ശാസ്ത്രവും സമൂഹവും നാരായണിയുടെ മക്കളും

ശാസ്ത്രവും സമൂഹവും നാരായണിയുടെ മക്കളും
Published on

സിനിമയ്ക്ക് സമൂഹത്തിലുള്ള സ്വാധീനം വലിയ ചര്‍ച്ചാ വിഷയമാണിന്ന്. ചെയ്യേണ്ടതും ചെയ്തുകൂടാത്തതുമെല്ലാം വേര്‍തിരിച്ചറിയാനുള്ള കഴിവ് സ്വയം വളര്‍ത്തിയെടുത്തില്ല എങ്കില്‍ പല കാഴ്ചകളോടും ചേര്‍ന്ന് നമ്മള്‍ നമ്മളല്ലാതെ മറ്റു പലതുമായി പരിണമിച്ചു കൊണ്ടിരിക്കും. സഹോദരന്‍മാരുടെ മക്കള്‍ തമ്മിലുള്ള ലൈംഗിക ആകര്‍ഷണം കാണിക്കുന്നുണ്ട് നാരായണീന്റെ മൂന്നാണ്മക്കള്‍ എന്ന സിനിമയില്‍. തികച്ചും സ്വഭാവികമായി സംഭവിച്ചുപോകുന്ന ഒന്നായി അത് ഒരു ശരാശരി മലയാളിക്ക് മുന്നിലെ കാഴ്ചയാകുമ്പോള്‍ സിനിമയിലെ വയലന്‍സും ലഹരി ഉപയോഗവും പോലെ തന്നെ ഗൗരവകരമായി കുട്ടികളെ അത് ബാധിക്കും എന്നുള്ള മനസിലാക്കല്‍ പ്രധാനമാണ്. സമ്മതത്തോടെയായാലും സഹോദരങ്ങള്‍ക്കിടയിലെ ലൈംഗിക ബന്ധം നമ്മുടെ ധാര്‍മികതയെ സാരമായി ബാധിക്കുന്ന ഒന്നാണ്. എന്നാല്‍ ശാസ്ത്രീയമായ ചില അറിവുകള്‍ ധാര്‍മികതയെ മറികടന്നു സഞ്ചരിച്ചേക്കാം. വെസ്റ്റര്‍മാര്‍ക്ക് എഫക്ടും ജനറ്റിക് സെക്ഷ്വല്‍ അട്ട്രാക്ഷനുമടക്കം എന്താണ് ഈ സിനിമയിലൂടെ നമ്മളറിയേണ്ടത് എന്ന് പരിശോധിക്കാന്‍ മനുഷ്യന്റെ പരിണാമത്തിലൂടെ ഒന്ന് സഞ്ചരിച്ചു വരാം.സിനിമ നമ്മളെ പലതും പഠിപ്പിക്കുന്നു. അതില്‍ ശാസ്ത്രവും മനുഷ്യോല്പത്തിയും വരെ ഉള്‍പ്പെടാം. അത് വല്ലാത്തൊരു കുഴഞ്ഞ കഥയാണ്, ഒപ്പം കൗതുകകരവും.

മനുഷ്യന്റെ ആദ്യകാലഘട്ടങ്ങളില്‍ കൃത്യമായി നിര്‍വചിക്കാന്‍ സാധിക്കുന്ന ഒരു ബന്ധം അമ്മയും കുഞ്ഞും തമ്മിലുള്ളതായിരിക്കും. പ്രസവിക്കുന്നത് കൊണ്ടും കുറച്ചധികം നാളുകള്‍ കൂടെ നിര്‍ത്തി വളര്‍ത്തുന്നത് കൊണ്ടും അമ്മയ്ക്ക് കുഞ്ഞിനെ തിരിച്ചറിയാന്‍ സാധിക്കും. അച്ഛന്‍, സഹോദരന്‍, സഹോദരി, അമ്മാവന്‍ എന്നിങ്ങനെ ബന്ധങ്ങളില്‍ യാതൊരു തരംതിരിക്കലും ഇല്ലാതിരുന്ന കാലത്ത് പുരുഷനും സ്ത്രീയും തമ്മിലുള്ള ലൈംഗികബന്ധത്തിലൂടെ ആണ് സ്ത്രീ ഗര്‍ഭിണിയാകുന്നത് എന്നുപോലും മനുഷ്യര്‍ മനസ്സിലാക്കിയിരുന്നില്ല. ലൈംഗികത എന്നത് മറ്റേതൊരു വികാരവും പോലെ സാധാരണ രീതിയിലുള്ള ആകര്‍ഷണത്തിന്റെ ഭാഗം മാത്രമായിരുന്നു. ഒരു പുരുഷന്‍ ഒന്നിലധികം സ്ത്രീകളുമായിട്ടും സ്ത്രീ ഒന്നിലധികം പുരുഷന്മാരും ആയിട്ടും പലതവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന പോളിഗാമസ് സംസര്‍ഗമായിരുന്നു അന്ന്. സ്ത്രീയുടെ ശരീരത്തില്‍ ഒറ്റയ്ക്ക് നടക്കുന്ന ഒരു മാറ്റം മാത്രമായിട്ടാണ് ഗര്‍ഭധാരണത്തെ അന്ന് മനുഷ്യന്‍ മനസ്സിലാക്കിയിരുന്നത്. തമ്മില്‍ ആരെന്നു പോലും അറിയാതെ പ്രായപൂര്‍ത്തിയായ വ്യക്തികള്‍ ഇണചേരുകയും കുഞ്ഞുങ്ങള്‍ ഉണ്ടാവുകയും ചെയ്തു.അങ്ങനെ വളരെ സ്വാഭാവികമായി ലൈംഗികതയില്‍ ഏര്‍പ്പെട്ടിരുന്ന ഒരു ചരിത്രമുണ്ട് മനുഷ്യന്.

ഒരേ രക്തബന്ധമുള്ള ജീവികള്‍ തമ്മിലുള്ള പ്രജനന പ്രക്രിയയാണ് ഇന്‍ബ്രീഡിങ്. അതായത് സഹോദരങ്ങള്‍, മാതാപിതാക്കള്‍, പിന്മുറക്കാര്‍ ഇവര്‍ തമ്മിലുള്ള ഇണചേരല്‍. ഇത് ജനിതക രോഗങ്ങള്‍ക്കും, ശാരീരിക വൈകല്യങ്ങള്‍ക്കും കാരണമാകാം.

ഇന്‍ബ്രീഡിംഗ് ഡിപ്രെഷന്‍ എന്നത് ഒരു ജീവജാലത്തിനുള്ളിലെ ബന്ധുക്കള്‍ തമ്മിലുള്ള പ്രത്യുല്‍പാദനം മൂലം ഉണ്ടാകുന്ന ജനിതക പ്രശ്‌നങ്ങളെ സൂചിപ്പിക്കുന്നു. ഇത് ഒരു ജീവിയുടെ ജനിതക വൈവിധ്യം കുറയ്ക്കുകയും, ഹാനികരമായ ജനിതക മാറ്റങ്ങള്‍ പ്രകടമാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ജീവികളുടെ ആരോഗ്യം, ജീവിതശേഷി, രോഗപ്രതിരോധശേഷി, പ്രത്യുല്‍പാദന കഴിവ് തുടങ്ങിയവയെയെല്ലാം ഇന്‍ബ്രീഡിങ് ബാധിച്ചേക്കാം. ഇന്‍ബ്രീഡിങ് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും മരണനിരക്ക് വര്‍ധിപ്പിക്കുകയും ചെയ്യുന്നത് കൊണ്ട് അങ്ങനെയുണ്ടാകുന്ന വര്‍ഗ്ഗങ്ങള്‍ സ്വാഭാവികമായും ഇല്ലാതായിക്കൊണ്ടിരിക്കും.

ശാസ്ത്രവും സമൂഹവും നാരായണിയുടെ മക്കളും
ഉണ്ണി ബാലകൃഷ്ണൻ റിപ്പോർട്ടർ വിട്ടു, ഏഷ്യാനെറ്റ് ന്യൂസിനെ നയിക്കും, സീനിയർ എഡിറ്റോറിയൽ കൺസൾട്ടൻ്റ് ആയി നിയമനം

ഔട്ട്ബ്രീഡിങ് എന്നത് വ്യത്യസ്ത ജനിതക പശ്ചാത്തലമുള്ള ജീവികള്‍ തമ്മിലുള്ള പ്രജനന പ്രക്രിയയാണ്.ഇത് ജനിതക വൈവിധ്യം വര്‍ദ്ധിപ്പിക്കുന്നു.ജനിതക രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.ഇവയുടെ ഫലങ്ങള്‍ ജീവികളുടെ ആരോഗ്യത്തെയും പരിണാമത്തെയും ഗണ്യമായി ബാധിക്കുന്നുണ്ട്. നാച്ചുറല്‍ സെലക്ഷന്‍ സിദ്ധാന്തം അനുസരിച്ച്, ഒരു പ്രത്യേക പരിതസ്ഥിതിയില്‍ ജീവിച്ചുപോരാന്‍ അനുയോജ്യമായ ശരീരഘടനയോ സ്വഭാവ സവിശേഷതകളോ ഉള്ള ജീവികള്‍ക്ക് അവയുടെ തലമുറയിലെ മറ്റു ജീവികളേക്കാള്‍ ജീവിതം നീണ്ടുനില്‍ക്കാനും പുനരുത്പാദനം നടത്താനും കഴിയും. ഇങ്ങനെ, തലമുറകളായി ഈ പ്രക്രിയ തുടരുമ്പോള്‍, ആ ജീവികളുടെ ജനസംഖ്യയില്‍ ഈ പ്രത്യേക ഘടനയോ സ്വഭാവ സവിശേഷതയോ പ്രധാനമായുള്ള ജീവികളുടെ എണ്ണം കൂടുകയും, ഇത് ജീവികളുടെ പരിണാമത്തിന് കാരണമാകുകയും ചെയ്യുന്നു. ഇവയെല്ലാം പല തരത്തിലുള്ള വ്യതിയാനങ്ങളോട് കൂടിയായിരിക്കും ജനിക്കുക. അമ്മയുടെയും അച്ഛന്റെയും ശരീരത്തിലില്ലാത്ത പ്രത്യേക ഗുണങ്ങളെയാണ് വ്യതിയാനങ്ങളെന്ന് വിളിക്കുന്നത്. ചുറ്റുപാടിനോട് അനുകൂലമായ വ്യതിയാനങ്ങള്‍ ഉള്ളവര്‍ മാത്രം അതിജീവിക്കുകയും മറ്റുള്ളവ നശിച്ച് പോവുകയും ചെയ്യുന്നു.

മനുഷ്യന്റെ 46 ക്രോമസോമുകളില്‍ 23 എണ്ണം അമ്മയില്‍ നിന്നും 23 എണ്ണം അച്ഛനില്‍ നിന്നും ലഭിക്കുന്നതാണ്. റിസസ്സീവ് എന്നും ഡോമിനന്റ് എന്നുമായി ജീനുകളുടെ കൂട്ടമുണ്ട് നമ്മളില്‍. ഈ ജീനുകള്‍ അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും കുഞ്ഞുങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. സഹോദരങ്ങള്‍ തമ്മില്‍ ജനിതകപരമായ സാമ്യങ്ങള്‍ ഉണ്ടെങ്കിലും അവര്‍ പല രീതികളിലായി തികച്ചും വ്യത്യസ്തരാവുന്നത് ജീനുകള്‍ തമ്മിലുള്ള കൊമ്പിനേഷനുകള്‍ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കുന്നതുകൊണ്ടാണ്.

അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും ഒരുമിച്ച് കൈമാറ്റം ചെയ്യപ്പെടുമ്പോളാണ് റിസെസീവ് ജീനുകളുടെ ദോഷങ്ങള്‍ കുഞ്ഞുങ്ങളില്‍ പ്രതിഫലിക്കുന്നത്. റിസസീവ് ജീനുകളുടെ കോമ്പിനേഷനുകള്‍ മിക്കതും കുട്ടികളില്‍ ജനിതകപരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. സഹോദരങ്ങള്‍ തമ്മില്‍ 50% ജനിതക സാമ്യം ഉള്ളതിനാല്‍ അവര്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തിലൂടെ കുഞ്ഞുങ്ങള്‍ ജനിച്ചാല്‍ റിസസീവ് ജീനുകള്‍ കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. തലമുറകളില്‍ ഇത് പിന്നെയും ആവര്‍ത്തിച്ചാല്‍ ഗുരുതമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും തലമുറ തന്നെ ഇല്ലാതാകുന്ന സാഹചര്യമുണ്ടാകുന്നു. തുടക്കത്തില്‍ പറഞ്ഞതുപോലെ ആദിമ മനുഷ്യര്‍ക്കിടയില്‍ സഹോദരങ്ങളാണോ എന്നറിയാതെ നടന്ന ലൈംഗിക ബന്ധങ്ങളില്‍ പിറന്ന കുഞ്ഞുങ്ങളില്‍ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ആ തലമുറകള്‍ പലപ്പോഴും നാശത്തിലേക്ക് പോവുകയും ചെയ്തു. അങ്ങനെയല്ലാതെ ജനിച്ച കുഞ്ഞുങ്ങള്‍ സമൂഹത്തില്‍ അതിജീവിക്കുകയും ചെയ്തിരുന്നു.

പറഞ്ഞുവന്നത് ഇന്‍ബ്രീഡിങ് പതിയെ ഇല്ലാതായതും ഔട്ട്ബ്രീഡിങ് അതിജീവിച്ചതുമൊക്കെ അന്നത്തെ മനുഷ്യന്‍ എല്ലാം മനസ്സിലാക്കി കൊണ്ട് നടന്ന പ്രക്രിയകള്‍ അല്ല. സ്വാഭാവികമായി പ്രകൃതി തന്നെ നടപ്പിലാക്കിയതാണ്. ജീനുകള്‍ എപ്പോഴും മികച്ച പകര്‍പ്പുകള്‍ പുനര്‍നിര്‍മ്മിക്കാനാണ് ഇഷ്ടപ്പെടുന്നത്. ഇന്‍ബ്രീഡിങ് തടയാനും ജനിതക വൈവിധ്യം പ്രോത്സാഹിപ്പിക്കാനുമുള്ള ഒരു പരിണാമപരമായ ഒരു പ്രതിഭാസത്തേക്കുറിച്ച് ഫിന്നിഷ് നരവംശശാസ്ത്രജ്ഞനായ എഡ്വേര്‍ഡ് വെസ്റ്റര്‍മാര്‍ക്ക് 1891-ല്‍ ദി ഹിസ്റ്ററി ഓഫ് ഹ്യൂമന്‍ മാരേജ് എന്ന തന്റെ കൃതിയില്‍ മുന്നോട്ടുവച്ചിരുന്നു. ജീവിതത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ ഒരുമിച്ച് താമസിക്കുന്ന വ്യക്തികള്‍ തമ്മില്‍ ലൈംഗിക ആകര്‍ഷണം വികസിപ്പിക്കാതിരിക്കാനുള്ള ഒരു സ്വാഭാവിക വിമുഖത ഉണ്ടാകുന്നു എന്ന ആ പ്രതിഭാസത്തിന്റെ പേരാണ് വെസ്റ്റര്‍മാര്‍ക്ക് എഫക്ട്.

ഇന്‍ബ്രീഡിംഗ് തടയാനുള്ള ഒരു മെക്കാനിസമായി ഇത് പ്രവര്‍ത്തിക്കുന്നു, ജനിതക വൈകല്യങ്ങളുള്ള സന്താനങ്ങള്‍ ജനിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. തികച്ചും വ്യത്യസ്തരായ രണ്ടു കുഞ്ഞുങ്ങളെ ദത്തെടുത്ത് ഒരേ വീട്ടില്‍ സഹോദരരെ പോലെ താമസിപ്പിക്കുമ്പോഴും ഒരുപക്ഷേ ഈ പ്രതിഭാസം പ്രവര്‍ത്തിക്കാം. എന്നാല്‍ ഇതിന് നേരെ വിപരീതമായി മറ്റൊരു പ്രതിഭാസം കൂടിയുണ്ട്. അതാണ് ജനറ്റിക് സെക്ഷ്വല്‍ അട്രാക്ഷന്‍ അഥവാ ജി എസ് എ.

ബാല്യത്തില്‍ വേര്‍പിരിഞ്ഞ് വ്യത്യസ്ത ഇടങ്ങളില്‍ വളരുന്ന ബന്ധുക്കളായ ആണും പെണ്ണും പ്രായപൂര്‍ത്തി ആയതിനുശേഷം തങ്ങള്‍ സഹോദരങ്ങളാണ് എന്ന രീതിയില്‍ മനസ്സിലാക്കാന്‍ സാധിക്കാതെ കണ്ടുമുട്ടുമ്പോള്‍ അവര്‍ തമ്മിലുള്ള ലൈംഗിക ആകര്‍ഷണം സാധാരണ ആണിനും പെണ്ണിനും ഇടയിലുള്ളതിനേക്കാള്‍ തീവ്രമായിരിക്കും.

അതിന് കാരണം ഇവര്‍ തമ്മില്‍ ഇവര്‍ തമ്മിലുള്ള ജനിതക സാമ്യം ലൈംഗിക പൊരുത്തമായി അല്ലെങ്കില്‍ സെക്ഷ്വല്‍ കോമ്പാറ്റിബിലിറ്റി ആയി തലച്ചോര്‍ തെറ്റിദ്ധരിക്കുന്നത് കൊണ്ട് കൂടിയാണ്. ആ സഹോദരങ്ങള്‍ ഒരുമിച്ചല്ല വളര്‍ന്നത് എന്നതുകൊണ്ടുതന്നെ വെസ്റ്റര്‍മാര്‍ക്ക് എഫക്റ്റ് അവിടെ പ്രവര്‍ത്തിക്കുന്നുമില്ല. ഈ പ്രതിഭാസം സാര്‍വത്രികമല്ലെന്നും സാംസ്‌കാരിക അല്ലെങ്കില്‍ സാമൂഹിക ഘടകങ്ങളാല്‍ ബാധിക്കപ്പെടാമെന്നും ചില ഗവേഷകര്‍ വാദിക്കുന്നു. ഈ പ്രതിഭാസത്തിന് പിന്നിലെ കൃത്യമായ മെക്കാനിസങ്ങളും മനഃശാസ്ത്രപരമായ പ്രക്രിയകളും ഇപ്പോഴും വിവാദത്തിന് വിധേയവുമാണ്.

മേല്‍പ്പറഞ്ഞ ജനറ്റിക് സെക്ഷ്വല്‍ അട്രാക്ഷന്‍ എന്ന ആശയത്തെയാണ് നാരായണീന്റെ മൂന്നാണ്മക്കള്‍ എന്ന സിനിമയില്‍ പ്രതിഫലിപ്പിക്കാന്‍ ശ്രമിച്ചത് എന്ന് തന്നെ വിശ്വസിക്കുന്നു. ഈ സിനിമയിലെ സഹോദരന്മാരുടെ മക്കളായ ഒരാണും പെണ്ണും തീര്‍ത്തും അപരിചിതരല്ല എങ്കിലും ഒരുപാട് ദൂരെ രണ്ട് വ്യത്യസ്ത ഇടങ്ങളില്‍ ബന്ധങ്ങളൊന്നുമില്ലാതെ തന്നെയാണ് വളര്‍ന്നത്. 25 വര്‍ഷങ്ങള്‍ക്കു മുമ്പ് വീട്ടുകാരുമായുള്ള ബന്ധം ഉപേക്ഷിച്ചു വിദേശത്തേക്ക് പോയ അനുജന്റെ മകന്‍ നാട്ടിലുള്ള ചേട്ടന്റെ മകളെ ആദ്യമായി കാണുകയാണ്. ചേട്ടന്റെയും അനിയന്റെയും മക്കളാണ് എന്നറിയാം എന്നതിലുപരി അവര്‍ നേരിട്ട് അറിയുന്നത് ആദ്യമായാണ്. അതുകൊണ്ടുതന്നെ ജനറ്റിക് സെക്ഷ്വല്‍ അട്രാക്ഷന്‍ ഉണ്ടാവുകയും വെസ്റ്റര്‍മാര്‍ക്ക് എഫക്ട് ഉണ്ടാകുന്നില്ല എന്നതും ശാസ്ത്രീയമായ കാരണങ്ങളാണ്.

ഇതിനര്‍ത്ഥം കസിന്‍സ് തമ്മിലുള്ള വിവാഹവും ലൈംഗിക ബന്ധവും ശരിയാണ് എന്നല്ല. ധാര്‍മികമായി തെറ്റ് എന്ന് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നതും ശാസ്ത്രം വലിയ അപകടങ്ങള്‍ ഉണ്ട് എന്ന് വിളിച്ചുപറയുകയും ചെയ്ത കാര്യമാണത്. കസിന്‍സ് തമ്മിലുള്ള വിവാഹം കേരളം ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനിന്നിരുന്ന ഒരു സമ്പ്രദായമാണ്. ഇന്നും ഇത്തരം വിവാഹങ്ങള്‍ നടക്കുന്നുണ്ട്. ജനിതകപരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും എങ്കില്‍ എങ്കില്‍ ഇത്തരം വിവാഹങ്ങളില്‍ ഉണ്ടായ തലമുറകള്‍ എന്തുകൊണ്ട് വ്യാപകമായി ജനിതക രോഗങ്ങള്‍ ഉള്ളവരായി തീര്‍ന്നില്ല എന്ന് പലരും സംശയിച്ചേക്കാം. ഇത്തരം ബന്ധങ്ങളില്‍ ജനിതക പ്രശ്‌നങ്ങള്‍ ഗുരുതരമാകുന്നത് തലമുറകള്‍ തുടരെ തുടരെ ഇത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ആണ്. കസിന്‍സ് തമ്മിലുള്ള വിവാഹബന്ധത്തില്‍ ഉണ്ടായ മക്കളും അവരുടെ മക്കളുമെല്ലാം അവരുടെ കസിന്‍സ് തന്നെ വിവാഹം ചെയ്താല്‍ അപകടസാധ്യത വര്‍ദ്ധിക്കും. ബ്രിട്ടനിലും സൗദി അറേബ്യയിലും ഉള്‍പ്പെടെ ചില രാജ കുടുംബങ്ങളില്‍ ഇത്തരത്തില്‍ തലമുറകളായി കസിന്‍സിനെ വിവാഹം ചെയ്തതിനാല്‍ വലിയ ജനിതക പ്രശ്‌നങ്ങള്‍ അവര്‍ക്കുണ്ടായതായി ചില പഠനങ്ങള്‍ ഇതിനോടകം തെളിയിച്ചിട്ടുണ്ട്. 2009 ല്‍ യൂണിവേഴ്‌സിറ്റി ഓഫ് സാന്തിയാഗോ ഡി കോംപോസ്റ്റെലയുടെ ഒരു പഠനം ബ്രിട്ടനിലെ ഹാപ്‌സ്ബര്‍ഗ് രാജകുടുംബത്തിന്റെ ഇന്‍ബ്രീഡിങ് കോ എഫിഷ്യന്റ് കണക്കാക്കുകയും അവരുടെ ജനിതക ദുര്‍ബലതയെ കുറിച്ച് പഠിക്കുകയും ചെയ്തിട്ടുണ്ട്. 2019 ല്‍ അതേ യൂണിവേഴ്‌സിറ്റി നടത്തിയ മറ്റൊരു പഠനം ഹാപ്‌സ്ബര്‍ഗ് രാജകുടുംബത്തിന്റെ അവസാന രാജാവായ ചാള്‍സ് കക ഓഫ് സ്‌പെയിനിന്റെ ക്രോമോസോം അസാധാരണതകള്‍, ഫെര്‍ട്ടിലിറ്റി പ്രശ്‌നങ്ങള്‍, മാനസിക വൈകല്യങ്ങള്‍ എന്നിവ കസിന്‍ മാരേജുകളുടെ ഫലമാണെന്ന് സൂചിപ്പിച്ചിരുന്നു.

ശാസ്ത്രവും സമൂഹവും നാരായണിയുടെ മക്കളും
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തൊഴിലുകളെ ബാധിച്ചു തുടങ്ങിയിരിക്കുന്നു; ഐടി മേഖല ഭീഷണിയില്‍ | Watch

2014-ല്‍ 'നേച്ചര്‍' ജേണലില്‍ യൂറോപ്യന്‍ രാജകുടുംബങ്ങളില്‍ ഇന്‍ബ്രീഡിംഗ് മൂലമുള്ള മരണനിരക്ക് 20% വര്‍ദ്ധിച്ചതായി കണ്ടെത്തിയ ഒരു പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. 2020-ല്‍ 'പ്രോസീഡിങ്സ് ഓഫ് ദി റോയല്‍ സൊസൈറ്റി ബി' ലെ 'ദി റോള്‍ ഓഫ് ഇന്‍ബ്രീഡിങ് ഇന്‍ ദ എക്‌സ്റ്റിംക്ഷന്‍ ഓഫ് യൂറോപ്യന്‍ ഡൈനാസ്റ്റീസ്' എന്ന പഠനം, രാജവംശങ്ങളില്‍ സാധാരണമായി കണ്ടുവരുന്ന ജനിതക പ്രശ്‌നങ്ങള്‍ക്ക് ഇന്‍ബ്രീഡിങ്ങിന്റെ പങ്ക് എത്രമാത്രമെന്ന് വിലയിരുത്തുന്നു. ജേര്‍ണല്‍ ഓഫ് കമ്മ്യൂണിറ്റി ജനറ്റിക്‌സില്‍ പ്രസിദ്ധീകരിച്ച പഠനം സൗദിയിലെ കസിന്‍ വിവാഹങ്ങള്‍ ശിശുമരണനിരക്ക്, ജന്മനായുള്ള വൈകല്യങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

സൗദി മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനം കസിന്‍ വിവാഹങ്ങളുമായി ബന്ധപ്പെട്ട ഓട്ടിസം, ഹൃദയ വൈകല്യങ്ങള്‍ എന്നിവയുടെ സാധ്യത കൂടുതലാണെന്ന് സൂചിപ്പിക്കുന്നു.

കേരളത്തില്‍ പൊതുവെ ആവര്‍ത്തിച്ചുള്ള കസിന്‍സ് വിവാഹങ്ങള്‍ ഉണ്ടാവുന്നില്ല. മൂന്നോ നാലോ തലമുറക്ക് ശേഷം ചിലപ്പോള്‍ കസിന്‍സ് തമ്മിലുള്ള വിവാഹം ആവര്‍ത്തിക്കാം അല്ലെങ്കില്‍ പൂര്‍ണമായും അത്തരം ബന്ധങ്ങള്‍ നിര്‍ത്തിയേക്കാം. അത് കൊണ്ട് കൂടെയായിരിക്കാം ബ്രിട്ടനിലോ സൗദി അറേബ്യയിലോ സംഭവിച്ചത് പോലെ കേരളത്തില്‍ സംഭവിക്കാത്തത്.

ഒരു കാലഘട്ടത്തില്‍ മുറപ്പെണ്ണിനെയും മുറച്ചെറുക്കനെയും വിവാഹം കഴിക്കുക എന്നത് കേരളത്തില്‍ ഒരു സ്വാഭാവിക രീതിയായിരുന്നു. അതിലും നമുക്ക് വെസ്റ്റര്‍മാര്‍ക്ക് എഫക്റ്റും ജനറ്റിക് സെക്ഷ്വല്‍ അട്രാക്ഷനും കാണാന്‍ സാധിച്ചേക്കാം. പണ്ടുള്ള തറവാടുകളില്‍ സഹോദരന്റെ മക്കള്‍ അവരുടെ ഭാര്യവീട്ടിലും സഹോദരിയുടെ മക്കള്‍ സഹോദരന്റെ കൂടെ തന്നെ തറവാട്ടു വീട്ടിലും താമസിക്കുന്ന ഒരു സമ്പ്രദായം ഉണ്ടായിരുന്നു. മുറ പെണ്ണുങ്ങളും മുറച്ചെറുക്കന്മാരും എന്ന് വേണമെങ്കില്‍ നമുക്ക് അവരെ വിശേഷിപ്പിക്കാം. വെവ്വേറെ വീടുകളില്‍ താമസിക്കുന്നത് കൊണ്ട് തന്നെ അവര്‍ക്കിടയില്‍ വെസ്റ്റര്‍മാര്‍ക്ക് എഫക്ട് ഉണ്ടാകുന്നില്ല. പകരം ഉണ്ടാകുന്നത് പലപ്പോഴും ജനറ്റിക് സെക്ഷ്വല്‍ അട്രാക്ഷന്‍ ആണ്. പഴയ സിനിമകളില്‍ ഒക്കെ കാണുന്നതുപോലെ പലപ്പോഴും അവര്‍ തമ്മില്‍ കാണുന്നത് വേനല്‍ അവധികളിലും ഉത്സവ അവധികളിലും ഒക്കെയായിരിക്കും. അതുകൊണ്ടുതന്നെ അവര്‍ തമ്മില്‍ സ്വാഭാവികമായ പ്രണയവും ആകര്‍ഷണവും തീവ്രമായി ഉണ്ടാവുകയും ചെയ്തിരുന്നു.

എഴുത്തിന്റെ തുടക്കത്തില്‍ പറഞ്ഞതുപോലെ ജനിതക സാമ്യതകള്‍ ഉള്ള വ്യക്തികള്‍ തമ്മില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട് പുതിയ തലമുറ ഉണ്ടാകുന്നത് ജീന്‍ ആഗ്രഹിക്കുന്നില്ല. പലപ്പോഴും മലയാളിയുടെ ധാര്‍മികതയും ശാസ്ത്രമറിഞ്ഞാലും ഇല്ലെങ്കിലും അതിനോട് ചേര്‍ന്ന് സഞ്ചരിക്കുകയാണോ എന്ന് തോന്നും. നാരായണിയുടെ കൊച്ചുമക്കള്‍ തമ്മിലിടയില്‍ ഉണ്ടായ ആകര്‍ഷണം അവര്‍ക്ക് സന്താനങ്ങള്‍ ഉണ്ടാകാത്തിടത്തോളം ജീനിന്റെ പരിഗണനാ വിഷയമല്ല. അത് നമ്മുടെ സാമൂഹിക വിഷയം മാത്രമാണ്.

സിനിമയാല്‍ സ്വാധീനിക്കപ്പെടുക എന്നതിന് സിനിമയെ മേല്‍പ്പറഞ്ഞ രീതിയില്‍ അറിയുക എന്നുകൂടി അര്‍ത്ഥമുണ്ട്. ചില അവസരങ്ങളില്‍ സാമൂഹികമായും ശാസ്ത്രീയമായും സിനിമയെ സമീപിക്കുന്നത് വളരെ രസകരമായിരിക്കും. അങ്ങനെ അറിഞ്ഞാല്‍ അത് തെറ്റായ രീതിയില്‍ നമ്മളെ സ്വാധീനിക്കില്ല എന്ന് വിശ്വസിക്കുന്നു. ജനറ്റിക് സെക്ഷ്വല്‍ അട്രാക്ഷന്‍ എന്താണ് എന്നതു മനസ്സിലാക്കിയാല്‍ നാരായണീന്റെ മൂന്നാണ്‍മക്കള്‍ എന്ന സിനിമയില്‍ അതാണ് സംഭവിച്ചിരിക്കുന്നത് എന്നും അത്തരം ലൈംഗികബന്ധത്തിലൂടെ തലമുറകള്‍ ഉണ്ടാകുമ്പോള്‍ അവിടെ വലിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്ന മനസിലാക്കല്‍ വിവേകപൂര്‍ണ്ണമായ തെരഞ്ഞെടുപ്പുകളിലേക്കും നമ്മെ കൊണ്ടുപോകുന്നു. എന്ത് കാര്യങ്ങള്‍ മനസ്സിലാക്കാനും പഠിക്കാനും സാങ്കേതികത നമ്മളെ എളുപ്പത്തില്‍ അനുവദിക്കുന്ന ഒരു കാലഘട്ടമാണിത്. സിനിമയെ അടക്കം സകലതിനെയും അതിന്റെ വിവിധ വശങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് സമീപിച്ചാല്‍ പല പ്രതിസന്ധികളും ഒഴിവാക്കാന്‍ സാധിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in