നമ്പൂതിരി, വരയിൽ ഒരു ജീവിതം

നമ്പൂതിരി, വരയിൽ ഒരു ജീവിതം
Summary

ജീവിതത്തെ ഇത്രയും സ്വാഭാവികമായി നേരിടുന്ന മറ്റൊരാളെ ഞാൻ പരിചയപ്പെട്ടിട്ടില്ല. സ്വന്തം സിദ്ധികളെപ്പറ്റി ഇത്രയും വിനയത്തോടെ സംസാരിക്കുന്ന ഒരാളും അപൂർവമായിരിക്കും. ഇന്ത്യയിലെ ഏറ്റവും ഉത്കൃഷ്ടനായ രേഖാചിത്രകാരൻ എന്നാണ് എം.വി. ദേവൻ ഒരിക്കൽ നമ്പൂതിരിയെ വിശേഷിപ്പിച്ചത്.

ആർട്ടിസ്റ്റ് നമ്പൂതിരിയെക്കുറിച്ച് സാഹിത്യനിരൂപകൻ എൻ.ഇ.സുധീർ എഴുതുന്നു

ഒരു മഹാത്ഭുതം അവസാനിച്ചിരിക്കുന്നു. നമ്പൂതിരിയുടെ വരകൾ മലായാളിക്ക് ലഭിച്ച ഒരു മഹാത്ഭുതം തന്നെയായിരുന്നു. ഏറ്റവും ഒടുവിൽ ആ കൈകൾ ചലിച്ചത് അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട എം.ടി.യുടെ കഥയ്ക്ക് വരച്ചു കൊണ്ടാണ്. കഴിഞ്ഞ ദിവസം ആശുപത്രിയിലാവുന്നതിന് ഒരാഴ്ച മുമ്പ് എം.ടി യുടെ പള്ളി വാളും കാൽച്ചിലമ്പും എന്ന കഥയ്ക്ക് വേണ്ടി നമ്പൂതിരി അവസാനമായി കൈകൾ ചലിപ്പിച്ചു. രണ്ടു നാൾ മുമ്പ് ആശുപത്രിയിലെ ഐസി യുടെ പുറത്തിരുന്ന് ആ ചിത്രം നോക്കിയിരുന്നപ്പോൾ അദ്ദേഹത്തിന്റെ കൈകൾ അടുത്തൊന്നും നിശ്ചലമാവരുതേ എന്നായിരുന്നു മനസ്സിലാഗ്രഹിച്ചത്. പക്ഷേ, മരണം അതിനനുവദിച്ചില്ല. തടുക്കാനാവാത്ത മരണം ഇന്നലെ രാത്രിയോടെ നമ്പൂതിരിയുടെ കൈകളെ നിശ്ചലമാക്കി.

ആ മനുഷ്യന്റെ സ്നേഹവും കരുതലും നേടാനുള്ള മഹാഭാഗ്യം എനിക്കുണ്ടായി.

നമ്പൂതിരിയുടെ വരകൾ കണ്ട് അത്ഭുതം കൂറിത്തുടങ്ങിയത് സ്‌കൂളിൽ പഠിച്ചിരുന്ന കാലത്താണ്, എഴുപതുകളുടെ അവസാനം. അക്കാലത്ത് ഞാനൊരു പത്ര ഏജന്റായിരുന്നു. മുഴുനീള ഏജന്റല്ല, മാതൃഭൂമി പത്രത്തിന്റെ ഏജന്റായിരുന്ന എന്റെ അച്ഛന്റെ അസിസ്റ്റന്റ്. അതുകൊണ്ട് മാതൃഭൂമി പത്രവും ആഴ്ചപ്പതിപ്പും മറിച്ചു നോക്കുന്നത് ദിനചര്യയുടെ ഭാഗമായി.

നമ്പൂതിരി വര
നമ്പൂതിരി വരകടപ്പാട്- സമകാലിക മലയാളം

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ കഥകൾ പലതും ആ പ്രായത്തിൽ എനിക്ക് രസിക്കുന്നവയായിരുന്നില്ല. പക്ഷേ, കഥകളോടൊപ്പം വന്ന ചില ചിത്രങ്ങളങ്ങനെ നോക്കിയിരിക്കുന്നത് ഒരു രസമായിരുന്നു. ആ ചിത്രങ്ങൾ എന്നോടെന്തെല്ലാമോ പറഞ്ഞുകൊണ്ടിരുന്നു. ആ നേരിയ വരകൾ ആരുടേതാണെന്നൊന്നും അന്നന്വേഷിച്ചില്ലെങ്കിലും അവയോടെന്തോ ഒരാകർഷണം തോന്നി. ആ വരകളുമായി ഞാൻ പ്രണയത്തിലായി. എല്ലാ ലക്കത്തിലും അവ കണ്ടെത്തി നോക്കിയിരിക്കാൻ തുടങ്ങി; കണ്ടില്ലെങ്കിൽ അസ്വസ്ഥനാവാനും.

എൺപതുകളിൽ, കലാകൗമുദിയിൽ എം.ടി.യുടെ രണ്ടാമൂഴം വായിക്കാൻ തുടങ്ങിയപ്പോഴാണ് ഈ ചിത്രകാരൻ ആരെന്ന അന്വേഷണം ആരംഭിച്ചത്. അങ്ങനെ നമ്പൂതിരി എന്ന ഒപ്പ് മനസ്സിലേക്ക് കയറി. അദ്ദേഹത്തെ ഒന്നു പരിചയപ്പെടാൻ കഴിഞ്ഞെങ്കിൽ എന്നാഗ്രഹിക്കുകയും ചെയ്തു. കലാകൗമുദി പത്രാധിപരായിരുന്ന എസ്. ജയചന്ദ്രൻ നായരോട് വിവരം പറഞ്ഞു. ഇനി വരുമ്പോൾ പരിചയപ്പെടുത്തിത്തരാം എന്ന് ജയചന്ദ്രൻ സാർ വാക്കു തന്നെങ്കിലും ആ കാലത്തൊന്നും അതു നടന്നില്ല.

Photo: Binuraj Kalapeedam

2008ലാണെന്നു തോന്നുന്നു, വി.ജെ.ടി. ഹാളിലെ ഒരു ചടങ്ങിനിടയിലാണ് ആദ്യമായി ആ വിരലുകൾ ചലിക്കുന്നത് നേരിട്ടു കണ്ടത്. അന്ന് അടുത്തു പോയി ഒന്നു കണ്ടു. പരിചയപ്പെടുത്താൻ ആരും ഉണ്ടായിരുന്നില്ല. ഒന്നു ചിരിച്ചു; അത്ര തന്നെ. എനിക്കതു മതിയായിരുന്നു.

2010ൽ അദ്ദേഹം ചെമ്പിൽ തീർത്ത സൂര്യദേവൻ എന്ന റിലീഫിന്റെ നിർമാണകാലത്ത് അടുത്തിടപഴകാൻ അവസരമുണ്ടായി. അന്നദ്ദേഹത്തിന് ഒരുപാട് പ്രായം കാണും; ഒരു വേള എന്റെയിരട്ടി. എന്നിട്ടും, ഏറെക്കാലത്തെ പരിചയമുള്ളതുപോലെ അദ്ദേഹമെന്നോട് സ്‌നേഹം കാണിച്ചു. അതൊരു തുടക്കമായിരുന്നു. കുറച്ചു ദിവസങ്ങൾ ഒരുമിച്ച് കഴിഞ്ഞു. വരയേക്കാൾ മൃദുലമായ ആ മനസ്സിനെ അടുത്തറിഞ്ഞു. നമ്പൂതിരിയുടെ പ്രായത്തെപ്പറ്റി എം.ടി. എഴുതിയതുപോലെ, 'കണക്കു കൂട്ടാൻ അദ്ദേഹത്തിനു സമയമില്ല. അതുകൊണ്ട് ചോദിക്കേണ്ടതുമില്ല.' നമ്പൂതിരിയുടെ ജീവിതത്തിൽ പ്രായത്തിന് ഒരു പ്രസക്തിയുമില്ല. പ്രായത്തെപ്പറ്റി ഒരിക്കലും അദ്ദേഹം വേവലാതിപ്പെട്ടു കണ്ടിട്ടില്ല.

തുടർന്നങ്ങോട്ട് അദ്ദേഹത്തെ കാണാനും സംസാരിച്ചിരിക്കാനുമുള്ള ഒരവസരവും നഷ്ടപ്പെടുത്തിയില്ല. ഇടയ്‌ക്കൊക്കെ കണ്ടു, സംസാരിച്ചു. അദ്ദേഹത്തോട് സംസാരിച്ചിരിക്കുമ്പോൾ തോന്നുന്ന അനുഭൂതി സവിശേഷമായ ഒന്നായിരുന്നു. അത് തരുന്ന ഊർജം വേറെയും. കേൾവിക്കാരനെ ജീവിതത്തോട് ചേർത്തു നിർത്തുന്നതിൽ നമ്പൂതിരിക്ക് ഒരു മാന്ത്രികസിദ്ധിയുണ്ട്. കേൾക്കുന്നതോ ചെറിയ ചെറിയ അനുഭവങ്ങളും സന്ദേഹങ്ങളും. നമ്മൾ നമ്മളെ മറന്നങ്ങനെ കേട്ടിരിക്കും.

ആർട്ടിസ്റ്റ് നമ്പൂതിരിക്കൊപ്പം എൻ.ഇ.സുധീർ
ആർട്ടിസ്റ്റ് നമ്പൂതിരിക്കൊപ്പം എൻ.ഇ.സുധീർ

സൊറ പറഞ്ഞിരിക്കാൻ പറ്റിയ സ്ഥലമാണ് അദ്ദേഹത്തിന്റെ എടപ്പാളിലെ വീടിന്റെ വരാന്ത. അവിടെയിരുന്നങ്ങനെ പലതും ചോദിക്കും. പലതും പറയും. വരയോടൊത്തുള്ള ആ ജീവിതസഞ്ചാരം എനിക്കറിയണമായിരുന്നു. അവിടെ കലയും ജീവിതവും ഒന്നുതന്നെയായിരുന്നു. അത്ഭുതങ്ങളുടെ മാന്ത്രികച്ചെപ്പ് ശബ്ദത്തിലൂടെ എനിക്കു മുന്നിൽ തുറന്നു വന്നു. ഒരു കൊച്ചു കുട്ടിയുടെ ഉത്സാഹത്തോടെ അദ്ദേഹം ഇന്നലെകളിലേക്ക് സഞ്ചരിച്ചു. കണ്ടതും കേട്ടതും അറിഞ്ഞതും കൊച്ചു കൊച്ചു വാക്കുകളിലൂടെ പറഞ്ഞു തന്നു. ജീവിതത്തിലെ ഓരോ നിമിഷത്തേയും അതിശയത്തോടെയാണ് ആ മനസ്സ് നോക്കിക്കണ്ടത്. അത്ഭുതാദരങ്ങളോടെ ഞാൻ കേട്ടിരുന്നു.

ഇടയ്‌ക്കൊക്കെ ചില സന്ദേഹങ്ങൾ ഞാനും മുന്നോട്ടുവെച്ചു. അദ്ദേഹത്തിന്റെ ഉത്തരങ്ങൾ തീർപ്പുകളായിരുന്നില്ല. ചിലതു പറയും. എന്നിട്ട് ശരിയാണോ എന്നെന്നോടും ചോദിക്കും. ആ കൈകളെ ചലിപ്പിച്ചുകൊണ്ടിരിക്കുന്ന മനസ്സിനെ ഞാനറിയുകയായിരുന്നു. വർത്തമാനങ്ങൾക്കിടയിൽ ഇടയ്‌ക്കൊക്കെ പൊട്ടിച്ചിരിക്കും. ചിലപ്പോൾ ആലോചനകളിൽ മുഴുകും. അതിനിടയിൽ അകത്തേക്കോടിച്ചെന്ന് പഴയ ചിത്രങ്ങളും കത്തുകളും എടുത്തു വന്ന് കാണിച്ചു തരും. ഇങ്ങനെ പല പകലുകൾ. ഞങ്ങൾക്കിടയിലാകെ സന്തോഷം നിറഞ്ഞു.

ജീവിതത്തെ ഇത്രയും സ്വാഭാവികമായി നേരിടുന്ന മറ്റൊരാളെ ഞാൻ പരിചയപ്പെട്ടിട്ടില്ല. സ്വന്തം സിദ്ധികളെപ്പറ്റി ഇത്രയും വിനയത്തോടെ സംസാരിക്കുന്ന ഒരാളും അപൂർവമായിരിക്കും. ഇന്ത്യയിലെ ഏറ്റവും ഉത്കൃഷ്ടനായ രേഖാചിത്രകാരൻ എന്നാണ് എം.വി. ദേവൻ ഒരിക്കൽ നമ്പൂതിരിയെ വിശേഷിപ്പിച്ചത്.

ആർട്ടിസ്റ്റ് നമ്പൂതിരിക്കൊപ്പം എൻ.ഇ.സുധീർ
ആർട്ടിസ്റ്റ് നമ്പൂതിരിക്കൊപ്പം എൻ.ഇ.സുധീർ

രേഖകൾ കൊണ്ടാണ് നമ്പൂതിരി സ്വന്തം ലോകം സൃഷ്ടിച്ചത്. മറ്റൊന്നും അദ്ദേഹത്തിന്റെ കൈയിലില്ലായിരുന്നു. വിദ്യാലയത്തിന്റെ പടി പോലും കണ്ടിട്ടില്ല. ചെറുപ്പത്തിൽ ആകെ പഠിച്ചത് അല്പം വൈദ്യവും കുറച്ച് സംസ്‌കൃതവും മാത്രം. ശില്പവിദ്യ പഠിച്ചതേയില്ല. എപ്പോഴും കൂടെയുണ്ടായിരുന്നത് വര മാത്രം. മദിരാശിയിൽ ചെന്ന് കെ.സി.എസ്. പണിക്കരുടെ ശിഷ്യനായതോടെ തന്റെ വരകൾ കലാസൃഷ്ടികളാണെന്ന് ഉറപ്പിച്ചു. ആ വരകളാണ് നമ്പൂതിരിയുടെ ലോകം സൃഷ്ടിച്ചത്.

Photo: Binuraj Kalapeedam

സ്വന്തം കൈ കൊണ്ടു സൃഷ്ടിച്ച 'രേഖകളു'മായി നമ്പൂതിരി കലയുടെ ലോകം കീഴടക്കി. ആ ലോകത്തെ കിരീടം വയ്ക്കാത്ത ചക്രവർത്തിയായി. ആ വരകൾ മലയാളിയുടെ സാഹിത്യവായനയെ പുതിയൊരു ആസ്വാദനതലത്തിലേക്കുയർത്തി. കഥാപാത്രങ്ങളെ നേരിട്ട് കാണുന്ന ഒരവസ്ഥ ആ ചിത്രങ്ങൾ സൃഷ്ടിച്ചു. വാക്കുകളും വരയും തമ്മിൽ മത്സരമുണ്ടായി. ആ വരകൾക്കു വേണ്ടി സാഹിത്യരചന നടത്താൻ പോലും ഇവിടെ ആളുണ്ടായി. ശില്പങ്ങൾ കൊണ്ടും അദ്ദേഹം അത്ഭുതങ്ങൾ സൃഷ്ടിച്ചു. അവ കേരളത്തിന്റെ സാംസ്‌കാരികമുഖത്തിന് നിറവേകി.

പരാതികളും പരിഭവങ്ങളുമില്ലാതെ നമ്പൂതിരി 98 വർഷം നമ്മോടൊപ്പം ജീവിച്ചു. അവകാശ വാദങ്ങളൊന്നുമില്ലാതെ. എന്നാലും അർഹിക്കുന്ന പലതും നമ്മൾ അദ്ദേഹത്തിന് കൊടുത്തില്ല. പക്ഷേ, കാലം ആ പ്രതിഭയെ കരുതലോടെ ഓർത്തു വെക്കുക തന്നെ ചെയ്യും. വരകളിലുടെ നമ്പൂതിരി സൃഷ്ടിച്ച വിസ്മയ ലോകത്തിന് മരണമില്ലല്ലോ.

നമ്പൂതിരിയുടെ ജീവിതവും കലാസപര്യയും കാഴ്ചപ്പാടുകളും കടന്നുവരുന്ന വാ​ഗ് വിചാരം രണ്ട് ഭാ​ഗങ്ങളിലായി ഇവിടെ കാണാം

Related Stories

No stories found.
logo
The Cue
www.thecue.in