കർമ്മധീരയായ കമ്മ്യൂണിസ്റ്റ് വനിത

കർമ്മധീരയായ കമ്മ്യൂണിസ്റ്റ് വനിത

ഇൻക്വിലാബ് സിന്ദാബാദ്!""ഞങ്ങൾക്ക് വേണ്ടത് പൂർണ്ണ സ്വരാജ് !"

ദിഗന്തങ്ങൾ നടുക്കുമാറുള്ള മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് ആയിരക്കണക്കിന് തൊഴിലാളികളാണ് അന്നത്തെ ആ ദിവസം അഖിലേന്ത്യാ കോൺഗ്രസ് സമ്മേളനം നടക്കുന്ന കൽക്കത്തയിലെ പാർക്ക് സർക്കസ് മൈതാനത്തേക്ക് മാർച്ച് ചെയ്തത്. പൂർണ്ണസ്വരാജ് ആവശ്യപ്പെടാൻ കോൺഗ്രസ് ഇനിയൊട്ടും വൈകരുതെന്ന് മഹാത്മാഗാന്ധിയെയും മറ്റു ദേശീയനേതാക്കളെയും നേരിട്ടുകണ്ട് ആവശ്യപ്പെടാൻ വേണ്ടിയാണ്,ബംഗാളിലെ ചണത്തൊഴിലാളികളുടെ ആ വലിയ സംഘം സമ്മേളന നഗരിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്.തൊഴിലാളി നേതാവായ ബങ്കിം മുഖർജി അവർക്ക് നേതൃത്വം നൽകി. വിശാലമായ സമ്മേളനപ്പന്തലിലേക്ക് ഇരച്ചുകയറിച്ചെന്ന്, ഗാന്ധിജിയും നിയുക്ത കോൺഗ്രസ് അദ്ധ്യക്ഷൻ മോത്തിലാൽ നെഹ്റുവും മറ്റ് നേതാക്കളുമൊക്കെ ഉപവിഷ്ടരായ വേദിയിൽ ആ തൊഴിലാളികൾ പ്രശ്നങ്ങൾ സൃഷ്ടിക്കുമോ എന്നെല്ലാവരും ആശങ്കപ്പെട്ടു നിൽക്കുമ്പോഴാണ്,പെട്ടെന്ന് അവിടെ ഒരു കറുത്ത കുതിരയുടെ പുറത്ത് പ്രത്യക്ഷപ്പെട്ട ഒരു യുവനേതാവ് കാര്യങ്ങളുടെ നിയന്ത്രണമെല്ലാമേറ്റെടുത്തത്. ജവഹർലാൽ നെഹ്റു വായിരുന്നു അത്. അദ്ദേഹത്തിന്റെ യൊപ്പം വോളണ്ടിയർമാരുടെ നേതൃത്വം വഹിക്കുന്ന മറ്റൊരു യുവാവുമുണ്ടായിരുന്നു. സുഭാഷ്‌ ചന്ദ്രബോസ്. രണ്ടുപേരും പ്രക്ഷോഭകാരികളോട് അനുനയപൂർവം സംസാരിച്ച് അധികം വൈകാതെ തന്നെ ഈ ആവശ്യമുന്നയിക്കാമെന്ന ഉറപ്പു കൊടുത്ത് അവരെ ശാന്തരാക്കി. അടുത്തവർഷം തന്നെ -- 1929 ൽ ലാഹോറിൽ ചേർന്ന കോൺഗ്രസ് സമ്മേളനം പൂർണ്ണ സ്വരാജ് ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രമേയം പാസ്സാക്കുകയും ചെയ്തു.


കൽക്കട്ടയിലെ സമ്മേളനത്തിൽ സ്വാഗതഗാനമാലപിക്കാനായി തയ്യാറെടുത്തു നിൽക്കുന്ന കുട്ടികളുടെ സംഘത്തിൽപ്പെട്ട ഒരു പതിനൊന്നുവയസുകാരി വിടർന്ന കണ്ണുകളോടെ,ഉദ്വേഗപൂർവം ഈ കാഴ്ച്ചകളൊക്കെ കണ്ടുനിൽക്കുകയായിരുന്നു.പൂർണ്ണ സ്വാതന്ത്ര്യം എന്ന സമരകാഹളവുമായി ആർത്തലച്ചെത്തിയ അദ്ധ്വാന വർഗം, ദേശീയസ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ മുഖ്യധാരയിലേക്ക് ലയിച്ചുചേരുന്ന ഒരു ചരിത്രമുഹൂർത്തത്തിനാണ് താൻ സാക്ഷ്യം വഹിക്കുന്നതെന്ന തിരിച്ചറിവൊന്നും അന്നാ പെൺകുട്ടിയ്ക്കുണ്ടായിരുന്നില്ല. എന്നാൽ അവളുടെ ദേശാഭിമാനബോധത്തെ വല്ലാതെ കോരിത്തരിപ്പിച്ച ഒരു നിമിഷമായിരുന്നു അത്. ഗാന്ധിജി യുടെയും നെഹ്റു കുടുംബത്തിന്റെയും സരോജിനി നായിഡുവിന്റെ യുമെല്ലാം ആതിഥേയൻ -- നീണ്ടകാലം ബംഗാളിന്റെ മുഖ്യമന്ത്രിയും,ആധുനിക ബംഗാളിന്റെ ശിൽപ്പിയുമായ ഡോ.ബിധാൻചന്ദ്ര റായ്‌യുടെ കൊച്ചനന്തരവൾ രേണു റായ്‌ യുടെ രാഷ്ട്രീയവിശ്വാസത്തിന്റെ അകക്കണ്ണ് തുറന്നത് ആ അപൂർവമുഹൂർത്തത്തിലാണ്.

1917 ഒക്ടോബർ21ന് സാധൻ ചന്ദ്ര റോയ് യുടെയും ബ്രഹ്മകുമാരി റോയ് യുടെയും പുത്രിയായി കൽക്കട്ടയിൽ ജനിച്ച രേണുവിന്റെ പൂർവികരായ പ്രകാശ് ചന്ദ്ര റോയ് യും അഘോരകാമിനി ദേവിയുമാണ് പാറ്റ്നയിൽ ബ്രഹ്മോസമാജ് പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്.കൽക്കട്ട യിലെ ലോറെറ്റോ ഹൗസ് സ്കൂളിലെ വിദ്യാഭ്യാസം കഴിഞ്ഞ് വിക്ടോറിയ കോളേജിൽ നിന്നാണ് രേണു ബിരുദമെടുത്തത്.തുടർന്ന്, കേം ബ്രിഡ്ജിലെ ന്യൂൺഹാം കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യ ത്തിൽ ഓണേഴ്സ് ബിരുദം നേടാനായി ഇംഗ്ലണ്ടിലേക്ക് പോയി.1937 ലായിരുന്നു അത്.

രണ്ടാം ലോക മഹായുദ്ധത്തിന്റെ 'ഡ്രസ് റിഹേഴ്‌സൽ' എന്നറിയപ്പെടുന്ന സ്പാനിഷ് ആഭ്യന്തര യുദ്ധം യൂറോപ്പിനെയാകെ പിടിച്ചുകുലുക്കിയ നാളുകൾ. സ്പെയിനിലെ കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും നയിക്കുന്ന ഇടതുപക്ഷ ഭരണകൂടത്തെ അട്ടിമറിക്കാൻ ജനറൽ ഫ്രാങ്കോയുടെയും വലതുപക്ഷ തീവ്രവാദി കളുടെയും നേതൃത്വത്തിൽ ഫാസിസ്റ്റ് ശക്തികൾ നടത്തിക്കൊണ്ടിരുന്ന ശ്രമങ്ങളെ ആശങ്കകളോടെയാണ് അന്ന് ലോകമെങ്ങുമുള്ള പുരോഗമനചിന്താഗതിക്കാർ കണ്ടുനിന്നത്.യൂറോപ്പിലെ കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷ വിശ്വാസികളുമായ ചെറുപ്പക്കാരും വിദ്യാർത്ഥി കളും ചേർന്ന് രൂപീകരിച്ച ഇന്റർനാഷണൽ ബ്രിഗേഡ് ഫാസിസ്റ്റ് വിരുദ്ധപ്പോരാട്ടത്തിൽ അണിചേരാനായി അന്ന് സ്പെയിനിലേക്ക് പോയി.അവരിലേറെപ്പേരും ആ ജീവന്മരണപ്പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ചു.

ബെർലിനിലെ Unter den Linden എന്ന ചരിത്രപ്രസിദ്ധമായ വീഥിയിലൂടെ ചെറുപ്പക്കാർ നാസി സൈനികരുടെ യൂണിഫോമിൽ യുവാക്കൾ മാർച്ചുപാസ്റ്റ് നടത്തുന്നതിന് സാക്ഷ്യം വഹിച്ച രേണു റോയ് അന്ന് വിറങ്ങലിച്ചുനിന്നുപോയി. മിമി ഷെങ്കിൽ എന്ന പെൺകുട്ടിയെ ( പിൽക്കാലത്ത് സുഭാഷ്‌ ചന്ദ്രബോസിന്റെ സെക്രട്ടറിയും ഭാര്യയും) പരിചയപ്പെടാനും സൗഹൃദമുണ്ടാക്കാനും വേദിയായ ആസ്ട്രിയ എന്ന കൊച്ചുരാജ്യത്തെ ഹിറ്റ്‌ലറിന്റെ സൈന്യം നിഷ്പ്രയാസം കീഴടക്കുന്നത് കണ്ടു നടുങ്ങി.

."Kinder, Kirche, Kueche"(ഗർഭം ധരിക്കുക,അടുക്കളപ്പണി ചെയ്യുക,പള്ളിയിൽ പോകുക എന്ന മൂന്നു ചുമതലകൾ മാത്രമാണ് സ്ത്രീകൾക്കുള്ളത്) എന്നു പ്രഖ്യാപിച്ച ഹിറ്റ്ലറിനോട് ഒരായിരം തവണ രോഷം കൊണ്ടു.1938 ൽ അമേരിക്കയിലെ പാ കിപ്സി (Poughkeepsie)എന്ന നഗരത്തിൽ വെച്ചു നടന്ന ഒന്നാമത്തെ വേൾഡ്‌ യൂത്ത് കോൺഗ്രസ്സിൽ സംബന്ധിക്കാനായി ചെന്നപ്പോൾ പരിചയപ്പെട്ട കമ്മ്യൂണിസ്റ്റുകാരിയായ ഡാനിയൽ കാസനോവ എന്ന ഫ്രഞ്ചുയുവതി പിന്നീട് ഫാസിസത്തിനെതിരെയുള്ള ചെറുത്തുനിൽപ്പിൽ രക്തസാക്ഷിയായ വാർത്ത രേണുവിലുണ്ടാക്കിയത് കനത്ത മാനസികാഘാതമാണ്.

ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും മറ്റും വാത്സല്യം നുകർന്നു വളർന്ന ആ പെൺകുട്ടി യുടെ മനസ്സ് വളരെവേഗമാണ് കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് ചാഞ്ഞത്. സ്വാതന്ത്ര്യം നേടിയത് കൊണ്ടു മാത്രമായില്ലെന്നും പാവപ്പെട്ടവന് വിശക്കുമ്പോൾ അപ്പം കൊടുക്കാൻ കഴിയാത്ത സ്വാതന്ത്ര്യം പൂർണ്ണമായ ഒന്നല്ലെന്നും അവർ മനസിലാക്കി. അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി അനുഭാവിയും പത്രപ്രവർത്തകനുമായിരുന്ന ജോൺ സ്ട്രേയ്ച്ചേ(പിൽക്കാലത്ത് ലേബർ പാർട്ടിയുടെ മന്ത്രി)യുടെ സോഷ്യലിസത്തെയും മാർക്സിസ്റ്റ് ആശയങ്ങളെയും കുറിച്ചുള്ള പ്രഭാഷണമാണ് രേണുവിനെ കമ്മ്യൂണിസത്തിലേക്ക് വഴിതിരിച്ചു വിട്ടത്.കൂടെ ബ്രിട്ടീഷ് പാർട്ടിയുടെ നേതാവായ രജനി പാം ദത്തിന്റെ സ്വാധീനവും. വിപ്ലവത്തിന്റെപാതയിൽ രേണു റായ്‌ ഒറ്റയ്ക്കായിരുന്നില്ല. ഇന്ത്യൻ സിവിൽ സർവീസിലും അക്കാദമിക് രംഗത്തുമൊക്കെ ഉന്നതപദവികൾ ഉന്നം വെച്ചെത്തിയ,ഇന്ത്യയിലെ ചെറുപ്പക്കാരുടെ ഒരു വലിയ സംഘം അന്ന് ഓക്സ്ഫോർഡിലും കേം ബ്രിഡ്ജിലും പഠിക്കാനെത്തിയിരുന്നു. ഭൂപേഷ് ഗുപ്ത,ജ്യോതി ബസു,ഹിരേന്ദ്രനാഥ്‌മുഖർജി,മോഹൻ കുമാരമംഗലം,പാർവതി കുമാരമംഗലം, പി എൻ ഹക്സർ,നിഖിൽ ചക്രവർത്തി,എൻ കെ കൃഷ്ണൻ,രമേഷ് ചന്ദ്ര.. രേണുവിനെപ്പോലെ തന്നെ വായിൽ വെള്ളിക്കരണ്ടിയുമായി പിറന്നു വീണവരായിരുന്നു അവരിലേറെയും.എന്നാൽ ബോൾഷെവിക് വിപ്ലവത്തിന്റെ വിജയവും നിസ്വവർഗ്ഗത്തിന്റെ അന്തിമ വിമോചനത്തെ കുറിച്ചുള്ള ഉറച്ച പ്രതീക്ഷകളുമെല്ലാം ചേർന്ന് ആ യുവാക്കളെ കമ്മ്യൂണിസത്തിലേക്ക് ജ്ഞാനസ്നാനം ചെയ്തു.

'No Flag but the Red flag!'

അതായിരുന്നു അന്ന് ആ ചെറുപ്പക്കാർ മുഴക്കിയ മുദ്രാവാക്യം.ലണ്ടനിൽ പഠിക്കാനെത്തിയ,തന്റെ ഒരടുത്ത ബന്ധുവായ ഇരുപതു വയസുകാരനെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് പറഞ്ഞു പ്രേരിപ്പിച്ച്, 'റിക്രൂട്ട്' ചെയ്യാൻ മുൻകയ്യെടുത്തത് രേണു തന്നെയായിരുന്നു. രേണുവിനെക്കാൾ രണ്ട് വയസ് ഇളപ്പമുള്ള ആ കസിന്റെ പേര് ഇന്ദ്രജിത് ഗുപ്ത എന്നായിരുന്നു.

സമാനഹൃദയരായ ഈ യുവാക്കളെല്ലാമടങ്ങിയ സംഘത്തോട് ഉറ്റ സൗഹൃദം പുലർത്തുമ്പോൾ തന്നെ കമ്മ്യൂണിസത്തിലേക്ക് 'മതം മാറാൻ' കൂട്ടാക്കാത്ത രണ്ടു ദേശീയവാദികൾ കൂടിയുണ്ടായിരുന്നു,സഹപാഠികളുടെ കൂട്ടത്തിൽ. ഇന്ദിരാ പ്രിയദർശിനി നെഹ്രുവും അവരുടെ പ്രണയിതാവായ ഫിറോസ് ഗാന്ധിയുമായിരുന്നു ആ രണ്ടുപേർ. ബ്രിട്ടീഷ് സാമ്രാജ്യത്വ ത്തിന്റെ മൂക്കിനു തൊട്ടുകീഴിൽ, സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിക്കൊണ്ടിരുന്ന ഇന്ത്യൻ ലീഗിന്റെ നേതാവ് വി കെ കൃഷ്ണ മേനോനായിരുന്നു,ഈ ചെറുപ്പക്കാരുടെയൊക്കെ ആത്മീയ ഗുരു.

ആയിടയ്ക്ക് പാരീസിൽ നടന്ന വിഖ്യാതമായ ലോക സമാധാന സമ്മേളനത്തിലേക്കുള്ള പ്രതിനിധി യായി തെരഞ്ഞെടുക്കപ്പെടാനുള്ള അപൂർവ അവസരം രേണുവിന് ലഭിച്ചു. ഡോ.ബി സി റോയ് യുടെ 'കമ്മ്യൂണി സ്റ്റുകാരിയായ അനന്തരവളെ' കുറിച്ച് അങ്ങനെയാണ് താൻ ആദ്യമായി കേൾക്കാൻ ഇട വന്നതെന്ന് ഹിരൺ മുഖർജി ഓർമ്മിക്കുന്നുണ്ട്.സ്പാനിഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമാരാധ്യയായ നേതാവ്, La Pasionaria ( the passion flower)എന്ന പേരിലറിയപ്പെട്ടിരുന്ന ഇസിഡോറ ഡോളാരെസ് ഇബാരുരി യോമേയുടെ പ്രസംഗം കേൾക്കണമെന്നുള്ള ഒറ്റ ആഗ്രഹവുമായാണ് രേണു അന്ന് പാരീസിലെത്തിയത്. എന്നാൽ ആ തീപ്പൊരി പ്രസംഗകയ്ക്ക് സമ്മേളനത്തിൽ പ്രസംഗിക്കാനുള്ള അനുവാദം കിട്ടാതിരുന്നത് രേണുവിനെ മാത്രമല്ല,അവിടെയെത്തിയ സകലരെയും നിരാശപ്പെടുത്തി. പക്ഷെ വളരെ അടുപ്പമുള്ള ഒരു കുടുംബ സുഹൃത്തിനെ അവിടെവെച്ച് ആകസ്മികമായി കാണാൻ പറ്റിയത് രേണുവിന് സന്തോഷം പകർന്നു. ഫാസിസത്തിനെതിരെയും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ കുറിച്ചും യൂറോപ്പിലുടനീളം പ്രസംഗപര്യടനം നടത്താനെത്തിയ ജവഹർലാൽനെഹ്റുവായിരുന്നു അത്.കൃഷ്ണ മേനോൻ, ഇന്ദിര,ഫിറോസ് എന്നിവരോടൊപ്പം പണ്ഡിറ്റ് ജി സമ്മേളനത്തിന്റെ മുൻ നിരയിൽ തന്നെ സ്ഥാനം പിടിച്ചിരുന്നു.

ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ പ്രവർത്തിച്ചിരുന്ന വിവിധ സംഘടനകളുടെ പൊതുവേദിയായിരുന്ന Federation of Indian Students Associations ന്റെ ജനറൽ സെക്രട്ടറി യായി രേണു തെരഞ്ഞെടുക്കപ്പെട്ടു. ആ സമയത്താണ് അന്ന് ഓക്സ്ഫോർഡിലെ മേർട്ടൺ കോളേജിൽ വിദ്യാർത്ഥിയും വിപ്ലവപ്രവർത്തനത്തിന്റെ പാതയിൽ തോളോടു തോൾ ചേർന്ന് നടക്കുന്ന സഖാവുമായ നിഖിൽ ചക്രവർത്തി യുമായി രേണു പ്രണയത്തിലാകുന്നത്.ഇരുവരും ഇന്ത്യയിൽ മടങ്ങിയെത്തി രണ്ടു വർഷങ്ങൾക്കു ശേഷം, 1942 ൽ അവർ വിവാഹിതരായി.1945 ൽ ഏകപുത്രനായ സുമിത് ജനിച്ചു.

ദേശീയ സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊണ്ട നാളുകളിലാണ് രേണു സ്വദേശത്ത് തിരികെയെത്തുന്നത്.രണ്ടാം ലോകമഹായുദ്ധം മൂർച്ഛിച്ച് വരുന്ന നാളുകൾ.ആൻഡമാൻ ദ്വീപിലെ സെല്ലുലാർ ജയിൽ ഉൾപ്പെടെയുള്ള ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ തുറുങ്കിലടച്ചിരിക്കുന്ന സ്വാതന്ത്ര്യ സമര സേനാനികളെ വിട്ടയക്കണ മെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭത്തിലേക്കാണ് രേണു നേരെചെന്ന് എടുത്തുചാടിയത്.1939 ഡിസംബറിൽ ഡൽഹിയിൽ സുഭാഷ്‌ ചന്ദ്രബോസ് ഉദ്ഘാടനം ചെയ്ത എ.ഐ.എസ് .എഫിന്റെ ദേശീയ സമ്മേളനം സമരപരിപാടികൾ ആസൂത്രണം ചെയ്തു.സമ്മേളനത്തിൽ പങ്കെടുത്ത രേണുവിന്റെയും കനക് ദാസ് ഗുപ്ത,കല്യാണി മുഖർജി,ഗീതാ ബാനർജി,സോവ മജുമ്ദാർ,അണിമാ മജുമ്ദാർ തുടങ്ങിയ വിദ്യാർത്ഥിനികളുടെയും നേതൃത്വത്തിൽ ചുണക്കുട്ടികളായ കുറെ യുവതികൾ ചേർന്ന് ഒരു ഗേൾസ് സ്റ്റുഡന്റ്‌സ് കമ്മിറ്റി ഉണ്ടാക്കി.

1940 ൽ ലക് നോയിൽ ചേർന്ന വനിതാ വിദ്യാർത്ഥി സമ്മേളനം ഒരു വലിയ തുടക്കം കുറിക്കുകയായിരുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്ന വനിതാ സഖാക്കളുടെ ആ വലിയ സമ്മേളനം സരോജിനി നായിഡുവാണ് ഉദ്ഘാടനം ചെയ്തത്.അദ്ധ്യക്ഷത വഹിച്ചത് രേണു റായ്‌ യും. താൻ നേരിട്ടുകണ്ട സ്പെയ്നിലെ ഫ്രാങ്കോ ഫാസിസത്തിന്റെ ഭീകരതയെക്കുറിച്ചും അതിനോട് നിർഭയം പോരാടിക്കൊണ്ടിരിക്കുന്ന La Pasionaria എന്ന ധീരവിപ്ലവകാരിയെക്കുറിച്ചും രേണു ആവേശത്തോടെ സംസാരിച്ചു. ബോംബെയിൽ നിന്നും കൽക്കട്ട യിൽ നിന്നും പഞ്ചാബിൽ നിന്നുമൊക്കെയായി എത്തിയ നർഗീസ് ബാട്ട്ലിവാല,പെരിൻ ബറൂച്ച,ലിത്തോ റോയ്,ശാന്ത ഗാന്ധി,ഷീലാ ഭാട്ടിയ,പുരൻ മേത്ത,സരള ഗുപ്ത, ഗീതാ റോയ് ചൗധുരി തുടങ്ങി സമരധീരരായ കുറേ പെൺകുട്ടികൾ രേണു വിനോടൊപ്പം പ്രസ്ഥാനത്തിൽഅണി ചേരാനായി മുന്നോട്ടു വന്നു.

ആയിടയ്ക്ക് കൽക്കട്ട സർവകലാശാലയിൽ ഇംഗ്ലീഷ് അദ്ധ്യാപികയായി ജോലിയിൽ ചേർന്നെങ്കിലും, രേണുവിലെ വിപ്ലവകാരിക്ക് അടങ്ങിയിരിക്കാനാകുമായിരുന്നില്ല. രണ്ടാം ലോക മഹായുദ്ധത്തിൽ സോവിയറ്റ്‌ യൂണിയൻ പങ്കാളിയായതോടെ യുദ്ധത്തെ ജനകീയ യുദ്ധമായി വിലയിരുത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് ഒരുപാട് എതിർപ്പുകൾ നേരിടേണ്ടി വന്നു. കോൺഗ്രസ് സോഷ്യലിസ്റ്റുകളും ഫോർവേഡ് ബ്ലോക്കും പാർട്ടിയ്ക്കെതിരെ ആരംഭിച്ച ദ്വിമുഖാക്രമണത്തെ ചെറുത്തുനിൽക്കാനായി രേണുവിന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് വനിതകൾ രംഗത്തിറങ്ങി. ഫാസിസത്തെ പ്രതിരോധിക്കാനുള്ള കമ്മ്യൂണിസ്റ്റുകാരുടെ യത്നങ്ങൾക്കിടയിൽ, ലെനിൻ ഗ്രാഡ് കീഴടക്കാനെത്തിയ ഫാസിസ്റ്റ് സേനയോട് വിട്ടുകൊടുക്കാതെ പോരാടുകയും ഒടുവിൽ അതിക്രൂരമായ പീഡനങ്ങൾക്ക് ഇരയായി ത്തീരുകയും ചെയ്ത സോയാ കോസ്മോദെമ്യൻസ്‌കായയുടെ വീരേതിഹാസമാണ്,ആ സമരത്തിൽ അവർക്ക് പ്രചോദനമായത്.

യുദ്ധക്കെടുതികൾക്ക് പിന്നാലെ 1943 ൽ ബംഗാളിനെയാകെ ഗ്രസിച്ച ഭീകരമായ ക്ഷാമം നാടാകെ മരണം വിതക്കുകയായിരുന്നു. മണി കുന്തള സെന്നിന്റെയും രേണു ചക്രവർത്തി യുടെയും ഇളാ റീദിന്റെയും നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് വനിതകൾ മഹിളാ ആത്മരക്ഷ സമിതി രൂപീകരിച്ചു രംഗത്തിറങ്ങി. നൂറുകണക്കിന് റിലീഫ്‌കേന്ദ്രങ്ങളും ഫസ്റ്റ് എയ്ഡ് സെന്ററുകളും സാമൂഹ്യ അടുക്കളകളും സ്ഥാപിച്ച് അവർ ഭക്ഷണവും മരുന്നും വസ്ത്രവും വിതരണം ചെയ്തു.അടിയന്തിരമായിദുരിതാശ്വാസമെത്തി ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അയ്യായിരം സ്ത്രീകൾ നിയമസഭാ മന്ദിരത്തിലേക്ക് മാർച്ചു നടത്തി.നിരവധി സ്ഥലങ്ങളിൽ കരിഞ്ചന്തക്കാരുടെ പക്കൽ നിന്ന് സമിതിയുടെ സഖാക്കൾ അരിയും ധാന്യങ്ങളും പിടിച്ചെടുത്ത് വിതരണം ചെയ്തു.

മഹാത്മാഗാന്ധിയെയും മറ്റു ദേശീയ നേതാക്കളെയും വിട്ടയയ്ക്കണമെന്നും ഉടൻ തന്നെ ഒരു ദേശീയ ഗവണ്മെന്റ് രൂപീകരിച്ച് യുദ്ധക്കെടുതികൾക്കും ക്ഷാമത്തിനും പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ആത്മരക്ഷാസമിതി പ്രക്ഷോഭമാരംഭിച്ചു സ്വാതന്തൃ ലബ്ധിക്കു തൊട്ടുമുമ്പ് ബേലേഘട്ടയിൽ വർഗ്ഗീയലഹളയ്ക്കെതിരെ മഹാത്മാ ഗാന്ധി നിരാഹാരമനുഷ്ഠിക്കുമ്പോൾ,ആയുധങ്ങളുമായി മതഭ്രാന്തന്മാർ ആർത്തിരമ്പിയെത്തി.അവരെ ചെറുത്തുനിൽക്കാനായി മാർച്ചുചെയ്ത സ്ത്രീസഖാക്കളെ നയിച്ചുകൊണ്ട് കൈക്കുഞ്ഞിനെ ഒക്കത്തേറ്റിയ രേണു ചക്രവർത്തി മുന്നിൽ തന്നെയുണ്ടായിരുന്നു.

കൽക്കട്ട തീസിസിന്റെ കാലഘട്ടത്തിൽ,പാർട്ടി നിരോധിക്കപ്പെട്ടതിനെ തുടർന്ന് അന്ന് പാർട്ടികേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്ന നിഖിലിനോടൊപ്പം രേണുവും ഒളിവിൽ പോയി. കമ്മ്യൂണിസ്റ്റു കാരും അവരുടെ കുടുംബാംഗങ്ങളും നിർദ്ദാക്ഷിണ്യം വേട്ടയാടപ്പെട്ട ആ നാളുകളിൽ സുമിതിനെ വളർത്തിയത് രേണുവിന്റെ മാതാപിതാക്കളായിരുന്നു. പോലീസിന്റെ കയ്യിൽപ്പെടാതെ രണ്ടര വർഷക്കാലത്തോളമാണ് ആ ദമ്പതികൾ ഒളിവുജീവിതം നയിച്ചത്..

"ഞങ്ങളുടെ ക്ഷമയ്ക്കും ഒരു പരിധിയൊക്കെയുണ്ട്.താങ്കൾ ഈ പരാമർശം ഇപ്പോൾ ഈ നിമിഷം പിൻവലിക്കണം!"

പി എസ് പി നേതാവ് ആചാര്യ കൃപാലാനിയുടെ നേർക്ക് വിരൽ ചൂണ്ടിനിന്ന രേണു ചക്രവർത്തി കോപം കൊണ്ട് ജ്വലിക്കുകയായിരുന്നു.

1959 ഏപ്രിൽ ഒന്നാം തീയതി. ലോക്‌സഭയിൽ ടിബറ്റ് പ്രശ്‌നത്തെ ക്കുറിച്ചുള്ള ചർച്ച നടക്കുകയായിരുന്നു. തന്റെ പ്രസംഗത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ച് കൃപലാനി നടത്തിയ ദുസ്സൂചന കലർന്ന ഒരു പരാമർശം കേട്ടപ്പോഴാണ് രേണു കുപിതയായത്. എന്നെങ്കിലും ചൈന ഇന്ത്യയെ ആക്രമിക്കുന്ന ഒരു ഘട്ടം വന്നാൽ,അന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാർ ചൈനയെയായിരിക്കും പിന്തുണയ്ക്കുക എന്നായിരുന്നു കമ്മ്യൂണിസ്റ്റ് വിരുദ്ധതയ്ക്ക് പേരുകേട്ട കൃപലാനി പ്രസംഗിച്ചത്. പാർലമെന്റിന് പുറത്ത് രാജാജിയും ജയപ്രകാശ് നാരായണനും രാം മനോഹർ ലോഹ്യയും സഭയ്ക്കകത്ത് കൃപലാനിയും എം ആർ മസാനിയും അശോക് മേത്തയും നയിച്ചിരുന്ന പ്രതിപക്ഷം -- വലതുപക്ഷമെന്നു വായിക്കുക -- ചൈനയോടുള്ള 'പക്ഷപാതിത്വ'ത്തിന്റെ പേരിൽ പ്രധാനമന്ത്രി നെഹ്രുവിനെയും പ്രതിരോധ മന്ത്രി കൃഷ്ണ മേനോനെയും ഉന്നം വെച്ചുകൊണ്ടുള്ള ആക്രമണത്തിന് തുടക്കമിട്ടിരുന്നു. (കോൺഗ്രസിലെ ഗോവിന്ദ് വല്ലഭ പാന്തും മൊറാർജി ദേശായിയും എസ് കെ പാട്ടീലും സുചേതാ കൃപലാനിയും ,സ്‌പീക്കർ അനന്തശയനം അയ്യങ്കാരുമൊക്കെ മനസുകൊണ്ട് അവരുടെ പക്ഷത്തായിരുന്നു)അതിന്റെ ഭാഗമായാണ് കുന്തമുന തൽക്കാലത്തേക്ക് കമ്മ്യൂണിസ്റ്റുകാർക്കു നേർക്ക് തിരിച്ചു വെച്ചത്. കൃപലാനിയ്ക്കും മസാനിയ്ക്കും അശോക് മേത്തയ്ക്കും നേർക്ക് ഈറ്റപ്പുലിയെപ്പോലെ ചാടിവീണ രേണുവിന് പിന്തുണ യുമായി കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് നേതാവ് എസ് എ ഡാങ്കെയും ഹിരൺ മുഖർജിയും പി ടി പുന്നൂസും വി പി നായരും ടി നാഗി റെഡ്ഢിയും കെ ടി കെ തങ്കമണിയുമൊക്കെ രംഗത്തിറങ്ങി, ചോദ്യങ്ങളും സബ്മിഷനുകളും അടിയന്തര പ്രമേയങ്ങളും നിരന്തരമായ ഇടപെടലുകളും മറ്റുമായി രേണു ചക്രവർത്തി എന്ന അതിപ്രഗത്ഭയായ പാർലമെന്ററിയൻ നിറഞ്ഞു നിന്ന ദിവസങ്ങളാണ് തുടർന്നുള്ള കുറേ വർഷങ്ങളിൽ ലോക്സഭ ദർശിച്ചത്. 1952 ൽ ആരംഭിച്ച പാർലമെന്ററിജീവിതത്തിന്റെ ആദ്യനാളുകളിൽ തന്നെ രേണു തന്റെ പ്രാഗത്ഭ്യം തെളിയിച്ചു കഴിഞ്ഞിരുന്നു.

1952 ൽ നടന്ന ഒന്നാമത്തെ പൊതുതെരഞ്ഞെടുപ്പിൽ, പശ്ചിമ ബംഗാളിലെ 24 പാർഗാനാസ് ജില്ലയിൽപ്പെട്ട ബസിർ ഹട്ട് മണ്ഡലത്തിൽ നിന്ന് വിജയിച്ചുകൊണ്ടാണ്, രേണു ചക്രവർത്തി തന്റെ ഉജ്ജ്വലമായ പാർലമെന്ററി ജീവിതത്തിന് തുടക്കം കുറിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ടിക്കറ്റിൽ ജയിച്ച പതിനേഴ് പേരും പാർട്ടി പിന്തുണച്ച ചില സ്വതന്ത്രരുമടങ്ങിയ ലോക്സഭയിലെ പാർട്ടി ഗ്രൂപ്പിന്റെ നേതാവ് എ കെ ഗോപാലനായിരുന്നു. ഉപനേതാക്കളായി തെരഞ്ഞെടുക്കപ്പെട്ടത്, രേണു ചക്രവർത്തിയും ബംഗാളിൽ നിന്നു തന്നെ വിജയിച്ച പഴയ സഹപാഠി ഹിരൺ മുഖർജി എന്ന പ്രൊ.ഹിരേന്ദ്രനാഥ്‌ മുഖർജിയും. കെ അനന്തൻ നമ്പ്യാർ,രവി നാരായണ റെഡ്ഢി,പി ടി പുന്നൂസ്,കെ കെ വാര്യർ, വി പി നായർ തുടങ്ങിയ മികവുറ്റ പാർലമെന്ററിയന്മാർ അടങ്ങുന്ന കമ്മ്യൂണിസ്റ്റ് ഗ്രൂപ്പിന്റെ നേതാവ് രാജ്യസ ഭാംഗമായ പി സുന്ദരയ്യ ആയിരുന്നു. ട്രഷറി ബെഞ്ചിലാകട്ടെ പ്രധാനമന്ത്രി നെഹ്റുവിന്റെ നേതൃത്വത്തിൽ അതിപ്രശസ്തരായ നേതാക്കളുടെ ശക്തമായ ഒരു നിര തന്നെ സ്ഥാനം പിടിച്ചിരുന്നു.

1957ലെ രണ്ടാം ലോക്സഭയിൽ കമ്മ്യൂണിസ്റ്റ് അംഗങ്ങളുടെ എണ്ണം 30 ആയി ഉയർന്നു. ബോംബെ സിറ്റി സെൻട്രലിൽ നിന്ന് വിജയിച്ചെത്തിയ എസ് എ ഡാങ്കെ നേതാവായി. ഏ കെ ജി,ഹിരൺ മുഖർജി,രേണു ചക്രവർത്തി, പി കെ വാസുദേവൻ നായർ,കെ ടി കെ തങ്കമണി, സർജൂ പാണ്ഡേ, പാർവതി കൃഷ്ണൻ,ഇന്ദ്രജിത് ഗുപ്ത, ദശരഥ ദേബ്, ടി നാഗി റെഡ്ഢി,കെ കെ വാര്യർ,ടി സി എൻ മേനോൻ,പി ടി പുന്നൂസ്, വി പി നായർ,എംകെ കുമാരൻ, പി കുഞ്ഞൻ,എസ് ഈശ്വരയ്യർ തുടങ്ങിയ കരുത്തരായ പോരാളികളുടെ ഒരു സംഘമാണ് ഇത്തവണ കമ്മ്യൂണിസ്റ്റ് ബെഞ്ചിൽ ഇരിപ്പുറപ്പിച്ചത്.

സമൂഹത്തിന്റെ അടിത്തട്ടിലും പുറമ്പോക്കിലും കഴിയാൻ വിധിക്കപ്പെട്ടവർക്കും തൊഴിലാളി വർഗ്ഗത്തിനും എല്ലാറ്റിനുമുപരി സ്ത്രീകൾക്കും വേണ്ടി രേണു ചക്രവർത്തി നിരന്തരം ശബ്ദമുയർത്തി. വളർച്ചയിലും പുരോഗതി യിലും അങ്ങേയറ്റം പിറകിലായിരുന്ന ബസിർഹട്ട് എന്ന തന്റെ മണ്ഡലത്തിനു വേണ്ടി അക്ഷീണം പ്രവർത്തിച്ചു. ബംഗാളിലെ ഒന്നാമത്തെ കുടുംബത്തിൽ(First family) പിറന്നു വീണ രേണു നാട്ടുകാരുടെ കൊച്ചു കുടിലുകളിൽ താമസിച്ച് ,അവരോടൊപ്പം ഭക്ഷണം കഴിച്ച് അവരുടെ ഓരോ പ്രശ്നങ്ങളിലും ചെന്നിറങ്ങി അവയ്ക്ക് പരിഹാരം കാണാൻ പരമാവധി ശ്രമിച്ചു.

തന്റെ പുത്രിയുടെ അതേ പ്രായക്കാരിയും പ്രിയസുഹൃത്തിന്റെ അനന്തരവളുമായ രേണുവിന്റെ അഭിപ്രായങ്ങൾക്ക് പണ്ഡിറ്റ്ജി ഏറെ വിലകല്പിച്ചിരുന്നു. എങ്കിലും പ്രധാനമന്ത്രി യുടെ നേർക്ക് മുഖത്തു നോക്കി തന്നെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിക്കാൻ രേണു ചക്രവർത്തി ഒരിക്കലും മടി കാണിച്ചിരുന്നില്ല.ചൈനീസ് ആക്രമണത്തെയും ഹിന്ദു കോഡ് ബില്ലിനെയും കുറിച്ചുള്ള ചർച്ചകളിൽ മുന്നിൽ നിന്നുപോരാടാൻ പാർട്ടി രംഗത്തിറക്കിയത് രേണു ചക്രവർത്തി യെ ആയിരുന്നു.

ചൈന ഇന്ത്യയെ ആക്രമിച്ചതിനെ തുടർന്ന്,കമ്മ്യൂണിസ്റ്റ് കാർ ഒന്നടങ്കം രാജ്യദ്രോഹികളെന്നു മുദ്രയടിക്കപ്പെട്ട നാളുകളിൽ,ഇക്കാര്യത്തിലുള്ള കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ യഥാർത്ഥ നിലപാടെന്തെന്നു നാട്ടുകാരെ പറഞ്ഞു ബോദ്ധ്യപ്പെടുത്താനായി ബംഗാളിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമാകെ രേണു ചുറ്റിസഞ്ചരിച്ചു. തൊട്ടുപിന്നാലെ നടന്ന മൂന്നാമത്തെ പൊതു തിരഞ്ഞെടുപ്പിൽ,സ്ഥിരം മണ്ഡലം വിട്ട്, ബാരക്ക്പ്പൂർ മണ്ഡലത്തിലേക്ക് മാറിയ രേണു ചക്രവർത്തി സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.1964 ൽ കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ ഭിന്നിപ്പിനെ തുടർന്ന് മുപ്പതിലേറെപ്പേരടങ്ങിയ പാർലമെന്ററി ഗ്രൂപ്പിൽ നിന്ന്,അതിന്റെ നേതാവായിരുന്ന ഏ കെ ജി യോടൊപ്പം മാർക്സിസ്റ്റ് പാർട്ടിയിലേക്ക് ചുവട് മാറിയത് ദശരഥ ദേബ്, ഇമ്പിച്ചിബാവ,അനന്തൻ നമ്പ്യാർ,ഉമാനാഥ്‌ തുടങ്ങി വളരെ കുറച്ചുപേർ മാത്രമാണ്.രേണു ചക്രവർത്തി,പി കെ വി,ഇന്ദ്രജിത് ഗുപ്ത ഹിരൺ മുഖർജി,സർജൂ പാണ്ഡേ,രണൻ സെൻ,രവി നാരായണ റെഡ്ഢി,കെ കെ വാര്യർ,ഹോമിദാജി തുടങ്ങി,പ്രഗത്ഭരായ പാർലമെന്ററിയന്മാർ ഏതാണ്ടെല്ലാവരും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തന്നെ ഉറച്ചു നിന്നു.രാജ്യസഭയിലാകട്ടെ ഭൂപേശ് ഗുപ്ത,ഇസഡ് എ അഹമ്മദ്, എം എൻ ഗോവിന്ദൻ നായർ,കെ ദാമോദരൻ എന്നിവർ സി പി ഐ യിലും ബാസവ പുന്നയ്യ,പി രാമമൂർത്തി എന്നിവർ മാർക്സിസ്റ്റ് പാർട്ടിയിലും നിലയുറപ്പിച്ചു.

ജനകീയപ്രശ്നങ്ങൾ ഏറ്റെടുത്ത് വിട്ടുവീഴ്ചയില്ലാതെ പോരാടുന്നതിലും കോൺഗ്രസ് ഗവണ്മെന്റിന്റെ തെറ്റായ നയങ്ങളെ തുറന്നു കാട്ടുന്ന കാര്യത്തിലുമെല്ലാം സി പി ഐ യുടെ പാർലമെന്റംഗങ്ങൾ മറ്റാരേക്കാളും മുമ്പിലായിരുന്നു.കുപ്രസിദ്ധ മായ മുന്ദ്രാ കേസിന്റെ ചർച്ചകളിൽ രേണു ചക്രവർത്തി യുടെ വിമർശനശരങ്ങളേറ്റു വലഞ്ഞ ധനകാര്യ മന്ത്രി ടി ടി കൃഷ്ണമാചാരി ഹിരൺ മുഖർജിയോട് പരാതിപ്പെട്ടു.

"With all her charm of femininity Renu is a hard nut to crack!"

ആ നാളുകളിൽ ലോക്സഭയിൽ അംഗമായിരുന്ന സോഷ്യലിസ്റ്റ് നേതാവ് മധുലിമായെ അക്കാലം ഓർമ്മിക്കുന്നത് ഇങ്ങനെയാണ്.

"പ്രൊഫ.ഹിരൺ മുഖർജിയുടെ പ്രസംഗപാടവം അതുല്യമായിരുന്നു.ഹോമിദാജി കഠിന പ്രയത്നത്തിലൂടെയാണ് ശ്രദ്ധ പിടിച്ചു പറ്റിയത്.പ്രശ്നങ്ങളെ യുക്തിപൂർവം, കാര്യകാരണസഹിതം അവതരിപ്പിക്കുന്നതിൽ ഇന്ദ്രജിത് ഗുപ്തയ്ക്ക് അസാമാന്യമായ കഴിവുണ്ടായിരുന്നു.എന്നാൽ ഇവരിലൊന്നും ഇല്ലാതെപോയ ഒരു അഗ്നി നാളം ഉള്ളിൽ കൊണ്ടു നടന്നിരുന്ന,ഒരു പ്രത്യേക സ്വഭാവ വൈശിഷ്ട്യമുണ്ടായിരുന്ന ആളായിരുന്നു രേണു ചക്രവർത്തി. ഒരിക്കലും കെടാത്ത ഈ തീയാണ് ഞങ്ങളെ തമ്മിലടുപ്പിച്ചത്. അന്നത്തെ സ്‌പീക്കർ സർദാർ ഹുക്കും സിംഗിന്റെ ഏറ്റവും പ്രിയപ്പെട്ടവരായിരുന്ന രേണുവടക്കമുള്ള കുറേ എം പി മാരെ ഞാൻ കളിയാക്കി വിളിച്ചിരുന്നത് സ്പീക്കേഴ്‌സ് പാർട്ടി എന്നാണ്.ഞങ്ങൾ ചിലരാകട്ടെ റെബലുകളും.സ്വഭാവം കൊണ്ട് ഞങ്ങളോട് കൂടുതൽ സമാനത പുലർത്തിയിരുന്ന രേണു അധികം വൈകാതെ തന്നെ സ്‌പീക്കറിന്റെ പാർട്ടി വിട്ട് ഞങ്ങളുടെ കൂട്ടത്തിലേക്ക് വന്നു."

ലോക്‌സഭയുടെ അദ്ധ്യക്ഷപാനലിൽ അംഗമായിരുന്ന രേണു ചക്രവർത്തി ഒരിക്കൽ സഭാനടപടികൾ നിയന്ത്രിക്കുകയായിരുന്നു.ചില അംഗങ്ങൾ തമാശയായി ഒരു സംശയമുന്നയിച്ചു."ചെയറിനെ സർ എന്നാണോ മാഡമെന്നാണോ അഭിസംബോധന ചെയ്യേണ്ടത്?" ഒട്ടും വൈകാതെ മറുപടി വന്നു."The Chair has no sex!"

മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങൾക്കു വേണ്ടി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങൾ നയിച്ചിരുന്ന രേണുവിന്, ഒരിക്കൽ സംഭവിച്ച ഒരു അബദ്ധത്തെ കുറിച്ച് അവർ തുറന്നുപറഞ്ഞിട്ടുണ്ട്. സാധു സമാജ് എന്ന ഹിന്ദുത്വ സംഘടനയുടെ നേതൃത്വത്തിൽ ഗോവധനിരോധനത്തിന് വേണ്ടിയുള്ള മുറവിളി ഉയർന്ന നാളുകൾ.എംപി മാർ മിക്കപേരും സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങിപ്പോയതുകൊണ്ട് ഹാജർ തീരെ കുറവായിരുന്ന ഒരു വെള്ളിയാഴ്ച ഗോവധ നിരോധനം നടപ്പാക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടുള്ള ഒരു സ്വകാര്യ ബിൽ ഒരംഗം അവതരിപ്പിച്ചു.കമ്മ്യൂണിസ്റ്റ് ബെഞ്ചിൽ ആകെയുണ്ടായിരുന്നത് രേണു ചക്രവർത്തിയും സർജൂ പാണ്ഡെയുമാണ്. നെഹ്‌റുവിന്റെ ക്യാബിനറ്റിലെ ചില അംഗങ്ങൾ പോലും ബില്ലിന് അനുകൂലമാണെന്ന ശ്രുതി അക്കാലത്തുണ്ടായിരുന്നു.പല രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്കും ഇടയാക്കുന്ന ഒരു പ്രശ്നമാണ്, എന്നാൽ പാർട്ടി നേതൃത്വവുമായി കൂടിയാലോചിച്ച് ഒരു തീരുമാനമെടുക്കാനുള്ള സമയവുമില്ല. ഇതൊക്കെ കാരണം കമ്മ്യൂണിസ്റ്റ് എം പി മാർ തൽക്കാലം വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനമെടുത്തു.ഏതായാലും ബിൽ പരാജയപ്പെട്ടു. അപ്പോഴേക്കും സഭയിലെത്തിച്ചേർന്ന പ്രധാനമന്ത്രി നെഹ്റു വിൽ നിന്ന് രേണു ചക്രവർത്തി യ്ക്ക് ഒരു കുറിപ്പ് കിട്ടി.

"പ്രിയപ്പെട്ട രേണു,ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയത്തിൽ കമ്മ്യൂണിസ്റ്റുകാർ നിഷ്പക്ഷത പാലിച്ചത് എന്നെ ആശ്ചര്യപ്പെടുത്തുന്നു"

തങ്ങളുടെ ഗുരുതരമായ വീഴ്ച്ചയുടെ ആഴത്തെ കുറിച്ച് ബോദ്ധ്യപ്പെടുത്തി തന്ന ആ തുണ്ടു കടലാസ്, മതേതരത്വമൂല്യങ്ങളിലും വിശ്വാസപ്രമാണങ്ങളിലും നെഹ്രുവിനുണ്ടായിരുന്ന ഉറച്ച നിലപാടുകളെ കുറിച്ച് ഒരിക്കൽകൂടി വിളിച്ചറിയിക്കുകയായിരുന്നുവെന്ന് പിന്നീടൊരിക്കൽ രേണു ചക്രവർത്തി ഓർമ്മിച്ചു.

അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ചേരിതിരിവുകളിലും ഇന്ത്യയുമായുള്ള സൗഹൃദത്തിന്റെ കാര്യത്തിലും ചൈന കൈക്കൊണ്ടിരുന്ന നിലപാടുകളുടെഏറ്റവും ശക്തയായ വിമർശകയായിരുന്നു രേണു ചക്രവർത്തി.പ്രമോദ് ദാസ് ഗുപ്ത നിർണ്ണായക മായ ആധിപത്യം സ്ഥാപിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ബംഗാൾ നേതൃത്വത്തിന് രേണുവിന്റെ നടപടി കളിൽ കടുത്ത അതൃപ്തി ഉണ്ടായിരുന്നു.1964 ഏപ്രിൽ 11ന് ദേശീയ കൗൺസിലിൽ നിന്ന് മുപ്പത്തിരണ്ട് സഖാക്കൾ ഇറങ്ങിപ്പോയതിന്റെ തൊട്ടടുത്ത ദിവസം അവരെ രൂക്ഷമായി വിമർശിച്ചവരുടെ മുൻപന്തിയിൽ നിലയുറപ്പിച്ചിരുന്നു, രേണു ചക്രവർത്തി.അതേസമയം, 1965 ൽ 'ഇടതുപക്ഷ' കമ്മ്യൂണിസ്റ്റുകാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോൾ,ആ നടപടിയിൽ ആദ്യം പ്രതിഷേധിച്ചതും, ജയിലിൽ നിരാഹാരമാരംഭിച്ച എ കെ ഗോപാലനുൾപ്പെടെയുള്ള പഴയ സഖാക്കളെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നാവശ്യപെട്ടു കൊണ്ട് പാർലമെന്റിൽ പ്രക്ഷോഭം നടത്തിയതും രേണു ചക്രവർത്തിയുടെയും ഹിരൺ മുഖർജിയുടെയും നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് എം പി മാരായിരുന്നു !

ഭിന്നിപ്പിനെ തുടർന്ന് എതിർപക്ഷത്തുനിന്നുണ്ടായ കടുത്ത വിമർശനത്തെയും അപവാദ പ്രചരണത്തെയുമൊക്കെ രേണു ചക്രവർത്തി ധീരമായി തന്നെയാണ് നേരിട്ടതെങ്കിലും അടുത്ത തെരഞ്ഞെടുപ്പിൽ അവയെല്ലാം പ്രതികൂലമായി ബാധിച്ചു. സി പി ഐ യുടെ നേതൃത്വത്തിലുള്ള പീപ്പിൾസ് യുണൈറ്റഡ്ലെഫ്റ്റ് ഫ്രണ്ടും സി പി എം നയിച്ച യുണൈറ്റഡ് ലെഫ്റ്റ് ഫ്രണ്ടും കോൺഗ്രസും പങ്കെടുത്ത ത്രികോണ മത്സരമാണ് 1967 ൽ ബംഗാളിൽ നടന്നത്. ഹിരൺ മുഖർജിയും രണൻ സെന്നും ഇന്ദ്രജിത് ഗുപ്തയുമടക്കമുള്ള സി പി ഐ നേതാക്കളെല്ലാം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, '62ൽ ചരിത്രഭൂരിപക്ഷത്തോടെ വിജയിപ്പിച്ച ബാരക്പ്പൂർ മണ്ഡലത്തിൽ മാർക്സിസ്റ്റ് പാർട്ടി സ്ഥാനാർത്ഥി മുഹമ്മദ് ഇസ്മയിലിനോട് രേണു ചക്രവർത്തി ദയനീയമായ പരാജയമാണ് ഏറ്റുവാങ്ങിയത്.ഇന്ത്യ കണ്ട ഏറ്റവും സമർത്ഥയായ പാർലമെന്റേറിയന്മാരിൽ പ്രമുഖ, അങ്ങനെ പാർലമെന്റിന്റെ പടികളിറങ്ങി.

1969ൽ നിയമസഭയിലേക്ക് വിജയിച്ച രേണു ചക്രവർത്തി അജയ് മുഖർജിയുടെ രണ്ടാമത്തെ ഐക്യമുന്നണി മന്ത്രിസഭയിലെ സഹകരണത്തിന്റെയും സാമൂഹ്യ ക്ഷേമത്തിന്റെയും ചുമതലയുള്ള മന്ത്രിയായിരുന്നു. ജനക്ഷേമപരമായ പല പ്രധാന പദ്ധതികളും ആ നാളുകളിൽ അവർക്ക് തുടങ്ങി വെയ്ക്കാൻ സാധിച്ചെങ്കിലും, മുന്നണിയ്ക്കുള്ളിലെ ആഭ്യന്തര കലഹം മൂലം ആ മന്ത്രിസഭയ്ക്ക് അധികകാലം ആയുസ്സുണ്ടായില്ല.

സ്ത്രീകളുടെ പ്രശ്നങ്ങളും അവകാശങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള സമരങ്ങളിൽ,എന്നും മുന്നണിപ്പോരാളിയായി നിലകൊണ്ട രേണു ചക്രവർത്തി 1950 കളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആശീർ വാദത്തോടെ നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ എന്ന സംഘടന ആരംഭിക്കാൻ നേതൃത്വം കൊടുത്തു.ദീർഘനാളുകൾ NFIW ന്റെ ജനറൽ സെക്രട്ടറി യായിരുന്ന രേണു കുറച്ചു കാലം ഉപാദ്ധ്യക്ഷയായും പ്രവർത്തിച്ചിരുന്നു.പല അന്തർദേശീയ വനിതാ സമ്മേളനങ്ങളിലും അവർ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.അന്താരാഷ്ട്ര തലത്തിലുള്ള ഇടതുപക്ഷ വനിതാപ്രസ്ഥാനമായ Womens International Democratic Federation ന്റെ നേതൃത്വത്തിലും രേണുവിന്റെ സക്രിയമായ സാന്നിദ്ധ്യമുണ്ടായിരുന്നു.

1958 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അമൃതസർ കോൺഗ്രസിൽ വെച്ച് ദേശീയ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രേണു ചക്രവർത്തി1978 വരെ ആ സ്ഥാനത്ത് തുടർന്നു. പിന്നീടേറെ ക്കാലം രേണു ചക്രവർത്തി പാർട്ടിയുടെ കേന്ദ്ര കണ്ട്രോൾ കമ്മീഷനിൽ അംഗമായിരുന്നു

തൊഴിലാളി - കർഷക പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിച്ചിരുന്ന അവർ അൻപതുകളുടെ ഒടുവിൽ നടന്ന ജംഷെഡ് പൂരിലെ ചരിത്രപ്രസിദ്ധമായ തൊഴിലാളി സമരത്തിന്റെ പ്രധാനനേതാവായിരുന്നു.പല തൊഴിലാളി സമരങ്ങളിലും പങ്കെടുത്ത് ജയിൽവാസം വരിക്കുകയും ചെയ്തു.

രേണു ചക്രവർത്തി രചിച്ച 'Communists in Indian Women's movement' നിരവധി ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ട, ഇന്ത്യയിലെ സ്ത്രീപ്രസ്ഥാനങ്ങളിലും പ്രക്ഷോഭങ്ങളിലും കമ്മ്യൂണിസ്റ്റുകാർ വഹിച്ച പങ്കിനെ സമഗ്രമായി വിലയിരുത്തുന്ന ഒരു ചരിത്രപുസ്തകമാണ്.

കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ മുഖപത്രങ്ങളായ ക്രോസ് റോഡ്‌സിലും ന്യൂ എജിലും പത്രപ്രവർത്തനമാരംഭിച്ച്,ഇന്ത്യ യിലെ പൊളിറ്റിക്കൽ ജേർണലിസത്തിന്റെ കുലപതി യായിത്തീർന്ന നിഖിൽ ചക്രവർത്തി,പിന്നീട് ഉത്തമ പത്രപ്രവർത്തനത്തിന്റെ മാതൃക യായി തൊട്ടുകാണിയ്ക്കാവുന്ന 'മെയിൻസ്‌ട്രീം' ആരംഭിച്ചു.നിഖിൽ - രേണു ദമ്പതിമാരുടെ പുത്രൻ സുമിത് ചക്രവർത്തി അച്ഛന്റെ വഴിയേ തന്നെ സഞ്ചരിക്കുന്നു.

ജന്മനാ ഉണ്ടായിരുന്ന ഹൃദയത്തിന്റെ തകരാറ് മൂലം 1973 ൽ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയായ രേണു ചക്രവർത്തി ഒരിക്കലും ഒരു പൂർണ്ണവിശ്രമജീവിതം നയിക്കാൻ കൂട്ടാക്കിയില്ല.ഹിന്ദു വർഗീയ ഭീകരർ ബാബ്‌റി മസ്ജിദ് തകർത്തതിന് പിന്നാലെ, അയോദ്ധ്യയിൽ വർഗീയതയ്ക്കും മതാന്ധതയ്ക്കുമെതിരെ സ്ത്രീകൾ സംഘടിപ്പിച്ച ഒരു റാലിയുടെ മുന്നിൽ രേണു ചക്രവർത്തി ഉണ്ടായിരുന്നു.ആരോഗ്യം ശ്രദ്ധിക്കണമെന്നും വിശ്രമിക്കണമെന്നുമുള്ള മറ്റുള്ളവരുടെ അഭ്യർത്ഥനയ്ക്ക് ചെവി കൊടുക്കാതെ ബെറാം പൂരി ലുള്ള ഒരു വനിതാ സമ്മേളനത്തിൽ സംബന്ധിച്ച് ഏതാനും ദിവസങ്ങൾ പിന്നിടുമ്പോൾ,1994 ജനുവരി26 നാണ് അവർക്ക് മസ്തിഷ്കാഘാതമുണ്ടാകുന്നത്.ഏപ്രിൽ 16 ന് രേണു ചക്രവർത്തി വിട പറഞ്ഞു.

അടങ്ങാത്ത പോരാട്ടവീര്യത്തിന്റെയും കർമ്മധീരതയുടെയും പ്രതീകമായിരുന്നു രേണു ചക്രവർത്തി. സങ്കുചിതമായ വ്യക്തിതാത്പര്യങ്ങൾക്കും ഇഷ്ടാനിഷ്ടങ്ങൾ ക്കും ഒരിക്കലും വഴങ്ങാതിരുന്ന ആ വലിയ സ്ത്രീ, വിഭാഗീയത യ്ക്കെതിരെ എക്കാലവും ഉറച്ച നിലപാട് കൈക്കൊണ്ടിരുന്നു.അതാണ് 67ലെ ആ വലിയ തെരഞ്ഞെടുപ്പ്പരാജയത്തിലേക്ക് നയിച്ചതും.

സ്ത്രീകളുടെ നേതാവ് എന്ന നിലയിൽ മാത്രം ഓർമ്മയിൽ എത്തേണ്ട ഒരു പേരല്ല രേണു ചക്രവർത്തിയുടേത്.എങ്കിലും ഒരു മാർച്ച് എട്ട് കൂടി കടന്നുവരുമ്പോൾ,മഹിളാ ആത്മരക്ഷാസമിതി എന്ന വലിയ,മഹത്തായ പ്രസ്ഥാനത്തിന് അടിത്തറയിട്ട,ഒരുപാടൊരുപാട് ജനകീയപോരാട്ടങ്ങൾ മുന്നിൽ നിന്നു ധീരമായി നയിച്ച രേണു ചക്രവർത്തിയെ ഒരിക്കൽ കൂടി ഓർമ്മിക്കാനും ആ സ്മരണകളിൽ നിന്നു പ്രചോദനം കൊള്ളാനും കഴിഞ്ഞില്ലെങ്കിൽ,സംശയം വേണ്ട, ചരിത്രം നമ്മളെ കുറ്റക്കാരെന്ന് വിധിക്കും

ജനയുഗത്തിലെ 'കാലം സാക്ഷി' എന്ന പംക്തിയില്‍ നേരത്തെ പ്രസിദ്ധീകരിച്ചത്

Related Stories

No stories found.
logo
The Cue
www.thecue.in