ആവിഷ്‌കാര സ്വാതന്ത്ര്യ തിയറി നിങ്ങള്‍ അസമത്വത്തിന്റെ അളവുകോലാക്കരുത്‌

ആവിഷ്‌കാര സ്വാതന്ത്ര്യ തിയറി നിങ്ങള്‍ അസമത്വത്തിന്റെ അളവുകോലാക്കരുത്‌
Summary

റേസിസവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഈ വിഷയത്തില്‍ അടുത്ത കാലത്തായി കണ്ടു വരുന്ന മറ്റൊരു പ്രവണത ചിലര്‍ സ്വാര്‍ത്ഥ താത്പര്യങ്ങളുടെ കാര്‍ഡുകള്‍ ഇറക്കി ഇത്തരം മൂവ്‌മെന്റുകളെ വഴി തിരിച്ചു വിടുന്നതാണ്.വിഷ്ണു വിജയന്‍ എഴുതുന്നു

ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി കരിയറിന്റെ തുടക്കത്തില്‍ തന്റെ ഇരുണ്ട നിറം തനിക്ക് നിരവധി വേഷങ്ങള്‍ നഷ്ടമാക്കിയ അനുഭവത്തില്‍ നിന്ന് പറഞ്ഞൊരു കാര്യം ഇങ്ങനെയാണ്. 'എന്നെപ്പോലുള്ള ഇരുണ്ട നിറമുള്ളവര്‍ താരങ്ങളാകുന്നില്ല. നമ്മുടെ രാജ്യത്തിന്റെ മാനസികാവസ്ഥയുടെ പ്രശ്‌നമാണ് ഇരുനൂറു കൊല്ലത്തെ കോളനിവാഴ്ച്ചയുടെ കൂടി ഫലമായിരിക്കും അത്.' ശരീരപ്രകൃതി കൊണ്ട് ടൈപ്പ് കാസ്റ്റിംഗില്‍ കൃത്യമായി അകപ്പെട്ടു പോകാന്‍ സാധ്യത ഉണ്ടായിരുന്ന ഒരു പരിധിവരെ അതിലൂടെ കടന്നു പോയ, അപ്പോഴും അതില്‍ നിന്ന് അതിജീവിച്ച് വന്നയാളാണ് ചെമ്പന്‍ വിനോദ്, ഈ ടൈപ്പ് കാസ്റ്റിംഗിലൂടെ കടന്നു പോയതിനെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്, 'എന്റെ ശരീരപ്രകൃതി സംസാരം ഇതൊക്കെ പോലീസ്, കള്ളന്‍, മുതലാളിയുടെ കയ്യാള്‍, ഡ്രൈവര്‍ ഇത്തരം അവസരങ്ങള്‍ മാത്രമേ എന്നിലേക്ക് വരൂ അതുകൊണ്ട് സിനിമ വിട്ടേക്കാം' എന്ന് ആലോചിച്ചിരുന്നു,

വിനായകനും,ജോജുവും,ചെമ്പനും,സൗബിനും ഉള്‍പ്പെടുന്ന ഒരു വലിയ നിര ഇതില്‍ നിന്ന് (ഒരു പരിധിവരെ അങ്ങനെ ആയിരുന്നു) മറികടന്ന് മലയാള സിനിമയില്‍ അനിഷേധ്യ നിരയിലേക്ക് ഉയര്‍ന്നിരുന്നു. മറ്റൊരു തലത്തിലേക്ക് അവരിലെ അഭിനേതാക്കളെ ചില ചലച്ചിത്രകാരന്‍മാര്‍ക്ക് പൊളിച്ചെഴുതാനായിടത്താണ് ഇത് സാധ്യമായത്. അതുവഴി സിനിമ മാത്രമല്ല സിനിമാ സങ്കല്‍പ്പങ്ങളും നമ്മുടെ നായക സങ്കല്‍പ്പങ്ങളും കുറെയേറെ അഴിച്ചുപണിതിട്ടുമുണ്ട.

ഇത്രയും പറഞ്ഞത് കറുത്ത ഉടലുകള്‍ ഉള്ള മനുഷ്യരെ നമ്മുടെ മുഖ്യധാരാ സിനിമ എങ്ങനെ അടയാളപ്പെടുത്തുന്നു എന്ന് കാണിക്കാനാണ്,

എന്നാല്‍ ഇത് കേവലമായ നിറത്തിന്റെ വിഷയം മാത്രമല്ല, ദളിതരും ആദിവാസി സമൂഹവും ഉള്‍പ്പെടെയുള്ള മനുഷ്യര്‍ക്ക് ഇത് നിറത്തിന്റെ മാത്രം പ്രശ്‌നമായി അല്ല അനുഭവപ്പെടുന്നത്, അതുവഴി അവരുടെ സ്വത്വത്തെ തന്നെ പൊതുധാരയില്‍ നിന്ന് മാറ്റി നിര്‍ത്തുകയും അവസരങ്ങള്‍ റദ്ദു ചെയ്യുകയും, അസമത്വം നിലനിര്‍ത്തി പോരുകയുമാണ് ചെയ്യുന്നത് ഇത് ലോകത്താകമാനം സംഭവിച്ച് കൊണ്ടിരിക്കുന്ന എക്കാലവും തുടര്‍ന്ന് പോരുന്ന പ്രവണത കൂടിയാണ്.

മോളി കണ്ണമാലിയുടെ ഫോട്ടോ കവര്‍ ഫോട്ടോ ആക്കി വിപ്ലവം ഉണ്ടാക്കി എന്ന പേരില്‍ വലിയ കാംപെയ്ന്‍ നടക്കുന്നു. എന്നാല്‍ അതേ കൂട്ടര്‍ തന്നെ അവരുടെ ബാലപ്രസിദ്ധീകരണത്തിന്റെ ബാലപംക്തിയില്‍ റേസിസം കുത്തി കയറ്റിയത് എവിടെയും ചര്‍ച്ചയായില്ല

'എനിക്കുള്ളത് പോലെ നിറവും, മുടിയുമുള്ള സ്ത്രീകള്‍ സൗന്ദര്യമുള്ളവരായി പരിഗണിക്കണപ്പെട്ടിരുന്ന ലോകത്തല്ല ഞാന്‍ വളര്‍ന്നു വന്നത്. അത്തരം കാലങ്ങള്‍ അസ്തമിക്കുന്നതായി ഞാന്‍ കരുതുന്നു. നിഷ്‌കളങ്കരായ കുഞ്ഞുങ്ങളുടെ മുഖങ്ങള്‍ എന്റെ കണ്ണില്‍ പ്രതിഫലിക്കുന്നത് അവര്‍ ഇത് കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു'. മിസ്സ് യൂണിവേഴ്സ് 2019 സോസിബിനി ടുന്‍ സി യുടെ വാക്കുകളാണ്.

റേസിസവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഈ വിഷയത്തില്‍ അടുത്ത കാലത്തായി കണ്ടു വരുന്ന മറ്റൊരു പ്രവണത ചിലര്‍ സ്വാര്‍ത്ഥ താത്പര്യങ്ങളുടെ കാര്‍ഡുകള്‍ ഇറക്കി ഇത്തരം മൂവ്‌മെന്റുകളെ വഴി തിരിച്ചു വിടുന്നതാണ്. ഉദാഹരണത്തിന്, ജോര്‍ജ്ജ് ഫ്‌ലോയ്ഡിന്റെ മരണത്തെ തുടര്‍ന്ന് സംസാരിച്ച പലരും പിന്നീട് വലിയ കാര്യമായി എടുത്ത് പറയുന്നത് കണ്ടത്, അദ്ദേഹത്തിന് നേരെ നടന്ന അതിക്രമത്തില്‍ അമേരിക്കന്‍ പോലീസ് മുട്ടുകുത്തി നിന്ന് ക്ഷമാപണം നടത്തിയ സംഭവമായിരുന്നു. ചില പോലീസ് ഓഫീസര്‍മാര്‍ ഒരു വശത്ത് ഈ പ്രവര്‍ത്തി ചെയ്യുന്ന അതേസമയം തന്നെ അമേരിക്കയുടെ മറ്റൊരു വശങ്ങളില്‍ കറുത്ത വംശജര്‍ നടത്തിയ പ്രതിഷേധ റാലികള്‍ക്ക് നേരെ കടുത്ത അതിക്രമം തുടര്‍ന്നു വരുകയായിരുന്നു. മറ്റൊരു കാര്യം ഈ സംഭവം നടന്ന് കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോള്‍ അതേ അമേരിക്കയില്‍ അറ്റ്‌ലാന്റയില്‍ ഒരു റെസ്റ്റോറന്റില്‍ വെച്ച് നടന്ന തര്‍ക്കത്തെ തുടര്‍ന്ന് പോലീസിന്റെ വെടിയേറ്റ് റെയ്ഷാദ് ബ്രൂകേസ് എന്ന 27 വയസ്സുകാരന്‍ കൊല്ലപ്പെട്ടു. ഈ വാര്‍ത്ത നമ്മുടെ കാതില്‍ അതികം ഒന്നും വന്നു പതിച്ചില്ല, ചര്‍ച്ചകളും നടന്നില്ല, മനംനൊന്ത് ഒരു പോലീസുകാരും അമേരിക്കന്‍ തെരുവില്‍ മുട്ടില്‍ നിന്നില്ല.

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്ന ഗ്രൂപ്പിന്റെ നമുക്ക് വളരെ പരിചിതമായ ഒരു പ്രോഡക്റ്റായ Fair and Lovely അതിന്റെ പേരില്‍ നിന്നും ' Fair ' എന്ന വാക്ക് എടുത്തു മാറ്റുന്നു, തുടര്‍ന്നങ്ങോട്ട് അതൊരു വലിയ സംഭവമായി ചര്‍ച്ച നടക്കുന്നു, വലതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ പലരും അതിനെ വലിയ വിപ്ലവം എന്നൊക്കെ വിശേഷിപ്പിച്ച് ഉപന്യാസ രചനയിലേര്‍പ്പെടുന്നു. വിപണിയിലെ കോര്‍പറേറ്റ് തന്ത്രങ്ങളും കോര്‍പറേറ്റ് - കാപിറ്റലിസ്റ്റ് ഗിമ്മിക്കുകളും അറിയാത്തത് കൊണ്ടോ, റേസിസത്തിന് എതിരെ നടന്നു വരുന്ന രാഷ്ട്രീയത്തിന്റെ അലയൊലികളെ കുറിച്ച് ധാരണയില്ലാത്തത് കൊണ്ടോ കൈയ്യടിക്കും ആഘോഷത്തിനും യാതൊരു കുറവുമില്ല.

എന്തിനാണ് ഫെയര്‍നെസ് ക്രീം? എന്ന ഒരൊറ്റ ചോദ്യത്തിന് മുന്‍പില്‍ തീരാവുന്ന ആഘോഷ കമ്മിറ്റിയാണ് കേട്ടോ, പക്ഷെ ജന്മം ചെയ്താല്‍ സ്വന്തം യുക്തി ഉപയോഗിച്ച് അങ്ങനെ ഒരു ചോദ്യം ഇക്കൂട്ടര്‍ ചോദിക്കില്ല. എന്നാല്‍ എത്രപേര്‍ 'Fair' എന്ന പദത്തിന് പകരം അവര്‍ പുതുതായി തുന്നി ചേര്‍ത്ത പേരിനെ കുറിച്ച് പിന്നീട് ചര്‍ച്ച ചെയ്തു. ആ പുതിയ പേര് 'Glow and lovely' എന്നാണ്, നോക്കണേ വിപ്ലവം വരുന്ന വഴി. ഇങ്ങനെയാണ് ആഗോളതലത്തില്‍ നടന്നു വരുന്ന ഒരു മൂവ്‌മെന്റിന് മുകളില്‍ കാപിറ്റലിസം വളരെ കൃത്യമായി വിപണി തന്ത്രങ്ങളെ പ്രതിഷ്ഠിച്ച് വിജയിക്കുന്നത്. അതിലൂടെ അവരുടെ അജണ്ട സെറ്റ് ചെയ്യുന്നത്, ഫലമോ വളരെ കുറഞ്ഞ ചിലവില്‍ പബ്ലിസിറ്റി നേടിയെടുക്കാം.

ഓര്‍ക്കുക, രണ്ടു പതിറ്റാണ്ടിലേക്കോ, അല്ലെങ്കില്‍ അതിനുമപ്പുറം ലോകം എങ്ങനെ പോകണം എന്ന് നിശ്ചയിച്ചുറപ്പിച്ചു പ്രവര്‍ത്തിക്കുന്ന പഠനങ്ങള്‍ക്ക് വേണ്ടി കോടിക്കണക്കിന് രൂപ മാറ്റി വെച്ച് നിരന്തരം അതില്‍ മുഴുകി മുന്‍പോട്ട് പോകുന്ന ഈ കമ്പോള മുതലാളിത്തത്തിന്റെ തലച്ചോറില്‍ നിന്ന് ഉദിച്ചു വരുന്ന ആശയങ്ങളും, അവര്‍ ഇട്ടു തരുന്ന അപ്പക്കഷ്ണങ്ങളിലുമല്ല റേസിസത്തിന് എതിരായ മൂവ്‌മെന്റുകള്‍ നിലകൊള്ളുന്നത്.

ആവിഷ്‌കാര സ്വാതന്ത്ര്യ തിയറി നിങ്ങള്‍ അസമത്വത്തിന്റെ അളവുകോലാക്കരുത്‌
സുശാന്ത് സിംഗ്; എങ്ങനെയാകരുത് മാധ്യമപ്രവര്‍ത്തനം എന്ന് തെളിയിച്ച ചാനലുകള്‍
ആവിഷ്‌കാര സ്വാതന്ത്ര്യ തിയറി നിങ്ങള്‍ അസമത്വത്തിന്റെ അളവുകോലാക്കരുത്‌
അരുന്ധതി റോയ് അഭിമുഖം: ലോക് ഡൗൺ നയം മഹാപരാധം, രാഷ്ട്രമനസ്സിൽ പാവങ്ങളില്ല

വെളുപ്പ് നിറമുള്ള ആളുകളുടെ ഫോട്ടോ കവര്‍ പിക്ചര്‍ നല്‍കി കളറാക്കി വിറ്റഴിക്കുന്ന അതൊരു സുകുമാരകല പോലെ തുടര്‍ന്നു പോരുന്ന ഒരു മാഗസിന്‍ ഒരു സുപ്രഭാതത്തില്‍ മോളി കണ്ണമാലിയുടെ ഫോട്ടോ കവര്‍ ഫോട്ടോ ആക്കി വിപ്ലവം ഉണ്ടാക്കി എന്ന പേരില്‍ വലിയ കാംപെയ്ന്‍ നടക്കുന്നു. എന്നാല്‍ അതേ കൂട്ടര്‍ തന്നെ അവരുടെ ബാലപ്രസിദ്ധീകരണത്തിന്റെ ബാലപംക്തിയില്‍ റേസിസം കുത്തി കയറ്റിയത് എവിടെയും ചര്‍ച്ചയായില്ല. ആരിലും അസ്വസ്ഥത തീര്‍ക്കുന്നുമില്ല. ഈ ഗിമ്മിക്കുകള്‍ എങ്ങനെ കണ്ടില്ലെന്ന് നടിക്കണം എന്ന് നമുക്ക് നിശ്ചയം ഇല്ലെങ്കില്‍ കൂടി. മാര്‍ക്കറ്റില്‍ പിടിച്ചു നില്‍ക്കാന്‍ ഉള്ളത് ആ വഴിക്കും, തലമുറയ്ക്ക് കൈമാറി നല്‍കാന്‍ ഉള്ള മൂല്യബോധങ്ങള്‍ മറുവഴിക്കും എങ്ങനെ വിടാന്‍ കഴിയും എന്ന് ഇത്തരം മാധ്യമ കുത്തകകള്‍ക്ക് നല്ല നിശ്ചയമുണ്ട്.

ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ഏതാനും വര്‍ഷം മുന്‍പ് ഒരു ദേശീയ - അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചെറിയ പ്രായത്തില്‍ നിറത്തിന്റെ പേരില്‍ തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ പങ്കുവെക്കുകയുണ്ടായി, അതേ പ്രിയങ്ക തന്നെ കരിയറിലെ ഒരു ഘട്ടത്തില്‍ നിരന്തരം ഫെയര്‍നെസ് ക്രീം പരസ്യത്തില്‍ വരുന്നത് കാണാം. അടുത്ത ഘട്ടത്തില്‍ റേസിസം എന്ന ആഗോള വിഷയത്തില്‍ സംസാരിക്കാന്‍ അന്താരാഷ്ട്ര സംഘടനകളുടെ വേദിയില്‍ ഇവരൊക്കെ തന്നെ വരും, ജോര്‍ജ്ജ് ഫ്‌ലോയ്ഡ് എന്ന കറുത്ത വര്‍ഗ്ഗക്കാരന്‍ അടിച്ചമര്‍ത്തലില്‍ അമേരിക്കന്‍ തെരുവില്‍ കൊല്ലപ്പെടുമ്പോള്‍ ഹാഷ് ടാഗുമായി ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെടും ആള് കൂടും, കൈയ്യടിക്കും, ആഘോഷമാക്കി തീര്‍ക്കും.

ഈ അജണ്ടകളും അതിനെ ചുറ്റിയുള്ള ആഘോഷങ്ങളും വളരെ സിംപിള്‍ ടാസ്‌ക് ആണ് കാരണം അതിനു പാകമായ വളക്കൂറ് ഉള്ള പൊതുബോധമാണ് ഇവര്‍ക്ക് ചുറ്റുമുള്ളത്, വെറുതെ ഒന്ന് തുടങ്ങി വെച്ചാല്‍ മതി ആരാധക വൃന്ദങ്ങള്‍ മുതല്‍ നിഷ്‌കളങ്കരും, അരാഷ്ട്രീയ ജീവിതം നയിക്കുന്ന നന്മമരങ്ങളും (!) മധ്യവര്‍ഗ വിപ്ലവ സിങ്കങ്ങള്‍ വരെ ആ ക്യാംപെയ്‌നുകളും വാക്കുകളും ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ ഒപ്പം നില്‍ക്കും. എന്നാല്‍ അതിജീവനത്തിന്റെ ശബ്ദം ഉണ്ടല്ലോ ഈ കാതുകളില്‍ എത്തുക അത്ര എളുപ്പമുള്ള കാര്യമല്ല !

സിനിമയില്‍ മാത്രമല്ല മോഡലിംഗിന്റെ കാര്യത്തില്‍ ആണെങ്കില്‍ കൂടി വെളുത്ത ശരീരമുള്ള ആളുകള്‍ കുറച്ചു കരി വാരി തേച്ച് വരുന്ന പ്രവണത പലയാവര്‍ത്തി കണ്ടു വരുന്നുണ്ട്,

Picture Courtesy : ഗോള്‍ഡന്‍ ഹവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്

അനാര്‍ക്കലി മരയ്ക്കാരുടെ ഡിജിറ്റല്‍ പെയ്ന്റിംഗ് ചെയ്തിരിക്കുന്നത് സുധി എസ്ടിജി.

ബ്ലാക്ക് ഫിഷിംഗ്, അടുത്ത കാലങ്ങളില്‍ ആഗോള തലത്തില്‍ റേസിസവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഉപയോഗിച്ച് വരുന്ന പുതിയൊരു പ്രയോഗമാണിത്, മേക്കപ്പ്, ഹെയര്‍ പ്രൊഡക്റ്റുകള്‍, രൂപം തന്നെ മാറ്റുന്ന ശസ്ത്രക്രിയ എന്നിവ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ വെളുത്ത സ്ത്രീകള്‍ കറുത്ത ശരീരമുള്ളവരായി പ്രത്യക്ഷപ്പെടുന്ന ഏര്‍പ്പാടിനെ അടയാളപ്പെടുത്താന്‍ ആഗോള തലത്തില്‍ ഉപയോഗിച്ച് വരുന്ന പ്രയോഗമാണ്

'ബ്ലാക്ക് ഫിഷിംഗ്' എന്ന് ചുരുക്കി പറയാം.

അപ്രോപ്രിയേഷന്റെ വിഷയമാണ് ഒറ്റ വാക്കില്‍ പറഞ്ഞാല്‍ റേസിസം, ഇന്ത്യന്‍ സാഹചര്യത്തില്‍ ജാതീയത എന്ന് പറയാം. ഇതിപ്പോ അടുത്ത കാലത്ത് കേരളത്തിലെ സോഷ്യല്‍ മീഡിയ സര്‍ക്കിളില്‍ ഈ പ്രയോഗം ഉപയോഗിക്കാന്‍ നിരന്തരം അവസരങ്ങള്‍ ഒരു വിഭാഗം സൃഷ്ടിച്ചു പൊരുന്നുണ്ട്,

രാച്ചിയമ്മയില്‍ പാര്‍വ്വതി അഭിനയിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്ന വേളയിലാണ് കേരളത്തില്‍ ഇത് ആദ്യമായി ചര്‍ച്ച ചെയ്തു കണ്ടത്. സിനിമയില്‍ മാത്രമല്ല മോഡലിംഗിന്റെ കാര്യത്തില്‍ ആണെങ്കില്‍ കൂടി വെളുത്ത ശരീരമുള്ള ആളുകള്‍ കുറച്ചു കരി വാരി തേച്ച് വരുന്ന പ്രവണത പലയാവര്‍ത്തി കണ്ടു വരുന്നുണ്ട്,

ഇപ്പോ പറയാന്‍ കാരണം ഇന്നലെ അനാര്‍ക്കലി മരയ്ക്കാര്‍ എന്ന സിനിമാ താരം സമാനമായ ഒരു സംഗതി ചെയ്തു വെച്ചത് കണ്ടു, തുടര്‍ന്ന് അനാര്‍ക്കലി ക്ഷമാപണം നടത്തി ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടു കണ്ടു, ആ പോസ്റ്റ് വായിച്ചപ്പോള്‍ മനസിലാക്കാന്‍ കഴിഞ്ഞത് താന്‍ ചെയ്യുന്നത് മോശമാണ് എന്ന തിരിച്ചറിവ് ഉള്ളപ്പോള്‍ തന്നെയാണ് അവര്‍ അത് ചെയ്തത്, അതായത് മനപൂര്‍വം തന്നെ മറ്റൊരാളുടെ അവസരത്തെ റദ്ദു ചെയ്യുന്ന പ്രവര്‍ത്തിയാണിത്, അതു കഴിയുമ്പോള്‍ ഒരു ക്ഷമാപണം നടത്തിയാല്‍ എതിര്‍ ശബ്ദങ്ങളെ തടഞ്ഞു നിര്‍ത്താം എന്നൊക്കെ ഉള്ള ബോധ്യം ആണ് നിങ്ങളെ നയിക്കുന്നതെങ്കില്‍ നിങ്ങളെ ഒക്കെ പറഞ്ഞു മനസിലാക്കി തിരുത്തി കളയാം എന്ന തെറ്റിദ്ധാരണ ഒന്നും ഇല്ല, എന്നാലും പറയാതിരിക്കാന്‍ കഴിയില്ലല്ലോ.

ഇത്തരം കാര്യങ്ങളില്‍ ആകെപ്പാടെ ഉള്ള അവസരങ്ങള്‍ കൂടി നിങ്ങള്‍ തന്നെ ചെയ്തു കൈക്കലാക്കി ക്ഷമാപണം നടത്തി പൊടിതട്ടി പോകുമ്പോള്‍ ഓര്‍ക്കേണ്ട വിഷയം അതിന് മാത്രം അവസരങ്ങള്‍ ഒന്നും മറുവശത്ത് ഇല്ല കെട്ടോ. ഈ അസമത്വത്തിന് എതിരെ ശബ്ദം ഉയര്‍ത്തുന്ന സ്ത്രീകള്‍ക്കും, അവര്‍ ഉയര്‍ത്തി കാണിക്കുന്ന രാഷ്ട്രീയത്തിനും നിങ്ങള്‍ എന്ത് വിലയാണ് നല്‍കുന്നത്.

സ്ത്രീകളുടെ കാര്യത്തില്‍ മലയാള സിനിമയിലേക്ക് വന്നാല്‍ കറുത്ത ഉടലുകളിലെ നായിക കഥാപാത്രങ്ങളെ സിനിമ എവിടെയാണ് അടയാളപ്പെടുത്തിയത്...!

കൃത്യമായ അളവില്‍ കറുത്ത ചായം പൂശി വെളുത്ത ഉടലുകള്‍ക്ക് ഉള്ളില്‍ സംരക്ഷിച്ചു നിര്‍ത്താന്‍, ഇന്നും ശ്രദ്ധിക്കുന്നുണ്ട്. അതില്‍ ആര്‍ക്കും യാതൊരു അസ്വഭാവികതയും ഇല്ല പണ്ടേക്ക് പണ്ടേ അതൊക്കെ നോര്‍മലൈസ് ചെയ്യപ്പെട്ടതാണ്. കറുത്ത ശരീരമുള്ള ജീവിത പശ്ചാത്തലത്തിലെ കഥ പറയാന്‍, അത്തരം കറുത്ത ശരീരങ്ങളുടെ ബയോപിക് നിര്‍മിക്കാന്‍ അത്തരം ഒരാളെ കണ്ടെത്തുന്നതിനു പകരം, വെളുത്ത സ്ത്രീയെ കറുത്ത ചായമടിച്ച് ഇറക്കുന്ന വരേണ്യ ബോധം ഉപേക്ഷിക്കാന്‍ ഇനിയും സമയം ആയിട്ടില്ല എന്നതിന്റെ തെളിവാണ് ഇതെല്ലാം.

ഇത്തരം പ്ലാറ്റ്ഫോമിലേക്ക് കറുത്ത ഉടലുകളുടെ വരവിന് തന്നെ തടയിടാനും, അവരുടെ സാധ്യതകളെ തന്നെ കൃത്യമായി ഒഴിവാക്കി നിര്‍ത്തുകയും ചെയ്യുന്നു എന്നതാണ് കാലങ്ങളായി നടന്നു വരുന്ന പ്രവര്‍ത്തി, ഈ ഡിജിറ്റല്‍ പ്ലാറ്റ്ഫോം കാലത്ത് വരെ. ഇതൊക്കെ കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ് എന്നതാണ് നിങ്ങളുടെ ലൈന്‍ എങ്കില്‍ ഈ ആവിഷ്‌കാര സ്വാതന്ത്ര്യ തിയറി നിങ്ങള്‍ അസമത്വത്തിന്റെ അളവുകോലായി ഉപയോഗിക്കരുതെന്ന് മാത്രമേ തിരിച്ചു പറയാനുള്ളൂ...

ആവിഷ്‌കാര സ്വാതന്ത്ര്യ തിയറി നിങ്ങള്‍ അസമത്വത്തിന്റെ അളവുകോലാക്കരുത്‌
അംബേദ്ക്കര്‍ മുസ്ലിം വിരുദ്ധനല്ല; വാരിയംകുന്നന്‍ സിനിമ ചരിത്രപരമായ നീക്കം; പിന്തുണ
No stories found.
The Cue
www.thecue.in