ഇത്തവണയെങ്കിലും ഇന്ത്യ ക്വിയര്‍ കമ്മ്യൂണിറ്റിക്ക് ഒപ്പം നില്‍ക്കുമോ ? ഐക്യരാഷ്ട്രസഭ വോട്ടെടുപ്പ് നാളെ

ഇത്തവണയെങ്കിലും ഇന്ത്യ ക്വിയര്‍ കമ്മ്യൂണിറ്റിക്ക് ഒപ്പം നില്‍ക്കുമോ ? ഐക്യരാഷ്ട്രസഭ വോട്ടെടുപ്പ് നാളെ

ഐക്യരാഷ്ട്രസഭയിലെ മനുഷ്യാവകാശ കൗണ്‍സിലിന്റെ അമ്പതാമത് യോഗത്തില്‍, 'ലൈംഗിക ആഭിമുഖ്യത്തിലും ലിംഗസ്വത്വത്തിലും സ്വതന്ത്ര വിദഗ്ദ്ധന്‍' ( Independent Expert on Sexual Orientation and Gender Identity) സംബന്ധിച്ച മാന്‍ഡേറ്റ് പുതുക്കണോ എന്നതില്‍ മെമ്പര്‍ രാജ്യങ്ങള്‍ ജൂലായ് ഏഴിന് വോട്ട് ചെയ്യും. കഴിഞ്ഞ രണ്ട് തവണ വോട്ടെടുപ്പ് നടന്നപ്പോഴും വിട്ടുനിന്ന ഇന്ത്യ ഇത്തവണ എന്ത് നിലപാട് സ്വീകരിക്കുമെന്ന് നാളെയറിയാം.

ലൈംഗിക ആഭിമുഖ്യവും ലിംഗ സമത്വവും അടിസ്ഥാനമാക്കിയുള്ള വിവേചനവും ആക്രമവും തടയാനും ലോകത്തുള്ള ക്വിയര്‍ കമ്മ്യൂണിറ്റിയിലെ വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുമായിരുന്നു ഐക്യരാഷ്ട്രസഭ 2016ല്‍ മാന്‍ഡേറ്റ് കൊണ്ടുവന്നത്. ആദ്യ വോട്ടെടുപ്പില്‍ വിട്ടുനിന്ന ഇന്ത്യ അന്ന് കാരണമായി പറഞ്ഞത്, ഇന്ത്യന്‍ പീനല്‍ കോഡിലെ 'സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റകൃത്യമായി കണ്ടിരുന്ന സെക്ഷന്‍ 377 ആയിരുന്നു. എന്നാല്‍ പിന്നീട് സുപ്രീം കോടതി സെക്ഷന്‍ 377 റദ്ദാക്കിയിട്ടും 2019ല്‍ നടന്ന വോട്ടെടുപ്പിലും ഇന്ത്യ വിട്ടുനില്‍ക്കുകയായിരുന്നു ചെയ്തത്.

ജപ്പാന്‍, സൗത്ത് കൊറിയ, വിയറ്റ്‌നാം എന്നീ ഏഷ്യന്‍ രാജ്യങ്ങളും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും യൂറോപ്യന്‍ രാജ്യങ്ങളും കൂടാതെ ആഫ്രിക്കന്‍ ഗ്രൂപ്പില്‍ നിന്ന് സൗത്ത് ആഫ്രിക്കയും ആയിരുന്നു മാന്‍ഡേറ്റിന് അനുകൂല നിലപാട് സ്വീകരിച്ചത്. എതിര്‍ത്തുകൊണ്ട് ആഫ്രിക്കന്‍ ഗ്രൂപ്പും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോണ്‍ഫറന്‍സും.

നിലവില്‍ കോസ്റ്ററിക്കന്‍ ജഡ്ജും ഹാര്‍വാര്‍ഡിലെ മനുഷ്യാവകാശ ഗവേഷകനുമായ വിക്ടര്‍ മാഡ്രിഗല്‍-ബൊര്‍ലോസ് ആണ് മാന്‍ഡേറ്റിന്റെ വിദഗ്ധനായി നിയമിക്കപ്പെട്ടിട്ടുള്ളത്. മാന്‍ഡേറ്റിന്റെ റിപോര്‍ട്ടുകള്‍ പല രാജ്യങ്ങളിലും ഇന്നും നിലനില്‍ക്കുന്ന ആന്റി-സോഡോമി നിയമങ്ങള്‍ വ്യക്തമായ മനുഷ്യാവകാശ ലംഘനമാണെന്ന് അഭിപ്രായപ്പെടുന്നു. ഇത്തരം റിപ്പോര്‍ട്ടുകളിലൂടെ LGBTQIA+ വിഭാഗത്തിലെ ആളുകളുടെ അവകാശങ്ങളെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് മാന്‍ഡേറ്റ് ശ്രമം. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ ഉക്രൈന്‍,ജോര്‍ജിയ,അര്‍ജന്റീന, മൊസാമ്പിക്, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങള്‍ മാന്‍ഡേറ്റ് സന്ദര്‍ശിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in