അച്യുതാനന്ദന്റെ ആ പ്രസ്താവന തിരുത്താനുള്ള രാഷ്ട്രീയ ഉത്തരവാദിത്തം സി.പി.എമ്മിനുണ്ട്: പി.കെ ഫിറോസ് അഭിമുഖം

അച്യുതാനന്ദന്റെ ആ പ്രസ്താവന തിരുത്താനുള്ള രാഷ്ട്രീയ ഉത്തരവാദിത്തം സി.പി.എമ്മിനുണ്ട്:  പി.കെ ഫിറോസ് അഭിമുഖം

ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് ബി.ജെ.പി കേരളത്തില്‍ രാഷ്ട്രീയ നീക്കം നടത്തുമ്പോള്‍ പ്രതിരോധത്തെക്കുറിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സംസാരിക്കുന്നു.

Q

കേരള സ്‌റ്റോറിയുടെ പ്രദര്‍ശനം തടയണമെന്ന് താങ്കള്‍ ആവശ്യപ്പെട്ടിരിക്കുന്നു. ലൗജിഹാദില്ലെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയതാണ്. ഇതേ ആരോപണം ഉന്നയിച്ച് വ്യക്തമായ ലക്ഷ്യത്തോടെ തയ്യാറാക്കിയിരിക്കുന്ന സിനിമയെ രാഷ്ട്രീയമായി എങ്ങനെ നേരിടും?

A

ഹൈക്കോടതിയും സുപ്രീംകോടതിയും പാര്‍ലമെന്റില്‍ ബെന്നി ബെഹ്നാന്റെ ചോദ്യത്തിനുള്ള ഉത്തരമായി കേന്ദ്രമന്ത്രി തന്നെയും ലൗജിഹാദ് വസ്തുതാവിരുദ്ധമാണന്ന് പറഞ്ഞിട്ടുണ്ടെങ്കിലും സംഘപരിവാര്‍ ആസൂത്രിതമായി പ്രചരണത്തിന് ഉപയോഗിക്കുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. അതിന് ശക്തിപകരാന്‍ വേണ്ടിയാണ് സംഘപരിവാര്‍ സ്‌പോണ്‍സേര്‍ട് എന്ന നിലയില്‍ ഒരു സിനിമ വരുന്നത്. ഇങ്ങനെ വിവിധ മാധ്യമങ്ങളിലൂടെയാണ് അവര്‍ ഒരു നരേറ്റീവ് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. ഈ സിനിമയും അതിന്‍രെ ട്രെയിലറും വാര്‍ത്തകളുമെല്ലാം അതിന്റെ ഭാഗമായിട്ടുള്ളതാണെന്ന് നമുക്ക് മനസിലാക്കാന്‍ കഴിയും. ഇതിനെ പിന്നിലെ അജണ്ട എന്താണെന്ന് വളരെ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പ്രധാന സംഗതി. മറ്റൊന്ന്, മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാന്ദന്റെ ഒരു പ്രസ്താവനയാണ് ഇവര്‍ ഉദ്ദരിക്കുന്നത്. ഇരുപത് വര്‍ഷം കൊണ്ട് കേരളത്തെ ഇസ്ലാമിക രാജ്യമാക്കാന്‍ തീവ്രവാദികള്‍ ശ്രമിക്കുന്നുവെന്നത് സംഘപരിവാര്‍ വക്താക്കളോട് സംസാരിക്കുമ്പോള്‍ കേരളാ മുഖ്യമന്ത്രി തന്നെ പറഞ്ഞ കാര്യമാണ്. ഇത് തിരുത്താത്തിടത്തോളം കാലം സംഘപരിവാര്‍ ഇത് പ്രചരിപ്പിക്കും. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം ഷെയര്‍ ചെയ്ത വീഡിയോയാണ് അച്യുതാനന്ദന്റെത്. അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ തന്നെ അത് തിരുത്തണമെന്ന രാഷ്ട്രീയ ഉത്തരവാദിത്തം സി.പി.എമ്മിനുണ്ട്. അത് നിരന്തരമായി പറഞ്ഞു കൊണ്ടിരിക്കണം. മൂന്നാമത്തെ കാര്യം, കേരളത്തില്‍ അഞ്ചാം തിയ്യതി അത് പ്രദര്‍ശനത്തിനെത്തുമെന്നാണ് പറഞ്ഞിട്ടുള്ളത്. സിനിമയുടെ പ്രദര്‍ശനം സര്‍ക്കാര്‍ തടയണം. പ്രത്യേകിച്ചും അച്യുതാനന്ദന്റെ ക്വാട്ട് ഉള്‍പ്പെടെ ഉപയോഗിച്ചാണ് സിനിമ മുന്നോട്ട് പോകുന്നത് എന്നത് കൊണ്ട് സിനിമയുടെ പ്രദര്‍ശനം തടയുകയെന്ന വലിയ ഉത്തരവാദിത്തം സി.പി.എമ്മിനുണ്ട്. ആത്മാര്‍ത്ഥയുണ്ടെങ്കില്‍ ഈ സിനിമയുടെ പ്രദര്‍ശനം തടയണം. അച്യുതാനന്ദന്റെ പ്രസ്താവന അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ തന്നെ തിരുത്താനുള്ള ശ്രമവും നടത്തണം. നാലാമത്തെ കാര്യം, മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കുന്ന ചിത്രമാണിത്. മോദിക്കെതിരെ പ്രതികരിച്ച വ്യക്തിക്ക് നേരെ വരെ 153 ചുമത്തിയ സംസ്ഥാനമാണ് കേരളം.

മുസ്ലിം വിദ്വേഷം സൃഷ്ടിക്കാന്‍ ശ്രമിച്ച സംവിധാനകനും അണിയണ പ്രവര്‍ത്തകര്‍ക്കും എതിരെ 153 എ പ്രകാരം കേസെടുക്കാനുള്ള നടപടി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണം. ഇത്തരം കാര്യങ്ങള്‍ രാഷ്ട്രീയമായി ഉയര്‍ത്തിക്കൊണ്ടു വരികയും സമൂഹത്തില്‍ ചര്‍ച്ചയാക്കുകയും ചെയ്യാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്.
Q

ബി.ജെ.പി ഇത്തവണ നോട്ടമിടുന്ന സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്. അതിനുള്ള തന്ത്രങ്ങള്‍ അവര്‍ ഇറക്കി തുടങ്ങി. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ കാണുന്നു. വന്ദേഭാരതിനെ വലിയ പി.ആര്‍ ഇവന്റാക്കി മാറ്റുന്നു. വര്‍ഗ്ഗീയത പ്ലസ് വികസനം എന്ന മറ്റ് സംസ്ഥാനങ്ങളില്‍ പയറ്റിയത് ഇവിടെ വിജയം കാണുമോ?

A

കേരളത്തിന്റെ അടിസ്ഥാന സ്വഭാവം മതേതരമാണ്. അതിനെ വര്‍ഗ്ഗീയമാക്കി മാറ്റാന്‍ ബി.ജെ.പ പതിറ്റാണ്ടുകളായി ശ്രമിക്കുന്നുണ്ട്. അതിന് അവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് കേരളത്തിന്റെ രാഷ്ട്രീയം പഠിച്ചാല്‍ നമുക്ക് മനസിലാകുക. വികസനം ബി.ജെ.പി പ്രചരണത്തിന് ഉപയോഗിക്കാന്‍ പറ്റുന്നതല്ല. മറ്റ് കാര്യങ്ങളൊന്നും തന്നെ പറയാനില്ലാത്തത് കൊണ്ടാണ് വന്ദേഭാരതിനെ താല്‍ക്കാലികമായി പ്രചരണത്തിന് ഉപയോഗിക്കുന്നത്. കര്‍ണാടകയില്‍ ബി.ജെ.പി അധ്യക്ഷന്‍ പറഞ്ഞത് നമുക്ക് അടിസ്ഥാന പ്രശ്‌നങ്ങള്‍ മറന്ന് ലൗജിഹാദിനെക്കുറിച്ച് സംസാരിക്കാമെന്നാണ്. ഇതാണ് ബി.ജെ.പിയുടെ പ്രധാന നിലപാട്. യു.പി, ഗുജറാത്ത്, കര്‍ണാടക എന്നിങ്ങനെയുള്ള ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം വികസനത്തില്‍ വളരെ പിറകിലാണ്. പതിറ്റാണ്ടുകളായി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വികസന രംഗത്തെ ഏത് സൂചിക എടുത്ത് പരിശോധിച്ചാലും കേരളം വളരെ മുന്നിലാണ്. രാജ്യത്ത് മോദി അധികാരത്തില്‍ എത്തിയതിന് ശേഷം ജി.ഡി.പി ഉള്‍പ്പെടെയുള്ളവയില്‍ ഇന്ത്യ പിറകിലേക്ക് പോയന്ന വസ്തുതയും അവിടെ നില്‍ക്കുന്നു. അതിനെ മറികടക്കാന്‍ വേണ്ടിയാണ് വര്‍ഗ്ഗീയത എന്ന ആയുധം ഉയര്‍ത്തിക്കാട്ടി കൊണ്ടു നടക്കുന്നത്. ബി.ജെ.പിക്ക് ഒന്നും ചെയ്യാന്‍ കഴിയാത്തത് കൊണ്ടാണ് വന്ദേഭാരത് പോലെയുള്ള ചെറിയ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്. അത് കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ വിലപ്പോവില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

Q

ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ബി.ജെ.പി നീക്കം തിരിച്ചറിയുന്നതിലും പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസ് വൈകിയോ?

A

കേരളത്തിലെ ക്രൈസ്തവ സമൂഹം ബി.ജെ.പി അന്തമായി വിശ്വസിച്ച് കൂടെ നില്‍ക്കുമെന്ന് ഞാനൊരിക്കലും കരുതുന്നില്ല. എന്താണ് ബി.ജെ.പിയെന്ന വ്യക്തമായ ധാരണ അവര്‍ക്കുണ്ട്. സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് അധികാര കേന്ദ്രത്തില്‍ നിന്നും പലതരം ഭീഷണികളെ നേരിടേണ്ടി വരുന്നുണ്ടെന്നാണ് വിശ്വാസികള്‍ തന്നെ ഉയര്‍ത്തി കൊണ്ടു വന്നിട്ടുള്ള കാര്യം. അതുകാരണം അധികാരമുള്ളവരുമായി താല്‍ക്കാലികമായി നീക്കുപോക്ക് നടത്തുന്നു എന്നതില്‍ കവിഞ്ഞ് വിശ്വാസി സമൂഹം ബി.ജെ.പിയെ ഉള്‍ക്കൊണ്ടു പോകുമെന്ന ധാരണ വ്യക്തിപരമായി എനിക്കില്ല. ഇപ്പോള്‍ ചിലര്‍ എടുക്കുന്ന നിലപാടും പ്രസ്താവനകളും ക്രിസ്തീയ സമൂഹത്തെ ആകെ സ്വാധീനിക്കുമെന്നും കരുതാനാകില്ല. കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ട തെരഞ്ഞെടുപ്പ് പോലുള്ള അവസരങ്ങളില്‍ അവരത് കാണിക്കും. ബി.ജെ.പി ഭരിക്കുന്ന യു.പിയിലും മധ്യപ്രദേശിലും കര്‍ണാടകയിലുമെല്ലാം ക്രിസ്തീയ പുരോഹിതന്‍മാരോടും മിഷണി പ്രവര്‍ത്തകരോടും ഭരണകൂടം സ്വീകരിക്കുന്ന സമീപനം അവര്‍ക്കിടയില്‍ ചര്‍ച്ചയായി വരുന്നുണ്ട്. ബി.ജെ.പിക്ക് അനുകൂലമായി ചിലര്‍ നിലപാട് സ്വീകരിച്ചപ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ സജീവമായി.

ക്രൈസ്തവ സമൂഹത്തെ വര്‍ഗ്ഗീയവത്കരിക്കാന്‍ കാസ പോലുള്ള സംഘടനകള്‍ ശ്രമങ്ങള്‍ നടത്തുന്നതാണ് നമ്മള്‍ അന്തരീക്ഷത്തില്‍ കാണുന്നതെങ്കിലും അതിനെതിരെ നിശബ്ദമായി പ്രതിരോധ പ്രവര്‍ത്തനം ക്രൈസ്തവ സമൂഹത്തില്‍ നടക്കുന്നുണ്ട്.
ചിത്രം അരുണ്‍ കടയ്ക്കല്‍
Q

വന്ദേഭാരതിലും യുവം പരിപാടിയിലും ബി.ജെ.പി സെറ്റ് ചെയ്ത പി.ആര്‍ അജണ്ടയിലേക്ക് കേരളത്തിലെ മാധ്യമങ്ങള്‍ വീണോ?

A

വളരെ ഗൗരമായി ചര്‍ച്ച ചെയ്യേണ്ട വിഷയമാണിത്. ആര്‍.എസ്.എസും സംഘപരിവാറും ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ പ്രയോക്താക്കളാണെന്നത് കാലങ്ങളായി കേരളം മനസിലാക്കിയിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ അവരെ അകറ്റി നിര്‍ത്തേണ്ടതാണെന്ന തോന്നല്‍ മാധ്യമങ്ങള്‍ക്കും സാംസ്‌കാരിക- സാഹിത്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്ക് അധികാരം കിട്ടുമ്പോള്‍ വര്‍ഗ്ഗീയത എന്നത് തല്‍ക്കാലം മറക്കേണ്ട സംഗതിയാണെന്ന നിലപാടിലേക്ക് മാധ്യമങ്ങളും സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരും എത്തുന്നത് എങ്ങനെയാണെന്ന് മനസിലാക്കാന്‍ കഴിയുന്നില്ല. ന്യൂനപക്ഷങ്ങള്‍ക്കിടയിലും വര്‍ഗ്ഗീയ ചിന്തകളോട് പ്രവര്‍ത്തിക്കുന്ന സംഘടനകളുണ്ട്. അവര്‍ ഏതെങ്കിലും തരത്തിലുള്ള അധികാരം കിട്ടുമ്പോള്‍ അവരെ ഉള്‍ക്കൊള്ളാന്‍ ഇത്തരം ആളുകള്‍ തയ്യാറാകുമോ?. ഒരിക്കലും ഇല്ല. മുസ്ലിം സമൂഹം ആ മതത്തിന് അകത്ത് പ്രവര്‍ത്തിക്കുന്ന വര്‍ഗ്ഗീയ സംഘടനകളെ മാറ്റി നിര്‍ത്തുന്നുണ്ട്. അവരുടെ വേദികളില്‍ പങ്കെടുക്കാതിരിക്കാം മുസ്ലിം സമൂഹത്തില്‍ അവര്‍ക്ക് വേറോട്ടം കിട്ടാതിരിക്കാനുമുള്ള ശക്തമായ നിലപാട് ഓരോ കാലങ്ങളിലും സ്വീകരിച്ചിട്ടുണ്ട്. അത് കൊണ്ടാണ് അത്തരം സംഘടനകള്‍ക്ക് വേര് പിടിപ്പിക്കാന്‍ കഴിയാതിരുന്നത്. സാംസ്‌കാരിക രംഗത്ത് പ്രത്യേകിച്ച് സിനിമ മേഖലയിലുള്ളവരും മാധ്യമങ്ങളും സംഘപരിവാറിന്റെ അജണ്ടകള്‍ക്ക് വിസിബിലിറ്റ് കൊടുക്കുകയും പി.ആര്‍ വര്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല ഇവരെന്ന തോന്നല്‍ ഉണ്ടാക്കുകയാണ്. അറിഞ്ഞോ അറിയാതെയോ അവര്‍ അതില്‍ പെട്ടു എന്നത് വസ്തുതയാണ്.

Q

ദേശീയ തലത്തില്‍ പ്രതിപക്ഷ നിരയില്‍ നില്‍ക്കുന്ന, പല സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കള്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുമ്പോള്‍ പ്രതിഷേധിക്കുന്നു. കേരളത്തില്‍ മുഖ്യമന്ത്രി അടക്കമുള്ള സി.പി.എം നേതാക്കള്‍ക്കെതിരെ അത് പ്രയോഗിക്കുമ്പോള്‍ താങ്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അതിനൊപ്പം നില്‍ക്കുന്നത് എന്തുകൊണ്ടാണ്? നിലപാടില്‍ വൈരുദ്ധ്യമില്ലേ?

A

കേന്ദ്ര അന്വേഷണ ഏജന്‍സി നടത്തുന്ന എല്ലാ അന്വേഷണവും രാഷ്ട്രീയ പ്രേരിതമാണെന്ന് പറയാന്‍ കഴിയില്ല. കേരളത്തിലെ പല കേസുകളിലും യു.ഡി.എഫും എല്‍.ഡി.എഫും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാറുണ്ട്. ടൈറ്റാനിയം കേസും സരിതയുടെ ആരോപണങ്ങളും സി.ബി.ഐ അന്വേഷണത്തിന് വിടുകയാണ് കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയതത്. അന്വേഷണത്തില്‍ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെയുള്ള ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയ കേസുകളാണ് സി.ബി.ഐ അന്വേഷണത്തിന് വിട്ടത്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയമായി വേട്ടയാടാന്‍ ഉപയോഗിക്കുന്നു എന്ന നിലപാടല്ല യു.ഡി.എഫ് നേതൃത്വം സ്വീകരിച്ചത്. രാഹുല്‍ഗാന്ധി, ഡി.കെ ശിവകുമാര്‍, ചിദംബരം എന്നിവര്‍ക്കെതിരെയെല്ലാം രാഷ്ട്രീയ പ്രേരിതമായി അന്വേഷണം നടത്തുന്നുമുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ കേരളാ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം തുടങ്ങിയത്. ആ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തുമ്പോള്‍ മാത്രം രാഷ്ട്രീയ വേട്ടയാണെന്ന് പറയുന്നതിലാണ് യഥാര്‍ത്ഥത്തില്‍ വൈരുദ്ധ്യമുള്ളത്.

Q

പ്രതിപക്ഷ നിരയില്‍ എതിര്‍പ്പ് ഉയര്‍ത്തി നിന്നിരുന്നവര്‍ പോലും മോദിക്കും ബി.ജെ.പിക്കും എതിരെ കൈ കോര്‍ക്കാന്‍ തയ്യാറാവുന്നതിന്റെ സൂചനകളുണ്ട്. അധികാരത്തില്‍ നിന്നും ഇറക്കാന്‍ സാധിക്കുമോ?

A

വര്‍ഗ്ഗീയതയും വിദ്വേഷവും ഒരു പാര്‍ട്ടിക്ക് എല്ലാ കാലത്തും അജണ്ടയായി മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. നോട്ട് നിരോധനവും ജി.എസ്.ടി, ഇന്ധന വില വര്‍ദ്ധനവ് തുടങ്ങിയ വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ഇവര്‍ ഉപയോഗിച്ച ആയുധം വര്‍ഗ്ഗീയതയും വിഭാഗീയതയും വിദ്വേഷവുമാണ്. എല്ലാ കാലത്തും ഇക്കാര്യം പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാനാവില്ല. വഞ്ചിക്കുകയാണെന്നും അടിസ്ഥാന പ്രശ്‌നങ്ങള്‍ മറച്ച് പിടിച്ച് അധികാരം മാത്രം ലക്ഷ്യമിട്ടാണ് പറയുന്നതെന്നും സ്വാഭാവികമായും തിരിച്ചറിയും. ഹിന്ദുവിന്റെ നന്‍മയും ഹിന്ദുത്വ രാഷ്ട്രവുമാണ് ലക്ഷ്യമിടുന്നതെന്ന് പറയുന്നുണ്ടെങ്കില്‍ ശരിയായ ഭരണമാണ് അവര്‍ കാഴ്ചവെക്കേണ്ടത്. ഈ ദുര്‍ഭരണം കൊണ്ട് ഏറ്റവും ബുദ്ധിമുട്ടുക ഭൂരിപക്ഷ സമുദായമാണ് ഹിന്ദുക്കളാണ്.

നല്ല ഭരണം കാഴ്ച വെക്കുന്നതില്‍ ഇവര്‍ പരാജയപ്പെട്ടു. ആ യാഥാര്‍ത്ഥ്യം ജനങ്ങള്‍ വരികയും പ്രതിപക്ഷ പാര്‍ട്ടികള്‍ അത് തിരിച്ചറിയുകയും ചെയ്യുന്നത് വിദൂരമല്ലാത്ത കാലത്ത് ഇന്ത്യയില്‍ സംഭവിക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് എനിക്ക് ഉള്ളത്.
Q

എതിര്‍ത്ത് തോല്‍പ്പിക്കാന്‍ രാഹുലിനും കോണ്‍ഗ്രിനും കഴിയുമോ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൂടെയുണ്ടായിരുന്ന മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടു പോയിട്ടുണ്ട്. സച്ചിന്‍ പൈലറ്റിനെ പോലുള്ളവരും പല കാരണങ്ങളാല്‍ ഇടഞ്ഞു നില്‍ക്കുന്നു. ഈ വെല്ലുവിളിയെ കോണ്‍ഗ്രസ് എങ്ങനെ നേരിടും?

A

കോണ്‍ഗ്രസ് ആദ്യമായിട്ടല്ല ഇത്തരമൊരു വെല്ലുവിളിയെ നേരിടുന്നത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ദിരാഗാന്ധിയും സഞ്ജയ്ഗാന്ധിയും തോറ്റു. ചരിത്രത്തില്‍ ആദ്യമായി കോണ്‍ഗ്രസ് വലിയ പരാജയത്തിലേക്ക് കൂപ്പുകുത്തി. കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ അധികാരത്തിലെത്തി. കോണ്‍ഗ്രസിനെ നിലനിര്‍ത്തിയ വലിയ നേതാക്കള്‍ക്ക് പാര്‍ട്ടി വിട്ടു. എന്നിട്ടും ഇന്ദിരാഗാന്ധിയുടെ കാലത്ത് തന്നെ കോണ്‍ഗ്രസ് അധികാരത്തിലെത്തി. അടല്‍ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കോണ്‍ഗ്രസിനെ എഴുതി തള്ളിയവരുണ്ട്. എന്നിട്ടും പത്ത് വര്‍ഷക്കാലം കോണ്‍ഗ്രസ് അധികാരത്തിലിരുന്നു. ഇന്നത്തെ തലമുറ കണ്ട ഏറ്റവും നല്ല ഭരണം ആ സര്‍ക്കാരിന്റെതാണ്. അധികാരമില്ലാതിരിക്കുമ്പോല്‍ കോണ്‍ഗ്രസില്‍ നിന്നും നേതാക്കള്‍ കൂടൊഴിഞ്ഞ് പോകുന്നത് ആദ്യത്തെ സംഭവമല്ല. കോണ്‍ഗ്രസ് തിരിച്ച് വരും. രാഹുല്‍ഗാന്ധിക്കെതിരെ വലിയ പ്രചരണം നടത്തുന്നു. കഴിവ് കെട്ട നേതാവാണെന്ന് നേരത്തെ ഇന്ദിരാഗാന്ധിക്കെതിരെ ജനസംഘം നേതൃത്വം പ്രചരിപ്പിച്ചിരുന്നു. അതേ ഇന്ദിരാഗാന്ധി ദുര്‍ഗാദേവിക്ക് സമാനമായ വനിതയാണെന്ന പ്രചരണത്തിലേക്കും എത്തിയിരുന്നു. രാഹുല്‍ഗാന്ധിയെ കഴിവ് കെട്ട നേതാവാണെന്നും പപ്പുവാണെന്നും ജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി കൂടുതല്‍ കരുത്തോടെ മുന്നോട്ട് വരുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. അത് തിരിച്ചറിഞ്ഞാണ് അയോഗ്യനാക്കുകയും വീട് ഒഴിപ്പിക്കുകയും ചെയതത്. അത് രാഹുല്‍ഗാന്ധിയെ കൂടുതല്‍ കരുത്തനാക്കിയിരിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രാജ്യത്ത് അധികാരത്തില്‍ തിരിച്ചെത്തുന്നത് നമ്മള്‍ കാണും.

Q

ലോക്‌സഭയിലേക്ക് രണ്ട് സീറ്റിലേക്കാണ് ലീഗ് മത്സരിക്കുന്നത്. കൂടുതല്‍ സീറ്റിന് ലീഗിന് അര്‍ഹതയില്ലേ. ആവശ്യപ്പെടാന്‍ നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമോ?

A

ലീഗിന് കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ടെന്നതില്‍ ഒരു തര്‍ക്കവുമില്ല. കേരളത്തിലെ മൂന്നാമത്തെ ഏറ്റവും പ്രധാനപ്പെട്ട പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. ലീഗിനേക്കാല്‍ ശക്തി കുറഞ്ഞ സി.പി.ഐ പോലും ഇടതുപക്ഷ മുന്നണിയില്‍ നാല് സീറ്റുകളിലാണ് മത്സരിക്കുന്നത്. അത്തരം ചര്‍ച്ചകള്‍ ഉയരുന്ന സമയത്ത് നിലപാട് പറയേണ്ട വേദികളില്‍ പറയും.

Q

ഇടതുപക്ഷത്തോടൊപ്പം സഹകരിക്കുന്നത് സംബന്ധിച്ച് ഇടയ്ക്കിടെ ചില വാര്‍ത്തകളുണ്ടാകാറുണ്ട്. ഇടതുപക്ഷത്തിന്റെ സമീപനങ്ങളില്‍ മാറ്റം വരുന്നതായി യൂത്ത് ലീഗ് കരുതുന്നുണ്ടോ?. അത്തരം സാധ്യതകളെ യൂത്ത് ലീഗ് എങ്ങനെയാണ് കാണുന്നത്?

A

ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണിയില്‍ സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ ഉണ്ടാവണമെന്ന നിലപാടാണ് നേരത്തെ തന്നെ മുസ്ലിം ലീഗിനുള്ളത്. അതേസമയം കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സി.പി.എമ്മുമായി യോജിച്ച് പോകാന്‍ കഴിയുന്ന രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് ഒരുകാലത്തും ഉണ്ടായിട്ടില്ല. മുസ്ലിം ലീഗ് കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കക്ഷിയാണ്. യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയെന്നതാണ് മുസ്ലിം ലീഗിന്റെ ഏറ്റവും പ്രധാനപ്പെട്ട അജണ്ട. ആ അജണ്ടയുമായി പാര്‍ട്ടി മുന്നോട്ട് പോകുന്നു.

Q

കൊടുങ്കാറ്റു പോലെ ആഞ്ഞടിക്കേണ്ട സമയത്ത് ഇലയനക്കമായി പോലും മാറാനാവാത്ത നിസഹായവസ്ഥയെന്ന് കെ.ടി ജലീല്‍ പറഞ്ഞിരിക്കുന്നത്. യൂത്ത് ലീഗ് നേതാക്കള്‍ക്ക് ഇ.ഡി പേടിയായതാണെന്ന് കാരണമായി പറഞ്ഞിരിക്കുന്നത്. അതോടൊപ്പം കത്വ- ഉന്നാവോ ഇരകളുടെ കുടുംബ സഹായ പണ്ട് സംബന്ധിച്ചും ആരോപണം ഉന്നയിച്ചിരിക്കുന്നു. മറുപടി എന്താണ്?

A

ഡി.വൈ.എഫ്.ഐക്കാണ് നരേന്ദ്രമോദിക്കെതിരെ സംസാരിക്കാന്‍ പേടി. ഏഴ് കൊല്ലം അധികാരത്തിന്റെ തണലില്‍ ജീവിച്ച യുവജന സംഘടനയാണിത്. ഹോട്ടലുകളിലെ ഉണ്ണിയപ്പത്തിന്റെ വിലക്കുറക്കാനും ആമസോണ്‍ കാടുകള്‍ക്ക് തീപിടിച്ചപ്പോള്‍ പതിനൊന്ന് ആളുകളെയും കൂട്ടി ബ്രിസീല്‍ എംപസി പൂട്ടിയ സമയം നോക്കി നടത്തിയതുമാണ് അവര്‍ ആകെ നടത്തിയ സമരം. ഇത് കഴിഞ്ഞാല്‍ പിന്നെ നടത്തിയത് മോദിക്കെതിരെ എന്തോ നൂറ് ചോദ്യം ചോദിച്ചുള്ള പരിപാടിയാണ്. കഴിഞ്ഞ ഏഴ് വര്‍ഷമായി സൈലന്റ് മോഡിലാണ് കേരളത്തിലെ ഡി.വൈ.എഫ്.ഐ. അതേ സമയം യൂത്ത് ലീഗ് സംഘപരിവാറിനും മോദിക്കും ബി.ജെ.പി സര്‍ക്കാരിനും എതിരെ നിരന്തരമായി സമരം നടത്തുന്നത് കേരളത്തിലെ ജനങ്ങളുടെ മുന്നിലുണ്ട്. ഡല്‍ഹിയിലെ ഷഹീന്‍ബാഗ് കഴിഞ്ഞാല്‍ ഏറ്റവും വലിയ ഷഹീന്‍ബാഗ് നടത്തിയത് യൂത്ത് ലീഗാണ്. നാല്പത് ദിവസം നീണ്ടു നിന്ന സമരം കോഴിക്കോട്ടായിരുന്നു. പൂക്കോട്ടൂരില്‍ നിന്നും കോഴിക്കോട്ട് കടപ്പുറത്തേക്ക് നടത്തിയ ഡേ-നൈറ്റ് മാര്‍ച്ച്, പാചക വാതക വില വര്‍ദ്ധനക്കെതിരെയുള്ള പ്രതിഷേധങ്ങള്‍, മോദിക്കെതിരെ സംസാരിച്ചു എന്ന ഒറ്റക്കാരണത്താല്‍ സജ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചപ്പോള്‍ ശ്വേത ഭട്ടിനെ തന്നെ പങ്കെടുപ്പിച്ച് നടത്തിയ വലിയ റാലി, അന്ന് കേരളത്തോടാണ് ശ്വേത ഭട്ട് നന്ദി പറഞ്ഞത്, യൂത്ത് ലീഗിനോടല്ല. കേരളത്തിന്റെ സമരമായാണ് അവര്‍ അതിനെ കണ്ടത്. ഗുജാറാത്ത് കലാപത്തിലെ കുറ്റക്കാര്‍ക്കെതിരെ നിയമ പോരാട്ടം നടത്തിയതിന് ജയിലിലടയ്ക്കപ്പെട്ട ആര്‍.ബി ശ്രീകുമാറിന് ടീസ്റ്റ് സെതല്‍വാദിനും വേണ്ടി ശബ്ദമുയര്‍ത്തി, രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി പാര്‍ലമെന്റില്‍ നിന്നും പുറത്താക്കിയപ്പോള്‍ നോമ്പുകാലമായിട്ടും പതിനായിരങ്ങളെ അണിനിരത്തി നടത്തിയ സമരം. ഇതൊക്കെ മുന്നിലുണ്ട്. ഈഡിയെയോ ബി.ജെ.പിയേയോ പേടിക്കുന്ന ഡി.വൈ.എഫ്.ഐ പോലെയല്ല യൂത്ത് ലീഗ്. പിന്നെ കത്വ ആരോപണത്തിന്റെ കാര്യം. ജലീലിനെതിരെ അഴിമതിയും സ്വജനപക്ഷപാതവും കാണിച്ച് കോടതിയില്‍ പോകുകയും ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിച്ചിട്ടും നാണംകെട്ട് രാജിവെക്കാന്‍ ഇടയാക്കിയതിന്റെ പ്രതികാരമാണ് നിരന്തരമായി ആരോപണം ഉന്നയിക്കുന്നതിന്റെ പിന്നിലുള്ളത്. അല്ലാതെ വേറെ കഴമ്പൊന്നുമില്ല. വാദത്തിന് വേണ്ടി പറയുകയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ പോലീസ് കേസെടുത്തു. രണ്ടര വര്‍ഷമായിട്ടും പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കാന്‍ പോലും അവര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് വിളിപ്പിക്കാത്തത്. ആരോപണത്തില്‍ കഴമ്പില്ലെന്ന് അവര്‍ക്ക് അറിയാം. കെ.ടി ജലീലും ഒരു മന്ത്രിയുടെ ഓഫീസും നിരന്തരം ഈ.ഡിയെ സമീപിച്ചു. തെളിവുകളില്ലാത്തതിനാല്‍ അന്വേഷണവുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതി വന്നു. അവര്‍ക്കാണ് ഭരണവും പോലീസുമുള്ളത്. എന്നിട്ടും എന്താണ് അവര്‍ ഉന്നയിക്കുന്ന ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ അന്വേഷണവുമായി മുന്നോട്ട് പോകാന്‍ കഴിയാത്തത്.

Related Stories

No stories found.
logo
The Cue
www.thecue.in