‘സിആര്‍പിസി യുക്തിയനുസരിച്ച് ഈ നിയമം വ്യാഖ്യാനിക്കരുത്’; ഭരണഘടനാ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്ന വിധിയെന്ന് സണ്ണി എം കപിക്കാട് 

‘സിആര്‍പിസി യുക്തിയനുസരിച്ച് ഈ നിയമം വ്യാഖ്യാനിക്കരുത്’; ഭരണഘടനാ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്ന വിധിയെന്ന് സണ്ണി എം കപിക്കാട് 

പട്ടികജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമം ദുര്‍ബലപ്പെടുത്തിയ വിധി സുപ്രീം കോടതി ഭാഗികമായി റദ്ദാക്കിയത് സ്വാഗതാര്‍ഹമെന്ന് പ്രമുഖ സാമൂഹ്യ ചിന്തകന്‍ സണ്ണി എം കപിക്കാട് ദ ക്യുവിനോട്. നിയമത്തിന്റെ അന്തസ്സത്ത ചോര്‍ത്തിക്കളയുന്ന ഭേദഗതികളാണ് കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചത്. ഇളവുകള്‍ പിന്‍വലിച്ചത് സുപ്രീം കോടതി ഭരണഘടനാ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നുവെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. എസ്.സി എസ്.ടി വകുപ്പുകള്‍ ചുമത്തുന്ന കേസുകളില്‍ പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രം എഫ്‌ഐആറും, അറസ്റ്റും മതിയെന്ന് 2018 ല്‍ വരുത്തിയ ഭേദഗതിയാണ് പരമോന്നത കോടതി റദ്ദാക്കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്വകാര്യ വ്യക്തികളും ഉള്‍പ്പെടെയുള്ള കുറ്റാരോപിതരുടെ അറസ്റ്റിന് ,മുന്‍കൂര്‍ അനുമതി വേണമെന്നടക്കമുള്ള ഭേദഗതികള്‍ റദ്ദാക്കിയതില്‍ ദ ക്യുവിനോട് പ്രതികരിക്കുകയായിരുന്നു സണ്ണി എം കപിക്കാട്. ഇന്ത്യന്‍ ഭരണഘടന കുറ്റകൃത്യമായി കാണുന്ന കാര്യങ്ങളില്‍, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നതില്‍ കോടതി ഉറച്ചുനില്‍ക്കുന്നുവെന്നാണ് പുതിയ വിധിയില്‍ നിന്ന് മനസ്സിലാകുന്നത്. ലൂപ് ഹോളുകള്‍ ഉണ്ടെങ്കിലും പ്രതികളെ പിടിക്കാനും അപൂര്‍വമെങ്കിലും ശിക്ഷ ഉറപ്പാക്കാനും സാധ്യത മുന്നോട്ടുവെയ്ക്കുന്നതാണ് 1989 ലെ എസ്.സി എസ്.ടി അതിക്രമ നിരോധന നിയമം. അതിനെ തകര്‍ക്കുന്ന ഭേഗഗതിയാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്. അയിത്തത്തെ കുറ്റകൃത്യമായി പ്രഖ്യാപിക്കുന്ന ഭരണഘടനയിലെ 17 ാം വകുപ്പ് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ അതില്‍ ഏര്‍പ്പെടുന്നവരെ ശിക്ഷിക്കാന്‍ തക്കതായ നിയമവും ചട്ടവും വ്യവസ്ഥകളും ഉണ്ടാകണം. 1950 കള്‍ മുതല്‍ പല തരത്തിലുള്ള നിയമ നിര്‍മ്മാണങ്ങള്‍ അവതരിപ്പിച്ച് പരാജയപ്പെട്ടപ്പോഴാണ് 1989 ല്‍ ഈ നിയമം അവതരിപ്പിച്ചതെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘സിആര്‍പിസി യുക്തിയനുസരിച്ച് ഈ നിയമം വ്യാഖ്യാനിക്കരുത്’; ഭരണഘടനാ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്ന വിധിയെന്ന് സണ്ണി എം കപിക്കാട് 
‘അറസ്റ്റിന് മുന്‍കൂര്‍ അനുമതി വേണ്ട’; എസ്.സി-എസ്‌.ടി നിയമം ഇളവ് ചെയ്ത വിധി റദ്ദാക്കി സുപ്രീം കോടതി 

പ്രാഥമിക അന്വേഷണം നടത്തിയും മുന്‍കൂര്‍ അനുമതി വാങ്ങിയുമേ എഫ്‌ഐആറും അറസ്റ്റും പാടുള്ളൂവെന്ന സിആര്‍പിസി ലോജിക്ക് ഇവിടെ അപ്രായോഗികമാണെന്നും സണ്ണി എം കപിക്കാട് പറയുന്നു. അവര്‍ക്കെന്തോ അധികാരമുള്ള പോലെയാണ് ഇന്ത്യന്‍ സമൂഹം ദളിതര്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തുന്നത്. അതില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്ന തോന്നലേയില്ല.അതുകൊണ്ടാണ് പരിരക്ഷയ്ക്ക് നിയമം ആവശ്യമായി വരുന്നത്.

ദളിതരെ ചീത്തവിളിക്കുകയും അപമാനിക്കുകയും അവര്‍ ജീവിക്കുന്ന ഇടങ്ങളില്‍ കയറിച്ചെന്ന് ആക്രമിക്കുകയും കൊല്ലുകയും ചെയ്യുമ്പോള്‍, തനിക്ക് സ്വാഭാവികമായി കൈവന്ന അവകാശത്തിന്റെ ഭാഗമായി ചെയ്യുന്ന പോലെയാണ് അവര്‍ക്ക് തോന്നുന്നത്. ഇത് തടയണമെങ്കില്‍ കുറ്റകൃത്യം നടന്നുവെന്ന ഇരയുടെ മൊഴി പ്രഥമദൃഷ്ട്യാ സ്വീകരിക്കേണ്ടിവരും. സമൂഹത്തിന്റ ബോധം അവനെതിരായതുകൊണ്ട്. നൂറുകണക്കിന് സാക്ഷികളൊന്നും അണിനിരക്കില്ല. അതുകൊണ്ട് അവന്റെ വാക്കുകളെ പ്രഥമദൃഷ്ട്യാ വിശ്വസിക്കുകയും ആ കുറ്റകൃത്യം ചെയ്തിട്ടില്ലെന്ന് പ്രതിസ്ഥാനത്തുള്ളയാല്‍ തെളിയിക്കുന്നതുവരെ അയാളെ കുറ്റവാളിയായി കാണേണ്ടിയും വരും.

സണ്ണി എം കപിക്കാട്

ഇത്തരം അതിക്രമങ്ങള്‍ വ്യക്തിപരമായ കുറ്റമല്ല. അത് ഒരു സാമൂഹിക കുറ്റമാണ്. അതായത് സോഷ്യല്‍ ക്രൈമാണ്. സൊസൈറ്റിയാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. സ്ത്രീകള്‍ പറയുന്നത് മുഖവിലയ്‌ക്കെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയെന്നതാണ് അവരുടെ നിയമം പറയുന്നത്. സ്ത്രീയോട് എനിക്ക് അതാകാം എന്ന പുരുഷ ബോധമാണ് ആ കുറ്റകൃത്യത്തിന് പിന്നില്‍. എനിക്ക് എന്തുമാകാം എന്ന സവര്‍ണ ബോധമാണ് ദുര്‍ബലര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍. പ്രത്യേക പരിഗണ ലഭിക്കേണ്ടതായതിനാലാണ് കുറ്റവാളിയെ പിടിച്ച് തടവിലാക്കാന്‍ ആ നിയമം വ്യവസ്ഥ ചെയ്യുന്നത്. സിആര്‍പിസിയുടെ യുക്തിയനുസരിച്ചല്ല അതിക്രമ നിയമത്തെ വ്യാഖ്യാനിക്കേണ്ടതെന്നും അദ്ദേഹം ദ ക്യുവിനോട് വിശദീകരിച്ചു.

‘സിആര്‍പിസി യുക്തിയനുസരിച്ച് ഈ നിയമം വ്യാഖ്യാനിക്കരുത്’; ഭരണഘടനാ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്ന വിധിയെന്ന് സണ്ണി എം കപിക്കാട് 
‘ജീവന്‍ കൊടുത്ത് സ്‌നേഹിച്ചതാണ്’; 29 വര്‍ഷം ഒരുമിച്ച്, കാണാതെ 36 വര്‍ഷം; തൊണ്ണൂറുകള്‍ തോല്‍ക്കുന്ന പ്രണയത്തില്‍ സുഭദ്രയും സെയ്ദുവും  

നിയമത്തിന്റെ ദുരുപയോഗം ആരോപിച്ചാണ് കോടതി ഇളവുകള്‍ കൊണ്ടുവന്നത്. എന്നാല്‍ ദുര്‍ബല വിഭാഗങ്ങളുടെ സംരക്ഷണത്തിനുള്ള എല്ലാ നിയമങ്ങളെക്കുറിച്ചും ഇത് ആരോപിക്കാറുണ്ട്. കുറ്റവാളികളുടെ സ്ഥാനത്ത് സവര്‍ണര്‍ വരുന്നതിനാലാണ് ദുരുപയോഗ വാദം ശക്തിപ്പെടുന്നത്. പ്രതിപ്പട്ടികയില്‍ പുരുഷന്‍ വരുമ്പോള്‍ സ്ത്രീ സംരക്ഷണത്തിനുള്ള നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് പറയുന്ന പോലെ തന്നെയാണ് ഇത്‌. 

സണ്ണി എം കപിക്കാട്

യഥാര്‍ത്ഥത്തില്‍ നിയമം ദുരുപയോഗം ചെയ്യപ്പെടണമെന്നില്ല. ദുരുപയോഗമാണെന്ന് തോന്നാവുന്ന അത്രയും ദൃഢമാണ് ജാതി മേധാവിത്വവും പുരുഷ മേധാവിത്വവും ആദിവാസി വിരുദ്ധതയും. ആദിവാസിയുടെ ഭൂമി മറ്റൊരാള്‍ വാങ്ങാന്‍ പാടില്ല എന്ന നിയമത്തിനെതിരെ കേരളത്തില്‍ ഒരു വാദം ഉയര്‍ന്നുവന്നിരുന്നു. ആദിവാസിക്ക് ഒരു ലക്ഷം രൂപയുടെ ആവശ്യം വന്നാല്‍ അവര്‍ എന്ത് ചെയ്യുമെന്നായിരുന്നു അത്. പക്ഷേ ഇതൊരിക്കലും ആ വിഭാഗത്തെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നില്ല. നിയമം റദ്ദാക്കി അവിടെ ഭൂമി കൈവശപ്പെടുത്താനുള്ള പൊതുസമൂഹത്തിന്റെ ബോധമാണ് അത്തരം ചോദ്യങ്ങള്‍ ഉണ്ടാക്കിയത്. എസ്‌സി എസ്ടി അതിക്രമ നിരോധന നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നു എന്നത് വസ്തുതാവിരുദ്ധമാണ്. എവിടെയെങ്കിലും അപൂര്‍വമായി ചില കാര്യങ്ങള്‍ സംഭവിച്ചേക്കാം. കേസ് കൊടുക്കുമ്പോള്‍ ജയിക്കാനായി ചില കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തും. അത് എല്ലാത്തരം കേസുകളിലും ചെയ്യുന്നതാണ്. ഒരാള്‍ കൈ കൊണ്ട് അടിച്ചാല്‍ മാരകമായി പരിക്കേല്‍പ്പിച്ചുവെന്നൊക്കെയാണ് കേസ് കൊടുക്കാറ്. എന്നാല്‍ എസ്‌സി എസ് ടി ആക്ടിന്റെ കാര്യത്തില്‍ മാത്രം അത് ദുരുപയോഗമായി തോന്നുന്നത് ജാതി മേധാവിത്വ ബോധം കൊണ്ടാണ്. ദുരുപയോഗമെന്ന് പറഞ്ഞ് ഭേദഗതി വരുത്തേണ്ട ഒരു സാഹചര്യവും ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല. ആയിരക്കണക്കിന് കുറ്റകൃത്യങ്ങളാണ് ദളിതര്‍ക്കെതിരെ അതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും സണ്ണി എം കപിക്കാട് പറഞ്ഞു.

‘സിആര്‍പിസി യുക്തിയനുസരിച്ച് ഈ നിയമം വ്യാഖ്യാനിക്കരുത്’; ഭരണഘടനാ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്ന വിധിയെന്ന് സണ്ണി എം കപിക്കാട് 
ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ്: സര്‍ക്കാറിന്റെ അനുമതി കാത്ത് വിജിലന്‍സ്; വ്യക്തമായ തെളിവുണ്ടെന്നാവര്‍ത്തിച്ച് അന്വേഷണസംഘം 

2018 മാര്‍ച്ചിലാണ് വിധിയില്‍ ഇളവ് വരുത്തിയത്. ഇപ്പോള്‍ റദ്ദാക്കുന്നതുവരെ നിയമം ഡയല്യൂട്ട് ചെയ്ത് നടപ്പാക്കിയതെന്നതില്‍ ഒരു തര്‍ക്കവുമില്ല. അവശ വിഭാഗങ്ങള്‍ക്കെതിരെ ഒരു നിയമമുണ്ടെങ്കില്‍ അത് വളരെ പെട്ടെന്ന് നടപ്പിലാകും. അതിന് പറ്റിയ സംവിധാനമാണ് രാജ്യത്തുള്ളതെന്നും കപിക്കാട് വ്യക്തമാക്കുന്നു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചപ്പോള്‍ മണിക്കൂറുകള്‍ക്കകം വിജ്ഞാപനമിറങ്ങി. പല സംസ്ഥാനങ്ങളും അതിവേഗം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത് അപേക്ഷ ക്ഷണിക്കുകയും കാര്യങ്ങള്‍ നടത്തുകയും ചെയ്തു. കേരളം പോലുള്ള ഇടത്താണ് പിഴവുണ്ടെങ്കില്‍ പരാതി സമര്‍പ്പിക്കാന്‍ റീഡ്രസല്‍ ബോഡി രൂപീകരിച്ചത്. 70 വര്‍ഷമായിട്ടും എസ്.സി എസ്.ടി സംവരണ വിഷയത്തില്‍ പരാതികള്‍ ഉന്നയിക്കാന്‍ ഒരു ഫോറവുമില്ലെന്ന് ഓര്‍ക്കണം.

എന്നാല്‍ മുന്നോക്കക്കാര്‍ക്ക് വേണ്ടി ഏളുപ്പം ഫോറമുണ്ടാകും. അതായത് അവശ വിഭാഗങ്ങള്‍ക്കെതിരെയാണെങ്കില്‍ എല്ലാം പെട്ടെന്ന് നടക്കും. ഏതെങ്കിലും ജില്ലാ ജഡ്ജി പറഞ്ഞ കാര്യങ്ങള്‍ പോലും എടുത്ത് പ്രയോഗിച്ചുകളയും. അത് തന്നെ വലിയ അട്രോസിറ്റിയാണ്. ഏകപക്ഷീയമായി അവര്‍ക്കെതിരെ ചിന്തിക്കുക. അവര്‍ക്ക് ഗുണമുള്ള നിയമം ദുരുപയോഗത്തിനുള്ളതാണെന്ന് തോന്നുക. അത് തന്നെയാണ് ജാതി. അങ്ങിനെയാണ് ജാതി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in