'കാലന്‍ കണിയാനെ' കണ്ട പത്മരാജന്‍, കമല്‍ഹാസന് പകരം വേണുവിന് നായകനായിക്കൂടേ എന്ന് ഭരതന്‍; നെടുമുടി നടനതാളത്തിന്റെ കൊടുമുടി

ഫോട്ടോ കടപ്പാട് : ബദറുദ്ദീന്‍ അടൂര്‍
ഫോട്ടോ കടപ്പാട് : ബദറുദ്ദീന്‍ അടൂര്‍ഫോട്ടോ കടപ്പാട് : ബദറുദ്ദീന്‍ അടൂര്‍
Summary

നിഴലനക്കത്തില്‍ പോലും തന്നിലെ പ്രതിഭയെ തെളിച്ചത്തിലേക്കുയര്‍ത്തുന്ന അതുല്യകലാകാരനായിരുന്നു നെടുമുടി വേണു. സിനിമ ഉപജീവനമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് നെടുമുടി പല ഘട്ടത്തില്‍ പറഞ്ഞിട്ടുണ്ട്.

''ഒരിടത്തൊരു ഫയല്‍വാന്‍ എന്ന സിനിമയിലാണ് ആദ്യമായി പ്രായത്തേക്കാള്‍ കൂടുതല്‍ ഉള്ള കഥാപാത്രമാകുന്നത്. നരയൊക്കെ വന്നിട്ടുള്ള ശിവന്‍പിള്ള മേസ്തിരി. അന്ന് എനിക്ക് നരയൊന്നും വന്നിട്ടുള്ള പ്രായമല്ല. എനിക്ക് അന്ന് തോന്നി എന്തുകൊണ്ടാണ് പത്മരാജന്‍ ഇത്ര പ്രായമുള്ള കഥാപാത്രമായി എന്നെ തന്നെ തീരുമാനിച്ചതെന്ന്. ഞാനത് പത്മരാജനോട് ചോദിച്ചു. ഇരുപത്തിയഞ്ച് വയസുള്ളപ്പോള്‍ ഞാന്‍ ചെയ്തൊരു നാടകമായിരുന്നു പത്മരാജന്റെ പ്രചോദനം. കാവാലത്തിന്റെ 'ദൈവത്താര്‍' എന്ന നാടകം. അതിലെ കാലന്‍ കണിയാന്‍ എന്നൊരു ഗണകനുണ്ട്. മുതുകിലൊരു കൂനുമായി ഉടുക്ക് കൊട്ടി വായ്ത്താരി പാടി നടക്കുന്ന കഥാപാത്രം.വൃദ്ധനാണ് ആ കഥാപാത്രം. ഈ നാടകം തിരുവനന്തപുരത്ത് നടന്നപ്പോള്‍ നാടകം തീര്‍ന്ന് പത്മരാജന്‍ മേക്കപ്പ് റൂമിലേക്ക് വന്നു. കാലന്‍ കണിയാന്‍ ചെയ്ത ആളെ കാണണമെന്നായിരുന്നു ആവശ്യം. എനിക്ക് അന്ന് പത്മരാജനെ കണ്ട ഓര്‍മ്മയില്ല. അന്നുണ്ടായ ആത്മവിശ്വാസത്തിലാണ് പിന്നീട് ചെല്ലപ്പനാശാരിയെയും ശിവന്‍പിള്ള മേസ്തിരിയെയും പത്മരാജന്‍ എന്നെ എല്‍പ്പിച്ചതെന്ന് പറഞ്ഞിട്ടുണ്ട്''

കാവാലം നാരായണപ്പണിക്കരുടെ നാടകക്കളരിയില്‍ നിന്ന് മലയാള സിനിമയിലെ പ്രതിഭാധനരായ ചലച്ചിത്രകാരന്‍മാരുടെ കളരിയിലേക്കാണ് നെടുമുടി വേണു എത്തിയത്. 'കാവാലത്തിന്റെ കളരിയില്‍ നിന്ന് അടുത്ത കാല്‍വെപ്പ് അരവിന്ദന്റെ കളരിയിലേക്കാണ്. അവിടെ നിന്ന് കെജി ജോര്‍ജ്ജും പത്മരാജനും ഭരതനും മോഹനുമൊക്കെയായി.'

ഫോട്ടോ കടപ്പാട് : ബദറുദ്ദീന്‍ അടൂര്‍
ഫോട്ടോ കടപ്പാട് : ബദറുദ്ദീന്‍ അടൂര്‍

കുട്ടനാടിന്റെ താളം

'കാവാലത്തിന്റെ അരങ്ങുകള്‍ ഒരു പാട് സ്വാധീനിച്ചിട്ടുണ്ട്. വിവിധ തരം അഭിനേതാക്കളുമായും പ്രേക്ഷകരുമായി സംവദിക്കുന്ന ഇടമായിരുന്നു അത്. എന്നെയും കാവാലത്തെയും ബന്ധിപ്പിക്കുന്ന ഒരു പാട് ഘടകങ്ങള്‍ ഉണ്ട്. ഞങ്ങളെ ബന്ധിപ്പിക്കുന്ന മൂര്‍ത്തമായ ഒരു പാട് താളങ്ങള്‍ ഉണ്ട്. വരമ്പത്തെ ചക്രത്തിന്റെ, തുഴയുടെ, പാടത്ത് ഞാറ് പറിച്ചു നടന്നതിനൊക്കെ ഒരു താളമുണ്ട്. ആ താളം ഞങ്ങളിലേക്ക് വന്നു.'' കുട്ടനാടിന്റെ താളം തന്നിലെ കലാകാരന്, അഭിനയശൈലിക്ക് ഒരു താളമുണ്ടാക്കിയെന്ന് വിശ്വസിക്കുന്നയാളായിരുന്നു നെടുമുടി വേണു. ''കുട്ടനാടിന് അതിന്റേതായ ഒരു പാട് സവിശേഷതകളുണ്ട്. നടന്‍ എന്ന നിലയില്‍ അനുഗ്രഹമായത് നാട്ടില്‍ പത്തോ പതിനഞ്ച് കിലോമീറ്ററിലുള്ള മിക്കവരെയും എനിക്ക് പരിചയമുണ്ടായിരുന്നു. നമ്മള്‍ അറിഞ്ഞോ അറിയാതെയോ ആ മനുഷ്യരെ നിരീക്ഷിക്കുന്നുണ്ട്. ഒരു കഥാപാത്രമാകുമ്പോള്‍ കമ്പ്യൂട്ടറില്‍ ബട്ടന്‍ ഞെക്കുന്നത് പോലെ എടാ എന്നെ എടുക്കാലോ എന്ന് പറഞ്ഞ് മുന്നിലേക്ക് വരും. നല്ല വളക്കൂറുള്ള മണ്ണാണ് കുട്ടനാട്ടിലേത്.'

''അച്ഛനൊരു വലിയ സംഗീത ആസ്വാദകനായിരുന്നു. കീര്‍ത്തനങ്ങളൊക്കെ എഴുതി ചിട്ടപ്പെടുത്തുമായിരുന്നു. സംഗീത നാടകങ്ങളൊക്കെ എഴുതിയിട്ടുമുണ്ട്. ആ അന്തരീക്ഷത്തിലാണ് ഞാന്‍ വളര്‍ന്നത്. ആറ് മാസത്തിലൊരിക്കല്‍ വീട്ടിലെത്തി രണ്ട് ദിവസമൊക്കെ താമസിക്കുന്ന അറുമുഖന്‍ പിള്ള എന്ന ലാടവൈദ്യനുണ്ടായിരുന്നു. അദ്ദേഹം ഒരു സംഗീതജ്ഞനായിരുന്നു. എപ്പോഴാണ് അഭിനയത്തോട് കമ്പമുണ്ടായതെന്നും, എന്നാണ് അഭിനയിച്ച് തുടങ്ങിയതെന്നും നെടുമുടി വേണുവിനോട് ചോദിക്കുമ്പോള്‍ വളരെ ചെറുപ്പത്തില്‍ തന്നെ തന്നിലേക്കാവേശിച്ച താളത്തെക്കുറിച്ചാണ് അദ്ദേഹം വാചാലനായിരുന്നത്.

കോഴിക്കോട് ഒരു പുസ്തക പ്രകാശന ചടങ്ങില്‍ വച്ച് ഗുരു നിത്യചൈതന്യ യതി നെടുമുടി വേണുവിനോട് പറഞ്ഞു. ഒരു നടന്‍ ക്ലോസപ്പില്‍ നില്‍ക്കുമ്പോഴോ, സംഭാഷണം പറയുമ്പോഴോ ആണ് നമ്മള്‍ ഒരു നടനെ, അയാളുടെ പ്രതിഭയെ പൊതുവേ തിരിച്ചറിയുന്നത്. എന്നാല്‍ ഒരു സീനില്‍ ഒന്നും ചെയ്യാനില്ലാതെ മാറിനില്‍ക്കുകയാണെങ്കില്‍ പോലും വേണു ചെയ്യുന്ന സൂക്ഷ്ാംശങ്ങള്‍ ആസ്വാദകന്റെ ശ്രദ്ധയിലേക്ക് പതിയും.

നിഴലനക്കത്തില്‍ പോലും തന്നിലെ പ്രതിഭയെ തെളിച്ചത്തിലേക്കുയര്‍ത്തുന്ന അതുല്യകലാകാരനായിരുന്നു നെടുമുടി വേണു. സിനിമ ഉപജീവനമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് നെടുമുടി പല ഘട്ടത്തില്‍ പറഞ്ഞിട്ടുണ്ട്.

പ്രായത്തേക്കാള്‍ ഇരട്ടിയുള്ള കഥാപാത്രങ്ങളെ നിരന്തരം അവതരിപ്പിച്ചാല്‍ അത്തരം കഥാപാത്രങ്ങള്‍ മാത്രമേ വിളിക്കൂ എന്ന് തുടക്കത്തില്‍ പലരും ഉപദേശിച്ചിരുന്നുവെന്ന് നെടുമുടി. പക്ഷേ അതൊന്നും ആശങ്കപ്പെടുത്തിയിരുന്നില്ല. അടൂര്‍ ഭാസിയെയും ജഗതി ശ്രീകുമാറിനെയും പോലുള്ള നടന്‍മാര്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടതിനെക്കുറിച്ച് നെടുമുടി വേണു നിരീക്ഷണ പാടവത്തോടെ പല ഘട്ടത്തില്‍ വാചാലനായിട്ടുണ്ട്.

നെടുമുടി വേണു
നെടുമുടി വേണു

കാവാലം കലയിലേക്കുള്ള പാലം

''നല്ല വിത്തിട്ടാല്‍ മുളക്കുന്ന പാകമായ മണ്ണായിരിക്കണം, അത് എനിക്ക് കുട്ടിക്കാലത്ത് തന്നെ കിട്ടി. കുടുംബവും ചുറ്റുപാടും അനുകൂല സാഹചര്യമൊരുക്കി. മക്കളെ കഥകളി സംഗീതവും കര്‍ണാടിക് സംഗീതവും പഠിപ്പിക്കാന്‍ തയ്യാറായ അച്ഛനായിരുന്നു. മൂത്ത ചേട്ടന്‍ മൃദംഗം പഠിച്ചപ്പോ ഞാന്‍ തൊട്ടടുത്തിരുന്ന് അത് കണ്ടിട്ടുണ്ട്. നല്ല ചിന്തകളും താളവുമായി കാവാലം നാരായണപ്പണിക്കര്‍ നെടുമുടി വേണുവിലെ പ്രതിഭക്ക് ചിന്തേരിട്ടു. പത്ത് പേര്‍ക്കിടയില്‍ നില്‍ക്കുമ്പോള്‍ എനിക്ക് സ്വന്തമായൊരു സ്വത്വം ഉണ്ടെങ്കില്‍ നമ്മുക്ക് എന്തേലും പറയാനോ ചെയ്യാനോ ഉണ്ടെങ്കില്‍ അത് ഉണ്ടാക്കിത്തന്നത് കാവാലമാണ്. അദ്ദേഹം ഇരുന്ന് പറഞ്ഞുതരിക ആയിരുന്നില്ല. കൂടെ നടക്കുമ്പോള്‍ പലതും പറയും. അതില്‍ പലതും നമ്മുടെ മനസില്‍ കടല് പോലെ കിടക്കുകയാണ്.''

നാടകം ഗൗരവമേറിയ ഒന്നാണെന്ന് തിരിച്ചറിഞ്ഞത് കാലാലത്തിനൊപ്പമുള്ള യാത്രയിലാണ്. തനത് നാടകവേദിക്കൊപ്പമുള്ള സഞ്ചാരത്തിലൂടെ. കാവാലത്തിന്റെ നാടകം കണ്ടാണ് ഭരത് ഗോപിയും നെടുമുടി വേണുവെന്ന സുഹൃത്തിലെത്തുന്നത്. സിനിമക്ക് പുറത്തേക്കും വളര്‍ന്ന തീവ്രമായ ആത്മബന്ധമായി അത് മാറി. സ്‌ക്രീനില്‍ സമാനതകളില്ലാത്ത രസതന്ത്രവും ഈ പ്രതിഭകള്‍ ഒന്നിച്ചെത്തിയപ്പോല്‍ പ്രേക്ഷകര്‍ അനുഭവിച്ചു.

കാവാലത്തിന്റെ നാടകം തിരുവനന്തപുരത്ത് കണ്ട് ഗോപിച്ചേട്ടന്‍ അണിയറയില്‍ വന്ന് എന്നെ കണ്ടു. യു ആര്‍ എ ഗുഡ് ആക്ടര്‍ എന്ന് അദ്ദേഹം പറഞ്ഞു. രാജാവ് രാജ്യം രാജ്ഞി എന്ന നാടകത്തിലേക്ക് അദ്ദേഹം എന്നെ ക്ഷണിച്ചു. ഒപ്പം അഭിനയിച്ചു. പിന്നീട് സിനിമയിലെത്തി സുഹൃത്തുക്കളായി.

നെടുമുടി വേണു കാവാലം നാരായണപ്പണിക്കര്‍ക്കൊപ്പം
നെടുമുടി വേണു കാവാലം നാരായണപ്പണിക്കര്‍ക്കൊപ്പം

സിനിമ വിദൂരമായ കാലം

സിനിമ വളരെ അകലെയായിരുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ അമ്പലപ്പുഴ പോകുമ്പോള്‍ ഒരു സിനിമ കാണുന്നതായിരുന്നു അന്ന് നടന്നിരുന്നു. ഒരു കുട്ടനാട്ടുകാരന്‍ പയ്യനെ സംബന്ധിച്ച് സിനിമ അപ്രാപ്യമായ ലോകമായിരുന്നു. കാവാലം തനത് നാടകവേദിയെ തിരുവനന്തപുരത്തേക്ക് പറിച്ചുനടപ്പോഴാണ് ഇങ്ങോട്ടെത്തിയത്. 'അവനവന്‍ കടമ്പ'യുടെ പരിശീലന കാലത്ത് തിരുവനന്തപുരത്ത് നില്‍ക്കേണ്ടതിനാല്‍ അരവിന്ദേട്ടനാണ് കൗമുദിയില്‍ ജോലിക്ക് നിര്‍ദേശിക്കുന്നത്. അങ്ങനെയാണ് കലാകൗമുദിയില്‍ ജോയിന്‍ ചെയ്യുന്നത്. വൈകുന്നേരങ്ങളില്‍ നാടകവും അതുവരെ പത്രപ്രവര്‍ത്തനവുമായിരുന്നു ജീവിതം.

''പരിചയപ്പെടാന്‍ ആഗ്രഹിച്ച പലരുടെയും അഭിമുഖം അന്ന് എടുത്തു. വളരെ സമ്പന്നമായൊരു കാലമായിരുന്നു കലാമണ്ഡലം ഹൈദരലിയെക്കുറിച്ച് ആദ്യമൊരു ലേഖനമെഴുതിയത് ഞാനായിരുന്നു. യൗവനത്തില്‍ കിട്ടിയ ഏറ്റവും സമ്പന്നമായ കാലമായിരുന്നു കൗമുദിയിലേത്. എന്‍.എന്‍ പിള്ള തോപ്പില്‍ ഭാസി തൊട്ട് എം.ഡി രാമനാഥന്‍, തൃത്താല കേശവപ്പൊതുവാള്‍ തുടങ്ങി പല പ്രതിഭകളെയും അഭിമുഖം ചെയ്യാനായി അന്ന്.

നാടക കാലത്താണ് അന്ന് തമ്പ് ചെയ്യാമെന്ന് പറഞ്ഞ് അരവിന്ദേട്ടനൊപ്പം സിനിമയിലേക്ക് പോകുന്നത്. അന്ന് കൗമുദിയുടെ സിനിമാ മാഗസിന് വേണ്ടി ഇന്റര്‍വ്യൂ ചെയ്യാന്‍ പോയപ്പോഴാണ് ഭരതനെ പരിചയപ്പെടുത്തിയത്. അന്ന് വൈകിട്ട് കാണാമെന്ന് ഭരതന്‍ പറഞ്ഞു. കമല്‍ഹാസനെ വച്ച് ആരവം എന്നൊരു സിനിമ ചെയ്യാന്‍ പ്ലാനുണ്ടെന്ന് അന്ന് ഭരതന്‍ പറഞ്ഞു. ഞാന്‍ കാവാലത്തിന്റെ നാടകവേദിയിലാണെന്ന് പത്മരാജന്‍ പറഞ്ഞ് ഭരതന് അറിയാം. കമലഹാസന് പകരം വേണുവിന് അഭിനയിച്ചൂടേ എന്നായിരുന്നു ഭരതന്റെ ചോദ്യം. ഞാന്‍ അന്ന് എന്തും ചെയ്യാന്‍ തയ്യാറായ സമയമാണ്. പിന്നെന്താ എന്നായിരുന്നു മറുപടി.

നെടുമുടി വേണു
നെടുമുടി വേണു

ചെയ്ത കഥാപാത്രങ്ങളില്‍ അധികവും പാഴാണ്

''ഒറ്റക്കിരുന്ന് ആലോചിക്കുമ്പോള്‍ ചെയ്ത കഥാപാത്രങ്ങളില്‍ അധികവും പാഴാണ്. നമ്മുടേത് ചെയ്ത ഇന്‍ഡസ്ട്രി അല്ലേ. ചിലപ്പോള്‍ നമ്മള്‍ പറ്റിക്കപ്പെടും. ഒരാള് വന്ന് നമ്മളോട് വളരെ വിശദമായി കഥ പറയും. ഗംഭീരമായ കഥ, ഒരു പാട് നാടകീയ മുഹൂര്‍ത്തങ്ങള്‍. അഭിനയിക്കാനുള്ള ഒരുപാട് അംശങ്ങള്‍ എന്നൊക്കെ തോന്നും. ഇത് വിശ്വസിച്ച് അവിടെ ചെല്ലുമ്പോള്‍ ഈ പറഞ്ഞത് സിനിമയാക്കി എടുക്കണ്ടേ, അത് വേറൊരു കലയല്ലേ. ഇയാള്‍ അവിദഗ്ധമായി ആ പടം ഷൂട്ട് ചെയ്ത് എട്ട് നിലയില്‍ പൊട്ടുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്.''

ഒരേ തരം വേഷങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടതിന്റെ നിരാശ പലവട്ടം പങ്കുവച്ചിട്ടുണ്ട് നെടുമുടി വേണു.'' സാധാരണ പച്ചമരുന്ന് കടയില്‍ ഈ കള്ളികളില്‍ നിന്ന് മരുന്നെടുക്കുമല്ലോ, കണ്ണടച്ച് എടുക്കാവുന്നതേ ഉള്ളൂ. അച്ഛന്‍ നെടുമുടി വേണു, അമ്മാവന്‍ നെടുമുടി വേണു, അധ്യാപകന്‍ നെടുമുടി വേണു, അയല്‍ക്കാരന്‍ നെടുമുടി വേണു. അതില്‍ അധികവും ചെയ്തു എന്നല്ലാതെ നമ്മുക്കൊരു മനസോ അര്‍പ്പണമോ ഒന്നും ഉണ്ടെന്ന് തോന്നിയിട്ടില്ല. സര്‍വ സാധാരണ വേഷങ്ങളായിരുന്നു. പക്ഷേ നമ്മള്‍ എന്തെങ്കിലും ചെയ്തു എന്നും പോകുന്ന വഴിയില്‍ നിന്ന് വ്യത്യസ്ഥമായി മാറി സഞ്ചരിക്കാന്‍ പറ്റുമെങ്കില്‍ അതാണ് ഏറ്റവും വലിയ സന്തോഷമുള്ള കാര്യം''

മാര്‍ഗം എന്ന സിനിമ ഒരു പാട് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പോയി. എനിക്ക് ഹവാന ഫെസ്റ്റിവലില്‍ നല്ല നടനുള്ള അവാര്‍ഡ് കിട്ടി. പക്ഷേ നമ്മുടെ ആളുകള്‍ ആ സിനിമ കണ്ടില്ല. ആളുകളെ കുറ്റം പറയാനാകില്ല. ആ സിനിമ വിതരണത്തിന് എടുക്കാന്‍ ആരും ഉണ്ടായില്ല. എന്റെ ഭാര്യയും കൂട്ടുകാരുമൊന്നും സിനിമ കണ്ടിട്ടില്ല. നമ്മള്‍ ഗംഭീരമെന്ന് സ്വയം കൊട്ടിഘോഷിക്കുന്ന വേഷം ആരും കണ്ടിട്ടില്ലെന്ന് പറയുമ്പോള്‍ വല്ലാത്ത വിഷമമമാണ്. നമ്മുക്കൊരു കാര്യം വാ കൊണ്ട് പറയാം. വാ കൊണ്ടല്ലാതെ ചെറിയ ചെറിയ ചേഷ്ടടകളിലൂടെ ഇത് ധ്വനിപ്പിക്കുക എന്നത് നടനെ സംബന്ധിച്ച് വലിയ കാര്യമാണ്. ഒരാളുടെ മാനസിക വ്യാപാരങ്ങള്‍ എന്തൊക്കെയാണ് എന്നത് ആംഗ്യങ്ങളിലൂടെ സംവദിക്കുന്ന സിനിമയാണ് മാര്‍ഗം. ഞാന്‍ മറക്കാത്ത സിനിമയാണ് മാര്‍ഗം.

ഫോട്ടോ കടപ്പാട് : ബദറുദ്ദീന്‍ അടൂര്‍

(നെടുമുടിയുടെ സംഭാഷണം സമാഹരിച്ചത് : മാതൃഭൂമി ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍, കേരള കൗമുദി അഭിമുഖം, മനോരമ ന്യൂസ് അഭിമുഖം)

Related Stories

No stories found.
logo
The Cue
www.thecue.in