ജനിതകമാറ്റമുണ്ടെങ്കില്‍ വിദേശ വാക്‌സിനുകള്‍ക്കായി കാത്തിരുന്നിട്ട് കാര്യമില്ല, ഇവിടെ വികസിപ്പിക്കണം: ഡോ. എം.വി പിള്ള

ജനിതകമാറ്റമുണ്ടെങ്കില്‍ വിദേശ വാക്‌സിനുകള്‍ക്കായി കാത്തിരുന്നിട്ട് കാര്യമില്ല, ഇവിടെ വികസിപ്പിക്കണം: ഡോ. എം.വി പിള്ള

കൊവിഡാനന്തരം നമ്മുടെ ആരോഗ്യരംഗത്ത് ഏതളവില്‍ മാറ്റങ്ങളുണ്ടാകണമെന്നതില്‍ ആശയങ്ങള്‍ പങ്കുവെയ്ക്കുകയാണ് മലയാളിയായ പ്രശസ്ത ക്യാന്‍സര്‍ രോഗ വിദഗ്ധന്‍. ഡോ. എം.വി പിള്ള. അമേരിക്കയിലെ ഫിലാഡല്‍ഫിയ ആസ്ഥാനമായ തോമസ് ജെഫേഴ്‌സണ്‍ സര്‍വകലാശാലയിലെ ഓങ്കോളജി വിഭാഗം ക്ലിനിക്കല്‍ പ്രൊഫസറാണ് അദ്ദേഹം. ഇന്റര്‍നാഷണല്‍ നെറ്റ് വര്‍ക്ക് ഫോര്‍ ക്യാന്‍സര്‍ ട്രീറ്റ്‌മെന്റ് ആന്‍ഡ് റിസര്‍ച്ചിന്റെ പ്രസിഡന്റും ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്കിന്റെ മുതിര്‍ന്ന ഉപദേശകനുമാണ്‌.

Q

സംസ്ഥാനത്തെ ആദ്യത്തെയും രാജ്യത്തെ രണ്ടാമത്തെയും വിപുല സംവിധാനങ്ങളോടുകൂടിയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരത്ത് യാഥാര്‍ത്ഥ്യമാകുന്നത് താങ്കളുടെ കൂടി നിര്‍ണായ ഇടപെടലിലാണ്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിരീക്ഷിക്കുമ്പോള്‍ രാജ്യത്തിന്റെയും കേരളത്തിന്റെയും ആരോഗ്യമേഖലയില്‍ എത്രമാത്രം സുപ്രധാനമാണ് ഇത്തരമൊരു കേന്ദ്രം. അത് ഭാവിയിലേക്ക് എത്രമാത്രം കരുത്താകും ?

A

ലോകം അഭിമുഖീകരിക്കാന്‍ പോകുന്ന മഹാ വിപത്തുകളിലൊന്ന് മഹാമാരികളായിരിക്കുമെന്ന് ലോകപ്രശസ്ത വൈറോളജിസ്റ്റുകളായ ഡോ. റോബര്‍ട്ട് ഗാലോയും വില്യം ഹോളും 2011 ല്‍ ദീര്‍ഘദര്‍ശനം ചെയ്തു. എച്ച്ഐവി വൈറസ് കണ്ടുപിടിച്ച സഹശാസ്ത്രജ്ഞനാണ് റോബര്‍ട്ട് ഗാലോ. കണ്ണൂരുകാരനായ ഡോ.ശാര്‍ങ്ങധരന്‍ ഏറെക്കാലം അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനാല്‍ ഗാലോയ്ക്ക് കേരളത്തോടും മലയാളികളോടും പ്രത്യേക സ്നേഹമുണ്ട്. ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്ക് എന്നൊരാശയം ഗാലോ മുന്നോട്ടുവെച്ചു. അയര്‍ലണ്ടുകാരനായ ഡോ.വില്യം ഹോള്‍ ആണ് അദ്ദേഹത്തിന് ഏറ്റവും പിന്‍തുണ നല്‍കിയത്. ലോകമെമ്പാടുമുള്ള വൈറോളജിസ്റ്റുകളെ ഒന്നിപ്പിച്ച് ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്ക് ഉണ്ടാക്കണമെന്ന് 2011 ല്‍ പദ്ധതിയിട്ടു. ഇപ്പോള്‍ 32 രാജ്യങ്ങളിലായി 54 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏതെങ്കിലും രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന വൈറസ് അവരുടെ മാത്രം പ്രശ്നമല്ല ലോകത്തിന്റെ മുഴുവന്‍ പ്രശ്നമാണെന്ന് അവര്‍ അന്നേ മുന്നില്‍ക്കണ്ടു. കൊവിഡായാലും സാര്‍സ് ആയാലും മെര്‍സ് ആയാലും അത് അങ്ങനെയാണ്. അവയെ ചെറുക്കുക,ഗവേഷണങ്ങള്‍ നടത്തുക, വൈറോളജിസ്റ്റുകളെ പരിശീലിപ്പിച്ചെടുക്കുക,വാക്സിന്‍ വികസിപ്പിക്കുക, മരുന്നുകള്‍ കണ്ടുപിടിക്കുക, സര്‍ക്കാരുകള്‍ക്ക് ഉപദേശങ്ങള്‍ നല്‍കുക തുടങ്ങിയവയാണ് അതിന്റെ പ്രഖ്യാപിത ലക്ഷ്യം.

അല്‍പ്പകാലം മുന്‍പ് മലയാളികളായ ഡോക്ടര്‍മാരുടെ അമേരിക്കയിലെ സംഘടനയായ അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജ്വേറ്റ്സിന്റെ പ്രസിഡന്റായിരുന്നു ഞാന്‍. അക്കാരണത്താലായിരിക്കണം ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്കിന്റെ സീനിയര്‍ അഡൈ്വസറാകാന്‍ അവരെന്നെ ക്ഷണിച്ചു. ഇന്ത്യയില്‍ എവിടെയെങ്കിലും ഒരു സെന്റര്‍ കൊണ്ടുവരേണ്ടതിനെക്കുറിച്ച് പറഞ്ഞു. ഞാന്‍ ഐസിഎംആറുമായി ഇതേക്കുറിച്ച് സംസാരിച്ചു. ഡല്‍ഹിയില്‍ ഒരു സ്ഥാപനം ഉണ്ടാക്കിയെടുക്കാമെന്നാണ് ആദ്യം വിചാരിച്ചത്. എന്തുകൊണ്ടോ അത് നടന്നില്ല. പിന്നെ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഇതിന്റെ ഭാഗമാക്കാന്‍ ശ്രമിച്ചു. ലബോറട്ടറി സേവനങ്ങള്‍ക്ക് അപ്പുറത്തേക്ക് പോകാന്‍ അവര്‍ക്കും അപ്പോള്‍ താല്‍പ്പര്യമില്ലായിരുന്നു. അന്നത്തെ കേരള ഗവണ്‍മെന്റിനോടും ഇക്കാര്യം ആവശ്യപ്പെട്ടു. എന്തുകൊണ്ടോ ആ സര്‍ക്കാരും അത് കാര്യമായെടുത്തില്ല. പിന്നെ വന്ന പിണറായി വിജയന്‍ സര്‍ക്കാരാണ് ഇതിന് മുന്‍കൈ എടുത്തത്. അദ്ദേഹം എന്നെ ഇങ്ങോട്ട് വിളിക്കുകയായിരുന്നു 2017 ഡിസംബറില്‍ എന്നെ വിളിച്ച് ഇങ്ങനെയൊരു സെന്റര്‍ കൊണ്ടുവരാന്‍ പറ്റുമോ എന്നുചോദിച്ചു. അന്ന് നിപ്പ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഓര്‍ക്കണം.നമുക്ക് കൈവിട്ടുപോയ അവസരം കേരളത്തില്‍ തിരിച്ചുകൊണ്ടുവരാമോ എന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന ഞാന്‍ വില്യം ഹോളിന്റെയും റോബര്‍ട്ട് ഗാലോയുടെയും ശ്രദ്ധയില്‍പ്പെടുത്തി. അത്തരത്തില്‍ മുഖ്യമന്ത്രിയെടുത്ത ഉത്സാഹമാണ് ഈ സ്ഥാപനം യാഥാര്‍ത്ഥ്യമാകുന്നതിന് കാരണം. തിരുവനന്തപുരം തോന്നയ്ക്കലില്‍ ആശാന്‍ സ്മാരകത്തിന് സമീപം 25 ഏക്കറിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി (IAV). മനോഹരമായ ക്യാംപസാണ്. ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റിലാണ് വിപുലമായ ലാബ് ഉള്‍പ്പെടെയുള്ള കെട്ടിടം. സ്റ്റാഫ് റിക്രൂട്ട്മെന്റ് നടന്നുവരികയാണ്.

അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്. മണിപ്പാല്‍ മെഡിക്കല്‍ കോളജ്, രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജി എന്നിവര്‍ക്ക് ഗ്ലോബല്‍ വൈറോളജി നെറ്റ് വര്‍ക്കില്‍ അംഗത്വമുണ്ട്. പക്ഷേ അതെല്ലാം ലബോറട്ടറി സേവനങ്ങള്‍ക്കാണ്. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ലബോറട്ടറി മാത്രമല്ല, ഗ്ലോബല്‍ വൈറോളജി നെറ്റ് വര്‍ക്കിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ അധിഷ്ഠിതമായി ലബോറട്ടറിയിലെ രോഗനിര്‍ണയം, വൈറോളജിയില്‍ പ്രത്യേക പരിശീലനം, വൈറസ് രോഗങ്ങള്‍ക്കെതിരെ മരുന്ന് കണ്ടുപിടിക്കല്‍, വൈറസ് നിമിത്തമുണ്ടാകുന്ന പൊതുജനാരോഗ്യ പ്രശ്നങ്ങളെ ഫലപ്രദമായി നേരിടല്‍, വൈറസ് നിമിത്തമുണ്ടാകുന്ന ക്യാന്‍സറുകളെ (ലിവര്‍ ക്യാന്‍സറുള്‍പ്പെടെ) പ്രതിരോധിക്കല്‍ല്‍ മാരകമായ വൈറസ് രോഗങ്ങള്‍ക്കെതിരായ വാക്സിന്‍ നിര്‍മ്മാണം എന്നിങ്ങനെ ഘട്ടം ഘട്ടമായി വളരുന്ന മഹാസ്ഥാപനമായാണ് അത് വിഭാവനം ചെയ്തിരിക്കുന്നത്.

ഐഎസ്അര്‍ഒ ആണ് ഐഎവിയെ ഉപമിക്കാന്‍ പറ്റിയ സ്ഥാപനം. 1969 ല്‍ ഐഎസ്ആര്‍ഒ ആരംഭിക്കുമ്പോള്‍ ഉണ്ടായിരുന്ന ലക്ഷ്യങ്ങളും ഇപ്പോള്‍ നേടിയിട്ടുള്ളതും പരിശോധിച്ചു നോക്കൂ. പ്രാരംഭ ദശയില്‍ റോക്കറ്റ് വിക്ഷേപിച്ച് കാലാവസ്ഥാ ഗവേഷണം നടത്തുന്നതില്‍ തുടങ്ങി വര്‍ഷങ്ങള്‍ കൊണ്ട് പുരോഗമിച്ച് കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റുകള്‍, ടെലിമെഡിസിന്‍, രാജ്യത്തിന്റെ പ്രതിരോധം, അന്യഗ്രഹ ഗവേഷണം തുടങ്ങിയ രംഗങ്ങളിലെല്ലാം മുദ്ര പതിപ്പിച്ച് അന്തര്‍ദേശീയ നിലവാരത്തില്‍ ഐഎസ്ആര്‍ഒ സ്ഥാനമുറപ്പിച്ചു. ഈ നിലയിലെത്താന്‍ അരനൂറ്റാണ്ടോളം സമയമെടുത്തെന്ന് ഓര്‍ക്കണം. ഐഎവിയ്ക്ക് അതിന്റെ പകുതി സമയമെങ്കിലും കൊടുക്കണം. ആദ്യ ഘട്ടത്തില്‍ ഏത് വൈറസ് രോഗവും നിര്‍ണയിക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. രണ്ടാംഘട്ടത്തില്‍ ഇതിനായി പരിശീലനം സിദ്ധിച്ചവരെ സൃഷ്ടിക്കും. അടുത്ത അഞ്ചോ ഏഴോ വര്‍ഷം കൊണ്ടായിരിക്കും കേന്ദ്രം പൂര്‍ണ വളര്‍ച്ചയിലെത്തുക. മാറി വരുന്ന സര്‍ക്കാരുകള്‍ സമ്പൂര്‍ണ പിന്‍തുണ പ്രഖ്യാപിച്ചാല്‍ ആ കാലയളവ് കുറയ്ക്കാം.

പരിമിതമായ വിഭവ ശേഷിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ കീഴിലാണ് ഇപ്പോള്‍ ഈ സ്ഥാപനം. ഇന്ത്യക്ക് മൊത്തത്തിലും കേരളത്തിന് പൊതുവെയും വിലപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ കഴിവുള്ള ഈ സ്ഥാപനം കേന്ദ്ര ഗവണ്‍മെന്റിന്റെ പരിപൂര്‍ണ പിന്‍തുണയും അര്‍ഹിക്കുന്നു. വളര്‍ച്ചയുടെ ഒരു ഘട്ടം കഴിഞ്ഞാല്‍ ഇത്തരം സ്ഥാപനങ്ങളെ സാമ്പത്തികമായി സഹായിക്കാന്‍ കെല്‍പ്പുള്ള നിരവധി അന്താരാഷ്ട്ര ഏജന്‍സികളും ഫൗണ്ടേഷനുകളുമുണ്ട്. ഉദാഹരണത്തിന് ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ സഹസ്ര കോടികളാണ് ഇന്ത്യയുടെ ആരോഗ്യരംഗത്തിന് സംഭാവന ചെയ്തിരിക്കുന്നത്. ഇത്തരം സാമ്പത്തിക സഹായം അര്‍ഹിക്കാന്‍ നാം വിശ്വാസ്യത പടുത്തുയര്‍ത്തണം. മലയാളത്തിലെ പ്രശസ്തമായ ചൊല്ലുണ്ട്. വീട്ടില്‍ ഊണുള്ളവനേ വിരുന്നൂണിന് ക്ഷണം കിട്ടുകയുള്ളൂ. ശാസ്ത്ര രംഗത്തെ ഗവേഷണസഹായവും അങ്ങനെയൊക്കെത്തന്നെയാണ്.

ആഗോളതലത്തിലുള്ള അന്‍പതില്‍ പരം സെന്ററുകളുമായുള്ള ഇന്റര്‍ കണക്ടിവിറ്റിയാണ് ഇതിന്റെ ശക്തിയുടെ അടയാളം. ഒരു ശാസ്ത്രജ്ഞനും എല്ലാ വൈറസുകളുടെയും വിദഗ്ധനാകാന്‍ കഴിയില്ല. ഏത് വൈറസ് രോഗമുണ്ടായാലും അതില്‍ അനുഭവജ്ഞാനവും ഗവേഷണ പാടവവുമുള്ള ഒരു ശാസ്ത്രജ്ഞനെ ഈ നെറ്റ് വര്‍ക്കിലൂടെ ഉടനടി നമുക്ക് ലഭിക്കും. നിപ്പയെക്കുറിച്ച് ഒരുപക്ഷേ കേരളത്തിലെ ഡോക്ടര്‍മാര്‍ക്കായിരിക്കും കൂടുതല്‍ അറിവുണ്ടാവുക. കൊറോണയെക്കുറിച്ച് കൂടുതല്‍ അറിയാവുന്നത് വുഹാനിലുള്ളവര്‍ക്കോ ഇറ്റലിയിലുള്ളവര്‍ക്കോ ആകാം. അനുഭവജ്ഞാനം പരസ്പരം പങ്കിടാന്‍ ഈ നെറ്റ്വര്‍ക്ക് സഹായകരമാകും.

Q

ലോകത്താകമാനം കൊവിഡ് രണ്ട് ലക്ഷത്തിലേറെ പേരുടെ ജീവനെടുത്തിരിക്കുകയാണ്. വസൂരി, പോളിയോ പോലെ മനുഷ്യാരോഗ്യത്തെ പ്രതിസന്ധിയിലാക്കിയ ഗുരുതര രോഗങ്ങള്‍ക്ക് പോലും തടയിടാന്‍ നമുക്കായിട്ടുണ്ട്. കൊവിഡിനെ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റല്‍ എത്തരത്തിലാകും സാധ്യമാവുക ?

A

പ്രായോഗികമായി ചിന്തിച്ചാല്‍ അതത്ര എളുപ്പമല്ല. വസൂരി, പോളിയോ മയലൈറ്റിസ് തുടങ്ങിയ രോഗങ്ങളുടെ കാര്യത്തില്‍ സംഭവിച്ചതുപോലെ ഈ വൈറസിനെ തുരത്താന്‍ കുറേ വര്‍ഷങ്ങള്‍ വേണ്ടി വന്നേക്കാം. അതുവരെ, ഇന്‍ഫ്ളുവന്‍സയുടെ കാര്യത്തിലേതുപോലെ കൊറോണയെ നിയന്ത്രിച്ച്, അതിന്റെ മാരകശേഷി കഴിയുന്നത്ര കുറച്ച് സമാധാനപരമായ സഹവര്‍ത്തിത്വം സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ അതൊരു നേട്ടമാണ്. Herd Immunity അതായത്, ജനവിഭാഗത്തിന്റെ ആര്‍ജിത പ്രതിരോധശേഷി, ഫലപ്രദമായ വാക്സിനേഷന്‍, രോഗചികിത്സയില്‍ വിജയം കുറിക്കുന്ന ഔഷധങ്ങള്‍, ഒപ്പം ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്കിന്റേ സേവനങ്ങളും അന്താരാഷ്ട്ര തലത്തിലുള്ള ആരോഗ്യരക്ഷാപ്രവര്‍ത്തനങ്ങളും ഈ ലക്ഷ്യത്തിലെത്താന്‍ സഹായിക്കും. കേരളത്തിലെ കണക്ക് പരിശോധിച്ചാല്‍ അഞ്ഞൂറോളം പേര്‍ക്കാണ്‌ ഇതുവരെ രോഗം പിടിപെട്ടത്. ഈ രോഗികളെ മുന്‍നിര്‍ത്തി സമഗ്രമായ ഗവേഷണം സര്‍ക്കാര്‍ തലത്തില്‍ ഉടന്‍ തുടങ്ങേണ്ടതുണ്ട്. ലഘുവായ തോതില്‍ രോഗമുള്ളവര്‍, ഇടത്തരം രോഗബാധയേറ്റവര്‍, രോഗതീവ്രത കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നവര്‍, വെന്റിലേറ്ററിന്റെ സഹായം വേണ്ടി വന്നവര്‍ എന്നിവരുടെയൊക്കെ രോഗവിവരങ്ങള്‍ ശാസ്ത്രീയമായി അപഗ്രഥിച്ച് ലോകശാസ്ത്രവേദിയില്‍ അവതരിപ്പിക്കാനുള്ള സുവര്‍ണാവസരമാണ് കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസിനും നമ്മുടെ മറ്റ് മെഡിക്കല്‍ അക്കാദമിക് സ്ഥാപനങ്ങള്‍ക്കും കൈവന്നിരിക്കുന്നത്. അത് അവര്‍ വിജയകരമായി നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു.

Q

കൊവിഡാനന്തരം കേരളത്തിന്റെ ആരോഗ്യരംഗം ഏതെല്ലാം തരത്തില്‍ മാറണം ? മെഡിക്കല്‍ ടെക്നോളജി, നമ്മുടെ ആശുപത്രികള്‍, ഗവേഷണരംഗമൊക്കെ എത്രമാത്രം ആധുനിക വല്‍ക്കരണം ആവശ്യപ്പെടുന്നുണ്ട് ?

A

എല്ലാ കാര്യത്തിലും അമേരിക്ക മുന്നിട്ട് നില്‍ക്കുന്നത് കണ്ടുപിടുത്തങ്ങളിലൂടെയാണ്. ഒരു പ്രശ്നമുണ്ടായാല്‍ നവീന സംരംഭങ്ങളിലൂടെ (Innovation) എങ്ങനെ പരിഹാരം കാണാമെന്ന് അവര്‍ ഉടന്‍ ചിന്തിക്കും. എന്നാല്‍ ഇന്ത്യ പലപ്പോഴും എന്തെങ്കിലും ആവശ്യം വരുമ്പോള്‍ അമേരിക്ക,ജപ്പാന്‍,ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യാനോ അവരുടെ ടെക്‌നോളജിയെ അനുകരിക്കാനോ ശ്രമിക്കും. ഇപ്പോഴത്തെ കൊവിഡ് മഹാമാരി ഈ പതിവിനെ മാറ്റിമറിക്കുന്നതാണ്. അനന്തരഫലം ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ ഇന്ത്യ ആര്‍ജിക്കാന്‍ പോകുന്ന അസൂയാവഹമായ സ്വയംപര്യാപ്തതയായിരിക്കും, ഇനി നാം വടക്കോട്ടോ പടിഞ്ഞാറോട്ടോ നോക്കിയിരിക്കേണ്ടതില്ല.

രോഗലക്ഷണങ്ങളില്ലാതെ കൊറോണ വൈറസിനെ പേറുന്നവരെ കണ്ടുപിടിക്കാനുള്ള ടെക്നോളജി സംരംഭങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ആള്‍ക്കൂട്ടത്തില്‍ ചെറിയ പനിയുമായി ചുറ്റിക്കറങ്ങുന്നവരെ ഡ്രോണ്‍ ഉപയോഗിച്ച് ആകാശത്തുനിന്നും തിരിച്ചറിയാന്‍ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ഉപകരണങ്ങള്‍ പരീക്ഷിക്കുന്നു. ആരോഗ്യ രക്ഷാ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാനായി രോഗികളുടെ സ്രവശേഖരണത്തിന് കേരളം കിയോസ്‌കുകള്‍ നടപ്പാക്കിയിരിക്കുന്നു.ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് രോഗ ചികിത്സയില്‍ കണ്‍വാലസന്റ് പ്ലാസ്മയുടെ ഫലപ്രാപ്തിയില്‍ ഗവേഷണം നടത്തുന്നു. അന്തിമ വിജയം എന്താണെങ്കിലും നമ്മുടെ സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ ചിന്തിക്കുന്നത് ശുഭോതര്‍ക്കമാണ്.

ആദ്യ ഘട്ടത്തില്‍ വുഹാനില്‍ നിന്നെത്തിയ മൂന്ന് പേരെ നാം അഡ്മിറ്റാക്കി. അവരുടെ സമ്പര്‍ക്കം ട്രേസ് ചെയ്തു. അവരില്‍ നിന്നുള്ള സാമൂഹ്യവ്യാപനം തടഞ്ഞു. അത് മികച്ച പൊതുജനാരോഗ്യ സംവിധാനത്തിന്റെ തൊപ്പിയിലെ തൂവലാണ്. ഈ രംഗത്താണ് അമേരിക്കയ്ക്ക് അടിപതറിയത്. വുഹാനില്‍ നിന്ന് വന്ന ആയിരക്കണക്കിന് രോഗാണുവാഹകരെ പ്രത്യേക പരിശോധനകളോ നിയന്ത്രണോ ഇല്ലാതെ വ്യോമഗതാഗതം ഉച്ഛസ്ഥായിയില്‍ നില്‍ക്കുന്ന രാജ്യത്ത് തലങ്ങും വിലങ്ങും സഞ്ചരിക്കാന്‍ അനുവദിച്ചതിലൂടെയാണ് ഈ മഹാമാരി അമേരിക്കയെ വിഷമവൃത്തത്തിലാക്കിയത്. ചെറിയ സംസ്ഥാനമാണെങ്കിലും 3 രോഗികളേ അവിടെനിന്ന് എത്തിയുള്ളൂ എന്നുള്ളതില്‍ The Price Of Liberty is Eternal Vigilance (സ്വാതന്ത്ര്യത്തിന്റെ വില നിതാന്ത ജാഗ്രതയാണ്) എന്ന തത്വം മനസ്സിലാക്കിയതാണ് നമ്മുടെ നേട്ടത്തിന് അടിത്തറ പാകിയത്.

ടീം വര്‍ക്ക് സാധ്യമായാല്‍ ഇന്നൊവേഷന് ഒരുപാട് സാധ്യതകളുണ്ടാകും. റാപ്പിഡ് ടെസ്റ്റിന് ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത ലക്ഷോപലക്ഷം ഉപകരണങ്ങള്‍ ഉപയോഗശൂന്യമാണെന്ന് പറഞ്ഞ് രാജ്യം തിരിച്ചയച്ചു. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത എന്‍ 95 മാസ്‌കിന്റെ ഉപയോഗം തൃപ്തികരമല്ലാത്തതിനാല്‍ കാനഡ തിരിച്ചയച്ചു. ഇനിയുള്ള കാലം ഗുണനിലവാരത്തെ പറ്റി പരാതി പറഞ്ഞ് ഉല്‍പ്പന്നം മടക്കി അയച്ച് കയ്യും കെട്ടി മാറിയിരിക്കാന്‍ ഇന്ത്യ തുനിയുകയില്ല. ആഭ്യന്തര ഉത്പാദനത്തിലൂടെ ലോകോത്തര നിലവാരമുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലായിരിക്കും നമ്മുടെ ശ്രദ്ധ. ഇത് വാക്സിന്‍ കണ്ടുപിടിക്കുന്നതിലടക്കം നിര്‍ണായകമാകും. ലോകത്തെ 80 ശതമാനം വാക്‌സിനുകളും ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നു. ഇന്ത്യന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങള്‍ വാക്സിന്‍ കയറ്റുമതിയില്‍ മുന്‍നിരയിലാണ്.

കൊവിഡിന്റെ കാര്യമെടുത്താല്‍ ഇന്ത്യയിലെത്തിയപ്പോള്‍ ജനിതക മാറ്റത്തിലൂടെ ഈ വൈറസിന്റെ രൂപവും ഭാവവും മാറിയിട്ടുണ്ടോയെന്ന് അറിയേണ്ടതുണ്ട്. മാറിയിട്ടുണ്ടെങ്കില്‍ ചൈനയിലോ ഇറ്റലിയിലോ ഇറാനിലോ അമേരിക്കയിലോ ജപ്പാനിലോ നിര്‍മ്മിക്കുന്ന വാക്സിന്‍ ഇവിടെ ഫലിക്കണമെന്നില്ല. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി പോലുളള സ്ഥാപനങ്ങള്‍ പൂര്‍ണ വളര്‍ച്ചയെത്തുമ്പോള്‍ ഇത്തരം വെല്ലുവിളികളാണ് ഏറ്റെടുക്കുന്നത്.

Q

കൊവിഡ് വ്യാപനമടക്കമുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ സാമൂഹ്യജീവി എന്ന നിലയില്‍ മനുഷ്യര്‍ എങ്ങനെയെല്ലാം മാറേണ്ടതുണ്ട് ? ഏതുതരത്തിലുള്ള ആരോഗ്യ അവബോധമാണ് ഈ സാഹചര്യം ആവശ്യപ്പെടുന്നത് ?

A

ഇക്കാര്യത്തില്‍ ഇന്ത്യയുടെ അവസ്ഥയും കേരളത്തിന്റെ സ്ഥിതിയും വ്യത്യസ്തമായി കാണണം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വ്യക്തിശുചിത്വത്തില്‍ കേരളം ഏറെ മുന്നിലാണ്. അതേസമയം പരിസരശുചിത്വത്തില്‍ അത്ര മേന്‍മ കേരളത്തിനും അവകാശപ്പെടാനില്ല. ഖരമാലിന്യ സംസ്‌കരണത്തിലെ പോരായ്മകളും ജലാശയങ്ങളുടെ മലിനീകരണവും വനനശീകരണവും വലിയ ഭീഷണികളാണ്. അത് ഗൗരവമായെടുക്കേണ്ടതുണ്ട്. വനനശീകരണത്തെ തുടര്‍ന്ന് ജന്തുജാലങ്ങള്‍ നമ്മുടെ വാസസ്ഥാനങ്ങളിലേക്ക് വരികയാണ്. ജന്തുജന്യ രോഗങ്ങളുടെ (Zoonoses) വര്‍ധനവിന് ഇത് പ്രധാന കാരണമാണ്. നിപ്പയുടെ കാര്യത്തില്‍ ഇതുണ്ടായി. വവ്വാലുകളിലുണ്ടായിരുന്ന വൈറസ് നമ്മുടെ ശരീരത്തിലെത്തി. ഇത്തരത്തിലാണ് വവ്വാലുകളില്‍ നിന്ന് ഒട്ടകങ്ങള്‍ക്ക് പിടിച്ച് അതില്‍ നിന്ന് മനുഷ്യരിലേക്ക് മെര്‍സ് പടര്‍ന്നതും. മലേഷ്യയില്‍ വവ്വാലുകളില്‍ നിന്ന് പന്നികളിലെത്തിയ വൈറസ് മനുഷ്യരിലേക്ക് പടര്‍ന്നു. എബോളയും അങ്ങനെ തന്നെ. കുരങ്ങുകളില്‍ നിന്നാണ് ആഫ്രിക്കക്കാര്‍ക്ക് കിട്ടിയത്. അതായത് ജന്തുക്കളുടെ ആവാസ വ്യവസ്ഥയെ നാം തകിടം മറിച്ചു. ആഗോള താപനം, വനനശീകരണം നഗരവല്‍ക്കരണം, ഒക്കെ നമുക്ക് രോഗാതുരത സൃഷ്ടിക്കുകയാണ്.നമ്മുടെ വനങ്ങളിലെ വവ്വാലുകള്‍ മരപ്പട്ടികള്‍, വെരുകുകള്‍, ജന്തുജാലങ്ങള്‍ എന്നിവ എതെല്ലാം വൈറസുകളെ പേറുന്നുണ്ടെന്ന് കണ്ടുപിടിക്കേണ്ടതുണ്ട്. പഴംതീനി വവ്വാലുകളില്‍ ഏതാണ്ട് 45 തരം വൈറസുകള്‍ ഉണ്ടെന്നാണ് ഇതുവരെയുള്ള പഠനം. അതില്‍ പല വൈറസുകളും പുറത്തുവന്നിട്ടില്ല. ഇതിനൊക്കെ രൂപമാറ്റമുണ്ടായി എപ്പോള്‍ വേണമെങ്കിലും മനുഷ്യരിലേക്കെത്താം. ഇതെല്ലാം ഗവേഷണങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. വ്യക്തി ശുചിത്വം, പരിസരശുചിത്വം, ആരോഗ്യ അവബോധം എന്നിവ പ്രധാനമാണ്. കൂടാതെ രോഗം ഒളിക്കാതിരിക്കുകയും വേണം. വുഹാനില്‍ നിന്ന് വന്ന മൂന്നുപേരും രോഗം ഒളിച്ചുവെച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി.

Q

നിപ്പ കഴിഞ്ഞ് ഇവിടെ കൊവിഡ് വന്നു. ഇത്തരം പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് പ്രത്യേക ആരോഗ്യ ബഡ്ജറ്റിന്റെ അനിവാര്യത എത്രത്തോളമാണ് ? ആരോഗ്യ രംഗത്തെ ആസൂത്രണവും പദ്ധതി നിര്‍വഹണവും എത്തരത്തിലാകണം ?

A

പ്രസക്തമായ കാര്യമാണ്. ഒരുപാട് പ്രാരാബ്ധങ്ങള്‍ക്കിടയിലാണ് നമ്മള്‍ ഇത്രയും മുന്നേറ്റമുണ്ടാക്കിയത്. അത് ഇപ്പോഴത്തെ സര്‍ക്കാരിന്റെ മാത്രം നേട്ടമല്ല. രാജഭരണകാലം മുതലേ നമ്മള്‍ പൊതുജനാരോഗ്യത്തിന് പ്രാധാന്യം നല്‍കിവരുന്നുണ്ട്. മാറി മാറി വന്ന സര്‍ക്കാരുകളെല്ലാം പ്രാധാന്യം തിരിച്ചറിഞ്ഞ് ആരോഗ്യരംഗത്ത് അടിസ്ഥാനസൗകര്യങ്ങള്‍ ഉണ്ടാക്കി. . പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍. മെഡിക്കല്‍ കോളജുകള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സെന്ററുകള്‍, തുടങ്ങി ശ്രീചിത്ര മെഡിക്കല്‍ സയന്‍സസ് വരെ നീളുന്ന സ്ഥാപനങ്ങള്‍ നമുക്കുണ്ട്. ഏറെക്കാലം കൊണ്ട് ഘട്ടം ഘട്ടമായി യാഥാര്‍ത്ഥ്യമാക്കിയതാണ്. അത്തരത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഏറെ മുന്നിലാണ്. എന്നാല്‍ കേരളത്തിന്റെ ജിഎസ്ഡിപിയുടെ ആറര ശതമാനമേ ആരോഗ്യരംഗത്തിന് വേണ്ടി നീക്കിവെയ്ക്കുന്നുള്ളൂ. ഒരാള്‍ക്ക് രോഗം വന്നാല്‍ ചെലവിന്റെ 76 ശതമാനവും ആ കുടുംബം കണ്ടെത്തേണ്ടി വരുന്നുവെന്നാണ് ശരാശരി കണക്ക്. നമുക്ക് സര്‍ക്കാരാശുപത്രികളില്‍ സൗജന്യ ചികിത്സയും പണമൊടുക്കാതെ ശസ്ത്രക്രിയയുമൊക്കെ ചെയ്യാം. എന്നാല്‍ മരുന്നും ലാബ് ടെസ്റ്റും യാത്രയും ആഹാരച്ചെലവുമെല്ലാമടക്കം 76 ശതമാനം തുക കയ്യില്‍ നിന്ന് ചെലവാകുന്നു. 20 ശതമാനമാണ് സര്‍ക്കാരിന്റെ പങ്ക്. ബാക്കിവരുന്നത് സുഹൃത്തുക്കളോ ബന്ധുക്കളോ നാട്ടുകാരോ ആരാധനാലയങ്ങളോ മറ്റ് സാമൂഹ്യ സംവിധാനങ്ങള്‍ വഴിയോ ലഭിക്കുന്ന സഹായമാണ്. എന്നാല്‍ ഇതരസംസ്ഥാനങ്ങളുമായി തട്ടിച്ച് നോക്കിയാല്‍ ഇതില്‍ കേരളം വളരെ മുന്നിലാണ്. ഇന്ത്യയുടെ മൊത്തം കണക്കെടുത്താല്‍ 3.6 ശതമാനമാണ് ഒരു സംസ്ഥാനം ചെലവഴിക്കുന്നത്. രാജ്യവും സംസ്ഥാനവും ഈ രംഗത്ത് കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. സുനാമി, ഓഖി, പ്രളയം അടക്കം പ്രകൃതി ദുരന്തങ്ങള്‍ക്കിടയിലുമാണ് കേരളം ഈ നിലയില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ നേട്ടത്തിന് ഒരുപാട് മികവുണ്ട്. ആരോഗ്യ രക്ഷാ പ്രവര്‍ത്തനങ്ങളിലും ചികിത്സാരംഗത്തും സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ലാഭേച്ഛയില്ലാത്ത സംഭാവനകള്‍ ഉള്‍പ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിലെല്ലാം സ്ഥാപനങ്ങള്‍ക്ക് ശതകോടീശ്വരന്‍മാരും സഹസ്ര കോടീശ്വരന്‍മാരും ധാരാളം എന്‍ഡോവ്‌മെന്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ടാറ്റ ഫൗണ്ടേഷന്‍ ഇക്കാര്യത്തില്‍ നല്‍കുന്ന സേവനം പ്രശംസാര്‍ഹമാണ്. കൂടുതല്‍ വ്യക്തികളും സ്ഥാപനങ്ങളും ഈ രംഗത്തേക്ക് എത്തിയാല്‍ മാത്രമേ മെഡിക്കല്‍ മേഖലയില്‍ നാം പ്രതീക്ഷിക്കുന്ന പുരോഗതി കൈവരിക്കാനാവുകയുള്ളൂ.

Q

പകര്‍ച്ച വ്യാധികളുടെയും പലതരം രോഗങ്ങളുടെയും പശ്ചാത്തലത്തില്‍ രോഗീവിവര ശേഖരണവും അപഗ്രഥനവും എത്തരത്തിലായിരിക്കണമെന്നാണ് താങ്കള്‍ കരുതുന്നത് ? സ്പ്രിങ്ക്ളര്‍ വിവാദം കൂടി കണക്കിലെടുക്കുമ്പോള്‍ ?

A

അത് സുപ്രധാനമാണ്. സ്പ്രിങ്ക്‌ളര്‍ വിവാദത്തിലേക്ക് ഞാന്‍ കടക്കുന്നില്ല. വിവരശേഖരണം, സ്വയംപര്യാപ്തത ഏറ്റവും അനിവാര്യമായ മേഖലയാണ്. ഡാറ്റാ അനാലിസിസ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദേശത്തെ പ്രമുഖ സ്ഥാപനങ്ങളിലെല്ലാം മലയാളികളുടെ സാന്നിധ്യമുണ്ട്. എന്നിട്ടും എന്തുകൊണ്ടോ ലോകോത്തര നിലവാരത്തില്‍ വിവര അപഗ്രഥനത്തിന് നമുക്കൊരു സ്ഥാപനം മുന്നോട്ടുവെയ്ക്കാനില്ല. ഡാറ്റാ അനാലിസിസ് നിര്‍വഹിക്കുന്ന സ്ഥാപനങ്ങള്‍ ഇന്ത്യയിലുണ്ട്. പക്ഷേ പലയിടത്തായി കുടുസുകളായി പ്രവര്‍ത്തിക്കുകയാണ്. ഇവ ഒരേ ശ്രേണിയില്‍ പരസ്പരസഹകരണത്തോടെ പ്രവര്‍ത്തിക്കുന്നില്ല. ശാസ്ത്രരംഗത്തെ പലമേഖലകളിലും ഇതുകാണാം. പാരസ്പര്യത്തോടെ പ്രവര്‍ത്തിച്ചാല്‍ ജപ്പാനെയോ സൗത്ത് കൊറിയയെയോ അമേരിക്കയേയോ ഒക്കെ കടത്തിവെട്ടാവുന്ന റിസോഴ്‌സ് നമുക്കുണ്ട്. അതിനുള്ള ആള്‍ശേഷിയുമുണ്ട്. എന്തുകൊണ്ടോ ഇവര്‍ തമ്മില്‍ തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നില്ല. ഒരുപക്ഷേ രാഷ്ട്രീയകാരണത്താലാകാം, അല്ലെങ്കില്‍ സാമ്പത്തിക കാരണത്താലാകാം, ഈഗോയാകാം. പക്ഷേ ഇതിന് മാറ്റം വരാതെ നമുക്ക് വിവര അപഗ്രഥന രംഗത്ത് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാനാകില്ല. കേരളത്തിനാണെങ്കില്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുണ്ട്. കരള യൂണിവേഴ്‌സിറ്റി ഉണ്ട്. ഐഐഎം ഉണ്ട്. ഹെല്‍ത്ത് ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററുണ്ട്. സിഡിറ്റ് ഉണ്ട്. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് ഉണ്ട് എല്ലാവരും കൂടി ഒത്തൊരുമിച്ച് ശ്രമിച്ചാല്‍ ലോകോത്തര നിലവാരത്തിലുള്ള മുന്നേറ്റമുണ്ടാക്കാം.

Q

കൊറോണയ്ക്കും മുന്‍പ് നിപ്പ, എച്ച് വണ്‍ എന്‍ വണ്‍, ജപ്പാന്‍ ജ്വരം തുടങ്ങിയ രോഗങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടല്ലോ ? ഇത്തരം രോഗങ്ങള്‍ പടരാന്‍ കേരളത്തിന്റെ സാഹചര്യത്തില്‍ പ്രത്യേക കാരണങ്ങളുള്ളതായി തോന്നുന്നുണ്ടോ?

A

ഒരുപാട് കാരണങ്ങളുണ്ട്, ഒന്നാമതായി കേരളത്തിന്റെ ജനസാന്ദ്രത, പിന്നെ ഡീ ഫോറസ്റ്റേഷന്‍ കാരണം കാട്ടുജീവികള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങിയത് ജന്തുജന്യ രോഗങ്ങള്‍ പടരാന്‍ ഇടയാക്കുന്നുമുണ്ട്‌. വവ്വാല്‍ പന്നിയെ കടിച്ചൊക്കെ രോഗം പടരുന്നു. ട്രോപ്പിക്കല്‍ ക്ലൈമറ്റിലാണ് ഇതൊക്കെ വളരുന്നത്. വ്യത്യസ്ത താപനിലകളില്‍ വളരുന്ന വേറെ വൈറസുകളുണ്ട്. ജാപ്പനീസ് എന്‍സഫലൈറ്റിസിനൊക്കെ കാരണമായ വൈറസുകളൊക്കെ നോര്‍ത്ത് ഇന്ത്യയിലൊക്കെയുണ്ട്. നിപ്പ വന്നു, എച്ച് വണ്‍ എന്‍ വണ്‍ കൂടെക്കൂടെ വരുന്നു. ഇത്തരം രോഗങ്ങളുടെയൊക്കെ താവളമായി ഇന്ത്യയും സമീപത്തുള്ള രാജ്യങ്ങളുമൊക്കെ മാറുന്നുണ്ട്. അതിന്റെ ഇക്കോളജിക്കലായതുള്‍പ്പെടെയുള്ള കാരണങ്ങളില്‍ പഠനങ്ങള്‍ വേണം. നമുക്ക് ഊഹിക്കാന്‍ കഴിയുന്നത്,കാലാവസ്ഥയും ജനസാന്ദ്രതയും ഡീഫോറസ്റ്റേഷനും അതിവേഗ നഗരവല്‍ക്കരണവും ചേര്‍ന്ന് വൈറസുകള്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചുവെന്നാണ്. പിന്നെയൊരു കാര്യമുള്ളത്, പണ്ടത്തെ പോലെയല്ല, ഇപ്പോള്‍ ഇതെല്ലാം കണ്ടുപിടിക്കാന്‍ കഴിയുന്നുണ്ട്. പണ്ടൊക്കെ അജ്ഞാത രോഗങ്ങള്‍ മൂലം ആളുകള്‍ മരിച്ചു എന്നൊക്കെ പറയാറുണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല.

Q

മലയാളിയെ ഗ്ലോബല്‍ സിറ്റിസണ്‍ എന്നാണല്ലോ പറയാറ്. ലോകത്തിന്റെ എല്ലായിടത്തും കേരളീയരുണ്ട്. അത്തരത്തില്‍ ലോകത്ത് എവിടെയുണ്ടാകുന്ന വൈറസ് ബാധയും ഇവിടേക്കെത്താന്‍ പ്രയാസമില്ല. അത് കണക്കിലെടുത്ത് നാം പ്രത്യേകമായി സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയാണ് ?

A

24 മണിക്കൂര്‍ കൊണ്ട് ലോകത്തിന്റെ ഏത് ഭാഗത്തും എപ്പോഴും എത്തിച്ചേരാനുള്ള സൗകര്യമുണ്ട്. എവിടെ നിന്നും ഒരു വൈറസ് ബാധ കേരളത്തിലെത്താനും മറിച്ച് സംഭവിക്കാനും 24 മണിക്കൂര്‍ മതിയെന്നര്‍ത്ഥം. ഇതില്‍ അധിഷ്ഠിതമായാണ് ഗ്ലോബല്‍ വൈറസ് നെറ്റ്വര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. ഒരു രാജ്യത്തിന്റെയും ഭൂമിശാസ്ത്രപരമായ അതിര്‍ത്തിയില്‍ വൈറസുകളെ നമുക്ക് ഒതുക്കി നിര്‍ത്താനാകില്ല. കേരളം ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്നതില്‍ എനിക്ക് ഒരു എളിയ നിര്‍ദേശമുണ്ട്. പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റിന്റെ ഭാഗമായി നമുക്കൊരു ഹെല്‍ത്ത് ഇന്റലിജന്‍സ് വിംഗ് വേണം. എല്ലാ വിദേശമലയാളികള്‍ക്കും ഇതേക്കുറിച്ച് അവബോധമുണ്ടാകണം. കേരളത്തിന് പുറത്തുള്ളവരെയും ധരിപ്പിക്കണം. നിങ്ങള്‍ നില്‍ക്കുന്ന ചുറ്റുപാടില്‍ എതെങ്കിലും ഒരു പകര്‍ച്ചവ്യാധി പടരുന്നുണ്ടെങ്കില്‍ കേരളത്തിലെ ഹെല്‍ത്ത് ഇന്റലിജന്‍സ് വിംഗിനെ ഉടന്‍ അറിയിക്കണം.ഇറ്റലിയിലോ ഐസ്ലന്‍ഡിലോ നെതര്‍ലാന്‍ഡിലോ ന്യൂസിലാന്‍ഡിലോ ഒരു പകര്‍ച്ചവ്യാധി ഉണ്ടായാല്‍ ഇവിടുത്തെ പബ്ലിക് ഹെല്‍ത്ത് ഇന്റലിജന്‍സ് വിംഗിന് ഉടന്‍ അറിയിപ്പ് നല്‍കിയാല്‍ ആ നിമിഷം മുതല്‍ നമുക്ക് ജാഗ്രത പാലിക്കാനാകും. എബോള നൈജീരിയയില്‍ വീണ്ടും തുടങ്ങി എന്ന് അറിവ് കിട്ടിയാല്‍ അവിടുന്നുള്ള ആരെങ്കിലും കേരളത്തില്‍ എത്തുംമുന്‍പേ നമുക്ക് തയ്യാറെടുക്കാനാകും. ഇത് ഗവണ്‍മെന്റ് ഓഫ് ഇന്ത്യയ്ക്ക് ചെയ്യാവുന്നതേയുള്ളൂ. പക്ഷേ മറ്റേത് സംസ്ഥാനത്തേക്കാളും കൂടുതല്‍ മലയാളികള്‍ ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്നതിനാല്‍ ഏറ്റവും വലിയ വെല്ലുവിളി അഭിമുഖീകരിക്കുക നമ്മുടെ സംസ്ഥാനമാണ്. അതിനാല്‍ കേരളം മുന്‍കൈ എടുത്ത് ഹെല്‍ത്ത് ഇന്റലിജന്‍സ് വിംഗ് ഒരുക്കണം. ലോക കേരള സഭയെയൊക്കെ ഇതുമായി ബന്ധപ്പെടുത്താം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി വളര്‍ന്നുവരുമ്പോള്‍ അതിന്റെ ഭാഗമായും ഉള്‍പ്പെടുത്താം.

Q

വൈറസ് ബാധകള്‍ സംബന്ധിച്ച് കേരളം പ്രത്യേകമായി നടത്തേണ്ട ഗവേഷണങ്ങള്‍ / പഠനങ്ങള്‍ എന്തൊക്കെയാണെന്നാണ് തോന്നുന്നത്?

A

വവ്വാലുകളില്‍ നിന്നാണ് നിപ്പയെന്ന് കണ്ടെത്തി. വവ്വാലുകളില്‍ നിന്ന് വൈറസുകള്‍ മാറുന്നുണ്ടോ. എന്തുകൊണ്ടാണ് വവ്വാലുകള്‍ക്ക് രോഗം വരാതെ അതിന്റെ ശ്രവങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നത്, എന്നെല്ലാം പഠിക്കേണ്ടതുണ്ട്. കേരള യൂണിവേഴ്‌സിറ്റിയുടെ ഹെല്‍ത്ത് സയന്‍സസ്,വെറ്ററിനറി സര്‍വകലാശാല, കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി, കോളജ് ഓഫ് ഫോറസ്റ്ററി തുടങ്ങിയ സംവിധാനങ്ങളെയെല്ലാം ഏകോപിപ്പിച്ച് കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകളുടെ പിന്‍തുണയോടുകൂടി ഈ വിഷയത്തില്‍ ഞങ്ങള്‍ ഗവേഷണം ആലോചിക്കുന്നുണ്ട്. ഇത്തരത്തില്‍ സംയുക്ത പഠനങ്ങളിലൂടെയാണ് മുന്നോട്ട് പോകേണ്ടത്. ഒരു സ്ഥാപനത്തില്‍ നിന്ന് മാത്രം സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാന്‍ പോകുന്നില്ല. അത്തരത്തില്‍ കൂടിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വിഭാവനം ചെയ്തിരിക്കുന്നത്. കൊവിഡിന്റെ കാര്യത്തിലാണെങ്കില്‍ കേരളത്തിലെ രോഗികളെ മൈല്‍ഡ്, മോഡറേറ്റ്, സിവിയര്‍ എന്നിങ്ങനെ തിരിക്കാം. എന്തുകൊണ്ടാണ് ഒരേ പ്രദേശത്ത് ഒരേ രോഗം മൂന്ന് തരത്തില്‍ ബാധിക്കുന്നതെന്ന് പരിശോധിക്കാം. രോഗിയുടെ പ്രത്യേകതയാണോ, വൈറല്‍ ലോഡ് കാരണമാണോ മ്യൂട്ടേഷന്‍ മൂലമാണോ മറ്റേതെങ്കിലും രോഗമുള്ളതിനാല്‍ വൈറസ് വ്യത്യസ്തമായി പെരുമാറുന്നതാണോ എന്നെല്ലാം പരിശോധിക്കാം. രോഗപ്രതിരോധശേഷിയിലെ ഏത് ഘടകമാണ് വിഘാതമാകുന്നതെന്ന് പഠിക്കേണ്ടതുണ്ട്. എന്തുകൊണ്ട് ചിലരില്‍ രോഗം മാറാന്‍ വൈകുന്നതെന്നും കണ്ടുപിടിക്കണം. കഴിഞ്ഞ വര്‍ഷത്തെ വൈറസ് ആയിരിക്കില്ല ഈ വര്‍ഷം വരുന്നത്. ഇന്‍ഫ്‌ളുവന്‍സ എ ബി സി വന്നു. അതില്‍ എയ്ക്ക് തന്നെ എത്ര അവാന്തര വിഭാഗങ്ങളുണ്ട്. 2018 ലെ ഫ്‌ളു ആയിരിക്കില്ല 2020 ല്‍ വരുന്നത്. അതായിരിക്കില്ല 2022 ല്‍ വരുന്നത്. ഏത് തരത്തിലുള്ള മ്യൂട്ടേഷനാണ് ഈ വൈറസുകള്‍ക്ക് സംഭവിക്കുന്നതെന്ന് നാം പഠിച്ചേ പറ്റൂ. ഇറ്റലിയിലെയോ, സ്‌പെയിനിലെയോ ഡാറ്റ കൊണ്ട് നമുക്ക് കാര്യമുണ്ടായെന്ന് വരില്ല. ഇന്ത്യയില്‍, അല്ലെങ്കില്‍ കേരളത്തിലെ ഏതെല്ലാം വൈറസുകളാണ് മാറിക്കൊണ്ടിരിക്കുന്നതെന്ന് നമ്മള്‍ തന്നെ പഠിക്കേണ്ടതുണ്ട്. അങ്ങനെ പഠിച്ച് ജനിതകമാറ്റം മനസ്സിലാക്കി നമുക്ക് വേണ്ട വാക്‌സിന്‍ നാം ഇവിടെ വികസിപ്പിക്കണം.

Q

കൊവിഡിനെ ചെറുത്തുനില്‍ക്കാന്‍ കേരളത്തെ സഹായിച്ച ഘടകങ്ങള്‍ എന്തെല്ലാമാണെന്നാണ് താങ്കള്‍ വിലയിരുത്തുന്നത് ?

A

നേരത്തേ തന്നെ നമുക്ക് താഴേക്കിട മുതല്‍ മുകളറ്റം വരെ നീളുന്ന മികച്ചതും വിപുലവുമായ പൊതുജനാരോഗ്യ സംവിധാനമുണ്ട്. അതില്‍ ട്രെയിന്‍ഡ്‌ മാന്‍ പവര്‍ ഉണ്ട്. അവര്‍ വളരെ വിജിലന്റായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് ആദ്യ ഘട്ടത്തില്‍ വുഹാനില്‍ നിന്നെത്തിയ മൂന്നുപേരില്‍ തന്നെ വൈറസിനെ പിടിച്ചുകെട്ടാനായത്. അത് വലിയ നേട്ടമാണ്. രണ്ടാമതായി വളരെ ശാസ്ത്രാവബോധമുള്ള സമൂഹമാണ് കേരളം. അത് സ്ത്രീസാക്ഷരത കൊണ്ടുകൂടിയാണ്. സൗജന്യ വിദ്യാഭ്യാസത്തിന്റെയും കരുത്താണത്. ചൈല്‍ഡ്ഹുഡ് ഇമ്മ്യൂണൈസേഷനില്‍ 80 ശതമാനം ആണ് നമ്മുടെ റെക്കോര്‍ഡ്. മറ്റൊരു സംസ്ഥാനത്തിനും അത്രയും അവകാശപ്പെടാനില്ല. കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധവാക്‌സിന്‍ നല്‍കുകയെന്നതിന് മുന്നില്‍ നില്‍ക്കുന്നത് അമ്മമാരാണ്. ഒപ്പം നല്ല ടീം വര്‍ക്കും കൂടിയായതോടെ രോഗപ്രതിരോധത്തില്‍ കേരളത്തിന് മികവുണ്ടാക്കാന്‍ സഹായിച്ചു. ആപത്ത് വരുമ്പോള്‍ കേരളീയര്‍ എല്ലാം ഒരുമിച്ച് നില്‍ക്കും. പ്രളയമൊക്കെ അതിന് നല്ല ഉദാഹരണമാണ്. അത്തരത്തില്‍ ഇത് എല്ലാവരുടെയും വിജയമാണ്. അതിന് നേതൃത്വം നല്‍കിയ സര്‍ക്കാരിന് പ്രത്യേക ക്രെഡിറ്റുണ്ട്. അതേസമയം ചെറിയ പോരാട്ടമേ നമ്മള്‍ ജയിച്ചിട്ടുള്ളൂ. വലിയ യുദ്ധം നമുക്കുമുന്നിലുണ്ടെന്ന ഓര്‍മ്മവേണം.

Q

സംസ്ഥാനത്ത് അര്‍ബുദ രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുകയാണല്ലോ, അമേരിക്കയില്‍ ക്യാന്‍സര്‍ ഗവേഷണ രംഗത്ത് പ്രവര്‍ത്തിക്കുന്നയാളെന്ന നിലയില്‍ ഇവിടുത്തെ സാഹചര്യത്തെ എങ്ങനെ വിലയിരുത്തുന്നു ? നമ്മുടെ ആരോഗ്യരംഗവും വ്യക്തികളും എത്തരത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട് ?

A

ഇത് കൊവിഡുമായി ചേര്‍ത്ത് വായിക്കുന്നത് നന്നായിരിക്കും. ഡാറ്റ വളരെ പ്രധാനമാണെന്ന് കൊവിഡ് കാലത്ത് നമ്മള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടിനെ ഡാറ്റാ ഡ്രിവണ്‍ സെഞ്ച്വറി എന്ന് വിശേഷിപ്പിക്കാറുണ്ട്. സമഗ്രമായ വിവരങ്ങളുണ്ടെങ്കിലേ സൂക്ഷ്മ വിശകലനം സാധ്യമാകൂ. കേരളത്തില്‍ ക്യാന്‍സര്‍ കൂടുന്നുവെന്നത് വസ്തുതയാണ്.അതിന് പലകാരണങ്ങളുണ്ട്. 60 വയസ്സില്‍ കൂടുതലുള്ളവരിലാണ് 60 ശതമാനം ക്യാന്‍സറുകളും. അതായത് നമ്മുടെ ആയുര്‍ദൈര്‍ഘ്യത്തിലെ വര്‍ധനയോട് ഇത് ചേര്‍ത്തുവായിക്കേണ്ടതുണ്ട്. പുരുഷന്‍മാര്‍ക്ക് ഏതാണ്ട് 75 ഉം സ്ത്രീകളില്‍ 79 ഉം ആണ് ഇപ്പോള്‍ ആയുര്‍ദൈര്‍ഘ്യം. പണ്ട് 48 ഉം 50 ഉം വയസ്സിലൊക്കെ ആളുകള്‍ മരണപ്പെടുമായിരുന്നു. ഇപ്പോള്‍ 80 ഉം 90 വയസ്സുള്ളവരൊക്കെ സജീവമായി സമൂഹത്തില്‍ ഇടപെടുന്നുണ്ട്. ആയുര്‍ദൈര്‍ഘ്യത്താല്‍ വരാവുന്നതാണ് മിക്ക അര്‍ബുദവും. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ അതിന് നല്ല ഉദാഹരണമാണ്. 25 വയസ്സുള്ള പുരുഷനില്‍ കാണില്ല. 75 ഉം 80 ഉം വയസ്സുള്ളവരില്‍ ഇത് കൂടുതലാണൈന്നും കാണാം. അത്തരത്തില്‍ വാര്‍ധക്യത്തോടടുക്കുമ്പോള്‍ ക്യാന്‍സറുകള്‍ കൂടും. അതിന് പുറമെ പരിസ്ഥിതിനാശവും. ജീവിതശൈലീ രോഗങ്ങളും പ്രധാന കാരണങ്ങളാണ്. ഇപ്പോള്‍ സ്‌കൂള്‍ കുട്ടികളില്‍ പോലും പൊണ്ണത്തടി കാണപ്പെടുന്നു. പുകവലി പോലെ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ക്യാന്‍സറിന് കാരണമാകുന്ന പ്രധാന കാര്യമായി ദുര്‍മേദസിനെ വിലയിരുത്തുന്നുണ്ട്. നമുക്ക് ഇതെല്ലാം പഠനവിധേയമാക്കാന്‍ ജനസംഖ്യാടിസ്ഥാനത്തില്‍ സമഗ്രമായ ക്യാന്‍സര്‍ രജിസ്ട്രി വേണം. കാസര്‍ഗോഡ് മുതല്‍ പാറശാല വരെയുള്ള ക്യാന്‍സര്‍ നിരക്കും അതുമൂലമുള്ള മരണനിരക്കും സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്ത് ഡാറ്റയുണ്ടാക്കണം. ഏത് പ്രദേശത്ത് ഏത് തരം ക്യാന്‍സറുകള്‍ കൂടുന്നുവെന്നൊക്കെ അതില്‍ നിന്ന് തിരിച്ചറിയാനാകും. അങ്ങനെ ഫോക്കസ് ചെയ്ത് ഗവേഷണം തുടങ്ങാം. ഇപ്പോള്‍ ക്യാന്‍സര്‍ സെന്ററുകളുമായി ബന്ധപ്പെട്ട കണക്കുകളേയുള്ളൂ. അതിന്റേതായ അപാകതകള്‍ നാം നേരിടുന്നുണ്ട്. കൊവിഡ് വ്യാപനമുണ്ടായപ്പോള്‍ ജില്ലാ ആശുപത്രികളിലൂടെ ക്യാന്‍സര്‍ രോഗികള്‍ക്ക് ടെലിമെഡിസിന്‍ വഴി ഫോളോ അപ്പ് ചികിത്സ ലഭ്യമാക്കുന്നുണ്ട്. അത് ആര്‍സിസി പോലുള്ള സ്ഥാപനങ്ങളില്‍ തിരക്ക് കുറയാന്‍ പ്രയോജനപ്പെടും. അമേരിക്കയും ഇംഗ്ലണ്ടും ഫ്രാന്‍സുമായുമൊക്കെ താരതമ്യപ്പെടുത്തിയാല്‍ ഒരു ക്ലിനിക്കില്‍ ഒരു സമയം 25 പേരൊക്കെയേ ഉണ്ടാകൂ. എന്നാല്‍ ഇവിടെ നൂറും നൂറ്റമ്പതുമൊക്കെയാണ്. അത്തരത്തിലുള്ള തിരക്ക് സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്തലിന് തടസ്സമാകും. ഈ രംഗത്ത് ഗുണനിലവാരം ഉറപ്പുവരുത്താനും ലോകോത്തര നിലവാരത്തിലുള്ള ഗവേഷണങ്ങള്‍ നടത്താനും അത് അനിവാര്യമാണ്. എങ്കിലേ നമ്മുടെ വിഭവശേഷി ഫലപ്രദമായി വിനിയോഗിക്കാന്‍ സാധിക്കൂ.

Related Stories

No stories found.
logo
The Cue
www.thecue.in