ഭാരത് ജോഡോയും പ്രതിപക്ഷ പ്രതീക്ഷകളും, കോണ്‍ഗ്രസിന്റെ 'നല്ല നടപ്പ്' നൂറ് ദിനങ്ങള്‍ പിന്നിടുമ്പോള്‍

ഭാരത് ജോഡോയും പ്രതിപക്ഷ പ്രതീക്ഷകളും, കോണ്‍ഗ്രസിന്റെ 'നല്ല നടപ്പ്' നൂറ് ദിനങ്ങള്‍ പിന്നിടുമ്പോള്‍
Summary

കോണ്‍ഗ്രസ് മുന്നോട്ട് വെയ്ക്കുന്ന പ്രത്യയശാസ്ത്രത്തിന് ആശയവ്യക്തതയുണ്ടാവുകയെന്നത് പരമപ്രധാനമാണ്. തീവ്ര ഹിന്ദുത്വത്തിനെതിരെ കോണ്‍ഗ്രസ് മൃദുഹിന്ദുത്വമാണ് മുന്നോട്ട് വെക്കുന്നതെന്ന മറ്റ് പ്രതിപക്ഷപാര്‍ട്ടികളുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും ആരോപണങ്ങള്‍ക്കും ആശങ്കകള്‍ക്കും പ്രത്യയശാസ്ത്ര വ്യക്തത ഉത്തരം നല്‍കും.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര 100 ദിവസം പിന്നിടുമ്പോള്‍, അരവിന്ദ് ബാബു എഴുതുന്നു

ഭരണത്തില്‍ അല്ലാതിരുന്നിട്ട് കൂടി ഉത്തരവാദിത്വമില്ലായ്മയുടെ പേരില്‍ ഏറെ പഴിക്കപ്പെട്ട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നൂറു ദിനങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്ന് തുടങ്ങിയ യാത്ര എട്ടു സംസ്ഥാനങ്ങളും 2,833 കിലോമീറ്ററുകളും പിന്നിട്ട് ഇപ്പോള്‍ രാജസ്ഥാനിലെത്തി നില്‍ക്കുന്നു. യാത്രയ്ക്ക് ഏറെ രാഷ്ട്രീയ മാനങ്ങളുണ്ടെങ്കിലും വെറുപ്പിന്റെ രാഷ്ട്രീയ കാലത്ത് ഭിന്നിച്ച് പോയ ഭാരതത്തെ ഒന്നാക്കുക എന്ന സാമൂഹിക സന്ദേശമാണ് യാത്ര മുന്നോട്ട് വെയ്ക്കുന്നത്.

തെരെഞ്ഞെടുപ്പ് രാഷ്ട്രീയമോ വോട്ടിംഗ് ശതമാനമോ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ - ഭരണ സംവിധാനങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രാതിനിധ്യമോ ഒരിക്കലും ഒരിടത്തും നേതാക്കളോ ജാഥാ ക്യാപ്റ്റനോ ഗൗരവമായി ചര്‍ച്ച ചെയ്തിട്ടില്ല. പിന്നിട്ട എല്ലാ സംസ്ഥാനങ്ങളിലും വന്‍ജനക്കൂട്ടവും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വര്‍ത്തിക്കുന്ന തലയെടുപ്പുള്ളവരും യാത്രയില്‍ അണിചേര്‍ന്നുവെന്നത് വസ്തുതയാണ്. എന്നാല്‍, നിലവില്‍ ഒമ്പത് ദേശീയ പാര്‍ട്ടികളുള്ള രാജ്യത്ത് ഈ ജനക്കൂട്ടത്തെ തെരെഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ അളവ് കോലില്‍ ഫലപ്രദമായി വിനിയോഗിച്ച് വോട്ടാക്കി മാറ്റിയാല്‍ മാത്രമാവും ഇന്ത്യന്‍ ജനാധിപത്യത്തില്‍ പ്രതിപക്ഷ പ്രതീക്ഷകള്‍ക്ക് കോണ്‍ഗ്രസിന് നിറം പകരാനാവുകയെന്നതാണ് യാഥാര്‍ത്ഥ്യം.

വര്‍ഗീയ കാഴ്ച്ചപാടില്‍ ഹിന്ദുത്വ ആശയം മുന്നോട്ടുവെയ്ക്കുന്ന ബി.ജെ.പി - സംഘപരിവാര്‍ അജണ്ഡകളെ ജനങ്ങള്‍ക്കിടയില്‍ നേരിടാന്‍ മുഖ്യപ്രതിപക്ഷകക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസിന് സുശക്തമായ സംഘടനാസംവിധാനം ആവശ്യമാണ്.

അരവിന്ദ് ബാബു

Bharat Jodo Yatra
Bharat Jodo Yatra

ആശയവ്യക്തതയും കെട്ടുറപ്പും അനിവാര്യം

ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം പൊരുതി നേടിയ ശേഷം ഒറ്റയ്ക്കും കൂട്ടുകക്ഷികളുമായും ചേര്‍ന്ന് 1951 മുതല്‍ 2019 വരെ ഇന്ത്യന്‍ രാഷ്ട്രീയത്തെ ജനാധിപത്യത്തിലൂടെ അടക്കി ഭരിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ്. മുമ്പ് ശക്തമായിരുന്ന പല സംസ്ഥാനങ്ങളില്‍ നിന്നും പാര്‍ട്ടി അപ്രത്യക്ഷമാവുകയും ചിലയിടങ്ങളില്‍ അമ്പേ ശുഷ്‌ക്കിക്കുകയും ചെയ്തു. എങ്കിലും മിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഇപ്പോഴും സാന്നിധ്യമറിയിക്കുന്ന കക്ഷി തന്നെയാണ്. 1951ലെ ഒന്നാം ലോക്സഭയില്‍ ഒറ്റയ്ക്ക് 44.99 ശതമാനം വോട്ടും 364 സീറ്റും നേടിയ പാര്‍ട്ടി 2019ല്‍ എത്തുമ്പോള്‍ 19.5 ശതമാനം വോട്ടു മാത്രം നേടി 53 സീറ്റിലേക്ക് ചുരുങ്ങി.

പല സംസ്ഥാനങ്ങളിലും കാലാകാലങ്ങളില്‍ കോണ്‍ഗ്രസ് സംഘടനാ രംഗത്ത് വരുത്തിവെച്ച അപക്വമായ തീരുമാനങ്ങളാണ് പാര്‍ട്ടിയുടെ ആഴത്തിലുള്ള പതനത്തിന് കാരണമായത്. 1980ല്‍ 'സൂപ്പര്‍ മെജോറിറ്റി' എന്ന് പറയപ്പെടുന്ന മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന ഉത്തര്‍പ്രദേശില്‍ വിവിധ രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് 2022 ആയപ്പോഴേക്കും രണ്ട് സീറ്റിലേക്ക് പാര്‍ട്ടി ഒതുങ്ങിക്കഴിഞ്ഞു. മുകള്‍ത്തട്ടില്‍ നിന്നും കൊടുക്കുന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ അടിത്തട്ടില്‍ ജനങ്ങളോട് ബന്ധമുള്ള പ്രവര്‍ത്തകരുടെ അപര്യാപ്തതയാണ് ഇതിന് കാരണമായത്. ഇതിനെ മറികടക്കാന്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ കാതലായ ശ്രദ്ധയാണ് ആവശ്യം.

അതിന് കോണ്‍ഗ്രസ് മുന്നോട്ട് വെയ്ക്കുന്ന പ്രത്യയശാസ്ത്രത്തിന് ആശയവ്യക്തതയുണ്ടാവുകയെന്നത് പരമപ്രധാനമാണ്. തീവ്ര ഹിന്ദുത്വത്തിനെതിരെ കോണ്‍ഗ്രസ് മൃദുഹിന്ദുത്വമാണ് മുന്നോട്ട് വെക്കുന്നതെന്ന മറ്റ് പ്രതിപക്ഷപാര്‍ട്ടികളുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും ആരോപണങ്ങള്‍ക്കും ആശങ്കകള്‍ക്കും പ്രത്യയശാസ്ത്ര വ്യക്തത ഉത്തരം നല്‍കും.

പ്രത്യയശാസ്ത്രത്തിലൂന്നിയ രാഷ്ട്രീയ പഠനവും ചര്‍ച്ചകളും പ്രവര്‍ത്തകര്‍ക്കിടയില്‍ കുറഞ്ഞതും ഇത് തിരിച്ചറിഞ്ഞ് നേതൃത്വം ഇടപെടാതിരുന്നതും സംഘടനയിലേക്ക് പുതിയ പ്രവര്‍ത്തകരുടെ റിക്രൂട്ട്മെന്റിനെയും മരവിപ്പിച്ചു.

ഭരണം സുഗമമാക്കാന്‍ അതത് കാലങ്ങളിലെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ സംഘടനാ തലത്തിലുള്ള തെറ്റായ തീരുമാനങ്ങളാണ് പാര്‍ട്ടിയെ സംഘടനാപരമായി ഇത്രയും കെട്ടുറപ്പില്ലാതാക്കിയത്. പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിന് ഒരു രാഷ്ട്രീയ വെല്ലുവിളിയും നേരിടാനില്ലാത്ത സാഹചര്യത്തില്‍ സംഘടനാപരമായുള്ള വിശകലനം ചുരുങ്ങുകയും ചര്‍ച്ചകളില്ലാതെ നേതൃത്വത്തിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി കാര്യങ്ങള്‍ നീക്കുകയും ചെയ്തു. സംസ്ഥാന തലത്തില്‍ പാര്‍ട്ടിയെ നയിക്കേണ്ടവരെയും പുതിയ പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കെല്‍പ്പുള്ളവരെയും പാര്‍ട്ടി ദേശീയ നേതൃത്വം അരിഞ്ഞ് തള്ളിയതോടെ പലയിടത്തും കോണ്‍ഗ്രസ് സ്വഭാവമുള്ള പ്രദേശിക രാഷ്ട്രീയ കക്ഷികള്‍ രൂപമെടുത്തത് പാര്‍ട്ടിയെ ക്ഷീണിപ്പിച്ചു.

ബംഗാളില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ആന്ധ്രയില്‍ വൈ.എസ് രാജശേഖര റെഡ്ഡിയുടെ നേതൃത്വത്തില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, മഹാരാഷ്ട്രയില്‍ ശരത് പവാറിന്റെ നേതൃത്വത്തില്‍ എന്‍.സി.പി, കാമരാജിന് ശേഷം ഒറ്റയ്ക്ക് ഭൂരിപക്ഷം പോലും ലഭിക്കാത്ത തമിഴ്നാട്ടില്‍ തമിഴ് മാനില കോണ്‍ഗ്രസ് എന്നിവ രൂപീകരിക്കപ്പെട്ടു. ഇതിനും മുമ്പ് മുന്‍ പ്രധാനമന്ത്രി വി.പി സിംഗിനെ പോലെ തലയെടുപ്പുള്ള പല നേതാക്കളും കോണ്‍ഗ്രസ് വിട്ട് പോവുകയും ചെയ്തു. ഇന്നത് ഗുലാംനബി ആസാദില്‍ വരെ എത്തി നില്‍ക്കുന്നു.

മുഖ്യപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് സംഘടനാപരമായി തകര്‍ന്നതോടെ സങ്കുചിത രാഷ്ട്രീയം മുന്നോട്ട് വെയ്ക്കുന്ന ബി.ജെ.പിയും ആംആദ്മി പോലെ തികച്ചും അരാഷ്ട്രീയവും ആശയവ്യക്തതയുമില്ലാത്ത ബദല്‍ രാഷ്ട്രീയത്തിന് ഇന്ത്യന്‍ ജനതയ്ക്കിടയില്‍ കടന്നുകയറാനുള്ള വഴി തുറന്ന് കിട്ടുകയായിരുന്നു. പ്രാദേശിക രാഷ്ട്രീയകക്ഷികള്‍ വിവിധ സംസ്ഥാനങ്ങളില്‍ ശക്തിപ്പെടുകയും അവര്‍ അവിടെ അധികാരം പിടിക്കുകയും ചെയ്തതിന്റെ കാരണവും മറ്റൊന്നല്ല.

ഇതിനെ മറികടക്കാന്‍ സംസ്ഥാന തലത്തില്‍ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനൊപ്പം പാര്‍ട്ടിക്കുള്ളിലെ വിവിധ ഗ്രൂപ്പുകളുമായി നിരന്തരമായ ആശയവിനിമയവും സാധ്യമാക്കേണ്ടതുണ്ട്. ഗ്രൂപ്പുകള്‍ പാര്‍ട്ടിക്ക് അതീതരാവാതിരിക്കാനും ആശയ- അധികാര തര്‍ക്കങ്ങള്‍ പാര്‍ട്ടി പിളര്‍ത്താതിരിക്കാനുമുള്ള ജാഗ്രത്തായ സമീപനമാവണം ദേശീയ നേതൃത്വത്തില്‍ നിന്നും ഉണ്ടാവേണ്ടത്. സംഘടനാ രംഗത്തുള്ള പ്രശ്നങ്ങള്‍ അതീവ ശ്രദ്ധയോടെ കേള്‍ക്കാനും അവ പരിഹരിച്ച് കോണ്‍ഗ്രസിനെ ബഹുജനങ്ങള്‍ക്കിടയില്‍ നിലനിര്‍ത്താനും കൂടി കേന്ദ്രനേതൃത്വം സമയം കണ്ടെത്തേണ്ടതുണ്ട്.

ചെറിയ തോതിലെങ്കിലും സംഘടനയെ ചലിപ്പിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ തെരെഞ്ഞെടുപ്പിന് കഴിഞ്ഞിട്ടുണ്ടെന്നത് ആശാവഹമാണ്. കോണ്‍ഗ്രസിന്റെ ഔദ്യോഗികപക്ഷ സ്ഥാനാര്‍ത്ഥിയെന്ന് മുദ്രകുത്തപ്പെട്ട മല്ലികാര്‍ജുന ഖാര്‍ഗെ ജയിച്ചുവെങ്കിലും തെരെഞ്ഞെടുപ്പില്‍ സംഘടനയെ ചലിപ്പിച്ചതും പാര്‍ട്ടിക്കുള്ളില്‍ മുകള്‍ത്തട്ട് മുതല്‍ താഴെത്തട്ട് വരെയുള്ള നേതാക്കളുടെ ആശയവിനിമയത്തിന് കാരണമായതും ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ വര്‍ഗീയ കാഴ്ച്ചപാടില്‍ ഹിന്ദുത്വ ആശയം മുന്നോട്ടുവെയ്ക്കുന്ന ബി.ജെ.പി - സംഘപരിവാര്‍ അജണ്ഡകളെ ജനങ്ങള്‍ക്കിടയില്‍ നേരിടാന്‍ മുഖ്യപ്രതിപക്ഷകക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസിന് സുശക്തമായ സംഘടനാസംവിധാനം ആവശ്യമാണ്.

ഇടതുപക്ഷ ആശയങ്ങളുള്ള പ്രസ്ഥാനങ്ങളെയും മുഖ്യധാരാ രാഷ്ട്രീയ കക്ഷികളെയും ഉള്‍ക്കൊണ്ട് മുന്നോട്ടു പോകുന്നതും അവരുടെ ആശയാടിത്തറ രാഷ്ട്രീയമായി പ്രയോജനപ്പെടുത്തേണ്ട ഉത്തരവാദിത്വവും കോണ്‍ഗ്രസ് ഏറ്റെടുക്കണം.

അരവിന്ദ് ബാബു

Bharat Jodo Yatra
Bharat Jodo Yatra

പ്രതിപക്ഷ ഐക്യം

സ്വതവേ ശുഷ്‌കമായ കോണ്‍ഗ്രസ് ബി.ജെ.പിക്കെതിരായ പ്രതിപക്ഷത്തെ നയിക്കാന്‍ ശേഷിയില്ലെന്ന പഴിക്കാണ് പാത്രമാവുന്നത്. മിക്ക സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും തുടര്‍ച്ചയായുള്ള കോണ്‍ഗ്രസിന്റെ തെരെഞ്ഞെടുപ്പ് പരാജയങ്ങളും നേതാക്കളുടെ കൊഴിഞ്ഞുപോക്കും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നുണ്ട്. ഇതിന് പുറമേ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ കൂട്ടമായി എതിര്‍രാഷ്ട്രീയ ചേരിയിലുള്ള ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് ചേരിമാറുന്നതും പാര്‍ട്ടിയുടെ വിശ്വാസ്യതയ്ക്ക് സാരമായ മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെ മറികടന്ന് വേണം കോണ്‍ഗ്രസ് പ്രതിപക്ഷകക്ഷികളുടെ ഐക്യരൂപീകരണം നടത്താന്‍.

സംഘടനാ രംഗത്തെ പാളിച്ചകളെ മറികടക്കാന്‍ പാര്‍ട്ടി എടുത്ത് നടപ്പാക്കുന്ന തീരുമാനങ്ങളെ എല്ലാ രാഷ്ട്രീയ കക്ഷികളും സാകൂതം വീക്ഷിക്കുകയാണ്. ഇതിലൂടെ ഒരു രാഷ്ട്രീയ വിജയം ലക്ഷ്യം വെയ്ക്കുന്ന കോണ്‍ഗ്രസ് തെരെഞ്ഞെടുപ്പുകളിലും സ്ഥിതി മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇക്കഴിഞ്ഞ രണ്ട് സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അത്രകണ്ട് ആശ്വസിക്കാന്‍ കാരണങ്ങളില്ലെങ്കില്‍ കൂടി ബി.ജെ.പിയുടെ കൈവശമുണ്ടായിരുന്ന ഒരു സംസ്ഥാനം തിരിച്ചുപിടിച്ചുവെന്നത് രാഷ്ട്രീയമായി പാര്‍ട്ടിക്ക് ആശ്വാസം നല്‍കുന്നുണ്ട്. 93.5ശതമാനം ഹിന്ദുക്കളുള്ള സിംലയില്‍ വ്യക്തമായ ഭൂരിപക്ഷം പിടിച്ചുവെന്നത് തീവ്ര ഹിന്ദുത്വ കാര്‍ഡ് മുന്നോട്ട് വെയ്ക്കുന്ന ബി.ജെ.പിയെ ഇനിയും പരാജയപ്പെടുത്താന്‍ നയപരിപാടികള്‍ കൊണ്ട് കോണ്‍ഗ്രസിന് കഴിയുമെന്നതിന്റെ തെളിവ് കൂടിയാണ്. ഇത് പ്രതിപക്ഷ ഐക്യരൂപീകരണത്തില്‍ പാര്‍ട്ടിയെ സഹായിച്ചേക്കും.

പിന്നാലെ വരുന്ന രാജസ്ഥാന്‍, ചത്തീസ്ഗഢ്, കര്‍ണാടക തുടങ്ങി പത്ത് സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പില്‍ ആറിടങ്ങളില്‍ കോണ്‍ഗ്രസ് ഇപ്പോഴും ശാക്തിക ചേരിയാണ്. ഇവിടങ്ങളിലെ തെരെഞ്ഞെടുപ്പുഫലവും പ്രതിപക്ഷമുന്നണിയെ ആര് നയിക്കണമെന്ന വിഷയത്തില്‍ വിലയിരുത്തപ്പെടും. ഇതിനിടയില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നുവരാന്‍ തയ്യാറെടുക്കുന്നവരില്‍ 9 ദേശീയ കക്ഷികളില്‍ പെടുന്ന നേതാക്കളും പ്രദേശിക നേതാക്കളും ഉള്‍പ്പെടുന്നു. ദേശീയ കക്ഷികളായ ആംആദ്മി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ നിന്നും അരവിന്ദ് കേജ്രിവാള്‍, മമതാ ബാനര്‍ജി എന്നിവരും പ്രദേശിക കക്ഷികളായ ബി.ആര്‍.എസ്(പഴയ ടി.ആര്‍.എസ്), ജെ.ഡി.യു എന്നീ പാര്‍ട്ടികളില്‍ നിന്ന് ചന്ദ്രശേഖര്‍ റാവു, നിതീഷ് കുമാര്‍ എന്നിവരും പ്രധാനമന്ത്രി കസേര ഉന്നമിടുന്നവരാണ്. ഇവരുമായി ഒരു ഫലപ്രദമായ ധാരണ രൂപപ്പെടുത്തുന്നതിലാണ് കോണ്‍ഗ്രസ് പ്രധാനമായും ശ്രദ്ധവെയ്ക്കേണ്ടത്. അതിനുള്ള ഗ്രഹപാഠം ചെയ്ത് രാഷ്ട്രീയ ഇച്ഛാശക്തിയോട് കൂടി വേണം ആശയവിനിമയം നടത്തേണ്ടത്.

പ്രതിപക്ഷ കക്ഷികള്‍ സംസ്ഥാനതലത്തില്‍ ചേരിതിരിഞ്ഞ് മത്സരിക്കുമ്പോള്‍ ഉണ്ടാകുന്ന വോട്ട് ചോര്‍ച്ച ബി.ജെ.പി മുതലെടുക്കുന്നുണ്ട് എന്നത് മിക്ക സംസ്ഥാനങ്ങളില്‍ നിന്നും വ്യക്തമാവുന്ന കാര്യമാണ്. അതിനെ ഇല്ലാതാക്കാന്‍ സംസ്ഥാനങ്ങളില്‍ എതിര്‍ക്കുന്ന കക്ഷിയെ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പി വിരുദ്ധ ചേരിയില്‍ അണിനിരത്തേണ്ടതിന്റെ പ്രസക്തി ജനങ്ങളോടും ഫലപ്രദമായി പറയേണ്ടതുണ്ട്. ഒപ്പം ഇടതുപക്ഷ ആശയങ്ങളുള്ള പ്രസ്ഥാനങ്ങളെയും മുഖ്യധാരാ രാഷ്ട്രീയ കക്ഷികളെയും ഉള്‍ക്കൊണ്ട് മുന്നോട്ടു പോകുന്നതും അവരുടെ ആശയാടിത്തറ രാഷ്ട്രീയമായി പ്രയോജനപ്പെടുത്തേണ്ട ഉത്തരവാദിത്വവും കോണ്‍ഗ്രസ് ഏറ്റെടുക്കണം.

Bharat Jodo Yatra
Bharat Jodo Yatra

ആംആദ്മിയുടെ വരവ്

2012 നവംബര്‍ 26ന് അഴിമതിക്കെതിരായ പോരാട്ടത്തെ മുന്‍നിര്‍ത്തി രൂപീകരിക്കപ്പെട്ട ആംആദ്മിക്ക് ഇന്ന് രണ്ട് സംസ്ഥാനങ്ങളില്‍ ഭരണവും രാജ്യസഭയില്‍ 10 അംഗങ്ങളുമുണ്ട്. രൂപീകരിച്ച് പത്ത് വര്‍ഷത്തിനുള്ളില്‍ ദേശീയ പാര്‍ട്ടി പദവിയിലെത്തിയ ആംആദ്മിയെ പോലെയുള്ള രാഷ്ട്രീയ സംവിധാനങ്ങളെ ആഴത്തില്‍ കോണ്‍ഗ്രസ് പഠനവിധേയമാകക്കണം. കോണ്‍ഗ്രസിനോടൊപ്പം എക്കാലത്തും നിന്ന രാജ്യത്തെ മധ്യവര്‍ഗത്തെ അടര്‍ത്തിയെടുത്താണ് അവര്‍ രാഷ്ട്രീയമായി മുന്നേറുന്നത്. അതും പ്രത്യയശാസ്ത്ര അടിത്തറയില്ലാതെയാണെന്നും ഓര്‍മ്മിക്കേണ്ടതുണ്ട്. ക്ഷേമരാഷ്ട്രം സങ്കല്‍പ്പം മാത്രം മുന്നോട്ട് വെയ്ക്കുകയും ദേശീയ കാഴ്ച്ചപാടില്‍ അവ്യക്തത പുലര്‍ത്തുകയും ചെയ്യുന്ന രാഷ്ട്രീയ ബദലാണ് എ.എ.പിക്കുള്ളത്. ഇത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം.

പാര്‍ലമെന്ററി രംഗത്തെ സീറ്റിന്റെ എണ്ണവും വോട്ടിംഗ് ശതമാനവും കൊണ്ട് ദേശീയ പാര്‍ട്ടി പദവിയിലെത്തിയ ആപ്പിന്റെ വളര്‍ച്ചയും ഗൗരവത്തോടെ കാണണം. കാമ്പില്ലാത്ത ഇത്തരം ബദല്‍ രാഷ്ട്രീയ നീക്കങ്ങളെ ആശയാധിഷ്ഠിത അടിത്തറ കൊണ്ടും മൂല്യബോധത്തോടെയുള്ള പൊതു നിലപാടുകള്‍ കൊണ്ടുമാണ് ചെറുക്കേണ്ടത്.

അധികാരത്തിലുള്ള കൊതിയും അടങ്ങാത്ത ആസക്തിയും മുന്‍നിര്‍ത്തിയുള്ള ബദല്‍ രാഷ്ട്രീയ സാധ്യതകളെ ഉത്തരവാദിത്വമുള്ള പാര്‍ട്ടിയും മുന്നണിയുമെന്ന നിലയില്‍ കോണ്‍ഗ്രസും യു.പി.എയും പരാജയപ്പെടുത്തേണ്ടതുണ്ട്. ആശയപരമായ ഭിന്നതകള്‍ക്ക് ചര്‍ച്ചകളിലൂടെ പരിഹാരം കാണുകയും പ്രതിപക്ഷത്തിന് ഒരു ഏകീകൃത സ്വഭാവം നല്‍കുകയും വേണം. മൂന്നാം ബദല്‍ എന്ന കാഴ്ച്ചപ്പാട് ബി.ജെ.പിയെ വളര്‍ത്തുകയല്ലാതെ തളര്‍ത്തില്ല എന്ന വസ്തുത മനസിലാക്കികൊണ്ട് കോണ്‍ഗ്രസ് അതിന്റെ സാധ്യതകളെ ഇല്ലാതാക്കേണ്ടത് സ്വയം തിരുത്തലിലൂടെയാവണം. ജനാധിപത്യത്തില്‍ ഒരു കക്ഷിയെയും രാഷ്ട്രീയമായി ഇല്ലാതാക്കികൊണ്ടല്ല മറിച്ച് അവരെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് വേണം മൂന്നാം ബദലിനെ ചെറുക്കേണ്ടത്.

ബി.ജെ.പിയെ രാഷ്ട്രീയമായും ഭരണപരമായും പ്രതിരോധത്തിലാക്കാനുള്ള ഗൃഹപാഠം ചെയ്ത് വേണം കോണ്‍ഗ്രസ് പ്രതിപക്ഷനിരയെ തെരെഞ്ഞെടുപ്പു രംഗത്ത് ഇറക്കേണ്ടത്. കാമ്പും കഴമ്പുമുള്ള വിമര്‍ശനങ്ങളും പ്രതിപക്ഷത്തിന്റെ ബദലും ആശയവ്യക്തതയോടെ അവതരിപ്പിക്കപ്പെട്ടേ മതിയാവൂ.
Bharat Jodo Yatra
Bharat Jodo Yatra

തെരഞ്ഞെടുപ്പ് രാഷ്ട്രീയം

വിദ്വേഷ രാഷ്ട്രീയത്തിന്റെ കാലത്ത് ഭാരതത്തിന്റെ സാമൂഹിക ഘടനയ്ക്കേറ്റ പരിക്കുകള്‍ പരിഹരിക്കാന്‍ ഇന്ത്യ മുഴുവന്‍ നടത്തുന്ന യാത്രയ്ക്ക് പിന്നാലെ വരുന്ന നിയമസഭാ - ലോക്സഭാ തെരെഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ പക്വമായ അജണ്ഡയാവണം പൊതുസമൂഹത്തിന് മുമ്പില്‍ കോണ്‍ഗ്രസ് വയ്ക്കേണ്ടത്. യാത്ര നിലമൊരുക്കലാണെങ്കില്‍ പിന്നീട് പാകുന്ന വിത്തുകള്‍ക്കും ഗുണനിലവാരം അത്യന്താപേക്ഷിതമാണ്.

കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പി അജന്‍ഡയ്ക്ക് ബദലായി ഒരു പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് എന്തിന് രാജ്യത്ത് അവശേഷിക്കണമെന്ന ചോദ്യത്തിനും ഉത്തരം നല്‍കണം. അതിനായി താഴേത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് രാജ്യം മുഴുവന്‍ തങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കണം. ഇതിനായി ഉടച്ചുവാര്‍ത്ത സംഘടനാ സംവിധാനങ്ങളെ എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിക്കാനും കഴിയണം.

യുവാക്കള്‍, സ്ത്രീകള്‍, തൊഴിലാളികള്‍, അസംഘടിത മേഖലയില്‍പ്പെട്ടവര്‍, മധ്യവര്‍ഗം എന്നിവരുടെ പ്രശ്നങ്ങള്‍ പഠിച്ച് വേണം പ്രചാരണതന്ത്രങ്ങള്‍ മെനയേണ്ടത്. നിലവിലെ ബി.ജെ.പി സര്‍ക്കാര്‍ വേണ്ടത്ര ആലോചനയില്ലാതെ നടപ്പിലാക്കിയ നോട്ട് നിരോധനം പോലെയുള്ള നയവൈകല്യങ്ങളുടെ കാര്യകാരണങ്ങളും ചൂണ്ടിക്കാട്ടപ്പെടേണ്ടതുണ്ട്. ബി.ജെ.പിയെ രാഷ്ട്രീയമായും ഭരണപരമായും പ്രതിരോധത്തിലാക്കാനുള്ള ഗൃഹപാഠം ചെയ്ത് വേണം കോണ്‍ഗ്രസ് പ്രതിപക്ഷനിരയെ തെരെഞ്ഞെടുപ്പു രംഗത്ത് ഇറക്കേണ്ടത്. കാമ്പും കഴമ്പുമുള്ള വിമര്‍ശനങ്ങളും പ്രതിപക്ഷത്തിന്റെ ബദലും ആശയവ്യക്തതയോടെ അവതരിപ്പിക്കപ്പെട്ടേ മതിയാവൂ. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമടക്കമുള്ള കാര്യങ്ങളില്‍ സുചിന്തിതമായ തീരുമാനങ്ങള്‍ വലിയൊരളവില്‍ തര്‍ക്കങ്ങളില്ലാതെ പരിഹരിച്ചാല്‍ പ്രതിപക്ഷത്തിന് ഇനിയുമേറെ പ്രതീക്ഷിക്കാനുണ്ട്.

2021ലെ സെന്‍സസ് മുന്‍നിര്‍ത്തി 2026ല്‍ ലോക്സഭാ മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ പുനര്‍ നിര്‍ണ്ണയിക്കപ്പെടുമെന്ന വസ്തുത ഓര്‍ക്കേണ്ടതുണ്ട്. വരാനിരിക്കുന്ന ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ ഭരണം നേടിയെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ബിജെപിയുടെ ഇംഗിതത്തിനനുസരിച്ച് മാറ്റിവരക്കപ്പെടുന്ന മണ്ഡലങ്ങളില്‍ മത്സരിച്ച് ജയിച്ചെത്തുകയെന്നത് കോണ്‍ഗ്രസിന് ദുഷ്‌കരമായി മാറും. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ കാര്യവും വിഭിന്നമല്ല.

Related Stories

No stories found.
logo
The Cue
www.thecue.in