'ഖുറാന്‍ കട്ട് കടത്തേണ്ടതില്ല'; ഇന്നത്തെ ഇന്ത്യയില്‍ സുഖകരമല്ലാത്ത ചര്‍ച്ചയ്ക്ക് ജലീല്‍ വഴിയൊരുക്കിയെന്ന് അബ്ദുറഹ്മാന്‍ രണ്ടത്താണി

'ഖുറാന്‍ കട്ട് കടത്തേണ്ടതില്ല'; ഇന്നത്തെ ഇന്ത്യയില്‍ സുഖകരമല്ലാത്ത ചര്‍ച്ചയ്ക്ക് ജലീല്‍ വഴിയൊരുക്കിയെന്ന് അബ്ദുറഹ്മാന്‍ രണ്ടത്താണി

ഖുറാന്‍ ഇഷ്ടാനുസരണം ലഭിക്കുകയും വിതരണത്തിന് തടസങ്ങളില്ലാതിരിക്കുകയും ചെയ്യുമ്പോള്‍ ഒളിച്ചുകടത്തിയെന്ന്, ഇന്നത്തെ ഇന്ത്യയില്‍ ഒട്ടും സുഖകരമല്ലാത്ത ചര്‍ച്ചയ്ക്ക് മന്ത്രി കെ.ടി ജലീല്‍ വഴിയൊരുക്കിയതായി മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാന്‍ രണ്ടത്താണി. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് ഡിപ്ലോമാറ്റിക് ബാഗേജില്‍ കൊണ്ടുവന്ന് അതീവ രഹസ്യമായി സിആപ്റ്റില്‍ കൊണ്ടുവന്ന് അവിടെനിന്ന് സര്‍ക്കാര്‍ വാഹനത്തില്‍ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചതെന്തിനെന്നും രണ്ടത്താണി ചോദിച്ചു. അങ്ങനെ കൊണ്ടുവരേണ്ടതല്ല ഖുറാന്‍. ഇതെല്ലാം ദുരൂഹമായി ചെയ്യുന്നതെന്നതിനെന്നാണ് ലീഗ് ഉന്നയിക്കുന്ന ചോദ്യമെന്നും അദ്ദേഹം ദ ക്യുവിനോട് പറഞ്ഞു. ഖുറാന്‍ ഒരിക്കലും കട്ട് കടത്തേണ്ട കാര്യമില്ല. ഇന്ത്യയില്‍ ചേരമാന്‍ പെരുമാളിന്റെ കാലം മുതല്‍ ഇസ്ലാമിക പ്രബോധനം നടക്കുന്നുണ്ട്. ഖുറാന്‍ ഉപയോഗിച്ചുവരുന്നുണ്ട്. നന്നായി അച്ചടിച്ച് വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങളും ഇവിടെയുണ്ട്. യുഎഇയില്‍ ഖുറാനിന്റെ പേരില്‍ ഒരു അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ ആദ്യം അതേറ്റുവാങ്ങുന്നത് ഒരിന്ത്യന്‍ പണ്ഡിതനാണ്. അതിനര്‍ത്ഥം ഖുറാനുമായുള്ള ഇന്ത്യയുടെ ബന്ധം അത്ര ദൃഢമാണെന്നാണ്. അങ്ങനെയുള്ള സ്ഥലത്തേക്ക് കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് അത് കൊണ്ടുവരേണ്ട എന്താവശ്യമാണുള്ളത്. സൗദി അറേബ്യ പോലുള്ള രാജ്യങ്ങളില്‍ ഖുറാന്‍ കോംപ്ലക്‌സ് എന്ന പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചുകൊടുക്കുന്ന സംവിധാനം സര്‍ക്കാര്‍ തലത്തിലുണ്ട്. നയതന്ത്ര തലത്തിലുള്ള എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചാണ് അതുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റിന്റെ ആ മിഷണറി പ്രവര്‍ത്തിക്കുന്നത്. മതഗ്രന്ഥം കൊണ്ടുവന്നതിന് ഞങ്ങള്‍ എതിരല്ല. പരസ്യമായി വിതരണം ചെയ്യാവുന്ന ഒന്നാണല്ലോ. അതിന് എന്തിനാണ് ഒരു രഹസ്യസ്വഭാവമുണ്ടാക്കിയത്. അത് വേദനയുണ്ടാക്കുന്നതാണ്. അത് മുസ്ലിം സമൂഹത്തെ മുഴുവന്‍ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തിലുള്ളതാണെന്നും രണ്ടത്താണി പറഞ്ഞു.

'ഖുറാന്‍ കട്ട് കടത്തേണ്ടതില്ല'; ഇന്നത്തെ ഇന്ത്യയില്‍ സുഖകരമല്ലാത്ത ചര്‍ച്ചയ്ക്ക് ജലീല്‍ വഴിയൊരുക്കിയെന്ന് അബ്ദുറഹ്മാന്‍ രണ്ടത്താണി
പാഴ്‌സല്‍ ഖുര്‍ആനും ഭക്ഷണക്കിറ്റും തന്നെ, മാതൃഭൂമിക്കെതിരെ നിയമനടപടിയെന്ന് കെ.ടി ജലീല്‍

സ്വര്‍ണക്കള്ളക്കടത്തില്‍ ഉള്‍പ്പെട്ടവരുടെ സാന്നിധ്യത്തില്‍ മതഗ്രന്ഥത്തെ വിവാദ പശ്ചാത്തലത്തിലേക്ക് കൊണ്ടുവന്നത് ഉചിതമായില്ലെന്ന വികാരമാണ് ഞങ്ങളുടേത്. ആ വിഷയത്തില്‍ സുതാര്യത ഉറപ്പാക്കേണ്ടതുണ്ട്. ഏത് രീതിയിലാണ് അത് വന്നത്, എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്നെല്ലാം പരിശോധിക്കപ്പെടേണ്ടതുണ്ട്. വിഷയം ഞങ്ങള്‍ രാഷ്ട്രീയ ആയുധമായി കാണുന്നേയില്ല. വര്‍ഗീയ സ്വഭാവമുള്ള സംഘടനകള്‍ പോലും ഖുറാന്‍ ഇവിടെ വേണ്ടെന്നോ നിരോധിക്കണമെന്നോ പറഞ്ഞ സാഹചര്യമില്ല. വിതരണത്തിന് തടസമില്ലാത്ത ഒരു സ്ഥലത്തേക്ക് ഖുറാന്‍ ഒളിച്ചുകടത്തിയെന്ന വ്യാഖ്യാനത്തിന് മന്ത്രി കെടി ജലീല്‍ വഴിവെച്ചു. അത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. അതുകൊണ്ടുവന്ന വിതരണം ചെയ്ത പള്ളികളിലൊക്കെ ഇപ്പോള്‍ അന്വേഷണഉദ്യോഗസ്ഥര്‍ കയറിയിറങ്ങുകയാണ്. അത് എത്രമാത്രം പ്രയാസകരമാണ്. പത്തോ അന്‍പതോ ഖുര്‍ ആന്‍ കോപ്പി കൊണ്ടുകൊടുത്തപ്പോള്‍ വാങ്ങിവെച്ചത് നിഷ്‌കളങ്കരായ സാധാരണക്കാരാണ്. അവരെയൊക്കെ തേടി അന്വേഷണ ഉദ്യോഗസ്ഥര്‍ വരുന്ന അന്തരീക്ഷം എന്തിനാണ് ഉത്തരവാദപ്പെട്ട മന്ത്രി സൃഷ്ടിച്ചത്. അതിനോടാണ് ലീഗിന് യോജിപ്പില്ലാത്തത്. വിഷയത്തില്‍ ബിജെപിയുടെ ലക്ഷ്യങ്ങള്‍ എന്താണെന്ന് അവര്‍ക്കേ അറിയുള്ളൂ. ഞങ്ങള്‍ ഇതിനെ രാഷ്ട്രീയ ആയുധമായിട്ടല്ല കാണുന്നത്. നിയമലംഘനത്തിന്റെ വഴിയിലൂടെ മതഗ്രന്ഥം ഇന്ത്യയിലെത്തരുതായിരുന്നു. അത്തരത്തില്‍ ഇന്നത്തെ ഇന്ത്യയില്‍ ചര്‍ച്ചകളുണ്ടാകുന്നത് സുഖകരമല്ല. അതിനുള്ള സാഹചര്യം സൃഷ്ടിച്ചത് ശരിയായില്ലെന്നാണ് ലീഗിന്റെ നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു

'ഖുറാന്‍ കട്ട് കടത്തേണ്ടതില്ല'; ഇന്നത്തെ ഇന്ത്യയില്‍ സുഖകരമല്ലാത്ത ചര്‍ച്ചയ്ക്ക് ജലീല്‍ വഴിയൊരുക്കിയെന്ന് അബ്ദുറഹ്മാന്‍ രണ്ടത്താണി
'രാജ്യദ്രോഹം, കേന്ദ്ര അന്വേഷണം എന്നൊന്നും പറഞ്ഞ് വിരട്ടണ്ട', സര്‍ക്കാര്‍ വാഹനത്തില്‍ ഖുര്‍ആന്‍ കൊണ്ടുപോയതില്‍ തെറ്റില്ലെന്ന് ജലീല്‍

ഇക്കാര്യത്തില്‍ സുതാര്യമായ അന്വഷണം നടക്കട്ടെ. ഖുര്‍ ആന്‍ തരുന്നതും വിവിധ തരത്തിലുള്ള സംഭാവനകള്‍ കൈപ്പറ്റുന്നതുമൊക്കെ രാജ്യത്തെ നിയമങ്ങളുമായി പൊരുത്തപ്പെടുന്നതാകണം. കേന്ദ്രഗവണ്‍മെന്റെ ചെയ്യേണ്ട കാര്യങ്ങള്‍ നേരിട്ട് സംസ്ഥാനം ചെയ്യാന്‍ പാടില്ലെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഒരു സംസ്ഥാനമന്ത്രി ഇത്തരത്തില്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടാന്‍ പാടില്ലാത്തതാണ്. സൗഹൃദമുണ്ടാക്കാന്‍ പാടില്ലാത്തതാണ്. അത് പ്രോട്ടോകോള്‍ ലംഘനമാണ്. ബന്ധപ്പെട്ട വകുപ്പുകള്‍ അതെല്ലാം പരിശോധിക്കേണ്ടതുണ്ട്. സമഗ്രമായന്വേഷിച്ച് നടപടികളെടുക്കുകയാണ് വേണ്ടത്. ഖുറാന്‍ കൊണ്ടുവന്നതിന്റെ പേരിലല്ലേ,അങ്ങനെയെങ്കില്‍ തൂക്കിലേറ്റട്ടേയെന്നാണ് ജലീല്‍ പറയുന്നത്. എന്തിനാണ് ഓരോ ഘട്ടത്തിലും അദ്ദേഹം ഇത്തരം പ്രയോഗങ്ങള്‍ നടത്തുന്നത്. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അബൂതാലിബിനെ പോലെയാണെന്നാണ് അദ്ദേഹം മുന്‍പ് നടത്തിയ ഒരു പരാമര്‍ശം. സ്വര്‍ണത്തിന് പകരം തന്റെ മകള്‍ക്ക് മഹറായി കൊടുത്തത് ഖുറാന്‍ ആണെന്നാണ് സ്വര്‍ണക്കടത്ത് കേസിലെ ആരോപണങ്ങള്‍ക്കിടെ അദ്ദേഹം പറഞ്ഞത് . സത്യത്തില്‍ മഹര്‍ നല്‍കേണ്ടത് പിതാവല്ല, അത് വരന്റെ ചുമതലയാണ്. പിന്നെ, സക്കാത്തായാണ് സഹായങ്ങള്‍ സ്വീകരിച്ചതെന്ന് പറഞ്ഞു. സദക്കയെന്ന് പറയാം. അതായത് ദാനംസ്വീകരിച്ചുവെന്ന് പറയാം. സക്കാത്തും സദക്കയും രണ്ടാണ്. സക്കാത്തില്‍ സൂക്ഷ്മത പാലിക്കേണ്ട ഒരുപാട് ഘടകങ്ങളുണ്ട്. ഇങ്ങനെയൊക്കെ വിശദീകരിച്ച് കടമയില്‍ നിന്നൊഴിയാനാണ് ജലീല്‍ ശ്രമിച്ചത്. പിണറായി വിജയന്‍ നയിച്ച യാത്രയ്ക്കിടെ മുസല്ലയിട്ട് നമസ്‌കരിച്ച് അത് ചിത്രീകരിച്ച് പ്രചരിപ്പിച്ച ആളാണ് അദ്ദേഹം. ഇതെല്ലാം അദ്ദേഹത്തിന്റെ സ്ഥിരം പരിപാടിയാണെന്നും അബ്ദുറഹ്മാന്‍ രണ്ടത്താണി ആരോപിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഖുറാന്‍ കിട്ടാത്തതുകൊണ്ട് പ്രയാസമനുഭവിക്കുന്ന ജനത ഇവിടെയില്ലല്ലോ. അങ്ങനെയൊരാളുമില്ല. മദ്രസകളിലോ മറ്റോ മതഗ്രന്ഥം കിട്ടാത്തതിന്റെ പ്രശ്‌നങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പിന്നെയെന്തിനാണ് ഇത്തരം വാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്ന് വ്യക്തമാണ്. ഖുറാന്റെ പേരുപറഞ്ഞ് രക്ഷപ്പടാന്‍ ശ്രമിക്കുകയാണ്. ആരെങ്കിലും മതഗ്രന്ഥം കൊണ്ടുവരികയോ വിതരണം നടത്തുകയോ ചെയ്യുന്നതിന് ഞങ്ങള്‍ എതിരല്ല. എത്രയോ വര്‍ഷമായി അത് തുടരുന്നതുമാണ്. എത്രയോ മന്ത്രിമാരും കാലഘട്ടങ്ങളും കഴിഞ്ഞല്ലോ. ഇതുവരെ ഖുറാന്‍ തെറ്റായ വഴിയില്‍ ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടുവന്നെന്ന് ആരോപണമോ അന്വേഷണമോ മുന്‍പ് ഉണ്ടായിട്ടുണ്ടോ. അങ്ങനെ അപമാനകരമായ അവസ്ഥയിലെത്തിച്ചത് മന്ത്രി കെടി ജലീലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in