സമരകാലത്തും സിപിഎമ്മിലായിരുന്നു, കെ റെയില്‍ വരുന്ന തലമുറക്കെന്ന് സുരേഷ് കീഴാറ്റൂര്‍

സമരകാലത്തും സിപിഎമ്മിലായിരുന്നു, കെ റെയില്‍ വരുന്ന തലമുറക്കെന്ന് സുരേഷ് കീഴാറ്റൂര്‍
Summary

കണ്ണൂരിലെ പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുക്കലിനെതിരെ വയല്‍ക്കിളികള്‍ എന്ന പേരില്‍ സി.പി.എം അണികളുടെ നേതൃത്വത്തില്‍ നടത്തിയ സമരം വലിയ ചര്‍ച്ചയായിരുന്നു. ഇടതു സര്‍ക്കാര്‍ ഭരിക്കുമ്പോഴുള്ള സമരത്തെ പാര്‍ട്ടി നേതൃത്വം തള്ളിപ്പറഞ്ഞു. സമരത്തിന്റെ മുന്നിലുണ്ടായിരുന്ന സുരേഷ് കീഴാറ്റൂര്‍ വീണ്ടും സി.പി.എമ്മിലേക്ക് എത്തി.

Q

വീണ്ടും സി.പി.എമ്മിനോട് യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുകയാണല്ലോ?. ആ തീരുമാനത്തിലേക്ക് എത്തിയത് എന്തുകൊണ്ടാണ്?

A

സി.പി.എമ്മില്‍ നിന്നും എവിടെയെങ്കിലും പോയാലല്ലേ അവിടേക്ക് തിരിച്ചു വരേണ്ടതുള്ളു. കീഴാറ്റൂര്‍ സമരത്തെയും ഞങ്ങളുടെ രാഷ്ട്രീയത്തേയും ഞങ്ങള്‍ വേറിട്ട് തന്നെയാണ് കണ്ടിരുന്നത്. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരും കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാരും ചേര്‍ന്നാണ് ദേശീയ പാത വികസനം നടത്തുന്നത്. ദേശീയപാത വികസനത്തിന് ഞങ്ങള്‍ എതിരായിരുന്നില്ല. അഞ്ചാറ് കിലോമീറ്റര്‍ നീളം വരുന്ന വയലിലൂടെ മാത്രം മാറ്റിയപ്പോഴാണ് ഞങ്ങള്‍ എതിര്‍ത്തത്. വയല്‍ ഒഴിവാക്കിയായിരുന്നു രണ്ട് നോട്ടിഫിക്കേഷന്‍ വന്നത്. പിന്നീട് അത് അട്ടിമറിക്കപ്പെടുകയും പൂര്‍ണമായും വയലിലൂടെ ആക്കിയപ്പോഴാണ് ഞങ്ങള്‍ സമരത്തിനിറങ്ങിയത്. അതുകൊണ്ട് ഞങ്ങളുടെ രാഷ്ട്രീയം ഉപേക്ഷിച്ചുവെന്ന് എവിടെയും പ്രഖ്യാപിച്ചിരുന്നില്ല.

ദേശീയപാത വികസനത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഞങ്ങള്‍ക്കെതിരായ നിലപാട് സ്വീകരിച്ചു. ചെറിയ നാട്ടിന്‍പുറവും അതിന്റെ ആവാസവ്യവസ്ഥയും സംരക്ഷിക്കാന്‍ ഞങ്ങളും പോരാട്ടത്തിനിറങ്ങി. ആ പോരാട്ടം ചരിത്രത്തിന്റെ ഭാഗമായി. അതിനെത്തുടര്‍ന്നുണ്ടായതായിരിക്കും ഞങ്ങള്‍ സി.പി.എം വിട്ടുവെന്ന തോന്നലുകള്‍. ഞങ്ങള്‍ ഒരിക്കലും സി.പി.എം വിട്ടിരുന്നില്ല. സി.പി.എമ്മും ഇടതുപക്ഷവും ഉയര്‍ത്തിക്കൊണ്ടുവരേണ്ട സമരം ഞങ്ങള്‍ നടത്തുകയായിരുന്നു.

ഞങ്ങളെ പോലുള്ള സാധാരണ അനുഭാവികള്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ അംഗീകരിക്കുമ്പോള്‍ തന്നെ ഈ വിഷയത്തിലുള്ള വിയോജിപ്പ് പ്രകടിപ്പിച്ച് സമരരംഗത്തേക്ക് ഇറങ്ങുകയായിരുന്നു. കീഴാറ്റൂര്‍ വിഷയത്തില്‍ സമരത്തിറങ്ങിയപ്പോള്‍ തന്നെ യു.എ.പി.എ, ദില്ലിയിലെ കാര്‍ഷിക സമരം, കോവിഡ് തുടങ്ങിയ വിഷയങ്ങളിലെല്ലാം സംസ്ഥാന സര്‍ക്കാരിനൊപ്പമായിരുന്നു ഞങ്ങള്‍. അതേസമയം തന്നെ കേന്ദ്ര സര്‍ക്കാരിന്റെ ഫാസിറ്റ് നയങ്ങള്‍ക്കെതിരായിരുന്നു ഞങ്ങള്‍. കീഴാറ്റൂര്‍ സമരം ഉയര്‍ത്തിയ പാരിസ്ഥിതിക വിഷയത്തേക്കാള്‍ മാധ്യമങ്ങള്‍ക്ക് താല്‍പര്യം അതിന്റെ രാഷ്ട്രീയവശമായിരുന്നു. രാഷ്ട്രീയം മാത്രം ഉപരിപ്ലവമായി ചര്‍ച്ച ചെയ്തു. പാര്‍ട്ടി ഗ്രാമത്തില്‍ ഇടതുസര്‍ക്കാരിനെതിരെ സമരം ചെയ്യുന്നുവെന്ന രാഷ്ട്രീയം മാത്രമായിരുന്നു മാധ്യമങ്ങളുടെ വിഷയം. ഒരുപക്ഷേ കീഴാറ്റൂര്‍ സമരത്തിന്റെ പരാജയം എന്നത് അതിന്റെ രാഷ്ട്രീയം മാത്രം ചര്‍ച്ച ചെയ്തു എന്നതിലാണ്. ഞങ്ങള്‍ ഉയര്‍ത്തിയ പാരിസ്ഥിതിക പ്രശ്‌നങ്ങളോ മറ്റ് വിഷയങ്ങളോ ആരും മനസിലാക്കിയില്ല. ഞങ്ങള്‍ ചെങ്കൊടി എടുത്താണ് സമരം ചെയ്തത്. രാഷ്ട്രീയമായി ഞങ്ങള്‍ എവിടേക്കും പോയിരുന്നില്ല.

Q

പാര്‍ട്ടി ഗ്രാമത്തില്‍ സമരം ചെയ്യുന്നവരെ കഴുകന്‍മാര്‍ എന്ന് ആക്ഷേപിച്ചത് അന്നത്തെ സര്‍ക്കാരിലെ മന്ത്രിയായിരുന്ന ജി.സുധാകരനാണ്

A

തീര്‍ച്ചയായും. ആ സമരം നിങ്ങളുടെയും എന്റെയും മുന്നില്‍ തുറന്ന് കിടക്കുന്ന പുസ്തകമാണ്. സമര കാലത്ത് ഞങ്ങള്‍ പറഞ്ഞതെല്ലാം യാഥാര്‍ത്ഥ്യമാണ്. എതിരെ പറഞ്ഞതും പ്രവര്‍ത്തിച്ചതും അതുപോലെയുണ്ട്. അതിനെയൊന്നും നിഷേധിക്കാന്‍ ഞാനളല്ല.

വയല്‍ക്കിളി സമരത്തിലൂടെ ഞങ്ങളുടെ പ്രദേശത്തെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇപ്പോള്‍ നടപ്പിലാക്കുന്നതും ഇനി വരാന്‍ പോകുന്നതുമായ പദ്ധതികളില്‍ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ഭരണകൂടം നിര്‍ബന്ധിതരായി.
Q

ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുപ്പില്‍ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നശിപ്പിക്കുന്നുവെന്നാരോപിച്ചായിരുന്നല്ലോ വയല്‍ക്കിളികളുടെ സമരം. ഇപ്പോള്‍ ആ സമരത്തെ എങ്ങനെ നോക്കി കാണുന്നു

A

സമരം സംഭവിച്ച് കഴിഞ്ഞതാണ്. കേരളത്തിന്റെ പാരിസ്ഥിതിക പോരാട്ടത്തില്‍ ഒരു ഗ്രാമീണ ജനത പൊതുമനസാക്ഷിയുടെ പിന്തുണയോടെ ചെയ്ത അത്യുജ്ജ്വല സമരം തന്നെയാണ് കീഴാറ്റൂരിലേത്. ആ വയലുകള്‍ സംരക്ഷിക്കുന്നതില്‍ സാങ്കേതികമായി പരാജയപ്പെട്ടിട്ടുണ്ടാകാം. പക്ഷേ സമരത്തിന്റെ അലയൊലികള്‍ അവസാനിച്ചിട്ടില്ല. ആ സമരത്തിന്റെ ഒരു ഉല്‍പ്പന്നമായത് കൊണ്ടാണല്ലോ നിങ്ങള്‍ ഇപ്പോള്‍ എന്നെ വിളിക്കുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം ആ സമരം ഉയര്‍ത്തി വിട്ട ചോദ്യങ്ങള്‍ പ്രാധാന്യമുള്ളതായിരുന്നു. വന്‍പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ കുടിയിറക്കപ്പെടുന്ന സാധാരണക്കാര്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ പാലിക്കപ്പെട്ടിരുന്നില്ല. കീഴാറ്റൂര്‍ സമരത്തിന് ശേഷം കുടിയിറക്കപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തിന്റെയും പുനരധിവാസത്തിന്റെയും കാര്യത്തില്‍ ജാഗ്രത വേണമെന്ന് നിലയിലേക്ക് സര്‍ക്കാര്‍ എത്തി. കെ.റെയില്‍ നടപ്പിലാക്കുന്നതിന് മുന്നോടിയായി എല്ലാ ജില്ലകളിലും സര്‍ക്കാര്‍ യോഗം വിളിച്ച് മന്ത്രിമാര്‍ പോയി പ്രസംഗിക്കുകയാണ്. പരിസ്ഥിതിയെ ബാധിക്കുന്ന പദ്ധതികള്‍ ഏകപക്ഷീയമായി നടപ്പിലാക്കുകയല്ല വേണ്ടതെന്നും കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കണമെന്നുണ്ടായത് വയല്‍ക്കിളികളുടെ സമരത്തിന് ശേഷമാണ്. നെല്‍വയലിന്റെയും തണ്ണീര്‍ത്തടത്തിന്റെയും സംരക്ഷണം എന്ന സന്ദേശം എല്ലാ ജനങ്ങളിലേക്കും എത്തിക്കാനും സമരത്തിലൂടെ കഴിഞ്ഞു. ചുരുക്കി പറഞ്ഞാല്‍ നെല്‍വയലും തണ്ണീര്‍ത്തടവും നശിപ്പിക്കാതെ വികസന പദ്ധതികള്‍ എങ്ങനെ നടപ്പിലാക്കാമെന്ന സാധ്യതകള്‍ തേടാന്‍ പ്രേരിപ്പിച്ചു. വയല്‍ക്കിളി സമരത്തിലൂടെ ഞങ്ങളുടെ പ്രദേശത്തെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇപ്പോള്‍ നടപ്പിലാക്കുന്നതും ഇനി വരാന്‍ പോകുന്നതുമായ പദ്ധതികളില്‍ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ഭരണകൂടം നിര്‍ബന്ധിതരായി.

Q

ദേശീയ പാത സ്ഥലമേറ്റെടുക്കലിനെതിരായ വയല്‍ക്കിളി സമരത്തെ ആദ്യം സി.പി.എം പിന്തുണച്ചിരുന്നില്ലേ

A

അല്ല. വയലിലൂടെ റോഡ് വരുന്നതിനെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിലായിരുന്നു ആദ്യം ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമരം ആരംഭിച്ചത്. അത് ഒരുഘട്ടത്തില്‍ നിര്‍ജ്ജീവമായി. സി.പി.എമ്മില്‍ വിശ്വസിച്ച് നില്‍ക്കുന്ന സ്ത്രീകളും കുട്ടികളുമൊക്കെ അടങ്ങുന്ന ജനവിഭാഗം സമരത്തിലേക്ക് എത്തിയത്. ആ കൂട്ടായ്മ വയല്‍ക്കിളികള്‍ എന്ന പേരില്‍ സമരം ആരംഭിച്ചു.

സമരം അവസാനിച്ചിട്ടും അവിടെ തന്നെ നില്‍ക്കുക എന്നത് സാധ്യമല്ല. രാഷ്ട്രീയം പ്രവര്‍ത്തനം മുന്നോട്ട് പോകാനുള്ളതാണ്. രാഷ്ട്രീയപരമായി സി.പി.എമ്മിനോടാണ് യോജിപ്പെന്നത് കൊണ്ട് അതിനോട് യോജിച്ച് പ്രവര്‍ത്തിക്കുന്നു.
Q

സി.പി.ഐയിലേക്ക് പോകുന്നുവെന്ന വാര്‍ത്തയുണ്ടായിരുന്നല്ലോ

A

സി.പി.എമ്മുമായി ശക്തമായ അഭിപ്രായ ഭിന്നത നിലനില്‍ക്കുമ്പോഴായിരുന്നു അത്. ഇടതുപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്ന എന്നെ പോലെ ഒരാള്‍ക്ക് വയല്‍ സമരത്തിന്റെ ഓര്‍മ്മകളില്‍ കെട്ടിയിടപ്പെടാതെ മറ്റ് സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടാനും പ്രവര്‍ത്തിക്കാനും രാഷ്ട്രീയ സംഘടന ആവശ്യമാണെന്ന് തിരിച്ചറിഞ്ഞാണ് സി.പി.ഐയിലേക്ക് പോകാന്‍ ആലോചിച്ചത്. നേതൃത്വവുമായി സംസാരിച്ചു. പിന്നീട് ആ ചര്‍ച്ചകള്‍ മുന്നോട്ട് പോയില്ല. അപ്പോഴാണ് സകഴിി.പി.എം സഖാക്കള്‍ മുന്‍കൈ എടുത്ത് പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ടത്.

Q

ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് ആരായിരുന്നു

A

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഞങ്ങളുടെ കൂടെയുള്ളവര്‍ പ്രവര്‍ത്തിച്ചിരുന്നു. അതിനൊന്നും വയല്‍ക്കിളികള്‍ എതിരായിരുന്നില്ല. വയല്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഉള്‍പ്പെട്ടവരും അല്ലാത്തവും അതില്‍ പ്രവര്‍ത്തിച്ചിരുന്നു. വ്യക്തികളുടെ രാഷ്ട്രീയത്തെ തടസ്സപ്പെടുത്തിയിരുന്നില്ല. തെരഞ്ഞെടുപ്പിന്റെ സമയത്ത് തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിയും ഇപ്പോഴത്തെ മന്ത്രിയുമായ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ വിളിച്ചിരുന്നു. സി.പി.എമ്മിന് ഞങ്ങളുടെ പ്രദേശത്ത് നിന്ന് നല്ല വോട്ട് കിട്ടി. വയല്‍ക്കിളികളില്‍ പലരും വോട്ട് ചെയ്തതും സി.പി.എമ്മിനാണ്. പിന്നീടും എം.വി ഗോവിന്ദന്‍ മാസ്റ്ററും തളിപ്പറമ്പ് ഏരിയാ സെക്രട്ടറി സന്തോഷും ഇടപെട്ടു. കഴിഞ്ഞത് കഴിഞ്ഞും പാര്‍ട്ടിയുമായി യോജിച്ച് പോകണമെന്ന് ആവശ്യപ്പെട്ടു. വയല്‍ക്കിളി സമരത്തില്‍ തന്നെ നിന്ന് സ്ഥിരം വിമര്‍ശനം എന്നത് ഞങ്ങളുടെയും ലക്ഷ്യമായിരുന്നില്ല. രാഷ്ട്രീയം എന്നത് അനുദിനം മാറിക്കൊണ്ടിരിക്കുന്നതാണെന്നും പുതിയ പുതിയ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അതിനനുസരിച്ച് നിലപാടെടുക്കേണ്ടതുമാണ്. ആ സമരത്തില്‍ ഞങ്ങള്‍ അവസാനം വരെ പോരാടി. ഞങ്ങളെ ലോക്കപ്പ് ചെയ്താണ് സ്ഥലം അളന്നെടുത്തത്. കോടതിയില്‍ പോരാടി. കോടതി വിധിയും എതിരായപ്പോഴാണ് ഞങ്ങളുടെ സമരം അവസാനിച്ചത്. സമരം അവസാനിച്ചിട്ടും അവിടെ തന്നെ നില്‍ക്കുക എന്നത് സാധ്യമല്ല. രാഷ്ട്രീയം പ്രവര്‍ത്തനം മുന്നോട്ട് പോകാനുള്ളതാണ്. രാഷ്ട്രീയപരമായി സി.പി.എമ്മിനോടാണ് യോജിപ്പെന്നത് കൊണ്ട് അതിനോട് യോജിച്ച് പ്രവര്‍ത്തിക്കുന്നു.

കാന്‍സര്‍ വരുമെന്ന് പറഞ്ഞ് മൊബൈല്‍ ടവറുകള്‍ക്കെതിരെ സമരം ചെയ്തിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് ഒരു വീട്ടില്‍ അഞ്ച് ആളുകളുടെയും കൈയില്‍ അഞ്ച് സ്മാര്‍ട്ട് ഫോണുണ്ട്. വേഗത എന്നത് ഇന്നതെ മനുഷ്യജീവിതത്തില്‍ മാറ്റിനിര്‍ത്താന്‍ കഴിയുന്നതല്ല. ലാഭമോ നഷ്ടമോ വിലയിരുത്തിയല്ല ഒരു പദ്ധതി നടപ്പിലാക്കേണ്ടത്. വരുന്ന തലമുറകള്‍ക്ക് വേണ്ടിയാണിത്.
Q

വികസന പദ്ധതികള്‍ വരുമ്പോള്‍ പരിസ്ഥിതി ആശങ്കകള്‍ ഉയരുന്നു. ഇപ്പോള്‍ കെ റെയില്‍ പദ്ധതിക്കെതിരെയാണ്. പ്രതിഷേധങ്ങളും ഉണ്ടാകുന്നു.

A

ആശങ്കകള്‍ പരിഹരിക്കണം. അത് പദ്ധതി നടപ്പിലാക്കുന്നവരുടെ ഉത്തരവാദിത്തമാണ്. ദേശീയപാതയ്ക്ക് എതിരായ സമരത്തില്‍ രണ്ട് വാദങ്ങള്‍ അന്നുണ്ടായിരുന്നു. ദേശീയപാത തന്നെ വേണ്ടെന്നും നിലവിലുള്ള റോഡ് നവീകരിച്ചാല്‍ മതിയെന്നുമായിരുന്നു ഒരു വിഭാഗം പറഞ്ഞത്. ദേശീയപാത അനിവാര്യമാണെന്നായിരുന്നു ഞങ്ങളെടുത്ത നിലപാട്. ദേശീയപാത നിര്‍മ്മിക്കുമ്പോള്‍ ഇടനാടന്‍ വയലുകള്‍ മണ്ണിട്ട് മൂടിയല്ല നടപ്പിലാക്കേണ്ടത്. പാതയുടെ അലൈന്‍മെന്റ് മാറ്റിയെടുക്കുകയോ മേല്‍പ്പാലം നിര്‍മ്മിക്കുകയോ വേണമെന്നതായിരുന്നു ഞങ്ങള്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശം.

കേരളത്തിലെ റെയില്‍ ഗതാഗതം ബ്രിട്ടീഷുകാരുടെ കാലത്താണ് നില്‍ക്കുന്നത്. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയുടെ നമ്മുടെ കണ്‍മുന്നിലുള്ള ഉദാഹരണമാണ് റെയില്‍ വികസനം. കേന്ദ്രം പണം മുടക്കാതിരിക്കുകയും നിലവിലുള്ള റെയില്‍പാത വികസിപ്പിക്കാതിരിക്കുകയും ചെയ്യുന്നു. കോച്ച് ഫാക്ടറി ഉള്‍പ്പെടെ റെയില്‍ വികസനത്തിനായി പ്രഖ്യാപിച്ച പദ്ധതികള്‍ വരെ എടുത്തു മാറ്റപ്പെട്ടു. മാറ്റത്തെ നമ്മള്‍ അംഗീകരിക്കണം. കേരളം മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് പാരിസ്ഥിക ദുര്‍ബല പ്രദേശമാണെന്നതാണ് പ്രശ്‌നം. വന്‍കിട പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ രണ്ട് പ്രളയത്തെ കാണണം. ചുരുങ്ങുന്ന നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും കാണണം. ഈ അപകടങ്ങളെക്കുറിച്ച് പഠിച്ച് വേണം കെ റെയില്‍ നടപ്പിലാക്കാന്‍. കെ റെയില്‍ നടപ്പിലാക്കരുതെന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. കെ റെയില്‍ നടപ്പിലാക്കുകയും പാരിസ്ഥിതികമായ പ്രശ്‌നങ്ങളെ പരിഗണിക്കുകയും വേണം. ക്യത്യമായ പഠനം നടക്കണം. കാന്‍സര്‍ വരുമെന്ന് പറഞ്ഞ് മൊബൈല്‍ ടവറുകള്‍ക്കെതിരെ സമരം ചെയ്തിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് ഒരു വീട്ടില്‍ അഞ്ച് ആളുകളുടെയും കൈയില്‍ അഞ്ച് സ്മാര്‍ട്ട് ഫോണുണ്ട്. വേഗത എന്നത് ഇന്നതെ മനുഷ്യജീവിതത്തില്‍ മാറ്റിനിര്‍ത്താന്‍ കഴിയുന്നതല്ല. ലാഭമോ നഷ്ടമോ വിലയിരുത്തിയല്ല ഒരു പദ്ധതി നടപ്പിലാക്കേണ്ടത്. വരുന്ന തലമുറകള്‍ക്ക് വേണ്ടിയാണിത്.

Related Stories

No stories found.
logo
The Cue
www.thecue.in