ആഭ്യന്തര വകുപ്പിന്റേത് മാവോയിസ്റ്റ് വേട്ടയെന്ന പേരില്‍ രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്ന നയം : പ്രമോദ് പുഴങ്കര

ആഭ്യന്തര വകുപ്പിന്റേത് മാവോയിസ്റ്റ് വേട്ടയെന്ന പേരില്‍ രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്ന നയം : പ്രമോദ് പുഴങ്കര

മാവോയിസ്റ്റ് വേട്ടയെന്നുപറഞ്ഞ് സംസ്ഥാന ആഭ്യന്തരവകുപ്പ് രാഷ്ട്രീയ എതിരാളികളെയും ജനകീയ പോരാളികളെയും കൊന്നൊടുക്കുന്ന നയം സ്വീകരിക്കുന്നുവെന്ന് സുപ്രീം കോടതി അഭിഭാഷകനും സാമൂഹ്യനിരീക്ഷകനുമായ പ്രമോദ് പുഴങ്കര. ദ ക്യുവിന്റെ അഭിമുഖ പരിപാടിയായ ടു ദ പോയിന്റിലായിരുന്നു പ്രതികരണം.ഇത് ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാവുന്നതല്ല. നേരത്തേ ചിദംബരം കേന്ദ്ര ആഭ്യന്തരമന്ത്രിയായിരിക്കെ നടപ്പാക്കിയ, ആദിവാസികളെ മുച്ചൂടും മുടിക്കുന്ന, ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിനോട് ചേര്‍ന്നുനില്‍ക്കുന്നതാണിത്. രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുകയെന്നത് ഫാഷിസ്റ്റ് ഭരണകൂട സ്വഭാവമാണ്. നാല് വര്‍ഷത്തിനിടെ 8 പേരെ മാവോയിസ്റ്റുകളെന്ന് ആരോപിച്ച് വെടിവെച്ചുകൊന്നു. ഇടത് സര്‍ക്കാരിന്റെ കാലത്താണിത്. എക്‌സ്ട്രാ ജുഡീഷ്യല്‍ കൊലപാതകങ്ങള്‍ ഭരണകൂട ഭീകരതയാണ് കാണിക്കുന്നത്. ഇതിനോട് കേരള പൊതുസമൂഹം ഇപ്പോള്‍ പുലര്‍ത്തുന്ന നിസ്സംഗത തുടര്‍ന്നാല്‍, അര്‍ധരാത്രികളില്‍ വാതിലുകളില്‍ മുട്ടി കാരണം പറയാതെ പിടിച്ചുകൊണ്ടുപോകുന്ന ജനാധിത്യ വിരുദ്ധ പാതിരാവുകളിലേക്കുള്ള യാത്രയ്ക്ക് അധിക ദൂരമുണ്ടാകില്ല. ഒരു തരത്തില്‍ രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്ന രീതിയും മറ്റൊരു തരത്തില്‍ നിയമവാഴ്ചയ്ക്ക് പുറത്തുനിന്നുള്ള കൊലപാതകവുമാണിത്. പ്രകോപനങ്ങളില്ലാതെ ഏകപക്ഷീയമായ ഏറ്റുമുട്ടലുകളാണ് പൊലീസ് അഴിച്ചുവിടുന്നത്. മുഖ്യധാരാ കക്ഷികള്‍ നടത്തുന്ന ഹര്‍ത്താലിലോ സമരത്തിലോ ഉണ്ടാകുന്ന അക്രമങ്ങള്‍ പോലും മാവോയിസ്റ്റുകളില്‍ നിന്ന് ഉണ്ടായിട്ടില്ല. കബനീദളമെന്ന പേരിലുള്ളതൊന്നും വലിയ സായുധശക്തിയുള്ള സംവിധാനമല്ല. രാഷ്ട്രീയ പ്രതിരോധവും ജനകീയ പ്രതിരോധവും തുടക്കത്തിലേ നശിപ്പിക്കുകയെന്ന രീതിയാണ് ഇതിലൂടെ ഭരണകൂടങ്ങള്‍ ചെയ്യുന്നത്. മാവോയിസ്റ്റ് വേട്ടയ്ക്കായി പൊലീസ് സംവിധാനത്തിന് കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന ഓഡിറ്റില്ലാത്ത വലിയ ഫണ്ടുകളും അത് നല്‍കുന്ന വിപുലമായ അധികാരങ്ങളുമാണ് ഇത്തരം വെടിവെപ്പുകള്‍ക്ക് കാരണമാകുന്നത് - പ്രമോദ് പുഴങ്കര പറഞ്ഞു.

ഏറ്റുമുട്ടലിലൂടെയാണ് സിപി ജലീലിനെ കൊലപ്പെടുത്തിയതെന്ന തണ്ടര്‍ബോള്‍ട്ട് വാദം ഫൊറന്‍സിക് റിപ്പോര്‍ട്ടോടെ പൊളിഞ്ഞത് നമുക്കുമുന്നിലുണ്ട്. പൊലീസിന്റേത് കെട്ടിച്ചമച്ച തിരക്കഥയാണെന്ന് തെളിഞ്ഞതാണ്. മാവോയിസ്റ്റുകള്‍ പല റൗണ്ട് വെടിയുതിര്‍ത്തുവെന്നായിരുന്നു പൊലീസിന്റെ അവകാശവാദം. തുടര്‍ന്ന് ആത്മരക്ഷാര്‍ത്ഥമാണ് തിരിച്ച് ആക്രമിച്ചതെന്നുമാണ്‌ പറഞ്ഞത്. എന്നാല്‍ മാവോയിസ്റ്റുകളുടെ തോക്കില്‍ നിന്ന് വന്ന ഒറ്റ വെടിയുണ്ട പോലും കണ്ടെടുക്കപ്പെടുകയോ ഫൊറന്‍സിക് പരിശോധനയ്ക്ക് ഹാജരാക്കുകയോ ചെയ്തിട്ടില്ല. ജലീലിന്റെ അരികില്‍ കിടന്ന തോക്കില്‍ നിന്നും ഒരൊറ്റത്തവണ പോലും നിറയൊഴിച്ചിട്ടില്ല. തോക്കുപയോഗിച്ച് വെടിവെച്ചാലുണ്ടാകുന്ന ഗണ്‍പൗഡറിന്റെ അംശം അദ്ദേഹത്തിന്റെ വിരലുകളില്‍ കണ്ടെത്തിയിട്ടില്ല. ഇതോടെ പൊലീസ് പറഞ്ഞതെല്ലാം കെട്ടുകഥകളാണെന്ന്‌ വ്യക്തമായതാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്വന്തം ജനതയോട് യുദ്ധം പ്രഖ്യാപിച്ച ഭരണകൂടമാണ് ഇന്ത്യയിലേത്. രാജ്യത്തെ ആദിവാസിമേഖലകളില്‍ പതിനായിരക്കണക്കിന് പാരാമിലിട്ടറി സൈനികര വിന്യസിച്ചിരിക്കുകയാണ്. നിരപരാധികളെ വെടിവെച്ച് കൊല്ലുകയുമാണ്. കുത്തക മുതലാളിമാരുടെയും ഖനി മാഫിയയുടെയും ഭൂ ഉടമകളുടെയുമൊക്കെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണിത്.അഞ്ചുവര്‍ഷം കൂടുമ്പോള്‍ പത്തുനാനൂറ് ശതകോടീശ്വരന്‍മാരെ പാര്‍ലമെന്റിലെത്തിക്കുന്ന സംവിധാനത്തെ ജനാധിപത്യമെന്നാണ് ഇപ്പോഴും നമ്മള്‍ വിളിക്കുന്നത്. ഹിംസയും ജനങ്ങളോടുള്ള യുദ്ധവും രാജ്യം ഭരിക്കുന്ന ഭരണകൂടത്തിന്റെ ജനിതകഘടനയാണെന്നും പ്രമോദ് പുഴങ്കര ദ ക്യു അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

SC Lawyer Pramod Puzhankara On wayanad Maoist Killing.

Related Stories

No stories found.
logo
The Cue
www.thecue.in