അജയ്ഘോഷ്, ഓർമ്മകളിലെന്നും അജയ്യനായി

അജയ്ഘോഷ്, ഓർമ്മകളിലെന്നും അജയ്യനായി
Summary

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പോരാട്ടത്തിന്റെയും വളർച്ചയുടെയും നാളുകളിൽ നടുനായകത്വം വഹിച്ച കമ്മ്യൂണിസ്റ്റ് നേതാവ് അജയകുമാർഘോഷ് ഓർമ്മയായിട്ട് 2022 ജനുവരി13 ന് അറുപതു വർഷങ്ങൾ പൂർത്തിയായി.ഭഗത് സിംഗിന്റെ ഉറ്റ അനുയായി എന്ന നിലയിൽ വിപ്ലവപ്രസ്ഥാനത്തിൽ സജീവമായ അജയന്റെ കർമ്മധീരമായ ജീവിതത്തെ ഓർമ്മിക്കുന്ന കുറിപ്പിന്റെ ആദ്യഭാഗം.

ബൈജു ചന്ദ്രന്‍ എഴുതുന്നു

വർഷം 1936. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യാ സമ്മേളനം മീററ്റിൽ ആരംഭിക്കുകയാണ്.സമ്മേളനത്തിന്റെ തലേന്നാൾ സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അടിയന്തിരമായി യോഗം ചേർന്നു.സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയിട്ടുള്ള പ്രതിനിധികളുടെ യോഗ്യത യെയും രാഷ്ട്രീയ പശ്ചാത്തലത്തെയും സംബന്ധിച്ച് കിട്ടിയിട്ടുള്ള ചില പരാതികൾ ചർച്ച ചെയ്യുകയാണ് ഉദ്ദേശ്യം.യുണൈറ്റഡ് പ്രോവിൻസസ് എന്ന ഇന്നത്തെ ഉത്തർപ്രദേശിൽ നിന്നെത്തിയ പ്രതിനിധികളുടെ കൂട്ടത്തിൽ 'സംശയിക്കപ്പെടേണ്ട' ചിലരൊക്കെ കടന്നു കൂടിയിട്ടുണ്ടെന്ന് അശോക് മേത്തയോ മീനു മസാനിയോ മറ്റോ ആരോപണമുന്നയിച്ചു.അക്കൂട്ടത്തിൽ പെട്ട 'ഭീകരനായ ഒരു കമ്മ്യൂണിസ്റ്റുകാരനെ'കുറിച്ചായിരുന്നു പിന്നീടുള്ള ചർച്ചകൾ മുഴുവനും.

"അതാരാണ് ഇത്ര ഭയങ്കരനായ ആ കമ്മ്യൂണിസ്റ്റുകാരൻ?" ഏറെ താല്പര്യത്തോടെ ചർച്ചകൾ കേട്ടുകൊണ്ടിരുന്ന ഇ എം എസ് നമ്പൂതിരി പ്പാട് ആകാംക്ഷയോടെ ചോദിച്ചു. അതിനുത്തരം പറഞ്ഞത് ജയപ്രകാശ് നാരായണനാണ്.

" അയാളെ അറിയില്ലേ?കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായ പി സി ജോഷി കഴിഞ്ഞാൽ പിന്നെ അവരുടെ പാർട്ടിയിലെ ഏറ്റവും സീനിയർ ആയ അംഗമാണ് ആൾ.കാൺപൂരിൽ നിന്നെത്തിയ അജയ്കുമാർ ഘോഷ്...."

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന അദ്ധ്യായത്തിന് തലക്കെട്ടിടുകയാണെങ്കിൽ അത് അജയഘോഷ് എന്നായിരിക്കും.പ്രസ്ഥാനത്തിന്റെ ഇന്നോളമുള്ള നാൾവഴികളിൽ അമരക്കാരായി മുന്നിൽ നടന്നിട്ടുള്ളവരെല്ലാം പ്രവർത്തന പാരമ്പര്യം കൊണ്ടോ സംഘാടക മികവ് കൊണ്ടോ പ്രത്യയശാസ്ത്രപരമായ അറിവും പാണ്ഡിത്യവും കൊണ്ടോ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള അതികായന്മാരാണ്....എസ് വി ഘാട്ടെ,ഡോ.ജി അധികാരി,പി സി ജോഷി,ബി ടി രണദിവേ,സി രാജേശ്വര റാവു,എസ് എ ഡാങ്കെ,ഇ എം എസ് നമ്പൂതിരിപ്പാട്,ഇന്ദ്രജിത് ഗുപ്ത,എ ബി ബർദൻ....എന്നാൽ ആ മഹാരഥന്മാരുടെ കൂട്ടത്തിൽ നിന്നെല്ലാം പലതുകൊണ്ടും വേറിട്ടു നിൽക്കുന്ന വ്യക്തിത്വമാണ് അജയഘോഷിന്റേത്.അദ്ദേഹം ഒരു മാർക്സിസ്റ്റ് പ്രത്യയശാസ്ത്ര പണ്ഡിതൻ ആയി അറിയപ്പെട്ടിരുന്നില്ല.പതിനായിരങ്ങളെ ആവേശം കൊള്ളിക്കുന്ന ഉജ്ജ്വലപ്രസംഗകൻ ആയിരുന്നില്ല.മികച്ച സംഘാടകനായി പേരെടുത്തിരുന്നില്ല.എന്നിട്ടും സഖാവ് അജയഘോഷ് സെക്രട്ടറി സ്ഥാനമേറ്റെടുത്ത 1951 മുതൽ അദ്ദേഹം ആകസ്മികമായി വിടപറഞ്ഞ 1962 ജനുവരി13 വരെയുള്ള കാലഘട്ടമാണ് സി പി ഐയുടെ ചരിത്രത്തിലെ ഏറ്റവും നിറപ്പകിട്ടാർന്ന കാലഘട്ടമായി അറിയപ്പെടുന്നത്.ജോസഫ് സ്റ്റാലിൻ,മാവോ സേ തൂങ്,ഹോചിമിൻ,മാർഷൽ ടിറ്റോ,ജോർജ്ജി മലങ്കോവ്,നികിതാ ക്രൂഷ്ചോവ്,ലിയു ഷാവോ ചി,ഇമ്റെനാഗി,പാൽമിറോ ടോഗ്ലിയാറ്റി...തുടങ്ങി ലോകത്തെ അതികായന്മാരായ കമ്മ്യൂണിസ്റ്റുനേതാക്കൾ നിറഞ്ഞു നിന്ന ആ ചുവന്ന അൻപതുകളിൽ അജയ്കുമാർഘോഷിന് അന്തർദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ബഹുമാന്യമായ ഒരു സ്ഥാനമുണ്ടായിരുന്നു.സി പി ഐ യുടെ നേതാവ് പറയുന്നതെന്തെന്നു കേൾക്കാൻ മറ്റു രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ കാതു കൂർപ്പിച്ചു നിന്ന കാലമായിരുന്നു അത്.ഇന്ത്യയിലെ രണ്ടാമത്തെ വലിയ രാഷ്ട്രീയ പാർട്ടിയും ഇന്ത്യൻ പാർലമെന്റിലെയും വിവിധ സംസ്ഥാന നിയമസഭകളിലെയും മുഖ്യപ്രതിപക്ഷ കക്ഷിയുമായ, ലോകത്താദ്യമായി ബാലറ്റിലൂടെ അധികാരത്തിലേറിയ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അമരക്കാരൻ.കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി എന്നതിന്റെ തന്നെ പര്യായപദ മായി മാറിയ പേരാണ് അജയഘോഷ്.ഒരു കാലത്ത്, ഇന്ത്യയിലെങ്ങുമുള്ള കമ്മ്യൂണിസ്റ്റുകാർ തങ്ങളുടെ പുത്രന്മാർക്ക് നാമകരണം ചെയ്യാനായി തെരഞ്ഞെടുത്തുപോന്ന പേരായിരുന്നു അജയൻ...

പഴയ ബീഹാർ സംസ്ഥാന ത്തിലെ മിഹിജാം എന്ന കൊച്ചുപട്ടണം.ബംഗാളിനോട് ചേർന്നുകിടക്കുന്ന ആ പ്രദേശത്തു കൂടിയാണ് അജയ് എന്ന നദി ഒഴുകുന്നത്.1909 ഫെബ്രുവരി ഒൻപതാം തീയതി പിറന്നുവീണ കൊച്ചുമകന് മുത്തച്ഛൻ നൽകിയത് ആ നദിയുടെ പേരാണ്. ഡോക്ടർ ആയ പിതാവ് ശചീന്ദ്രനാഥ്‌ ഘോഷ് കാൺപൂരിലേക്ക് താമസം മാറിയതോടെ അമ്മ സുധാംശു ബാലയും മൂന്നു സഹോദരന്മാരും രണ്ടു സഹോദരിമാരുമടങ്ങുന്ന ആ കുടുംബവും അങ്ങോട്ടേക്ക് പറിച്ചു നട്ടു.തീരെ ചെറുപ്പം മുതൽക്ക് തന്നെ വായനയോട് തീവ്രമായ അഭിനിവേശം പ്രകടിപ്പിച്ചിരുന്ന അജയന് പുരാണ/ചരിത്രകഥകളിലെ വീരനായകന്മാരെ പോലെ ആയിത്തീരാനായിരുന്നു ആഗ്രഹം. രാജ്യസ്നേഹികളായ അന്നത്തെ യുവാക്കളുടെ ആരാധ്യപുരുഷനായിരുന്ന ദേശബന്ധു ചിത്തരഞ്ജൻ ദാസ് അറസ്റ്റ് ചെയ്യപ്പെട്ട 1921 ലെ ആ ദിവസം,അതിനെതിരെ യുള്ള പ്രതിഷേധ പ്രകടനങ്ങൾക്ക് നേതൃത്വം നല്കിക്കൊണ്ട് അജയ്ഘോഷ് സ്വാതന്ത്ര്യസമരഭൂമിയിലേക്ക് കാലെടുത്തു വെച്ചു.

കോളേജിൽ ചേരാൻ സമയമായപ്പോൾ അജയൻ ഒരു കാര്യം തീരുമാനിച്ചിരുന്നു.രസതന്ത്രം ആകണം ഐച്ഛിക വിഷയം. ബോംബ് ഉണ്ടാക്കാനുള്ള ഫോർമുല എങ്ങനെയും വശമാക്കുക എന്നതായിരുന്നു ഉദ്ദേശ്യം.കെമിസ്ട്രി പഠിക്കുന്ന അതേ ആവേശത്തോടെ തന്നെ അജയൻ ഷേക്സ്പിയറും ടാഗോറും ഹൃദിസ്ഥമാക്കി.

അജയന്റെ പതിനാലാമത്തെ വയസ്സിലാണ് ജീവിതത്തെ മാറ്റിമറിച്ച ആ കൂടിക്കാഴ്ച്ച നടക്കുന്നത്. കാൺപൂരിൽ വെച്ച് മറ്റൊരു വിപ്ലവകാരിയായ ബി കെ ദത്ത് അജയന് ഭഗത് സിംഗ് എന്ന യുവ വിപ്ലവകാരിയെ പരിചയപ്പെടുത്തിക്കൊടുത്തു.കുറച്ചു ദിവസങ്ങൾക്കുള്ളിൽ അവർ തമ്മിൽ വീണ്ടും കണ്ടു. വിപ്ലവത്തെ കുറിച്ചുള്ള സ്വപ്നങ്ങൾ പങ്കുവെച്ചു.അജയനെ ഭഗത് സിംഗ് ഏൽപ്പിച്ച ആദ്യ ദൗത്യം ഒരു ജിംനേഷ്യം തുടങ്ങുക എന്നതായിരുന്നു.വിപ്ലവ പ്രവർത്തനത്തിന് സന്നദ്ധരായ ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യുക എന്നതായിരുന്നു അതിന്റെ ഗൂഢോദ്ദേശ്യം.പിന്നീട് അലഹാബാദ് സർവകലാശാല യിൽ നിന്ന് കെമിസ്ട്രി യിൽ ഓണേഴ്സ് പരീക്ഷ പാസ്സായി മടങ്ങിവന്നതിനു ശേഷമുള്ള അജയന്റെ ശ്രമങ്ങൾ, അപ്പോഴേക്കും നിർജ്ജീവാവസ്ഥയിലായിക്കഴിഞ്ഞിരുന്ന ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് അസോസിയേഷൻ എന്ന സംഘടനയെ പുനരുദ്ധരിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തിലൂന്നി.ഒരു സോഷ്യലിസ്റ്റ് സമുദായം കെട്ടിപ്പടുക്കുക -- അതായിരുന്നു സംഘടനയുടെ ലക്ഷ്യം.എന്നാൽ തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളുടെയും സംഘങ്ങളുടെയും ഒറ്റപ്പെട്ട സാഹസിക പ്രവർത്തനങ്ങൾക്കാണ് സംഘടന പ്രാധാന്യം നൽകിയിരുന്നത്.കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളോടും പാർട്ടിയോടും അജയന് മനസുകൊണ്ട് ചായ്‌വ്‌ തോന്നിത്തുടങ്ങുന്നത് അക്കാലത്താണ്.

തൊഴിലാളി ദ്രോഹപരമായ Trade dispute bill നടപ്പാക്കാൻ സാമ്രാജ്യത്വ ഭരണകൂടം തീരുമാനിച്ചതിന് തൊട്ടുപിന്നാലെ യാണ് ഭഗത് സിംഗും ബി കെ ദത്തും ചേർന്ന് സെൻട്രൽ അസംബ്ലിയിലേക്ക് ബോംബെറിയുന്നത്.തുടർന്ന് നടന്ന രണ്ടാം ലാഹോർ ഗൂഢാലോചന കേസിൽ ഭഗത് സിംഗിനോടൊപ്പം അജയനും അറസ്റ്റ് ചെയ്യപ്പെട്ടു.സുഖ്‌ദേവ്,കിഷോരിലാൽ, ശിവ് ശർമ്മ,ഗയപ്രസാദ്,ജതിൻദാസ്,ജയ്‌ദേവ് കപൂർ,ബി കെ ദത്ത്,കമൽനാഥ്‌,തീവാരി ജിതേന്ദ്രനാഥ്‌ സന്യാൽ,ആശാറാം,ദേഷ്‌രാജ്,പ്രേം ദത്ത്,മഹാവീർ സിംഗ്,സുരേന്ദ്ര എന്നിവരായിരുന്നു മറ്റു പ്രതികൾ.ബിജോയ് കുമാർ സിൻഹ,രാജ് ഗുരു,കുരുലാൽ എന്നിവരും അറസ്റ്റ് ചെയ്യപ്പെട്ടു.

"സാമ്രാജ്യത്വം തുലയട്ടെ!ഇൻക്വിലാബ് സിന്ദാബാദ്! ലോക തൊഴിലാളി കളേ സംഘടിക്കുവിൻ!" തുടങ്ങിയ മുദ്രാവാക്യങ്ങൾ,കോടതിമുറിക്കുള്ളിൽ മുഴക്കിക്കൊണ്ടാണ് ഭഗത് സിംഗും സഖാക്കളും വിചാരണ യെ നേരിട്ടത്.അവർ വന്ദേ മാതരം ആലപിച്ചു.കൂട്ടത്തിൽ നിന്ന് മാപ്പു സാക്ഷി ആയിമാറിയ പഴയ സഖാവിന് നേർക്ക്, പ്രേംദത്ത് ചെരിപ്പുകളൂരി എറിഞ്ഞു.അതോടെ പ്രതികളെ കൈവിലങ്ങണിയിക്കാൻ കോടതി ഉത്തരവിട്ടു. കൈവിലങ്ങണിഞ്ഞു കൊണ്ട് കോടതിയിൽ ഹാജരാകാൻ തങ്ങൾ തയ്യാറല്ലെന്ന് ഭഗത് സിംഗ് പ്രഖ്യാപിച്ചു.ഇതിന്റെ പേരിൽ ജയിൽ അധികൃതരുമായി ഭഗത് സിംഗും സഖാക്കളും ആരംഭിച്ച പോരാട്ടത്തിന് നെഹ്റു വും സുഭാഷ് ചന്ദ്ര ബോസും അടക്കമുള്ള നേതാക്കൾ പിന്തുണ പ്രഖ്യാപിച്ചു.

നിരാഹാര സമരത്തെ തുടർന്ന് ക്ഷീണിച്ചു മെലിഞ്ഞവശനായി,സ്ട്രെച്ചറിൽ കിടത്തി കൊണ്ടുവരുന്ന ഭഗത് സിംഗിനെയാണ് അജയനും കൂട്ടരും കോടതിയിൽ വെച്ചു കാണുന്നത്.എന്നാൽ വീര്യമൊട്ടും കെടാത്ത ആ ധീരവിപ്ലവകാരിയുടെ വാക്കുകൾ അവരുടെ ഉള്ളിലെ വിപ്ലവാവേശം ആളിക്കത്തിച്ചു. തുടർന്നാണ്

63 ദിവസങ്ങൾ നീണ്ടുനിന്ന ഐതിഹാസിക മായ നിരാഹാര സത്യാഗ്രഹം അവർ ജയിലിനുള്ളിൽ ആരംഭിച്ചത്.

തുടക്കത്തിൽ അധികൃതർ സമരത്തെ ഗൗരവമായി പരിഗണിച്ചില്ല.പത്തുദിവസം കഴിഞ്ഞപ്പോൾ ബലപ്രയോഗത്തിലൂടെ ഭക്ഷണം കഴിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.മൂക്കിലൂടെയിട്ട റബ്ബർ കുഴൽ വഴി ഭക്ഷണം എത്തിക്കാനുള്ള ശ്രമത്തെ അവർ ചെറുത്തു.ജതിൻദാസ് എന്ന സഖാവ് ഈ ബലപ്രയോഗത്തിനിടയിൽ അബോധാവസ്ഥയിലായി.അതിൽ നിന്നും അദ്ദേഹം രക്ഷപെട്ടെങ്കിലും അപ്പോഴേക്കും ന്യൂമോണിയ പിടിപെട്ടതോടെ നില വഷളായി.മരുന്നും പോഷകാഹാരവും കഴിക്കാൻ കൂട്ടാക്കാത്തതിനെ തുടർന്ന് ജതിൻദാസ് വീണ്ടും അബോധാവസ്ഥയിലായി.ദിവസങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ മരണം സംഭവിച്ചു.

സത്യഗ്രഹികളെ ഭക്ഷണം കഴിപ്പിക്കാനായി ജയിൽ അധികൃതർ സകല ദണ്ഡന മുറകളും പ്രയോഗിച്ചുനോക്കി.അവർക്ക് കുടിക്കാൻ കൊടുത്തിരുന്ന വെള്ളത്തിന്റെ പാത്രങ്ങളിൽ പാൽ ഒഴിച്ചുവെച്ചു.ദിവസങ്ങളോളം വെള്ളം മാത്രം കുടിച്ചു ജീവൻ നിലനിറുത്തിയിരുന്ന അവരെ സംബന്ധിച്ചിടത്തോളം അതൊരു കടുത്ത വെല്ലുവിളി യായിരുന്നു .അജയ ഘോഷ് ഓർമ്മിക്കുന്നു:

"കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ദാഹം അടക്കാൻ വയ്യാതായി.വെള്ളം കാണുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് പാത്രത്തിന്റെ അടുത്തേക്ക് ചെല്ലുന്ന ഞാൻ പാല് കാണുമ്പോൾ തിരിച്ചുപോകും. ദിവസങ്ങൾ ചെല്ലുന്തോറും ഭ്രാന്തു പിടിക്കാൻ തുടങ്ങി.ആ പാത്രമുണ്ടാക്കിയ ആൾ എന്റെ മുമ്പിലെങ്ങാനും വന്നു പെട്ടിരുന്നെങ്കിൽ അപ്പോൾ തന്നെ ഞാൻ അയാളെ കൊന്നു കളഞ്ഞേനെ.

എന്റെ ഓരോ ചലനവും നോക്കിക്കൊണ്ട് ഗാർഡ് പുറത്തിരിപ്പുണ്ടായിരുന്നു.എനിക്ക് എന്നെ തന്നെ വിശ്വാസമില്ലാതെയായി.ഞാൻ ആ പാല് കുടിച്ചുപോകുമെന്നു തന്നെ ഞാൻ കരു തി.തൊണ്ടയും നാവും വരണ്ടു പൊട്ടിയിരുന്നു.

ഞാൻ ആ പോലീസുകാരനെ വിളിച്ചു. ഒരു തുള്ളി വെള്ളമെങ്കിലും തരുമോ എന്ന് കെഞ്ചി ചോദിച്ചു.അയാൾക്ക് അതിന് അനുവാദമില്ല എന്നായിരുന്നു മറുപടി.

എനിക്ക് ദേഷ്യം അടക്കാൻ കഴിഞ്ഞില്ല.ഞാനാ പാത്രം വാതിലിന്റെ നേർക്ക് വലിച്ചെറിഞ്ഞു. ഗാർഡിന്റെ പുറത്തേ യ്ക്ക് പാൽ തെറിപ്പിച്ചു കൊണ്ട് അത് താഴെ വീണുപൊട്ടി ചിതറി.എനിക്ക് ഭ്രാന്ത് പിടിച്ചെന്നു തന്നെ അയാൾ കരുതി.

ഒടുവിൽ ജയിലറുടെ നിർദ്ദേശപ്രകാരം എല്ലാ സെല്ലുകളിലും വെള്ളമെത്തിച്ചു.ഞാൻ ആർത്തിയോടെ ആ വെള്ളം മുഴുവനും കുടിച്ചു.കുടിച്ചതത്രയും ഒരു തുള്ളി വിടാതെ ഛർദ്ദി ക്കുകയും ചെയ്തു."

അജയനും സഖാക്കളും നടത്തിവന്ന നിരാഹാര സത്യാഗ്രഹം അപ്പോഴേക്കും ദേശീയ ശ്രദ്ധ നേടിക്കഴിഞ്ഞിരുന്നു.പി സി ജോഷിയും ഡാങ്കെയും ജി അധികാരിയുമുൾപ്പെടെയുള്ളവർ പ്രതികളായ മീററ്റ് ഗൂഡാലോചനക്കേസിലെ സഖാക്കളും അതിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് നിരാഹാരസത്യഗ്രഹം തുടങ്ങി.ഇന്ത്യയിലെ രാഷ്ട്രീയ തടവുകാരുടെ നേർക്കുള്ള മനുഷ്യത്വഹീനമായ പെരുമാറ്റത്തെ കുറിച്ച് കുറിച്ച് അങ്ങനെ ലോകം മുഴുവൻ അറിയാനിടയായി.

ഒടുവിൽ തടവുകാരുടെ പ്രശ്നങ്ങളെ കുറിച്ചു പഠിക്കാനായി ബ്രിട്ടീഷ് ഗവണ്മെന്റ് നിയോഗിച്ച കമ്മിറ്റി നൽകിയ ഉറപ്പുകളെ തുടർന്ന് 63 ദിവസം നീണ്ടുനിന്ന ഐതിഹാസിക മായ നിരാഹാരം അവസാനം കണ്ടു.

1930 ഒക്ടോബറിൽ ലാഹോർ ഗൂഢാലോചനകേസിന്റെ വിധി പ്രഖ്യാപിച്ചു. ഭഗത് സിംഗ്, സുഖ് ദേവ്,രാജ്ഗുരു എന്നിവരെ വധശിക്ഷ യ്ക്ക് വിധിച്ചു. മറ്റുള്ളവർക്ക് ജീവപര്യന്തമോ ദീർഘ കാലത്തെ തടവുശിക്ഷയോ ലഭിച്ചു.തെളിവില്ലാത്തതുകൊണ്ട് അജയ് ഘോഷിനെ വെറുതെ വിട്ടു.

കഠിനമായ ജയിൽ ശിക്ഷയുടെ ആ ദിനങ്ങളിലാണ് അജയൻ കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളിൽ ആകൃഷ്ടനാകുന്നത്.ഒക്ടോബർ വിപ്ലവത്തിന്റെ പത്താം വാർഷികത്തിന് അജയനും സഖാക്കളും സോവിയറ്റ് യൂണിയനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സന്ദേശങ്ങൾ അയച്ചിരുന്നു.

ജയിലിൽ നിന്ന് പുറത്തിറങ്ങിയ അജയഘോഷ് കണ്ടത് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ തകർന്നു തരിപ്പണമായതാണ്.ഒറ്റപ്പെട്ട ഭീകരപ്രവർത്തനങ്ങളിലുള്ള അജയന്റെഎല്ലാ വിശ്വാസവും അപ്പോഴേക്കും നശിച്ചിരുന്നു.വിപ്ലവത്തിന്റെ പുതിയ മാർഗം ഏതാണെന്ന ന്വേഷിച്ചുള്ള വഴിയിൽ വെച്ചാണ് കമ്മ്യൂണിസ്റ്റുകാരനായ എസ് ജി സർ ദേശായിയെ കണ്ടുമുട്ടുന്നത്.1930 ഡിസംബറിൽ കറാച്ചിയിൽ വെച്ചു നടന്ന എ ഐ സി സി സമ്മേളനത്തിൽ വെച്ചായിരുന്നു അത്.ഒറ്റപ്പെട്ട സാഹസങ്ങളുടെയും ഭീകരപ്രവർത്തനങ്ങളുടെയും അർത്ഥമില്ലായ്മയെ കുറിച്ചും ചെങ്കൊടിയുടെ കീഴിൽ ജനങ്ങളെ ഒരുമിപ്പിച്ചുകൊണ്ട് സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ മാർഗത്തിലൂടെ അവരെ നയിക്കുന്നതിനെ കുറിച്ചും അജയന് പൂർണ്ണബോദ്ധ്യമുണ്ടാകുന്നത് ആ ചർച്ചകളിൽ നിന്നാണ്.ഇടയ്ക്ക് എം എൻ റോയിയുമായി ബന്ധമുണ്ടാക്കിയെങ്കിലും പിന്നീട് അത് വിച്ഛേദിച്ചു.

1931 മുതൽ രണ്ടുവർഷക്കാലം വീണ്ടും ഇരുമ്പഴിക്കുള്ളിലായ അജയനോടൊപ്പം സർദേശായിയുമുണ്ടായിരുന്നു.മാർക്സിസ്റ്റ് തത്വശാസ്ത്രത്തെ കുറിച്ചുള്ള ആഴത്തിൽ നടത്തിയ പഠന ങ്ങളും ചർച്ചകളും അജയനെ അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനാക്കി.1933ൽ അജയഘോഷ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി.ആദ്യം കാൺപൂർ ജില്ലാ സംഘാടക സമിതിയുടെ സെക്രട്ടറി യായ അജയൻ പിന്നീട് യുണൈറ്റഡ് പ്രൊവിൻസസ് സംസ്ഥാന സംഘാടക സമിതിയുടെ സെക്രട്ടറിയായി.

1933 ഡിസംബറിൽ കൽക്കട്ടയിൽ ചേർന്ന കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ സമ്മേളനം ഡോ.ജി അധികാരിയെ സെക്രട്ടറി യായി തെരഞ്ഞെടുത്തു.പുതിയകേന്ദ്ര കമ്മിറ്റിയിൽ അജയഘോഷും അംഗമായിരുന്നു.പാർട്ടിയുടെ പുനഃസംഘടന ലക്ഷ്യമാക്കിക്കൊണ്ട്,1935 അവസാനം സൂറത്തിൽ ചേർന്ന പാർട്ടിയുടെ രഹസ്യസമ്മേളനത്തിൽ വെച്ച്, പി സി ജോഷിയെ സെക്രട്ടറി യായി തെരഞ്ഞെടുത്തു.പടിഞ്ഞാറൻ മേഖലയിൽ പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ചുമതല പോളിറ്റ്ബ്യൂറോ യിലെ അംഗമായി തെരഞ്ഞെടുക്കപ്പെട്ട അജയനായിരുന്നു.

അന്ന് പാർട്ടിയുടെ ആസ്ഥാനം കൽക്കട്ടയിലായിരുന്നു.ബീജാപൂർ ജയിലിൽ കിടക്കുകയായിരുന്ന ഡോ.ജി അധികാരിയെ രക്ഷപ്പെടുത്താനുള്ള ഒരു പദ്ധതി അജയഘോഷ് വിജയകരമായി നടപ്പാക്കി.ഒരു എക്സൈസ് ഉദ്യോഗസ്ഥന്റെ വേഷം കെട്ടിയ അജയന്റെ പരിചാരകനായി, ഡോക് എന്നു സഖാക്കൾ വിളിക്കുന്ന അധികാരി അഭിനയിച്ചു. പോലീസുകാരുടെ കൺ മുമ്പിലൂടെ തന്നെ അവർ രക്ഷപ്പെട്ടു.1936 ൽ നടന്ന സോംനാഥ്‌ ലാഹിരിയുടെയും മറ്റ് ചില കമ്മ്യൂണിസ്റ്റ് പ്രവർത്തകരുടെയും അറസ്റ്റിനെ തുടർന്ന് അജയന്റെ കാൺപൂരിലെ വസതിയും പോലീസ് സെർച്ച് ചെയ്തു.അങ്ങനെ പോലീസിന്റെ നോട്ടപ്പുള്ളിയായി കഴിയുന്ന കാലത്താണ് സി എസ് പിയുടെ സമ്മേളനം മീററ്റിൽ നടക്കുന്നതും 'ഭയങ്കരനായ കമ്മ്യൂണിസ്റ്റുകാരനെ' കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതുമൊക്കെ.അജയൻ ആ സമ്മേളനത്തിൽ ഏതായാലും പ്രതിനിധിയായി പങ്കെടുക്കാൻ തയ്യാറായില്ല.ഒരു കാഴ്ചക്കാരനായി സമ്മേളനനടപടി കൾ വീക്ഷിച്ചതേയുള്ളൂ .

1937 ൽ പാർട്ടിയുടെ നേതൃത്വത്തിൽ വലിയൊരു തൊഴിലാളി പണിമുടക്ക് നടന്നു. കാൺപൂരിലെ നാൽപ്പതിനായിരത്തിൽപ്പരം ടെക്സ്റ്റൈൽ തൊഴിലാളികളെ അതിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞു.അജയഘോഷിന്റെ ബുദ്ധിയും തന്ത്രങ്ങളുമായിരുന്നു അതിന്റെ പിറകിൽ.

ആശയപ്രചാരണ രംഗത്തും അജയൻ സജീവമായി പ്രവർത്തിച്ചു.1935 ൽ കൽക്കട്ട യിൽ നിന്ന് പാർട്ടി പ്രസിദ്ധീകരിച്ച 'ദി കമ്മ്യൂണിസ്റ്റ്',1938 ഫെബ്രുവരി മുതൽ ബോംബെ യിലെ പുതിയ പാർട്ടി ആസ്ഥാനത്തു നിന്ന് പ്രസിദ്ധീകരിച്ച 'നാഷണൽ ഫ്രണ്ട്' എന്നീ പാർട്ടി മുഖപത്രങ്ങളുടെ പത്രാധിപസമിതിയിൽ അജയൻ അംഗമായിരുന്നു.പി സി ജോഷി,എസ് എ ഡാങ്കെ,ബി ടി രണദിവേ,എസ് മഹ് മദ് സഫർ എന്നിവരായിരുന്നു മറ്റംഗങ്ങൾ.നാഷണൽ ഫ്രണ്ടിൽ അജയൻ എഴുതിയ ലേഖനങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടി യുടെ അംഗങ്ങളേയും അനുഭാവികളേയും മാത്രമല്ല പാർട്ടിയുടെ നിലപാടുകളെ താൽപ്പര്യപൂർവം വീക്ഷിച്ചുപോന്ന നിഷ്പക്ഷമതികളായ ഒട്ടേറെപ്പേരെയും ആകർഷിച്ചിരുന്നു.എം എൻ റോയ് യെ തുറന്നുകാട്ടുന്ന ഒരു ലേഖനം അജയഘോഷ് എഴുതുന്നത് അപ്പോഴാണ്.

രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ സാമ്രാജ്യത്വ യുദ്ധത്തിനെതിരെ രംഗത്ത് വന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സഖാക്കൾ വ്യാപകമായി അറസ്റ്റ് ചെയ്യപ്പെട്ടു.അജയഘോഷ് വീണ്ടും തടവറയ്ക്കുള്ളിലായി.1942 ൽ ഫാസിസ്റ്റ്‌ശക്തികൾ സോവിയറ്റ് യൂണിയനെ ആക്രമിച്ചതോടെ യുദ്ധത്തിന്റെ സ്വഭാവം മാറിയെന്ന് വിലയിരുത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഫാസിസ്റ്റ് വിരുദ്ധ 'ജനകീയ യുദ്ധ'ത്തെ പിന്തുണയ്ക്കാൻ തീരുമാനിച്ചു.മാത്രമല്ല,1942 ലെ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തെ എതിർക്കുകയും ചെയ്തു.

കൃത്യമായ വ്യായാമവും ജീവിതശൈലി യും കൊണ്ട് ഒരിക്കൽ അരോഗദൃഢ ഗാത്രനായിരുന്ന അജയഘോഷ് ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോഴേക്കും ക്ഷയരോഗത്തിന്റെ ഇരയായി മാറിയിരുന്നു.ഇന്നത്തെ പോലെ ആധുനിക മരുന്നുകളും ചികിത്സാരീതികളും ഒന്നും നിലവിലില്ലാതിരുന്ന അക്കാലത്ത്, ചികിത്സയ്ക്കും വിശ്രമത്തിനുമായി പാർട്ടി അദ്ദേഹത്തെ കാശ് മീരിലും തുടർന്ന് പഞ്ചാബിലും അയച്ചു.ആ സമയത്താണ് പിന്നീട് പ്രസ്ഥാനത്തിന് മുതൽക്കൂട്ടായി തീർന്ന ചില യുവപോരാളികളെ കണ്ടെത്തി വളർത്തിയെടുക്കാൻ അജയൻ മുൻകയ്യെടുക്കുന്നത്.കശ്മീരിലെ ദുർഗപ്രസാദ് ധർ എന്ന ഡി പി ധറും (പിൽക്കാലത്ത് സോവിയറ്റ് യൂണിയനിലെ അംബാസഡർ സ്ഥാനം ഉൾപ്പെടെയുള്ള നിർണ്ണായക സ്ഥാനങ്ങൾ വഹിച്ചു)പഞ്ചാബിലെ രമേശ് ചന്ദ്ര,പെരിൻ ബറൂച്ച എന്നിവരും ഉൾപ്പെടെ നിരവധി ചെറുപ്പക്കാർ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉശിരുള്ള പ്രവർത്തകരായി മാറി.

ലിത്തോ റോയ്എന്ന വിപ്ലവകാരി പെൺകുട്ടിയുമായി അജയൻ പ്രണയത്തിലാകുന്നതും ആ നാളുകളിലാണ്.1946ൽ ലാഹോറിൽ വെച്ച് ആ വിവാഹം നടന്നു.(തുടരും)

Related Stories

No stories found.
logo
The Cue
www.thecue.in