മാലിന്യം സംസ്‌കരിക്കാതെ കൂട്ടിയിട്ട് വേസ്റ്റ് ബോംബ് ആക്കി: സരുണ്‍ എസ് അഭിമുഖം

മാലിന്യം സംസ്‌കരിക്കാതെ കൂട്ടിയിട്ട് വേസ്റ്റ് ബോംബ് ആക്കി: സരുണ്‍ എസ് അഭിമുഖം

ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തത്തിലേക്ക് നയിച്ച കാരണങ്ങളും തുടര്‍ന്നുണ്ടായ പാരിസ്ഥിതിക പ്രതിസന്ധിയെയും കുറിച്ച് കേരള സര്‍വകലാശാല എന്‍വയോന്‍മെന്റല്‍ സയന്‍സ് ഡിപ്പാര്‍ട്‌മെന്റിലെ അസിസ്റ്റന്റ് പ്രൊഫസര്‍ സരുണ്‍.എസ് സംസാരിക്കുന്നു.

Q

കൊച്ചി ഗ്യാസ് ചേമ്പറായി എന്നാണ് ഹൈക്കോടതി തന്നെ പറഞ്ഞിരിക്കുന്നത്. തീ പിടിത്തം ഇത്ര വലിയ ദുരിതത്തിലേക്ക് എത്താനുള്ള കാരണം വിശദീകരിക്കാമോ?

A

തീര്‍ച്ചയായും ഗ്യാസ് ചേമ്പറായി മാറി. അത്രയും മാലിന്യമാണ് ബ്രഹ്‌മപുരത്ത് തള്ളിയിരിക്കുന്നത്. ജൈവ-അജൈവ മാലിന്യങ്ങളും സംസ്‌കരിക്കാന്‍ കഴിയുന്നതും അല്ലാത്തവയുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. ബയോ മാലിന്യം കുറെ കാലം കെട്ടിക്കിടക്കുമ്പോള്‍ മീഥേയിന്‍ പുറംതള്ളും. കൂടാതെ ബ്രഹ്‌മപുരം ചതുപ്പ് നിലമാണ്. യഥാര്‍ത്ഥത്തില്‍ ചതുപ്പ് നിലങ്ങള്‍ കാര്‍ബണ്‍ ശേഖരിക്കപ്പെടുന്ന ഇടങ്ങളാണ്. പ്രകൃതി സ്വയം കാര്‍ബര്‍ ശേഖരിക്കുന്നതിന് മുകളില്‍ മാലിന്യം തള്ളുകയാണ്. അവിടെയുള്ള മാലിന്യങ്ങളില്‍ എഴുപത് ശതമാനം വരെ ജൈവമാലിന്യവും മൂപ്പത് ശതമാനം വരെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളുമാണ്. അതില്‍ നിന്നും കാര്‍ബണും പുറത്ത് വരും. തീ കത്തിയതാണോ കത്തിച്ചതാണോയെന്നൊക്കെ ചര്‍ച്ച നടക്കുന്നുണ്ടല്ലോ. മീഥേയ്‌നും കാര്‍ബണുമെല്ലാം ചേരുമ്പോള്‍ കത്താനുള്ള സാധ്യതയുമുണ്ട്. മാലിന്യം സംസ്‌കാരിക്കാതെ കൂട്ടിയിട്ട് വേസ്റ്റ് ബോംബാക്കി മാറ്റി.

Q

ദീര്‍ഘ കാലത്തേക്ക് പാരിസ്ഥിതിക ആരോഗ്യ ആശങ്ക ഉണ്ടോ..എന്തൊക്കെ?

A

അതൊരു വലിയ പ്രശ്‌നമാണ്. ഇപ്പോള്‍ തന്നെ ബ്രഹ്‌മപുരമെന്ന ആ പ്രദേശത്തിന്റെ പാരിസ്ഥിതിക ആവാസ വ്യവസ്ഥ നശിച്ചിട്ടുണ്ടാകും. വായു മലിനീകരണം സംഭവിക്കുന്നത് മാലിന്യം കത്തുമ്പോള്‍ മാത്രമായിരിക്കാം. വായുവിന്റെ മലിനീകരണ തോത് പരിശോധിക്കുമ്പോള്‍ ദില്ലിയേയും മുംബൈയേയും അപേക്ഷിച്ച് സുരക്ഷിതമായ നിലയില്‍ തന്നെയാണ് ഇപ്പോഴും കൊച്ചിയുള്ളത്. കത്തുന്നത് അവസാനിച്ചാല്‍ നമ്മള്‍ പഴയ അവസ്ഥയിലെത്തും. എന്നാല്‍ മണ്ണിലും ജലത്തിലും സംഭവിച്ച പാരിസ്ഥിതിക ദുരന്തത്തെക്കുറിച്ച് ചിന്തിക്കണം. ആ ഒരു പ്രദേശത്ത് മാത്രമല്ല ഇത് സംഭവിക്കുന്നത്. വെള്ളം പരിശോധിക്കുമ്പോള്‍ അത് വ്യക്തമാകും. ഇനി അത്തരം പഠനങ്ങള്‍ നടക്കണം. പരിസ്ഥിതിക്ക് സംഭവിച്ച ദുരന്തത്തെ പെട്ടെന്നൊന്നും നമുക്ക് മാറ്റിയെടുക്കാനാകില്ല. മറ്റ് ഭൂപ്രദേശം പോലെ ആളുകള്‍ താമസിക്കുന്ന ഇടമായിരുന്നില്ല ചതുപ്പ് നിലം. മത്സ്യം ലഭിക്കുന്നുവെന്നത് മാത്രമായിരിക്കും പ്രദേശവാസികള്‍ക്ക് ഇതുകൊണ്ടുണ്ടായിരുന്ന പ്രയോജനം. മാലിന്യം തള്ളി ആ പ്രദേശത്തിന്റെ ആവാസ വ്യവസ്ഥ തകര്‍ത്തു. ചതുപ്പ് നിലങ്ങള്‍ ഒറ്റപ്പെട്ട് കിടക്കുന്ന സ്ഥലമല്ല. കിലോമീറ്ററുകളോളമുള്ള പ്രദേശങ്ങളിലേക്ക് ഭൂഗര്‍ഭ ജലം കിട്ടുന്നത് ചതുപ്പ് നിലങ്ങളില്‍ നിന്നാണ്. കാലങ്ങളായി മാലിന്യം തള്ളി കുടിവെള്ള സ്രോതസ്സുകളെ വരെ നശിപ്പിച്ചു. കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കും ഇതെല്ലാം കാരണമായേക്കാം. പത്തോ ഇരുപതോ വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും അതെല്ലാം പുറത്തറിയുന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍ പോലുള്ള ഉപേക്ഷിച്ച മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉണ്ടാക്കുന്ന പദ്ധതിയുടെ പുറകേയാണ് അധികാരികള്‍. മാലിന്യം കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ഹരിതഗൃഹ വാതകങ്ങള്‍ കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്നുണ്ടെന്ന് വികസിത രാജ്യങ്ങള്‍ തിരിച്ചറിയുന്നു. അപ്പോഴാണ് നമ്മള്‍ ഇതിന്റെ പിറകേ നമ്മള്‍ പോകുന്നത്.

ലോകത്ത് എല്ലായിടത്തും തള്ളിയ മാതൃകയാണ് അവിടെ പിന്‍തുടരാന്‍ പദ്ധതിയിട്ടത്. വാതകങ്ങള്‍ പുറംതള്ളുന്നു, മാലിന്യം കത്തുന്ന സ്വഭാവം, പരിസരവാസികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍, നദികള്‍ മലിനീകരിക്കപ്പെടുന്നു എന്നിങ്ങനെ ലോകത്തിലെ ഏറ്റവും മോശം മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ കാണുന്ന എല്ലാ പ്രശ്‌നങ്ങളും ബ്രഹ്‌മപുരത്തുണ്ട്.

കഴിഞ്ഞ കുറേ നാളുകളായി ബ്രഹ്‌മപുരത്ത് മാലിന്യം നിക്ഷേപിക്കുക മാത്രമാണ് ചെയ്യുന്നത്. വേനലാകുമ്പോള്‍ മാലിന്യം കത്തുന്നത് മാത്രമാണ് നമ്മള്‍ കാണുന്നത്. അല്ലാത്ത പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്. മഴക്കാലത്ത് മാലിന്യം ഊര്‍ന്നിറങ്ങി ഭൂഗര്‍ഭജലത്തില്‍ വരെ എത്തുന്നുണ്ട്. കൂടാതെ നദികളിലൂടെ കൊച്ചി കായലിലും എത്തുന്നു. ഇങ്ങനെ ജലവും മലിനീകരിക്കപ്പെടുന്നു. ഏറ്റവും മോശമായ രീതിയിലാണ് മാലിന്യം ബ്രഹ്‌മപുരത്ത് കൈകാര്യം ചെയ്യുന്നത്. ലോകത്ത് എവിടെയൊക്കെ ഇങ്ങനെ ചെയ്തിട്ടുണ്ടോ അവിടെയെല്ലാം ഈ ദുരന്തം ഉണ്ടായിട്ടുണ്ട്. ഓരോ പ്രദേശത്തിനും അതിന്റെതായ പ്രത്യേകതകളും ആനുകൂല്യങ്ങളുമുണ്ട്. അത് മനസിലാക്കാതെ പദ്ധതികള്‍ നടപ്പിലാക്കരുത്. ബ്രഹ്‌മപുരത്തെ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പദ്ധതിയിലൂടെ മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉണ്ടാക്കാനാണ് ലക്ഷ്യമിട്ടത്. നമ്മുടെ രാഷ്ട്രീയ നേതൃത്വത്തെ ആരോ തെറ്റിദ്ധരിപ്പിച്ച് കൊണ്ടു വരുന്ന പദ്ധതിയായിരിക്കാം. കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പദ്ധതിയിലൂടെ സാമ്പത്തിക ലാഭമാണ് ലക്ഷ്യമിടുന്നത്. മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉണ്ടാക്കുന്ന പദ്ധതി കേരളത്തിന് യോജിച്ചതല്ലെന്നാണ് എനിക്ക് തോന്നുന്നത്. എല്ലാ കാര്യത്തിലും വികേന്ദ്രീകൃത മോഡലാണ് കേരളം നടപ്പിലാക്കിയിട്ടുള്ളത്. കേരള മോഡല്‍ വികസനം ലോകം മുഴുവന്‍ ശ്രദ്ധ നേടിയതുമാണ്. വികേന്ദ്രീകൃത മോഡലിനെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സമൂഹമാണ് കേരളത്തിലേത്. എന്നിട്ടും മാലിന്യ സംസ്‌കരണത്തില്‍ കേന്ദ്രീകൃത പദ്ധതികളെക്കുറിച്ച് ചിന്തിക്കുന്നു. മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉണ്ടാക്കുന്നതിനായി പലതരം പ്രോസസുകളിലൂടെ അതിനെ കൊണ്ടു പോകണം. അതൊന്നും ചെയ്യാതെ കൂട്ടിയിട്ടാല്‍ വൈദ്യുതി നിര്‍മ്മിക്കാനാകില്ല. നേരത്തെ വിളപ്പില്‍ശാലയിലൊക്കെ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. 2016-2017 കാലഘട്ടത്തില്‍ തിരുവന്തപുരം കോര്‍പ്പറേഷനിലെ അന്നത്തെ മേയറുടെയും തോമസ് ഐസക്കിന്റെയും നേതൃത്വത്തില്‍ വികേന്ദ്രീകൃത മാതൃക വഴിയാണ് പരിഹരിച്ചതും ഇപ്പോള്‍ വലിയ പ്രശ്‌നങ്ങളില്ലാതെ നടപ്പാക്കി കൊണ്ടിരിക്കുന്നതും. കേരളത്തിലെ പല തദ്ദേശ സ്ഥാപനങ്ങളും വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം വിജയകരമായി മുന്നോട്ട് കൊണ്ടുപോകുമ്പോഴാണ് അതിനെ പോലും തുരങ്കം വെക്കുന്ന രീതിയില്‍ ഇത്തരം പ്ലാന്റുകള്‍ വരുന്നത്. ഇതിന്റെ പിന്നിലെ രാഷ്ട്രീയം മനസിലാകുന്നില്ല.

Q

കൊച്ചിയില്‍ നിന്നും ഓടി രക്ഷപ്പെടണമെന്ന് ആളുകള്‍ ഭീതിയോടെ പറയുന്നു. അത്തരമൊരു സാഹചര്യമുണ്ടോ?

A

കൊച്ചിയില്‍ നിന്നും ഓടി രക്ഷപ്പെടേണ്ട സാഹചര്യത്തിലേക്ക് നമ്മള്‍ എത്തിയെന്ന് തോന്നുന്നില്ല. കാലാവസ്ഥയിലെ മാറ്റങ്ങള്‍ കേരളത്തില്‍ മിക്കയിടത്തും ജീവിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പുകയേറ്റ് ജീവിക്കുന്ന ആളുകളുടെ അടുത്ത് പോയി ചോദിച്ചാല്‍ അവര്‍ ഇങ്ങനെ വൈകാരികമായി സംസാരിക്കും. തീയെല്ലാം അണച്ചു കഴിഞ്ഞ് കുറച്ച് നാള്‍ കഴിഞ്ഞാല്‍ ഇതൊന്നും ഓര്‍ക്കണമെന്നില്ല. നമ്മള്‍ വലിച്ചെറിയുന്ന മാലിന്യം തന്നെയാണ് ബ്രഹ്‌മപുരത്ത് എത്തുന്നത്. അത് ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. ഓരോ പൗരനും വിചാരിക്കണം. ഒരു ദിവസം ഉണ്ടാകുന്ന എല്ലാ മാലിന്യവും കവറിലാക്കി ഉപേക്ഷിച്ചാല്‍ കോര്‍പ്പറേഷന്‍ കൊണ്ടുപോയി സംസ്‌കരിക്കണമെന്ന ചിന്ത പാടില്ല.

Q

മാലിന്യത്തിന് തീപ്പിടിക്കുന്നത് പോലെയുള്ള സാഹചര്യങ്ങളില്‍ എന്താണ് ജനസാന്ദ്രതയേറിയ മേഖലകളില്‍ ചെയ്യാന്‍ സാധിക്കുന്നത്?

A

തീയണയ്ക്കാന്‍ ഒരു മാസത്തോളം സമയം എടുത്താല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരും. അല്ലെങ്കില്‍ പത്ത് കിലോ മീറ്റര്‍ ചുറ്റളവിലുള്ള ഗര്‍ഭിണികള്‍, കുട്ടികള്‍, ശ്വാസകോശ രോഗങ്ങളുള്ളവര്‍, പ്രായമായവര്‍ എന്നിങ്ങനെ സവിശേഷ ശ്രദ്ധ ആവിശ്യമുള്ള ആളുകളെ കണ്ടെത്തി മാറ്റേണ്ടി വരും. ദുരന്തനിവാരണ നിര്‍വ്വഹണത്തില്‍ വരുന്ന കാര്യമാണിത്.

Related Stories

No stories found.
logo
The Cue
www.thecue.in