ഒരു കമ്മ്യൂണിസ്റ്റ് സാഹോദര്യത്തിന്റെ ഓർമ്മയ്ക്ക്

ഒരു കമ്മ്യൂണിസ്റ്റ് സാഹോദര്യത്തിന്റെ ഓർമ്മയ്ക്ക്
Summary

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിൽ തിളങ്ങി നിൽക്കുന്ന രണ്ട് നക്ഷത്രങ്ങളാണ് കമ്മ്യൂണിസ്റ്റ് നേതാവ് പി സി ജോഷിയും വിഖ്യാത നാടക -- ചലച്ചിത്രഅഭിനേതാവായിരുന്ന ബൽ രാജ് സാഹ്നിയും.അപൂർവസുന്ദരമായ ഒരാത്മസൗഹൃദം പങ്കിട്ടിരുന്ന ആ പ്രഗത്ഭമതികൾ ആദ്യമായി കണ്ടുമുട്ടിയ സന്ദർഭമാണ്, ഈ കുറിപ്പിനാധാരം.

1944ലെ ആ സായാഹ്ന ത്തിൽ,രാജ് ഭവൻ എന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ബോംബെയിലെ കേന്ദ്ര ഓഫീസിലെ (PHQ) പാർട്ടി ജനറൽ സെക്രട്ടറി പി.സി ജോഷിയുടെ മുറിയിലേക്ക് കടന്നുവന്ന ആ ഭാര്യാ ഭർത്താക്കന്മാർ പല സവിശേഷതകളുമുള്ളവരായിരുന്നു.ജോഷിയുടെ സെക്രട്ടറിയായ പാർവതി കുമാരമംഗലമാണ് അവരെ,പാർട്ടി കമ്മ്യൂൺ കൂടിയായി പ്രവർത്തിക്കുന്ന,സാൻഡ് ഹെഴ്സ്റ്റ് റോഡിലുള്ള രാജ്ഭവനിലേക്ക് കൂട്ടിക്കൊണ്ടു വന്നത്.പാർവതിയെ പോലെ തന്നെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ ആകൃഷ്ടരായ രണ്ട് 'വിലായത്തി' കൾ (വിദേശത്തു നിന്നെത്തിയവർ) -- കലാപ്രവർത്തക ബൽരാജ് സാഹ്നിയും ജീവിതസഖാവ് ദമയന്തി യുമായിരുന്നു അവർ.

ലണ്ടൻ ആസ്ഥാനമായ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനിൽ ഹിന്ദി അനൗൺസറും സ്ക്രിപ്റ്റ് റൈറ്ററുമൊക്കെയായി കുറച്ചുകാലം പ്രവർത്തിച്ചതിനു ശേഷം ഇന്ത്യ യിലേക്ക് മടങ്ങിയെത്തിയ ബൽരാജ്സാഹ്നിയും ദമയന്തിയും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി യുടെ ജനറൽ സെക്രട്ടറിയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഈ കൂടിക്കാഴ്ച നിശ്ചയിച്ചത്....

പഞ്ചാബിലെ ഒരു കാർഷിക കുടുംബത്തിൽ ജനിച്ച ബൽരാജിൽ പാശ്ചാത്യ പുരോഗമന ചിന്താധാരകളോടുള്ള ആഭിമുഖ്യം ജനിക്കുന്നത്, ഇംഗ്ളീഷ് സാഹിത്യ ത്തിലുള്ള സർവകലാശാലാ പഠന നാളുകളിലാണ്. ബിരുദധാരിയായ ഏതൊരു പഞ്ചാബി യുവാവിനെയും പോലെ ബ്രിട്ടീഷുകാരുടെ കീഴിൽ ഉന്നത ഉദ്യോഗം നേടി ജീവിതം ആഘോഷമാക്കുന്നതിനു പകരം നേരെ ശാന്തിനികേതനിൽ ചെന്ന് ടാഗോറിന്റെ ആത്മീയശിഷ്യനായി തീരുകയാണ് ചെയ്തത്. എന്നാൽ ശാന്തിനികേതനത്തിന്റെ സുഖശീതളമായ അന്തരീക്ഷത്തിൽ അധിക കാലം തുടരാൻ ബൽരാജിന് താൽപ്പര്യമുണ്ടായിരുന്നില്ല. തിളച്ചുമറിയുകയായിരുന്ന സ്വാതന്ത്ര്യപ്രക്ഷോഭം കാന്തശക്തിയോടെ ആ യുവാവിനെ വലിച്ചുപുറത്തുകൊണ്ടുവന്നു. ഗുരുദേവിന്റെ സവിധത്തിൽ നിന്ന് മഹാത്മാവിന്റെ സന്നിധാനത്തിൽ സേവാഗ്രാമിൽ ചെന്നു ചേക്കേറിയ ബൽരാജിന് അവിടെയും പൂർണ്ണ തൃപ്തി ലഭിച്ചില്ല. അവസാനിക്കാത്ത അന്വേഷണവുമായി അങ്ങനെ മനസുകൊണ്ട് ഉഴലുമ്പോഴാണ് മഹാത്മജിയെ സന്ദർശിക്കാനെത്തിയ ബി ബി സിയുടെ റിപ്പോർട്ടർ "ഞങ്ങളോടൊപ്പം ചേരുന്നോ?" എന്നു ചോദിക്കുന്നത്. വിശാലമായ ലോകത്തെ കൂടുതലറിയാനുള്ള അടങ്ങാത്ത അഭിനിവേശത്തോടെ, ലണ്ടനിലെത്തി പുതിയ ജീവിതമാരംഭിച്ച സാഹ്നിദമ്പതികൾ അധികം വൈകാതെ,തങ്ങളുടെ മനസ്സും ചിന്തയുമായി പൊരുത്തപ്പെടുന്ന പ്രത്യയശാസ്ത്രം ഏതാണെന്ന് തിരിച്ചറിഞ്ഞു.യുദ്ധം കൊടുമ്പിരിക്കൊണ്ട ആ നാളുകളിൽ,ബ്രിട്ടനിലും യൂറോപ്പിലാകമാനവും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഇരമ്പിയാർത്ത ഫാസിസ്റ്റ് വിരുദ്ധ സമരത്തിലെ വീറുറ്റ പോരാളികളായി അവർ മാറി.

ബൽരാജ്,ദമയന്തി സാഹ്നിമാർ,ഇപ്റ്റ നിർമ്മിച്ച 'ധർത്തി കേ ലാൽ' എന്ന ചിത്രത്തിൽ
ബൽരാജ്,ദമയന്തി സാഹ്നിമാർ,ഇപ്റ്റ നിർമ്മിച്ച 'ധർത്തി കേ ലാൽ' എന്ന ചിത്രത്തിൽ

ബൽരാജ് -- ദമയന്തി ദമ്പതികൾ എത്തുന്നതിന് മുമ്പ് പാർവതി അവരെക്കുറിച്ചുള്ള വിശദമായ ഒരു ചിത്രം ജോഷിക്ക് നൽകിയിരുന്നു. രണ്ടുപേരും മനുഷ്യപ്പറ്റുള്ള ഒന്നാന്തരം കമ്മ്യൂണിസ്റ്റുകാരാണെന്ന് പറഞ്ഞു നിർത്തിയിട്ട്,ചെറിയൊരു കുസൃതിഭാവവും തിളങ്ങുന്ന കണ്ണുകളുമായി ഒരു കാര്യം കൂടി പാർവതി കൂട്ടിച്ചേർത്തു.

"അവരെ രണ്ടുപേരെയും കാണാൻ എന്തൊരു ഭംഗിയാണെന്നോ!"

ബൽരാജിനെയും ദമയന്തി യെയും ഇപ്റ്റയുടെ നേതൃത്വത്തിലേക്കും അതുവഴി പാർട്ടിപ്രവർത്തനത്തിലേക്കും സജീവമായി കൊണ്ടുവരുന്ന കാര്യം ഗൗരവത്തോടെ പരിഗണിക്കണമെന്നുള്ളതായിരുന്നു പാർട്ടി സെക്രട്ടറി യോടുള്ള പാർവ്വതിയുടെ ആവശ്യം. എന്നാൽ അവർ രണ്ടാളെയും കുറിച്ച് ഇതിൽക്കൂടുതൽ വിവരങ്ങൾ മറ്റൊരാൾ പറഞ്ഞ് തനിക്ക് അറിയാമെന്ന വസ്തുത ജോഷി പാർവതിയോട് അപ്പോഴും പറഞ്ഞില്ല.

കുറച്ചുകഴിഞ്ഞ് പാർവതിയോടൊപ്പം സാഹ്നി ദമ്പതികൾ മുറിയിലേക്ക് കടന്നുവന്നപ്പോൾ ജോഷി കസേര യിൽ നിന്നെഴുന്നേറ്റു നിന്നുകൊണ്ടാണ് അവരെ എതിരേറ്റത്.

" ബി ബി സി യിൽ നിന്ന് കിട്ടിയിരുന്ന വലിയശമ്പളം കൊണ്ടാണ് നിങ്ങൾ ലണ്ടനിൽ കഴിഞ്ഞത്.നാട്ടിൽ മടങ്ങിയെത്തിയ ശേഷം എന്താണ് ജീവിതമാർഗമായി കണ്ടിട്ടുള്ളത്?"

ജോഷി ചോദിച്ചു.എന്നാൽ പാർവതിയ്ക്ക് ആ ചോദ്യം അത്രയ്ക്ക് പിടിച്ചില്ല.

" എന്തൊക്കെയാണ് ഇനി ചെയ്യേണ്ടതെന്ന് അവർക്ക് നന്നായിട്ടറിയാം"

എന്നാൽ ദമയന്തി അതിന് കൃത്യമായ മറുപടി നൽകി.

"ഞാൻ പൃഥ്വി തീയേറ്റേഴ്‌സിൽ ചേർന്നുകഴിഞ്ഞു.എനിക്കിഷ്ടമുള്ളിടത്തോളം കാലം വരെ അവിടെ തുടരാമെന്നാണ് പൃഥ്വിജി(പൃഥ്വിരാജ് കപൂർ) പറഞ്ഞിരിക്കുന്നത്.പക്ഷെബൽ രാജിന്റെ കാര്യം -- വേതനമൊന്നും കൂടാതെ ഇപ്റ്റയിലെ ഒരു മുഴുവൻ സമയ പ്രവർത്തകനാകാൻ ബൽരാജ് തയ്യാറാണ്... ഇപ്റ്റയ്ക്ക് ഇപ്പോൾ പ്രവർത്തകരെ ആവശ്യമുള്ള സമയമാണല്ലോ."

ഇപ്റ്റ(ഇന്ത്യൻ പീപ്പിൾസ് തീയേറ്റേഴ്‌സ് അസോസിയേഷൻ)യ്ക്ക് വേണ്ടി പ്രവർത്തിക്കാൻ സന്നദ്ധത കാട്ടിയ ബൽ രാജിനോട് നന്ദി പറഞ്ഞുകൊണ്ട് ജോഷി ഒരു കാര്യം ചൂണ്ടിക്കാട്ടി. ഇപ്റ്റയുടെ സംഘാടകചുമതലയേറ്റെടുക്കുന്ന ഒരാൾക്ക് നഗരത്തിലങ്ങോളമിങ്ങോളവും പട്ടണ പ്രാന്തങ്ങളിലുമൊക്കെ ധാരാളം സഞ്ചരിക്കേണ്ടി വരും. ആരാലും തിരിച്ചറിയപ്പെടാതെ ജന്മനാടിന്റെ ഇത്തിരിവട്ടങ്ങളിൽ മാത്രമായൊതുങ്ങിക്കൂടുന്ന പ്രതിഭകൾ പലരുമുണ്ടാകും.അങ്ങനെയുള്ളവരെ കണ്ടുപിടിച്ച് ഇപ്റ്റയിലേക്ക് കൊണ്ടുവരാൻ വേണ്ടിയാണ് ഈ ചുറ്റിത്തിരിയലുകളൊക്കെ.

എന്നാൽ യാത്ര ഒരു പ്രശ്നമേയല്ലെന്നായിരുന്നു ബൽരാജിന്റെ മറുപടി. ലണ്ടനിൽ വെച്ച് സ്വരുക്കൂട്ടിയുണ്ടാക്കിയ സമ്പാദ്യത്തിൽ നിന്നൊരു ഭാഗം ഒരു മോട്ടോർ സൈക്കിൾ വാങ്ങാനായി മാറ്റിവെച്ചിരിക്കുകയാണ്.അത് കയ്യിൽ കിട്ടിക്കഴിഞ്ഞാൽ ഏത് കുഗ്രാമത്തിൽ വേണമെങ്കിലും പോകാൻ താൻ തയ്യാറാണ്.

പി സി ജോഷിയും പാർവതിയും
പി സി ജോഷിയും പാർവതിയും

ഇതുകേട്ടയുടനെ ജോഷി ആദ്യം നോക്കിയത് പാർവതിയുടെ മുഖത്തേക്കാണ്."ഇപ്പോൾ എങ്ങനെയിരിക്കുന്നു? ഞാനപ്പോഴേ പറഞ്ഞതല്ലേ?"എന്ന ഭാവത്തിലായിരുന്നു പാർവതി.

"എന്നാൽപ്പിന്നെ ഇനി ഒട്ടും വൈകിക്കേണ്ട.ജോലി തുടങ്ങിക്കോളൂ.പക്ഷെ ഒരു കാര്യം.താങ്കൾ എപ്പോഴെങ്കിലുമൊരു തനി 'വിലായത്തി'യുടെ സ്വഭാവം കാണിക്കുകയോ ഈ പണിയ്ക്ക് ഒട്ടും പറ്റിയ ആളല്ലെന്നു ഞങ്ങളുടെ സഖാക്കൾ റിപ്പോർട്ട് ചെയ്യുകയോ ചെയ്താൽ, അപ്പോൾ നമുക്ക് ഇക്കാര്യം ഒന്ന് പുനഃപരിശോധിക്കേണ്ടി വരും." ജോഷി പറഞ്ഞു.

"ആ പരീക്ഷ ഫസ്റ്റ് ക്ലാസ്സിൽ തന്നെ പാസ്സാകാൻ ഞങ്ങൾ പരമാവധി ശ്രമിക്കും."

ബൽരാജ് അറിയിച്ചു.അപ്പോൾ പാർവതി വീണ്ടും ഇടപെട്ടു.

"കോമ്രേഡ് ജോഷിക്ക് 'വിലായത്തി'കളെ എപ്പോഴും സംശയമാണ്.എന്നാൽ ഇനി ഒരു കാര്യം കൂടി കേട്ടോളൂ.താങ്കൾക്ക് ഏറ്റവും പ്രിയപ്പെട്ട ആ ഇറാനി റെസ്റ്റോറന്റിൽ നമ്മളെ കൊണ്ടുപോയി ഒന്നാന്തരം ചായസൽക്കാരം നടത്താനുള്ള 'വഹ' യൊക്കെ ഈ വിലായത്തി കളുടെ കയ്യിലുണ്ട്."

തുടർന്ന് അവരെല്ലാവരും കൂടി പാർവതിയുടെ നേതൃത്വത്തിൽ രാജ്ഭവന് എതിർവശത്തുള്ള ഇറാനി റെസ്റ്റോറന്റിലേക്ക് നീങ്ങി.അവർക്കായി തുറന്നുകൊടുക്കപ്പെട്ട പ്രത്യേക കാബിനിലിരുന്നു കൊണ്ട്,സ്‌പെഷ്യൽ ചായയും 'മസ്കാ'(ബട്ടർ) ബണ്ണും നേന്ത്രപ്പഴവും എല്ലാവരും ആസ്വദിച്ചു കഴിച്ചു.ആ 'ചായ സൽക്കാര'ത്തിൽ വെച്ചാണ് ജോഷി ആ ദമ്പതികളെ കൂടുതൽ അടുത്തു പരിചയപ്പെടുന്നത്.ബ്രിട്ടീഷ് സാമ്രാജ്യത്വ ത്തോടും ഹിറ്റ്ലർ നയിക്കുന്ന ഫാസിസ്റ്റ് ശക്തികളോടും ഒരുപോലെ വീറോടെ പോരാടാൻ പ്രതിജ്ഞാ ബദ്ധരായ,കമ്മ്യൂണിസ്റ്റ് ആശയങ്ങളിലും തത്വസംഹിതകളിലും ഉറച്ചു വിശ്വസിക്കുന്ന സഖാക്കൾ തന്നെയാണവരെന്ന് ജോഷിക്ക് അന്ന് ബോദ്ധ്യമായി. പാർട്ടി നയിക്കുന്ന സാംസ്കാരിക മുന്നണിയ്ക്ക് മാത്രമല്ല പാർട്ടിയ്ക്കു തന്നെ അവർ മുതൽക്കൂട്ടാകുമെന്നും.അവരെ യാത്രയയച്ച ശേഷം രാജ്ഭവനിലേക്ക് മടങ്ങുമ്പോൾ ജോഷി പാർവതി യോട് പറഞ്ഞു.

" ഇവരുടെ ഉത്തരവാദിത്തം നീ തന്നെയേറ്റെടുക്കണം.ആവശ്യമായ എല്ലാ സഹായവും ചെയ്തുകൊടുക്കണം.ഞാൻ ഇടപെടേണ്ടതായ എന്തെങ്കിലും കാര്യങ്ങൾ ഉണ്ടെങ്കിൽ അപ്പോൾ തന്നെ അറിയിക്കണം."

പാർവതി സന്തോഷത്തോടെ തലകുലുക്കി. ജോഷിയുടെ സെക്രട്ടറി എന്ന ചുമതല യ്ക്ക് പുറമെ രാജ്ഭവനിലെ പാർട്ടി കമ്മ്യൂണിന്റെ മേൽനോട്ടവും ഇപ്റ്റ ഉൾപ്പെടെയുള്ള സാംസ്കാരിക മുന്നണിയുടെ പ്രവർത്തകരെ സംബന്ധിച്ച ഉത്തരവാദിത്തങ്ങളും പാർവതിയെയാണ് ഏല്പിച്ചിരുന്നത്.

ബൽരാജ് സാഹ്നിയും ദമയന്തി സാഹ്നിയും
ബൽരാജ് സാഹ്നിയും ദമയന്തി സാഹ്നിയും

പാർവതി പറഞ്ഞറിയുന്നതിന് മുമ്പു തന്നെ,സാഹ്നി ദമ്പതികളെക്കുറിച്ച് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായ ബെൻ ബ്രാഡ്‌ലി യിൽ നിന്നും ജോഷി കുറേ കാര്യങ്ങൾ മനസിലാക്കിയിട്ടുണ്ടായിരുന്നു. ഘാട്ടെ,അധികാരി,ഡാങ്കെ എന്നിവർക്കും ജോഷിക്കുമൊപ്പം മീററ്റ് ഗൂഡാലോചന കേസിൽ പ്രതിയായിരുന്ന ബ്രാഡ്‌ലി, ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഇന്ത്യയുടെ പ്രതിനിധിയായിട്ടാണ് അറിയപ്പെട്ടിരുന്നത്.ആ നാളുകളിൽ ഇന്ത്യയിൽ നിന്ന് പഠിക്കാനായും മറ്റും 'ബിലാത്തി' യിൽ ചെല്ലുന്ന ചെറുപ്പക്കാരെ -- പാർവതി,സഹോദരനായ മോഹൻ കുമാരമംഗലം,ഭാവി ജീവിതപങ്കാളി എൻ കെ കൃഷ്ണൻ, ഭൂപേശ് ഗുപ്ത,രേണു റോയ്,ജ്യോതി ബസു,ഇന്ദ്രജിത് ഗുപ്ത തുടങ്ങിയവരൊക്കെ അക്കൂട്ടത്തിൽ പെടും -- വിപ്ലവത്തിന്റെ പാതയിലേക്ക് ജ്ഞാനസ്നാനം ചെയ്യിക്കുന്ന കർമ്മമേറ്റെടുത്തിരുന്നത് ബ്രാഡ്‌ലി യും ആർ പി ഡി എന്ന രജ്നി പാം ദത്തു മാണ്.

ദമയന്തി വീറും വീര്യവുമുള്ള ഒരുറച്ച കമ്മ്യൂണിസ്റ്റുകാരിയാണെന്നും ബൽരാജാകട്ടെ ഏറെ ഊർജ്ജസ്വലനായ കലാകാരനാണെന്നും പ്രതിഭാധനരായ ആ ദമ്പതികളെ പാർട്ടിയുടെ സാംസ്കാരിക മുന്നണിയ്ക്ക് വേണ്ടി നന്നായി പ്രയോജനപെടുത്താവുന്നന്നതാണെന്നുമൊക്കെ ജോഷിയോട് ആദ്യം പറഞ്ഞത് ബ്രാഡ്ലിയാണ്.

ദമ്മോ എന്നെല്ലാവരും വിളിച്ചിരുന്ന ദമയന്തി യാണ് ആദ്യം ബ്രിട്ടീഷ്കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി അടുക്കുന്നത്.

ഒരു കമ്മ്യൂണിസ്റ്റ് സാഹോദര്യത്തിന്റെ ഓർമ്മയ്ക്ക്
വിപ്ലവത്തിന്റെ രക്തനക്ഷത്രം

പാർട്ടിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ താൽപ്പര്യമുണ്ടെന്നറിയിക്കാൻ വേണ്ടി ദമ്മോ ബ്രാഡ്ലിയെ അങ്ങോട്ടുചെന്നു കാണുകയായിരുന്നു.എന്നാൽ ആ വിവരം ബൽരാജിൽ നിന്ന് മറച്ചുവെക്കുകയും ചെയ്തു. ബൽ രാജിന്റെ 'ബൊഹീമിയൻ' (അരാജകത്വ)മനോഭാവം ഒരു പാർട്ടിസഖാവിന് ഉണ്ടായിരിക്കേണ്ട അച്ചടക്കവുമായി പൊരുത്തപ്പെടുന്നതല്ല എന്ന ദമയന്തി യുടെ തോന്നലായിരുന്നു അതിന്റെ കാരണം.കുറച്ചു ദിവസങ്ങൾക്കു ശേഷം ബൽരാജിനെ നേരിട്ടു കാണാനും പരിചയപ്പെടാനുമുള്ള അവസരമുണ്ടായപ്പോൾ, ബ്രാഡ്ലിക്ക് ആളെ ഇഷ്ടപെട്ടു.അന്ന് ഭർത്താവിനെ ഒപ്പം കൂട്ടാതിരുന്നത് എന്തുകൊണ്ടാണെന്ന് ബ്രാഡ്‌ലി ദമയന്തിയോട് ചോദിച്ചപ്പോൾ ദമ്മോ സത്യം തുറന്നു പറഞ്ഞു.എല്ലാ സ്ത്രീ സഖാക്കളും തങ്ങളുടെ ഭർത്താക്കന്മാരെ കുറിച്ച് ഇങ്ങനെതന്നെയാണ് കരുതുന്നതെന്ന് പറഞ്ഞ ബ്രാഡ്‌ലി ദമ്മോ അടുത്ത തവണ വരുമ്പോൾ ബൽരാജിനെ കൂട്ടികൊണ്ടുവരണമെന്ന് കർശനമായി പറഞ്ഞു.അങ്ങനെ കൂടിക്കണ്ട വേളയിൽ, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംഗമാകണമെന്ന് ബ്രാഡ്‌ലി ആവശ്യപ്പെട്ട ഉടനെതന്നെ മറുത്തൊരക്ഷരം പോലും പറയാതെ ബൽരാജ് സമ്മതിക്കുകയും ചെയ്തു. ദമയന്തിയുടെ 'തോന്നലി'നെ കുറിച്ചുപറഞ്ഞ് അന്നെല്ലാവരും ഒരുപാട് ചിരിക്കുകയും ചെയ്തു.

പി സി ജോഷി
പി സി ജോഷി

നാന്നൂറ് രൂപ പ്രതിമാസ ശമ്പളത്തിൽ പൃഥ്വി തീയേറ്റേഴ്‌സിൽ അഭിനയജീവിതമാരംഭിച്ച ദമയന്തിയുടെ സിനിമാപ്രവേശം,ഇപ്റ്റ തന്നെ നിർമ്മിച്ച് കെ എ അബ്ബാസ് സംവിധാനം ചെയ്ത ധർത്തി കെ ലാലി'ൽ ബൽരാജ് സാഹ്നിയുടെ നായികയായിട്ടായിരുന്നു.പക്വത യാർജ്ജിച്ച അഭിനേത്രി എന്ന നിലയിൽ ചലച്ചിത്രലോകത്തിന്റെ ശ്രദ്ധ നേടാനായെങ്കിലും ദമ്മോയ്ക്ക് പക്ഷെ സിനിമാഭിനയത്തോട് ഒട്ടും താൽപ്പര്യമുണ്ടായിരുന്നില്ല.

സിനിമയിൽ സജീവമായ ശേഷം തനിക്ക് ആദ്യമായി ലഭിച്ച പ്രതിഫലം മുഴുവനും പാർട്ടിഫണ്ടിലേക്ക് സംഭാവന ചെയ്യാൻ വേണ്ടി രാജ്ഭവനിലെത്തിയ ദമ്മോ യെ ജോഷി പാർട്ടിഖജാൻജിയായ എസ് വി ഘാട്ടേയുടെ അടുത്തേക്കാണ് കൂട്ടിക്കൊണ്ടുപോയത്. കലാസാംസ്കാരിക പ്ര വർത്തനങ്ങളുടെ പേരിലുള്ള 'ദുഷ് ചെലവി'ന്റെ പേരിൽ ജോഷിയുമായി സദാ ശണ്ഠയിലേർപ്പെടാറുണ്ടായിരുന്ന ഘാട്ടേ,സാമാന്യം വലിയ ഒരു തുക ലഭിച്ചപ്പോഴുണ്ടായ അത്ഭുതവും സന്തോഷവും മറച്ചുവെച്ചില്ല.

ഇത്രയും വലിയൊരു സംഭാവന കിട്ടിയ സംഭവം ആഘോഷിക്കാനായി എല്ലാവരും കൂടി നേരെ മായിയുടെ അടുക്കലേക്ക് പോയി.( ബോംബെയിലെ വിവിധ ആശുപത്രികളിൽ നേഴ്‌സ് ആയി സേവനമനുഷ്ഠിച്ചി ട്ടുള്ള മംഗലാപുരം കാരി യായ കല്യാണിബായ് സെയ്ത് എന്ന ആയി, കമ്മ്യൂണിലെ എല്ലാ അന്തേവാസികൾക്കും ഭക്ഷണം വെച്ചുവിളമ്പുകയും അവരെ ഊട്ടുകയും കണ്ണുപൊട്ടും വിധം ശകാരിക്കുകയും സ്നേഹ വാത്സല്യങ്ങൾ പകർന്നു നൽകുകയുമൊക്കെ ചെയ്തുകൊണ്ട് അവിടെയാകെ നിറഞ്ഞു നിന്ന അമ്മയായിരുന്നു!)

ആഘോഷം നടത്താനുള്ള ചിലവുകൾക്കായി ഘാട്ടെ ഒരു അഞ്ചു രൂപാ നോട്ട് ആയിയുടെ നേർക്ക് നീട്ടി.

ബൽരാജ് സാഹ്നി
ബൽരാജ് സാഹ്നി

"അതിന്റെ ആവശ്യമില്ല" എന്ന് ലേശം അഹങ്കാരഭാവത്തിൽ നിരസിച്ചു കൊണ്ട് ആയി നേരെ അടുക്കളയിലേക്ക് പോയി എല്ലാവർക്കും ഒന്നാന്തരം കോഫി ഉണ്ടാക്കാനുള്ള നിർദ്ദേശം നൽകി.മടങ്ങിവന്ന് സ്വന്തം മുറിയിലുള്ള ഷെൽഫ് തുറന്ന് ഒരു ഭരണിയും കുറെ പ്ളേറ്റുകളുമെടുത്തു.കപ്പലണ്ടിയും ഉണങ്ങിയ കൊപ്രാകഷണങ്ങളുംഅരി വറുത്തുപൊടിച്ചതുമെല്ലാം കൂടി ഒരുമിച്ചുചേർത്ത് തയ്യാറാക്കിയ, ഗംഭീര സ്വാദുള്ള ഒരു മംഗലാപുരം വിഭവം എല്ലാവർക്കുമായി വിളമ്പി.എന്നിട്ട് കട്ടിലിന്റെ അടിയിൽ നിന്ന് ഒരു കൂട പുറത്തെടുത്തു.പ്രമുഖ ഭീഷഗ്വരനും സമാധാനപ്രസ്ഥാനത്തിന്റെ നേതാവുമായ ഡോ.ബാലിഗ കാശ്മീരിൽ നിന്ന് മടങ്ങിവന്നപ്പോൾ കമ്മ്യൂണിൽ എല്ലാവർക്കുമായി കൊടുത്തയച്ച കുറേ ആപ്പിളായിരുന്നു ആ കൂടയിൽ.

അങ്ങനെ ആഘോഷം പൊടിപൊടിച്ചപ്പോൾ ജോഷി ഘാട്ടെയെ ഒന്നു 'തോണ്ടി'.

"കോമ്രേഡ് ഘാട്ടെ, നിങ്ങളുടെ കയ്യിൽ നിന്ന് ഒറ്റ പൈ പോലും ചിലവാക്കാതെ,ഇപ്പോൾ കിട്ടിയ ഈ സൽക്കാരം എങ്ങനെയുണ്ട്? അതും പോരാഞ്ഞിട്ട് ഒരു ഉഗ്രൻ സംഭാവനയും!"

ഘാട്ടെ അപ്പോൾ നല്ല മൂഡിലായിരുന്നു.

"ഒരു കാര്യം പറയാൻ വിട്ടുപോയി കോമ്രേഡ് ജോഷി,ഈ വർഷം പാർട്ടിയ്ക്ക് കിട്ടിയ ഏറ്റവും വലിയ സംഭാവന ദമയന്തി തന്ന ഈ തുക തന്നെയാണ്!"....

ബൽരാജ് സാഹ്നിയുടെയും ദമയന്തി സാഹ്നിയുടെയും കഥ, അവരുടെ പ്രിയപ്പെട്ട പി സി ജിയുമായി ആ ദമ്പതികൾക്കുണ്ടായിരുന്ന ആത്മസൗഹൃദത്തിന്റെ കഥ തിളക്കമാർന്ന ഒരു അദ്ധ്യായമാണ്. കമ്മ്യൂണിസ്റ്റ് സാഹോദര്യത്തിന്റെ സൗരഭ്യം പരത്തിയ ആ നാൾ വഴികളിൽ ദുരന്തത്തിന്റെ കരിനിഴൽ പടർന്നത് പിന്നീടായിരുന്നു....

ഒരു കമ്മ്യൂണിസ്റ്റ് സാഹോദര്യത്തിന്റെ ഓർമ്മയ്ക്ക്
കർമ്മധീരയായ കമ്മ്യൂണിസ്റ്റ് വനിത

Related Stories

No stories found.
logo
The Cue
www.thecue.in