അജയഘോഷ് : വളർച്ചയുടെയും തളർച്ചയുടെയും വിപ്ലവകാലം

അജയഘോഷ് : വളർച്ചയുടെയും തളർച്ചയുടെയും വിപ്ലവകാലം

ഏറ്റവും കടുത്ത രാഷ്ട്രീയശത്രുവിനെപ്പോലും കാന്തശക്തിയോടെ വലിച്ചടുപ്പിക്കാനും അയാളെ കമ്മ്യൂണിസ്റ്റുകാരനാക്കി മാറ്റാനുമുള്ള അപൂർവസിദ്ധി പ്രകടിപ്പിച്ച കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു 1940-കളിൽ പാർട്ടിയെ നയിച്ചിരുന്ന പൂർണചന്ദ്ര ജോഷി. പ്രമുഖരും പ്രശസ്തരുമായ ഒട്ടേറെ ബുദ്ധിജീവികളും കവികളും എഴുത്തുകാരും ചിത്രകാരന്മാരും അഭിനേതാക്കളും കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അംഗങ്ങളോ സഹയാത്രികരോ ആയിമാറിയ നാളുകളായിരുന്നു അത്.

അജയഘോഷ് : വളർച്ചയുടെയും തളർച്ചയുടെയും വിപ്ലവകാലം
അജയ്ഘോഷ്, ഓർമ്മകളിലെന്നും അജയ്യനായി

സാമ്രാജ്യത്വയുദ്ധമായിട്ടാണ് കമ്മ്യൂണിസ്റ്റ്പാർട്ടി രണ്ടാം ലോകമഹായുദ്ധത്തെ തുടക്കത്തിൽ വിലയിരുത്തിയത്. എന്നാൽ ഫാസിസ്റ്റ് ശക്തികൾക്കെതിരെ സോവിയറ്റ് യൂണിയൻ യുദ്ധരംഗത്തിറങ്ങിയതോടെ അതൊരു ജനകീയ യുദ്ധമായി മാറിയെന്ന് പാർട്ടി പ്രഖ്യാപിച്ചു. യുദ്ധത്തിന് അനുകൂലമായ നിലപാട് കൈക്കൊണ്ടതിനെത്തുടർന്ന് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തെ എതിർത്ത പാർട്ടി ജപ്പാനുമായും അതുവഴി ഹിറ്റ്‌ലറുമായും സഖ്യത്തിലേർപ്പെട്ട സുഭാഷ് ചന്ദ്രബോസിനെയും ശക്തമായി വിമർശിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിരോധനം നീക്കപ്പെടുകയും നിയമവിധേയമായി പ്രവർത്തിക്കാനാരംഭിക്കുകയും ചെയ്തെങ്കിലും ജനകീയ യുദ്ധനയം കാരണം പാർട്ടി ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടു. ആ ദയനീയമായ അവസ്‌ഥയിൽ നിന്ന് ഇന്ത്യയിലെ മൂന്നാമത്തെ ശക്തമായ രാഷ്ട്രീയപ്രസ്ഥാനം എന്ന നിലയിലേക്ക് പി.സി. ജോഷി കമ്മ്യൂണിസ്റ്റ് പാർട്ടിയെ നയിച്ചു. ഒരു കുതിച്ചുചാട്ടത്തിന്റെ നാളുകളാണ് പിന്നീടുണ്ടായത്.

കമ്മ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ച നിലപാടുകളെ ആസ്പദമാക്കി മഹാത്മാഗാന്ധിയും പി.സി. ജോഷിയും തമ്മിൽ തുടർച്ചയായി നടന്ന സംവാദങ്ങൾ അന്തർദ്ദേശീയതലത്തിൽ തന്നെ ശ്രദ്ധിയ്ക്കപ്പെട്ടു.

'ഭൂഖാ ഹേ ബംഗാൾ'

1943-ലെ മനുഷ്യനിർമ്മിതമായ ബംഗാൾ ക്ഷാമത്തിന്റെ ഇരകളെ മരണത്തിന്റെ മുഖത്തുനിന്ന് രക്ഷപ്പെടുത്താനും റിലീഫ് സെന്ററുകളും സാമൂഹ്യഭക്ഷണശാലകളും വ്യാപകമായി തുറക്കാനും പാർട്ടിയുടെയും മഹിളാ ആത്മരക്ഷാ സമിതി എന്ന വിപ്ലവ വനിതാപ്രസ്ഥാനത്തിന്റെയും നേതൃത്വത്തിൽ ആയിരക്കണക്കിന് സഖാക്കൾ മുന്നിട്ടിറങ്ങി. യുദ്ധത്തിന്റെയും ക്ഷാമത്തിന്റെയും കെടുതികൾക്ക് പരിഹാരം കാണാനായി കോൺഗ്രസും മുസ്ലിംലീഗും ഹിന്ദു മഹാസഭയുമെല്ലാമുൾക്കൊണ്ട ഒരു ദേശീയഗവണ്മെന്റ് രൂപീകരിക്കണമെന്നും അതിനായി മഹാത്മാഗാന്ധി ഉൾപ്പെടെയുള്ള ദേശീയനേതാക്കളെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്നും ജോഷി ആവശ്യപ്പെട്ടു. ഇന്ത്യൻ പീപ്പിൾസ് തീയേറ്റർ അസോസിയേഷന്റെയും പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെയും കൊടികളേന്തിക്കൊണ്ട് പ്രമുഖ എഴുത്തുകാരും അഭിനേതാക്കളും ചിത്രകാരന്മാരുമെല്ലാം കമ്മ്യൂണിസ്റ്റ്പാർട്ടി നയിച്ച ഈ മുന്നേറ്റത്തിൽ അണിചേർന്നു. ബോംബേയിലെ പാർട്ടി ആസ്ഥാനവും കമ്മ്യൂണുമായ രാജ്ഭവൻ പാർട്ടിയെ സ്നേഹിക്കുന്ന കലാപ്രവർത്തകരുടെ സങ്കേതമായി.

സ്വാതന്ത്ര്യസമരത്തിന്റെ കലാശക്കൊട്ടിനു തിരികൊളുത്തിയ1946-ലെ നാവികകലാപത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സഖാക്കൾ മുൻനിരയിലുണ്ടായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുപിന്നാലെ നടമാടിയ വർഗീയലഹളയിലും രക്തച്ചൊരിച്ചിലിലും സമാധാനത്തിന്റെ വെള്ളക്കൊടിയുമായി തെരുവിലിറങ്ങിയത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള കലാകാരന്മാരും എഴുത്തുകാരുമായിരുന്നു. അങ്ങനെ ദേശീയരാഷ്ട്രീയ ഭൂമികയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തമായ സാന്നിദ്ധ്യവും ജനകീയപ്രസ്ഥാനവുമായി മാറിക്കഴിഞ്ഞ ആ നാളുകളിലാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത്.

1943 മേയ് 23 മുതൽ ജൂൺ ഒന്നുവരെ ബോംബെയിൽ വെച്ചു നടന്ന പാർട്ടിയുടെ ഒന്നാം കോൺഗ്രസിൽ അന്ന് ഗുരുതരമായ അസുഖം ബാധിച്ചിരുന്ന അജയഘോഷിന് പങ്കെടുക്കാൻ കഴിഞ്ഞില്ല. പി.സി. ജോഷിയെ ജനറൽ സെക്രട്ടറിയായി തെരഞ്ഞടുത്ത കോൺഗ്രസ് അജയനെ പോളിറ്റ് ബ്യൂറോയിലേക്ക് വീണ്ടും തെരഞ്ഞെടുത്തിരുന്നു.

മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ദീർഘകാലത്തെ കഠിനവും ത്യാഗപൂർണ്ണവുമായ സഹനസമരത്തിലൂടെ ഇന്ത്യ നേടിയെടുത്ത സ്വാതന്ത്ര്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ഹൃദയപൂർവ്വം സ്വാഗതം ചെയ്തു. ദേശീയ വിമോചനസമരത്തിന്റെ ഒരു സുപ്രധാനഘട്ടമായിട്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ വിലയിരുത്തിയത്. എന്നാൽ പാർട്ടിയ്ക്കുള്ളിൽ ബി. ടി. രണദിവേയുടെ നേതൃത്വത്തിൽ രൂപം കൊണ്ട വിഭാഗം ഇതംഗീകരിച്ചില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ തൊഴിലാളിവർഗത്തിന്റെ പങ്കാളിത്തത്തോടു കൂടിയ ഒരു വിപ്ലവത്തിനു മാത്രമേ യഥാർത്ഥ സ്വാതന്ത്ര്യം നേടാനാകൂ എന്നും ദേശീയബൂർഷ്വാസിയ്ക്ക് തനിച്ച് രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കാൻ കഴിയില്ലെന്നും ആ വിഭാഗം വാദിച്ചു. അതുകൊണ്ട് ഇപ്പോൾ കിട്ടിയെന്ന് പറയപ്പെടുന്ന സ്വാതന്ത്ര്യം യഥാർത്ഥ സ്വാതന്ത്ര്യം അല്ലെന്നും ബ്രിട്ടീഷ് സാമ്രാജ്യത്വ ത്തിന്റെ കൈകളിൽ നിന്ന് നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള നാടുവാഴി-മുതലാളിത്ത സർക്കാരിന് അധികാരം കൈമാറുക എന്ന കൃത്യം മാത്രമാണ് 1947 ആഗസ്റ്റ്‌ 15-ന് സംഭവിച്ചതെന്നുമായിരുന്നു രണദിവേയുടെ തീസിസ്. 1948 ഫെബ്രുവരി 28 മുതൽ മാർച്ച് 6 വരെ കൽക്കട്ടയിൽ വെച്ചു നടന്ന രണ്ടാം പാർട്ടി കോൺഗ്രസ് ഭരണകൂടത്തിനെതിരെ ഒരു സായുധകലാപത്തിന് ആഹ്വാനം ചെയ്തു. വർഗവഞ്ചകൻ എന്നു മുദ്രകുത്തി ജോഷിയെ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയ പാർട്ടി താമസിയാതെ പ്രാഥമികാംഗത്വത്തിൽ നിന്നു തന്നെ അദ്ദേഹത്തെ പുറത്താക്കി. ഒരൊറ്റ പാർട്ടിയംഗം പോലും ജോഷിയുമായി ബന്ധം പുലർത്തിപ്പോകരുതെന്ന് രണദിവേ ഉഗ്രശാസന പുറപ്പെടുവിക്കുകയും ചെയ്തു.

പാർട്ടി കൈക്കൊണ്ട വിഭാഗീയതയുടെയും സാഹസികതയുടെയും പുതിയ നയം കടുത്ത പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കി. പാർട്ടി നിരോധിക്കപ്പെട്ടു. ആയിരക്കണക്കിന് സഖാക്കൾ ജയിലിലായി. ഒട്ടേറെപ്പേർ പോലീസിന്റെ മർദ്ദനത്തിനിരയായി കൊല്ലപ്പെട്ടു. അനേകം സഖാക്കൾ ഒളിവിൽ പോയി. പലരും പാർട്ടി വിട്ടുപോയി.1950-51 ആയപ്പോഴേക്കും പാർട്ടിയുടെ അംഗസംഖ്യ 89000-ൽ നിന്ന് 10000-ത്തിൽ താഴെയായി കുറഞ്ഞു. പാർട്ടി പൂർണമായും ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടു. രണദിവേ, ഡോ.അധികാരി, ഭവാനി സെൻ തുടങ്ങിയവർ നയിച്ച പാർട്ടിയുടെ പോളിറ്റ് ബ്യൂറോയിലേക്ക് അജയഘോഷും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും വളരെപ്പെട്ടെന്ന് തന്നെ അദ്ദേഹം ജയിലിലായി.

1948 മുതൽ രണ്ടുവർഷക്കാലം നീണ്ടു നിന്ന വിഭാഗീയതയുടെ നയത്തെ വിമർശിച്ചു കൊണ്ട് 1950 ആദ്യം കമ്മ്യൂണിസ്റ്റ് ഇൻഫർമേഷൻ ബ്യൂറോയുടെ മുഖപത്രമായ 'കോമിൻഫോമി'ൽ മുഖപ്രസംഗം പ്രസിദ്ധീകരിച്ചു.1950 ജൂണിൽ കൽക്കട്ടയിൽ രഹസ്യമായി ചേർന്ന കേന്ദ്രക്കമ്മിറ്റിയുടെ യോഗം രണദിവേയെ പുറത്താക്കി തെലുങ്കാന സമരത്തിന്റെ നായകന്മാരിലൊരാളായ സി. രാജേശ്വര റാവുവിനെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എന്നാൽ പാർട്ടിയുടെ ഇടതു സാഹസികനയത്തിൽ സാരമായ മാറ്റങ്ങളൊന്നും സംഭവിച്ചില്ല. ബി. ടി. ആർ. നടപ്പാക്കാൻ ശ്രമിച്ച റഷ്യൻ വിപ്ലവപാതയിൽ നിന്ന് തെലുങ്കാന സമരം നയിക്കുന്ന ആന്ധ്രാ സഖാക്കൾ മാതൃകയായി സ്വീകരിച്ച ചൈനീസ് വിപ്ലവപാതയിലേക്ക് ചുവടുമാറ്റം നടത്തുക എന്നതു മാത്രമാണ് ഉണ്ടായത്. തെലുങ്കാന കലാപത്തിന്റെ ചുവടു പിടിച്ചുള്ള സായുധകലാപങ്ങൾ രാജ്യം മുഴുവനും ആരംഭിക്കാൻ പുതിയ നേതൃത്വം ആഹ്വാനം ചെയ്തു. പാർട്ടിയ്ക്കുള്ളിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കാൻ മാത്രമേ ആന്ധ്രാ ലൈൻ സഹായിച്ചുള്ളു. അതോടെ പാർട്ടി പ്രവർത്തനങ്ങൾ ആകെ നിശ്ചലമായി.

പാർട്ടിയുടെ നയപരമായ പാളിച്ചകളെക്കുറിച്ച് ജയിലിനുള്ളിൽ നടന്ന ഉൾപ്പാർട്ടി ചർച്ചകളിൽ ഏറ്റവും രൂക്ഷമായ വിമർശനമുയർത്തിയ ഒരാൾ അജയഘോഷായിരുന്നു. തുടക്കം മുതൽക്കു തന്നെ ഇടതുസാഹസിക/വിഭാഗീയ ചിന്താഗതികളെ അജയൻ ശക്തമായി എതിർത്തു പോന്നിരുന്നു. പുതിയ ആന്ധ്രാലൈൻ നടപ്പാക്കുന്നതിനെതിരെ അജയഘോഷ് ഒരു കരട് രേഖ തയ്യാറാക്കി. യർവാദാ ജയിലിൽ ഒപ്പമുണ്ടായിരുന്ന എസ്.എ. ഡാങ്കെ, എസ്.വി. ഘാട്ടെ എന്നിവരോട് ആലോചിച്ചു കൊണ്ടാണ് അജയൻ അതു തയ്യാറാക്കിയത്. ഇടതുസാഹസിക നയത്തെ നിശിതമായി വിമർശിക്കുകയും അത് പൂർണമായി ഉപേക്ഷിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന ആ രേഖ അറിയപ്പെട്ടത് 'ത്രീ പി'സ് ലെറ്റർ' എന്ന പേരിലാണ്.നേതാക്കൾ മൂന്നുപേരും ഒളിവിൽ കഴിയുമ്പോൾ സ്വീകരിച്ച വ്യാജനാമങ്ങളായ പ്രബോധ് ചന്ദ്ര (അജയഘോഷ്), പ്രഭാകർ(ഡാങ്കെ), പുരുഷോത്തം (ഘാട്ടെ) എന്നിവർ ചേർന്ന് തയ്യാറാക്കിയ രേഖയായതു കൊണ്ടാണ് അങ്ങനെ അറിയപ്പെട്ടത്. പാർട്ടിയ്ക്കുള്ളിൽ അന്ന് ആധിപത്യം വഹിച്ചിരുന്ന സെക്ടേറിയനിസത്തെയും വരട്ടു തത്വവാദത്തെയും പൂർണമായും തള്ളിപ്പറഞ്ഞുകൊണ്ട്, രാജ്യത്തു നിലവിലുള്ള സമൂർത്തമായ സാഹചര്യങ്ങളെക്കുറിച്ചു പഠിച്ചുകൊണ്ട്‌, സ്വന്തമായ ഒരു വിപ്ലവപാത കണ്ടെത്താൻ ആഹ്വാനം ചെയ്യുന്ന രേഖ പാർട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് സഹായിക്കുന്ന യഥാർത്ഥ വഴികാട്ടിയായി മാറി.

എന്നാൽ രേഖയെ പി. സുന്ദരയ്യയും ബാസവപുന്നയ്യയും രാജേശ്വര റാവുവും ഉൾപ്പെടെയുള്ള ആന്ധ്രാസഖാക്കൾ ശക്തമായി എതിർത്തു. തുടർന്ന് ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാൻ കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ഇടപെടൽ അനിവാര്യമാണെന്ന് മനസ്സിലാക്കിയ പാർട്ടി നേതൃത്വം, രണ്ടു വിഭാഗങ്ങളിലും പെട്ട നാലു നേതാക്കളെ - അജയഘോഷ്, ഡാങ്കെ,രാജേശ്വര റാവു, ബാസവ പുന്നയ്യ - രഹസ്യമായി മോസ്കോയിലേക്ക് അയച്ചു.

സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു ഉന്നതതലസംഘവുമായി ഇന്ത്യയിലെ നേതാക്കൾ ചർച്ച നടത്തി. ഇന്ത്യൻ വിപ്ലവത്തിന്റെ അടിസ്ഥാനപരമായ സ്വഭാവത്തെ കുറിച്ചും സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പാർട്ടി കൈക്കൊള്ളേണ്ട നയത്തെക്കുറിച്ചും വിശദമായ ചർച്ചകളാണ് അവിടെ വെച്ച് നടന്നത്. ഇന്ത്യയിൽ അരങ്ങേറേണ്ട വിപ്ലവത്തിന്റെ മാതൃക റഷ്യയുടേതോ ചൈനയുടേതോ അല്ലെന്നും ഇന്ത്യയിലെ സമൂർത്ത സാഹചര്യങ്ങളെ കൃത്യമായി മനസ്സിലാക്കിക്കൊണ്ട് സ്വന്തമായൊരു വിപ്ലവപാതയാണ് കണ്ടെത്തേണ്ടതെന്നും സ്റ്റാലിൻ ഉപദേശിച്ചു.

വ്യക്തവും കൃത്യവുമായ ധാരണയോടെ ഇന്ത്യയിൽ മടങ്ങിയെത്തിയ സംഘം രണ്ടു രേഖകൾ തയ്യാറാക്കി. പാർട്ടി പരിപാടിയുടേതും നയപ്രഖ്യാപനത്തിന്റേതുമായ ആ രേഖകൾ 1951 ഒക്ടോബറിൽ കൽക്കട്ടയിൽ ചേർന്ന പാർട്ടി സമ്മേളനം അംഗീകരിച്ചു. പാർട്ടിയുടെ പുതിയ ജനറൽ സെക്രട്ടറിയായി അജയഘോഷിനെ തിരഞ്ഞെടുക്കുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെ ഒരു പുതുയുഗത്തിന്റെ തുടക്കം കുറിക്കുകയായിരുന്നു അന്ന്.

(തുടരും)

Related Stories

No stories found.
logo
The Cue
www.thecue.in