രാഹുല്‍ ഗാന്ധിയെ കാത്തിരിക്കുന്ന വെല്ലുവിളികള്‍

രാഹുല്‍ ഗാന്ധിയെ കാത്തിരിക്കുന്ന വെല്ലുവിളികള്‍
Published on

ദുര്‍ബലരായ, ഉറച്ച തീരുമാനങ്ങള്‍ എടുക്കാന്‍ ശക്തിയില്ലാത്ത സര്‍ക്കാര്‍ എന്ന പ്രതിച്ഛായ മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയവുമായി മുന്നോട്ടുവന്നിരിക്കുകയാണ്. ഈ അജന്‍ഡ നടപ്പിലാക്കാന്‍ വേണ്ട ഭരണഘടനാ ഭേദഗതി നടപ്പിലാക്കാന്‍ വേണ്ട മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലോകസ്ഭയിലോ രാജ്യസഭയിലോ തങ്ങള്‍ക്കില്ല എന്ന ബോധ്യം അവര്‍ക്കുണ്ട്. പക്ഷെ ഈ സര്‍ക്കാര്‍ നേരിടുന്ന വിശ്വാസ്യതാ കുറവിനെ (credibility deficit) മറികടക്കാന്‍ ഇങ്ങനെയങ്കിലും ഒരു വിഷയം ഉയര്‍ത്തി നിശ്ചയദാര്‍ഢ്യമുള്ള നേതാവ് എന്ന നരേന്ദ്രമോഡിയുടെ ഒരു സാങ്കല്പിക പ്രതിച്ഛായ സൃഷ്ടിക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാമത്തെ സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് 100 ദിവസം പിന്നിട്ടിരിക്കുന്നു. ഒന്നും രണ്ടും സര്‍ക്കാരുകളെ മോദി സര്‍ക്കാര്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നതെങ്കില്‍ ഇത്തവണ അത് മോദി സര്‍ക്കാരോ, ബിജെപി സര്‍ക്കാരോ അല്ല എന്‍ഡിഎ സര്‍ക്കാരാണ്. ഒരു തെരഞ്ഞെടുപ്പിന് ശേഷം അധികാരമേറ്റെടുക്കുന്ന സര്‍ക്കാരിന്റെ ആദ്യ ആറുമാസമോ ഒരു വര്‍ഷമോ അതിന്റെ ഹണിമൂണ്‍ കാലയളവാണ്. സര്‍ക്കാറിനെ നയിക്കുന്ന പാര്‍ട്ടിയും മുന്നണിയും വ്യക്തിയും വിജയ പ്രഭയില്‍ തിളങ്ങിനില്‍ക്കുന്ന കാലം. വിജയം മറ്റെല്ലാ കുറ്റങ്ങളെയും കുറവുകളെയും മറയ്ക്കും. തെരഞ്ഞെടുപ്പുകാലത്തെ തര്‍ക്കങ്ങള്‍ തല്‍ക്കാലത്തേക്ക് മറക്കും. മാധ്യമങ്ങള്‍ വിജയികളുടെ വീരകഥകള്‍ പാടും. സര്‍ക്കാരിന്റെ വീഴ്ചകളെ അവര്‍ കാണാതെ പോകും.

പക്ഷെ, ഇത്തവണ വിജയിച്ച പ്രധാനമന്ത്രിക്കോ, പാര്‍ട്ടിക്കോ, മുന്നണിക്കോ സാധാരണ രീതിയിലുള്ള ആഹ്ലാദമില്ല. വിജയിച്ചവരുടെ തന്ത്രങ്ങള്‍ എവിടെയൊക്കെയാണ് പാളിപ്പോയത് എന്നാണ് നിരീക്ഷകര്‍ വിശകലനം ചെയ്യുന്നത്. നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍, കശ്മീരിലെ ഭീകരാക്രമണങ്ങള്‍, ബജറ്റിനോടുള്ള ഇടത്തരക്കാരുടെ പ്രതിഷേധങ്ങള്‍, ഈ വിഷയങ്ങളെല്ലാം മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നു. ബിജെപിയുടെ ഉത്തര്‍പ്രദേശ് ഘടകത്തിനുള്ളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്യമാവുന്നു. പ്രധാനമന്ത്രിയെ ജനം പരാജിതനായി കാണുമ്പോള്‍ പ്രതിപക്ഷ നേതാവിനെ അവര്‍ വിജയിയായി പരിഗണിക്കുന്നു.

തെരഞ്ഞെടുപ്പിന് ശേഷമുള്ള കാലത്തെ താരം രാഹുല്‍ ഗാന്ധിയാണെന്ന കാര്യം ഇന്ന് അദ്ദേഹത്തിന്റെ കടുത്ത വിമര്‍ശകര്‍ പോലും അംഗീകരിക്കുന്നു. പാര്‍ലമെന്റിനുള്ളിലെയും അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ഇടപെടലുകളും വലിയ ജനശ്രദ്ധ നേടുന്നു. പ്രശംസിക്കപ്പെടുന്നു. മാധ്യമങ്ങളില്‍ അദ്ദേഹത്തിന്റെ ദൃശ്യത പ്രധാനന്ത്രിയെ അപേക്ഷിച്ച് പലമടങ്ങ് വര്‍ധിക്കുന്നു. നരേന്ദ്രമോദിയുടെ ശരീരഭാഷ പരാജിതന്റേതായി അനുഭവപ്പെടുമ്പോള്‍ രാഹുല്‍ ഗാന്ധിയില്‍ വിജയിയുടെ ഊര്‍ജം നിറഞ്ഞുനില്‍ക്കുന്നു. തെരഞ്ഞെടുപ്പിന് ശേഷമുള്ള കാലം സര്‍ക്കാരിനെ സംബന്ധിച്ചടത്തോളും തികച്ചും വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. വിമര്‍ശനങ്ങളേറ്റുവാങ്ങി നില്‍ക്കുന്ന ഒരു സര്‍ക്കാരിന്റെ അവസാന വര്‍ഷം പോലെയാണ് ഈ സമയം അനുഭവപ്പെടുന്നത്. പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം ഇതവരുടെ പ്രതീക്ഷകളുടെ ഹണിമൂണ്‍ കാലമാണ്.

തീര്‍ച്ചയായും ശക്തനായ, ജനപിന്തുണയുള്ള, പൊതു അംഗീകാരം നേടിയ നേതാവ് രാഹുല്‍ ഗാന്ധിയെയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. രാജ്യത്തിന്റെ ഭാവി രാഹുലാണെന്നത് വലിയ ഒരു ശതമാനം ജനങ്ങള്‍ വിശ്വസിക്കുന്നു. വലിയ തോതില്‍ അവഗണിക്കപ്പെട്ട, തെറ്റിദ്ധരിക്കപ്പെട്ട, നിസ്സഹായനായി വിലയിരുത്തപ്പെട്ട ഒരാളെ സംബന്ധിച്ചടത്തോളം ഇത് ഒരു വലിയ നേട്ടമാണ്. അതേസമയം ഇപ്പോഴത്തെ അദ്ദേഹത്തിന്റെ മികച്ച പ്രതിച്ഛായ രാഹുലിന് വലിയ അംഗീകാരം എന്ന പോലെ തന്നെ വലിയ വെല്ലുവിളികളും ഉയര്‍ന്നുവരുന്നുണ്ട്.

2024ലെ തെരഞ്ഞെടുപ്പിന്റെ സന്ദേശം ശരിയായ രീതിയില്‍ മനസ്സിലാക്കി അതിന്റെ സ്പിരിറ്റ് ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടുപാകുക എന്നതാണ് രാഹുല്‍ അടിയന്തിരമായി നേരിടുന്ന വെല്ലുവിളി. മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. മോദിയുടെയും ബിജെപിയുടെയും പ്രഭാവം അവസാനിക്കുകയാണ് എന്നുറപ്പ് വരുത്താന്‍ ഇതില്‍ രണ്ടു സംസ്ഥാനങ്ങളിലെങ്കിലും, വിശേഷിച്ച് മഹാരാഷ്ട്രയിലും ഹരിയാനയിലും ഇന്ത്യ മുന്നണി വിജയിക്കണം.

മഹാരാഷ്ട്രയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയും ശരദ്പവാറിന്റെ എന്‍സിപിയും ചേര്‍ന്ന് മഹാവികാസ് അഖാഡി ആകെയുള്ള 48 സീറ്റില്‍ 31 സീറ്റുകളില്‍ വിജയിച്ചിരുന്നു. ബിജെപിയും ഷിന്‍ഡേ വിഭാഗം ശിവസേന, അജിത് പവാര്‍വിഭാഗം എന്‍സിപി എന്നീ കക്ഷികളും ചേര്‍ന്ന് എന്‍ഡിഎയ്ക്ക് 17 സീറ്റുകള്‍ മാത്രമേ ലഭിച്ചുള്ളൂ. സ്വതന്ത്രനടക്കം 14 സീറ്റില്‍ വിജയിച്ച് കോണ്‍ഗ്രസ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഉദ്ധവ് താക്കറെ ശിവസേനയ്ക്ക് ഒന്‍പത് സീറ്റും ശരദ് പവാര്‍ വിഭാഗത്തിന് എട്ട് സീറ്റും ലഭിച്ചു. കഴിഞ്ഞ ലോക്‌സഭയില്‍ 23 അംഗങ്ങളുണ്ടായിരുന്ന ബിജെപിയില്‍നിന്ന് ഒമ്പത് പേര്‍ മാത്രമാണ് വിജയിച്ചത്. അവര്‍ 28 സീറ്റുകളില്‍ മത്സരിച്ചിരുന്നു. മഹാവികാസ് അഖാഡിക്ക് വന്‍ വിജയമാണ് നേടാനായത്.

അവരുടെ വിജയത്തിന്റെ കാരണമായി വിലയിരുത്തപ്പെട്ടത് ശിവസേനയെയും എന്‍സിപിയെയും പിളര്‍ത്താന്‍ വേണ്ടി ബിജെപി നടത്തിയ നീക്കങ്ങളോട് ജനങ്ങള്‍ക്കുള്ള എതിര്‍പ്പായിരുന്നു. ഉദ്ധവ് താക്കറെ സര്‍ക്കാറിനെ മറിച്ചിടാനായി ബിജെപി ശിവസനേയെ പിളര്‍ത്തി ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കി. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന നേതാവായ ശരദ് പവാറിന്റെ പാര്‍ട്ടിയില്‍നിന്നും അദ്ദേഹത്തിന്റെ അനന്തരവന്റെ നേതൃത്വത്തില്‍ ഒരു വിഭാഗത്തെ അടര്‍ത്തിയെടുത്തു. എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പെടയുള്ള അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചാണ് ഈ പിളര്‍പ്പുകള്‍ സാധ്യമാക്കിയത് എന്നത് വ്യക്തമായിരുന്നു. യാതൊരു തത്വദീക്ഷയുമില്ലാതെ അധികാര ദുര്‍വിനിയോഗമാണ് ബിജെപി നടത്തിയത്. ഇത് വലിയ സഹതാപ തരംഗമാണ് ഉദ്ധവ് താക്കറെക്കും ശരത് പാവാറിനും അനുകൂലമായി സൃഷ്ടിച്ചത്. ഈ വിഷയം ഉയര്‍ത്തി ഇരുവരും ബിജെപിക്കെതിരെ വ്യപകമായി പ്രചാരണം നടത്തി. അതിന് വലിയ പ്രതികരണമായിരുന്നു ജനങ്ങളില്‍നിന്ന് ഉണ്ടായത്.

ലോകസ്ഭാ തെരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയാന്തരീക്ഷം മഹാരാഷ്ട്രയില്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നതാണ് പ്രമുഖ മറാത്തി ദിനപത്രമായി 'സകാല്‍' നടത്തിയ സര്‍വെയില്‍നിന്നും വ്യക്തമാകുന്നത്. ആ സര്‍വെ പ്രകാരം ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ ആകെയുള്ള 288 ല്‍ 165 സീറ്റുകള്‍ വരെ മഹാവികാസ് അഖാഡി നേടാം എന്നതാണ്.

ഇവിടെയാണ് രാഹുല്‍ നേരിടുന്ന ആദ്യ വെല്ലുവിളി. ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി ആയതോടെ നിയമസഭാ തെരഞ്ഞെടുപ്പിലും ആ പരിഗണന ലഭിക്കണമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസിലെ ശക്തമായ ഒരു വിഭാഗം ആവശ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നണിയില്‍ ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാനുള്ള അവസരവും തെരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രി പദവുമാണ് അവര്‍ലക്ഷ്യം വെക്കുന്നത്. ഇത് മഹാവികാസ് അഖാഡിയില്‍ ഭിന്നിപ്പുണ്ടാകമെന്ന് ഉറപ്പാണ്.

മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉദ്ധവ് താക്കറയെ ഉയര്‍ത്തിക്കാട്ടി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടണം എന്നാണ് താക്കറെ വിഭാഗം ശിവസേനയുടെ ആവശ്യം. കോണ്‍ഗ്രസിന്റെ ശക്തികൊണ്ടല്ല, മറിച്ച് താക്കറെയ്ക്കും ശരദ്പവാറിനും അനുകൂലമായി ഉണ്ടായ സഹതാപ തംരംഗത്തിന്റെ പ്രയോജനമാണ് കോണ്‍ഗ്രസിന് ലഭിച്ചത് എന്നതാണ് ശിവസേനയുടെ നിലപാട്. മുഖ്യമന്ത്രി സ്ഥാനം ഉദ്ധവ് താക്കറെക്ക് ലഭിക്കണം എന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയക്കും അവര്‍ തയ്യാറാകില്ല. ശിവസേനയും കോണ്‍ഗ്രസും സ്വാഭിവക സഖ്യകക്ഷികളല്ല. ദീര്‍ഘകാലം ആശയപരമായി വിഭിന്ന ധ്രുവങ്ങളില്‍ നിന്ന പാര്‍ട്ടികളാണ് കോണ്‍ഗ്രസും ശിവസേവനയും. ഇന്നത്തെ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന കുടുത്ത വര്‍ഗീയ നിലപാടുകളുണ്ടായിരുന്ന ബാല്‍താക്കറെയുടെ കാലത്തുനിന്നും ഏറെ മാറിക്കഴിഞ്ഞിരിക്കുന്നു എന്നത് ഒരു യഥാര്‍ഥ്യമാണ്. ഇന്ന് ബഹുഭൂരിപക്ഷം മുസ്ലിംഗള്‍ക്കും സ്വീകാര്യരായി അവര്‍ മാറിയിരിക്കുന്നു.

കോണ്‍ഗ്രസുമായി അവരെ ചേര്‍ത്തുനിര്‍ത്തുന്നത് ബിജെപിയോടുളള കുടത്ത എതിര്‍പ്പാണ്. ബിജെപിയുമായി ശിവസേവനയുട ഭിന്നത ആശയപരമല്ല. വ്യക്തിപരവും രാഷ്ട്രീയവുമായ താല്‍പര്യക്കുറവുകളാണ് അതിന് പിന്നില്‍. കോണ്‍ഗ്രസുമായി സീറ്റു ചര്‍ച്ചയില്‍ തന്നെ മുഖ്യമന്ത്രി പദത്തെ കുറിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് വേര്‍പിരിയേണ്ട സാഹചര്യമുണ്ടായാല്‍ അവര്‍ക്ക് മറുപക്ഷതേക്ക് പോകാന്‍ വലിയ ബുദ്ധിമുണ്ടാകില്ല. അത്തരമൊരു സഹാചര്യത്തിന് വേണ്ടി കാത്തിരിക്കുകയാണ് ബിജെപി.

ഇത്തരമൊരു സാഹചര്യത്തെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും എങ്ങനെ കൈകാര്യം ചെയ്യുമെന്നത് ഇന്ത്യയുടെ ഭാവി രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ വസ്തുതയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ തിരിച്ചടി കോണ്‍ഗ്രസിന്റെ മാത്രം ശ്രമഫലമായി ഉണ്ടായതല്ല. അത് ഇന്ത്യാ മുന്നണിയുടെ മുഴുവന്‍ ഐക്യത്തോടെയുള്ള മുന്നേറ്റം കൊണ്ട് സാധ്യമായതാണ്. ബിജെപിക്ക് തനിച്ച് 240 സീറ്റു ലഭിച്ചപ്പോള്‍ ഇന്ത്യ മുന്നണിയാണ് 236 സീറ്റുമായി ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം നിഷേധിച്ചത്. 99 സീറ്റ് നേടിയ കോണ്‍ഗ്രസിന് ബിജെപിയുമായി ഇനിയും ഏറെ അകലമുണ്ട്. ഇനി വരുന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് ബിജെപിയെ പരാജയപ്പെടുത്താന്‍ ഇന്ത്യാ മുന്നണി എന്ന ഫ്രെയിം വര്‍ക്ക് നിലനിര്‍ത്തുക എന്നത് അത്യന്താപേക്ഷിതമാണ്.

മഹാരാഷ്ട്ര പലതുകൊണ്ടും ഒരു ടെസ്റ്റ് കേസ് ആണ്. കോണ്‍ഗ്രസ് എങ്ങനെയാണ് സഖ്യകക്ഷികളെ പരിഗണിക്കുന്നത് എന്നതിന്റെ

പരീക്ഷണ ശാലയാണ് മഹാരാഷ്ട്ര. ഇന്ത്യാ മുന്നണിയിലെ ഭൂരിപക്ഷം കക്ഷികള്‍ക്കും ദേശീയ താല്‍പര്യങ്ങളേക്കാളേറെ സംസ്ഥാന താല്‍പര്യങ്ങളാണ് ഉള്ളത്. സമാജ് വാദി പാര്‍ട്ടിയും ഉത്തര്‍പ്രദശും , ആര്‍ജെപിയും ബിഹാറും, ശിവസേനയും മഹാരാഷ്ട്രയും തൃണമൂല്‍ കോണ്‍ഗ്രസിന് ബംഗാളും നിലനിര്‍ത്തുകയാണ് പ്രധാനം. അവിടെ അവര്‍കോണ്‍ഗ്രസിന് മുന്‍തൂക്കം അനുവദിച്ചുകൊടുക്കാന്‍ തയ്യാറാവില്ല. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ശിവസേനയുടെ അവകാശവാദങ്ങള്‍ അംഗീകരിച്ചുകൊടുക്കുന്നില്ലെങ്കില്‍ അത് ഇന്ത്യാ മുന്നണിയിലെ മറ്റ് ഘടക ക്ഷികള്‍ക്കും കോണ്‍ഗ്രസിനോട് അവിശ്വാസം ജനിപ്പിക്കും.

അതേസമയം തന്നെ ഘടകക്ഷികളുടെ അവകാശവാദങ്ങള്‍ പൂര്‍ണമായും അംഗീകരിക്കുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് എന്ന് നടന്നാലും അതില്‍ ജയിച്ച് മന്ത്രിസഭയെ നയിക്കുന്ന കക്ഷിയായി കോണ്‍ഗ്രസ് മാറണമെങ്കില്‍ ഇന്നത്തേതില്‍നിന്നും സീറ്റുനില ഗണ്യമായി ഉയര്‍ത്തിയാലേ കഴിയൂ. 2004ല്‍ യുപിഎ സര്‍ക്കാര്‍ രൂപീകരിക്കമ്പോള്‍ കോണ്‍ഗ്രസിന് 141 സീറ്റുകളുണ്ടായിരുന്നു. മൂന്നണിക്ക് സ്ഥിരതയുള്ള സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയും എന്ന് ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ടാവണമെങ്കില്‍ മുന്നണിയെ നയിക്കുന്ന കക്ഷിക്ക് പ്രബല സ്ഥാനം ഉണ്ടാവണം. അതിന് സംസ്ഥാനങ്ങളില്‍ ശക്തി വര്‍ധിപ്പിക്കണം. അത് പല സംസ്ഥാനങ്ങളിലുലം ഘടകകക്ഷികളുമായി താല്‍പര്യ സംഘര്‍ഷങ്ങളിലേക്കെത്തിക്കും.

ഈ വിരുദ്ധ താല്‍പര്യങ്ങള്‍ ബാലന്‍സ് ചെയ്യുക എന്നത് ഒരു നൂല്‍പാലത്തിലൂടെയുള്ള യാത്രാണ്. അതിനെ എങ്ങനെ മാനേജ് ചെയ്യും എന്നത് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും നേരിടുന്ന വെല്ലുവിളിയാണ്. സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ സഖ്യങ്ങള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ഇന്ത്യാ മുന്ണി തകരും എന്നുറപ്പാണ്. ഇന്ത്യാ മുന്നണിയുടെ തകര്‍ച്ചയ്ക്കുവേണ്ടി കാത്തിരിക്കുകയാണ് ബിജെപി. അവരെ അധികാരത്തില്‍നിന്നും പുറത്തുകളയാന്‍ കഴിയുന്ന ശക്തിയാണ് ഇന്ത്യാ മുന്നണി എന്നവര്‍ തിരിച്ചറിയുന്നുണ്ട്. ഇന്ത്യാ മുന്നണിയിലെ കക്ഷികളെ ബിജെപിയുടെ എതിര്‍പാളയത്തില്‍ ഉറപ്പിച്ചുനിര്‍ത്തുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്നാമതായി സംസ്ഥാനങ്ങളില്‍ ഈ കക്ഷികള്‍ അധികാരത്തിനായി മത്സരിക്കുന്നത് ബിജെപിയുമായാണ് എന്നതാണ്. രണ്ടാമതായി ബിജെപിയോട് എന്തെങ്കിലും മൃദുസ്വഭാവം പുലര്‍ത്തുന്നത് അവര്‍ക്ക് ലഭിക്കുന്ന ഗണ്യമായ ന്യനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടും എന്നുതുമാണ്.

ബിജെപിയോടൊപ്പം ചേരില്ല എന്ന് ന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പുള്ള ഏക ദേശീയ പാര്‍ട്ടി കോണ്‍ഗ്രസ് ആണ്. അതുകൊണ്ടതന്നെ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു നില്‍ക്കുന്ന കക്ഷികള്‍ക്ക് ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയും. ഇന്ത്യാ മുന്നണിയെ ഏകോപിപ്പിച്ചു നിര്‍ത്തുന്ന ഈ ഘടകങ്ങള്‍ സഖ്യകക്ഷികള്‍ക്ക് അവരുടെ താല്‍പര്യങ്ങളില്‍ കോണ്‍ഗ്രസ് ഒരു അസറ്റ് ആയി മാറ്റുന്നു. പക്ഷെ ഇന്ത്യാ മുന്നണിയെ ഏകോപിപ്പിച്ചു നിര്‍ത്തേണ്ടതിന്റെ പ്രാഥമിക ബാധ്യത കോണ്‍ഗ്രസിനാണെന്ന് രാഹുല്‍ തിരിച്ചറിയേണ്ടതുണ്ട്. കോണ്‍ഗ്രസിന്റെ ആധിപത്യകാലത്തിന്റെ ഹാങ് ഓവര്‍ ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന ഒട്ടേറെപ്പേര്‍ കോണ്‍ഗ്രസിന്റെ നയരൂപീകരണ സമിതികളില്‍ ഇപ്പോഴുമുണ്ട്. അവരുടെ തറവാടിത്ത ഗര്‍വുകള്‍ക്ക് വശംവദരാകാതരിക്കുക എന്നത് രാഹുല്‍ പ്രദര്‍ശിപ്പിക്കേണ്ട വിവേകമാണ്.

ഉടന്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിലും ഏതാണ്ട് സമാനമായ പ്രശ്‌നങ്ങളാണ് കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്നത്. കഴിഞ്ഞ ലോകസഭാ തരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അവിടെ ആകെയുള്ള പത്തുസീറ്റില്‍ അഞ്ചു സീറ്റുകള്‍ നേടിയിരുന്നു. വോട്ട് ശതമാനത്തില്‍ ബിഡജെപി മൂന്നിലായിരുന്നുവെങ്കിലും ആകെയുള്ള 90 നിയസമഭാ സീറ്റുകളില്‍ 46സീറ്റുകളില്‍ കോണ്‍ഗ്രസിനായിരുന്നു മേല്‍ക്കൈ. കര്‍ഷക പ്രശ്‌നങ്ങള്‍, ഗുസ്തി താരങ്ങളുടെ പ്രക്ഷേഭം,, അഗ്നിവീര്‍ വിഷയം, ജാട്ട് അസംതൃപ്തി തുടങ്ങി ബിജെപിക്കെതിരായ, കോണ്‍ഗ്രസിന് അനുകൂലമായ ഓട്ടേറെ ഘടകങ്ങള്‍ ഹരിയാനയില്‍ നിലനില്‍ക്കുന്നുണ്ട്.

ഹരിയാനയില്‍ രണ്ട് പ്രതിസന്ധികളാണ് രാഹുല്‍ നേരിടുന്നത്. എഎപിയുമായി ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന സഖ്യം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാവില്ല. എഎപിയുമായുള്ള സംഖ്യം ലോകസഭ തെരഞ്ഞെടുപ്പില്‍ ഫലപ്രദമായിരുന്നില്ല എന്നതുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പില്‍ അത് വലിയ വ്യത്യാസം ഉണ്ടാക്കാന്‍ സാധ്യതയില്ല.

പക്ഷെ, കോണ്‍ഗ്രസ് നേരിടുന്ന അതിലും വലിയ വെല്ലുവിളി ഗ്രൂപ്പു വഴക്കാണ്. ഹരിയാനയയില്‍ ഇപ്പോള്‍ ഏറ്റവും ജനകീയനായ നേതാവ് രണ്ടുവട്ടം മുഖ്യമന്ത്രിയായിരുന്ന ഭൂപിന്ദര്‍ സിങ് ഹൂഡയാണ്. കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ഏറ്റവും സാധ്യത ഉള്ളതും ഹൂഡയ്ക്കാണ്. പക്ഷെ ഇതേ മോഹവുമായി മറ്റ് രണ്ട് നേതാക്കള്‍ രംഗത്തുണ്ട്. അവര്‍എഐസിസി ജനറല്‍സെക്രട്ടറിയായ രണ്‍ദീപ് സിങ്‌സുര്‍ജേവാലയും മുന്‍ കേന്ദ്രമന്ത്രിയും ഇപ്പോള്‍ എംപിയുമായ കുമാരി സെല്‍ജയുമാണ്. ഇവര്‍ രണ്ടുപേരും സ്വന്തം നിലയില്‍ റാലികള്‍ സംഘടിപ്പിച്ച് അവകാശവാദം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്. പ്രധാനപ്പെട്ട പ്രശ്‌നം എന്താണെന്നുവെച്ചാല്‍ ഇവര്‍ രണ്ടുപേരും രാഹുല്‍ ഗാന്ധിയുമായി വ്യക്തിപരമായി അടുപ്പമുള്ളവരായാണ് അറിയപ്പെടുന്നത്. പാര്‍ട്ടിക്ക് പൊതുവായി ഗുണകരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ തടസ്സമാവില്ല എന്ന് ഉറപ്പുവരുത്തുക എന്നതും രാഹുല്‍ നേരിടുന്ന വെല്ലുവിളികളാണ്.

സമീപകാലത്ത് രാഹുല്‍ ഏറ്റവും സജീവമായി ഉയര്‍ത്തിപ്പിടക്കുന്നത് സാമൂഹിക നീതിയുടെ രാഷ്ട്രീയമാണ്. ദളിത് പിന്നാക്ക ന്യൂുനപക്ഷ വിഭാഗങ്ങള്‍ക്ക് ഇന്ത്യയിലെ വിഭവങ്ങളുടെ വിതരണത്തില്‍ അര്‍ഹമായ പങ്ക് ലഭിക്കാതെ പോവുന്നു എന്നത് ഉയര്‍ത്തിപ്പിടിക്കാനാണ് രാഹുല്‍ ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടെ, തെരഞ്ഞെടുപ്പ് കാലത്തും അതിന് ശേഷവും ശ്രമിക്കുന്നത്. ഇതിന് പരിഹാരം കണ്ടെത്താനുള്ള ആദ്യപടി എന്ന നിലയില്‍ ജാതി സെന്‍സസ് നടപ്പാക്കുക എന്ന ആവശ്യമാണ് അദ്ദേഹം ഉന്നയിക്കുന്നത്. വ്യത്യസ്ത ജാതി വിഭാഗങ്ങള്‍ക്ക് ജനസഖ്യയ്ക്ക് ആനുപാതികമായി പ്രതിനിധ്യവും അവകാശങ്ങളും ഉറപ്പുവരുത്തുക എന്നതാണ് ആ ആവശ്യത്തിന് പ്രേകരമാകുന്നത്. ഇത് സ്വാഭാവികമായും ഇപ്പോള്‍ പ്രിവിലേജ് അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് അസ്വസ്ഥയുണ്ടാക്കുമെന്ന് ഉറപ്പാണ്.

രാഹുല്‍ സമൂഹത്തെയും രാഷ്ടീയത്തെയും ഒന്നിപ്പിക്കുന്ന ആളായാണ് വിലയിരുത്തപ്പെടുന്നത്. സംഘര്‍ഷത്തിലേക്ക് നയിക്കാതെ ഈ ആവശ്യം നടപ്പിലാക്കാന്‍ എങ്ങനെ കഴിയും എന്ന് കാണിച്ചുകൊടുക്കുക എന്ന വെല്ലുവിളിയാണ് രാഹുലിനെ കാത്തിരിക്കുന്നത്. സാമൂഹിക നീതി നില്‍ക്കുന്ന ഒരു സമൂഹത്തില്‍ മാത്രമേ സോഷ്യല്‍ ഹാര്‍മണി ഉണ്ടാവുകയള്ളൂ എന്ന് എല്ലാ വിഭാഗം ജനങ്ങളെയും ബോധ്യപ്പെടുത്താന്‍ കഴിയുക എന്ന ശ്രമകരമായ ജോലിയാണത്.

അതുപോലെ തന്നെ പ്രധാനപ്പെട്ട വസ്തുതയാണ് ജാതി സെന്‍സസിന്റെയും സാമൂഹിക നീതിയുടെയും വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നലപാട് ആത്മാര്‍ഥതയുളളതാണ് എന്ന് തെളിയിക്കുക എന്നത്. ഈ വിഷയത്തില്‍ രാഹുല്‍ ഗാന്ധി കാണിക്കുന്ന ആര്‍ജവം കോണ്‍ഗ്രസിന്റെ പ്രാദേശിക ഘടകങ്ങള്‍ ങ്കുവെക്കുന്നുണ്ടോ എന്നത് സംശയകരമായ കാര്യമാണ്. ഇന്ത്യ മുന്നണിയിലെ ഘടകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജാതി സെന്‍സസ് നടപ്പാക്കാന്‍ വേണ്ടി ശക്തമായി നലിപാടെടുക്കക എന്നതാണ് രാഹുലിന്റെ ദ്യത്തെ കുടമ്പ. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ സിദ്ധാരാമയ്യ ആദ്യത്തെ തവണ മുഖ്യമന്ത്രിയായപ്പോള്‍ നടത്തിയ ജാതി സെന്‍സിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും ഇപ്പോഴത്തെ സര്‍ക്കാര്‍ അതിന്റെ മേല്‍ ഒരു നടപടിയും എടുത്തിട്ടില്ല എന്നും രാഹുലിന് വെല്ലുവിളിയുയര്‍ത്തുന്നു. കേരളം പോലെയുള്ള സംസ്ഥാനങ്ങളില്‍ ജാതി സെന്‍സസ്സ് ഒരു തെരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ത്താന്‍ കോണ്‍ഗ്രസ് ഘടകക്ഷികള്‍ തയ്യാറാവുമോ എന്നതു കാത്തിരുന്ന കാണേണ്ട കാര്യമാണ്.

അടുത്ത തെരഞ്ഞെടുപ്പ് സാധാരണ ഗതിയില്‍ അഞ്ചുകൊല്ലം അകലെയാണ് എന്ന ബോധ്യത്തോടെ വേണം രാഹുല്‍ഗാന്ധി പ്രവര്‍ത്തിക്കേണ്ടത്. രാ്ഷ്ട്രീയ നറേറ്റീവ് നിര്‍ണയിക്കുന്നതില്‍ ഇപ്പോള്‍ രാഹുല്‍ നേരിടുന്ന വിജയങ്ങള്‍ ആ അഞ്ചുവര്‍ഷവും നിലനിര്‍ത്തുക എന്നതാണ് പ്രധാന വെല്ലുവിളി. ഇപ്പോള്‍ തന്നെ സര്‍ക്കാരിനെ പല വിഷയത്തിലും പ്രതിരോധത്തിലാക്കാന്‍ രാഹുലിന്റെ ശക്തമായ ഇടപെടലുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

സര്‍ക്കാര്‍ സര്‍വീസിലെ ഉന്നത തലങ്ങളില്‍ ലാറ്ററല്‍ പ്രവേശനം വഴി പിന്‍വാതില്‍ നിയമനം നടത്താനുള്ള നീക്കം സര്‍ക്കാരിന് മരവിപ്പിക്കേണ്ടവന്നു. വഖഫ് ബില്‍ നേരിട്ട് പാസാക്കാതെ പാര്‍ലമെന്റററി സമിതിക്ക് വിടേണ്ടിവന്നു. ഇന്റക്‌സേഷന്‍ ഇളവില്ലാതെ മൂലധന ലാഭനികുതി ഈടാക്കുമെന്ന് ബജറ്റില്‍ നടത്തിയ പ്രഖ്യാപനം പ്രതിഷേധമുണ്ടായപ്പോള്‍ പരിഷ്‌കരിക്കേണ്ടവന്നു. ബ്രോഡ്കാസ്റ്റ് ബില്ലിന്റെ കരട് പിന്‍വലിച്ചു. ഇങ്ങനെ പുതിയ സര്‍ക്കാര്‍ 75 ദിവസം പോലും തികയും മുമ്പ് ഇതൊരു ദുര്‍ബലമായ സര്‍ക്കാരണെന്ന സന്ദേശം സൃഷ്ടിക്കാന്‍ രാഹുലിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിരിക്കുന്നു.

ഈ മൊമെന്റം അഞ്ചുവര്‍ഷം നിലനിര്‍ത്തുക എന്നത് കടുത്ത വെല്ലുവിളയാണ്. ഭരിക്കുന്ന സര്‍ക്കാരിന് അവര്‍ക്ക് ലഭ്യമായ അധികാര സംവിധാനങ്ങള്‍ ഉപയോഗിച്ച് എല്ലാ പ്രശനനങ്ങളെയും അപ്രസക്തമാക്കുന്ന നരേറ്റീവുകള്‍ സൃഷ്ടിക്കാന്‍ കഴിയും എന്ന ബോധ്യം വേണം.

ഒരു കാര്യം ഉറപ്പാണ്. തന്റെ സര്‍ക്കാരിന്റെ സ്വാധീനം ഇല്ലാതാക്കാന്‍ നോക്കുന്നത് മോദി കയ്യുംകെട്ടി നോക്കി നില്‍ക്കില്ല. അധികാരം നിലനിര്‍ത്താന്‍ വേണ്ടി പുസ്തകത്തിലുളളതും ഇല്ലാത്തതുമായ എല്ലാ തതന്ത്രങ്ങളും ബിജെപി പ്രയോഗിക്കും. ആ തന്ത്രങ്ങളെ നേരിടാന്‍ എപ്പോഴും സന്നദ്ധമായി നിന്നാല്‍ മാത്രമേ രാഹുലിനും പ്രതിപക്ഷത്തിനും ബിജെപിയെ വിജയകരമായി നേരിടാന്‍ കഴിയുകയുള്ളൂ.

Related Stories

No stories found.
logo
The Cue
www.thecue.in