അറസ്റ്റുകളില്‍ പ്രതിരോധിച്ചും ആക്രമിച്ചും ഭരണപ്രതിപക്ഷങ്ങള്‍ ; അവസാന ഓവറുകളിലെ നെഞ്ചിടിപ്പ്

അറസ്റ്റുകളില്‍ പ്രതിരോധിച്ചും ആക്രമിച്ചും ഭരണപ്രതിപക്ഷങ്ങള്‍ ; അവസാന ഓവറുകളിലെ നെഞ്ചിടിപ്പ്

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ചുവരെഴുത്തുകള്‍ തുടങ്ങി. നിയമസഭയിലേക്കുള്ളതിന് കഷ്ടി അരക്കൊല്ലം മാത്രവും. കൊവിഡിലും ചൂടുപിടിച്ച രാഷ്ട്രീയ അന്തരീക്ഷം. കേരളത്തിലെ മുന്നണികളുടെ നെഞ്ചിടിപ്പിന്റെ ആവേഗത്തെ ഇങ്ങനെ ചുരുക്കിപ്പറയാം. ഏത് സര്‍ക്കാരിനും അവസാന ലാപ്പില്‍ മികച്ച കുതിപ്പുവേണം. ഏത് പ്രതിപക്ഷത്തിനും അവസാന ഓവറുകളില്‍ ആഞ്ഞെറിയണം. രാഷ്ട്രീയ കലണ്ടറിലെ ഇനിയുള്ള ദിനങ്ങള്‍ അത്രമേല്‍ നിര്‍ണായകമാണെന്ന് ചുരുക്കം.

എന്നാല്‍ അനുകൂല കാലാവസ്ഥയെ തകിടം മറിക്കുന്ന 'അന്വേഷണങ്ങള്‍' പ്രതിസന്ധിയിലേക്ക് എടുത്തെറിഞ്ഞിരിക്കുകയാണ് സര്‍ക്കാരിനെയും സിപിഎമ്മിനെയും. തുടക്കം മുതല്‍ കൊവിഡ് പ്രതിരോധത്തില്‍ പുലര്‍ത്തിയ മികവ് സര്‍ക്കാരിന്റെ നേട്ടമായിരുന്നു. മരണനിരക്ക് അനിയന്ത്രിതമാകാതെ പിടിച്ചുനിര്‍ത്താനായി. മഹാമാരി വിതച്ച പ്രതിസന്ധിയില്‍ ഉഴലുന്ന രോഗികളും അല്ലാത്തവരുമായ മനുഷ്യരെ വലിയൊരളവില്‍ സര്‍ക്കാര്‍ ചേര്‍ത്തുപിടിച്ചു. നിപ്പയിലും പ്രളയത്തിലും കൊവിഡിലും തുടര്‍ന്ന ക്രൈസിസ് മാനേജ്‌മെന്റ് പ്രശംസിക്കപ്പെട്ടു. വിശേഷിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജയും മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദിക്കപ്പെട്ടു. അതിന്റെ രാഷ്ട്രീയ ആനുകൂല്യം ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന വാദത്തിന് ശക്തിപകര്‍ന്നു.

അറസ്റ്റുകളില്‍ പ്രതിരോധിച്ചും ആക്രമിച്ചും ഭരണപ്രതിപക്ഷങ്ങള്‍ ; അവസാന ഓവറുകളിലെ നെഞ്ചിടിപ്പ്
ശിവശങ്കര്‍ അഞ്ചാം പ്രതി ; ഒരാഴ്ചത്തേക്ക് ഇ.ഡി കസ്റ്റഡിയില്‍

അങ്ങനെയുള്ള സര്‍ക്കാരിന് മുന്നേറ്റത്തില്‍ നിന്ന് പ്രതിരോധത്തിലേക്ക് വഴി മാറേണ്ടി വന്നതിനാണ് രാഷ്ട്രീയ കേരളം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. സ്പ്രിങ്ക്‌ളര്‍ കരാര്‍ മുതലിങ്ങോട്ടാണ് തെളിഞ്ഞ കാലാവസ്ഥയ്ക്ക് മങ്ങലേറ്റുതുടങ്ങുന്നത്. ഏറ്റവുമൊടുവില്‍, സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ചേര്‍ന്ന് കള്ളപ്പണം വെളുപ്പിച്ചതില്‍, മുഖ്യമന്ത്രിയുടെ, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നു. പിറ്റേന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ ബംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ പേരില്‍ ഇ.ഡി അറസ്റ്റ് ചെയ്യുന്നു. രണ്ട് നടപടികളും രാജ്യദ്രോഹ മാനമുള്ള കേസുകളുടെ ഭാഗമായി സംഭവിച്ചതും. ഈ ഇരട്ട പ്രഹരം നിര്‍ണായക ഓവറുകളില്‍ സര്‍ക്കാരിനും സിപിഎമ്മിനും ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന അഥവാ സംസ്ഥാനത്ത് ഏറ്റവും സ്വാധീന ശേഷിയുള്ള ഉദ്യോഗസ്ഥനാണ് രാജ്യദ്രോഹ മാനമുള്ള സംഭവത്തിന്റെ ഭാഗമായ സാമ്പത്തിക ഇടപാട് കേസില്‍ അറസ്റ്റിലായത്. ഇത് മുന്‍നിര്‍ത്തി മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരെ പ്രക്ഷോഭം കടുപ്പിക്കുകയാണ് പ്രതിപക്ഷം. നയതന്ത്ര പാഴ്‌സലുകള്‍ വിട്ടുകിട്ടാന്‍ പ്രതികള്‍ക്കുവേണ്ടി എം ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ പലകുറി വിളിച്ചിട്ടുണ്ടെന്നാണ് അന്വഷണ സംഘം പറയുന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന പദവിയിലിരിക്കെ അദ്ദേഹം വഴിവിട്ട് പ്രവര്‍ത്തിച്ചത് അതീവ ഗൗരവകരമാണ്. ഒരു ഉന്നത ഐഎഎസ് ഉദ്യോഗസ്ഥന്‍ തട്ടിപ്പുകാരുമായി വ്യക്തിബന്ധം പുലര്‍ത്തുന്നതും അവര്‍ക്കുവേണ്ട ഒത്താശകള്‍ ചെയ്തുകൊടുക്കുന്നതും ന്യായീകരിക്കാവുന്നതല്ല. അതിനാല്‍, ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളാണ്, അദ്ദേഹത്തെ നീക്കിയിട്ടുണ്ട് എന്നെല്ലാമുള്ള വിശദീകരണങ്ങളില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും കൈകഴുകാനാകില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായ സോളാര്‍ കേസ് എന്ന മുന്നനുഭവം ഏവര്‍ക്കും മുന്നിലുണ്ട്. അതിന്റെ രാഷ്ട്രീയ ആനുകൂല്യം മുതലാക്കി അധികാരത്തിലേറിയ സര്‍ക്കാരിന് അതേ വീഴ്ച പറ്റിയെന്നതുമാണ് ഐറണി. അത്രമേല്‍ ജാഗ്രത പാലിക്കേണ്ടിയിരുന്നിടത്താണ് ഇതെല്ലാം സംഭവിച്ചത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി അമിതാധികാരം കയ്യാളിയത് തിരിച്ചറിയാനും നിയന്ത്രിക്കാനും കഴിഞ്ഞില്ലേ എന്ന ചോദ്യം അതിനാല്‍ തന്നെ പ്രസക്തവുമാണ്. കേസുകളും അതിന്റെ മാനങ്ങളും വ്യത്യസ്തമാണെങ്കിലും രണ്ടിലും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിര്‍ണായക സ്വാധീനമുള്ളവരുടെ വഴിവിട്ട ഇടപെടലുകള്‍ പ്രകടമാണ്.

സോളാര്‍ കേസില്‍ പി.എ ടെന്നി ജോപ്പന്‍ അറസ്റ്റിലായപ്പോള്‍ ധാര്‍മ്മികതയുണ്ടെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. ഇന്നത്തെ പ്രതിപക്ഷം അത് പിണറായിയോട് ആവശ്യപ്പെടുകയും അത് ആയുധമാക്കുകയും ചെയ്യുന്നു. അക്കാര്യത്തില്‍ പിണറായി വിജയന് എന്താണ് പറയാനുള്ളത് എന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നുണ്ട്. അദ്ദേഹത്തില്‍ നിന്ന് വ്യക്തതയുള്ള വിശദീകരണവും പ്രതീക്ഷിക്കുന്നുണ്ട്. മന്ത്രിമാരായ ജി സുധാകരന്‍, കടകംപള്ളി സുരേന്ദ്രന്‍, എകെ ബാലന്‍ എന്നിവര്‍ വഞ്ചകനെന്നടക്കം ശിവശങ്കറിനെ തള്ളിപ്പറഞ്ഞെങ്കിലും മുഖ്യമന്ത്രി അങ്ങനെ ചെയ്തിട്ടില്ല. അദ്ദേഹം വഞ്ചിച്ചോ എന്ന ചോദ്യത്തിന് വസ്തുതകള്‍ പുറത്തുവരട്ടെ എന്നിട്ട് പ്രതികരിക്കാമെന്ന് മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്. തള്ളിപ്പറഞ്ഞില്ലെങ്കില്‍ അത് കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടവരുത്തുമെന്ന പ്രശ്‌നം പാര്‍ട്ടിക്കുമുന്നിലുണ്ട്. തെരഞ്ഞെടുപ്പ് ഗോദയില്‍ അതെല്ലാം വിശദീകരിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമാകും. സ്വപ്‌നയുടെ വഴിവിട്ട നിയമനം മുതല്‍ സ്വര്‍ണക്കടത്തിലെ ഓരോ ഏടും പ്രതിപക്ഷം ആയുധമാക്കുമെന്നുറപ്പാണ്. വീണുകിട്ടിയ തുറുപ്പുചീട്ടാണ് പ്രതിപക്ഷത്തിന് സ്വര്‍ണക്കടത്തുകേസ്.

ശിവശങ്കറിന്റെ അറസ്റ്റിന് തൊട്ടുപിന്നാലെയാണ് ബിനീഷ് കോടിയേരിയുടേത്. ബിനീഷ് സര്‍ക്കാരിന്റെ ഭാഗമല്ല. അതിനാല്‍ സര്‍ക്കാര്‍ വിശദീകരിക്കേണ്ടതില്ലെന്ന നിലപാട് ശരിയാണ്. ബിനീഷ് പാര്‍ട്ടിയുടെ ഏതെങ്കിലും ഘടകത്തിന്റെ ഭാഗമല്ലെന്നും അതേക്കുറിച്ച് വിശദീകരിക്കാന്‍ ബാധ്യതയില്ലെന്നുമാണ് സിപിഎം നിലപാട്. കൂടാതെ ബിനീഷ് സ്വതന്ത്ര വ്യക്തിയാണെന്നും, ന്യായീകരിക്കുകയോ സംരക്ഷിക്കുകയോ ചെയ്യില്ലെന്നും, സ്വാഗതാര്‍ഹമായ നിലപാട് കോടിയേരി ബാലകൃഷ്ണന്‍ പരസ്യമായി സ്വീകരിച്ചിട്ടുമുണ്ട്. ബിനീഷ് കോടിയേരി തൂക്കിലേറ്റപ്പെടേണ്ട കുറ്റമാണ് ചെയ്തതെങ്കില്‍ അതും ചെയ്‌തോട്ടെയെന്നാണ് അച്ഛന്‍ കൂടിയായ കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയത്. പക്ഷേ അപ്പോഴും പാര്‍ട്ടി നേതാക്കളുടെ കുടുബാംഗങ്ങള്‍ കമ്മ്യൂണിസ്റ്റ് മൂല്യങ്ങളില്‍ അടിയുറച്ച് ജീവിക്കുകയും വഴിവിട്ട ഇടപാടുകളില്‍ നിന്ന് വിട്ടുനിന്ന് മാതൃകയാവുകയും ചെയ്യണമെന്ന് സിപിഎമ്മിന്റെ പാലക്കാട് പ്ലീനം ആഹ്വാനം ചെയ്തിരുന്നു. അതിന്റെ ലംഘനമല്ലേ ഇതെന്ന ചോദ്യത്തിന് പാര്‍ട്ടിയും കോടിയേരിയും വിശദീകരിക്കേണ്ടി വരും. കോടിയേരിയുടെ മക്കള്‍ നിരന്തരം വിവാദങ്ങളില്‍പ്പെടുന്നതില്‍ അമര്‍ഷമുള്ള നിരവധി നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടിയിലുണ്ടുതാനും.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് കേന്ദ്രം സര്‍ക്കാരിനെയും പാര്‍ട്ടിയെയും വേട്ടയാടാന്‍ ശ്രമിക്കുകയാണെന്നാണ് വിവാദങ്ങളില്‍ സിപിഎമ്മിന്റെ വിശദീകരണം. ഇ.ഡിയോടുള്ള സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുടെ നിലപാടില്‍ നിന്ന് കേരളത്തിലെ കോണ്‍ഗ്രസ് എന്തുകൊണ്ട് മലക്കം മറിയുന്നുവെന്ന് പ്രതിപക്ഷത്തെ കടന്നാക്രമിക്കുന്നു. എന്നാല്‍ ദേശീയ അന്വേഷണ ഏജന്‍സികളെ മുഖ്യമന്ത്രി കത്തയച്ച് വിളിച്ചുവരുത്തിയതല്ലേയെന്ന് പ്രതിപക്ഷം തിരിച്ചടിക്കുന്നു. ഇടതുപക്ഷത്തിനെതിരെ രൂപം കൊണ്ട അവിശുദ്ധ മുന്നണിയുടെ അവിഭാജ്യ ഭാഗമായി ഒരുസംഘം മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചിട്ടുണ്ട്. നവംബര്‍ ഒന്നിന് മാധ്യമങ്ങള്‍ക്കെതിരെ ജനകീയ കൂട്ടായ്മയും സംഘടിപ്പിക്കുന്നുണ്ട്. കേഡര്‍ സംവിധാനത്തില്‍ പാര്‍ട്ടി നിലപാട് കീഴ്ഘടകങ്ങളിലേക്ക് എളുപ്പം വിശദീകരിക്കാന്‍ സിപിഎമ്മിനാവും. അപ്പോഴും പൊതുജനങ്ങളുടെ സംശയങ്ങള്‍ മുഴുവന്‍ ദൂരീകരിക്കാനാകുമോയെന്ന ചോദ്യം ശേഷിക്കുന്നു.

അറസ്റ്റുകളില്‍ പ്രതിരോധിച്ചും ആക്രമിച്ചും ഭരണപ്രതിപക്ഷങ്ങള്‍ ; അവസാന ഓവറുകളിലെ നെഞ്ചിടിപ്പ്
'ബിനീഷ് കോടിയേരി ബോസ്'; പറഞ്ഞത് മാത്രമാണ് ചെയ്തതെന്ന് അനൂപിന്റെ മൊഴി, നടന്നത് വന്‍സാമ്പത്തിക ഇടപാടുകളെന്ന് ഇ.ഡി.

അതേസമയം സര്‍ക്കാരും സിപിഎമ്മും ഒരുപോലെ പ്രതിരോധത്തിലായിരിക്കെ ഇരുകൂട്ടര്‍ക്കും സിപിഐയുടെ പൂര്‍ണ പിന്‍തുണയുണ്ടെന്നത് ശ്രദ്ധേയമാണ്. നേരത്തേ പല വിഷയങ്ങളിലും സിപിഎമ്മിനെ പരസ്യമായി വെല്ലുവിളിക്കുകയും സ്പ്രിങ്ക്‌ളര്‍ വിഷയത്തിലടക്കം വിയോജിപ്പ് അറിയിക്കുകയും ചെയ്ത സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ശിവശങ്കര്‍ ബിനീഷ് വിഷയങ്ങളില്‍ സിപിഎമ്മിനൊപ്പമാണ്. ഈ ഘട്ടത്തില്‍ മുന്നണിയില്‍ നിന്ന് അപസ്വരങ്ങളില്ലെന്നത് സിപിഎമ്മിന് വലിയ ആശ്വാസമാണ്. കെട്ടുറപ്പോടെ ആരോപണങ്ങളെ നേരിടാമെന്ന ആത്മവിശ്വാസം അത് നേതാക്കള്‍ക്ക് നല്‍കുന്നുണ്ട്. ജോസ് കെ മാണി വിഭാഗം ഉള്‍പ്പെടെ മുന്നണിയിലെത്തിയത് മുതല്‍ക്കൂട്ടാകുമെന്നും ഭരണത്തുടര്‍ച്ചാ സാധ്യതകള്‍ക്ക് മങ്ങലേറ്റിട്ടില്ലെന്നും ഇടതുമുന്നണി വിശദീകരിക്കുന്നു. അതേസമം ജോസ് കെ മാണിയുടെയടക്കം കൊഴിഞ്ഞുപോക്കിന്റെ പ്രതിസന്ധി സ്വര്‍ണക്കടത്ത് കേസുയര്‍ത്തി മറയ്ക്കാനുമാണ് പ്രതിപക്ഷശ്രമം. ഭരണനേട്ടങ്ങള്‍ ഉയര്‍ത്തി പ്രചരണം ശക്തമാക്കാന്‍ സിപിഎം ലക്ഷ്യമിടുമ്പോള്‍ സര്‍ക്കാരിന് കളങ്കമേല്‍പ്പിക്കുന്ന വിവാദങ്ങള്‍ തങ്ങള്‍ക്കനുകൂലമായ അഭിപ്രായരൂപീകരണം സാധ്യമാക്കുമെന്ന് പ്രതിപക്ഷം കണക്കുകൂട്ടുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Shivashankar,Bineesh Arrests And Political Turns

Related Stories

No stories found.
logo
The Cue
www.thecue.in