ലീഗ് സമ്മേളനത്തിന്റെ വഖ്ഫതീത താത്പര്യങ്ങൾ

ലീഗ് സമ്മേളനത്തിന്റെ 
വഖ്ഫതീത താത്പര്യങ്ങൾ
Summary

പള്ളികളിൽ വഖ്ഫ് പ്രതിഷേധം നടത്തുമെന്നുള്ള പി.എം.എ സലാമിന്റെ ആഹ്വാനത്തെ ഹർഷാരവത്തോടെ ഏറ്റെടുത്തവരായിരുന്നു ജമാഅത്തെ ഇസ്ലാമിക്കാർ. അവരുടെ മാധ്യമങ്ങളിലൂടെ പരമാവധി പ്രചാരണം നൽകി. അനുയായികൾ, പള്ളികൾ രാഷ്ട്രീയ ഭൂമികയുടെ ആണിക്കല്ലാണെന്നും, മുസ്‌ലിം സംഘടനാ നിലപാട് ആർജ്ജവമുള്ളതാണെന്നും പ്രബന്ധം എഴുതി.

എം.ലുഖ്മാന്‍ എഴുതുന്നു

മുസ്‌ലിം ലീഗിന്റെ വഖ്ഫ് സംരക്ഷണ സമ്മേളനത്തിന്, വഖ്ഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട നടപടിയിൽ നിന്ന് സർക്കാറിനെ പിന്തിപ്പിക്കുക എന്നതിനപ്പുറമുള്ള നിരവധി മാനങ്ങളുണ്ട്. ഏറ്റവും പ്രധാനമായ വിഷയം, വഖ്ഫ് വിഷയത്തിൽ പള്ളികളിൽ ജുമുഅ പ്രാർത്ഥനാ ദിവസം പ്രതിഷേധപ്രഭാഷണങ്ങൾ നടത്താനുള്ള ലീഗിന്റെ നേതൃത്വത്തിലുള്ള കോഡിനേഷൻ കമ്മറ്റി തീരുമാനത്തെ എതിർത്ത്, സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ നിലപാടുമായി ബന്ധപ്പെട്ടുകിടക്കുന്നു. മലബാറിലെ മുസ്‌ലിംകൾ മുസ്‌ലിം ലീഗിന് പുറമെ, കോൺഗ്രസ്, ഇടതുപക്ഷ കക്ഷികൾ എന്നിവകളിലെല്ലാം പ്രവർത്തിക്കുന്നവരാണ്. ഇത്തരം രാഷ്ട്രീയ പാർട്ടികളുടെ മെമ്പര്ഷില്ലാത്ത, കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ അനുയായികളും അനേകം.

മിക്ക പള്ളികളും നിലവിൽവന്നത്, ഒരേ പ്രദേശത്തെയും വിശ്വാസികളുടെ കൂട്ടായ അധ്വാനത്തിലൂടെയാണ്. അതിനാൽ, മഹല്ലുകളിലെ കമ്മറ്റികളിൽ തന്നെ വിവിധ രാഷ്ട്രീയ കക്ഷികളിൽ ഉള്ളവരുണ്ട്. വിശ്വാസികളും എല്ലാതരക്കാരും ഉണ്ട്. പള്ളികളിൽ ലീഗിന്റെ നേതൃത്വത്തിൽ രൂപപ്പെടുത്തിയ കോഡിനേഷൻ സമിതിയുടെ, തീരുമാനങ്ങൾ വായിക്കുകയും, അതിനു വേണ്ടി പ്രസംഗിക്കുകയും ചെയ്യുമ്പോൾ, സ്വാഭാവികമായി മറ്റുള്ള രാഷ്ട്രീയ കക്ഷികളിലെ വിശ്വാസികൾക്ക് അലോസരമുണ്ടാക്കിയേക്കാം. മഹല്ലുകളിൽ വാക്കേറ്റങ്ങളിലേക്കും സംഘര്ഷങ്ങളിലേക്കും ഇത് കാരണമാകുകയും ചെയ്തേക്കാം. ഈയൊരു സാഹചര്യത്തിലാണ്, പള്ളികളിൽ സമരമോ പ്രതിഷേധമോ പാടില്ലെന്ന നിലപാട് ജിഫ്‌രി തങ്ങൾ എടുത്തത്. അതാവട്ടെ, സമുദായത്തിന്റെ ഉന്നത ശബ്ദം തങ്ങളുടേതാകണം എന്ന ലീഗിന്റെ ശാഠ്യത്തിനു മുറിവേൽപ്പിക്കുന്നതുമായിരുന്നു. മുഖ്യമന്ത്രിയുമായി സമസ്ത ചർച്ചക്ക് തയ്യാറായിട്ടുണ്ടെന്നും, അതിനു ശേഷമായിരിക്കും മറ്റു തീരുമാനങ്ങൾ എന്നുമുള്ള ജിഫ്‌രി തങ്ങളുടെ അറിയിപ്പ്

ജിഫ്‌രി തങ്ങളുടെ നിലപാടിന് ശേഷം ചേർന്ന ലീഗ് യോഗത്തിലാണ് കോഴിക്കോട്ടെ റാലിയെന്ന തീരുമാനം എടുക്കുന്നത്. വഖ്ഫ് സംരക്ഷണം എന്നതിനപ്പുറം തങ്ങളുടെ ശക്തി കാണിക്കുക, സമസ്തയുടെ പ്രവർത്തകരെ ധാരാളമായി അതിലേക്കെത്തിക്കുക, ജിഫ്‌രി തങ്ങൾക്ക് കിട്ടുന്ന സ്വീകര്യതക്ക് ബദലായി, പാണക്കാട് തങ്ങന്മാരാണ് ലീഗിന്റെയും സമസ്തയുടെയും പ്രധാന തീരുമാനകർത്താക്കൾ എന്ന മുൻരീതിക്ക്‌ കൂടുതൽ ദൃഢത നൽകുക എന്നീ ലക്ഷ്യങ്ങളെല്ലാം അടങ്ങിയതായിരുന്നു ആ സമ്മേളനം. അതുകൊണ്ടുതന്നെ, സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ മുതൽ, അബ്ദുറഹ്മാൻ കല്ലായി വരെയുള്ളവരുടെ പ്രസംഗങ്ങളിൽ; പേരെടുത്തു പറഞ്ഞില്ലെങ്കിലും ജിഫ്രി തങ്ങൾക്കുള്ള വിമർശനം ഉണ്ടായിരുന്നു. പാണക്കാട് തങ്ങന്മാർ മുഴുവൻ സമ്മേളനത്തിന് വന്നിട്ടുണ്ടെന്നും, അതിന്റെ ലക്ഷ്യമെന്താണെന്നു പിന്നീട് പറയാമെന്നുമുള്ള കുഞ്ഞാലിക്കുട്ടിയുടെ സ്വരം കൃത്യമായും ജിഫ്രി തങ്ങളെ ഉദ്ദേശിച്ചായിരുന്നു.

അബ്ദുറഹ്മാൻ കല്ലായി
അബ്ദുറഹ്മാൻ കല്ലായി

അബ്ദുറഹ്മാൻ കല്ലായിയുടെ അവതരിക്കൽ

അബ്ദുറഹ്മാൻ കല്ലായിക്ക് മോശം പ്രഭാഷണങ്ങളുടെ ഒരു ദീർഘ ചരിത്രമുണ്ട്. നിന്ദ്യമായ പ്രയോഗങ്ങൾ അനവരതം അയാളിൽ നിന്ന് വരുമായിരുന്നു. ലീഗിന്റെ പ്രധാന രാഷ്ട്രീയ സമ്മേളനങ്ങളിലൊന്നും ഒരു പ്രഭാഷകനായിരുന്നില്ല ഇദ്ദേഹം. 1989 ൽ സമസ്ത പിളർന്നപ്പോൾ, കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെയും അദ്ദേഹത്തിനൊപ്പം നിൽക്കുന്ന പണ്ഡിതന്മാരെയും സമൂഹത്തിൽ മോശമായി അവതരിപ്പിക്കാൻ നിയോഗിക്കപ്പെട്ട ഒരാളായിരുന്നു കല്ലായി. ഈ സാഹചര്യത്തിൽ, ഇങ്ങനെയൊരു സമ്മേളനത്തിൽ പ്രധാന പ്രഭാഷകനായി അദ്ദേഹം അവതരിപ്പിക്കപ്പെടാനൊരു നിമിത്തമുണ്ട്. ലീഗിന്റെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് ഭിന്നമായി മതനിലപാടുകൾ പറഞ്ഞാൽ, ജിഫ്‌രി തങ്ങൾക്കെതിരെ കല്ലായിമാരെ ഇറക്കുമെന്ന കൃത്യമായ സൂചനയുണ്ട്. അയാളുടെ പ്രഭാഷണത്തിൽ മന്ത്രി റിയാസിനെയും ഭാര്യയെയും നിന്ദ്യമായി അവഹേളിച്ചുവന്നത് മാത്രമല്ല കാണേണ്ടത്. പാണക്കാട് തങ്ങൾ ലീഗിനൊപ്പം ഉള്ളതിനാൽ, മറ്റാര് വന്നാലും അത് വിജയിക്കില്ല എന്ന സന്ദേശമുണ്ട്. ലീഗിനേക്കാളേറെ സമസ്തയുടെ വേദികളിൽ വരാറുള്ള അബ്ദുറഹ്മാൻ കല്ലായിയെത്തന്നെ അണിനിരത്തി, ലീഗിന് വിരുദ്ധമായി ഒരു നിലപാട് എടുത്താൽ, വീണ്ടും കല്ലായിമാർ ഇറങ്ങുമെന്ന മുന്നറിയിപ്പുണ്ട്.

പി.എം.എ സലാം
പി.എം.എ സലാം
പൊളിറ്റിക്കൽ ഇസ്‌ലാമിസ്റ്റുകളായ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രെണ്ടിന്റെയും അജണ്ടകൾ ലീഗടക്കമുള്ളവരുടെ അനുയായികളെ സ്വാധീനിക്കുന്നതിനെപറ്റി കേരളീയ സമൂഹത്തിൽ കുറേയായി ആശങ്കൾ ഉണ്ട്. എന്നാൽ,അത്തരം ആശങ്കൾ ഒന്നും ഷാജിയുടെ പ്രസംഗത്തിൽ കണ്ടില്ല.

കെ.എം ഷാജിയുടെ ലീഗും ദീനും

ലീഗ് ഇസ്ലാം ദീനിന്റെ മെച്ചപ്പെട്ട മാതൃക പിന്തുടരാൻ പറ്റിയ പാർട്ടിയാണ് എന്നും, കമ്മ്യൂണിസ്റ്റുകൾ മുസ്ലിംകളെ ബൗദ്ധികമായി തകർക്കുകയാണ് എന്നുമാണ് കെ.എം ഷാജിയുടെ പ്രഭാഷണത്തിലെ ഒരു അർഗുമെൻറ്. അതിനായി ജാഗുപ്ത്സാവാഹമായ പല കാര്യങ്ങളും അയാൾ ഉദ്ധരിക്കുന്നുണ്ട്. കൊടുങ്ങല്ലൂര്, പൊന്നാനി, തലശ്ശേരി അടക്കമുള്ള സ്ഥലങ്ങളിൽ നിന്നുള്ള മുസ്ലിം വിദ്യാർത്ഥികൾ വിദ്യാഭ്യാസം നേടുന്നത് കുറവാണ് എന്നയാൾ പറയുന്നുണ്ട്. ഈ അർജുമെന്റിന്റെ ദൃഢീകരിക്കുന്ന എന്ത് തെളിവാണ് ഷാജിക്ക് മുന്നോട്ട് വെക്കാനുള്ളത്. ജാമിഅ മില്ലിയ്യയിലും ജെ.എൻ.യുവിലുമൊക്കെ പഠിക്കുന്ന പലരും ഈ പ്രദേശങ്ങളിൽ നിന്നുള്ളവരായി അറിയാം. ഇപ്പോഴും, പാരമ്പര്യ ഇസ്‌ലാം ഏറ്റവും ശോഭയോടെ നിലനിൽക്കുന്ന ഒരു പ്രദേശമാണ് പൊന്നാനി. ഈ പ്രദേശങ്ങളിലെ മുസ്ലീം ജനസമൂഹത്തെ ബൗദ്ധികമായി ദുര്ബലരാണ് എന്ന് പറയാൻ, ഷാജിയെ പ്രേരിപിപ്പിച്ചത് അവിടെ ഇടതുപക്ഷത്തിന് തുടർച്ചയായി അധികാരം കിട്ടുന്നുവെന്നതാവണം. രാഷ്ട്രീയമായി ലീഗും ഇറങ്ങട്ടെ, രാഷ്ട്രീയം പറഞ്ഞു ജനങ്ങളെ കയ്യിലെടുക്കട്ടെ- അങ്ങനെയല്ലേ ഒരു സമൂഹത്തെ സ്വാധീനിക്കാവുക; അവരെ മൊത്തത്തിൽ അവഹേളിച്ചാണോ. വിശ്വാസത്തിന്റെ കാര്യത്തിൽ എപ്പോഴും ജാഗ്രതയുള്ളവരാണ് മുസ്‌ലിം സമൂഹം.

പൊളിറ്റിക്കൽ ഇസ്‌ലാമിസ്റ്റുകളായ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രെണ്ടിന്റെയും അജണ്ടകൾ ലീഗടക്കമുള്ളവരുടെ അനുയായികളെ സ്വാധീനിക്കുന്നതിനെപറ്റി കേരളീയ സമൂഹത്തിൽ കുറേയായി ആശങ്കൾ ഉണ്ട്. എന്നാൽ,അത്തരം ആശങ്കൾ ഒന്നും ഷാജിയുടെ പ്രസംഗത്തിൽ കണ്ടില്ല. ലീഗുകാരെന്ന മുസ്ലിംകൾ, ലീഗുകാരല്ലാത്ത മുസ്ലിംകൾ എന്നൊരു ബൈനറി ഉണ്ടാക്കി, ലീഗുകാരല്ലാത്തവരെയൊക്കെ അപരവത്കരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.

കെ.എം ഷാജി
കെ.എം ഷാജി
ജമാഅത്തെ ഇസ്ലാമിയെ, അവരുടെ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റ് ഐഡിയോളജിയെ തിരിച്ചറിയുക എന്നതാവണം ഇരു വിഭാഗം സമസ്തയുടെയും പ്രധാന കർത്തവ്യം.

സമസ്തയും ലീഗും; ജിഫ്രി തങ്ങളുടെ നിലപാടുകൾ

ജിഫ്രി തങ്ങളുടെ നിലപാട് വന്നിട്ടും, ലീഗിന്റെ സമ്മേളനത്തിന് എത്തിയവർ മഹാഭൂരിപക്ഷവും സമസ്തയുടെ അനുയായികൾ കൂടിയായിരുന്നു. സമസ്ത- ലീഗ് എന്നൊരു നേർത്ത വിഭജനം പോലും സാധ്യമല്ലാത്ത വിധത്തിൽ ഒന്നായിട്ടാൽ മലബാറിലെ എല്ലാ പ്രദേശങ്ങളിലും ഇവരുടെ അണികൾ ഉള്ളത്. അതിൽ തന്നെ ലീഗിനോടുള്ള താൽപര്യമാണ് ഏറിയവരിലും കാണാനും പറ്റുന്നത്. അതുകൊണ്ടാണ്, പള്ളികളിൽ വഖ്ഫ് സംബന്ധ പ്രതിഷേധ പ്രസംഗം നടത്താൻ ലീഗിന്റെ നേതൃത്വത്തിൽ തീരുമാനിച്ചപ്പോൾ, സാമൂഹിക മാധ്യമങ്ങളിൽ സമസ്തയുടെ അണികളിൽ നിന്നടക്കം പെരുംപിന്തുണകൾ വന്നത്. ജിഫ്‌രി തങ്ങൾ ആ തീരുമാനത്തിന് വിലക്ക് പറഞ്ഞപ്പോൾ, അദ്ദേഹത്തെ സാമൂഹിക മാധ്യമങ്ങളിൽ പിന്തുണച്ച സമസ്തയുടെ അനുയായികൾ തുലോം കുറവായിരുന്നു. സമസ്ത എന്ന വികാരവും, അതിന്റെ ലക്ഷ്യങ്ങളും അടിത്തട്ടിലേക്ക് എത്തിക്കാനും അങ്ങനെ, സവിശേഷ അനുയായികളുള്ള ഒരു സംഘമായാൽ മാത്രമേ, ജിഫ്‌രി തങ്ങൾക്ക് പോലും സ്വതന്ത്രമായി കൂടുതൽ കാലം നിലപാട് പറയാൻ കഴിയുകയുള്ളൂ.

ലീഗിന് വിരുദ്ധമായ നിലപാടുകൾ എടുത്തതിന്റെ പേരിൽ ഇ.കെ അബൂബക്കർ മുസ്‌ലിയാരെ പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജിലെ പ്രിൻസിപ്പാൾ പദവിയിൽ നിന്ന് 1970- കളിൽ പുറത്താക്കിയിട്ടുണ്ട്. സമസ്തയുടെ സ്ഥാപനമായിട്ടും, ലീഗിനായിരുന്നു കമ്മറ്റിയിലും മറ്റും ഭൂരിപക്ഷം. അക്കാലത്ത്, ലീഗിന്റെ പ്രസിദ്ധീകരണങ്ങളിൽ അണ്ടൻ, അടകോടൻ തുടങ്ങിയ മോശം വാക്കുകളിലൂടെ അവർ ഇ.കെ അബൂബക്കർ മുസ്ലിയാരെ നിന്ദിച്ചിട്ടുണ്ട്. ജിഫ്രി തങ്ങളുടേതായി ഏറ്റവും അവസാനം പുറത്തുവന്ന പ്രഭാഷണത്തിലും, തനിക്ക് നേരെയും സമാനമായ അധിക്ഷേപങ്ങൾ വരുന്നതായി തങ്ങൾ പറയുന്നുണ്ട്. എന്നാൽ, ജിഫ്രി തങ്ങൾ ഉയർത്തിപ്പിടിക്കുന്ന നേരിന്റെ നിലപാട് അണികളിലേക്കു പടർത്താനും, സംഘടനാപരമായി സവിശേഷമായ ഒരു അസ്ഥതിത്വം ഇ.കെ വിഭാഗം നേടുന്നത് വരെയും ലീഗ് അത്തരം ശ്രമങ്ങളെ ദുര്ബലപ്പെടുത്തുമെന്നു ഉറപ്പാണ്. ജിഫ്രി തങ്ങളുടെ നിലപാട് കൃത്യമായി വന്നിട്ടും, ലീഗ് സമ്മേളനത്തിന് ഒഴുകിയെത്തിയ സമസ്ത അണികളുടെ എണ്ണം ലീഗിന്റെ ആത്മവിശ്വാസം കൂട്ടുന്നു. അവരിലേക്കു, മതത്തിന്റെ നേരിന്റെ ശബ്ദം എങ്ങനെ , എത്രത്തോളം എത്തിക്കാൻ കഴിയും എന്നതിനെ ആസ്പദിച്ചിരിക്കും സമസ്ത നേതൃത്വത്തിലുള്ള ജിഫ്രി തങ്ങളുടെ ഭാവി പോലും.

ജിഫ്‌രി തങ്ങൾ
ജിഫ്‌രി തങ്ങൾ

ജമാഅത്തെ ഇസ്‌ലാമിയുടെ മോഹഭംഗങ്ങൾ

പള്ളികളിൽ വഖ്ഫ് പ്രതിഷേധം നടത്തുമെന്നുള്ള പി.എം.എ സലാമിന്റെ ആഹ്വാനത്തെ ഹർഷാരവത്തോടെ ഏറ്റെടുത്തവരായിരുന്നു ജമാഅത്തെ ഇസ്ലാമിക്കാർ. അവരുടെ മാധ്യമങ്ങളിലൂടെ പരമാവധി പ്രചാരണം നൽകി. അനുയായികൾ, പള്ളികൾ രാഷ്ട്രീയ ഭൂമികയുടെ ആണിക്കല്ലാണെന്നും, മുസ്‌ലിം സംഘടനാ നിലപാട് ആർജ്ജവമുള്ളതാണെന്നും പ്രബന്ധം എഴുതി. എന്നാൽ ജിഫ്‌രി തങ്ങളുടെ നിലപാട് വന്നതോടെ, എല്ലാം മോഹങ്ങളും ഉടഞ്ഞ നിരാശയിൽ അദ്ദേഹത്തെ ഒറ്റുകാരനാക്കി അവതരിപ്പിക്കായിരുന്നു ഇവരുടെ ശ്രമങ്ങൾ.

ജമാഅത്തെ ഇസ്ലാമിയെ, അവരുടെ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റ് ഐഡിയോളജിയെ തിരിച്ചറിയുക എന്നതാവണം ഇരു വിഭാഗം സമസ്തയുടെയും പ്രധാന കർത്തവ്യം. കെ.എം ഷാജിയുടെ പ്രഭാഷണം കാണിക്കുന്നുണ്ട്, അദ്ദേഹം എത്രമാത്രം അത്തരം അജണ്ടകളുടെ തടവുകാരനായിരുന്നു എന്നത്. ജമാഅത്തുമായുള്ള സഖ്യം ലീഗിന് കൂടുതൽ കൂടുതൽ മുറിവുകൾ ഉണ്ടാക്കിക്കൊണ്ടേ ഇരിക്കും. അവരിൽനിന്ന് കിട്ടാനുള്ള പരമാവധി വോട്ടുകളുടെ എണ്ണം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരളീയ സമൂഹം കണ്ടതുമാണല്ലോ.

Related Stories

No stories found.
logo
The Cue
www.thecue.in