ആരോഗ്യം വ്യക്തിപ്രശ്‌നമല്ല, സാമൂഹ്യ വിഷയമാണെന്ന ബോധ്യമാണ് കേരളത്തിന്റെ വിജയം : ഡോ.സുനില്‍ പി ഇളയിടം

ആരോഗ്യം വ്യക്തിപ്രശ്‌നമല്ല, സാമൂഹ്യ വിഷയമാണെന്ന ബോധ്യമാണ് കേരളത്തിന്റെ വിജയം : ഡോ.സുനില്‍ പി ഇളയിടം

കൊവിഡ് 19 മഹാമാരി ലോകത്താകമാനം മനുഷ്യജീവനുകള്‍ കവരുകയാണ്. സാധ്യതകളാലെല്ലാം സമ്പന്നമായ രാജ്യങ്ങള്‍ പോലും മഹാവിനാശത്തില്‍ പൊള്ളി വിറയ്ക്കുന്നു. അപ്പോഴും ലോകത്തിന് മാതൃകയായി കേരളം സുരക്ഷിത തുരുത്താണ്. ജാഗ്രതയോടെ അടച്ചിരിപ്പിലാണ് മലയാളിയും. കൊവിഡാനന്തര ലോകത്തെക്കുറിച്ചുള്ള ആശങ്കകളും പ്രതീക്ഷകളും സംബന്ധിച്ച് പലതരം നിരീക്ഷണങ്ങളാണ് പുറത്തുവരുന്നത്. ലോകം പഴയതുപോലെയായിരിക്കില്ലെന്നതാണ് അതിന്റെയെല്ലാം കാതല്‍. ഈ സാഹചര്യത്തില്‍, സമൂഹ ജീവിയെന്ന നിലയില്‍ മനുഷ്യന്‍ ഏതളവില്‍ എങ്ങനെയെല്ലാം മാറേണ്ടതുണ്ടെന്നത് പ്രധാന വിഷയമാണ്. അതിലൂന്നി ആശയങ്ങള്‍ പങ്കുവെയ്ക്കുകയാണ് ചിന്തകനും പ്രഭാഷകനും അധ്യാപകനുമെല്ലാമായ ഡോ. സുനില്‍ പി ഇളയിടം.

Q

മതാചാരങ്ങള്‍, പ്രാര്‍ത്ഥനകള്‍ അടക്കമുള്ള ചടങ്ങുകള്‍, ഉത്സവങ്ങള്‍ ഒക്കെ കൊവിഡ് 19 മഹാമാരിയുടെ സാഹചര്യത്തില്‍ മാറ്റിവെയ്ക്കുകയാണല്ലോ. ഇതെല്ലാം വേണമെങ്കില്‍ മാറ്റിവെയ്ക്കാവുന്നതാണെന്ന കാഴ്ചപ്പാട് സൃഷ്ടിക്കപ്പെട്ടിട്ടില്ലേ. ഇത് ആളുകളില്‍ ശാസ്ത്രീയ ബോധം വളര്‍ത്തുമെന്ന് തോന്നുന്നുണ്ടോ ?

A

കൊവിഡിന് ശേഷമുള്ള ലോകം അതിന് മുന്‍പുള്ള അതേ ലോകത്തിന്റെ ആവര്‍ത്തനമാകാന്‍ പ്രയാസമാണ്. ലോകത്തെ അതേപടി തുടരാന്‍ അനുവദിച്ചുകൊണ്ടല്ല ഒരു മഹാമാരിയും കടന്നുപോയതെന്ന് അവയുടെയെല്ലാം ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. ബിസി ആറാം നൂറ്റാണ്ടുമുതല്‍ പലരൂപത്തില്‍ ഇത് സംഭവിച്ചിട്ടുണ്ട്. ഓരോന്നും അപ്പോള്‍ നിലനിന്ന ലോകക്രമത്തെ കാര്യമായിത്തന്നെ മാറ്റിമറിച്ചു. കൊവിഡും പലതരത്തില്‍ ഇപ്പോഴത്തെ ലോകക്രമത്തെ മാറ്റിമറിക്കും. എന്നാല്‍ അതിന്റെ തോത് എത്രമാത്രമായിരിക്കുമെന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ല. പല തരത്തിലുള്ള നിരീക്ഷണങ്ങള്‍ വരുന്നുണ്ട്. സാമൂഹികതയുടെ തിരിച്ചുവരവിന് ചിലര്‍ സാധ്യത കല്‍പ്പിക്കുന്നുണ്ട്. അന്ധമായ ഉപഭോഗ ഭ്രാന്തും മൂലധനവുമെല്ലാം ചേര്‍ത്തുണ്ടാക്കിയ ലോകക്രമത്തില്‍ നിന്നുള്ള വഴിതിരിയലിന് കാരണമാകുമെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. നേരെതിരിച്ച് അവ തന്നെ കേന്ദ്രീകൃതമായ ഭരണകൂടവും വലിയ സര്‍വൈലന്‍സുമൊക്കെയായി ജനാധിപത്യത്തിന്റെ വന്‍ തകര്‍ച്ചയ്ക്ക് കാരണമായേക്കുമെന്നുള്ള നിരീക്ഷണങ്ങളുമുണ്ട്. രണ്ട് എക്സ്ട്രീമില്‍ നിന്നുള്ള അഭിപ്രായങ്ങളാണ്. രണ്ടിനും സാധ്യതയുണ്ടെന്നാണ് തോന്നുന്നത്. ഏതാണുണ്ടാവുകയെന്ന് ഇപ്പോള്‍ പ്രവചിക്കാനാകില്ല. പക്ഷേ മാറ്റത്തിന്റെ സന്ദര്‍ഭമാണെന്ന് പൊതുവെ കരുതണം. അതാണ് ഒന്നാമത്തെ കാര്യം.

ഈ സാഹചര്യം ആളുകളില്‍ ശാസ്ത്രീയ ബോധത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമാകുമോയെന്ന് ചോദിച്ചാല്‍, ഒറ്റയടിക്ക് അങ്ങനെ സംഭവിക്കുമെന്ന് തോന്നുന്നില്ല. ഒരു സമൂഹത്തിന്റെ ആകമാനമായ ജീവിത ധാരണകളുമായി ബന്ധപ്പെട്ടതാണ് ശാസ്ത്രീയ ബോധം. അതിന് ഒരു സാമൂഹ്യമായ അടിത്തറയുണ്ട്. നമ്മുടെ ശാസ്ത്രീയത പലപ്പോഴും ശാസ്ത്രത്തിന്റെ സാങ്കേതികതയ്ക്കപ്പുറത്തേക്ക് അവബോധപരമായി വികസിച്ച ഒന്നല്ല. സയന്‍സിനെ സോഷ്യോ ഹിസ്റ്റോറിക്കലായ ഡെവലപ്മെന്റായി കാണാനും ആ നിലയില്‍ ഉള്‍ക്കൊള്ളാനുമല്ല നമ്മള്‍ പോതുവെ പരിശീലിച്ചിട്ടുള്ളത്. അതിന്റെ ടെക്നിക്കല്‍ ഇന്‍സ്ട്രുമെന്റല്‍ ആസ്പെക്ട്സിനെ കഴിയുന്നത്ര ഉപയോഗപ്പെടുത്തുകയും പഴയ വിശ്വാസങ്ങളുമായി അതിനെ ആകാവുന്നത്ര കൂട്ടിയിണക്കി കൊണ്ടുപോവുകയുമെന്ന വിചിത്ര കോമ്പിനേഷനാണ് നമുക്കുള്ളത്. നിവൃത്തിയില്ലാതെ മതാചാരങ്ങളും ചടങ്ങുകളും മാറ്റിവെയ്ക്കുന്നുവെന്നല്ലാതെ ഒറ്റയടിക്ക് ശാസ്ത്രീയ ബോധത്തിലേക്കുള്ള വളര്‍ച്ചയ്ക്കിത് വഴിവെക്കുമെന്ന് കരുതിക്കൂട. എന്നാല്‍ ഒരു സാധ്യതയുള്ളത്‌ അലംഘനീയമെന്ന് തോന്നിയ പലതും വളരെ എളുപ്പത്തില്‍ മാറ്റിവെയ്ക്കാവുന്നതാണെന്ന് ആളുകള്‍ക്ക് മനസ്സിലായെന്നതാണ്. ഇതിന്റെ ഏറ്റവും വലിയ ഡയമെന്‍ഷന്‍ അതാണല്ലോ. പ്രാര്‍ത്ഥനകളും, ഉത്സവങ്ങളും വെള്ളിയാഴ്ച നമസ്‌കാരങ്ങളും ഞായറാഴ്ച കുര്‍ബാനകളുമൊക്കെ വൈറസ് വ്യാപനത്തിന് മുന്നില്‍ മാറ്റിവെയ്ക്കാവുന്നതാണെന്ന് ആളുകള്‍ സര്‍വാത്മനാ സമ്മതിക്കുന്നു. ഇതുവഴി ഉണ്ടായ പുതിയ ബോധ്യമതാണ്. വേറൊരു സന്ദര്‍ഭത്തിലും ആളുകള്‍ ഒരുതരത്തിലും ഉള്‍ക്കൊള്ളാന്‍ സന്നദ്ധമാകാത്തൊരു കാര്യമാണല്ലോ അത്. അവബോധപരമായ വഴിത്തിരിവിന്റെ അടയാളമാകുമോ അതെന്ന് ചോദിച്ചാല്‍ പ്രയാസമാണെന്നാണ് ഞാന്‍ പറയുക.

ശാസ്ത്രീയ ബോധം എന്നുപറയുന്നത് ശാസ്ത്രത്തെ നമ്മുടെ സൗകര്യത്തിന് ഉപയോഗിക്കലല്ല. അത് ഇന്‍സ്ട്രുമെന്റലായ അപ്രോപ്രിയേഷനാണ്. അവബോധ തലത്തിലേക്ക് കൊണ്ടുവരലല്ല, നമ്മുടെ വിദ്യാഭ്യാസം പോലും അതിന് പര്യാപ്തമല്ല എന്ന തോന്നലാണ് എനിക്കുള്ളത്. ശാസ്ത്രീയത എന്നുള്ളത് ടെക്നിക്കല്‍ ഇന്‍സ്ട്രുമെന്റല്‍ ഇഷ്യു അല്ല. അതൊരു സോഷ്യല്‍ അണ്ടര്‍സ്റ്റാന്‍ഡിംഗ് ആണ്. അത് ഒറ്റയടിക്ക് ഒരു സംഭവം കൊണ്ട് വഴിതിരിഞ്ഞുവരും എന്ന് പറയാനാകില്ല. എന്നാല്‍ നിര്‍ണായകമായ സന്ദര്‍ഭമാകാന്‍ ഈ സാഹചര്യത്തിന് പറ്റും. ചരിത്രത്തിലാദ്യമായി തൃശൂര്‍ പൂരം സമ്പൂര്‍ണമായി മാറ്റിവെയ്ക്കുന്നു. അങ്ങനെയൊക്കെ മാറിപ്പോകാവുന്നതാണെന്ന തോന്നല്‍ ഇതുണ്ടാക്കും. ശാസ്ത്രീയതയുടെ തിരിച്ചുവരവോ പുനസ്ഥാപനമോ മതങ്ങളുടെ പിന്‍വാങ്ങലോ ഒക്കെയായി മാറും എന്ന് പറയാന്‍ കുറച്ചുകൂടി കാക്കണം.കൊവിഡ് പ്രശ്നം അവസാനിക്കുകയല്ല, തുടങ്ങിയിട്ടേയുള്ളൂവെന്ന് ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ നിരീക്ഷിച്ചിട്ടുണ്ടല്ലോ. എവിടേക്കാണ് ഇത് വളര്‍ന്നെത്തുന്നതെന്ന് നമുക്ക് അറിയില്ല. അതുകൊണ്ട് ഇപ്പോള്‍ നമ്മള്‍ പങ്കുവെയ്ക്കുന്ന നിരീക്ഷണങ്ങള്‍ക്കെല്ലാം പരിമിതികളുണ്ട്.

ആരോഗ്യം വ്യക്തിപ്രശ്‌നമല്ല, സാമൂഹ്യ വിഷയമാണെന്ന ബോധ്യമാണ് കേരളത്തിന്റെ വിജയം : ഡോ.സുനില്‍ പി ഇളയിടം
കൊറോണാ വൈറസും മനുഷ്യ സമൂഹവും
Q

പണ്ടുകാലത്ത് കിണ്ടിയില്‍ വെള്ളം വെച്ചിരുന്നതിനും, കൈകൂപ്പി അഭിവാദ്യം ചെയ്തിരുന്നതിനും, കൊവിഡ് സാഹചര്യത്തില്‍ ശാസ്ത്രീയത കല്‍പ്പിക്കാനുള്ള നീക്കങ്ങള്‍ ഒരു ഭാഗത്ത് നടക്കുന്നുണ്ട്. കൊവിഡിന്റെ മറവില്‍ ഹിന്ദുത്വത്തെ ഒളിച്ചുകടത്തലല്ലേ അത് ?

A

അതെല്ലാം ഒരുതരം സ്യൂഡോ സയന്‍സുണ്ടാക്കലാണ്. മോഡേണ്‍ ഫിസിക്സിലെ ആശയങ്ങള്‍ വേദത്തിലുണ്ടെന്ന് പറയുക, ബ്രഹ്മസൂത്രത്തിലെ ശ്ലോകം ശാസ്ത്രത്തിലുണ്ടെന്ന് പറയുക. ഇതെല്ലാം പലകാലങ്ങളിലായി ആവര്‍ത്തിക്കുന്ന ഒരു തന്ത്രമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കൈ കൊടുക്കല്‍ വൈറസ് വ്യാപനത്തിന് കാരണമാകുമെന്ന് വന്നപ്പോള്‍, പുറത്തുപോയി വന്നാല്‍ കൈകാലുകളും മുഖവുമൊക്കെ വൃത്തിയാക്കേണ്ടത് അനിവാര്യമായപ്പോള്‍ തൊഴുകലിനെയും കഴുകലിനെയും ഒക്കെ കൂട്ടിപ്പിടിച്ച് ശാസ്ത്രീയത ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അതിലൊന്നും അര്‍ത്ഥമില്ല. ദശാവതാരമെന്നത് പരിണാമസിദ്ധാന്തമാണെന്ന് കുറേക്കാലമായി പറയുന്നുണ്ട്. ഈ സന്ദര്‍ഭം മാറി അടുത്ത കാര്യം വരുമ്പോള്‍ ഇത്തരത്തിലുള്ള സ്യൂഡോ സയന്‍സ് നടത്തിപ്പ് തുടരും. ഉറപ്പായിട്ടും അത് ഹിന്ദുത്വയുടെ പ്രയോഗവല്‍ക്കരണവുമാണ്. അതൊന്നും ഇപ്പോള്‍ തുടങ്ങിയതല്ല. ഇപ്പോള്‍ ഒരു അവസരം കിട്ടിയപ്പോള്‍ അത് കുത്തിക്കടത്തുന്നതാണ്.

Q

കൊവിഡാനന്തരം, സാമൂഹ്യജീവി എന്ന നിലയില്‍ മനുഷ്യന്‍ ഏത് തരത്തില്‍ മാറേണ്ടതുണ്ടെന്നാണ് മാഷിന്റെ കാഴ്ചപ്പാട് ?

A

അത് വളരെ പ്രധാനമാണ്. ആരോഗ്യം,രോഗം എന്നിവയെയെല്ലാം വളരെ വ്യക്തിപരമായി കാണാനാണ് ദീര്‍ഘകാലമായി നമ്മെ പരിശീലിപ്പിച്ചിരുന്നത്. എനിക്ക് രോഗം വന്നാല്‍ എന്റെ കാര്യം. എന്റെ ആരോഗ്യം നോക്കേണ്ടത് എന്റെ കാര്യം. അങ്ങനെ വ്യക്തികേന്ദ്രീകൃതമായി നമ്മള്‍ കെട്ടിപ്പെടുത്ത ജീവിതത്തിന്റെ അപ്രായോഗികതയോ സാമൂഹ്യവിരുദ്ധതയോ ഇപ്പോള്‍ മനുഷ്യന്‍ തിരിച്ചറിയുന്നുണ്ട്. ഇപ്പോള്‍ എന്റെ രോഗം എന്റെ മാത്രം പ്രശ്നമല്ല, എന്റെ ആരോഗ്യം എന്റെ മാത്രം പ്രശ്നമല്ല. എന്റെ രോഗം മാറണമെങ്കില്‍ ഞാനൊരാള്‍ പണമുള്ള ആളായതുകൊണ്ടോ വലിയ ആശുപത്രിയില്‍ പോകാന്‍ ശേഷിയുള്ള ആളായതുകൊണ്ടോ മാത്രം കാര്യമില്ല. എന്റെ സമൂഹത്തിന് ആരോഗ്യമുണ്ടെങ്കിലേ എന്റെ രോഗം മാറൂ,എനിക്ക് ആരോഗ്യമുണ്ടാകൂ. കേരളം നേടിയ വിജയത്തിന്റെ അടിസ്ഥാനം എന്താണ് ? സാമൂഹ്യതലത്തില്‍ ആരോഗ്യപരിപാലനത്തിനുള്ള ശേഷി കേരളത്തിനുണ്ടെന്നതാണ്. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ഒരു ഭാഗത്ത്, പൊതുവിദ്യാഭാസത്തിന്റെ വ്യാപനം തുടങ്ങി നിരവധി ഘടകങ്ങള്‍ വേറെയും. ഇതെല്ലാം ചേര്‍ന്ന സാമൂഹ്യസാഹചര്യമാണ് കൊവിഡിനെ ചെറുത്തുനില്‍ക്കാന്‍ സഹായിച്ചത്. ലോക്ക്ഡൗണ്‍ പാലിച്ച് വീട്ടിലിരിക്കുമ്പോഴും ഭക്ഷണസാധനങ്ങള്‍ എത്തിച്ചുകൊടുക്കുക, മറ്റുള്ളവരുടെ ആരോഗ്യസ്ഥിതി അന്വേഷിക്കുക, ആരും പട്ടിണികിടക്കാതിരിക്കാന്‍ ശ്രദ്ധിക്കുക അന്യനോട് കരുതലുള്ള ആളായി തീരുക, അങ്ങനെയൊക്കെ ഈ സമൂഹത്തിന് സോഷ്യല്‍ കണ്‍സേണ്‍ ഉള്ളതുകൊണ്ടാണ് ഒന്നരമാസത്തോളമായി നമുക്ക് ഈ ജാഗ്രത നിലനിര്‍ത്താനാകുന്നത്. പത്തുമുപ്പത് വര്‍ഷമായുള്ള നമ്മുടെ നിയോ ലിബറലിസവും അതിന് മുന്‍പേയുള്ള വ്യക്തിഗത ജീവിതബോധവും ഇത്തരം ഇടപെടലുകളെ വലിയ തോതില്‍ നിരസിച്ചിരുന്നു. സാമൂഹികത എന്ന മൂല്യത്തിന് വലിയ പ്രാധാന്യം ഉണ്ടെന്നതും അതില്ലാതെ വ്യക്തിയുടെ ആരോഗ്യപരിപാലനമൊന്നും നടക്കില്ലെന്നുമുള്ള വലിയ തിരിച്ചറിവ് ഈ സാഹചര്യം നല്‍കുന്നുണ്ട്. ഭരണപരമായ കാര്യം എന്നതിനപ്പുറം വിശാലാര്‍ഥത്തില്‍ ഇതിന്റെ സോഷ്യോ പൊളിറ്റിക്കല്‍ ഡയമെന്‍ഷനെ ഭാവിയിലേക്കായി നമ്മള്‍ നിര്‍ധാരണം ചെയ്ത് എടുക്കേണ്ടതുണ്ട്. ഇതിന് പിന്നാലെ നമ്മുടെ സാമൂഹ്യരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അത് ചെയ്യേണ്ടതുണ്ട്. എന്തുകൊണ്ട് കേരളത്തില്‍ രോഗപ്രതിരോധം ഫലപ്രദമായി സാധ്യമായെന്ന് ചോദിക്കുമ്പോള്‍ ഈ ഘടകങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ഏറ്റവും അവശനായ മനുഷ്യനെയും പരിഗണിക്കേണ്ടതാണ് എന്ന സോഷ്യല്‍ അണ്ടര്‍സ്റ്റാന്‍ഡിംഗ് അവശേഷിച്ചതുകൊണ്ടാണ് അത് സാധ്യമായത്. അല്ലാതെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ ഉണ്ടായതുകൊണ്ടല്ല. പ്രാഥമികാരോഗ്യകേന്ദ്രങ്ങളും നമ്മുടെ ആശാവര്‍ക്കര്‍മാരും കുടുംബശ്രീക്കാരുമെല്ലാം ചേര്‍ന്നുണ്ടാക്കിയ സുരക്ഷിതത്വമാണ്. ആ തിരിച്ചറിവ് പൊതുസമൂഹത്തിലേക്ക് കൊണ്ടുവരാന്‍ ഈ സാഹചര്യത്തിന് കഴിയുമെന്നാണ് തോന്നുന്നത്.

ആളുകളില്‍ ശാസ്ത്രബോധം ഉണ്ടാകുന്നതിനേക്കാള്‍ ഈ തിരിച്ചറിവ് ഉണ്ടാകുമെന്ന തോന്നല്‍ എനിക്കുണ്ട്. ശാസ്ത്രം മാത്രം നില്‍ക്കുകയും ബാക്കിയെല്ലാം സാമൂഹ്യവിരുദ്ധമായി തുടരുകയും ചെയ്യാനാകില്ല. ഒരു സോഷ്യല്‍ കോണ്‍ടക്സ്റ്റിലേ ശാസ്ത്രം നില്‍ക്കുള്ളൂ. നമ്മുടെ ശാസ്ത്ര ബോധവ്യാപനത്തിലെ ഒരു പ്രശ്നം, ശാസ്ത്രീയ ബോധം മാത്രം വളര്‍ത്തിക്കൊണ്ടുവരിക എന്നതാണ്. ഒരേ സമയം ശാസ്ത്രീയബോധവും അതേസമയം വ്യക്തിവാദവും വളരില്ല. നിങ്ങള്‍ക്കൊരു ശാസ്ത്രീയ ബോധമുണ്ടെങ്കില്‍ സാമൂഹ്യബോധവുമുണ്ടാകും. സാമൂഹ്യബോധം ഉപേക്ഷിച്ച് ശാസ്ത്രീയബോധം മാത്രം വളര്‍ത്താന്‍ പറ്റില്ല. നിങ്ങള്‍ വ്യക്തിശുചിത്വത്തെക്കുറിച്ച് ആശങ്കയുള്ളയാളാവുക. എന്നാല്‍ നാട്ടിലെ വര്‍ഗീയതയെക്കുറിച്ചും ദാരിദ്ര്യത്തെക്കുറിച്ചും ഒരു ആശങ്കയും ഇല്ലാതിരിക്കുക എന്നുള്ളത് ശാസ്ത്രീയ ബോധമല്ല. അതൊരു ടെക്നിക്കല്‍ അണ്ടര്‍സ്റ്റാന്‍ഡിംഗാണ്. നമ്മള്‍ ശാസ്ത്രീയത എന്ന പേരില്‍ വളര്‍ത്തിയെടുത്തത് ഇത്തരത്തിലുള്ള ബോധ്യങ്ങളാണ്. കുളിക്കണം, പുറത്തുപോയിവന്നാല്‍ കൈ കഴുകണം, രാത്രിയില്‍ ബ്രഷ് ചെയ്യണം, ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ ആളുകളെ പരിശീലിപ്പിച്ചു. പക്ഷേ അപ്പുറമൊരാള്‍ പട്ടിണികിടക്കുന്നുണ്ടെന്നും അതില്‍ പ്രയാസപ്പെടണം എന്നും പരിശീലിപ്പിച്ചാലേ അത് ശാസ്ത്രീയതയാവൂ. അതല്ലാതെ ശാസ്ത്രീയതയെ ഒരു സാങ്കേതിക ജ്ഞാനം ആയി ചുരുക്കരുത്. അത് നമ്മുടെ നാട്ടില്‍ വേണ്ട പോലെ വന്നിട്ടില്ല. അങ്ങനെ വന്നാലേ മതത്തിന്റെ പിടിയെ നമുക്ക് അഴിക്കാനാകൂ. അല്ലെങ്കില്‍ ശാസ്ത്രീയ ബോധത്തിനൊപ്പം മതത്തിനും സുഖമായി ഓടാന്‍ പറ്റും. ശാസ്ത്രീയ ബോധവും അന്ധവിശ്വാസവും കൂടിയിണങ്ങി നില്‍ക്കും. നമ്മളിപ്പോള്‍ കാണുന്ന സമൂഹം അങ്ങനത്തെയാണ്. ശാസ്ത്രത്തില്‍ ഭയങ്കര ബിരുദമുള്ളയാളുകളൊക്കെയാണല്ലോ ഒന്നാംതരം അന്ധവിശ്വാസികളായി തുടരുന്നത്.

ആരോഗ്യം വ്യക്തിപ്രശ്‌നമല്ല, സാമൂഹ്യ വിഷയമാണെന്ന ബോധ്യമാണ് കേരളത്തിന്റെ വിജയം : ഡോ.സുനില്‍ പി ഇളയിടം
‘വാഴ്ത്തലുകൾക്കപ്പുറത്ത് അവശേഷിക്കുന്നത് ഈ കല്ലുകളും വടികളും വേദനയുമാണ്’
Q

വ്യക്തിശുചിത്വം ഈ സാഹചര്യം ആവശ്യപ്പെടുന്ന അനിവാര്യതയാണ്. നമുക്കുവേണ്ടിയും മറ്റുള്ളവര്‍ക്കുവേണ്ടിയും. എന്നാല്‍ വൃത്തി അതിവൃത്തിയായി പരിണമിക്കുകയും അതില്‍ ജാതിബോധം ഇടകലര്‍ന്ന് പ്രവര്‍ത്തിക്കാനും സാധ്യതയില്ലേ ?

A

ആ ഒരു ഘടകം ഇന്ത്യന്‍ സാഹചര്യത്തില്‍ ദീര്‍ഘകാലമായിട്ടുണ്ടല്ലോ. വൃത്തിയും ശുദ്ധിയും രണ്ട് കാര്യങ്ങളാണ്. വൃത്തിയെന്നത് അഴുക്കില്‍ നിന്നുള്ള നമ്മുടെ അകന്നുനില്‍ക്കലാണ്. എന്നാല്‍ ശുദ്ധിയെന്നത് ജാതിപ്രത്യയശാസ്ത്രം പ്രവര്‍ത്തിച്ചുണ്ടായതാണ്. വൃത്തിയെ ശുദ്ധിയിലേക്ക് കൊണ്ടുവരാനുള്ള സാധ്യത എപ്പോഴും ഇവിടെ കൂടിക്കലര്‍ന്ന് കിടപ്പുണ്ട്. വൃത്തിയെ ശുദ്ധി സങ്കല്‍പ്പവുമായി കൂടിക്കലരാന്‍ അനുവദിക്കാതിരിക്കാനാണ് ശാസ്ത്രീയ ബോധം അനിവാര്യമായിട്ടുള്ളത്. അത് സാമൂഹ്യ ബോധവുമാണ്. നേരത്തേ പറഞ്ഞ കൈകൂപ്പലിലൊക്കെ സാമൂഹ്യബോധമില്ലാത്ത ശാസ്ത്രീയ ബോധമാണുള്ളത്. സാമൂഹ്യബോധമുള്ള ശാസ്ത്രീയവാദത്തിന് ഒരിക്കലും വൃത്തിയെ ശുദ്ധിയാക്കാനാകില്ല. നമ്മുടെ നാട്ടില്‍ ശാസ്ത്രീയ ബോധവും സാമൂഹ്യ ബോധവും തമ്മിലുള്ള ബന്ധം തീരെ ദുര്‍ബലമായതിനാല്‍ വൃത്തിബോധത്തെ തന്നെ ശുദ്ധിബോധത്തിലേക്ക് കൂട്ടിയിണക്കാനും, ജാതീയമായ ശുദ്ധിബോധത്തെ വൃത്തി, വ്യക്തിശുചിത്വം എന്നീ ആശയങ്ങളുമായി കൂട്ടിക്കെട്ടാനും ചിലര്‍ ഉപയോഗിച്ചേക്കാം. അതിനര്‍ത്ഥം ഇതുരണ്ടും ഒന്നാണെന്നല്ല. നാരായണഗുരുവൊക്കെ വ്യക്തി ശുചിത്വത്തിന് വേണ്ടി അക്കാലത്തേ പറയുന്നുണ്ടല്ലോ. ആ കാലഘട്ടത്തിലൊക്കെ നിരവധി പേര്‍ വ്യക്തി ശുചിത്വത്തെ ആധുനികതയുടെ അടിസ്ഥാനമായി കണ്ടുവരുന്നു. അതൊരിക്കലും ജാതി ശുദ്ധിവാദമല്ല. അതിനെ രണ്ടായി കാണണം. പക്ഷേ അത് കൂട്ടിയിണക്കാനുള്ള വലിയ ശ്രമം നടക്കും. നമ്മുടെ നാട്ടിലേക്ക് വന്ന ആധുനികതയുടേതായ ഒരു കൊളോണിയല്‍ ശുദ്ധിസങ്കല്‍പ്പമുണ്ടല്ലോ. അത്തരത്തില്‍ പല ഐഡിയോളജികള്‍ കൂടിക്കല്‍ന്നതാണ് ശുദ്ധിസങ്കല്‍പ്പം എന്നത്. കിണ്ടിയില്‍ വെള്ളം വെയ്ക്കലും കൈകൂപ്പലിനുമൊക്കെ ശാസ്ത്രീയബോധം ചാര്‍ത്തുന്നത് വൃത്തിബോധത്തെ ശുദ്ധിബോധമാക്കുന്നതിനായുള്ള തന്ത്രങ്ങളാണ്. അത്തരം ശ്രമങ്ങളൊക്കെ നടക്കും.

Q

കൊവിഡ് 19 രോഗബാധയില്‍ സാമൂഹ്യമായ അകലം പാലിക്കലാണ് മാതൃകാ രോഗപ്രതിരോധ നടപടി. രാജ്യവും സംസ്ഥാനവുമെല്ലാം അടച്ചിട്ടിരിക്കുകയുമാണ്. സന്ദര്‍ഭം ആവശ്യപ്പെടുന്ന ഈ അകന്നിരിക്കല്‍ ഏതെങ്കിലും തരത്തില്‍ മനുഷ്യരെ സങ്കുചിതത്വത്തിലേക്ക് വഴിതിരിച്ചുവിടാന്‍ ഇടയുണ്ടോ ?

A

അങ്ങനെ തോന്നുന്നില്ല, ഇങ്ങനെയുള്ള അകലം പാലിക്കല്‍ മനുഷ്യനെ ഏകാന്തതയിലേക്കോ സ്വകാര്യതയിലേക്കോ കൊണ്ടുപോകാന്‍ പ്രയാസമാണ്. പൊതുവെ ഇങ്ങനെയുള്ള അടച്ചിരിപ്പ് ആളുകളെ അവരുടെ സാമൂഹിക ഇടപെടലുകളെയും അതുവഴിയുള്ള ജൈവികമായ ജീവിതത്തെയും കൂടുതല്‍ ഓര്‍മ്മിപ്പിക്കുകയേയുള്ളൂ. നമുക്ക് ചുറ്റുമുള്ള ലോകം വൈബ്രന്റ് ആയിരിക്കുമ്പോഴേ ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ നമുക്ക് ആനന്ദമൊക്കെ തോന്നൂ. ലോകമാകെ അടച്ചിരിക്കുമ്പോള്‍ അത് ഏകാന്തതയുടെ അനുഭവമായി കിട്ടാന്‍ വലിയ പ്രയാസമാണ്. വാസ്തവത്തില്‍ ഏകാന്തത എന്ന് പറയുന്നത് എപ്പോഴാണ് ? തിരക്കുള്ളൊരു ലോകത്തിന്റെ നടുക്കിരിക്കുമ്പോഴാണ് നമുക്ക് ഏകാന്തതയ്ക്ക് ആകര്‍ഷണീയത വരിക. ലോകം മുഴുവന്‍ നിശ്ചലമായിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് കിട്ടുന്നത് ഏകാന്തതയായിരിക്കില്ല. അതൊരു സ്തംഭനാവസ്ഥയാണല്ലോ. ആഴത്തില്‍ വായിക്കാനോ എഴുതാനോ ഒന്നും കഴിയുന്നില്ലെന്നാണ് ഞാന്‍ സംസാരിച്ചവരില്‍ മിക്കവാറും പേര്‍ പറഞ്ഞത്. സമയം ധാരാളമുണ്ട്. പക്ഷേ മനസ്സര്‍പ്പിച്ച് കാര്യഗൗരവമായി ആഴത്തില്‍ എഴുതാനോ വായിക്കാനോ ഒന്നും പറ്റുന്നില്ല. ലോകം സ്തംഭിച്ചുനില്‍ക്കുന്നത് കൊണ്ടാണ് അങ്ങനെ. നമ്മുടെയൊക്കെ ജീവിതം നങ്കൂരമിട്ടിരിക്കുന്നത് സാമൂഹ്യ ജീവിതത്തിലാണല്ലോ. ആ സോഷ്യല്‍ ലൈഫ് പറിച്ചുമാറ്റപ്പെട്ടാല്‍ നമ്മുടെ നങ്കൂരം തീര്‍ന്നു. പിന്നെ തെന്നി തെന്നി പോവുകയേ പറ്റൂ. സോഷ്യല്‍ ലൈഫ് സ്തംഭിച്ചുപോയാല്‍ നമ്മള്‍ ഒരു പൊങ്ങുതടിയാണ്. പിന്നെ ഒഴുകിയൊഴുകി പോകലാണുണ്ടാവുക. ഒരു മാസം അടച്ചിരുന്നു. നോവല്‍ എഴുതി, കഥയെഴുതി, പഠനമെഴുതി എന്നൊന്നും ഒരാളും പറഞ്ഞില്ല. ആഴത്തില്‍ വായിക്കാന്‍ പറ്റുന്നില്ല, എഴുതാന്‍ പറ്റുന്നില്ല എന്നാണ് എല്ലാവരും പറയുന്നത്. പലരും ചെയ്യുന്നത് ഇപ്പോള്‍ പച്ചക്കറി നടുകയും ചുറ്റുപാടും വൃത്തിയാക്കലുമൊക്കെയാണ്. വലിയ ഏകാന്തതയിലേക്കോ ഉള്‍വലിയലിലേക്കോ ആളുകള്‍ പോകുമെന്ന് തോന്നുന്നില്ല. വ്യക്തിയെന്ന നിലയില്‍ മനുഷ്യന് സോഷ്യല്‍ ലൈഫ് ആവശ്യമുണ്ട്. ഏകാന്തതയ്ക്ക് അര്‍ത്ഥം വേണമെങ്കില്‍ ഏകാന്തമല്ലാത്ത ഒരു ലോകം അപ്പുറം വേണം. ഇല്ലെങ്കില്‍ നിങ്ങളുടെ ഏകാന്തതയ്ക്ക് അര്‍ത്ഥവും അനുഭവവും ഉണ്ടാകില്ല. ഏകാന്തതയെന്ന് പറയുന്നത് ഒരു ഫിസിക്കല്‍ എക്സ്പീര്യന്‍സ് മാത്രമല്ല. അതിനുള്ളില്‍ ഒരു അനുഭൂതിയുടെ തലമുണ്ടല്ലോ. അപ്പുറം ശൂന്യമാകുമ്പോള്‍ അത് സാധ്യമല്ല. അത്തരത്തില്‍ ഇത് ഏകാന്തതയല്ല, ശൂന്യതയാണ്. അത് ആളുകള്‍ക്ക് താങ്ങാനാകില്ല. ഏകാന്തതയെന്നാല്‍ ശൂന്യതയല്ലല്ലോ.

ആരോഗ്യം വ്യക്തിപ്രശ്‌നമല്ല, സാമൂഹ്യ വിഷയമാണെന്ന ബോധ്യമാണ് കേരളത്തിന്റെ വിജയം : ഡോ.സുനില്‍ പി ഇളയിടം
കൊറോണാനന്തര ലോകത്തെ ആരാണ് നിർമ്മിക്കേണ്ടത് ?
Q

പ്രസംഗവേദികളില്‍ സജീവമായിരിക്കെയാണ് ഇങ്ങനെയൊരു അടച്ചിരിക്കല്‍ അനിവാര്യമായത്. വേദികളില്‍ നിന്നുള്ള അകന്നുനില്‍ക്കലിനെ എങ്ങനെയാണ് കാണുന്നത് ? ഓണ്‍ലൈന്‍ പ്രസംഗങ്ങളില്‍ ഏര്‍പ്പെടാറുണ്ടോ ?

A

ഓണ്‍ലൈന്‍ പ്രസംഗങ്ങളില്‍ സജീവമല്ല. ഏകപക്ഷീയമായി എനിക്ക് അങ്ങനെ പ്രസംഗിക്കാന്‍ പറ്റില്ല. സദസ്സിനോട്, അതിന്റെ ജൈവികമായ സ്വഭാവത്തോടാണല്ലോ സംസാരിക്കുന്നത്. ഓണ്‍ലൈന്‍ ഗ്രൂപ്പുകളിലൊക്കെ 10 മിനിട്ടിന്റെയൊക്കെ ചെറിയ വോയ്സ് മെസേജുകള്‍ കൊടുക്കുന്നുണ്ട്. അല്ലാതെ വലിയ പ്രസംഗങ്ങളൊന്നും കാര്യമായി നടത്തുന്നില്ല. ഗ്രൂപ്പുകളിലേക്ക് വോയ്സ് മെസേജ് കൊടുക്കാറുണ്ട്. എഫ്ബി ലൈവ് ഒന്നും നടത്താറില്ല. അപ്പുറത്ത് ഒരാളെ കാണാതെ പ്രസംഗിക്കുക ബുദ്ധിമുട്ടാണ്. ആളുകളോട് സംസാരിക്കുമ്പോള്‍ ജൈവികമായ ബന്ധം അതിലുണ്ട്. ശൂന്യലോകത്തോട് അങ്ങനെ സംസാരിക്കാനാകില്ല. നേരത്തേ പറഞ്ഞതതാണ്,ശൂന്യമാണ് അപ്പുറമെങ്കില്‍ സംസാരിക്കാന്‍ പറ്റില്ല, അപ്പുറത്ത് ഒരു മനുഷ്യനെ കണ്ട് സംസാരിക്കുന്നതും ഇതും തമ്മില്‍ വിലയ വ്യത്യാസമുണ്ട്. ശബരിമല വിഷയം മുതല്‍ ആഴ്ചയില്‍ അഞ്ചും ആറും പ്രസംഗങ്ങളുമായി ഓടിനടന്നതിന്റെ ചില്ലറ ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു. വ്യക്തിപരമായി ഇപ്പോള്‍ വിശ്രമം കിട്ടിയെന്ന കാര്യമുണ്ട്.പ്രസംഗം ഇല്ല എന്നതില്‍ ഒട്ടും വിഷമമില്ല. ശാരീരികവിശ്രമം ആവശ്യമായ കാലയളവിലാണ് ഇത്തരത്തില്‍ അടച്ചിരിപ്പ് അനിവാര്യമായത്.

Q

സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ നടപടികളെ എങ്ങനെയാണ് വിലയിരുത്തുന്നത് ?

A

രണ്ട് കാര്യങ്ങളുണ്ട്. ഭരണതലത്തില്‍ ആകാവുന്നത്ര ആലോചനയും കൂട്ടിയിണക്കലും നടക്കുന്നുണ്ട്. വരാനിരിക്കുന്ന രോഗവ്യാപ്തിയെ മുന്‍കൂട്ടി തിരിച്ചറിയാന്‍ പറ്റി. ജനുവരി 30 നാണല്ലോ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യത്തെ കേസോടെ തന്നെ ഇതിന്റെ ഒരു വ്യാപ്തി എങ്ങനെയായിരിക്കുമെന്ന് മനസ്സിലാക്കാനും നേരിടാനും തക്ക ആസൂത്രണം നടത്താനായത് വലിയ കാര്യമാണ്. അതിന്റെ എല്ലാ വിശദാംശങ്ങളും സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട്. നാല് മാസത്തേക്ക് ഭക്ഷ്യക്ഷാമം ഉണ്ടാകില്ല. എന്നാല്‍ ഇത് തുടരുകയാണെങ്കില്‍ ഭക്ഷ്യക്ഷാമം വരാം. ഇരുപത്തയ്യായിരം ഹെക്ടറിലെങ്കിലും കൃഷി ചെയ്യണം എന്നെല്ലാം മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തില്‍ ദീര്‍ഘവീക്ഷണത്തോടെയാണ് ഭരണതലത്തിലെ ഇടപെടലുകള്‍. കഴിഞ്ഞ ദിവസം ഡല്‍ഹിയിലുള്ള ഒരു സുഹൃത്ത് പറഞ്ഞത് അമേരിക്കയിലും യൂറോപ്പിലുമൊക്കെ യൂണിവേഴ്സിറ്റികള്‍ 2021 ജനുവരി മാസം മാത്രമേ ക്ലാസുകളും പുതിയ കോഴ്സുകളും ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുള്ളൂവെന്നാണ്. അതായത് ഇത് നമ്മള്‍ കരുതുന്നിടത്ത് നില്‍ക്കാന്‍ സാധ്യതയില്ല. നാം കരുതുന്ന അളവില്ല ഇത് വളരുന്നത്. പ്രവാസികള്‍ക്കായി രണ്ട് ലക്ഷം ബെഡുകള്‍ കണ്ടെത്തി. ഒരു ലക്ഷം കൂടി ഉണ്ടാക്കുന്നു. അത്തരത്തില്‍ ആകാവുന്ന വിശദാംശങ്ങളൊക്കെ ശേഖരിക്കുന്നു. അത് ഭരണമികവായി തോന്നുന്നു. അതാണ് ഒരുകാര്യം.

മറ്റൊന്ന്, ഇത് ഒറ്റദിവസം കൊണ്ട് ഉണ്ടായതല്ല. ഇതിന് പിന്നില്‍ ദീര്‍ഘകാല ചരിത്രമുണ്ട്. കേരളത്തിന്റെ സമരചരിത്രം, അവകാശബോധം, തൊഴിലാളികളുടെ കൂലി, സാമൂഹ്യാന്തസ്, ഇതെല്ലാം കൂടി ഉണ്ടാക്കിയെടുത്തതാണിത്. ആ സാമൂഹ്യ തലമാണ് ഇതിനെ ചെറുക്കുന്നതിന് അടിത്തറയായത്. അട്ടിമറിക്കാര്‍ എന്ന് പറഞ്ഞ് ചുമട്ട്തൊഴിലാളികളെ പുലഭ്യം പറയുക. സമരം ചെയ്യുന്ന ആളുകളെ മുഴുവന്‍ ചീത്തവിളിക്കുക. അങ്ങനെയെല്ലാം മധ്യവര്‍ഗം അവരെ പുഛിച്ച് പുറത്താക്കിയിരുന്നല്ലോ. ഈ സാമൂഹ്യ അടിത്തറയും ഭരണ ഇടപെടലുകളും കൂടി ചേര്‍ന്നതാണ് നമ്മുടെ വിജയത്തിന്റെ അടിസ്ഥാനം.സമരചരിത്രം, സംഘടനാ ചരിത്രം എല്ലാം ചേര്‍ന്നിട്ടാണ് കേരളത്തെ രക്ഷപ്പെടുത്തുന്നതെന്ന് പാട്രിക് ഹെല്ലറൊക്കെ ലേഖനത്തില്‍ നിരീക്ഷിച്ചിട്ടുണ്ടല്ലോ. മധ്യവര്‍ഗമലയാളി കാല്‍ക്കാശിന് വിലവെയ്ക്കാത്ത കാര്യങ്ങളാണ് അതൊക്കെ. സൗജന്യ റേഷന്‍ വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരില്‍ വലിയൊരു പങ്കാണല്ലോ സാലറി കൊടുക്കില്ലെന്ന് പറയുന്നത്. അത് എന്തൊരു അസംബന്ധമാണെന്ന് ആലോചിച്ചുനോക്കൂ. റേഷന്‍ കടയില്‍ പോയി സൗജന്യ അരിയും കിറ്റുമെല്ലാം മേടിക്കും, എന്നാല്‍ സാലറിയില്‍ ഒരു വിഹിതം കൊടുക്കണമെന്ന് പറയുമ്പോള്‍ അതിന് ആകാവുന്നത്ര തടസം പറയുകയും ചെയ്യും. സാമൂഹികതയുടെ എല്ലാ സൗജന്യങ്ങളും പങ്കുപറ്റും. കുട്ടികളെ പൊതുവിദ്യാലയങ്ങളില്‍ പഠിപ്പിക്കുമ്പോള്‍ അതിന്റെ സൗജന്യം പറ്റും, കുട്ടികളുടെ ബസ് ചാര്‍ജിലെ ഇളവ് സ്വീകരിക്കും. അങ്ങനെ സാമൂഹികമായ എല്ലാ ആനുകൂല്യങ്ങളും പറ്റും, എന്നാല്‍ ആ സാമൂഹികതയ്ക്ക് എന്തെങ്കിലും പ്രതിസന്ധിയുണ്ടായി പിന്‍തുണ ആവശ്യപ്പെടുമ്പോള്‍ വിപ്രതിപത്തിയും വിയോജിപ്പും അതിനെ പാരവെയ്ക്കാനുമുള്ള ശ്രമങ്ങളും നടത്തും. അടിസ്ഥാന വര്‍ഗം അധ്വാനിച്ച് നേടുന്ന പണത്തില്‍ നിന്നുള്ള വിഹിതമാണ് ശമ്പളമായി കിട്ടുന്നത്. അവര്‍ക്കൊരു പ്രതിസന്ധി വരുമ്പോള്‍ സ്ഥിരവരുമാനമുള്ളവര്‍ അതില്‍ നിന്നൊരു പങ്ക് കൊടുക്കാന്‍ സന്നദ്ധരാകണം. അതൊരു പ്രാഥമിക ഉത്തരവാദിത്വമാണ്. അത് ഔദാര്യമല്ല. നമ്മുടെ മധ്യവര്‍ഗം അതിന്‌ തയ്യാറല്ല. തയ്യാറല്ലായ്മയ്ക്കുള്ള മറ മാത്രമാണ് രാഷ്ട്രീയഎതിര്‍പ്പ്. സാമൂഹികത എന്ന ആശയത്തെ ഈ സന്ദര്‍ഭത്തില്‍ നിന്ന് ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട് ഭാവിയിലേക്ക്. ഭരണതലത്തില്‍ പോരായ്മകള്‍ അവിടവിടെയൊക്കെ ഉണ്ടാകും. ഇത്ര വിപുലമായി ചെയ്യുമ്പോള്‍ ചെറിയ വീഴ്ചകളൊക്കെ സംഭവിച്ചേക്കാം. എന്നാല്‍ ചെയ്യാവുന്നതിന്റെ പരമാവധി സര്‍ക്കാര്‍ മികവോടെ ചെയ്യുന്നുണ്ട്. ചെറിയ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടാകാം. ഉദാഹരണത്തിന് പൊലീസിന്റെ പെരുമാറ്റത്തിലൊക്കെ ചില പരാതികള്‍ കണ്ടിരുന്നല്ലോ. അതെല്ലാം നൂറ് ശതമാനം ഇല്ലാതാക്കി ഇതുപൊലൊരു സാഹചര്യം നേരിടാനാകില്ല.രണ്ടരലക്ഷം സന്നദ്ധ പ്രവര്‍ത്തകരെ ഉണ്ടാക്കി. ഇത്രയേറെ കമ്മ്യൂണിറ്റി കിച്ചണുകളുണ്ടാക്കി. അതിഥിതൊഴിലാളികള്‍ക്ക് ക്യാംപുകളുണ്ടാക്കി. അവര്‍ക്കൊക്കെ ഭക്ഷണം കൊടുക്കുന്നു ഇതൊന്നും ചെറിയ ആസൂത്രണമല്ലല്ലോ. ഒന്നരമാസമായി ഇത് നടക്കുന്നുവെന്നത് ചെറിയ കാര്യമല്ല. വലിയ വീഴ്ചകളില്ലാതെ ഇതെല്ലാം ചെയ്യാന്‍ പറ്റിയല്ലോ.

ആരോഗ്യം വ്യക്തിപ്രശ്‌നമല്ല, സാമൂഹ്യ വിഷയമാണെന്ന ബോധ്യമാണ് കേരളത്തിന്റെ വിജയം : ഡോ.സുനില്‍ പി ഇളയിടം
കൊറോണ: അമേരിക്കയില്‍ വീണ `അണു’ബോംബ്
Q

സ്പ്രിങ്ക്ളറിന് രോഗീവിവരങ്ങള്‍ കൈമാറുന്നത് സംബന്ധിച്ച വിവാദത്തെ എങ്ങനെയാണ് കാണുന്നത്. ഏറ്റവും പ്രാധാന്യമുള്ള ആരോഗ്യവിവരങ്ങള്‍ ചോരാന്‍ ഇടവരുത്തിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത് ?

A

അതിലെ സാങ്കേതികത്വം പറയാനുള്ള വൈദഗ്ധ്യം എനിക്കില്ല. എന്നാല്‍ ഇനി അത്തരമൊരു സാങ്കേതിക പ്രശ്നം ഉണ്ടെങ്കില്‍, പരിഹരിക്കാന്‍ കഴിയാത്ത മഹാകാര്യമൊന്നുമല്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അക്കാര്യം രാഷ്ട്രീയ തര്‍ക്കമായി ഉന്നയിക്കുന്നതായിട്ടാണ് തോന്നുന്നത്. സര്‍ക്കാരിന് കൈവന്ന മേല്‍ക്കൈ പൊളിറ്റിക്കല്‍ മൈലേജ് ആയി മാറുമോ എന്ന ഭീതിയില്‍ നിന്നുള്ള ആക്രമണമായിട്ടാണ് തോന്നുന്നത്. എന്തെങ്കിലും മഹാപാതകം അതിനകത്തുള്ളതായി തോന്നുന്നില്ല. ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ ഒത്തുപോക്കിന്റെ സാഹചര്യമാണ് ഉണ്ടാകേണ്ടത്. അതീവ പ്രാധാന്യമുള്ള ആരോഗ്യവിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമല്ലോയെന്നതെല്ലാം വലിയൊരളവോളം ഇതിന് പുറത്തുണ്ടായ പ്രതീതികളാണ്. ഡാറ്റാ അപ് ലോഡിങ് സ്റ്റേ ചെയ്തു എന്ന നിലയില്‍ ചാനലുകളില്‍ വാര്‍ത്ത വന്നു. പിന്നീട് അതില്ല. അത് കെട്ടിച്ചമച്ചതാണെന്ന് വന്നു. ഇത്തരത്തില്‍ കെട്ടിച്ചമയ്ക്കലുകളുടെ ഒരുപാട് അനുഭവങ്ങള്‍ നമുക്കുണ്ടല്ലോ. നിപ്പയെന്നത് ഒരു പ്രദേശത്ത് മാത്രമുണ്ടായതാണ്. അതിനെ അവിടെ നിയന്ത്രിച്ചുനിര്‍ത്താനാകുമായിരുന്നു. കൊവിഡ് ലോകം മുഴുവന്‍ വ്യാപിച്ച മഹാമാരിയാണല്ലോ. സാമ്പത്തികരംഗം, കാര്‍ഷികരംഗം, വിദ്യാഭ്യാസരംഗം അങ്ങനെ എല്ലാ മേഖലകളെയും ബാധിക്കുന്നതാണ്. ഒരു വലിയ സീ ചേഞ്ച് വരാനിരിക്കുന്നു എന്ന് ചിന്തിക്കുന്നതിന് പകരം അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരുന്നു എന്ന അജണ്ട പ്രധാനമായാല്‍ ഒരു രക്ഷയുമില്ല. അത് വലിയ പ്രശ്നമാണ്. യുവാല്‍ നോഹ് ഹരാരിയൊക്കെ വളരെ വിപത്കരമായ ഒരു ഭാവിയാണ് പ്രവചിക്കുന്നത്.

Q

അധ്യാപനം, പ്രസംഗങ്ങള്‍ അങ്ങനെ തിരക്കേറിയ ജീവിതമായിരുന്നല്ലോ. ലോക്ക് ഡൗണില്‍ ഒരു ദിവസത്തെ എങ്ങനെയാണ് ഡിസൈന്‍ ചെയ്യുന്നത് ?

A

നേരത്തേ നാല് നാലരയ്ക്ക് ഒക്കെ എഴുന്നേല്‍ക്കുമായിരുന്നു. ഇപ്പോഴത് ആറ് ആറരയൊക്കെയായി. പത്രവായനയും ചായകുടിയുമൊക്കെ കഴിഞ്ഞ് ഏഴര എട്ട് ഒക്കെയാകുമ്പോള്‍ എഴുതാനുള്ളത് എഴുതും. ചെറിയ കുറിപ്പുകളൊക്കെയാണ്. പലതും കുടിശ്ശികയായിക്കിടന്ന അസൈന്‍മെന്റുകളാണ്. അരമുക്കാല്‍ മണിക്കൂറില്‍ കൂടാറില്ല. പിന്നെ കുറച്ച് വീട്ടുപണികളൊക്കെ ചെയ്യും. കുറച്ച് മരാമത്ത് പണികളൊക്കെ നടന്നിരുന്നു. അതിന്റെ അവശിഷ്ടങ്ങള്‍ ചിട്ടപ്പെടുത്താനുണ്ടായിരുന്നു. പന്തണ്ട് മണിവരെയൊക്കെ അതൊക്കെ ചെയ്യും. പിന്നെ കുളികഴിഞ്ഞ് വിശദമായ പത്രവായനയൊക്കെ കഴിഞ്ഞ് ഊണിന് ശേഷം മയങ്ങും. നാല് മുതല്‍ ആറ് മണിവരെ വായിക്കാറുണ്ട്. പിന്നെ ആറ് മണിയാകുമ്പോള്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം കാണും. ഏഴ് മണിയാകുമ്പോള്‍ നടക്കാന്‍ പോകും. മുക്കാല്‍ മണിക്കൂറോളം നടക്കും. പിന്നെ കുളിയും കഴിഞ്ഞ് സുഹൃത്തുക്കളോടൊക്കെ ഫോണില്‍ സംസാരിക്കും. പത്തുമണിയാകുമ്പോള്‍ ഭക്ഷണം കഴിച്ച് കിടക്കും. ജോലിക്ക് പോകുമ്പോള്‍ ചെയ്തിരുന്നത് പോലെ രാവിലെ കുറച്ച് സമയം എഴുതുക. വൈകീട്ട് വായിക്കുക, അത് തന്നെയാണ് ഇപ്പോഴും ചെയ്യുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in