ജിഎസ്ടി പരിഷ്‌കരണം നികുതി ഭാരം കുറയ്ക്കല്‍ അല്ല, ട്രംപിന് വഴി വെട്ടുകയാണ്

ജിഎസ്ടി പരിഷ്‌കരണം നികുതി ഭാരം കുറയ്ക്കല്‍ അല്ല, ട്രംപിന് വഴി വെട്ടുകയാണ്
Published on
Summary

നികുതി വരുമാനത്തിലുണ്ടാകാവുന്ന പ്രത്യാഘാതം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഒരു പഠനവും ഇല്ലാതെയാണ് പുതിയ ജിഎസ്ടി പരിഷ്‌കരണ പ്രഖ്യാപനം നടത്തിയിട്ടുള്ളത്. ഇപ്പോള്‍ നിര്‍ദേശിച്ചിട്ടുള്ള നികുതി പരിഷ്‌കരണങ്ങള്‍ നടപ്പായാല്‍ കേരളത്തിന് ഏതാണ്ട് 8,000 മുതല്‍ 9,000 കോടി രൂപയുടെ അധിക വരുമാന നഷ്ടം ഉണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

സെപ്തംബര്‍ മൂന്ന്, നാല് തീയതികളില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നിര്‍ണായകമായ ചില നികുതി പരിഷ്‌കാര നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്. നിലവിലുള്ള ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്കുകളുടെ തട്ടുകള്‍ പകുതിയാക്കാനുള്ള നിര്‍ദേശമായിരിക്കും പരിഗണിക്കുക. ജിഎസ്ടിക്ക് നിലവില്‍ നാല് നികുതി നിരക്കുകളുണ്ട്. അഞ്ച്, 12, 18, 28 എന്നിങ്ങനെ. ഇത് രണ്ടു നിരക്കുകളായി കുറയ്ക്കണമെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം. ജിഎസ്ടിയെ രണ്ട് സ്ലാബുകളില്‍ മാത്രമായി നിലനിര്‍ത്താനാണ് കേന്ദ്രം നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതായത് അഞ്ച്, 18 എന്നിങ്ങനെ നികുതി നിരക്കുകള്‍ മതിയെന്നതാണ് നിലപാട്. ഇതിന് ജിഎസ്ടി കൗണ്‍സിലിന്റെ അംഗീകാരം തേടാനായാണ് ഇപ്പോള്‍ യോഗം വിളിച്ചിട്ടുള്ളത്.

കേരള ലോട്ടറിയെയും പുതിയ നികുതി നിര്‍ദേശം സാരമായി ബാധിക്കാം. നിലവിലെ 28 ശതമാനം നികുതി 40 ശതമാനമായി ഉയര്‍ത്താനാണ് നീക്കം. ഇത് കേരള ലോട്ടറിയെ തകര്‍ക്കും. ഏജന്റുമാരും വില്‍പനക്കാരുമടക്കം രണ്ട് ലക്ഷത്തില്‍പരം പേരുടെ കുടുംബത്തിന്റെ ജീവനോപാധിയാണ് കേരള ലോട്ടറി.

ജിഎസ്ടി സമ്പ്രദായം സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാക്കുന്ന വരുമാന നഷ്ടം സംബന്ധിച്ച്, അത് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്ന ഘട്ടത്തില്‍തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. സംസ്ഥാനങ്ങള്‍ പിച്ചച്ചട്ടിയുമായി കേന്ദ്ര സര്‍ക്കാരിനുമുന്നില്‍ യാചിക്കേണ്ടുന്ന അവസ്ഥ വരുമെന്നത് അന്നേ പാര്‍ലമെന്റിന്റെ അടക്കം ശ്രദ്ധയില്‍ കൊണ്ടുവന്നതുമാണ്. അത് ഏതാണ്ടെല്ലാം യാഥാര്‍ത്ഥ്യമായ ഘട്ടമാണിത്. അതിനിടയിലാണ് കൂനിന്‍മേല്‍ കുരുപോലെ കേരളം പോലുള്ള സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ വന്‍തിരിച്ചടിക്ക് കാരണമാകാവുന്ന മറ്റൊരു തീരുമാനം അടിച്ചേല്‍പ്പിക്കുന്നത്. ജിഎസ്ടി നടപ്പാക്കുന്ന ഘട്ടത്തില്‍ വരുമാന നഷ്ടമില്ലാത്ത നികുതി നിരക്ക് (റവന്യു നൂട്രല്‍ റേറ്റ്) 15.3 ശതമാനമായാണ് കണക്കാക്കിയിരുന്നത്. 201718ല്‍ നികുതിഘടന പരിഷ്‌കരിച്ചപ്പോള്‍ റവന്യു ന്യൂട്രല്‍ റേറ്റ് 11.3 ശതമാനമായി താഴ്ന്നു. സംസ്ഥാന വരുമാനത്തെ വലിയതോതില്‍ ബാധിക്കുന്നതായി പരിഷ്‌കരണം മാറി. 14 ശതമാനം നികുതി വരുമാന വാര്‍ഷിക വളര്‍ച്ച ഉറപ്പാക്കുമെന്നാണ് നടപ്പാക്കുന്ന ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്. ഈ ലക്ഷ്യം എത്താത്ത സ്ഥിതിയില്‍ കുറവു വരുന്ന വരുമാനത്തിന് ആനുപാതികമായി പ്രഖ്യാപിച്ച നഷ്ടപരിഹാര പദ്ധതി അഞ്ചാം വര്‍ഷം അവസാനിപ്പിച്ചു. കേന്ദ്രം വാഗ്ദാനം ചെയ്ത വരുമാന വളര്‍ച്ച സാധ്യമായതുമില്ല.

ജിഎസ്ടിയുടെ നിരക്ക് യുക്തി സഹമാക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിന് ഒരു മന്ത്രിതല സമിതിയെ ജിഎസ്ടി കൗണ്‍സിലില്‍ ചുമതലപ്പെടുത്തിയിരുന്നു. കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളുടെ ധനമന്ത്രിമാര്‍ ഉള്‍പ്പെട്ടതാണീ സമിതി. 2017-18ല്‍ 28 ശതമാനം നികുതി നിരക്കിലുണ്ടായിരുന്ന 224 ആഡംബര ഉല്‍പന്നങ്ങളില്‍ 178 എണ്ണത്തിന്റെ നികുതി 18 ശതമാനത്തിലേക്ക് താഴ്ത്തി. ഈ നികുതി മാറ്റത്തിലൂടെ സാധനങ്ങളുടെ വില കുറയുമെന്ന ന്യായം ഉയര്‍ത്തിയായിരുന്ന അന്നത്തെ നികുതി കുറയ്ക്കല്‍ തീരുമാനം നടപ്പാക്കിയത്. നേര്‍വിപരീത ഫലമാണ് ഉണ്ടായത്. കേരളം പ്രത്യേക താല്‍പര്യമെടുത്ത് ഇക്കാര്യത്തില്‍ ഒരു പരിശോധന നടത്തി. റഫ്രിജറേറ്റര്‍ ഉള്‍പ്പെടെ 25 ഇനങ്ങള്‍ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍, ഒന്നിനുപോലും വില കുറഞ്ഞില്ലെന്ന് കണ്ടെത്തി. പകരം ഇവ ഉല്‍പാദിപ്പിക്കുന്ന കമ്പനികള്‍ക്കാണ് നേട്ടം ഉണ്ടായത്. 2018-19ല്‍ കേരളത്തിന് ലഭിച്ച ജിഎസ്ടി നഷ്ട പരിഹാരം 3532 കോടി രൂപയായിരുന്നു. അടുത്തവര്‍ഷം, 2018-20ല്‍ നഷ്ടപരിഹാരം 8111 കോടി രൂപയായി ഉയര്‍ന്നു. 2017-18ല്‍ നടപ്പാക്കിയ നികുതി കുറയ്ക്കലാണ് അടുത്ത വര്‍ഷങ്ങളില്‍ നഷ്ടപരിഹാരം ഉയര്‍ത്തിയത്. നിരക്ക് കുറയ്ക്കുന്നതുമൂലം ഉല്‍പന്നങ്ങളുടെ വിലയില്‍ മാറ്റമുണ്ടാകുന്നില്ലെന്നത് കേരളം ജിഎസ്ടി കൗണ്‍സിലിനെയും നിരക്ക് യുക്തിസഹമാക്കുന്നതിനായി ശുപാര്‍ശകള്‍ക്ക് ചുമതലപ്പെടുത്തിയ മന്ത്രിതല സമിതിയെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. ഈ മന്ത്രിതല സമിതിയെയും, ജിഎസ്ടി കൗണ്‍സിലിനെയും നോക്കുകുത്തിയാക്കിയാണ് സ്വാതന്ത്ര്യദിനത്തില്‍ ജിഎസ്ടി പരിഷ്‌കരണ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്.

ഇന്‍ഷുറന്‍സ് പ്രീമിയത്തിന് ജിഎസ്ടി ഒഴിവാക്കുമ്പോള്‍ കേരളത്തിനു മാത്രം 500 കോടി രൂപയ്ക്കടുത്ത് വരുമാന നഷ്ടമുണ്ടാകും. കേരളമടക്കം പല സംസ്ഥാനങ്ങളും ദരിദ്ര വിഭാഗങ്ങള്‍ക്കായി പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നികുതി വരുമാനത്തിലുണ്ടാകാവുന്ന പ്രത്യാഘാതം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഒരു പഠനവും ഇല്ലാതെയാണ് പുതിയ ജിഎസ്ടി പരിഷ്‌കരണ പ്രഖ്യാപനം നടത്തിയിട്ടുള്ളത്. ഇപ്പോള്‍ നിര്‍ദേശിച്ചിട്ടുള്ള നികുതി പരിഷ്‌കരണങ്ങള്‍ നടപ്പായാല്‍ കേരളത്തിന് ഏതാണ്ട് 8,000 മുതല്‍ 9,000 കോടി രൂപയുടെ അധിക വരുമാന നഷ്ടം ഉണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഒട്ടോമൊബൈല്‍ മേഖലയിലെ 28 ശതമാനം നികുതി 18 ശതമാനത്തിലേക്ക് താഴ്ത്തിയാല്‍, പ്രതിവര്‍ഷം 1100 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകാം. സിമന്റ് ഉള്‍പ്പെടെയുള്ള വൈറ്റ് ഗുഡ്സ് മേഖലയിലും വലിയ വരുമാന നഷ്ടമുണ്ടാകും. കേരളത്തിലെ വില്‍പന നടത്തുന്ന ഉപഭോഗ ഉല്‍പന്നങ്ങളുടെ വലിയൊരു ഭാഗം 1828 നികുതി നിരക്കില്‍ ഉള്‍പ്പെടുന്നതാണ്. ഈ ഉല്‍പന്നങ്ങളുടെ ജിഎസ്ടി വലിയതോതില്‍ കുറയ്ക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് വലിയ വരുമാന നഷ്ടം വരുത്തും.

ജിഎസ്ടി പരിഷ്‌കരണം നികുതി ഭാരം കുറയ്ക്കല്‍ അല്ല, ട്രംപിന് വഴി വെട്ടുകയാണ്
സ്വവര്‍ഗ്ഗ ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് വിധിച്ച ജഡ്ജി, ആരാണ് ജസ്റ്റിസ് ലോകൂറിൻ്റെ വെളിപ്പെടുത്തലില്‍ നായകനായ ജസ്റ്റിസ് മുരളീധര്‍?

ഇന്‍ഷുറന്‍സ് പ്രീമിയത്തിന് ജിഎസ്ടി ഒഴിവാക്കുമ്പോള്‍ കേരളത്തിനു മാത്രം 500 കോടി രൂപയ്ക്കടുത്ത് വരുമാന നഷ്ടമുണ്ടാകും. കേരളമടക്കം പല സംസ്ഥാനങ്ങളും ദരിദ്ര വിഭാഗങ്ങള്‍ക്കായി പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളം 42 ലക്ഷത്തില്‍പരം കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപയുടെ വരെ സൗജന്യ ചികിത്സ ഉറപ്പാക്കാനായി ഏതാണ്ട് 1500 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ നിന്നുള്ള നികുതി വരുമാന നഷ്ടം കൂടിയാകുമ്പോള്‍ ഇത്തരം പദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് പ്രയാസമാകും.

കേരള ലോട്ടറിയെയും പുതിയ നികുതി നിര്‍ദേശം സാരമായി ബാധിക്കാം. നിലവിലെ 28 ശതമാനം നികുതി 40 ശതമാനമായി ഉയര്‍ത്താനാണ് നീക്കം. ഇത് കേരള ലോട്ടറിയെ തകര്‍ക്കും. ഏജന്റുമാരും വില്‍പനക്കാരുമടക്കം രണ്ട് ലക്ഷത്തില്‍പരം പേരുടെ കുടുംബത്തിന്റെ ജീവനോപാധിയാണ് കേരള ലോട്ടറി.

ജിഎസ്ടി നിരക്ക് ഇനിയും കുറയ്ക്കുന്നതിനെ കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ പോലും അനുകൂലിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പുതിയ പരിഷ്‌കാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 60,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാല്‍, ഏതാണ്ട് നാലു ലക്ഷം കോടിയില്‍പരം രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് പൊതുവിലയിരുത്തല്‍.

ഇതിന്റെ യാഥാര്‍ത്ഥ ഭാരം ചുമക്കേണ്ടി വരിക കേരളം പോലുള്ള സംസ്ഥാനങ്ങളാണ്. കേന്ദ്രസര്‍ക്കാരിന് മറ്റ് വരുമാന മാര്‍ഗങ്ങളുണ്ട്. പൊതുമേഖലാ ബാങ്കുകളുടെയും സ്ഥാപനങ്ങളുടെയും ലാഭവിഹിതമായി കഴിഞ്ഞവര്‍ഷം 2.89 ലക്ഷം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത്. ഈ വര്‍ഷം 3.25 ലക്ഷം കോടി രൂപ ലഭിക്കുമെന്ന് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. കഴിഞ്ഞവര്‍ഷം റിസര്‍വ് ബാങ്ക് കരുതല്‍ ധനത്തില്‍നിന്നും 2.69 ലക്ഷം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാരിന് നല്‍കിയത്. ഇതിനെല്ലാം പുറമെയാണ് വിവിധ സെസുകളിലൂടെ വന്‍ തുക പിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ആകെ വരുമാനത്തിന്റെ 20 ശതമാനത്തോളം സെസുകളില്‍ നിന്നാണ് ലഭിക്കുന്നത്. 2016-17 മുതല്‍ 2022-23 വരെ പിരിച്ച സെസിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ 15.34 ലക്ഷം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത്. ഈ വലിയ തുകകളില്‍ ഒരു രൂപപോലും സംസ്ഥാനങ്ങള്‍ക്ക് വിഭജിച്ച് നല്‍കിയിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ ഇഷ്ടംപോലെ ചെലവഴിക്കുകയായിരുന്നു.

ട്രംപ് പ്രഖ്യാപിച്ച തീരുവ യുദ്ധവും, പ്രധാനമന്ത്രി പ്രഖ്യാപിച്ച ജിഎസ്ടി പരിഷ്‌കരണവും ഫലത്തില്‍ കേരളത്തിന് ഇരട്ട ഇരുട്ടടിയാണ്. പകരച്ചുങ്കവും എണ്ണച്ചുങ്കവും നമ്മുടെ കയറ്റുമതി മേഖലയെ വല്ലാതെ ബാധിക്കും.

ജിഎസ്ടി പരിഷ്‌കരണം പാവപ്പെട്ടവര്‍ക്കും മധ്യ വരുമാനക്കാര്‍ക്കും നേട്ടം ഉണ്ടാക്കുമെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. എന്നാല്‍, ഇത് നികുതി ഭാരം കുറയ്ക്കല്‍ ലക്ഷ്യമിട്ടുള്ള നടപടിയല്ല. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു മുന്നില്‍ രാജ്യത്തിന്റെ കീഴടങ്ങലാണ്. മരിച്ച സമ്പദ്ഘടന എന്നാണ് ഇന്ത്യന്‍ സമ്പദ്ഘടനയെ ട്രംപ് പരിഹസിച്ചത്. നമ്മുടെ ഉയര്‍ന്ന നികുതി നിരക്കാണ് ഈ മരവിപ്പിന് കാരണമെന്നും, അത് കുറയ്ക്കണമെന്നുമാണ് ട്രംപ് ആവശ്യപ്പെട്ടത്. പകരച്ചുങ്കവും എണ്ണച്ചുങ്കവും അടിച്ചേല്‍പ്പിക്കുക വഴി ട്രംപ് ലക്ഷ്യമിട്ടത് ഈ നികുതികള്‍ കുറപ്പിക്കുക, അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഇന്ത്യയിലേക്ക് യഥേഷ്ടം എത്തിച്ച് വില്‍ക്കാനുള്ള അവസരമൊരുക്കുക എന്നതാണ്. ട്രംപ്-മോദി കൂട്ടുകെട്ട് അത് യാഥാര്‍ത്ഥ്യമാക്കുകയാണ്. ഇത് ട്രംപിനു വേണ്ടിയുള്ള മോദിയുടെ പാത തെളിക്കലാണ്.

മോദിക്ക് രാജ്യതാല്‍പര്യം മാത്രമല്ല, വ്യക്തിതാല്‍പര്യവും ഇക്കാര്യത്തിലുണ്ട്. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാരം 11.47 ലക്ഷം കോടി രൂപയുടേതാണ്. ഇതില്‍ 7.3 ലക്ഷം കോടി അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി മൂല്യമാണ്. അതില്‍ ചരക്കുകളും സേവനങ്ങളും ഉള്‍പ്പെടുന്നു. അതേ സമയം യുഎസില്‍നിന്നുള്ള ഇറക്കുമതി മൂല്യം 3.94 ലക്ഷം കോടി രൂപയായിരുന്നു. 3.58 ലക്ഷം കോടി രൂപയുടെ വ്യാപാര മിച്ചം ഇന്ത്യയ്ക്ക് അമേരിക്കയുമായി ഉണ്ടായിരുന്നു. ഇതില്‍ മാറ്റമാണ് ട്രംപ് ആഗ്രഹിക്കുന്നത്.

ഒപ്പം ട്രംപിന് വ്യക്തിപരമായും ഇന്ത്യന്‍ വിപണിയില്‍ താല്‍പര്യമുണ്ട്. ട്രംപിന്റെ കമ്പനിക്ക് ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ഒന്നാംകിട ബില്‍ഡര്‍മാരുമായി പങ്കാളിത്തമുണ്ട്. ഇത്തരം ദേശീയവും വ്യക്തിപരവുമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ട്രംപിന് ഇന്ത്യന്‍ വിപണി പൂര്‍ണമായും തുറന്നു കിട്ടണം. തങ്ങളുടെ ഇന്ത്യയുമായുള്ള വ്യാപാര കമ്മി മറികടന്ന് വ്യാപാര മിച്ചത്തിലേക്ക് കച്ചവടം കൊഴുപ്പിക്കണം. അതിന് ഇന്ത്യയിലെ ജിഎസ്ടി നികുതി ഘടനയില്‍ പൊളിച്ചെഴുത്ത് വേണം. നികുതി നിരക്കുകള്‍ വന്‍തോതില്‍ കുറയ്ക്കണം. അതിനുള്ള വഴിയൊരുക്കലിനായാണ് തീരുവ യുദ്ധം പ്രഖ്യാപിച്ചത്. ഉഭയകക്ഷി വ്യാപാര കരാര്‍ ചര്‍ച്ചകളെ ആയുധമാക്കി സമ്മര്‍ദ്ദതന്ത്രം പ്രയോഗിക്കുന്നതിന്റെ ഭാഗമായാണ് തീരുവ യുദ്ധവും പ്രഖ്യാപിച്ചത്.

ട്രംപ് പ്രഖ്യാപിച്ച തീരുവ യുദ്ധവും, പ്രധാനമന്ത്രി പ്രഖ്യാപിച്ച ജിഎസ്ടി പരിഷ്‌കരണവും ഫലത്തില്‍ കേരളത്തിന് ഇരട്ട ഇരുട്ടടിയാണ്. പകരച്ചുങ്കവും എണ്ണച്ചുങ്കവും നമ്മുടെ കയറ്റുമതി മേഖലയെ വല്ലാതെ ബാധിക്കും. 2023-24ല്‍ അമേരിക്കയിലേക്ക് ഇന്ത്യയില്‍നിന്ന് 36,958 കോടി രൂപയുടെ സുഗന്ധവ്യഞ്ജനങ്ങള്‍ കയറ്റുമതി ചെയ്തിരുന്നു. ഇതില്‍ കേരളത്തിന്റെ പങ്ക് 6410 കോടി രൂപയുടേതാണ്. 17.34 ശതമാനം. ചൈന കഴിഞ്ഞാല്‍ കേരളത്തില്‍ നിന്നാണ് അമേരിക്ക ഏറ്റവും കൂടുതല്‍ സുഗന്ധവ്യഞ്ജനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. സമുദ്രോല്‍പന്നങ്ങളുടെ കാര്യത്തില്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ 12 ശതമാനം കേരളമാണ് സംഭാവന ചെയ്യുന്നത്. 2023-24ല്‍ 7232 കോടി രൂപയുടെ കയറ്റുമതിയുണ്ടായി. അമേരിക്കന്‍ അധികച്ചുങ്കനയം കേരളത്തിന്റെ സമുദ്രോല്‍പന്ന കയറ്റുമതി വ്യവസായത്തെ സാരമായി ബാധിക്കും. കയര്‍ വ്യവസായവും ഭീഷണിയിലാണ്. മാറ്റ്സ്, ബ്രഷ്, കൊക്കോ പിറ്റ് ഉള്‍പ്പെടെയുള്ള കയര്‍ ഉല്‍പന്നങ്ങളാണ് നിലവില്‍ അമേരിക്കയിലേക്ക് അയക്കുന്നത്. അത് നിലയ്ക്കും. ചെറുകിട, സഹകരണ കയര്‍ സ്ഥാപനങ്ങളുടെയും കയര്‍ തൊഴിലാളികളുടെയും ഭാവി അനശ്ചിതത്വത്തിലാക്കുന്നു. ഇതെല്ലാം നമ്മുടെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ചയെ തളര്‍ത്തും.

നമ്മുടെ നികുതി വരുമാന നഷ്ടം സര്‍ക്കാരുകളുടെ ചെലവുകള്‍ ചുരുക്കാന്‍ നിര്‍ബന്ധിതമാക്കും. സംസ്ഥാന സര്‍ക്കാരുകളുടെ ക്ഷേമ പപരിപാടികളെയും അടിസ്ഥാന സൗകര്യ വികസന പദ്ധതികളെയും സാരമായി ബാധിക്കാനും സാധ്യതയുണ്ട്. സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന റവന്യൂ നഷ്ടം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ബാധ്യതയുണ്ട്. ഒപ്പം ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണം. അതിനാല്‍ രണ്ടു വിഷയത്തിലും സംസ്ഥാന താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നമുക്ക് ഒരുമിച്ച് നില്‍ക്കണ്ടതുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in