ഭാവുകത്വം മാറ്റിയ ഒരു ചലച്ചിത്രയാത്ര

ഭാവുകത്വം മാറ്റിയ ഒരു ചലച്ചിത്രയാത്ര

ജോണ്‍ പോളിനെ ഒരിക്കല്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കണ്ടിട്ടുണ്ട്. പ്രമുഖ ചായാഗ്രാഹകനും ചലച്ചിത്ര സംവിധായകനുമായ എ വിന്‍സെന്റിനെ കുറിച്ച്, എം ഫില്‍ പഠനത്തിന്റെ ഭാഗമായി തയ്യാറാക്കിയ പ്രബന്ധരചനയ്ക്കു വേണ്ടി നടത്തിയ വിവരശേഖരണത്തിനായിരുന്നു അത്. വിന്‍സെന്റ് മാസ്റ്ററുടെ പ്രിയ ശിഷ്യനായി അറിയപ്പെട്ടിരുന്ന ചലച്ചിത്രസംവിധായകന്‍ ഭരതനുമായുള്ള ജോണ്‍ പോളിന്റെ ബന്ധം അതിനൊരു പ്രേരണയായിരുന്നു. ഒരു ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുകയായിരുന്ന ജോണ്‍ പോള്‍ അന്ന് തുറന്ന മനസ്സോടെ സംസാരിച്ചത് വിന്‍സെന്റ് മാസ്റ്ററെ കുറിച്ച് മാത്രമായിരുന്നില്ല. മലയാള സിനിമയുടെ വികാസപരിണാമത്തിലെ രസകരങ്ങളായ പല സംഭവങ്ങളും വിവരിക്കുമ്പോള്‍ താന്‍ ചികിത്സാര്‍ത്ഥം വിശ്രമത്തില്‍ ആണെന്നത് പോലും മറന്ന് അദ്ദേഹം ആവേശത്തിലായി. വിന്‍സെന്റ് മാസ്റ്റരുടെ 'നദി' എന്ന ചിത്രത്തിനു തിരക്കഥ എഴുതിയത് പി ജെ ആന്റണിയാണ്. തന്റെ കുട്ടിക്കാലത്ത് ആലുവാപ്പുഴയില്‍ കുളിച്ചു താമസിക്കാന്‍ കുടുംബങ്ങള്‍ നടത്തുന്ന വേനല്‍ക്കാലയാത്രകളുടെ അനുഭവത്തെ ആധാരമാക്കിയാണ് ആന്റണി ആ ചിത്രത്തിന്റെ കഥ എഴുതിയത് എന്ന് അന്ന് ജോണ്‍ പോള്‍ നല്‍കിയ വിവരം പുതിയ അറിവായിരുന്നു.

ഭാവുകത്വം മാറ്റിയ ഒരു ചലച്ചിത്രയാത്ര
കാലത്തിന് മുമ്പേ പറന്ന ന്യൂ ജനറേഷൻ

ഒരു തിരക്കഥാകൃത്ത് മാത്രമായിരുന്നില്ല ജോണ്‍ പോള്‍. മലയാള സിനിമയുടെ ചരിത്രപരമായ വികാസത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും, അത് പിന്‍തലമുറയ്ക്ക് വേണ്ടി രേഖപ്പെടുത്തുകയും ചെയ്ത സിനിമയുടെ ചരിത്രകാരന്‍ കൂടിയായിരുന്നു അദ്ദേഹം.

എന്റെ തലമുറയെ സംബന്ധിച്ചിടത്തോളം സിനിമയുടെ ഭാവുകത്വം മാറ്റിയ സുപ്രധാന വ്യക്തിത്വങ്ങളില്‍ ഒരാളാണ് ജോണ്‍ പോള്‍. സിനിമാക്കാഴ്ച്ചയുടെ അടിസ്ഥാനം ഞങ്ങളില്‍ രൂപപ്പെടുന്നത് കൃത്യമായി 1970കളില്‍ ആണ്. സത്യന്‍ അന്തരിക്കുകയും, പ്രേംനസീറും മധുവും അടക്കമുള്ളവരുടെ കലാജീവിതം അതിന്റെ ഉച്ചകോടിയില്‍ എത്തുകയും, സോമന്‍, സുകുമാരന്‍, ജയന്‍ തുടങ്ങിയവരുടെ കാലം ആരംഭിക്കുകയും ചെയ്യുന്ന, സിനിമയുടെ ചരിത്രത്തെ അതിന്റെ താരചിഹ്നങ്ങളിലൂടെ മാത്രം അടയാളപ്പെടുത്തിയ ഒരു കാലം.

എന്നാല്‍ എഴുപതുകളിലെ സ്‌കൂളിംഗ് കഴിഞ്ഞ് എണ്പതുകളില്‍ സിനിമയുടെ കലാശാലകളിലേയ്ക്ക് കടക്കുമ്പോള്‍ താരങ്ങള്‍ അപ്രധാനം ആകുകയും, സിനിമകളിലെ ആശയമോ സംവിധായകരോ പ്രാധാന്യം നേടുകയും ചെയ്തു. ഈ മാറ്റത്തില്‍ ഒരു സുപ്രധാന പങ്കു വഹിച്ചത് ജോണ്‍ പോള്‍ എന്ന തിരക്കഥാകൃത്ത് ആണെന്ന കാര്യം ഒരു പക്ഷെ പിന്നീടാണ് മനസ്സിലാക്കപ്പെട്ടത്. ഭാവുകത്വം മാറുമ്പോള്‍ സംഭവിക്കുന്നത് ഒരു പുതിയ കാണിക്കൂട്ടം രൂപപ്പെടുന്നു എന്നതാണ്. എഴുപതുകളിലെ സുമുഖരും ധീരോദാത്തന്മാരുമായ നായകന്മാരില്‍ നിന്ന് വേറിട്ട്, കാവ്യശാസ്ത്രപ്രകാരം വിലക്ഷണരൂപികളും, വിചിത്രമായ മാനികവ്യാപാരങ്ങളുമുള്ള കഥാപാത്രങ്ങളായിത്തീര്‍ന്നു, എണ്പതുകളില്‍ സിനിമയുടെ കേന്ദ്രം.

കോട്ടയം സി എം എസ് കോളേജില്‍ ഒരു വിദ്യാര്‍ത്ഥിയായി 1981ല്‍ ചേരുന്ന സമയത്ത് തൊട്ടു തലേവര്‍ഷം അവിടെ ചിത്രീകരിച്ച 'ചാമരം' എന്ന ചിത്രത്തിന്റെ ഓര്‍മ്മകള്‍ അവിടുത്തെ പല വിദ്യാര്‍ത്ഥികളിലും ഞങ്ങള്‍ കണ്ടിരുന്നു. ''കാണുന്ന നേരത്തു മിണ്ടാത്തമോഹങ്ങള്‍ ചാമരം വീശി നില്‍പ്പൂ....'' എന്ന വരികള്‍ കേള്‍ക്കുമ്പോള്‍ ഒക്കെ, ആ കോളേജില്‍ കാറ്റത്ത് ശിഖരങ്ങള്‍ നീട്ടിനില്ക്കു ന്ന ചൂളമരങ്ങള്‍ ഓര്‍മ്മയില്‍ ചാമരം വീശിത്തുടങ്ങും. എന്നാല്‍ ആ സിനിമ നിര്‍മ്മിച്ച ഭാവുകത്വ പരിണാമം എന്താണെന്ന് എന്നത് അത് 'ക്ലാസ്സ്‌മേറ്റ്‌സ്' പോലെ ഒരു കാമ്പസ് ചിത്രം മാത്രമാണ് എന്ന് കരുതിയ പലര്‍ക്കും മനസ്സിലായില്ല.

സാമ്പ്രദായിക മലയാള സിനിമാപ്രേക്ഷക സമൂഹത്തില്‍ അത്ര സ്വീകാര്യത കിട്ടിയിട്ടില്ലാത്ത 'അതിലംഘനം' എന്ന ആശയമാണ് 'ചാമരം' എന്ന സിനിമയുടെ കേന്ദ്ര പ്രമേയം. ഫ്രെഞ്ചു ചിന്തകനായ ഷോര്‍ഷേ ബാതായിപോലുള്ളവര്‍ 'അതിലംഘനം' എന്ന ആശയത്തെ ഒരു തത്വചിന്താപരമായ പരികല്പനയായി തന്നെ ആവിഷ്‌കരിക്കുന്നുണ്ട്. വ്യവസ്ഥാപിതമായ ജീവിതത്തിന്റെ മാത്രം അതിരുകള്‍ക്കുള്ളില്‍ നിലനില്ക്കുന്ന മലയാളി ആസ്വാദക സമൂഹത്തിനു മുന്നില്‍ അത്തരം ഒരാശയം കൊണ്ട് വരിക എളുപ്പമല്ല.

ഒരു കോളേജ് വിദ്യാര്‍ത്ഥിയ്ക്ക് തന്നെക്കാള്‍ മുതിര്‍ന്ന ഇന്ദു എന്ന തന്റെ അധ്യാപികയോട് തോന്നുന്ന പ്രണയവും അത് അവളില്‍ സൃഷ്ടിക്കുന്ന ആഹ്ലാദവുമാണ് ചിത്രത്തിന്റെ കേന്ദ്രപ്രമേയം. ഈ അതിലംഘനത്തിന്റെ ആശയം രതിയും അക്രമവും നിറഞ്ഞുനില്ക്കുന്ന ഒരു ദൃശ്യഭാഷയിലൂടെയാണ് ഭരതന്‍ ആവിഷ്‌കരിച്ചത്. ചിത്രാന്ത്യത്തില്‍ ഈ അതിലംഘനം സ്ഥാപനവത്കരിക്കപ്പെടുന്നതില്‍ നിന്ന് പിന്‍വാങ്ങി നില്‍ക്കുന്നുവെങ്കിലും സാമ്പ്രദായികമായ ഒരു അനുവാചകലോകത്തെ ഞെട്ടിപ്പിക്കുന്ന ആശയമായിരുന്നു നാല് പതിറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള കേരളത്തില്‍ അത്.

പിന്നീട് ജോണ്‍ പോള്‍ തിരക്കഥ എഴുതിയ പല ചിത്രങ്ങളിലും ഈ ഒരു ആശയം കടന്നു വരുന്നത് കാണാന്‍ കഴിയും. പാളങ്ങള്‍(1981) എന്ന ചിത്രത്തില്‍ ഭാര്യാസഹോദരിയായ പെണ്‍കുട്ടിയോട് ഭരത് ഗോപി അവതരിപ്പിക്കുന്ന വാസുമേനോന്‍ എന്ന കഥാപാത്രത്തിന് തോന്നുന്ന ആസക്തി സമാനമായ രീതിയിലെ അതിലംഘന സ്വഭാവമുള്ളതാണ്. മോഹന്‍ സംവിധാനം ചെയ്ത 'ഇളക്കങ്ങള്‍' (1982), 'ബ്ലൂ ലഗൂണ്‍' എന്ന ചിത്രത്തെ ആധാരമാക്കി ഐ വി ശശി സംവിധാനം ചെയ്ത 'ഇണ' (1982) എന്നീ ചിത്രങ്ങളിലും ജോണ്‍ പോള്‍ സമാനമായ പ്രമേയങ്ങള്‍ കൌമാര കാമനയുടെ രൂപത്തില്‍ കൈകാര്യം ചെയ്യുന്നത് കാണാം. മോഹന്‍ സംവിധാനം ചെയ്ത 'രചന' (1983) എന്ന ചിത്രത്തിന്റെ പ്രമേയം ഒരു എഴുത്തുകാരന്‍ താന്‍ എഴുതുന്ന ഒരു കൃതി വികസിപ്പിക്കുന്നതിനായി തന്റെ ഭാര്യയോടൊപ്പം ജോലി ചെയ്യുന്ന ഒരാളുടെ ജീവിതം നിരീക്ഷിക്കുന്നതാണെങ്കിലും പിന്നീട് അത് അയാളുടെ പദ്ധതിയില്‍ നിന്ന് കൈവിട്ടുപോകുകയും, ആ ചെറുപ്പക്കാരന്റെ ആത്മഹത്യയില്‍ കലാശിക്കുകയും ചെയ്യുന്നു. നെടുമുടി വേണു അവതരിപ്പിക്കുന്ന ലോവര്‍ ഡിവിഷന്‍ ഗുമസ്തന് മേലുദ്യോഗസ്ഥയായ സ്ത്രീയോട്, (എഴുത്തുകാരന്റെ ഭാര്യയോടു) തോന്നുന്ന പ്രണയമാണ് ഇവിടെ അതിലംഘനമായി തീരുന്നത്.

മലയാള സിനിമയ്ക്ക് മുന്‍പ് പരിചയമില്ലാത്ത ഒരു ഭാവുകത്വ പരിസരമാണ് ഈ ചിത്രങ്ങള്‍ നിര്‍മ്മിച്ചത്. താരപദവികളുടെ സാമ്പ്രദായിക നിര്‍വ്വചനങ്ങള്‍ക്കുള്ളില്‍ നില്‍ക്കാത്ത ഭരത് ഗോപി, നെടുമുടി വേണു, പ്രതാപ് പോത്തന്‍ തുടങ്ങിയ നടന്മാരായിരുന്നു ഈ ചിത്രങ്ങളില്‍ പലതിലും മുഖ്യകഥാപാത്രങ്ങളെ ആവിഷ്‌കരിച്ചത് എന്നതു യാദൃശ്ചികമാകാം. ഭരതന്‍, മോഹന്‍ എന്നീ ചലചിത്രകാരന്മാരുടെ സാന്നിധ്യവും ഈ ചിത്രങ്ങള്‍ക്ക് പുതിയൊരു ആസ്വാദക സമൂഹത്തെ രൂപപ്പെടുത്തുന്നതിന് സഹായകമായി. സംരഭങ്ങള്‍ എന്ന നിലയില്‍ ഈ ചിത്രങ്ങള്‍ വലിയ വിജയങ്ങള്‍ ആയില്ലെങ്കിലും, ഇവ തെളിച്ച പുതിയ വഴി അതിനു മുന്‍പുള്ള മലയാള സിനിമാചരിത്രത്തില്‍ നിന്നുള്ള പൂര്‍ണ്ണമായ കുതിച്ചുചാട്ടം ആയിരുന്നു.

നെടുമുടി വേണു, ഭരത് ഗോപി എന്നീ നടന്മാരുടെ ചലച്ചിത്രജീവിതത്തില്‍ ശ്രദ്ധേയങ്ങളായ ചില കഥാപാത്രങ്ങള്‍ ജോണ്‍ പോള്‍ എഴുതിയ തിരക്കഥയില്‍ രൂപപ്പെട്ടതാണ്. നെടുമുടി വേണു എന്ന നടന്റെ കരീയറിലെ ശ്രദ്ധേയമായ ഒരു അടയാളമെന്നു കരുതപ്പെടുന്ന വിടപറയും മുന്‍പേ'(1981) എന്ന ചിത്രം കൃത്യമായി ഒരു ജോണ്‍ പോള്‍ സിനിമ തന്നെയാണ്. അതേ പോലെ ഭരത്‌ഗോപിയുടെ മാസ്റ്റര്‍ വര്‍ക്കുകള്‍ എന്ന് പറയാവുന്ന 'മര്‍മ്മരം' (1981), 'പാളങ്ങള്‍' (1981), 'ഓര്‍മ്മയ്ക്കായി' (1981), 'സന്ധ്യ മയങ്ങും നേരം' (1983) എന്നീ ചിത്രങ്ങളില്‍ ജോണ്‍ പോള്‍ തൂലികയുടെ സാന്നിധ്യം ഉണ്ട്. മികച്ച അഭിനയസാധ്യത നെടുമുടി വേണുവിനു നല്‍കിയ 'തേനും വയമ്പും' (1981), 'രചന' (1983), 'മര്‍മ്മരം' (1981), 'ആലോലം' (1982) തുടങ്ങിയ ചിത്രങ്ങളിലും ആ സാന്നിധ്യം പ്രകടമായിരുന്നു. ഭരത് ഗോപി സംവിധാനം ചെയ്ത 'ഉത്സവപ്പിറ്റേന്ന്' (1988) എന്ന ചിത്രത്തിന്റെ പിന്നിലും ജോണ്‍ പോള്‍ എന്ന എഴുത്തുകാരന്റെ തൂലിക പ്രകടമായിരുന്നു.

എം.ടി വാസുദേവന്‍ നായര്‍, പത്മരാജന്‍ എന്നിവരെ പോലെ പോലെ ഒരു ചലച്ചിത്ര രചയിതാവ് എന്ന രീതിയില്‍ വാഴ്ത്തപ്പെട്ടില്ലെങ്കിലും അവര്‍ തീര്‍ത്ത ഭാവുകത്വപരിണാമങ്ങളെക്കാള്‍ ശക്തമായിരുന്നു ജോണ്‍ പോള്‍ സൃഷ്ടിച്ച മാറ്റം. എന്നാല്‍ അത് ഒരു യുഗസംക്രമത്തിന്റെ അടരുകളില്‍ മറക്കപ്പെട്ടിരുന്നതിനാല്‍ വേഗം തിരിച്ചറിയപ്പെട്ടില്ല എന്ന് മാത്രം. ശാന്തവും നിശബ്ദവും എന്നാല്‍ സുപ്രധാനവുമായ ഒരു സാന്നിധ്യമായി ജോണ്‍ പോളിന്റെ ചലച്ചിത്രസപര്യ മലയാള സിനിമയുടെ ചരിത്രത്തില്‍ ആലേഖനം ചെയ്യപ്പെടും.

Related Stories

No stories found.
logo
The Cue
www.thecue.in