ചരിത്രത്തിലേക്ക് ഒരു ചുവട്; ചരിത്ര ഗവേഷകനായി മാറിയതിനെ കുറിച്ച് എംജിഎസ് നാരായണന്‍

ചരിത്രത്തിലേക്ക് ഒരു ചുവട്; ചരിത്ര ഗവേഷകനായി മാറിയതിനെ കുറിച്ച് എംജിഎസ് നാരായണന്‍
Published on
മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഡോ.എംജിഎസ് നാരായണന്റെ ആത്മകഥയില്‍ നിന്ന് ഒരു ഭാഗം

കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ പ്രീഡിഗ്രി-ഡിഗ്രി-പോസ്റ്റ് ഗ്രാജ്വേറ്റ് ക്ലാസുകളില്‍ ചരിത്രം പഠിപ്പിക്കുമ്പോഴാണ് ചരിത്രത്തെക്കു റിച്ചുള്ള എന്റെ അജ്ഞതയുടെ ആഴവും നാം ഇന്ത്യാചരിത്രം എന്ന പേരില്‍ അറിയുന്ന വിഷയത്തിന്റെ വൈഷമ്യങ്ങളും പോരായ്മകളും അറിയാന്‍ തുടങ്ങുന്നത് (195460). മദ്രാസ് സര്‍വകലാശാലയില്‍ ഒന്നാം ക്ലാസില്‍ ഒന്നാം റാങ്കോടുകൂടി - ഏറെ കൊല്ലങ്ങളായി ചരിത്രത്തില്‍ ഒന്നാംക്ലാസുപോലും നല്‍കപ്പെട്ടിരുന്നില്ല - പാസായതിന്റെ സ്വകാര്യ അഹങ്കാരം വിനയമായും ചെയ്യാനിരിക്കുന്നതിന്റെ വ്യാപ്തിയോര്‍ത്തുള്ള ഭയമായും ചിലതൊക്കെ ചെയ്യണമെന്ന അതിമോഹമായും പരിണമിച്ചു. ചരിത്രത്തില്‍ കേന്ദ്രീകരിച്ചതായി വായനയും ചിന്തയും. കവിതയും ചിത്രംവരയും വിനോദയാത്രകളും സ്വൈരവിഹാരങ്ങളും സിനിമയും ചെസ്സും എല്ലാം ആവുന്നത്ര ചുരുക്കി ഒരു തപസ്സില്‍ മുഴുകി.

അപ്പോഴും ഞാന്‍ ചരിത്രപഠനത്തിലല്ലാതെ ചരിത്രഗവേഷണത്തില്‍ എത്തിച്ചേര്‍ന്നിരുന്നില്ല. ഗവേഷണ ബിരുദങ്ങളെപ്പറ്റി കേട്ടറിവുണ്ടെങ്കിലും ചില ഗവേഷണ പ്രബന്ധങ്ങള്‍ വായിച്ചിട്ടുണ്ടെങ്കിലും ചരിത്രത്തിലെ ഗവേഷണപദ്ധതി (Historical Research Method) എന്താണെന്നോ എങ്ങനെയാണ് തുടങ്ങേണ്ടതെന്നോ പഠിച്ചിരുന്നില്ല. ആരും പറഞ്ഞു തന്നിരുന്നില്ല. എന്റെ ഈ കഷ്ടപ്പാട് കേരളത്തിലും ഇന്ത്യയിലും വരും തലമുറകള്‍ക്ക് അനുഭവപ്പെടാതിരിക്കാന്‍ വേണ്ടിയാണ് പിന്നീട് ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം കാലിക്കറ്റ് സര്‍വകലാശാലയുണ്ടായി (1968), അതിലൊരു ചരിത്ര വിഭാഗമുണ്ടായി, ആ വിഭാഗത്തിന്റെ നേതൃത്വം എന്റെ കൈകളില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ചരിത്രത്തിന് ഇന്ത്യയില്‍ ആദ്യമായി ഒരു സമ്മര്‍ സ്‌കൂള്‍ ഏര്‍പ്പെടുത്താന്‍ ഞാനുദ്യമിച്ചത്. 'പിന്നാലെ വന്നിടും പിഞ്ചുപാദങ്ങള്‍ക്ക്, വിന്യാസവേളയില്‍ വേദന തോന്നൊലാ' എന്ന വള്ളത്തോള്‍ വരികള്‍ ഞാനിന്നും ഓര്‍ക്കാറുണ്ട്.

വ്യക്തമായ ഒരു മാര്‍ഗബോധത്തോടു കൂടിയൊന്നുമല്ല ഞാന്‍ അങ്ങനെ ശ്രമം നടത്തിയത്. 1960ല്‍ യൂനിവേഴ്സിറ്റി ഗ്രാന്‍ഡ്സ് കമീഷന്‍ കോളജധ്യാപകര്‍ക്കുവേണ്ടി ഗവേഷണ സഹായപദ്ധതി ടുത്തി (Research Fellowship). അതോടെ എന്നില്‍ ഉറങ്ങിക്കിടന്നിരുന്ന ഗവേഷണഭ്രമം സടകുടഞ്ഞെഴുന്നേറ്റു. ഞാനും ഒരപേക്ഷ എഴുതി അയച്ചു. മദ്രാസ് യൂനിവേഴ്സിറ്റിയിലെ മാര്‍ക്കും റാങ്കും തുണച്ചതിനാല്‍ ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു. കേരളചരിത്രത്തില്‍ ഗവേഷണം നടത്താനായിരുന്നു മോഹം. ആ മോഹം തുടങ്ങാന്‍ ഒരു കാരണമു ണ്ടായി. മദ്രാസിലെ ക്രിസ്ത്യന്‍ കോളജില്‍ ഹിസ്റ്ററി എംഎക്കു പഠിക്കുമ്പോള്‍ ആന്ധ്രക്കാരും കര്‍ണാടകക്കാരും തമിഴരും മലയാളികളും ശ്രീലങ്കക്കാരുമായ സഹപാഠികള്‍ ഉണ്ടായിരുന്നു. മദ്രാസ് പ്രസിഡന്‍സി ആ പ്രദേശങ്ങളെല്ലാം ഉള്‍ക്കൊണ്ടിരുന്നല്ലോ. ശ്രീലങ്കയൊഴിച്ച് അവയെല്ലാം സ്വന്തം പ്രദേശത്തിന്റെ പൂര്‍വ ചരിത്രത്തെ മഹത്വപ്പെടുത്തി സംസാരിക്കുന്ന പതിവുണ്ട്. ആന്ധ്രക്കാരും കര്‍ണാടകക്കാരും വിജയനഗര സാമ്രാജ്യത്തെപ്പറ്റി, തമിഴര്‍ ചോള സാമ്രാജ്യത്തെപ്പറ്റി, ശ്രീലങ്കക്കാര്‍ സിംഹളദ്വീപ് സംസ്‌കാരത്തെപ്പറ്റി വായാടിത്തം മുഴക്കി. മലയാളികള്‍ മൗനം വിദ്വാനു ഭൂഷണം എന്ന ഭാവത്തില്‍ നിശ്ശബ്ദത പാലിക്കേണ്ടിവന്നു. ആ രംഗത്തുമാത്രം മലയാളിക്ക് സ്വാഭാവികമായ മേനിപറച്ചില്‍ നാണക്കേടിന് വഴിമാറിക്കൊടുത്തു.

ചരിത്രത്തിലേക്ക് ഒരു ചുവട്; ചരിത്ര ഗവേഷകനായി മാറിയതിനെ കുറിച്ച് എംജിഎസ് നാരായണന്‍
ഡോ.എം.ജിഎസ് നാരായണന്‍; രാഷ്ട്രീയവും നിലപാടും പറഞ്ഞ ചരിത്രകാരന്‍

അന്ന് ദക്ഷിണേന്ത്യാചരിത്രം മദിരാശിയില്‍പോലും വേറിട്ടൊരു പാഠ്യവിഷയമായിരുന്നില്ല. ഇന്ത്യാ ചരിത്രം എന്ന ഒരൊറ്റ വിഷയമേ ഉള്ളൂ. അതില്‍തന്നെ പ്രാചീന-മധ്യകാല-ആധുനിക ചരിത്രങ്ങള്‍ വെവ്വേറെ വിഷയങ്ങളായി പഠിക്കപ്പെട്ടിരുന്നില്ല. ഇന്ത്യാചരിത്രത്തില്‍ ഒരു ഭാഗമായി ദക്ഷിണേന്ത്യ എന്നൊരു വാല്‍ ഉണ്ടായിരുന്നുവെന്നു മാത്രം.

ഇന്ത്യാചരിത്രംതന്നെ സൈന്ധവനാഗരികതയും വേദോപനിഷത് പ്രസ്ഥാനങ്ങളും ബൗദ്ധ-ജൈന കാലഘട്ടങ്ങളും കഴിഞ്ഞാല്‍ മൗര്യ-ഗുപ്ത സാമ്രാജ്യങ്ങളും ഹര്‍ഷസാമ്രാജ്യവും പിന്നെ സുല്‍ത്താന്മാരുടെയും മുഗളന്മാരുടെയും കാലഘട്ടവും ബ്രിട്ടീഷ് സാമ്രാജ്യവും മാത്രം അടങ്ങിയതാണ്. ശിവജിക്കും ചെറിയൊരധ്യായം കാണും. അത്രേയുള്ളൂ. വിന്‍സന്റ് സ്മിത്തും ലേന്‍ പൂളും ഈശ്വരി പ്രസാദും ആര്‍.സി. മജൂംദാറും പി.ഇ. റോബര്‍ട്സുമാണ് മുഖ്യചരിത്രകാരന്മാര്‍. പ്രഫ. കെ.എ. നീലകണ്ഠശാസ്ത്രിയുടെ നേതൃത്വത്തില്‍ പ്രഫ. ടി. വി. മഹാലിംഗം, ഡോ.മീനാക്ഷി, ഡോ. ഗോപാല്‍ തുടങ്ങിയവര്‍ ചോള-പാണ്ഡ്യ-പല്ലവ ചരിത്രങ്ങള്‍ നെയ്‌തെടുക്കാന്‍ തുടങ്ങിയിരുന്നു. ഇന്നും ഒരു മാനകഗ്രന്ഥമായി കണക്കാക്കപ്പെടുന്ന പ്രഫ. ശാസ്ത്രി യുടെ History of South India 1956ല്‍, ഞാന്‍ എം.എ. പാസായി മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം മാത്രമാണ് പുറത്തുവന്നത്.

ചരിത്രത്തിലേക്ക് ഒരു ചുവട്; ചരിത്ര ഗവേഷകനായി മാറിയതിനെ കുറിച്ച് എംജിഎസ് നാരായണന്‍
പോപ്പ് ഫ്രാൻസിസ്: ക്രൈസ്തവ - മുസ്ലിം ഐക്യത്തിനായി താണ്ടിയ വഴികൾ

ക്രിസ്ത്യന്‍ കോളജില്‍ ഞാന്‍ പഠിക്കുമ്പോള്‍ (1951-53) ശാസ്ത്രികള്‍ സര്‍വകലാശാലാ ചരിത്രവിഭാഗത്തില്‍നിന്ന് റിട്ടയര്‍ ചെയ്തിരുന്നു. എങ്കിലും യൂനിവേഴ്സിറ്റിയില്‍ ഇടയ്ക്ക് അദ്ദേഹത്തിന്റെ പ്രസം ക്ലോസുണ്ടാവും. എല്ലാ കോളജിലെയും പി.ജി. വിദ്യാര്‍ത്ഥികള്‍ക്ക് അവിടെച്ചെന്ന് പഠിക്കാം. ഞാനൊരു പതിവുകാരനായി. അദ്ദേഹത്തിന്റെ അനലങ്കൃതമായ, എന്നാല്‍ കുറ്റമറ്റ ഇംഗ്ലീഷ് ശൈലിയും (ഇംഗ്ലീഷുകാരെക്കാള്‍ ആ ഭാഷ ഭംഗിയായി കൈകാര്യം ചെയ്തത് എന്നും അന്യമായിരുന്നല്ലോ സി. രാജഗോപാലാചാരി, എം.കെ.ഗാന്ധി, വിവേകാനന്ദന്‍, ടാഗോര്‍, ജവഹര്‍ലാല്‍ തുടങ്ങിയവര്‍) കിറുകൃത്യമായ കാലക്രമവും ബലിഷ്ഠമായ രാഷ്ട്രീയ ചരിത്രത്തിന്റെ അസ്ഥികൂടത്തിന്മേല്‍ സാമ്പത്തിക-സാമൂഹിക-സാംസ്‌കാരിക ചരിത്രങ്ങളുടെ മാംസപേശികള്‍ ഘടിപ്പിച്ച സമഗ്ര ചരിത്രബോധവും, വസ്തുനിഷ്ഠതയുടെ വരമ്പില്‍നിന്ന് വഴുക്കിവീഴാത്ത കഥാകഥനവും ഒരു പൂര്‍ണമാതൃകയാണ് സമ്മാനിച്ചത്. അദ്ദേഹത്തിന്റെ ചോളാസ് (The Cholas) എന്ന ഗ്രന്ഥത്തിന്റെ മൂശയില്‍ ഒരു ചേര (കേരള) രാജ്യ ചരിത്രം രചിക്കണമെന്നത് എന്റെ ജീവിതാഭിലാഷമായിത്തീര്‍ന്നു. ഇക്കാര്യത്തില്‍ ഞാന്‍ ഏതാണ്ട് ഒരേകലവ്യനായിരുന്നു. എന്നാലും അദ്ദേഹം അത് മനസ്സിലാക്കിയിരിക്കണം. മുഖ്യാംഗുലീയ ദക്ഷിണ ആവശ്യപ്പെടാതെത്തന്നെയാണ് എന്നെ അനുഗ്രഹിച്ചത്. പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ അവസാന വര്‍ഷങ്ങളില്‍ (1976-77) ഞാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ പബ്ലിക്കേഷന്‍ കമ്മിറ്റിയില്‍ അംഗമായിരുന്നപ്പോള്‍ സമിതിയുടെ നിയോഗമനുസരിച്ച് മദ്രാസില്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി ആ ചരിത്രകൃതികളുടെ ഭാരതീയ ഭാഷകളിലേക്കുള്ള പരിഭാഷാവകാശം അഭ്യര്‍ഥിക്കുകയുണ്ടായി. സസന്തോഷം അദ്ദേഹം അതനുവദിക്കുക മാത്രമല്ല, തന്റെ അവസാന കൃതിയായ Sangam Cults and Cultures എന്ന ഗ്രന്ഥത്തിന്റെ ഒരു പ്രതി കൈയൊപ്പിട്ടു തരികയും ചെയ്തു. Perumals of Kerala എന്ന എന്റെ പിഎച്ച്.ഡി. പ്രബന്ധത്തിന്റെ രചനയില്‍ The Cholas ആണ് മാതൃകയാക്കിയത്. ഇനിയും എഴുതാന്‍ ആഗ്രഹിക്കുന്ന History of Kerala ക്ക് ശാസ്ത്രികളുടെ History of South India ആവണം മാതൃകയെന്ന് ഞാനാഗ്രഹിക്കുന്നു.

ചില വര്‍ഷങ്ങള്‍ക്കുമുമ്പ് ശാസ്ത്രികളുടെ History of South Indiaയുടെ (1956) ഒരു പരിഷ്‌കരിച്ച പതിപ്പിറക്കാന്‍ സഹായിക്കണമെന്ന് ഓക്സ്ഫഡ് യൂനിവേഴ്സിറ്റി പ്രസിദ്ധീകരണക്കാര്‍ എന്നോടാവശ്യപ്പെടുകയുണ്ടായി. ഞാന്‍ സമ്മതിച്ചു. പക്ഷേ, ചില നിബന്ധനകള്‍ ഞാന്‍ മുന്നോട്ടുവെച്ചു. അദ്ദേഹത്തിന്റെ ഒരു വാചകം പോലും മാറ്റാന്‍ സമ്മതിക്കില്ല. 1956നുശേഷം പുറത്തുവന്ന വസ്തുതകളും വ്യാഖ്യാനങ്ങളും പോസ്റ്റ് സ്‌ക്രിപ്റ്റായി ചേര്‍ക്കും. പുതിയ ഒരു സെറ്റ് നോട്ട്‌സും റഫറന്‍സും കൂടുതലായി കൊടുക്കും. ദക്ഷിണേന്ത്യാ ചരിത്രമെഴുത്തില്‍ വന്ന പുതിയ സിദ്ധാന്തങ്ങളും പ്രവണതകളും ഗ്രന്ഥങ്ങളുടെ പട്ടികയും ഒരാമുഖമായി എഴുതിവെക്കും. എല്ലാം അവര്‍ സമ്മതിച്ചു പക്ഷേ, അതിനിടയില്‍ കൂടുതല്‍ മാര്‍ക്കറ്റ് സ്വാധീനമുള്ള ചില ജെഎന്‍യുക്കാര്‍ ആ പദ്ധതി മുടക്കി. മലയാളിയായ എന്നേക്കാള്‍ തമിഴരായ ശിഷ്യരാണ് ശാസ്ത്രികളുടെ കൃതി പരിഷ്‌കരിക്കേണ്ടതെന്ന് അവര്‍ക്ക് തോന്നിയിരിക്കണം. ദക്ഷിണേന്ത്യന്‍ ചരിത്രത്തില്‍ ഒരു അധ്യായം ശരിക്കെഴുതിച്ചേര്‍ക്കാന്‍ വേണ്ട പ്രമാണങ്ങളും പഠനങ്ങളും ശാസ്ത്രികളുടെ ജീവിതകാലത്ത് ലഭ്യമായിരുന്നില്ല. കേന്ദ്രത്തിന്റെ ശക്തിയും പ്രാദേശിക സഭകളുടെ സ്വയംഭരണവും തമ്മിലുള്ള വൈരുദ്ധ്യമായി പ്രഫസര്‍ ബര്‍ട്ടണ്‍ സ്‌റ്റൈന്‍ ചൂണ്ടിക്കാണിച്ചതും ഓക്‌സ്ഫഡുകാരെ പിന്തിരിപ്പിക്കാന്‍ സഹായിച്ചിരിക്കാം. വാസ്തവത്തില്‍ ബര്‍ട്ടണ്‍ സ്‌റ്റൈന്‍ തീസിസ് പ്രഫസര്‍ ശാസ്ത്രികളുടെ നിരീക്ഷണങ്ങളെ ദോഷകരമായി ബാധിക്കുന്നില്ല എന്നാണ് എനിക്കു തോന്നുന്നത്.

ഇങ്ങനെയൊക്കയാണെങ്കിലും മദ്രാസ് സര്‍വകലാശാലയുടെ അന്നത്തെ സംവിധാനം അബ്രാഹ്‌മണരായ, അയ്യരോ, അയ്യങ്കാരോ അല്ലാത്ത, ആര്‍ക്കും ഗവേഷണരംഗത്തില്‍ പ്രോത്സാഹജനകമല്ലായി രുന്നു എന്നതും സത്യമാണ്. ഇതുകൊണ്ടാണ് ഞാനും പല പ്രതിബ ന്ധങ്ങളുണ്ടായിട്ടും ഗവേഷണ പ്രവര്‍ത്തനത്തിന് കേരള സര്‍വകലാശാ ലയെത്തന്നെ ആശ്രയിച്ചത്. അതുമൂലമുണ്ടായ കാലതാമസം മറ്റുപല കാര്യത്തിലുമെന്നപോലെ ഉര്‍വശീശാപം ഉപകാരമായിത്തീരാനും ഇട വന്നു.

ഞാന്‍ ഗുരുവായൂരപ്പന്‍ കോളജില്‍ പഠിപ്പിക്കുന്ന കാലത്താണ് 1956-ല്‍ ഭാരത ചരിത്രപഠനത്തില്‍ ഒരു ചുവടുമാറ്റത്തിനിടയാക്കിയ പ്രഫ സര്‍ ഡി.ഡി. കൊസംബിയുടെ An Introduction to the Study of Indian History എന്ന ഗ്രന്ഥം പുറത്തിറങ്ങിയത്.

ഭാഗ്യവശാല്‍ അതുടനെത്തന്നെ കൈക്കലാക്കാന്‍ എനിക്ക് സാധിച്ചു. ഇന്നത്തെ പ്രശസ്തമായ പൂര്‍ണാ പബ്ലിക്കേഷന്റെ കര്‍ത്താവും സ്വപ്രയത്‌നം കൊണ്ടുയര്‍ന്നുവന്ന സാംസ്‌കാരിക നായകനുമായ ബാലകൃഷ്ണമാരാര്‍ അന്ന് ഒരു സഞ്ചിയില്‍ വില്‍പനയ്ക്കുള്ള കുറെ പുസ്തകങ്ങളുമായി പുസ്തക പ്രേമികളെ അന്വേഷിച്ചു നടക്കുന്ന കാലമായിരുന്നു. കോഴിക്കോട്ടെ Y.M.C.A. മാരാരുടെ പതിവു സന്ദര്‍ശന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു. ദരിദ്രവാസികളായ കോളജധ്യാപകരില്‍ ഒരാളായ ഞാന്‍ അന്ന് YMCA യിലാണ് താമസിച്ചിരുന്നത്. ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്കും മാരാര്‍ തന്നിരുന്നു. വില പിന്നെക്കൊടുത്താല്‍ മതി. മാരാരുടെ വ്യാപാര താല്‍പര്യവും ഞങ്ങളില്‍ ചിലരുടെ പുസ്തകപ്രേമവും അന്ന് പരസ്പരപൂരകമായിത്തീര്‍ന്നു.

സാമ്പ്രദായികമല്ലാത്ത ചിന്താഗതികള്‍ക്ക് മാര്‍ക്സിസ്റ്റ് ചരിത്രനിരൂപണത്തില്‍ ഇടം കല്‍പിക്കുന്നവര്‍ ഇന്ത്യയില്‍ത്തന്നെ വേറെയും ഉണ്ടെന്നുള്ള കണ്ടുപിടിത്തം, എം.എന്‍. റോയിക്കു പുറമെ മറ്റൊരു വിപ്ലവകാരികൂടി ഇന്ത്യയിലെ വിപ്ലവക്കൂടാരത്തില്‍ ഉയര്‍ന്നുവന്നിരിക്കുന്നുവെന്ന സന്ദേശമാണ് 'ഇന്ത്യാചരിത്രപഠനത്തിന് ഒരു മുഖവുര' എന്ന കൊസാംബിയുടെ ഗ്രന്ഥത്തിലൂടെ എനിക്ക് നല്‍കിയത്. (ഇന്ത്യന്‍ ഫ്യൂഡലിസത്തിന്റെ മുഖ്യ സൈദ്ധാന്തികനായ പ്രഫസര്‍ ആര്‍.എസ്. ശര്‍മയെ പരിചയപ്പെടുന്നത് വര്‍ഷങ്ങള്‍ക്കു ശേഷമാണല്ലോ. ദക്ഷിണേന്ത്യാ ചരിത്ര പഠനത്തില്‍ എന്റെ മാര്‍ഗദര്‍ശിയായി ശര്‍മാജിയെ ഞാന്‍ സ്വീകരിക്കുന്നത് 1974ഓടു കൂടിയാണ്. ആ നിലപാടിലേക്ക് എന്നെ നയിച്ചത് കൊസാംബി ഉന്നയിച്ച പ്രശ്‌നങ്ങളും അദ്ദേഹം ചൂണ്ടിക്കാണിച്ച ഉത്തരങ്ങളുമാണ്. അതോടുകൂടി പുരാവസ്തുശാസ്ത്രത്തിന് ചരിത്ര പഠനത്തിലുള്ള നിര്‍ണായക സ്ഥാനവും ഞാന്‍ അംഗീകരിക്കേണ്ടിവന്നു. അന്ന്, തൊള്ളായിരത്തി അമ്പതുകളില്‍, പ്രഫസര്‍ ഇളംകുളം കുഞ്ഞന്‍പിള്ളയുടെ കേരളചരിത്രോപന്യാസങ്ങളൊന്നും ഞാന്‍ കണ്ടിരുന്നില്ല.)

എന്നാല്‍ 1954ല്‍ തന്നെ മൈസൂരില്‍ നടന്ന ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്സില്‍ പങ്കെടുത്തതോടു കൂടിയാണ് ഹൈസ്‌കൂള്‍ പഠനകാലത്ത് ഞാന്‍ വെറുത്ത ചരിത്രവിഷയത്തില്‍ കടന്നു ചിന്തിച്ച് മാറ്റങ്ങള്‍ വരുത്താനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ഇന്ത്യയില്‍ പലേടത്തും നടക്കുന്നുണ്ടെന്ന കാര്യം എന്റെ ശ്രദ്ധയില്‍പെട്ടത്. എന്നെപ്പോലെയുള്ള ചരിത്രാധ്യാപകര്‍ കൈയും തലയും കോര്‍ത്തുപിടിച്ച് മുന്നേറിയാല്‍ ഇന്ത്യാ ചരിത്രത്തിന് പുതിയ ജീവന്‍ കല്‍പിക്കാന്‍ സാധ്യമാണെന്ന് ആ കോണ്‍ഗ്രസിലൂടെ ഞാന്‍ കണ്ടു. പ്രഫ. നൂറുല്‍ ഹസന്‍, പ്രഫ. സതീഷ് ചന്ദ്ര, പ്രഫ. ആര്‍.എസ്. ശര്‍മ എന്നിവരുടെ പേരുകള്‍ ആദ്യമായി മനസ്സില്‍ പതിഞ്ഞു. പിന്നീട് 1958-ല്‍ ഇ.എം.എസിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തു നടന്ന ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസില്‍ ഒരു വളന്റിയറായി പങ്കെടുക്കാന്‍ ഞാന്‍ തയ്യാറായി. ആ രണ്ടു കോണ്‍ഗ്രസുകളിലും എനിക്ക് ഒരു നിരീക്ഷകന്‍ എന്ന മട്ടിലുള്ള സ്ഥാനമല്ലാതെ ധൈഷണികമായ പങ്കാളിത്തമൊന്നും ഉണ്ടായിരുന്നില്ല.

1960ല്‍ യു.ജി.സി.യുടെ കോളജ് അധ്യാപകര്‍ക്കു വേണ്ടിയുള്ള റിസര്‍ച്ച് ഫെലോഷിപ്പിന്റെ ചിറകിലേറി ഞാന്‍ കേരള സര്‍വകലാശാ ലയിലെത്തിച്ചേര്‍ന്നു. ചരിത്രവിഭാഗം ഇല്ലാത്തത് എനിക്ക് ഒരേസമയം അസൗകര്യവും സൗകര്യവും ആയിത്തീര്‍ന്നു. വഴികാട്ടാന്‍ ആളില്ലെ ന്നതാണ് അസൗകര്യം. ഒറ്റയാനും അനാഥനും ആയ ഗവേഷകനായി രുന്നു ഞാന്‍. പക്ഷേ, അതിലൊരു സ്വാതന്ത്ര്യത്തിന്റെ അനുഗ്രഹവും വെല്ലുവിളിയും ഉണ്ടായിരുന്നു.

അന്നത്തെ യൂനിവേഴ്സിറ്റി കോളജിന് അപ്പുറത്തുള്ള യൂനിവേഴ്സിറ്റി ലൈബ്രറിയില്‍ വേറെയും ചുരുക്കും ചില ഗവേഷകര്‍ മറ്റു വിഷയങ്ങള്‍ അന്വേഷിച്ചിരുന്നു. ജി. ശങ്കരപ്പിള്ളയെന്ന ഫോക്ക്ലോര്‍ ഗവേഷകനും- അദ്ദേഹം പിന്നീട് നാടകാചാര്യനായി വളര്‍ന്നു - സുഗതകുമാരി എന്ന സാഹിത്യ ഗവേഷകയും അവിടെ പുസ്തകങ്ങള്‍ക്കിടയില്‍ തപ്പിത്തടയുന്നുണ്ടായിരുന്നു. മാത്രമല്ല ഇബ്രാഹിം കുഞ്ഞുവെന്നും കുമാരദാസ് എന്നും പേരായ രണ്ടു ചരിത്ര ഗവേഷകരും സാഹിത്യ അക്കാദമിയുടെ നിയോഗപ്രകാരം അവിടെ വന്നുചേര്‍ന്നു.

സര്‍ദാര്‍ കെ.എം. പണിക്കര്‍ എന്ന ചരിത്ര പണ്ഡിതനായിരുന്നുവല്ലോ പുതുതായി സൃഷ്ടിക്കപ്പെട്ട കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷന്‍. അദ്ദേഹത്തിന്റെ Survey of Indian History എന്ന മഹത്തായ ഗ്രന്ഥം ഞാന്‍ ഫാറൂഖ് കോളജില്‍ ബി.എക്കു പഠിക്കുമ്പോള്‍ത്തന്നെ വായിച്ചു പഠിച്ചിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ Discovery of Indiaയെക്കാള്‍ എന്നെ ആകര്‍ഷിച്ചത് പണിക്കരുടെ ഇന്ത്യാ ചരിത്രാവലോകനമാണ്. എന്തെല്ലാം പുതിയ നിരീക്ഷണങ്ങളാണ് അദ്ദേഹം ആ ചെപ്പിനുള്ളില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നത്! പണിക്കരുടെ 'പറങ്കിപ്പടയാളി'യെന്നും 'കേരള സിംഹം' എന്നും ഉള്ള ചരിത്ര നോവലുകളും ഞാന്‍ ആസ്വദിച്ചു വായിച്ചവയാണ്. അദ്ദേഹത്തിന്റെ കവിതകള്‍ മാത്രം പൊട്ടക്കവിതകളായിത്തീര്‍ന്നത് എങ്ങനെയെന്ന് ഞാന്‍ അദ്ഭുതപ്പെട്ടിരുന്നു.

സാഹിത്യകാരനും ചരിത്രകാരനുമായ പണിക്കര്‍ കോണ്‍ഗ്രസ് നേതാവും നാട്ടുരാജാക്കന്മാരുടെ ചേംബറില്‍ സെക്രട്ടറിയും പാരീസിലും ചൈനയിലും നെഹ്‌റുവിന്റെ അംബാസഡറും എല്ലാമായിട്ടും കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷസ്ഥാനം വിലമതിച്ച ആളായിരുന്നു. അത് ഗൗരവമായെടുക്കുകയും ചെയ്തു. കേരള സര്‍വകലാശാലയില്‍ ചരിത്രവിഭാഗം ഇല്ലാത്ത സ്ഥിതിക്ക് കേരള സാഹിത്യ അക്കാദമി തന്നെ ഒരു കേരളചരിത്രം രചിക്കാമെന്ന് അദ്ദേഹത്തിനു തോന്നി. പ്രഫ. കെ.വി. കൃഷ്ണയ്യര്‍, ഇബ്രാഹീം കുഞ്ഞ്, കുമാരദാസ് എന്നിവരെ ആ സംരംഭത്തിലേക്ക് അദ്ദേഹം നിയോഗിച്ചു. എറെക്കാലമായി കേരളത്തില്‍ ചരിത്രത്തെ സാഹിത്യത്തിന്റെ ഒരു ശാഖയായിട്ടാണല്ലോ കണ്ടിരുന്നത്. ഭാഷാവൈദഗ്ദ്ധ്യം അതിനാവശ്യമായ ഒരുപകരണമായിരുന്നു. പുരാവസ്തുശാസ്ത്രം കേരളത്തില്‍ എത്തിയിട്ടുമുണ്ടായിരുന്നില്ല. യൂനിവേഴ്സിറ്റി ലൈബ്രറിയില്‍ എന്റെ പഴയ ചരിത്രാധ്യാപകനായ കെ.വി.കൃഷ്ണയ്യരുടെയും മറ്റു രണ്ടു ചെറുപ്പക്കാരുടെയും സാന്നിധ്യം എനിക്ക് ഉത്തേജകമായി അനുഭവപ്പെട്ടു.

എന്നെ വളരെ സഹായിച്ചത് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തില്‍ പ്രഫസറായ ഡോക്ടര്‍ സുകുമാരന്‍ നായരുടെ കീഴില്‍ ദേശീയ പ്രസ്ഥാനത്തിന്റെ ആശയചരിത്രത്തില്‍ ഒരു ഭാഗത്തെപ്പറ്റി ഗവേഷണം ചെയ്ത എം.പി. ശ്രീകുമാരന്‍ നായരുടെ ആഗമനമാണ്. തിരുവല്ലക്കാ മനും യാഥാസ്ഥിതികനുമായ ഈ നായരുടെ ഗവേഷണം യഥാര്‍ത്ഥത്തില്‍ ചരിത്രത്തിന്റെ പരിധിയില്‍പെട്ടതായിരുന്നു. അദ്ദേഹത്തിന്റെ ഗുരു ഡോക്ടര്‍ സുകുമാരന്‍ നായരും ചരിത്രകാരനായിരുന്നു. ചരിത്രത്തിന് സര്‍വകലാശാലയില്‍ ഒരു വിഭാഗമില്ലാത്തതു കൊണ്ടാണ് ഇവര്‍ സംശയകരമായ രീതിയില്‍ പൊളിറ്റിക്സിന്റെ മേല്‍വിലാസം തിരഞ്ഞെടുത്തത്. ശ്രീകുമാരന്‍ നായര്‍ ആയിടക്ക് ഫുള്‍ബ്രൈറ്റ് ഫെലോഷിപ് നേടി അമേരിക്കയില്‍ പോയി ഡോക്ടറേറ്റ് ബിരുദം സമ്പാദിച്ചിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ചരിത്രജ്ഞാനം സമ്പന്നവും നവീനവുമായിരുന്നു. Historical Method, Historiography എന്നീ പുതിയ മേഖലകളില്‍ സാമ്പ്രദായികമായ പഠനത്തിലൂടെ അദ്ദേഹം വളരെ മുന്നോട്ടു പോയിരുന്നു. തെക്കന്മാരെപ്പറ്റി എനിക്കുണ്ടായിരുന്ന തെറ്റിദ്ധാരണകള്‍ വളരെ മാറിയത് ഡോക്ടര്‍ ശ്രീകുമാരന്‍ നായരുമായുള്ള സൗഹൃദത്തിലൂടെയാണ്. തുറന്ന മനസ്സ്, ഉദാരമായ പെരുമാറ്റം, താന്‍ സമ്പാദിച്ച അറിവുകള്‍ പങ്കുവെക്കാനും അവയിലൂടെ മറ്റുള്ളവരെ സഹായിക്കാനുമുള്ള സന്നദ്ധത ഇതൊക്കെയാണ് അദ്ദേഹത്തിന്റെ സവിശേഷതകള്‍. കൊടുക്കുംതോറും കൂടുന്നതാണല്ലോ വിദ്യാധനത്തിന്റെ സമ്പ്രദായം.

ചരിത്രത്തിലേക്ക് ഒരു ചുവട്; ചരിത്ര ഗവേഷകനായി മാറിയതിനെ കുറിച്ച് എംജിഎസ് നാരായണന്‍
വരുമാനമില്ലാത്തവരും ചിലപ്പോള്‍ ഇൻകം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടിവരും | Income Tax Return

ശ്രീകുമാരന്‍ നായരുമായുള്ള ചര്‍ച്ചകളിലൂടെയാണ് ഞാന്‍ ആധുനിക ചരിത്രപദ്ധതിയുടെ ആദ്യപാഠങ്ങള്‍ ഉള്‍ക്കൊണ്ടത്. ബ്രിട്ടീഷ് ലൈബ്രറിയില്‍നിന്നും അമേരിക്കന്‍ ലൈബ്രറിയില്‍നിന്നും ഈ വിഷയത്തിലുള്ള പുസ്തകങ്ങള്‍ എടുത്തു വായിച്ചിരുന്നുവെങ്കിലും അതൊന്നും മനുഷ്യ മുഖത്തുനിന്നും നേരിട്ടുള്ള പഠിത്തം പോലെയാവില്ലല്ലോ. മാത്രമല്ല, പിന്നീട് ശ്രീകുമാരന്‍നായര്‍ തന്റെ മാര്‍ഗദര്‍ശിയും പ്രതിഭാശാലിയുമായ ഡോ. സുകുമാരന്‍ നായരെ പരിചയപ്പെടുത്തുകയും അദ്ദേഹം എന്റെ ഗവേഷണ പ്രബന്ധത്തിന്റെ ഒരു കരടുപതിപ്പ് വായിച്ചുനോക്കി ചില നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. അവ എനിക്ക് പ്രബന്ധ ശൈലിയുടെ കാര്യത്തില്‍ സഹായകമായി. ഗവേഷണ പര്‍വത്തില്‍ ഇനിയും പലതും ചേര്‍ക്കാനുണ്ട്. അത് പിന്നീടാവാം.

Related Stories

No stories found.
logo
The Cue
www.thecue.in