കാലത്തിന് മുമ്പേ പറന്ന ന്യൂ ജനറേഷൻ

കാലത്തിന് മുമ്പേ പറന്ന ന്യൂ ജനറേഷൻ

Summary

എൺപതുകളിൽ മലയാളത്തിന്റെ വെള്ളിത്തിരയിൽ നവോന്മേഷം വിതറിയ ഭാവുകത്വപരിണാമത്തിന് വഴിയൊരുക്കിയ തിരക്കഥാകൃത്തുക്കളിൽ അദ്വിതീയനാണ് ജോൺപോൾ

എഴുപതുകളിൽ , കച്ചവട / കലാ സിനിമകൾ കാണികളെ നെടുകെ പിളർത്തിയിരുന്ന വേളയിൽ മലയാളത്തിന്റെ വെള്ളിത്തിരയിൽ ഭാവുകത്വപരിണാമത്തിന് ചുക്കാൻ പിടിച്ചത് "മധ്യവർത്തി സിനിമ"കളായിരുന്നു. പി.എൻ . മേനോൻ തുടക്കമിട്ട ഈ ധാര എൺപതുകളിൽ വേരുറച്ചത് പ്രധാനമായും ഭരതൻ, മോഹൻ , പത്മരാജൻ എന്നിവരിലൂടെയാണ് . "മധ്യവർത്തി സിനിമ " എന്ന് പൊതുവിൽ വ്യവഹരിക്കപ്പെട്ട ഇവരുടെ സൃഷ്ടികൾ പ്രധാനമായും മായ്ച്ചുകളഞ്ഞത് ആർട്ടിനും കമേഴ്സ്യലുമിടയിലെ അതിരുകളായിരുന്നു. മലയാള സിനിമയെ അത് പുതിയ ഭാവുകത്വത്തിലേക്ക് നയിച്ചു. ഈ വിപ്ലവത്തിന്റെ അണിയറയിൽ നെടുനായകത്വം വഹിച്ച എഴുത്തുകാരനാണ് ജോൺപോൾ.

എഴുത്തുകാർക്ക് വലിയ വിലയുള്ള കാലമല്ല അത്. സിനിമ പുറത്തു വരുമ്പോൾ പേരും പ്രശസ്തിയും കൊയ്യുന്നത് മിക്കവാറും സംവിധായകരും താരങ്ങളുമാണ്. മൂലധനത്തിന്റെ ആനുകൂല്യം നിർമ്മാതാക്കളും പങ്കിട്ടെടുത്തു. മധ്യവർത്തി സിനിമയിൽ തിരക്കഥയുടെ പ്രാധാന്യം അരക്കിട്ടുറപ്പിക്കുന്നത് ജോൺ പോൾ വലിയ പങ്കു വഹിച്ചു. മുഖ്യമായും സംവിധായകൻ ഭരതനുമായും മോഹനുമായും ചേർന്നു ചെയ്ത സിനിമകളുടെ നട്ടെല്ലായിരുന്നു അദ്ദേഹം. വെള്ളിത്തിരയിൽ അത് നവോന്മേഷം വിതറി. കച്ചവട കലാ സിനിമകളെ ഭാവുകത്വപരമായി പരിഷ്കരിക്കുന്നതിൽ ആ സിനിമകൾ വലിയ പങ്കു വഹിച്ചു . ഒരു ചലച്ചിത ചരിത്രകാരൻ കൂടിയായ ജോൺപോളിന്റെ ലോകസിനിമയെക്കുറിച്ചുള്ള അഗാധമായ ഉൾക്കാഴ്ചകൾ ഈ പരിണാമത്തിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്.

ജോൺ എബ്രഹാമിന്റെ അടുത്ത സുഹൃത്തായ ജോൺ പോൾ ആ സ്കൂളിലല്ല സിനിമയെഴുതാൻ എത്തിയത്. ഐ.വി.ശശി, ഭരതൻ , മോഹൻ സ്കൂളിലാണ്. ഫിലീം ഫെസ്റ്റിവൽ സർക്യൂട്ടുമായി ഉററ ബന്ധമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാവുകത്വം എൺപതുകളിലെ മധ്യവർത്തി സിനിമയുടെ ദിശാബോധം കെട്ടിപ്പടുത്തു. അന്നത്തെ ന്യൂ ജനറേഷൻ സിനിമകൾ തന്നെയായിരുന്നു അത്.

ജോൺപോൾ തിരക്കഥയെഴുതിയ പ്രധാന സിനിമകളുടെയുള്ള ഒരു യാത്ര ഇത് ബോധ്യപ്പെടുത്തും : ഭരതന്റെ ചാമരം (1980), മർമ്മരം (1981) , മോഹന്റെ വിടപറയും മുമ്പെ (1981), കഥയറിയാതെ (1981), ഭരതന്റെ ഓർമ്മക്കായി (1981 ) , പാളങ്ങൾ (1981 ) അശോക് കുമാറിന്റെ തേനും വയമ്പും (1981 ), മോഹന്റെ ആലോലം (1982 ), ഐ.വി.ശശിയുടെ ഇണ (1982 ), ഭരതന്റെ സന്ധ്യ മയങ്ങും നേരം (1983 ), പി.ജി.വിശ്വംഭരന്റെ സാഗരം ശാന്തം (1983), ഒന്നു ചിരിക്കൂ (1983 ) , മോഹന്റെ രചന (1983), കെ.എസ്. സേതുമാധവന്റെ അറിയാത്ത വീഥികൾ (1984), ആരോരുമറിയാതെ (1984), ഐ.വി.ശശിയുടെ അതിരാത്രം (1984 ), സത്യൻ അന്തിക്കാടിന്റെ അടുത്തടുത്ത് (1984 ), ജോഷിയുടെ ഇണക്കിളി (1984), ടി. ദാമോദരനൊപ്പം ഭരതന്റെ ഇത്തിരിപ്പൂവേ ചുവന്ന പൂവേ (1984) , സത്യൻ അന്തിക്കാടിന്റെ അദ്ധ്യായം ഒന്നു മുതൽ (1985) , ഭരതന്റെ കാതോട് കാതോരം (1985 ) , പി.ജി. വിശ്വംഭരന്റെ ഈ ശബ്ദം ഇന്നത്തെ ശബ്ദം (1985), കെ.എസ്. സേതുമാധവന്റെ അവിടത്തെപ്പോലെ ഇവിടെയും (1985 ) , പി.ജി, വിശ്വംഭരന്റെ ഈ തണലിൽ ഇത്തിരി നേരം (1985 ), ബാലു മഹേന്ദ്രയുടെ യാത്ര (1985), സത്യൻ അന്തിക്കാടിന്റെ രേവതിക്കൊരു പാവക്കുട്ടി (1986), കമലിന്റെ മിഴിനീർപ്പൂക്കൾ (1986 ) , ഉണ്ണികളേ ഒരു കഥ പറയാം (1987) , ടി.ദാമോദരനൊപ്പം ഐ.വി.ശശിയുടെ വ്രതം (1987), ഭരതന്റെ നീലക്കുറുഞ്ഞി പൂത്തപ്പോൾ (1987) , ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വട്ടം (1987) ,കമലിന്റെ ഉണ്ണികൃഷ്ണന്റെ ആദ്യത്തെ കൃസ്തുമസ്സ് (1988), ഭരത് ഗോപിയുടെ ഉത്സവപ്പിറ്റേന്ന് (1988 ) , ഭരതന്റെ ഒരു സായാഹ്നത്തിന്റെ സ്വപ്നം (1989 ). ജോൺ പോളിന്റെ എൺപതുകൾ ഇവിടെ അവസാനിക്കുന്നു. തൊണ്ണൂറുകൾ എഴുത്തുകാരുടെയോ സംവിധായകരുടെയോ അല്ല. അത് താരനായകന്മാരുടെതാണ്.

ജോൺ പോൾ സംവിധായകൻ ഭരതനൊപ്പം
ജോൺ പോൾ സംവിധായകൻ ഭരതനൊപ്പം
കാലത്തിന് മുമ്പേ പറന്ന ന്യൂ ജനറേഷൻ
കഥ പറഞ്ഞ് പറഞ്ഞ് എഴുത്തുകാരനായ ഒരാള്‍

അതത് കാലത്തെ താര നായകന്മാരായ പ്രേംനസീർ, ലക്ഷ്മി, ശ്രീവിദ്യ, സോമൻ , മാധവി, സുകുമാരൻ, സുമലത , നെടുമുടി വേണു, സറീന വഹാബ്, പ്രതാപ് പോത്തൻ, രതീഷ് , ഭരത് ഗോപി, ജലജ , മമ്മുട്ടി, മോഹൻലാൽ, സുരേഷ് ഗോപി , റഹ്മാൻ തുടങ്ങിയവരൊക്കെ ജോൺ പോൾ കഥാപാത്രങ്ങളായി വേഷമിട്ടിട്ടുണ്ട്. അവ തിയറ്ററുകളിൽ ചലനം സൃഷ്ടിച്ചു . എത്രയോ സൂപ്പർഹിറ്റുകൾ പിറന്നു. എന്നാൽ അതിലേറെ പ്രകാശം പരത്തിയ സിനിമകൾ പിറന്നു . ഉദാഹരണത്തിന് ഭരതൻ സംവിധാനം ചെയ്ത സന്ധ്യ മയങ്ങും നേരം പോലെ അതിമനോഹരമായ ഒരു എക്സ്പ്രഷനിസ്റ്റ് ശൈലിയിലുളള സിനിമ മലയാളത്തിൽ മറ്റൊന്നുള്ളതായി തോന്നുന്നില്ല. പുരസ്കാര ലബ്ധികൾ അനുഗ്രഹിച്ചില്ലെങ്കിലും വരും കാലത്തെ മോഹിപ്പിക്കുന്ന രചനാ ശൈലി അവലംബിച്ച സിനിമയാണത്. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ എഴുത്തുകാരനിലേക്ക് വെളിച്ചം വീശാത്ത സിനിമകളാണ് ജോൺ പോൾ സിനിമകളിൽ ഏറെയും. മറിച്ചായിരുന്നെങ്കിൽ രോഗ ചികിത്സ ഒരു പ്രതിസന്ധിയിൽ അകപ്പെടുന്ന സാഹചര്യം ഉണ്ടാകുമായിരുന്നില്ല. സർക്കാർ പോലും തുച്ഛ സഹായമാണ് നൽകിയത്. താരസംഘടനയോ ഒപ്പം നിന്ന താരങ്ങളോ സൃഷ്ടിച്ച സംഘടനയോ വലിയ സഹായത്തിന് മുന്നൊരുക്കം നടത്തിയതുമില്ല.

തൊണ്ണൂറുകളിൽ കാലം മാറി. പുതിയ ന്യൂ ജനറേഷൻ എഴുത്തുകാരും സംവിധായകരും രംഗത്തുവന്നു. അത് സ്വാഭാവികമായ മാറ്റം. ജോൺ പോളിന്റെ പിന്മാറ്റം അവിടെ തുടങ്ങുന്നു. പുസ്തക രചനയിലും പ്രഭാഷണ പരമ്പരകളിലുമാണ് പിന്നീടദ്ദേഹം പുതിയ പാത വെട്ടിത്തുറന്നത്. പുതിയ നൂറ്റാണ്ടോടെ, സിനിമ അടിമുടി മാറിയപ്പോൾ ആ സംസ്കാരത്തോടൊപ്പം നിൽക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് തന്നെ ജോൺപോൾ മിക്കവാറും പൂർണ്ണമായും സിനിമയിൽ നിന്നും പിൻവലിഞ്ഞു . താരങ്ങളായി അപ്പോഴേക്കും കഥയുടെ മുതലാളിമാർ. സ്റ്റോറി ഫിക്സിങ് എന്ന പുതിയ അധികാരം പിന്നോട്ടടിപ്പിച്ച സംവിധായകരുടെയും എഴുത്തുകാരുടെയും നിരയിൽ ജോൺപോളും ഉണ്ടായിരുന്നു . എങ്കിലും 2021 ലും സിനിമാ എഴുത്തിൽ സജ്ജീവമായിരുന്നു അദ്ദേഹം.

മലയാള സിനിമയിലെ സാങ്കേതിക വിദഗ്ദരുടെ സംഘടനയായ മാക്ടയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു ജോൺ പോൾ. എത്രയോ കാലം ആ സ്ഥാനത്തിരുന്ന് സംഘടനക്ക് അസ്തിവാരം പണിതു . എം.ടി.വാസുദേവൻ നായർ സംവിധാനം ചെയ്ത " ഒരു ചെറു പുഞ്ചിരി " എന്ന സിനിമ നിർമ്മിച്ചിട്ടുണ്ട്. എം.ടി.യെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിർമ്മിക്കുകയും ഒരു പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്. ഭരതനെക്കുറിച്ചുള്ള പുസ്തകമടക്കം നിരവധി ചലച്ചിത്ര ചരിത്ര ഗ്രന്ഥങ്ങളുടെ രചയിതാവാണ് . ഗ്രന്ഥരചനക്ക് സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. നല്ല അവതാരകനാണ്. സഫാരി ചാനലിലെ ഓർമ്മ പറച്ചിൽ ഒരനുഭവം തന്നെയായിരുന്നു.

വ്യക്തിപരമായി മൂന്ന് പതിറ്റാണ്ടിലേറെക്കാലം ജോൺ പോളുമായി അടുത്ത ബന്ധം വച്ചു പുലർത്താൻ കഴിഞ്ഞത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു. തൊണ്ണൂറുകളിൽ മാതൃഭൂമിയുടെ ഫിലീം പേജായ താരാപഥത്തിന്റെ ചുമതലക്കാലം മുതൽ തുടങ്ങിയ ബന്ധമാണത്. 2003-2012 കാലത്ത് ചിത്രഭൂമിയുടെ ചുമതല വഹിച്ചിരുന്ന കാലത്തുടനീളം മനോഹരമായ കയ്യക്ഷരത്തിൽ എഴുതി അയയ്ക്കുന്ന കാർഡുകൾ നൽകിയ സ്നേഹം വിലമതിയ്ക്കാനാകാത്തതാണ്. സിനിമയെക്കുറിച്ചുള്ള എന്തോർമ്മയും എപ്പോഴും വിളിച്ചു ചോദിക്കാവുന്ന ഒരു റഫറൻസ് ലൈബ്രറിയായിരുന്നു അദ്ദേഹം. അത് കുറച്ചൊന്നുമല്ല വഴികാട്ടിയത്.

കാലത്തിന് മുമ്പേ പറന്ന ന്യൂ ജനറേഷൻ
എല്ലാത്തിലും അറിവുള്ള ജോണ്‍ പോള്‍ : കെ മധു

ജോൺ പോളിന്റെ തിരഞ്ഞെടുത്ത സിനിമകൾ ക്യൂറേറ് ചെയ്ത് സംരക്ഷിക്കുകയും ചലച്ചിത ചരിത്ര രചനകൾ സമാഹരിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്യുക എന്നത് ചലച്ചിത്ര അക്കാദമി പോലുള്ള സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ്. എൺപതുകളുടെ സിനിമകൾ പഠിക്കപ്പെടുമ്പോൾ ഭാവികാലത്തിനായി ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കേണ്ട സിനിമകളുടെ പട്ടികയിൽ ജോൺ പോളിന്റെ നിരവധി സിനിമകൾ നിശ്ചയമായും ഉണ്ടാകും. അത് ഒരു സർക്കാർ സംവിധാനത്തിന് മാത്രം സാധിക്കുന്ന ഉത്തരവാദിത്വമാണ്. അതിനായുള്ള മുൻകൈകൾ ഉണ്ടാവുക എന്നതാണ് ജോൺ പോളിനോട് ഇനി കാട്ടേണ്ട നീതി. സംസ്കാരത്തിന് മേലുള്ള നിക്ഷേപമാണത്. അതുണ്ടാകുന്നില്ലെങ്കിൽ നിശൂന്യമാകുന്നത് സംസ്കാരം തന്നെയാണ്. അതുണ്ടാകുമോ എന്നതാണ് സിനിമയെ സ്നേഹിക്കുന്നവർക്ക് കാത്തിരിക്കാനുള്ളതും.

Related Stories

No stories found.
logo
The Cue
www.thecue.in