കൊവിഡ് രോഗികളുടെ ഫോണ്‍കോള്‍ വിശദാംശങ്ങളെടുക്കുന്നത് ഭരണഘടനാ ലംഘനം, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം : ബി കെമാല്‍ പാഷ

കൊവിഡ് രോഗികളുടെ ഫോണ്‍കോള്‍ വിശദാംശങ്ങള്‍ പൊലീസ് ശേഖരിക്കുന്നത് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് റിട്ടയേഡ് ജസ്റ്റിസ് ബി. കെമാല്‍ പാഷ ദ ക്യുവിനോട്. നഗ്നമായ ഭരണഘടനാ ലംഘനമാണിത്. ഈ നടപടിയില്‍ നിന്ന് സര്‍ക്കാര്‍ ഉടന്‍ പിന്‍വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉട്ടോപ്യന്‍ ആശയമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ആര്‍ട്ടിക്കിള്‍ 14ാം അനുഛേദപ്രകാരം നിയമത്തിന് മുന്നില്‍ തുല്യതയും, നിയമങ്ങളുടെ തുല്യ പരിരക്ഷയും ഭരണഘടന അനുശാസിക്കുന്നുണ്ട്. അതില്‍ വ്യത്യാസം വരുത്താവുന്നത് ഏതൊക്കെ കാര്യങ്ങളിലാണെന്ന് ആര്‍ട്ടിക്കിള്‍ 15 (4) ലും 16 (4) ലും വ്യക്തമാക്കുന്നുണ്ട്. സമൂഹത്തിലെ ദുര്‍ബലര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും നല്‍കേണ്ട പ്രത്യേക പരിരക്ഷകളാണത്. അല്ലാതെ ഒരാള്‍ക്കുനേരെയുമുള്ള വിവേചനം ഭരണഘടന അനുവദിക്കുന്നില്ല. രോഗമുള്ള ആളും രോഗമില്ലാത്ത ആളും തമമ്മില്‍ വിവേചനം പാടില്ല. അത്തരത്തില്‍ പൊലീസ് നടപടി തുല്യതയുടെ ലംഘനമാണെന്ന് കെമാല്‍ പാഷ ചൂണ്ടിക്കാട്ടി.

ആര്‍ട്ടിക്കിള്‍ 21 വിഭാവനം ചെയ്യുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ നഗ്നമായ ലംഘനം കൂടിയാണ് സര്‍ക്കാര്‍ നടപടി. അന്തസ്സോടെയുള്ള ജീവിതമാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. അല്ലാതെ മൃഗതുല്യമായതല്ല. ജീവിക്കാനുള്ള അവകാശത്തിന്റെ പരിധിയിലുള്ളതാണ് സ്വകാര്യത. കൂടാതെ ഒട്ടുമിക്ക മൗലികാവകാശങ്ങളും ഇതില്‍ തന്നെ വരും. പാര്‍പ്പിടം, വസ്ത്രം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം എന്നിവയെല്ലാം ആര്‍ട്ടിക്കിള്‍ 21 ല്‍ വരുന്നതാണ്. ആരോഗ്യസംരക്ഷണം ബാധ്യതയും സ്വകാര്യതയുമായിരിക്കുമ്പോള്‍ അത് ഇവിടെ ഹനിക്കപ്പെടുന്നു. ആര്‍ട്ടിക്കിള്‍ 19 മൗലിക സ്വാതന്ത്ര്യം അനുശാസിക്കുന്നുണ്ട്. സഞ്ചാര സ്വാതന്ത്ര്യം അതില്‍ വരുന്നതാണ്. പക്ഷേ കൊവിഡ് സാഹചര്യത്തില്‍ രോഗം പടരാതിരിക്കാന്‍ അതില്‍ നിയന്ത്രണങ്ങള്‍ വരുത്താം. ഉദാഹരണത്തിന് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുള്ള യാത്ര അനുവദിക്കാനാകില്ല. അങ്ങനെ പറഞ്ഞാല്‍ ശരിയാണ്. പക്ഷേ മുഖത്തോടുമുഖം സംസാരിക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് ഫോണിലൂടെ സംസാരിക്കുന്നത്. അതിന് വ്യക്തികള്‍ക്ക് അവകാശമുണ്ടെന്നും കെമാല്‍ പാഷ വിശദീകരിച്ചു.

മറ്റുള്ളവര്‍ക്ക് പകരാതിരിക്കാന്‍ വ്യക്തികളെ ക്വാറന്റൈന്‍ ചെയ്യാം. അതുപോലെയല്ല ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം. ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്താനും വിളികളുടെ വിവരങ്ങള്‍ ശേഖരിക്കാനും പൊലീസിന് അധികാരം കൊടുക്കുകയാണ്. അങ്ങനെ ചെയ്യുന്നതിലൂടെ എങ്ങനെ കൊറോണയെ പ്രതിരോധിക്കാനാകുമെന്ന് മനസ്സിലാകുന്നില്ല. ഒരു വ്യക്തി ആരോട് സംസാരിക്കണമെന്ന് പൊലീസോ സര്‍ക്കാരോ അല്ല തീരുമാനിക്കുന്നത്. എനിക്ക് ആ അവകാശമുള്ളപ്പോള്‍ രോഗമുള്ള സഹോദരന് ആ അവകാശമില്ല. അത്തരത്തിലത് ഹനിക്കാന്‍ പാടില്ല. സര്‍ക്കാര്‍ ഈ മണ്ടന്‍ തീരുമാനം ഉടന്‍ പിന്‍വലിക്കണം ഇല്ലെങ്കില്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാകും. ആളുകള്‍ ആരെയൊക്കെ വിളിക്കുന്നുവെന്ന് പൊലീസ് മനസ്സിലാക്കുന്നത് ശരിയല്ല.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തുമ്മി, ചുമച്ചു എന്നൊക്കെ ആരെങ്കിലും പറഞ്ഞാല്‍ പൊലീസ് ഉടന്‍ തന്നെ സിഡിആര്‍ എടുക്കുന്ന സ്ഥിതിയാകും. അക്കാര്യത്തില്‍ ഒരു ക്രിമിനലിന് പോലും നിയമത്തില്‍ പരിരക്ഷയുണ്ടെന്ന് ഓര്‍ക്കണം. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാലേ സിഡിആര്‍ കൈമാറാന്‍ ടെലികോം കമ്പനിക്ക് ബാധ്യതയുള്ളൂ. എന്നാല്‍ ആ അവകാശം പോലും കൊവിഡ് രോഗികള്‍ക്കില്ല. അസുഖം ഒരു കുറ്റമല്ല, രോഗികളെ ഒറ്റപ്പെടുത്തി കുതിരകേറുന്നത് ശരിയായ സമീപനമല്ല. അഴിമതി മൂടിവെയ്ക്കാന്‍ കൊവിഡിനെ ഉപയോഗിക്കുന്നുണ്ട്. പ്രക്ഷോഭമൊന്നും ഉണ്ടാകില്ലെന്നതിനാല്‍ പഴഞ്ചൊല്ലൊക്കെ പറഞ്ഞിരിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ അതിനുപകരം ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയാണ് വേണ്ടത്. അഴിമതിയെ മറയ്ക്കാനും ജനങ്ങളുടെ മൗലികമായ അവകാശങ്ങളെ അടിച്ചമര്‍ത്താനും കൊവിഡിനെ ഉപയോഗിക്കരുതെന്നും കെമാല്‍ പാഷ ആവശ്യപ്പെട്ടു.

No stories found.
The Cue
www.thecue.in