കപ്പല്‍ അപകടം; കാല്‍സ്യം കാര്‍ബൈഡും ഇന്ധനവും കടല്‍ ജീവികളെ ബാധിക്കാം, മത്സ്യത്തൊഴിലാളികളെയും

കപ്പല്‍ അപകടം; കാല്‍സ്യം കാര്‍ബൈഡും ഇന്ധനവും കടല്‍ ജീവികളെ ബാധിക്കാം, മത്സ്യത്തൊഴിലാളികളെയും
Published on
Summary

കാല്‍സ്യം കാര്‍ബൈഡ് വെള്ളവുമായി ചേരുമ്പോൾ കാല്‍സ്യം ഹൈഡ്രോക്‌സൈഡും അസറ്റിലിന്‍ ഗ്യാസും ഉദ്പാദിപ്പിക്കപ്പെടും. അസറ്റിലിന്‍ വളരെ വേഗത്തില്‍ തീ പിടിക്കുന്ന ഒരു വാതകമാണ്.സമുദ്ര ആവാസ വ്യവസ്ഥയെ എണ്ണച്ചോര്‍ച്ച ബാധിക്കുന്നത് നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്കും പ്രതിസന്ധിയുണ്ടാക്കാന്‍ ഇടയുണ്ട്. കപ്പലപകടം സൃഷ്ടിക്കാവുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ.

കപ്പല്‍ അപകടങ്ങളെക്കുറിച്ച് വാര്‍ത്തകളില്‍ മാത്രം അറിഞ്ഞിട്ടുള്ള മലയാളി ഇപ്പോള്‍ ഒരു കപ്പല്‍ അപകടത്തെയും അതിനെ തുടര്‍ന്നുള്ള മുന്നറിയിപ്പുകളെയും നേരിട്ട് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കപ്പലുകളിലുള്ള ടണ്‍ കണക്കിന് ഇന്ധനത്തെയും കപ്പലുകളിലൂടെ കൊണ്ടുപോകുന്ന അപകടകരമായ രാസവസ്തുക്കള്‍ അടക്കമുള്ള ചരക്കുകളെക്കുറിച്ചും നമ്മള്‍ ചിന്തിച്ചു തുടങ്ങുന്നതും ഇപ്പോള്‍ മാത്രമാണ്. കൊച്ചി തീരത്ത് മുങ്ങിയ കപ്പലിലെ 12 കണ്ടെയ്‌നറുകളിലുള്ളത് കാല്‍സ്യം കാര്‍ബൈഡ് എന്ന രാസവസ്തുവാണെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിക്കുന്നു. ഈ രാസവസ്തുവും കപ്പലിലെ ഇന്ധനമായ ഹെവി ഫ്യൂവല്‍ ഓയിലും സൃഷ്ടിക്കാവുന്ന പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ എന്തൊക്കെയായിരിക്കും. എണ്ണച്ചോര്‍ച്ചയും കെമിക്കല്‍ ചോര്‍ച്ചയും മനുഷ്യനെയും പരിസ്ഥിതിയെയും ബാധിക്കുന്നത് എങ്ങനെയായിരിക്കും? എംജി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റല്‍ സയന്‍സസ് ഡയറക്ടര്‍ ഡോ. മഹേഷ് മോഹന്‍ സംസാരിക്കുന്നു.

കാല്‍സ്യം കാര്‍ബൈഡിനെക്കുറിച്ചുള്ള ഇക്കോ ടോക്‌സിക്കോളജി പഠനങ്ങൾ അധികം കാര്യമായി നടന്നിട്ടില്ല. കാല്‍സ്യം കാര്‍ബൈഡ് വെള്ളവുമായി ചേരുന്ന സമയത്ത് കാല്‍സ്യം ഹൈഡ്രോക്‌സൈഡും അസറ്റിലിന്‍ ഗ്യാസുമാണ് ഉദ്പാദിപ്പിക്കപ്പെടുന്നത്.

കാല്‍സ്യം കാര്‍ബൈഡ് സമുദ്രത്തില്‍ കലര്‍ന്നാലോ, തീരത്തെത്തി മനുഷ്യരുമായി സമ്പര്‍ക്കത്തില്‍ വന്നാലോ സംഭവിക്കാവുന്നത്.

കൊച്ചിയില്‍ അപകടത്തില്‍ പെട്ട കപ്പലില്‍ നിന്ന് കടലില്‍ വീണ 12 കണ്ടെയ്‌നറുകളില്‍ കാല്‍സ്യം കാര്‍ബൈഡ് ആണെന്ന് സ്ഥിരീകരിക്കുന്നുണ്ട്. കാല്‍സ്യം കാര്‍ബൈഡിനെക്കുറിച്ചുള്ള ഇക്കോ ടോക്‌സിക്കോളജി പഠനങ്ങൾ അധികം കാര്യമായി നടന്നിട്ടില്ല. എങ്കിലും ചില സൂക്ഷ്മ ജീവികളിലും പരീക്ഷണ മൃഗങ്ങളിലുമൊക്കെ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. കാല്‍സ്യം കാര്‍ബൈഡ് വെള്ളവുമായി ചേരുന്ന സമയത്ത് കാല്‍സ്യം ഹൈഡ്രോക്‌സൈഡും അസറ്റിലിന്‍ ഗ്യാസുമാണ് ഉദ്പാദിപ്പിക്കപ്പെടുന്നത്. അസറ്റിലിന്‍ വളരെ വേഗത്തില്‍ തീ പിടിക്കുന്ന ഒരു വാതകമാണ്. കണ്ടെയ്‌നറുകളില്‍ എത്രത്തോളം കാല്‍സ്യം കാര്‍ബൈഡ് ഉണ്ടെന്ന് നമുക്ക് അറിയില്ല. അത് കൈകാര്യം ചെയ്യുന്ന സമയത്ത് വെള്ളവുമായി ചേരാതെ നോക്കേണ്ടതും അത്യാവശ്യമാണ്. കരയില്‍ എത്തുകയാണെങ്കില്‍ അത് ശരീരത്ത് വീഴാതെ നോക്കേണ്ടതാണ്. ഇനി അഥവാ ശരീരത്തില്‍ പറ്റുകയാണെങ്കില്‍ അത് സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകി കളയണമെന്നാണ് സുരക്ഷാ മാനദണ്ഡങ്ങളില്‍ പറയുന്നത്.

കടലില്‍ ഇത് കലര്‍ന്നു കഴിഞ്ഞാല്‍ ചെറിയ തോതില്‍ പിഎച്ച് വ്യതിയാനം സൃഷ്ടിക്കും. അളവ് എത്രയാണെന്ന് വ്യക്തമല്ല. വലിയ തോതിലാണെങ്കില്‍ അത് പിഎച്ച് മൂല്യത്തെ വലിയ തോതില്‍ ബാധിക്കും. സൂക്ഷ്മജീവികളെ അത് ബാധിക്കാന്‍ ഇടയുണ്ട്. അളവ് കൂടുന്നത് അനുസരിച്ച് മറ്റു ജീവികളെയും അത് ബാധിച്ചേക്കാം. കടലില്‍ ഈ രാസവസ്തുക്കള്‍ കൂടുതലായി കലര്‍ന്നാല്‍ പിഎച്ച് മാറുന്നതിന് അനുസരിച്ച് ഉണ്ടാകുന്ന രാസമാറ്റങ്ങള്‍ ചെറിയ ജീവികളെ, പ്രത്യേകിച്ച് സമുദ്ര ആഹാര ശൃംഖലയിലുള്ള ജീവികളെ ബാധിക്കാനുള്ള സാധ്യതയുണ്ട്. കാല്‍സ്യം കാര്‍ബൈഡ് ശ്വാസകോശങ്ങള്‍ക്ക് പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. കണ്ണിനും ത്വക്കിനും അസ്വസ്ഥതകളുണ്ടാക്കും. മറ്റ് പ്രശ്‌നങ്ങള്‍ പൊതുവേ പറയുന്നില്ലെങ്കിലും എല്ലാ രാസവസ്തുക്കളുമെന്നപോലെ നേരിട്ട് ശരീരവുമായി സമ്പര്‍ക്കത്തില്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തില്‍ പറ്റിയാല്‍ അത് പെട്ടെന്നു തന്നെ കഴുകിക്കളയുകയും വസ്ത്രങ്ങളില്‍ ആയാല്‍ അത് ഒഴിവാക്കുകയും വേണം.

സാധാരണ ഗതിയില്‍ ഒരു എണ്ണച്ചോര്‍ച്ചയുണ്ടായാല്‍ അത് ആ പ്രദേശത്തു നിന്ന് പോകാന്‍ ബുദ്ധിമുട്ടാണ്. കുറച്ചേറെ സമയമെടുത്തേ അത് വിഘടിച്ച് പോകാറുള്ളു. ആ സമയം കൊണ്ടുതന്നെ ഒട്ടുമിക്ക ജീവികള്‍ക്കും അത് അപായമുണ്ടാക്കും.

ടണ്‍ കണക്കിന് ഫ്യൂവല്‍ ഓയിലും ഡീസലും കപ്പലിലുണ്ടെന്നാണ് കണക്ക്. ഇത് ചോര്‍ന്നാലുണ്ടാകുന്ന പ്രതിസന്ധികള്‍ എന്തൊക്കെയാണ്?

കടലിലുണ്ടാകുന്ന എണ്ണച്ചോര്‍ച്ചകളില്‍ 12 ശതമാനവും കപ്പലുകള്‍ മുങ്ങിയുണ്ടാകുന്ന അപകടങ്ങള്‍ കാരണമാണെന്ന് കണക്ക്. അങ്ങനെയൊരു സാഹചര്യമാണ് കൊച്ചിയിലെ അപകടത്തിലും എന്നാണ് കരുതുന്നത്. ഇതൊരു ഓയില്‍ ടാങ്കറല്ല. എങ്കിലും ഒരു കപ്പലിന് ആവശ്യമായ ഇന്ധനം അതിലുണ്ടാകും. സാധാരണ ഗതിയില്‍ ഒരു എണ്ണച്ചോര്‍ച്ചയുണ്ടായാല്‍ അത് ആ പ്രദേശത്തു നിന്ന് പോകാന്‍ ബുദ്ധിമുട്ടാണ്. കുറച്ചേറെ സമയമെടുത്തേ അത് വിഘടിച്ച് പോകാറുള്ളു. ആ സമയം കൊണ്ടുതന്നെ ഒട്ടുമിക്ക ജീവികള്‍ക്കും അത് അപായമുണ്ടാക്കും. പ്രത്യേകിച്ച് കടല്‍ പറവകളുടെ തൂവലില്‍ എണ്ണപ്പാട പറ്റിപ്പിടിക്കാനും അവയ്ക്ക് പറക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകാനും ഇടയുണ്ട്. അതേപോലെ നമ്മുടെ സമുദ്ര ആഹാര ശൃംഖലയെ അത് ബാധിക്കും. സമുദ്ര ആവാസ വ്യവസ്ഥയെ എണ്ണച്ചോര്‍ച്ച ബാധിക്കുന്നത് നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്കും പ്രതിസന്ധിയുണ്ടാക്കാന്‍ ഇടയുണ്ട്. സമുദ്ര വിഭവങ്ങളുടെ ഉദ്പാദനത്തെ അത് ഇല്ലാതാക്കും. എണ്ണപ്പാട കടല്‍ പരപ്പില്‍ പൊങ്ങിക്കിടക്കുകയും കടല്‍വെള്ളത്തില്‍ ഓക്‌സിജന്‍ കലരുന്നതിനെ തടയുകയും ചെയ്യും. അത് പ്ലാങ്ക്ടണുകളെ നേരിട്ട് ബാധിക്കും. അതായത് സമുദ്രത്തിന്റെ ആഹാര ശൃംഖലയെ നേരിട്ട് അത് ബാധിക്കുകയും തകര്‍ക്കുകയും ചെയ്യും. എണ്ണച്ചോര്‍ച്ചയുണ്ടായാല്‍ അതിന്റെ വ്യാപ്തി എത്രയുണ്ടാകും എന്നതുസരിച്ച് ഇരിക്കും അതുണ്ടാക്കുന്ന പ്രശ്‌നങ്ങളും. എണ്ണച്ചോര്‍ച്ച മത്സ്യ സമ്പത്തിനെയും അതിന്റെ ലഭ്യതയെയും ബാധിക്കുന്നത് നമ്മുടെ സമൂഹത്തെയും ബാധിക്കാനിടയുണ്ട്. മത്സ്യബന്ധനത്തെ ആശ്രയിച്ച് ജീവിക്കുന്ന തീരദേശ ജനതയുടെ ദൈനംദിന ജീവിതത്തെ തന്നെ ഇത് അട്ടിമറിച്ചേക്കാം.

കപ്പല്‍ ഗതാഗതം വര്‍ദ്ധിക്കുന്നത് മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍

കപ്പല്‍ ഗതാഗതം കൂടുന്നത് ലോകത്ത് എവിടെയാണെങ്കിലും മലിനീകരണം കൂട്ടുന്നുണ്ട്. ഏത് തരത്തിലുള്ള കപ്പലുകളാണെങ്കിലും ചെറിയ തോതിലുള്ള എണ്ണച്ചോര്‍ച്ചയുണ്ടാകാം. അതിന്റെ ആഘാതം പരിസ്ഥിതിക്ക് എപ്പോഴുമുണ്ടാകും. ഗതാഗതം വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് അപകടങ്ങളും വര്‍ദ്ധിച്ചേക്കാം. ഇപ്പോഴത്തെ ഘട്ടത്തില്‍ അത് സംബന്ധിച്ച് ഒരു വിലയിരുത്തല്‍ സാധ്യമല്ല. ഗതാഗതം സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. അപകടങ്ങളുണ്ടാകുമ്പോളാണ് ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ ശ്രദ്ധ പതിയുക. രാസവസ്തുക്കള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ തീര്‍ച്ചയായും വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണ്. മണ്‍സൂണ്‍ പോലെ അല്ലെങ്കില്‍ ന്യൂനമര്‍ദ്ദങ്ങള്‍ ഉള്ള സാഹചര്യങ്ങളില്‍ കപ്പലുകള്‍ക്ക് എല്ലാ സൂചനയും നല്‍കുന്നുണ്ടാവും. എങ്കിലും അപകടകരമായ സാഹചര്യങ്ങള്‍ ഇനിയുമുണ്ടാകാം. അവ മുന്‍കൂട്ടിക്കണ്ട് അത്തരം സാഹചര്യങ്ങളില്‍ അപകടകരമായ വസ്തുക്കള്‍ കൊണ്ടുപോകുന്നത് കുറക്കേണ്ടതാണ്.

അപകടകരമായ രാസവസ്തുക്കളുടെ ഗതാഗതത്തില്‍ കുറച്ചുകൂടി സൂക്ഷ്മത ആവശ്യമുണ്ട്

അപകടകരമായ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നത് വളരെധികം സൂക്ഷ്മത ആവശ്യമുള്ള മേഖലയാണ്. ഏത് രാസവസ്തുവാണെങ്കിലും അതിന് ഒരു ടോക്‌സിക് വശമുണ്ട്. പ്രത്യേകിച്ച് പല രാസവസ്തുക്കളുടെയും ഇക്കോ ടോക്‌സിക്കോളജിക് വശങ്ങള്‍ കൂടുതലായി പഠിച്ചിട്ടൊന്നുമില്ല. ഉദാഹരണത്തിന് കാല്‍സ്യം കാര്‍ബൈഡിന്റെ വളരെ കുറച്ച് എക്കോ ടോക്‌സിക്കോളജി പഠനങ്ങള്‍ മാത്രമേ നടന്നിട്ടുള്ളു. ടോക്‌സിക്കോളജി മനുഷ്യന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടാണെങ്കില്‍ എക്കോ ടോക്‌സിക്കോളജി മനുഷ്യനുമായി മാത്രമല്ല, പരിസ്ഥിതിയെ എങ്ങനെ ബാധിക്കുന്നുവെന്നതാണ് പഠിക്കുന്നത്. വെള്ളത്തെയും വായുവിനെയും ഒരു രാസവസ്തു എങ്ങനെ ബാധിക്കുന്നുവെന്നതാണ്. മണ്ണിനെയായാലും അതിലെ സൂക്ഷ്മ ജീവികളെയായാലും എങ്ങനെ ബാധിക്കുന്നു എന്നതാണ്. ഈ രാസവസ്തുകള്‍ രാസപരമായും ജൈവമായും എങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്നുവെന്നതാണ് പഠിക്കുന്നത്. കാല്‍സ്യം കാര്‍ബൈഡ് പോലെയുള്ള രാസവസ്തുക്കളെക്കുറിച്ച് ഇങ്ങനെയുള്ള പഠനങ്ങള്‍ കുറവാണെന്നതു തന്നെ അവയുടെ ഗതാഗതത്തില്‍ എത്രമാത്രം ശ്രദ്ധ ആവശ്യമാണെന്നത് വിളിച്ചു പറയുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in