ആ സിനിമയെ സ്വന്തമെന്ന വണ്ണം ഉള്ളോട് ചേർത്തു. ജോൺ പോൾ, മോഹൻ, ഇന്നസെന്റ് എന്നിവർക്കെല്ലാം വിവിധ നിലകളിൽ മലയാള സിനിമയിൽ ഗ്യാരണ്ടി നേടിക്കൊടുത്ത സിനിമയുമായിരുന്നു അത്.

ചാമരത്തിലെ കൃസ്തീയ പുരോഹിതന്റെ വേഷവും എന്തൊരു തന്മയത്വത്തോടെയാണദ്ദേഹം അവതരിപ്പിച്ചത്. കള്ളൻ പവിത്രനിലെയും ആരവത്തിലെയും ഒരിടത്തൊരു ഫയൽ വാനിലെയും തകരയിലെയും വേണുവിന്റെ വേഷങ്ങളൊക്കെയും ആ സിനിമകളെ തന്നെ അതിശയിച്ചു കൊണ്ട് നമ്മെ പിന്തുടരുന്നു.

നെടുമുടി ഇനി ലോകമലയാളിയുടെ ഓർമ്മത്തിരശ്ശീലയിൽ
വേണുച്ചേട്ടനില്ലെങ്കില്‍ എന്റെ ആദ്യ സിനിമയില്ല, ആ സിനിമക്കും അവസാനസിനിമക്കും പ്രതിഫലം വാങ്ങിയില്ല

കള്ളനും ജാരനും കൂട്ടിക്കൊടുപ്പുകാരനും വ്യഭിചാരിയും കള്ളു കുടിയനും, അങ്ങിനെ നാട്ടിൻ പുറങ്ങളെ സദാചാരപരമായി സമ്മർദ്ദത്തിലാക്കുകയും എന്നാൽ ഗ്രാമീണത നിർണയിക്കുകയും ചെയ്യുന്ന മനുഷ്യസ്വഭാവങ്ങളെയും ജന്തു സഹജതകളെയും കൗശലങ്ങളെയും ഒളിച്ചു കളികളെയുമെല്ലാം അക്കാലത്ത് നിർവചിച്ചതു തന്നെ നെടുമുടി അവതരിപ്പിച്ച കഥാപാത്രങ്ങൾ ആണ്.

അരവിന്ദന്റെ തമ്പിലൂടെയാണ് നെടുമുടി വേണു സിനിമയിലെത്തുന്നത്. അരവിന്ദേട്ടന്റെ കലാ വ്യക്തിത്വവുമായി ഒരു പാരസ്പര്യം, നെടുമുടിയിലും കാണാം. നാടകവും നാടൻ പാട്ടും അനുഷ്ഠാനകലകളും എല്ലാം സ്വായത്തമാക്കിയ, സർഗസമ്പന്നമായ ബാല്യവും കൗമാരവും വിദ്യാലയകാലവും ഉത്സവപ്പറമ്പുകളും കടന്നാണ് അദ്ദേഹം കാവാലത്തിന്റെ കളരിയിലും അരവിന്ദന്റെ ധ്യാന പരിസരത്തുമെത്തുന്നത്.

കെ ജി ജോർജ്ജിന്റെയും പ്രിയ നടനായിരുന്നു നെടുമുടി. യവനിക, കോലങ്ങൾ, പഞ്ചവടിപ്പാലം പോലുള്ള സിനിമകൾ വേണുച്ചേട്ടനെ മാറ്റി നിർത്തിക്കൊണ്ടാലോചിക്കാനേ പറ്റില്ല.

രണ്ടു തവണയായി മികച്ച സഹനടൻ(ഹിസ് ഹൈനസ് അബ്ദുല്ല), സ്പെഷ്യൽ ജൂറി പുരസ്കാരം (മാർഗം) എന്നിങ്ങനെ ദേശീയ അവാർഡിന്റെ അകത്തെത്തിയെങ്കിലും മികച്ച നടനുള്ള ദേശീയ അവാർഡ് നെടുമുടിയെ തേടിയെത്തിയില്ല എന്നത് ഖേദത്തോടെ രേഖപ്പെടുത്തട്ടെ.

2006ൽ, മിനുക്ക് എന്ന ഡോക്കുമെന്ററിയിൽ ആഖ്യാനശബ്ദം കൊടുത്തതിനും അദ്ദേഹത്തിന് ദേശീയ അവാർഡ് ലഭിച്ചു. ആ വർഷം എനിക്കും അവാർഡുണ്ടായിരുന്നു. ബാരക്കമ്പ റോഡിലെ ലളിത് എന്ന സപ്തനക്ഷത്ര ഹോട്ടലിലായിരുന്നു ഡി എഫ് എഫ് താമസമൊരുക്കിയിരുന്നത്. പക്ഷെ ഉച്ച ഭക്ഷണം അവിടന്ന് കഴിച്ചാൽ അവാർഡ് തുക അതിനേ തികയൂ. അതു കൊണ്ട് താരമായ നെടുമുടി യും സാധാരണക്കാരനായ ഞാനുമടക്കം മിക്ക മലയാളികളും ഓട്ടോ പിടിച്ച് കൊണാർട്ട് സർക്കസിലെ ശരവണഭവയിൽ എത്തി പുറത്തു കാത്തു നിന്ന് ഇരിപ്പിടം ഒഴിയുന്നതിനനുസരിച്ച് അകത്തു കയറി ഊണു കഴിച്ച് തിരിച്ചു വന്നതോർമ്മയുണ്ട്. വൈകീട്ട് വിജ്ഞാൻ ഭവനിൽ വെച്ചുള്ള പുരസ്കാരദാനച്ചടങ്ങിനെത്തിയപ്പോൾ കർശന പരിശോധനയാണ്. മൊബൈൽ ഒരു കാരണവശാലും അകത്തു കടത്തില്ല. ഹോട്ടലിലേയ്ക്കു തിരിച്ചു വരാനൊന്നും സമയമോ വാഹനസൗകര്യമോ ഇല്ല. അവിടെ ക്ലോക്ക് റൂമുമില്ല. ദില്ലിയിൽ സ്ഥിരതാമസമുള്ള എന്റെ ഭാര്യാസഹോദരിയുടെ കാർ തുറന്ന് അതിൽ വെച്ചാണ് വേണുച്ചേട്ടന്റെയും സംവിധായകൻ കമലിന്റെയുമടക്കം പല ഫോണുകളും സൂക്ഷിച്ചത്. ചടങ്ങ് കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴാവട്ടെ, പിന്നെ ഇവരെ കണ്ടു പിടിക്കാനായി പെടാപ്പാട്. മൊബൈൽ എന്റെ കയ്യിലായതിനാൽ വിളിച്ചു കണ്ടെത്താൻ കഴിയില്ലല്ലോ. പിന്നീട് കാണുമ്പോഴൊക്കെ ഈ പെടൽ പറഞ്ഞ് ഞങ്ങൾ നർമ്മസൗഹൃദം പങ്കു വെക്കുമായിരുന്നു.

ഹൃദയത്തോട് ചേർത്തു വെച്ചു കൊണ്ട് പ്രിയ നടൻ നെടുമുടി വേണുവിന് കണ്ണീർ പ്രണാമം

Related Stories

No stories found.
logo
The Cue
www.thecue.in