ഒരു ദുരന്തനാടകത്തിന്റെ തുടക്കം

ഒരു ദുരന്തനാടകത്തിന്റെ
 തുടക്കം
ഒരു ദുരന്തനാടകത്തിന്റെ
 തുടക്കം
ബല്‍രാജ് സാഹ്നി: പൊരുതുന്ന കലയുടെ വസന്തകാലം
ഒരു ദുരന്തനാടകത്തിന്റെ
 തുടക്കം
ഒരു കമ്മ്യൂണിസ്റ്റ് സാഹോദര്യത്തിന്റെ ഓർമ്മയ്ക്ക്

ബോംബെ പട്ടണത്തിന്റെ പ്രാന്തപ്രദേശമായ അന്ധേരിയിൽ,തിരക്കല്പം കുറഞ്ഞ വഴിയോരത്തുള്ള വിശാലമായ പറമ്പിന്റെ ഒത്തനടുവിലായി, പഴകിപൊളിഞ്ഞു തുടങ്ങിയ ഒരു വലിയ കെട്ടിടവും കുറച്ചു മാറി തലയെടുത്തുപിടിച്ചു നിൽക്കുന്ന ഒരു പേരാൽ മരവും കാണാം. ആ പടുകൂറ്റൻ മരത്തിന്റെ തൊട്ടു താഴെയായി മണ്ണും കല്ലും കൊണ്ട് കെട്ടിപ്പൊക്കിയ ഒരു സ്റ്റേജും. അന്ന് ആ സായാഹ്നത്തിൽ, ഒരു ഗംഭീരൻ കലാവിരുന്ന് അവിടെ അരങ്ങേറാൻ പോകുകയാണ്. നാടോടി നൃത്തവും സംഘഗാനവും ലഘു രൂപകങ്ങളും ഏകാങ്കവുമൊക്കെയുണ്ട്.തിങ്ങിനിറഞ്ഞ സദസിന്റെ ഇടയിലേക്ക്,നാട്ടിൻപുറത്തുകാരനായ ഒരു വൃദ്ധനെയും ആനയിച്ചു കൊണ്ട് ഒരു ചെറുപ്പക്കാരൻ കടന്നുവന്നു. സദസ്സിന്റെ മുൻനിരയിൽ തന്നെ ഇരുവരും ഇരിപ്പുറപ്പിച്ചു.കുറച്ചൊരു ഉദാസീനഭാവത്തിൽ മുഖം കനപ്പിച്ചുകൊണ്ടാണ് വയസ്സന്റെ ഇരിപ്പ്. പരിപാടികൾ ആരംഭിച്ച് കുറച്ചുകഴിഞ്ഞപ്പോഴേക്കും അയാളുടെ മുഖഭാവത്തിന് പതുക്കെ പതുക്കെ മാറ്റം വന്നു. ഇടയ്ക്ക് ഉച്ചത്തിൽ പൊട്ടിച്ചി രിക്കുകയും ആവേശം മൂത്ത് കയ്യടിക്കുകയും ആരും കാണാതെ കണ്ണു തുടക്കുകയും ഒക്കെ ചെയ്യുന്നത് അടുത്തിരുന്ന ചെറുപ്പക്കാരൻ കണ്ടില്ലെന്ന് ഭാവിച്ചു. ഒടുവിൽ സദസിനെയൊന്നടങ്കം ആവേശം കൊള്ളിച്ച ദേശഭക്തി ഗാനത്തിന് ശേഷം യവനിക താണപ്പോൾ പെട്ടെന്നുണ്ടായ ഉൾപ്രേരണയിൽ അടക്കാനാകാത്ത വികാരവിക്ഷോഭത്തോടെ വൃദ്ധൻ യുവാവിനെ കെട്ടിപ്പുണർന്നുകൊണ്ട് പറഞ്ഞു.

"ബേട്ടാ, ഇങ്ങനെയുള്ള വലിയ വലിയ കാര്യങ്ങളൊക്കെയാണ് നീ ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഞാൻ അറിഞ്ഞില്ലല്ലോ.അത് ഞാൻ അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഞാൻ നിന്നെ വഴക്ക് പറയില്ലായിരുന്നു."

പിതാവിന്റെ കരവലയത്തിൽ തന്നെ ഒതുങ്ങിക്കൂടി നിന്നിരുന്ന മകന്റെ കണ്ണുകൾ അന്നേരം നിറഞ്ഞൊ ഴുകുകയായിരുന്നു....

ആ അച്ഛന്റെ പേര് ഹർബൻസ് ലാൽ സാഹ്നി എന്നായിരുന്നു. മകന്റേത് ബൽരാജ് സാഹ്നിയെന്നും. ബി ബി സി എന്ന പേരുകേട്ട സ്ഥാപനത്തിലെ ജോലിയുമായി ബിലാത്തിയിൽ കഴിഞ്ഞിരുന്ന തന്റെ മൂത്ത പുത്രൻ നാടും വീടും വിട്ട് ബോംബേയിലേക്ക് വന്ന് ഒരു നാടകക്കാരനും സിനിമാക്കാരനുമൊക്കെയായിത്തീർന്നതും, അതും പോരാഞ്ഞ് ഒരു കടുത്ത കമ്മ്യൂണിസ്റ്റായി മാറിയതും ആ പിതാവിന് സഹിക്കാൻ പറ്റുന്ന കാര്യമായിരുന്നില്ല. അതിനേക്കാൾ പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുള്ള മറ്റൊരു കാര്യം,തന്റെ പുത്രഭാര്യ നാടകത്തിലും സിനിമയിലും വേഷം കെട്ടുന്നതും അവളുടെ വരുമാനം കൊണ്ട് കുടുംബം പുലർത്തേണ്ടി വരുന്ന തുമായിരുന്നു.മകനെയും കുടുംബത്തെയും ലാഹോറിലേക്ക് തിരികെ കൂട്ടിക്കൊണ്ടു വരാനായി ഇളയ പുത്രൻ ഭീഷ്മ സാഹ്നിയെ ബോംബെയിലേക്ക് അയച്ചെങ്കിലും അയാളും ജ്യേഷ്ഠന്റെ കൂട്ടത്തിൽച്ചേർന്ന് ഒരു നാടകക്കാരനായി മാറുകയാണുണ്ടായത്. പിന്നെ ഒട്ടും വൈകിയില്ല, പെട്ടിയും കിടക്കയുമെല്ലാമെടുത്ത്, ഹർബൻസ്‌ലാലും പത്നി ലക്ഷ്മീദേവിയും കൂടി നേരെ ബോംബെയ്ക്ക് പോരുകയായിരുന്നു.

ഇപ്റ്റയുടെ സെൻട്രൽ സ്‌ക്വാഡ്
ഇപ്റ്റയുടെ സെൻട്രൽ സ്‌ക്വാഡ്

അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം ബൽരാജ് പിതാജിയെ ഇന്ത്യൻ പ്രോഗ്രസ്സീവ് തീയേറ്റേഴ്സ് അസോസിയേഷന്റെ(IPTA) ആസ്ഥാനമായ അന്ധേരി യിലെ കമ്മ്യൂണിലേക്ക് ഒരു കലാപരിപാടി കാണാനായി നിർബന്ധിച്ചു കൂട്ടികൊണ്ടു പോയി. ഇപ്റ്റയുടെ സെൻട്രൽ സ്ക്വാഡ് ഒരുക്കുന്ന ഇമ്മോർട്ടൽ'(അനശ്വരം) എന്നുപേരിട്ട ഒരു വലിയ കലാവിരുന്നിന്റെ ഡ്രസ് റിഹേഴ്‌സൽ ആണ് അന്നവിടെ നടന്നത്.മനസില്ലാമനസ്സോടെ പരിപാടി കണ്ടുതുടങ്ങിയ ഹർബൻസ് ലാൽ സാഹ്നിയ്ക്ക് അത് കഴിഞ്ഞപ്പോൾ സംഭവിച്ച മനംമാറ്റത്തെ കുറിച്ചാണ് ആദ്യം പറഞ്ഞത്.....

ചേതൻ ആനന്ദിന്റെ 'നീ ച്ചാ നഗർ' എന്ന ചിത്രത്തിൽ അഭിനയിക്കാനായാണ് ബൽരാജ് - ദമയന്തി സാഹ്നി ദമ്പതികൾ 1944 ൽ ബോംബെയിലെത്തുന്നത്. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ചിത്രം യഥാസമയം തുടങ്ങാനായില്ല. ചേതൻ വഴി ഫണി മജുംദാർ എന്ന പ്രശസ്ത സംവിധായകനെ പരിചയപ്പെട്ട ബൽരാജ് അദ്ദേഹത്തിന്റെ 'ജസ്റ്റിസ്' , 'ദൂർ ചലേൻ' എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.'ദൂർ ചലേനി'ൽ ദമയന്തി യ്ക്കും ഒരു പ്രധാന വേഷമുണ്ടായിരുന്നു. ഇബ്സന്റെ 'ഡോൾസ് ഹൗസ്' എന്ന വിഖ്യാത നാടകത്തെ ആസ്പദമാക്കി യെടുത്ത 'ഗുഡിയാ' എന്ന ചിത്രത്തിൽ നോറയും ഹെല്മറുമായി ദമയന്തിയെയും ബൽരാജിനെയുമാണ് നിശ്‌ചയിച്ചത്.ഇപ്റ്റ നിർമ്മിച്ച് കെ എ അബ്ബാസ് രചനയും സംവിധാനവും നിർവഹിച്ച ' ധർത്തി കേ ലാൽ' ആയിരുന്നു ഇരുവരും അപ്പോൾ അഭിനയിച്ചുകൊണ്ടിരുന്ന മറ്റൊരു ചിത്രം.

സിനിമ എന്ന യാന്ത്രികമായ കലാരൂപത്തോട് പൂർണമായും അങ്ങോട്ട്‌ പൊരുത്തപ്പെടാൻ ബൽരാജിന് ഇനിയും കഴിഞ്ഞിരുന്നില്ല.

പൃഥ്വി തീയേറ്റേഴ്‌സ് എന്ന ബോംബെ യിലെ ഏറ്റവും പ്രസിദ്ധമായ നാടകസമിതിയിലെ പ്രധാന നടികളിലൊരാളായി പ്രവർത്തിക്കാനാരംഭിച്ച ദമയന്തി 'ദീവാർ' എന്ന ഒറ്റ നാടകം കൊണ്ടുതന്നെ സഹൃദയ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞിരുന്നു. സിനിമാലോകത്തു നിന്നും ദമയന്തിയ്ക്ക് ഓഫറുകൾ ധാരാളം വരാൻ തുടങ്ങി.ബൽരാജാകട്ടെ സിനിമയേക്കാൾ പ്രാധാന്യം കൊടുത്തിരുന്നത് പുതിയ കലാകാരന്മാരെ കണ്ടെത്തലും അവരുടെ പരിശീലനവുമൊക്കെയായുള്ള ഇപ്റ്റയുടെ പ്രവർത്തനങ്ങൾക്കാണ്. അഭിനയത്തിൽ നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ വലിയൊരു പങ്കും കൃത്യമായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഫണ്ടിലേക്ക് സംഭാവന ചെയ്തിരുന്ന ദമയന്തി തന്നെയാണ് വീട്ടുചിലവ് ഉൾപ്പെടെയുള്ള കാര്യങ്ങളെല്ലാം നോക്കി നടത്തിയിരുന്നത്.

ദമയന്തി സാഹ്നി
ദമയന്തി സാഹ്നി

ചേതൻ ആനന്ദ്, ദേവാനന്ദ് തുടങ്ങിയവരോടൊപ്പം താമസിച്ചിരുന്ന സാഹ്നി ദമ്പതികളും മകൻ പരീക്ഷിത്തും മകൾ ശബ്‌നവുമടങ്ങുന്ന കുടുംബം ജൂഹു ബീച്ചിലെ കോട്ടേജിലേക്ക് താമസം മാറുന്നത്,സാമ്പത്തികമായി അൽപ്പം മെച്ചപ്പെട്ടു തുടങ്ങിയ ആ കാലത്താണ്.

കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഹെഡ് ക്വാർട്ടേഴ്സായ രാജ് ഭവന്റെയും പാർട്ടി സെന്ററിന്റെയും ഉത്തരവാദിത്തങ്ങളേറ്റെടുത്തു കൊണ്ട് പൂർണ്ണ സമയവും ചെലവഴിച്ചിരുന്ന സഖാക്കൾ,ശാരീരികവും മാനസികവുമായ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടായിരുന്നു. പൂർണ്ണസമയപ്രവർത്തകരായ സഖാക്കൾക്ക് കുറച്ചുനാളത്തേക്ക് വിശ്രമത്തിനായി ചിലവിടാൻ പറ്റുന്ന ഒരു ഇടം കണ്ടുപിടിക്കാനായുള്ള അന്വേഷണവുമായി മുന്നിട്ടിറങ്ങിയത് മായിയും ദമ്മോയും കൂടിയായിരുന്നു.പല സ്ഥലങ്ങളും പോയി നോക്കിയെങ്കിലും, ഈയൊരു കാര്യത്തിന് എല്ലാം കൊണ്ടും യോജിച്ച ഇടമായി ദമയന്തി ഒടുവിൽ കണ്ടെത്തിയത് ജൂഹു കടൽത്തീരത്തുള്ള തങ്ങളുടെ സ്വന്തം വീട് തന്നെയാണ്.അങ്ങനെ ആ കൊച്ചു കോട്ടേജ് അസുഖബാധിതരായ പാർട്ടി സഖാക്കളുടെ വിശ്രമ സങ്കേതം കൂടിയായി.

ഐതിഹാസികമായ ചിറ്റഗോങ്ങ് കലാപത്തിന്റെ നേതാവും അവിടുത്തെ പാർട്ടിഘടകത്തിന്റെ സെക്രട്ടറി യുമായിരുന്ന കല്പനാ ദത്ത് എന്ന യുവ വിപ്ലവകാരിയും പി.സി ജോഷിയും തമ്മിലുള്ള വിവാഹം നടന്നത് ആയിടെയാണ്. വളരെ പ്പെട്ടെന്നുതന്നെ ദമ്മോയും കല്പനയും ഉറ്റ ചങ്ങാതികളായി മാറിക്കഴിഞ്ഞിരുന്നു. കല്പന ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ തന്നെ ദമ്മോ പ്രിയപ്പെട്ട 'കല്പനാ ദീ'യെ രാജ്ഭവൻ കമ്മ്യുണിൽ നിന്ന് ജൂഹുകോട്ടേജിലേക്ക് കൂട്ടിക്കൊണ്ടു പോയി. പ്രസവശേഷം കൈക്കുഞ്ഞായ സൂരജിനെയും കൊണ്ട് ഹോസ്പിറ്റലിൽ നിന്ന് കല്പന മടങ്ങിയത് ജൂഹു കോട്ടേജിലേക്ക് തന്നെയായിരുന്നു.

അതിനിടയിലാണ് ബൽരാജിന്റെ പിതാജിയും മാതാജിയും മകനും കുടുംബവുമൊത്ത് താമസിക്കാൻ പഞ്ചാബിൽ നിന്ന് എത്തുന്നത്. അടുപ്പിൽ നിന്ന് അപ്പപ്പോൾ ചുട്ടെടുക്കുന്ന പഞ്ചാബിറോട്ടിയും മുറ്റത്ത് ഒരു മൂലയ്ക്കുള്ള ഓലത്തൊഴുത്തിൽ പാർപ്പിച്ച എരുമയെ കറന്ന പാലുമൊക്കെ കൊണ്ട് മാതാജി എല്ലാവരെയും സമൃദ്ധമായി സൽക്കരിച്ചു.പി സി ജോഷിയെയും കല്പനയെയും അടുത്തു പരിചയപ്പെട്ടതോടുകൂടി കമ്മ്യൂണിസ്റ്റുകാരെ കുറിച്ചുള്ള പിതാജിയുടെയും മാതാജിയുടെയും ഭയാശങ്കകളൊക്കെ അകന്നുപോയി.

സുബൈദ എന്ന നാടകത്തിന്റെ അസാമാന്യമായ വിജയത്തിനു ശേഷം, ബൽ രാജിന്റെ അഭിപ്രായങ്ങൾക്ക്, സംഘടനയ്ക്കുള്ളിൽ വലിയ പ്രാധാന്യമുണ്ടായിരുന്നു. വ്യത്യസ്ത ഭാഷകളുടെ അടിസ്ഥാനത്തിൽ വിവിധ ട്രൂപ്പു കൾ രൂപീകരിക്കാൻ തയ്യാറാകണമെന്ന ബൽരാജിന്റെ നിർദ്ദേശം സ്വീകരിച്ചു കൊണ്ട് മറാത്തി, ഗുജറാത്തി, ഇംഗ്ലീഷ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലെ ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വ്യത്യസ്ത ട്രൂപ്പുകൾക്ക് ഇപ്റ്റ രൂപം നൽകി .രാജ്യത്തിന്റെ സ്വാതന്ത്ര്യവും സ്ഥിതി സമത്വവും മർദ്ദിത വർഗ്ഗത്തിന്റെ ഉയിർത്തെഴുന്നേൽപ്പുമൊക്കെ പ്രമേയങ്ങളാക്കിക്കൊണ്ട് , ബംഗാളിൽ ജാത്ര യും ബോംബെയിൽ പൗവാടയും യു പി യിൽ നൗതങ്കിയും ഇപ്റ്റ അരങ്ങത്ത് കൊണ്ടുവന്നു.നാടോടി കലാരൂപങ്ങൾ മാത്രമല്ല, പാശ്ചാത്യ നാടകകൃത്തു ക്കളായ ഗോഗോളിന്റെ 'ഇൻസ്‌പെക്ടർ ജനറൽ',ജെ ബി പ്രീസ്റ്റ്ലിയുടെ'ദേ കേം ടു എ സിറ്റി','ഇൻസ്‌പെക്ടർ കാൾസ്' തുടങ്ങിയ നാടകങ്ങളും ഇപ്റ്റയുടെ കലാകാരന്മാർ അവതരിപ്പിച്ചു.

അൽമോറയിലുള്ള ഉദയശങ്കറിന്റെ നൃത്തസംഘം പിരിച്ചുവിട്ടപ്പോൾ അതിലെ പ്രധാന കലാകാരന്മാരായിരുന്ന രവി ശങ്കർ,സച്ചിൻ ശങ്കർ,ശാന്തി ബർധൻ, അബനി ദാസ് ഗുപ്ത,പ്രേം ധവാൻ എന്നിവരും ശംഭു മിത്ര,തൃപ്തി മിത്ര ദമ്പതികൾ, ദിനാഗാന്ധി,ശാന്തി ഗാന്ധി സഹോദരിമാർ,ഷീലാ ഭാട്ടിയ,ഉഷാ ദത്ത, ഷൗക്കത്ത് ആസ്മി, ബിനാ റോയ്,ഗുൽ ബർധൻ, അലി അക്ബർ ഖാൻ തുടങ്ങി പിൽക്കാലത്ത് ഇന്ത്യ യുടെ കലാസാംസ്കാരിക ഭൂമികകളിൽ താരപദവിയിലെത്തിച്ചേർന്ന ഒട്ടേറെപ്പേർ ഇപ്റ്റയുടെ സജീവപ്രവർത്തകരാകുന്നത് അക്കാലത്താണ്. പൃഥ്വിരാജ് കപൂർ, സംവിധായകനും നിർമ്മാതാവുമായ അമിയ ചക്രവർത്തി, സംഗീതസംവിധായകരായ എസ് ഡി ബർമ്മൻ, അനിൽ ബിശ്വാസ് തുടങ്ങിയ പ്രഗത്ഭ കലാകാരന്മാർ അന്ധേരി കമ്മ്യൂണിലെ സ്ഥിരം സന്ദർശ കരായിരുന്നു."നിങ്ങളുടെ ഈണങ്ങൾ അടിച്ചുമാറ്റാനായിട്ടാണ് ഞാൻ വന്നത് " എന്ന് തമാശയായി പറയുന്ന അനിൽദായോട് എല്ലാവരും ചേർന്ന് കോറസായി മറുപടി പറഞ്ഞു.

ഇപ്റ്റ യുടെ ചിത്ത പ്രസാദ്‌ രൂപകൽപ്പന ചെയ്ത എംബ്ലം
ഇപ്റ്റ യുടെ ചിത്ത പ്രസാദ്‌ രൂപകൽപ്പന ചെയ്ത എംബ്ലം

"പിന്നെന്താ, ഇഷ്ടം പോലെ അടിച്ചുമാറ്റി ക്കോളൂ...താങ്കളുടെ പാട്ടുകളിൽ ഈ ഈണങ്ങളെല്ലാം എത്രത്തോളം ഉപയോഗിക്കുന്നോ, അത്രയും കൂടി പ്രശസ്തി കിട്ടും ഞങ്ങളുടെ പ്രസ്ഥാനത്തിനും ഞങ്ങളുയർത്തിക്കാട്ടുന്ന പ്രശ്നങ്ങൾക്കും!"

സാഹ്നി ദമ്പതിമാർ ഇപ്റ്റ യുടെ കേന്ദ്ര സ്‌ക്വാഡിന്റെ ഭാഗമായിരുന്നില്ലെങ്കിലും റിഹേഴ്സൽ നടക്കുമ്പോൾ അന്ധേരി കമ്മ്യൂണിൽ പതിവായി എത്താറുണ്ടായിരുന്നു. പത്തുവയസ്സുകാരനായ പരീക്ഷിത് മരത്തിൽ കയറിയും ശിഖരങ്ങളിൽ തൂങ്ങിയാടിയും ഓരോ സാഹസങ്ങളിലേ ർപ്പെട്ടുകൊണ്ടിരിക്കും .എല്ലാവരുടെയും ഓമനയായ ശബ്നം ഓരോരുത്തരുടെ ഒക്കത്തും മടിയിലുമായി മാറി മാറിയിരുന്നുകൊണ്ട് പാട്ടും നൃത്തവുമൊക്കെ ആസ്വദിക്കും.

റിഹേഴ്സൽ കഴിഞ്ഞ ശേഷം ഇപ്റ്റയുടെ കലാകാരന്മാർ സംഘമായി സബർബൻ ട്രെയിൻ പിടിച്ചാണ് അകലെയുള്ള വീടുകളിലേക്ക് മടങ്ങിപ്പോയിരുന്നത്. അന്ന് പകൽ നേരത്ത് പരിശീലിച്ച പാട്ടുകളൊക്കെ ഉച്ചത്തിൽ പാടിക്കൊണ്ടാണ് യാത്ര. അതു കേട്ട് മറ്റ് കമ്പാർട്ടുമെന്റിലെ യാത്രക്കാരും അങ്ങോട്ടേക്ക് പാഞ്ഞെത്തും. പിന്നെയങ്ങോട്ട് ദേശഭക്തി ഗാനങ്ങളും വിപ്ലവഗാനങ്ങളും കൊണ്ട് ട്രെയിൻ ആകെ മുഖരി തമാകും.

'ഭൂക്കാ ഹേ ബംഗാൾ' എന്ന മുദ്രാവാക്യവുമായി 1944 ൽ ബോംബേയിൽ സംഘടിപ്പിച്ച 'സ്പിരിറ്റ് ഓഫ് ഇന്ത്യ'എന്ന നിറപ്പകി ട്ടാർന്ന കലാവിരുന്നിന് ശേഷം, 1946 ൽ രാജ്യത്തിന്റെ മഹത്തായ ചരിത്രവും പാരമ്പര്യവും അതിമനോഹരമായി ആവിഷ്‌കരിച്ച 'ഇമ്മോർട്ടൽ' എന്ന നൃത്തസംഗീതിക ഇപ്റ്റ അരങ്ങത്തു കൊണ്ടുവന്നു ബിനോയ് റോയ്, ചിത്തപ്രസാദ്, പാർവതി കുമാരമംഗലം,ശാന്തി ബർധൻ എന്നിവർ ചേർന്നാണ് പരിപാടി രൂ പകല്പന ചെയ്തത്. കോറിയോഗ്രഫിയിൽ ശാന്തി ബർധന്റെ സഹായികളായി നരേന്ദ്ര ശർമ്മയും സച്ചിൻ ശങ്കറും പ്രവർത്തിച്ചു.സംഗീതവിഭാഗം രവിശങ്കർ കൈകാര്യം ചെയ്തപ്പോൾ കലാസംവിധാനം ചിത്ത പ്രസാദ് നിർവഹിച്ചു.വസ്ത്രാലങ്കാരത്തിന്റെ കാര്യത്തിൽ ചിത്തോയ്ക്ക് ഇപ്റ്റയുടെ കലാകാരികൾ പിൻ ബലമേകി.കൽക്കട്ട മുതൽ ലാഹോർ വരെയുള്ള ഉത്തരേന്ത്യയിലെ പ്രധാന പട്ടണങ്ങളിലെല്ലാം 'അനശ്വരം' എന്ന സ്റ്റേജ് ഷോ യുമായി ഇപ്റ്റ ഒരു ജൈത്രയാത്ര തന്നെ നടത്തി.

ദമയന്തി സാഹ്നി അമൃതാ ഷേർഗിലിനോടൊപ്പം
ദമയന്തി സാഹ്നി അമൃതാ ഷേർഗിലിനോടൊപ്പം

അങ്ങനെ ആഹ്ലാദവും ആവേശവും തുടിച്ചു നിൽക്കുന്ന ആ നാളുകളിലാണ് അശനിപാതം പോലെ ദുരന്തം വന്നുചേരുന്നത്.ഇപ്റ്റ നിർമ്മിച്ച 'ധർത്തി കേ ലാൽ'എന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്നത്,കഥ സംഭവിക്കുന്ന ബംഗാളിനോട് സാദൃശ്യമുള്ള ധൂലിയ എന്ന ഗ്രാമപ്രദേശത്തു വെച്ചായിരുന്നു.ലൊക്കേഷനിലുള്ള ഒരു ജലാശയത്തിലെ വെള്ളമാണ് ചിത്രീകരണ സംഘത്തിലെ നടീനടന്മാരു ൾപ്പെടെയുള്ള എല്ലാവരും കുടിക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഉപയോഗിച്ചുപോന്നത്.ആ വെള്ളത്തിൽ നിന്നുള്ള അ ണുബാധ മൂലം ദമയന്തിയ്ക്ക് കടുത്ത അതിസാരം (amoebic dysentry )പിടിപെട്ടു. എന്നാൽ സിനിമാ - നാടക പ്രവർത്തനങ്ങളും കുടുംബത്തിലെ ഉത്തരവാദിത്തങ്ങളുമൊക്കെയായി ദമ്മോ വിശ്രമിക്കാൻ ഒട്ടും കൂട്ടാക്കിയില്ല.തീരെ അവശനിലയിലായപ്പോഴാണ് ഒടുവിൽ ആശുപത്രിയിൽ പോകാൻ തയ്യാറായത്. എന്നാൽ ഡോക്ടർ അശ്രദ്ധയോടെ ഓവർഡോസായി കൊടുത്ത amatine injection കാരണം ദമ്മോയുടെ ആരോഗ്യ നില തീരെ വഷളാകുകയാണു ണ്ടായത്.

1947 ഏപ്രിൽ 29. ബൽരാജിനെയും രണ്ടു പിഞ്ചുകുട്ടികളെയും അനാഥരാക്കിക്കൊണ്ട്, ദമയന്തി സാഹ്നി യാത്ര പറഞ്ഞു.വെറും ഇരുപത്തിയെട്ടാമത്തെ വയസിലുള്ള ദമ്മോയുടെ വിടവാങ്ങൽ , നാടക സിനിമാ രംഗങ്ങൾക്കും പുരോഗമനകലാ പ്രസ്ഥാനത്തിനും മാത്രമല്ല,കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ സംബന്ധിച്ചിടത്തോളവും കനത്ത ആഘാതമായി. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ആൾരൂപമായിരുന്ന ദമ്മോയുടെ ആകസ്മികമായ മരണം മൂലം ഏറെ ദുഃഖിച്ച രണ്ടുപേർ പി സി ജോഷിയും കല്പന യുമായിരുന്നു.അവരുടെ പ്രിയപ്പെട്ട സഖാവ് ബൽരാജ് സാഹ്നിയുടെ ജീവിതത്തിലരങ്ങേറിയ ദുരന്തനാടകത്തിലെ ഒന്നാമത്തെ അ ങ്കമായിരുന്നു ദമ്മോയുടെ വേർപാട്.

Related Stories

No stories found.
logo
The Cue
www.thecue.in