
പാലക്കാട് പൊതുശ്മശാനം എന്‍എസ്എസിനും ബ്രാഹ്‌മണ സംഘടനകള്‍ക്കും മറ്റുചില സവര്‍ണ്ണ സംഘടനകള്‍ക്കും പതിച്ചുകൊടുത്ത നഗരസഭയുടെ തീരുമാനം ഒരു പ്രത്യേക സമകാലിക പശ്ചാത്തലത്തില്‍ വേണം പരിശോധിക്കാന്‍. പാലക്കാട് നഗരസഭയിലെ തന്നെ ഒരു സ്ത്രീ വേടനെതിരെ രംഗത്തു വന്ന സാഹചര്യത്തില്‍ വേണം ഈ സംഭവങ്ങളെ നോക്കിക്കാണാന്‍. കാരണം വേടന്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നുവെന്നും അതുപോലെ തന്നെ വേടന്‍ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുവെന്നുമുള്ള ഒരു പ്രസ്താവനയുടെ തുടര്‍ച്ചയിലാണ് പാലക്കാട് നഗരസഭയുടെ ഈ ശ്മശാനം ജാതിയുടെ അടിസ്ഥാനത്തില്‍ മതില് കെട്ടി വേര്‍തിരിക്കുന്ന ഒരു സാഹചര്യം പുറത്തു വരുന്നത്. വേടനെ ജാതി ഭീകരവാദിയെന്ന് വിളിക്കുന്നവര്‍ തന്നെയാണ് വലിയ രീതിയിലുള്ള ജാതിഭീകരവാദം കൊണ്ടുനടക്കുന്നത്. പാലക്കാട് നഗരസഭ ഭരിക്കുന്നത് ബിജെപിയാണ്. തങ്ങള്‍ ജാതിക്ക് എതിരാണെന്ന് പറയുകയും യഥാര്‍ത്ഥത്തില്‍ വളരെ കൃത്യമായി ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ തന്നെ ശ്മശാനം വേര്‍തിരിക്കുന്ന, വിവേചനം പുലര്‍ത്തുന്ന സമീപനമാണ് ഇവര്‍ സ്വീകരിച്ചു വരുന്നത്. പാലക്കാട് നഗരസഭ ശ്മശാനത്തില്‍ സവര്‍ണ്ണര്‍ക്ക് കൊടുത്തതു പോലെ ദളിത് സമുദായങ്ങള്‍ക്ക് ആര്‍ക്കെങ്കിലും ഇപ്രകാരം ഭൂമി പതിച്ചു കൊടുത്തിട്ടുണ്ടോ എന്നുള്ളതാണ് പരിശോധിക്കേണ്ട അടിസ്ഥാനപരമായ വിഷയം. എന്തുകൊണ്ട് എന്‍എസ്എസിനും ബ്രാഹ്‌മണ സംഘടനകള്‍ക്കും മാത്രമായി ഇങ്ങനെ കൊടുത്തത്.
എന്‍എസ്എസിന് 20 സെന്റ് കൊടുക്കുമ്പോള്‍ അത് എന്‍എസ്എസിന് മാത്രമായിട്ട് മതില്‍ കെട്ടിത്തിരിക്കാന്‍ എന്താണ് അവകാശം? ഇത് സര്‍ക്കാര്‍ ഭൂമിയാണല്ലോ? ഇത് വളരെ കൃത്യമായി തെളിയിക്കുന്നത് പാലക്കാട് നഗരസഭയും അത് ഭരിക്കുന്ന ബിജെപിയും അതിന്റെ വക്താക്കളും കഠിനമായ ജാതിഭീകരത കൊണ്ടുനടക്കുന്നവരാണ് എന്നതാണ്. ബിജെപിയുടെയും സംഘപരിവാരത്തിന്റെയും അടിസ്ഥാനപരമായ പ്രത്യയശാസ്ത്രം ജാതി-വര്‍ണ്ണ മേല്‍ക്കോയ്മയുടെ അടിസ്ഥാനത്തിലുള്ളതാണ് എന്നുള്ളതാണ് ഈ ശ്മശാനം പ്രത്യേകമായി ജാതി തിരിച്ച് പലര്‍ക്കായി വേര്‍തിരിച്ച് കൊടുത്ത സംഭവം തെളിയിക്കുന്നത്. എന്‍എസ്എസിന് കൊടുത്ത ഈ സ്ഥലത്ത് മറ്റേതെങ്കിലും സമുദായത്തിന്റെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനോ മൃതദേഹം കൊണ്ടുവന്ന് വെക്കുവാനോ അവര്‍ അനുവദിക്കുമോ എന്നുള്ളതാണ് പ്രധാനപ്പെട്ട ചോദ്യം. അനുവദിക്കാന്‍ ഒരു സാധ്യതയുമില്ല.
ഇത് മഹാരാഷ്ട്രയിലും ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിലൊക്കെ നടക്കുന്ന ശ്മശാനത്തിലുള്ള ജാതി വേര്‍തിരിവിന്റെ ഭീകരമായ രൂപമാണ് പാലക്കാട് നഗരസഭയില്‍ നമ്മള്‍ കാണുന്നത്. എന്നുവെച്ചാല്‍ പശു ബെല്‍റ്റില്‍ നിലനില്‍ക്കുന്നത് പോലെ ശ്മശാനത്തില്‍ പോലും കഠിനമായ ജാതി വേര്‍തിരിവും വിവേചനവും പുലര്‍ത്താനും നിലനിര്‍ത്താനുമുള്ള ശ്രമമാണ് പാലക്കാട് നഗരസഭയുടെ നേതൃത്വത്തില്‍ നടന്നു വരുന്നതെന്നുള്ളതാണ് നമ്മള്‍ മനസിലാക്കേണ്ടത്. അടിസ്ഥാനപരമായി ഭരണഘടനാ ജനാധിപത്യത്തെയും സമത്വ സാഹോദര്യ സങ്കല്‍പങ്ങളെയും എതിര്‍ക്കുന്ന ഒന്നാണെന്നാണ് കാണേണ്ട ഒരു കാര്യം. വളരെ വ്യക്തമായിട്ട് ജാതി ഭീകരവാദം പുലര്‍ത്തിയിട്ടാണ്, നഗരസഭയിലെ ചില ആളുകള്‍ വേടനെതിരെ പരാതി കൊടുത്തിട്ടുള്ളത്. ഇവര്‍ തന്നെ ജാതി ഭീകരവാദം പുലര്‍ത്തുകയും ജാതി ഭീകരത പ്രവര്‍ത്തിക്കുന്ന രീതിയില്‍ ശ്മശാനം മതില്‍ കെട്ടിത്തിരിക്കാന്‍ എന്‍എസ്എസിനെ പോലെയുള്ള സംഘടനകളെ അനുവദിക്കുകയും, അതേസമയം ജാതിക്കെതിരായ വിമോചനാത്മകമായ ആശയങ്ങള്‍ മുന്നോട്ടു വെക്കുന്ന വേടന് എതിരെ രംഗത്ത് വരികയും ചെയ്യുന്ന വൈരുദ്ധ്യം കേരള സമൂഹം കാണാതെ പോകരുത്.
ഇതിലൂടെ സ്പഷ്ടമാകുന്ന ഒരു കാര്യം, അടിസ്ഥാനപരമായി സംഘപരിവാരവും ബിജെപിയും ദളിത് വിരുദ്ധമായ, ജനാധിപത്യ വിരുദ്ധമായ, സമത്വ വിരുദ്ധമായ, സാഹോദര്യ വിരുദ്ധമായ ആശയത്തിന്റെ വക്താക്കളും പ്രയോക്താക്കളുമാണ് എന്നുള്ളതാണ്.
ഇത് പാലക്കാട് നഗരസഭയുടെ കീഴിലുള്ള ഒരു പൊതുശ്മശാനമാണല്ലോ. ഒരു പൊതുശ്മശാനം എങ്ങനെയാണ് ജാതിയുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ക്കായി പതിച്ചു കൊടുക്കാന്‍ കഴിയുന്നത്? എന്‍എസ്എസിന് മാത്രമല്ല ആവശ്യപ്പെട്ടാല്‍ ഏത് സമുദായത്തിനും ഭൂമി വീതിച്ചു കൊടുക്കും എന്നുള്ള നഗരസഭയുടെ വിശദീകരണം തെറ്റാണ്. എന്താണ് പൊതുശ്മശാനം എന്നുള്ളതുകൊണ്ട് അര്‍ത്ഥമാക്കുന്നത്? ജാതിമത ഭേദമെന്യേ എല്ലാവര്‍ക്കും മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള ഇടമാണല്ലോ പൊതുശ്മശാനങ്ങള്‍. അതിനെ ജാതിയുടെ അടിസ്ഥാനത്തിലും മതത്തിന്റെ അടിസ്ഥാനത്തിലും വിഭാഗീയമായി വേര്‍തിരിക്കുന്ന ഒരു സംഗതി കൊണ്ടുവരുന്നു എന്നതുകൊണ്ട് എന്താണ് വ്യക്തമാക്കുന്നത്. കൃത്യമായ ഒരു അസമത്വ ശ്രേണീകരണ വ്യവസ്ഥയെ പാലക്കാട് നഗരസഭ പിന്താങ്ങുന്നു എന്നുള്ളതാണല്ലോ അതില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത്.
ഇത് അടിസ്ഥാനപരമായി ജനാധിപത്യത്തിന് എതിരായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇന്ന് ഇത് ശ്മശാനത്തിലാണ് കാണുന്നതെങ്കില്‍ നാളെ ഏതൊരു കാര്യത്തിലും ഇവര്‍ ഈ നിയമം കൊണ്ടുവരാന്‍ തയ്യാറാകും. അങ്ങനെ സര്‍ക്കാരിന്റെ ഭൂമി എന്‍എസ്എസിനും ബ്രാഹ്‌മണ സംഘടനകള്‍ക്കും സവര്‍ണ്ണ സംഘടനകള്‍ക്കുമായി പതിച്ചു കൊടുത്ത് കേരളത്തെയും ഇന്ത്യയെയും ഒരു സവര്‍ണ്ണ രാഷ്ട്രമാക്കാനുള്ള ആദ്യ പടിയായി വേണം ഇതിനെ കാണാന്‍. ഇന്നിത് ശ്മശാനത്തിലാണെങ്കില്‍ നാളെ ഇത് ഏത് രംഗത്തേക്കും പടര്‍ന്നു പോകാന്‍ സാധ്യതയുണ്ട്. ഒരു പൊതുശ്മശാനത്തില്‍, സര്‍ക്കാര്‍ ഭൂമിയില്‍ ഒരു സംഘടനയ്ക്ക് മതില്‍ കെട്ടിത്തിരിക്കാന്‍ എന്താണ് അവകാശമുള്ളത്? സര്‍ക്കാര്‍ ഭൂമി ഏതെങ്കിലും സംഘടനയ്ക്ക് പതിച്ചുകൊടുക്കാന്‍ നഗരസഭക്ക് അവകാശമുണ്ടോ? എന്‍എസ്എസിന് അങ്ങനെ പതിച്ചു കൊടുത്തിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കണം. അങ്ങനെയാണെങ്കില്‍ ഭൂമി സംബന്ധമായിട്ട് വലിയൊരു അഴിമതിയാണ് അവിടെ നടന്നിരിക്കുന്നത്. ഭൂമി കിട്ടിയപ്പോള്‍ തന്നെ മതില്‍ കെട്ടി വേര്‍തിരിക്കുന്നു, പ്രത്യേകം കെട്ടിടം പണിയുന്നു, സര്‍ക്കാര്‍ ഭൂമിയില്‍ എന്‍എസ്എസിനെപ്പോലെ ഒരു സംഘടനയ്ക്ക് ഇതൊക്കെ സാധ്യമാകുന്നത് എങ്ങനെയാണ്? പരിശോധിക്കേണ്ട വിഷയമാണ്, തെറ്റായ ഒരു കീഴ്വഴക്കമാണ്.
ദേശീയ തലത്തില്‍ തന്നെ ഹിന്ദുത്വം നമ്മുടെ രാഷ്ട്രത്തെ ഭരിക്കുന്നു. അതിന്റെയൊരു ചുവട് പറ്റിക്കൊണ്ട് തങ്ങളുടെ അധികാര ഹുങ്കും ഏത് നിയമങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ട് എന്തും ചെയ്യാന്‍ കഴിയും, ജനാധിപത്യ വ്യവസ്ഥയെ സമ്പൂര്‍ണ്ണമായിട്ട് ഞങ്ങള്‍ അട്ടിമറിക്കും എന്ന് പൗരന്‍മാരോടുള്ള വെല്ലുവിളിയാണ് യഥാര്‍ത്ഥത്തില്‍ ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ സുപ്രീം കോടതി തന്നെ പറഞ്ഞല്ലോ, ബുള്‍ഡോസര്‍ രാജ് പാടില്ല എന്ന്. അങ്ങനെ പറഞ്ഞെങ്കില്‍ പോലും എന്താണ് ഉത്തര്‍പ്രദേശിലും മറ്റും കണ്ടുകൊണ്ടിരിക്കുന്നത്. നിയമത്തെ വെല്ലുവിളിച്ചു കൊണ്ട് അത്രയും അക്രമകരമായ രീതികളാണ് അവര്‍ പിന്‍പറ്റുന്നത്. അതേ രീതിയില്‍ തന്നെ നമ്മുടെ ജനാധിപത്യ വ്യവസ്ഥയെ വെല്ലുവിളിക്കാന്‍ അവര്‍ തയ്യാറായിരിക്കുന്നുവെന്നതാണ് നമ്മള്‍ മനസിലാക്കേണ്ടത്. തങ്ങളുദ്ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഏതു രീതിയിലും ജനാധിപത്യ വ്യവസ്ഥയെയും പൗരന്‍മാരെയും വെല്ലുവിളിക്കും എന്നുള്ളതാണ് അവരുടെ ഈ പ്രസ്താവനയില്‍ നിന്ന് മനസിലാക്കേണ്ടത്. അത് വളരെ സ്വാഭാവികമാണെന്ന വിധത്തില്‍ അവര്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. ഹിന്ദു രാഷ്ട്രം എന്ന സങ്കല്‍പത്തിന് അകത്ത് എന്തൊക്കെയാണോ നടപ്പില്‍ വരുത്താന്‍ കഴിയുന്നത് അതെല്ലാം ഭരണഘടനയെയും ജനാധിപത്യത്തെയും അട്ടിമറിച്ചുകൊണ്ട് ഞങ്ങള്‍ ചെയ്യും എന്ന വെല്ലുവിളിയാണ് യഥാര്‍ത്ഥത്തില്‍ ഇവര്‍ നടത്തുന്നത്. ഇത് കേരള സമൂഹത്തോടുള്ള വെല്ലുവിളിയാണ്, ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്, ഭരണഘടനയോടുള്ള വെല്ലുവിളിയാണ്.